ADVERTISEMENT

മണികർണിക അരങ്ങിൽ ആടുമ്പോൾ ഞാൻ മറ്റാരോ ആയിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഗ്രിഗർ സാംസയെപ്പോലെ രൂപാന്തരീകരണം സംഭവിച്ചവളായിപ്പോയി. മനുഷ്യനിൽ നിന്നും മറ്റൊരു ജീവി വിഭാഗത്തിലേക്കല്ല, ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേയ്ക്കായിരുന്നു അത്. സാധാരണക്കാരിയായ പെൺകുട്ടിയായിരുന്നു മണികർണിക. ഭർത്താവിന്റെ എല്ലാ വിധമായ ബലാത്സംഗങ്ങളെയും ഉടൽ കൊണ്ടും ഉയിർ കൊണ്ടും സഹിച്ചവൾ. ചില മനുഷ്യരുടെ സങ്കൽപ്പങ്ങളിലെ ഭ്രാന്തുകൾ അനുഭവിക്കാൻ വിധിക്കപ്പെട്ടവൾ, അവർ അവളെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയും വാനോളം പുകഴ്ത്തുകയും ചെയ്തു. ഒടുവിൽ ഭർത്താവ് സ്വന്തം കാമുകിയെ കുത്തിക്കൊലപ്പെടുത്തി അവളോട് കുറ്റമേൽക്കാൻ പറയാൻ ആവശ്യപ്പെട്ടുവന്ന ആ രാത്രി, അതാണവളെ മാറ്റിയെഴുതിയത്. 

രക്തമൊഴുകുന്ന ദംഷ്ട്രകളുണ്ടെന്ന് തോന്നി മണികർണികയുടെ നൃത്തത്തിന്. വല്ലാത്ത വശ്യതയോടെ, ഭീകരതയോടെ അവൾ സ്വയം മറന്ന് ഒരിക്കലവസാനിപ്പിച്ച നൃത്തത്തിലഭയം തേടുകയാണ്...

 

ആരായിരുന്നു എമ്മാ ജോൺ എന്ന പെൺകുട്ടി?

അവളെന്താണ് കുറച്ചു മണിക്കൂറുകൾ മുൻപ് വരെ അനുഭവിച്ചുകൊണ്ടിരുന്നത്?

ആരാണ് മാനസി ചേച്ചിയും മീരയും?

എന്താണ് നടാഷയുടെ പ്രശ്നം?

ആരാണ് ആ അജ്ഞാതൻ ?

എല്ലാം മറന്നവളായി മണികർണിക അന്തരീക്ഷത്തിൽ ഒഴുകിക്കൊണ്ടേയിരുന്നു. എനിക്ക് മുന്നിൽ അഴിഞ്ഞു പോകുന്ന വെളിച്ചവും ഇരുട്ടും നിറങ്ങളും മാറി മാറി ഇമ ചിമ്മി. ഒടുവിലൊരു വെളിച്ചം കൊണ്ട് കണ്ണ് നിറഞ്ഞപ്പോൾ അതാരോ കണ്ടു നിന്ന് പകർത്തുന്നതുപോലെയൊരു തോന്നൽ. മുന്നിൽ വെളിച്ചമാണ്, അതിനപ്പുറം ഇരുട്ടും. മണികർണിക മാത്രമാണപ്പോഴുള്ളത്. പ്രിയപ്പെട്ടവരൊക്കെ ഇരുളിൽ മണികർണികയേ ഓർത്ത് അഭിമാനിക്കുന്നുണ്ടാവണം.

 

അവിടെയിരിക്കുന്നവരെയൊന്നും കാണാൻ വയ്യ... ഞാനിപ്പോൾ മണികർണിക മാത്രമാണ്, മറ്റാരുമല്ല. എമ്മയുടെ ആധികളൊന്നും എന്നെ അലട്ടുന്നതേയില്ല, ഇതെന്തൊരു അതിശയമാണ്. 

 

*************

 

അദ്‌ഭുതത്തോടെയാണ് മീര, എമ്മയുടെ പരിണാമങ്ങൾ നോക്കിയിരുന്നത്. ആർക്കാണ് കഴിയുക അവൾ മണികർണികയല്ലെന്ന് പറയാൻ?

ഒരു സ്ത്രീ അനുഭവിക്കുന്ന ഉത്കട സങ്കടങ്ങൾ ആർക്കും മനസ്സിലാവില്ല. അതിനേറ്റവും നല്ല ഉദാഹരണം താനല്ലാതെ മറ്റാരാണ്?

ഒരിക്കൽ ഒരിടത്ത് ഒരു മണികർണിക ഉണ്ടായിരുന്നു, മറ്റൊരിടത്ത് ഒരു മീരയും, ഇനി ഒരിടത്ത് എമ്മാ ജോണും...

അത്രയേ ഉള്ളൂ, പേര് മാത്രം മാറുന്നു, അവസ്ഥകളും ഹൃദയ വേദനയും ഓരോ നാടുകളിലും പല പേരുകളിൽ ആവർത്തിക്കുന്നു. 

മീര സ്വന്തം അസ്തിത്വത്തിൽ നിന്ന് എമ്മയുടെ ജീവിതത്തിലേയ്ക്ക് ഉത്കണ്ഠയോടെ നോക്കി. അയാൾ ഈ വേദിയിലുണ്ടാകുമോ?

സദസ്സിൽ ഇരുളാണ്. ഒന്നും കാണാൻ വയ്യ. എമ്മ രാവിലെ അനിൽ മാർക്കോസിനെ വിളിച്ചതേയില്ല. അവളോട് നൂറു വട്ടം പറഞ്ഞതാണ് ഇന്നലെ രാത്രി വന്ന കോളിനെ കുറിച്ച് പറയാൻ. അവൾ അയാളെ കാത്തിരിക്കുന്നത് പോലെയാണ് തോന്നുന്നത്. അയാൾ അപകടകാരിയാണെന്നു ഇവൾക്കെന്താണാവോ മനസ്സിലാവാത്തത്. 

 

***************

 

നാടകം അവസാനിച്ചു. അരങ്ങിനൊപ്പം സദസ്സിൽ വെളിച്ചം വീണതും ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കാനും ഇറങ്ങിപ്പോകാനുമുള്ള ആളുകളുടെ ചെറിയൊരു ബഹളമുണ്ടായി. അതിനിടയിൽ എന്നെ സ്നേഹത്തോടെ നോക്കുന്ന മനുഷ്യരെ ഞാൻ കണ്ടു. വെളിച്ചം വീണപ്പോൾ തന്നെ ഞാൻ നോക്കിയത് അയാളെ മാത്രമായിരുന്നു. പരിചിതമായ ആ മുഖം, അതെവിടെയാണ്? കാണാനും അഭിനന്ദനമറിയിക്കാനുമുള്ളവർ എന്നെ തിരഞ്ഞ് വേദിയിലേക്ക് വരാൻ നിൽക്കുന്നത് ഞാൻ കാണുന്നുണ്ട്. എല്ലാവരെയും നോക്കി ചെറുതായി പുഞ്ചിരിച്ച് ഞാൻ നിന്നു, സത്യം പറഞ്ഞാൽ എനിക്ക് മണികർണികയിൽ നിന്ന് വിട്ടു പോരാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരു നേർത്ത കാറ്റ് വീശിയടിക്കും പോലെ ആരുടെയോ സാമിപ്യം അവിടെയുണ്ട്. ആരോ എന്റെ മുഖം അയാളുടെ കണ്ണുകൾ കൊണ്ട് ഒപ്പിയെടുക്കുന്നു ... 

 

അനിൽ മാർക്കോസിന്റെ സുഹൃത്തായ എമിൽ എന്നെ ഇങ്ങോട്ട് വന്നു പരിചയപ്പെടുകയായിരുന്നു. അപ്പോഴാണ് ഞാനറിയാതെ അനിൽ മാർക്കോസ് ഇങ്ങനെയൊരാളെ ഇവിടേയ്ക്ക് ക്ഷണിച്ച കാര്യം ഞാനറിഞ്ഞത് പോലും.

 

‘‘ഞാൻ ട്രാഫിക്കിലാണ്. തന്നെ ഒരാൾ പിന്തുടരുന്നുണ്ടെന്ന് അനിൽ എന്നോട് പറഞ്ഞിരുന്നു.’’

 

‘‘അയാളിവിടെയെത്തും എന്നെന്നോട് പറഞ്ഞിരുന്നു സാർ. ഇന്നലെ രാത്രിയിൽ അയാളെന്നെ വിളിച്ചു.’’

 

‘‘ഓഹ്, പക്ഷെ അത് അനിൽ എന്നോട് പറഞ്ഞില്ല. ഏതു നമ്പറിൽ നിന്നാണ് വിളിച്ചത്?’’

 

‘‘ഒരു പ്രൈവറ്റ് നമ്പർ. നമ്പറായി ഒന്നും കാണാനുണ്ടായിരുന്നില്ല’’

 

‘‘ഇന്റർനെറ്റ് കാൾ ആണ്. ട്രെയ്‌സ് ചെയ്യാൻ ബുദ്ധിമുട്ടാണ്, എങ്കിലും നമുക്ക് ശ്രമിക്കാം. അതിങ്ങു തരൂ. അതിരിക്കട്ടെ, സംശയം തോന്നിയ ആരെയെങ്കിലും എമ്മ ഇവിടെ കണ്ടോ?’’

 

‘‘ഇല്ല സാർ. പക്ഷേ അയാളിവിടെയുണ്ടായിരുന്നു എന്നെനിക്ക് തോന്നി. അതൊരു തോന്നലാണ് കേട്ടോ. തെളിവൊന്നും എന്റെ കയ്യിലില്ല.’’

 

‘‘അത് സാരമില്ല ഇവിടെ വന്നിട്ടുണ്ടെങ്കിൽ നമുക്ക് നോക്കാം, ഹാളിൽ സിസിടിവിയുണ്ട്.’’

അതെനിക്ക് നൽകിയ ആശ്വാസം ഒട്ടും ചെറുതായിരുന്നില്ല. മീര ഓടി വന്നെന്നെ കെട്ടിപ്പുണർന്നു. 

 

‘‘നീ കലക്കിയെടീ... ഞാൻ നിന്റെ പിന്നാലെ നടക്കുന്ന അയാളെപ്പോലും മറന്നു പോയി.’’

അപ്പോഴാണ് അവൾ എന്റെ കൂടെ നിന്ന എമിലിനെ ശ്രദ്ധിച്ചത്, മീര കുറച്ചു മാറി അയാളെ ഭയത്തോടെ നോക്കി. ഞാനാണ് അയാളെ മീരയ്ക്ക് പരിചയപ്പെടുത്തിയത്.

 

‘‘മീര, ഇത് എമിൽ. അനിൽ സാറിന്റെ ഫ്രണ്ടാണ്. നമ്മളെ നിരീക്ഷിക്കാൻ എത്തിയതാ’’

എമിൽ ചിരിച്ചുകൊണ്ട് എന്നെ തിരുത്തി.

 

‘‘നിങ്ങളെയല്ല, നിങ്ങൾക്ക് പിന്നാലെ നടക്കുന്ന ആ ആളെ’’

നാടകം കഴിഞ്ഞു അബു മാഷ് അരങ്ങിൽ കയറി എന്നെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചപ്പോഴും വെളിച്ചം വീണ സദസ്സിൽ ഞാൻ തിരഞ്ഞത് അയാളെ മാത്രമാണ്. എന്നാൽ എന്റെ ഹൃദയത്തെ കൊളുത്തി വലിക്കാൻ തക്ക കൗതുകമുള്ള മുഖങ്ങളോ കണ്ണുകളോ ഞാനവിടെ കണ്ടില്ല, അയാളൊരുപക്ഷേ പോയിട്ടുണ്ടാവും, ഇനി ഞാനയാളെ എങ്ങനെയാണു കണ്ടെത്തുക? അബുമാഷിന്റെ ആശംസ കഴിഞ്ഞതും സദസ്സിനെ വണങ്ങി ഞാൻ ഗ്രീൻ റൂമിലേയ്ക്ക് ഓടി. തൊട്ടു പിന്നാലെ മീരയും ഡ്രാമാ ലാബിലെ മറ്റുള്ളവരും വിശാഖ് മാഷും വന്നെത്തി. അവിടേക്കാണ് എമിലും എത്തിയത്.

 

‘‘മാം, നിങ്ങൾക്ക് ഒരു സമ്മാനമുണ്ട്, ഇവിടെ ഒരാളെത്തിച്ചതാണ്’’

 

നാടകത്തിന്റെ സംഘാടക സമിതിയിലെ അനുപമ ഞങ്ങൾക്കിടയിലേയ്ക്ക് വന്നു എന്റെ കയ്യിലേക്കാണ് വെളുത്ത റാപ്പറിൽ പൊതിഞ്ഞ ആ സമ്മാനം തന്നത്.

അപ്പോൾ...

ആരുമറിയാതെ അയാളെത്തിയിരുന്നു, എനിക്കുണ്ടായ ആ അനുഭവം സത്യമായിരുന്നു. ഇതാ അയാളുടെ പുതിയ സമ്മാനവും ലഭിച്ചിരിക്കുന്നു.ആ പാക്കറ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നുവെന്നു തോന്നി, അത് കാണുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നു. അയാൾ വന്നുവെന്നതിന്റെ അടയാളമാണത്.

 

അതുകൊണ്ട് തട്ടിപ്പറിക്കുമ്പോലെ മീര അത് വാങ്ങിച്ചു പൊട്ടിക്കാൻ ശ്രമിച്ചു. അത് കണ്ടുകൊണ്ട് അനങ്ങാതെ നിൽക്കാനേ എനിക്കായുള്ളൂ. ഇനിയുമെന്താണ് അയാൾ കരുതി വച്ചിരിക്കുന്നത്? അത് ആരുടെ ശരീര അവയവമാണ്?

ആർക്കു വേണ്ടിയുള്ള മരണ പത്രവുമായാണ് അയാളെത്തിയത്?

എന്നാലും അജ്ഞാതനെ കാണാനായില്ലല്ലോ. എനിക്ക് മുന്നിലെ ഇരുട്ടിൽ അയാൾ കഴിഞ്ഞ എത്രയോ നേരമായി ഉണ്ടായിരുന്നിരിക്കണം! എന്നെയും നോക്കിക്കൊണ്ട്, എന്റെ അരങ്ങിനെ ശ്രദ്ധിച്ചു കൊണ്ട്, മണികർണികയെ അറിഞ്ഞു കൊണ്ട്...

 

മീര സമ്മാനപ്പൊതിയിലെ ഓരോ മൂടികളായി നീക്കം ചെയ്യുന്തോറും എന്റെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടേയിരുന്നു. എമിൽ അത് കൗതുകത്തോടെയാണ് നോക്കിക്കൊണ്ടു നിന്നത്. ഒടുവിൽ ആ ബോക്സ് കയ്യിലെടുക്കുമ്പോൾ ബോധം പോയേക്കുമോ എന്നെനിക്ക് തോന്നി. 

 

ആകാംക്ഷയും ഉത്കണ്ഠയും കൊണ്ട് കുറച്ചു നേരത്തേയ്ക്ക് മീരയുടെയും ഹൃദയമിടിപ്പ് നിലച്ചു പോയിരുന്നു. ബോക്സ് തുറക്കുമ്പോൾ എല്ലാവരും അതിനുള്ളിലേക്ക് നോക്കി.

ആരൊക്കെ ഒപ്പമുണ്ടായിരുന്നുവെന്നോ, ഇത്തരത്തിൽ സംഭ്രമിച്ച് ഒരു സമ്മാനം തുറക്കുന്നത് ശരിയല്ലെന്നോ ഒന്നും മീര ഓർത്തതേയില്ല. 

 

ബോക്സിൽ നിന്നും ഒരു കുത്ത് സ്റ്റിക്കറുകളാണ് താഴെ വീണത്.

 

ഇതെന്താണ്? കഴിഞ്ഞ തവണ മുറിഞ്ഞ നാവിന്റെ ഒപ്പം ലഭിച്ച സ്റ്റിക്കറുകൾ പോലെ. അതേ തരം സ്റ്റിക്കറുകളാണ് ഇത്തവണയും. എന്നാലിപ്രാവശ്യം സ്റ്റിക്കറുകൾ മാത്രമാണ് അയാളയച്ചിരിക്കുന്നത്. എന്താണ് അജ്ഞാതൻ പറയാനാഗ്രഹിക്കുന്നത്?

 

ഞാൻ മീരയെയും എമിലിനെയും നോക്കി. രണ്ടു പേരും അമ്പരന്നു നിൽക്കുകയാണ്. 

 

‘‘ഇതെന്താ എമ്മാ?’’ എമിലിന്റേതായിരുന്നു ചോദ്യം.

 

‘‘കഴിഞ്ഞ തവണ സമ്മാനം വന്നപ്പോഴും അതിനുള്ളിൽ ഇത്തരം സ്റ്റിക്കറുകളുണ്ടായിരുന്നു. അന്ന് അതിലെഴുതിയിരുന്നത് -ഇതല്ല ഞാൻ തരാനുദ്ദേശിച്ച സമ്മാനം- എന്നായിരുന്നു. ഇത്തവണ അയാളെന്താണോ ...’’

 

മീര കയ്യിൽ കിട്ടിയ സ്റ്റിക്കറുകൾ ഓരോന്നായി മുന്നിലെ മേശയിൽ നിരത്തി വച്ച് തുടങ്ങി. അവൾക്ക് ചുറ്റും അനുപമയുൾപ്പെടെയുള്ള സംഘാടകർ ഒന്നും മനസ്സിലാകാതെ നിൽക്കുന്നുണ്ടായിരുന്നു. എന്നെ കാണാനായി വന്നവർ അപ്പോഴും ഞാൻ വേഷം മാറ്റി പുറത്തേയ്ക്ക് വരുന്നതും കാത്തിരിക്കുന്നുണ്ടാവും എനിക്കറിയാമായിരുന്നു. എന്നാൽ ആരെയും കാണാനുള്ള മാനസികാവസ്ഥ എനിക്കില്ല. പെട്ടെന്ന് ഇതുവരെയുണ്ടായിരുന്ന ഒരു ശൂന്യത നികക്കപ്പെടുന്നു. അവിടെ വീണ്ടും ഭയവും ആശങ്കയും നിറയുന്നു. വാക്കുകളോരോന്നായി മാറ്റിയും മറിച്ചും വച്ച് മീര ആവുന്നതും ശ്രമിക്കുന്നുണ്ടായിരുന്നു, ഒന്നിനും എനിക്ക് കഴിയുന്നില്ല. എല്ലാം നിശബ്ദമായി നോക്കി നിൽക്കാനേ ആവുന്നുള്ളൂ. കയ്യും കാലും ശരീരവും അനങ്ങുന്നില്ല. 

 

‘‘കിട്ടി എമ്മാ ... ഇതാണ്... ഇതാണ് അയാൾ നിന്നോട് പറയാനുദ്ദേശിച്ചത്’’

മീര ആഹ്ലാദത്തോടെ ഉറക്കെപറയുന്നത് മറ്റെവിടെയോ നിന്ന് കേൾക്കുന്നത് പോലെ തോന്നി. 

 

‘‘Where ever you go, i will be there for you’’

-നീയെവിടെപ്പോയാലും നിനക്ക് വേണ്ടി ഞാനവിടെയുണ്ടാകും-

 

എന്റെ ഹൃദയത്തിൽ നിന്നൊരു തേങ്ങലുയർന്നു തൊണ്ടക്കുഴിയിലെത്തി അമർത്തി. അവിടം നന്നായി വേദനിച്ചു. ആരാണ് അയാൾ...

എനിക്ക് വേണ്ടി നിൽക്കുന്നൊരാൾ...

എനിക്കായ് സഞ്ചരിക്കുന്നൊരാൾ...

എത്ര ഭീതിപ്പെടുത്താൻ ശ്രമിച്ചാലും അതിലൊക്കെ അടയാളം സൂക്ഷിക്കുന്ന ആ ആൾ. അയാൾക്കെന്താണ് എന്നോട്?

പ്രണയമോ?

ആരാധനയോ?

ഭ്രാന്തോ?

അതോ... വരാൻ പോകുന്ന ഏതോ അപകടത്തിന് മുൻപുള്ള അരങ്ങൊരുക്കലോ ?

 

ഞങ്ങളെ തനിച്ചു വിട്ട് അനുപമയും അവൾക്കൊപ്പം ബാക്കിയുള്ള സംഘാടകരും രംഗമൊഴിഞ്ഞു. പുറത്ത് ആളുകൾ എന്നെ കാത്തിരിക്കുകയാണെന്ന് അവർ പറയാതെ എനിക്കറിയാമായിരുന്നു. മീരയും എമിലും ഞാനും ഡ്രാമാ ലാബിലെ മറ്റുള്ളവരും മാത്രം ഗ്രീൻ റൂമിൽ ബാക്കിയായി. പക്ഷേ ഞങ്ങൾക്ക് മൂന്ന് പേർക്ക് മാത്രമറിയുന്ന രഹസ്യത്തിന്റെ അർത്ഥമറിയാതെ ലാബിലുള്ളവർ അമ്പരന്നു നിന്നു.

 

‘‘എമ്മാ നീയെന്താണ് കരുതുന്നത്. നീയെവിടെപ്പോയാലും അയാൾ നിന്നെ പിന്തുടരുന്നുണ്ടെങ്കിൽ...’’

 

‘‘അയാളൊരുപക്ഷേ എന്റെ സംരക്ഷകനാണെങ്കിലോ മീരാ? എനിക്കെന്തോ അങ്ങനെ കരുതാനാണ്  തോന്നുന്നത്. ഈ കുറച്ചു നാൾ കൊണ്ട് ആരൊക്കെയോ ആയത് പോലെ. ഒപ്പം ആരുമില്ല എന്നൊരു ഒറ്റപ്പെടൽ നഷ്ടപ്പെട്ടത് പോലെ.’’

 

‘‘എമ്മാ, അത് നിന്റെ തോന്നലാണ്. ഇത്തരത്തിലുള്ള മനുഷ്യർ ഒരിക്കലും ആരുടേയും ആരുമാകാൻ കൊള്ളുന്നവരല്ല. കടുത്ത മാനസിക രോഗത്തിന് അടിമപ്പെട്ടവരാണ്. അവരെ വിശ്വസിക്കരുത് ’’

 

‘‘ഋഷി നഷ്ടപ്പെട്ടപ്പോൾ ഞാൻ വീണു പോയ കുഴിയുടെ ആഴം സത്യത്തിൽ എന്റെയൊപ്പമുള്ളവർക്കു പോലുമറിയില്ല മീരാ. അവനെന്നെ ചതിച്ചു, ഇനിയെനിക്ക് ആരുമുണ്ടാകില്ലെന്ന് ഞാൻ കരുതി. ഒറ്റയ്ക്ക് ജീവിക്കാൻ തയാറായി. എങ്കിലും ആരെങ്കിലും മനസ്സിനെ താങ്ങി നിർത്താനില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടാണ് . ഒരിക്കൽ ആ സംരക്ഷണം അനുഭവിച്ച ഒരാൾക്ക് അത് നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ അതിജീവിക്കാൻ ഒട്ടും എളുപ്പമല്ല. അയാളെന്റെ ആരൊക്കെയോ ആണെന്ന് എനിക്ക് തോന്നുന്നു’’

 

‘‘എമ്മാ’’ മീര എന്റെ തോളിൽ കൈ വച്ചു. 

‘‘നീ വിചാരിക്കുന്നത് തെറ്റാണ് എന്നല്ല. പക്ഷേ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് നീ കാത്തിരിക്കുക. അയാളെ നമുക്ക് കണ്ടെത്താം, എന്നാലിപ്പോഴും ഞാൻ പറയുന്നു അയാളിലെ ശരിക്കുമുള്ള അപകടകാരി പുറത്ത് വരാനിരിക്കുന്നതേയുള്ളൂ’’

 

ഞാൻ ഒന്നും മിണ്ടിയില്ല. ഞങ്ങളുടെ സംഭാഷണത്തെ നോക്കി എമിൽ നിൽക്കുന്നുണ്ടായിരുന്നു.

 

‘‘എമ്മാ താൻ ഭയപ്പെടേണ്ട, ഞാൻ സിസിടിവി നോക്കാം. താനിന്നു മടങ്ങുന്നുണ്ടോ?’’

 

‘‘മടങ്ങും സാർ. ലാബിന്റെ വണ്ടിയുണ്ട്, അതിൽ ഇന്ന് തന്നെ മടങ്ങും.’’

 

‘‘ശരി, ഞാൻ അനിലിനെ വിളിച്ചോളാം. സംശയമുള്ള ആരെയും താൻ കണ്ടില്ലെന്ന് ഉറപ്പല്ലേ?’’

 

‘‘ഉറപ്പാണ് സാർ. പിന്നെ സദസ്സിലുള്ള ആരെയും കാണാൻ എളുപ്പമായിരുന്നില്ലല്ലോ’’

 

‘‘ഉം, സേഫ് ആയി പോകൂ, ഞാൻ ഇതിന്റെ ബാക്കി അനിലിനോട് സംസാരിച്ചോളാം.’’

 

എല്ലാം കഴിഞ്ഞു അവിടെ നിന്നിറങ്ങി ട്രാവലറിൽ കയറുമ്പോൾ എനിക്കൊരു നിസ്സഹായതയാണ് അനുഭവപ്പെട്ടത്. വിശാഖ് മാഷ് എന്നെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു, ഉത്തരങ്ങൾ അറിയാനുള്ള ഒരു ത്വര മാഷിന്റെ കണ്ണുകളിൽ ഞാൻ കണ്ടു. തല്ക്കാലം രഹസ്യം അങ്ങനെ തന്നെ നിൽക്കട്ടെ!

 

ഇന്ന് ആളെ മുഖാമുഖം കാണുമെന്നു കരുതി, എന്നാൽ എന്നെ മാത്രം കണ്ട് അയാൾ മടങ്ങിപ്പോയി. ആരായിരുന്നു അത്? ആ അജ്ഞാതൻ?

 

English Summary : Njan Emma John, e-novel written by Sreeparvathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com