ADVERTISEMENT

ഏതാനും സെക്കൻഡുകൾ അങ്ങനെ നിന്നിട്ട് ഞാൻ ഡോർബെൽ തിരഞ്ഞു. അങ്ങനെയൊന്ന് അവിടെയില്ല. ഞാൻ വാതിൽക്കൽ മെല്ലെ മുട്ടിയിട്ട് കാത്തു നിന്നു. പക്ഷേ 15 Bയുടെ വാതിൽ തുറക്കുന്നില്ല. ഇപ്പോൾ അകത്തുനിന്ന് പ്രത്യേക ശബ്ദങ്ങളൊന്നും കേൾക്കുന്നുമില്ല.

 

അക്ഷമയോടെ ഞാൻ വാതിലൊന്നു തള്ളി നോക്കി. അത് കുറ്റിയിട്ടിട്ടില്ലായിരുന്നു. വാതിൽ കഠിനമായ ശബ്ദത്തോടെ അകത്തേക്കു തുറന്നു. ഞാൻ മുറിയിലേക്കു കയറി.

 

മുറിയാകെ അലങ്കോലമാണ്. പുസ്തകങ്ങൾ, പത്രങ്ങൾ, സിഡികൾ... എല്ലാം വലിച്ചുവാരി ഇട്ടിരിക്കുന്നു.

 

‘‘വരണം വരണം ആരാധകാ. ഞാൻ കാത്തിരിക്കുകയാണ്.’’

 

അകത്തെവിടെയോ നിന്ന് ആ മുഴക്കമുള്ള ശബ്ദം കേട്ടതും ഞാൻ ഞെട്ടിപ്പോയി.

ഞാൻ ഇങ്ങോട്ട് വരുന്നുണ്ട് എന്നയാൾ എങ്ങനെ അറിഞ്ഞു? ഞാൻ അയാളുടെ ആരാധകനാണെന്നു മനസിലായതെങ്ങനെ? എന്റെയുള്ളിൽ പല പല സംശയങ്ങളുണ്ടായി. ഞാൻ ധൈര്യം സംഭരിച്ച് അകത്തേക്കു കടന്നു.

ഡൈനിങ്ങ് ടേബിളിനരികിൽ അതാ ഞാൻ തിരയുന്ന കെ.കെ! അയാൾ ടാബിൽ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. കാര്യമായ തിരക്കിലാണ്. പുതിയ നോവലായിരിക്കുമോ?

 

‘‘മിസ്റ്റർ കെ.കെ., ഒടുവിൽ ഞാൻ നിങ്ങളെ കണ്ടെത്തിയിരിക്കുന്നു. ഇത്ര കാലം നിങ്ങൾ എവിടെയൊളിച്ചിരിക്കുകയായിരുന്നു?’’ഞാൻ ആവേശത്തോടെ ചോദിച്ചു.

പെട്ടെന്ന് കസേരയിൽനിന്നെഴുന്നേറ്റ് അയാൾ കണ്ണട ഊരി ടേബിളിലേക്കെറിഞ്ഞ്, എന്റെ നേർക്കുനടന്നു. സന്തോഷവും ആവേശവും എന്റെയുള്ളിൽ നുരഞ്ഞു പൊന്തി. എന്റെ നേർക്കു നടന്നു വന്ന അയാൾക്ക് സാധാരണയിലും കവിഞ്ഞ ഉയരമുണ്ടായിരുന്നു. ബുൾഗാൻ താടി ആകെ നരച്ചിരിക്കുന്നു. കറുത്ത ജുബ്ബയും മുണ്ടുമാണ് വേഷം. കയ്യിൽ കിങ്സിന്റെ ഒരു സിഗരറ്റ് പെട്ടിയുണ്ട്. അതിന് മുകളിൽ തള്ളവിരലു കൊണ്ട് ഒരു താളത്തിൽ അങ്ങനെ കൊട്ടുന്നുണ്ടായിരുന്നു. നീണ്ട വിരലുകൾ.

 

എന്റെ ഹൃദയമിടിപ്പു കൂടിക്കൂടി വന്നു. കെ.കെ. എന്റെ തൊട്ടടുത്ത് എത്തി. പക്ഷേ അയാൾ ഒന്നും പറയാതെ നേരേ ഇരിപ്പുമുറിയിലേക്ക് നടന്ന് അവിടെയുണ്ടായിരുന്ന ഒരു കസേരയിലേക്ക് ചാഞ്ഞു. ഞാനും പിന്നാലെ ചെന്നു.

‘‘കെ.കെ. നിങ്ങൾ ഇത്രേം കാലം എവിടെയായിരുന്നു’’, ഞാൻ പിന്നെയും ചോദിച്ചു.

 

എന്റെ ചോദ്യത്തിൽ വല്ലാത്തൊരു ആകാംക്ഷ മുറ്റി നിന്നിരുന്നു.

അയാൾ നിവർന്നു നേരെ ഇരുന്നു, അടുത്തൊരു കസേര ചൂണ്ടിക്കാണിച്ചു. അതിലുള്ള സാധനങ്ങൾ നീക്കിവെച്ചിട്ട് ഞാനുമിരുന്നു. പക്ഷേ ഇത്ര നേരമായിട്ടും അയാൾ ഒന്നും സംസാരിക്കുന്നില്ലല്ലോ. ജീനിയസ്സുകൾ ഇങ്ങനെയായിരിക്കും!

 

കെ.കെയുടെ പുതിയ നോവലായ ‘ലോക്ക്ഡ് ഇൻ: യക്ഷി’ യിലെ വരികൾ എന്റെ മനസ്സിലേക്ക് കടന്നുവന്നു, ‘‘കൊറോണ കാരണം യക്ഷികളായ ഞങ്ങൾക്കും മാസ്ക് നിർബന്ധമാണ്. കൊരവള്ളി കടിച്ച് പൊട്ടിച്ച് ചോര കുടിച്ച കാലമൊക്കെ മറന്നു. സാമൂഹിക അകലം പാലിക്കേണ്ടതുകൊണ്ട് ഒരാളെ തൊടാൻ പോലും കഴിയുന്നില്ല. പാലമരത്തിൽ കേറുന്നതിനു മുൻപും ഇറങ്ങുമ്പോഴും സാനിറ്റൈസർ നിർബന്ധം. മനുഷ്യ ഗന്ധം മണത്തറിഞ്ഞ് ഇരപിടിച്ചിട്ട് മാസങ്ങളായി. വല്ലടത്തേക്കും പോകാമെന്നു വെച്ചാ അവിടെച്ചെന്ന് ക്വാറന്റീനിൽ കഴിയണം. പിന്നേം പട്ടിണി ! ഫ്രണ്ട്സിനൊന്നും ഇങ്ങു വരാനും പറ്റില്ല. എന്തൊരു കാലക്കേട് ’’

ഈ വാചകങ്ങൾ ഓർത്ത് ഞാൻ ചിരിച്ചു പോയി. ഇങ്ങനെയുള്ള എത്രയോ തമാശകൾ കെ.കെ. എഴുതിയിരിക്കുന്നു. രക്തം മരവിപ്പിക്കുന്ന കുറ്റാന്വേഷണ കഥകൾ ഇത്രേം തമാശകലർത്തി എഴുതാനുള്ള സിദ്ധി കെ.കെയ്ക്കു മാത്രമാണുള്ളതെന്നാണ് എന്റെ തോന്നൽ. പക്ഷേ ആളുകൾ കെ.കെയുടെ കഴിവുകളെ അംഗീകരിക്കുന്നില്ല. പകരം എത്ര ആക്ഷേപവാക്കുകളാണ് ‘ലോക്ക്ഡ് ഇൻ യക്ഷി’യുടെ താഴെയൊക്കെ അവരെഴുതി വെച്ചിരിക്കുന്നത്.

 

അയാൾ കുറെ നേരം മിണ്ടാതിരുന്നിട്ട് കണ്ഠം നേരെയാക്കി എന്നോടു സംസാരിച്ചു. വളരെക്കുറച്ചു വാക്കുകൾ.

അതു പറഞ്ഞ് കഴിഞ്ഞശേഷം അയാൾ പുഞ്ചിരിയോടെ എന്നെ നോക്കി. അപ്പോഴും അയാൾ കുറച്ചു മുമ്പു പറഞ്ഞ വാക്കുകൾ എന്റെ ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു, ‘‘ഞാൻ നിങ്ങളുദ്ദേശിക്കുന്ന ആളല്ല, ഞാൻ കെ.കെ അല്ല.’’

 

English Summary :  KK Chila Anweshana Kurippukal E - novel written by Swarandeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com