ADVERTISEMENT

രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ 

 

ഞാനാകെ ഹാങ്ങായ സ്മാർട്ട്ഫോൺ പോലെയായി. ഇത്രേം നേരം ഞാൻ കെ.കെ. ആണെന്ന് കരുതിയാണ് ഇയാളോടു സംസാരിച്ചു കൊണ്ടിരുന്നത്. ‘‘അപ്പോ നിങ്ങളാരാ?, ഞാൻ ആരാധകനാണെന്നു നേരത്തെ പറഞ്ഞതെങ്ങനാ?’’ 

എന്റെ വികാരങ്ങളെ എനിക്ക് നിയന്ത്രിക്കാനായില്ല. തൊണ്ടയിൽനിന്ന് എന്റെ ശബ്‌ദം പുറത്ത് ചാടിയത് സംഭ്രമവും ഞെട്ടലുമൊക്കെ ചേർന്ന് ഉച്ചത്തിലാണ്. 

 

അയാൾ സൗമ്യനായി എന്റെ അടുക്കലേക്ക് വന്നു പറഞ്ഞു, ‘‘ഏതാണ്ട് ഒരു വർഷം മുൻപ് കെ.കെ .താമസിച്ചിരുന്ന ഫ്ലാറ്റ് തന്നെയാണ് ഇത്. ഇവിടെ ആരേലും വരുന്നുണ്ടെങ്കിൽ അത് കെ.കെയുടെ ആരാധകൻ തന്നെയാണെന്നെനിക്കുറപ്പുണ്ട്. ഞാനും അങ്ങനെയായിരുന്നു.’’ 

ഞാൻ ശ്രദ്ധയോടെ കേട്ടു. 

 

‘‘കെ.കെയുടെ ഡിറ്റക്റ്റീവ് ‘നിർഗുണൻ, സുഗുണൻ’ വായിച്ചിട്ടാണ് ഞാൻ അദ്ദേഹത്തിന്റെ ആരാധകനായത്. അഡ്രസൊക്കെ കണ്ടുപിടിച്ച് ഞാനദ്ദേഹത്തെ പരിചയപ്പെട്ടെങ്കിലും ഞങ്ങളൊരിക്കലും നേരിൽ കണ്ടിട്ടില്ല. കെ.കെ അതിനവസരം തന്നില്ല. എന്തായാലും കെ.കെയ്ക്കു താമസിക്കാൻ പെട്ടന്നൊരു സ്ഥലം വേണ്ടി വന്നപ്പോൾ എന്റെയീ ഒഴിഞ്ഞുകിടന്ന അപ്പാർട്മെന്റ് ഞാൻ വിട്ടുകൊടുത്തു. അഞ്ചാറു മാസം ഇവിടെ താമസിച്ചു കാണും. അക്കാലത്തും പക്ഷേ എനിക്കദ്ദേഹത്തെ കാണാൻ സാധിച്ചിട്ടില്ല എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? പക്ഷേ അതാണു സത്യം. ഒരുപാട് പേരു തെറി വിളിച്ച ആ നോവലുണ്ടല്ലോ ‘രാമൻസ് ജയിൽ ഡേയ്സ്’, അതൊക്കെ ഇവിടുന്നാ എഴുതിയത്.’’ 

 

രാമൻസ് ജയിൽ ഡേയ്സിനെക്കുറിച്ച് പറയുമ്പോൾ അയാൾ വല്ലാതെ ആവേശം കൊള്ളുന്നതായി തോന്നി. ഒപ്പം അതിലെ ചില വരികളും അയാൾ ഓർത്തു പറഞ്ഞു, ‘‘കൈയിൽക്കിട്ടിയ ഒരു ഇരുമ്പ് ദണ്ഡ് കൊണ്ട് ഞാൻ ആ വൃത്തികെട്ട സൂപ്രണ്ടിന്റെ തലക്കടിച്ചു. തലപൊട്ടി നല്ല ഗുമുഗുമാ താളത്തിൽ ചോര പുറത്തേക്കൊലിച്ചു. അപ്പോ, പോലീസ്കാർക്കും ചോര ഉണ്ട്...’’ 

ഒരു വാക്ക് പോലും തെറ്റാതെയാണ് അയാൾ ആ വാക്യങ്ങൾ പറയുന്നത്. അതുവരെ ഇല്ലാതിരുന്ന ഒരു ഭാവമായിരുന്നു അയാൾക്കപ്പോൾ. അത് കണ്ടാൽ അയാൾ തന്നെയാണ് സൂപ്രണ്ടിന്റെ തലക്കടിച്ചതെന്നു തോന്നും. 

 

‘‘ഇപ്പോൾ എവിടെയാ കെ.കെ താമസിക്കുന്നത്?’’ ഞാൻ മറ്റൊരു ചോദ്യമെറിഞ്ഞു. എവിടെയായാലും എനിക്ക് അദ്ദേഹത്തെ കണ്ടേ തീരൂ. 

അയാൾ മുഖഭാവം മാറ്റി ശാന്തതയോടെ മറുപടി പറഞ്ഞു, ‘‘ കെ.കെ ഇപ്പോൾ എവിടെയാണെന്നറിയില്ല. പക്ഷേ തന്റെ നോവൽ ഭാഗങ്ങൾ മാൻവി എന്ന ഒരു പെൺകുട്ടി വഴിയാണ് മാഗസീന് നൽകുന്നതെന്നറിയാം. കെ.കെയ്ക്ക് മെയിൽ ഐഡി ഇല്ല. സ്മാർട്ട് ഫോണോ കംപ്യൂട്ടറോ പോലും ഇല്ലെന്നാണ് എന്റെ തോന്നൽ.’’ 

 

‘‘എവിടെയാണ് മാൻവി?’’ ഞാൻ ആവേശപൂർവ്വം ചോദിച്ചു. 

 

‘‘അവൾ ടൗണിൽ ഫെമിന എന്ന പേരിൽ ഒരു ബൂട്ടീക് നടത്തുകയാണ്. ട്രാഫിക് ജങ്ഷനിലെ ‘കരി’ ഫാഷൻ മാളിന്റെ ഒപ്പോസിറ്റാണത്,’’ അയാൾ എനിക്ക് മറുപടി തന്നു. 

 

കൂടുതലൊന്നും പറയാതെ ഞാൻ അവിടെ നിന്നുമിറങ്ങാൻ നോക്കി. എനിക്ക് മാൻവിയെ കണ്ടെത്തണം. വാതിൽ വരെ അയാൾ എന്നെ അനുഗമിച്ചു. യാത്ര പറയാനായി പതിവുവാക്കുകൾ നാവിൽ സ്റ്റോറു ചെയ്യുമ്പോഴാണ് അകത്തുനിന്നും ഞാനൊരു കരച്ചിൽ കേട്ടത്. ചെവി ഞാൻ കൂടുതൽ കൂർപ്പിച്ചു. ഉറപ്പായും ഒരു സ്ത്രീ ശബ്ദമാണത്. 

 

‘‘എന്താ പോകുന്നില്ലേ?’’ ഇപ്രാവശ്യം വല്ലാത്തൊരു മുഴക്കം അയാളുടെ ശബ്ദത്തിനുണ്ടായിരുന്നു. എന്നെ ഒഴിവാക്കിയിട്ട് അയാൾക്ക് എന്തോ അത്യാവശ്യമുണ്ടെന്ന് എനിക്ക് തോന്നി. 

 

‘‘അല്ല അകത്തുനിന്നാരോ കരയുന്ന ശബ്ദം...’’ മുഴുമിപ്പിക്കാൻ എനിക്കായില്ല. അയാളുടെ മുഖമാകെ വിളറി വെളുത്തു. നേരേ നിൽക്കാൻ പറ്റാത്തതു പോലെ അയാൾ ആടി. ഭിത്തിയോടു ശരീരം പറ്റിച്ചേർത്ത് അയാൾ പറയാൻ തുടങ്ങി, ‘‘ഓ ശബ്ദം.........അത്, അത് പിന്നെ...’’ അയാളുടെ ശബ്ദം ഇടയ്ക്കു വെച്ച് മുറിഞ്ഞു കൊണ്ടിരുന്നു.

 

‘‘ങ്ഹാ , അത് പൂച്ച, എന്റെ പൂച്ച കരയുന്നതാ,’’ അയാൾ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. 

 

‘‘പൂച്ചയോ......? ഇങ്ങനെ കരയുന്ന പൂച്ച ? മനുഷ്യ ശബ്ദം പോലെ തോന്നുന്നല്ലോ,’’ ആവശ്യമില്ലാഞ്ഞിട്ടും ഞാനങ്ങനെ ചോദിച്ചു പോയി. 

 

‘‘ആ പൂച്ച തന്നെ, പേർഷ്യൻ പൂച്ച, എന്റെ പെറ്റാ. റൂമിലാ, അതിനു വിശക്കുന്നുണ്ട്. താൻ വേഗം പോകാൻ നോക്ക്. ഫെമിന ആറര വരെയേ ഉള്ളൂ. അവള് പോയിട്ടുണ്ടാകില്ല. വേഗം ചെന്നാ നിങ്ങൾക്ക് അവളെ കാണാം. സമയം പോകുന്നു’’ ഇതു പറഞ്ഞ ശേഷം അയാൾ എന്നെ ഉന്തിത്തള്ളിയെന്ന പോലെ പുറത്താക്കി. കൂടുതലൊന്നും പറയാതെ ചുറ്റുമൊന്നു നോക്കി അയാൾ മുറിയിൽ കയറി വാതിലടക്കുകയും ചെയ്തു.

ഞാനയാളുടെ പേരു പോലും ചോദിച്ചില്ലല്ലോ എന്ന് എനിക്കോർമ്മ വന്നു. അയാൾക്ക് എന്തെല്ലാമോ രഹസ്യങ്ങളുണ്ട്. നോവലിലെ വരികൾ അതേപടിയാണ് അയാൾ പറഞ്ഞത്. അത് പറയുമ്പോൾ അയാൾക്ക് വല്ലാത്തൊരു ലഹരിയായിരുന്നു. ഉന്മാദവും സന്തോഷവും കലർന്ന ഒരു പ്രത്യേക അവസ്ഥ. അപ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. എനിക്കതു മനസിലാവും. ആ വരികൾ വായിക്കുമ്പോൾ എനിക്കും ലഹരി പിടിക്കാറുണ്ടല്ലോ. 

 

ഞാൻ കൂടുതൽ ആലോചിച്ചു നിൽക്കാതെ തിരക്കിട്ട് പടികൾ ചാടിയിറങ്ങി. എനിക്ക് മാൻവിയെ കാണണം. വെപ്രാളത്തിനിടയിൽ ആ പഴഞ്ചൻ ഫ്ലാറ്റിന്റെ എൻട്രൻസിനടുത്ത് ചുവരിൽ താമസക്കാർക്കുള്ള നിബന്ധനകൾ എഴുതിവെച്ചിരുന്നതു എന്റെ കണ്ണിൽ പെട്ടതു പോലുമില്ല. 

‘ഫ്ലാറ്റിലെ താമസക്കാർ യാതൊരു വിധ മൃഗങ്ങളെയും മുറിയിൽ വളർത്തരുത്’ എന്നായിരുന്നു അത്!

 

English Summary :  KK Chila Anweshana Kurippukal E - novel written by Swarandeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com