ADVERTISEMENT

മുന്നിലേക്കു പോകുംതോറും പേരിനെങ്കിലും ഉണ്ടായിരുന്ന വീടുകളും അപ്രത്യക്ഷമായി. ചവിട്ടിയിട്ടും രുധിരാഴിയില്‍ എത്തുന്നില്ലെന്ന് അവന് തോന്നി. കുറേ കഴിഞ്ഞപ്പോള്‍ അകലെ നീണ്ടു നില്ക്കുന്ന ഒരു സ്ട്രീറ്റ് ലൈറ്റിന്‍റെ കീഴെ കോണ്‍ക്രീറ്റുകൊണ്ടുള്ള വലിയ അക്ഷരത്തില്‍ രുധിരാഴി നിൽക്കുന്നതു കണ്ടു. ആ സ്ട്രീറ്റ് ലൈറ്റിന്‍റെ യഥാർഥ ധര്‍മ്മം ആ അക്ഷരങ്ങള്‍ക്ക്, ഇരുള്‍ നേരങ്ങളില്‍ വെളിച്ചം നല്‍കി നിൽക്കുന്നതാണെന്ന് തോന്നി. ഏറെ കാലമായി പെയിന്‍റ് കണ്ടിട്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു പ്രധാന ഇരുമ്പുഗേറ്റും അതില്‍ നിന്നൽപം നീങ്ങി ഓരോരുത്തര്‍ക്കായി കടന്നുപോകാവുന്ന ഇടുങ്ങിയ ഒരൊറ്റ ഗെയ്റ്റുമാണ് രുധിരാഴ് ഡാമിന്‍റെ പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്നത്. ചേര്‍ന്നുതന്നെ ചെറിയൊരു കാവൽപ്പുരയും ഉണ്ട്. അതിനകത്ത് പക്ഷേ വെട്ടവും അനക്കവുമുണ്ടായിരുന്നില്ല.

 

സൈക്കിള്‍ ഒരു മരത്തിനു കീഴെ വെച്ചു തിരിയുമ്പോള്‍ മാധവേട്ടന്‍ പറഞ്ഞു: 

‘‘പൗലോസ് സാറ് പടായിട്ട് കെടക്ക്വാന്ന് തോന്ന്ണൂ. കിട്ട്വാച്ചാ ഇങ്ങനത്തെ സര്‍ക്കാര്‍ജോലി കിട്ടണം. കാലത്തൊന്ന് വന്ന് നോക്കി പോക്വാ. വീട്ടിച്ചെന്ന് കപ്പക്ക് കിളക്കാം. വൈകുന്നേരം വീണ്ടും ഒന്നുവന്ന് നോക്ക്വാ. കഴിഞ്ഞു. രുധിരാഴി ഡാമിന്‍റെ സെക്യൂരിറ്റിക്കാരന്‍റെ പണി. ഡാമില് ആരെങ്കിലും വെള്ളം കുടിച്ച് ചത്താല്‍ ചീഞ്ഞളിഞ്ഞാലേ അറിയൂ. ആത്മഹത്യ ചെയ്യണോര്‍ക്ക് പറ്റ്യേ സ്ഥലാ. ഇത്തിരി ധൈര്യത്തില് എത്തികിട്ട്യാമതി.’’

 

പൂട്ടിക്കിടന്ന ഗേറ്റിനു മുകളിലൂടെ അവര്‍ അപ്പുറത്തേക്ക് ചാടി. നിറഞ്ഞ നിലാവില്‍ രുധിരാഴി ഡാമും പ്രദേശങ്ങളും വിജനമായ വലിയൊരു ശവക്കോട്ടയായി തോന്നിച്ചു. മാധവേട്ടന്‍ ആത്മഹത്യാ കഥകള്‍ വിടുന്ന മട്ടില്ല. 

‘‘കഴിഞ്ഞേനു മുമ്പിലത്തെ മാസാണ്, മൂന്ന് പെമ്പിള്ളേര് ഒന്നിച്ചു ചാടി ചത്തത്. വീട്ടീന്ന് ഇറങ്ങി രണ്ടീസം കഴിഞ്ഞിട്ടേ കണ്ടുളളൂ. അഴുകി തൊടങ്ങീര്ന്നു. ഈ ഡാമിന് ഒരു പ്രത്യേകതേണ്ട്. മരിക്കണംന്ന് വിചാരിച്ച് ഇവടെ എത്തിപെട്ടാ പിന്നെ ആയുസ്സുണ്ട്ന്ന് ച്ചാ കൂടി ഡാമ് വിടില്ല. കാലന് കമ്പി ചെന്നോളും. മരിക്കാൻ വരണോരെ ഒരിക്കലും നിരാശപ്പെടുത്തില്ല്യ. സത്യംള്ള ഡാമാ. അങ്ങനെ അല്ലാണ്ടിരിക്ക്വോ. ചോരേന്ന്ണ്ടായിട്ടുള്ള ഡാമ് ജീവന്‍ കിട്ട്യാ കുടിക്കാതെ വിട്വോ?’’

 

ഗേറ്റില്‍നിന്നുള്ള ടാര്‍ റോഡ് ഇടത്തേക്കും വലത്തേക്കുമായി പിരിഞ്ഞു. നേരെ നോക്കിയാല്‍ കാഴ്ച ചെന്നു തൊടുക നിലംപറ്റി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ശാഖകളുള്ള വലിയൊരു മാവിലാണ്. ഒരു പ്രദേശം മുഴുവന്‍ അത് കയ്യടക്കിക്കിടന്നു. ഇടത്തും വലത്തും പോകുന്ന റോഡുകള്‍ മാവിന്‍റേയും പ്ലാവിന്‍റേയും പേരയുടെയും ചെമ്പകത്തിന്‍റേയും ഇടയിലൂടെ വളഞ്ഞുപുളഞ്ഞുകിടന്നു. വിവിധതരം വൃക്ഷങ്ങള്‍കൊണ്ടും ചെടികള്‍കൊണ്ടും ഡാം സമ്പന്നമായിരുന്നു. അവര്‍ വലതുവശത്തെ റോഡിലൂടെ നടന്നു. അതിനിരുവശവും വഴിവിളക്കുകളും  ചെടികളും പിടിപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു. പ്രധാന നടപ്പാത അതുതന്നെയായിരുന്നു

‘‘രണ്ടുവഴി പോയാലും ഡാമിന്‍റെ മോളിലെത്താം. പക്ഷേ വഴി കൂടുതലാ. നമുക്കിത്യേ കേറാം. ഡാമും പൂന്തോട്ടോം കാണാന്‍ ഒരൂസം പകല് വന്നാമതി. ഇപ്പൊ നമുക്ക് കാണണ്ടത് വെള്ളാണ്. പിന്നൊരു കുളിയും...’’

മറുപടിക്കു നിൽക്കാതെ മാധവേട്ടന്‍ നടന്നുകൊണ്ടിരുന്നു. ടാര്‍ റോഡില്‍ നിന്നിറങ്ങി മരങ്ങള്‍ക്കിടയിലൂടെ നടന്നു. ഒന്നുസംശയിച്ചെങ്കിലും സിദ്ദുവിന് മറ്റുവഴിയൊന്നുമില്ലായിരുന്നു. 

 

അംഗീകൃതമല്ലാത്ത ഒരു വഴിയായിരുന്നിട്ടും സ്ഥിരമായി ആരൊക്കെയോ നടക്കുന്ന ഒരു കുറുക്കുവഴിയുടെ തേയ്മാനത്തില്‍ അത് ഡാമിനു മുകളിലേക്ക് സുതാര്യമായി കിടന്നു. ശത്രുക്കളില്‍നിന്നും സംഹാര രുദ്രയായി പ്രകൃതിയഴിച്ചുവിടുന്ന കാറ്റില്‍നിന്നും മഴയില്‍നിന്നും സംരക്ഷിച്ചുനിര്‍ത്തുന്ന വലിയ ഒരു കോട്ട പോലെയാണ് താഴെ നിന്നു നോക്കുമ്പോള്‍ ഡാമിന്‍റെ കെട്ടു കണ്ടിരുന്നത്. മുകളില്‍ ചെന്നപ്പോള്‍ അത്യാവശ്യം നാലുചക്രവാഹനത്തിന് പോകാവുന്ന വീതിയുണ്ട്. ഇടവിട്ട് ഇരുവശത്തും വിളക്കു മരങ്ങള്‍ നില്പുണ്ടായിരുന്നെങ്കിലും ഒന്നിലും വെളിച്ചമുണ്ടായിരുന്നില്ല. പുറമേക്ക് ഏറെ പേരൊന്നും ആയിട്ടില്ലെങ്കിലും മോശമല്ലാത്ത ഡാമായിരുന്നു രുധിരാഴി. ആ നിലാവില്‍ നോക്കെത്താ ദൂരത്തോളം വെള്ളവും കാടും കൂടിക്കിടന്നു. കാഴ്ചയുടെ പരിധിക്കപ്പുറം വെള്ളവും മഞ്ഞും ഇഴുകി ചേര്‍ന്നു കിടന്നു. വെള്ളത്തോടൊട്ടി കിടക്കുന്ന നിലാവെളിച്ചവും കൂടിയായപ്പോള്‍ പേരുപോലെതന്നെ ഒരു നിഗൂഢതയും വശ്യതയും ഡാമിലെ വെള്ളത്തില്‍ ആണ്ടുകിടന്നു. 

ഡാമിനു മുകളിലൂടെ ഏറെ നടന്ന് ഒരിടത്തെത്തിയപ്പോള്‍, ഡാമിലെ ജീവനക്കാര്‍ക്ക് മാത്രമിറങ്ങാനുള്ള പടവുകളിലൂടെ താഴേക്കിറങ്ങി. ആ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നോ എന്നവന്‍ കണ്ടിരുന്നില്ല. മാധവേട്ടന്‍ അല്പനേരംപോലും തുറക്കാനോ തള്ളാനോ ആയി അവിടെ സംശയിച്ചുനിന്നില്ല എന്നവന് ഉറപ്പായിരുന്നു. 

പടവുകളിലൂടെ ഇറങ്ങി അവര്‍ വെള്ളത്തില്‍ കാലുവെച്ചു. പകല്‍ സൂര്യന്‍റെ ചൂടില്‍നിന്ന് വെള്ളം കുതറിയെഴുന്നേറ്റ് ശൈത്യത്തിലേക്ക് നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇട്ടിരുന്ന മുണ്ടും  ഷര്‍ട്ടും മുന്നറിയിപ്പേതുമില്ലാതെ പൊട്ടിച്ചുകളഞ്ഞ് മാധവേട്ടന്‍ വെള്ളത്തിലേക്ക് ഊളിയിട്ടു. ഒരു ക്ഷണമോ സൗഹൃദ സംഭാഷണമോ ഉണ്ടാകാനിടയില്ലെന്ന് സിദ്ദുവിന് തോന്നി. തനിച്ച് അവിടെ കിട്ടുന്നതേക്കാള്‍ സുരക്ഷിതത്വം മാധവേട്ടന്‍ ഊളിയിട്ടലിഞ്ഞ വെള്ളത്തില്‍ ഉണ്ടാകുമെന്ന് അവന് തോന്നി. സമയം കളയാതെ അവന്‍ വസ്ത്രങ്ങള്‍ കല്പടവില്‍ ഊരിയിട്ടു. 

 

നഗ്നനായി നിന്ന അവനുനേരെ വെള്ളത്തില്‍ നിന്നും ഒരു രൂപം കുത്തിയുയര്‍ന്നുവന്നു. വെള്ളത്തില്‍ മുങ്ങി ഉയര്‍ന്നതോടെ മാധവേട്ടന്‍ അടിമുടി മാറിയിരിക്കുന്നതായി അവനു തോന്നി. തികച്ചും ഒരപരിചിതനെപോലെ. ആ രൂപം നീട്ടിയ കൈകളിലേക്ക് സിദ്ദു ഇറങ്ങിച്ചെന്നു. വെള്ളത്തിന് നല്ല ഗാഢതയുണ്ടായിരുന്നു. ഊളിയിട്ടിറങ്ങുംതോറും അഗാധതയില്‍ വെള്ളത്തിന് വല്ലാത്ത തണുപ്പുണ്ടായിരുന്നു. മുന്നില്‍ നീങ്ങുന്ന രൂപത്തിന്‍റെ നീണ്ട കയ്യില്‍ സിദ്ദുവിന്‍റെ ഇടതുകയ്യ് അകപ്പെട്ടിരുന്നു. ഒരു മനുഷ്യന്‍റെ കൈക്ക് അത്രനീളം ഉണ്ടാകുമോ എന്നവന്‍ അമ്പരന്നു. ആഴത്തിലേക്ക്  കുതിച്ചിറങ്ങുമ്പോള്‍ ജലശൈത്യത്തിനൊപ്പം സുഖകരമല്ലാത്ത, ഒരുതരം കെട്ട ഗന്ധം അവന്‍റെ നാസാരന്ധ്രങ്ങളിലൂടെ, സിരകളിലൂടെ ശരീരത്തിന്‍റെ ഓരോ അണുവിലും പ്രസരിച്ചു. അവന് കുറേശ്ശെ ശ്വാസം മുട്ടി. വായു, മുകളില്‍ അങ്ങകലെ ഒരിക്കലും എത്തിപ്പെടാന്‍ കഴിയാത്തിടത്താണെന്ന് അവനറിഞ്ഞു. മുന്നിലെ രൂപത്തിന്‍റെ കൈകള്‍ സാവകാശം അയഞ്ഞു. അവന്‍ നോക്കുമ്പോള്‍ ഇരുവശവും ചിറകുകളും ചിതമ്പലുകളുമുള്ള വലിയൊരു മീനായിക്കഴിഞ്ഞിരുന്നു മുന്നില്‍. സാവകാശം ആ രൂപാന്തരണം തന്നിലേക്കും പകരുന്നത് അവന്‍ അറിഞ്ഞു. അവന് ശ്വാസമെടുത്തുവിടാന്‍ പ്രയാസമില്ലാതായി. ഏതുവെള്ളത്തിലും ശ്വസിച്ചുനില്ക്കാന്‍ പാകത്തില്‍ തന്‍റെ ശരീരമാര്‍ജ്ജിച്ചിരിക്കുന്ന രൂപമാറ്റങ്ങളും അവന്‍ കണ്ടു. മാധവേട്ടനെപ്പോലെ, അത്രയും വലുതല്ലെങ്കില്‍കൂടിയും അവന്‍ ഒരു മത്സ്യമായി കഴിഞ്ഞിരുന്നു. കുടഞ്ഞുപോരാന്‍ വയ്യാത്തവിധം അവന്‍ മാധവേട്ടനുമായി ഒട്ടിച്ചേര്‍ന്നിരുന്നു. അവര്‍ ആഴത്തിൽ  നിന്ന് ആഴത്തിലേക്ക് കുതിച്ചു.

 

മുത്തശ്ശിക്കഥകളിലേതുപോലെ സാഗരത്തിന്‍റെ ആഴത്തിലെ മത്സ്യകന്യകമാരുടെ കൊട്ടാരങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഇടയിലൂടെയാണ് പോകുന്നതെന്ന് അവനു തോന്നി. അതേ നിമിഷം തന്നെ തനിക്കു മുന്നിലെ വെള്ളത്തില്‍ എന്തോ ലയിച്ചുവരുന്നത് അവന്‍ കണ്ടു. മുന്നിലേക്കുള്ള യാത്രയില്‍ മാര്‍ഗ്ഗം മുഴുവന്‍ ചെമന്ന ആ കടുംനിറത്തില്‍ മാഞ്ഞുപോയി. അതിനിടയില്‍ ആരൊക്കെയോ വെട്ടുന്നതിന്‍റെയും കുത്തുന്നതിന്‍റെയും ശബ്ദങ്ങളും മുറിവേറ്റു പിടയുന്നവരുടെ ആര്‍ത്തനാദങ്ങളും ഉയര്‍ന്നു. അവന്, തനിക്കുചറ്റും നടക്കുന്നതെന്തെന്ന് മനസ്സിലായില്ല. ധര്‍മ്മസങ്കടത്തില്‍ വലഞ്ഞ്, എന്തുചെയ്യേണ്ടൂ എന്നറിയാതെ പകച്ചുനിന്ന അവനരകിലേക്ക് മുന്നിലെ മീന്‍ തിരിഞ്ഞുവന്നു. ആ വലിയ മീന്‍ അവന്‍റെ മത്സ്യമിഴികളില്‍ നോക്കി ആ കഥ പറയാന്‍ തുടങ്ങി.

 

നൂറ്റാണ്ടുകള്‍ക്കും മുന്‍പാണ്.

മനുഷ്യന്‍ അലഞ്ഞുതിരിഞ്ഞും വെട്ടിപ്പിടിച്ചും മുന്നേറാന്‍ തുടങ്ങുന്ന കാലം. ഭൂമണ്ഡലത്തിന്‍റെ ഏറിയ ഭാഗവും കാടും മൊന്തയും പടര്‍ന്നുകിടക്കുന്നു. വിട്ടു വിട്ടുള്ള പ്രദേശങ്ങളില്‍ അങ്ങിങ്ങ് ജനവാസമുണ്ട്. മനുഷ്യന്‍ പരിഷ്കൃതനാവുന്നതേയുള്ളൂ. 

കൊടും വേനലില്‍ കത്തിയെരിയുന്ന ഒരു നട്ടുച്ച. തീപ്പൊരി ചിതറുന്ന സൂര്യനെ കൂസാതെ അല്പവസ്ത്രധാരിയായ ഒരാള്‍ നാട്ടുവഴിയിലൂടെ നടന്നുവരുന്നു. അയാള്‍ എവിടെ നിന്നാണ് വരുന്നതെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. പെട്ടെന്ന് ഒരു നിമിഷം വഴിയില്‍ പൊട്ടിമുളച്ചതുപോലെയാണ് അയാള്‍ പ്രത്യക്ഷപ്പെട്ടത്. അവിടവിടെ നിന്ന ആള്‍ക്കാര്‍ അയാളെ തുറിച്ചുനോക്കി. നീണ്ടുകൃശഗാത്രനായ അയാളുടെ ദേഹം എല്ലില്‍ ഒട്ടിപ്പിടിച്ചു കിടന്നു. നീണ്ട താടി താഴേക്കും മുടിയിഴകള്‍ പിറകിലേക്കും വിശാലമായി കിടന്നു. കണ്ണുകളില്‍ അതുല്യമായ തിളക്കവും ആജ്ഞാശക്തിയും കളിയാടി. നോക്കിയവര്‍ക്കാര്‍ക്കും രണ്ടാമതൊരിക്കല്‍ നോക്കാന്‍ കഴിഞ്ഞില്ല. 

 

ചുരുട്ട് എരിഞ്ഞിരുന്ന അയാളുടെ ചുണ്ടുകള്‍ നിശ്ചലമായി. ചുരുട്ടിലെ തീ കെട്ടപ്പോള്‍ അയാള്‍ വഴിവക്കില്‍നിന്ന ഒരാളോട് തീ ചോദിച്ചു. അയാള്‍ യാന്ത്രികമായി ചുണ്ടിലെരിഞ്ഞിരുന്ന ചുരുട്ട് നീട്ടി. കത്തിച്ചശേഷം അയാളതു തിരിച്ചുകൊടുത്തു. ഉള്ളിലേക്ക് ആഞ്ഞെടുത്ത പുക പുറത്തുവന്നപ്പോള്‍ പനങ്കള്ളിന്‍റെ മണവുമുണ്ടായിരുന്നു. അയാളൊന്നു തേട്ടി.  ആ തേട്ടലില്‍ അയാള്‍ പനങ്കള്ളിന്‍റെ ഒരു നിറകുടമായി. 

കൂടിനിന്നവര്‍ സ്ത്രീകളും കുട്ടികളുമടക്കം പത്തു പതിനഞ്ചു പേര്‍ ഉണ്ടായിരുന്നു. അയാള്‍ ആകെയൊന്നു നോക്കി. എല്ലാം പട്ടിണിക്കോലങ്ങള്‍. അരക്കെട്ടില്‍ തിരുകിവെച്ചിരുന്ന നീളം കുറഞ്ഞ വടിയെടുത്ത് അയാള്‍ അന്തരീക്ഷത്തില്‍ ഒന്നുചുഴറ്റി. അവിടെ ചോറും കറികളും നിരന്നു. കുടിക്കാന്‍ മതിയാവോളം പനങ്കള്ള്. വലിക്കാന്‍ ഒരുകെട്ട് ചുരുട്ട്.  കൂടിനിന്നവര്‍ അത്ഭുതത്താല്‍ മിഴിച്ചുപോയി. അവരുടെ അത്ഭുതം കണ്ടപ്പോള്‍ അയാള്‍ ചിരിച്ചു. മുന്നില്‍ നീണ്ടു കിടന്ന നാട്ടുവഴിയിലൂടെ സാവകാശം നടന്നു. കൂടി നിന്നവര്‍ ആര്‍ത്തിയോടെ ഭക്ഷണത്തിലേക്ക് ചാടി വീണു.

 

പിറ്റേന്ന് ഉച്ചക്കും അയാള്‍ വന്നു. ഒരു ഒറ്റമുണ്ടെടുത്ത് തലേന്നത്തേക്കാള്‍ ശരീരം മറച്ചിരുന്നു. താടിയും മുടിയും കോതിയൊതുക്കിവെച്ച അയാള്‍ കൂടുതല്‍ സുന്ദരനായിരുന്നു. തലേന്നത്തേക്കാള്‍ ആള്‍ക്കാരുണ്ടായിരുന്നു അവിടെ. നട്ടുച്ചക്കു അല്പം നേരത്തെ വന്ന അയാള്‍ ആള്‍ക്കാര്‍ക്കു നടുവില്‍ ഇരുന്നു. കൂടിയിരുന്നവര്‍ക്ക് അയാളോട് സംസാരിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. തങ്ങളുടെ വായില്‍നിന്നെന്തെങ്കിലും അയാള്‍ക്ക് പറ്റാത്തത് വീണാല്‍ ഭക്ഷണം കിട്ടുകയില്ലെങ്കിലോ എന്നവര്‍ ഭയന്നു. അയാള്‍ പറഞ്ഞതൊന്നും അവര്‍ക്ക് മനസ്സിലായില്ല. എങ്കിലും അവര്‍ ചിരിക്കുകയും തലയാട്ടുകയും ചെയ്തു. വിശക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ അവര്‍ക്കുള്ള ഭക്ഷണം വായുവില്‍ നിന്നുണ്ടാക്കി. 

 

പിറ്റേന്ന് അല്പം കൂടി നേരത്തെ അയാള്‍ എത്തി. തലേന്നത്തേക്കാള്‍ ആള്‍ക്കാര്‍ കൂടിയിരുന്നു അവിടെ. പിന്നീടത് തുടര്‍ന്നുകൊണ്ടേയിരുന്നു. അയാള്‍ വരുന്നത് കാലത്തും പോകുന്നത് വൈകീട്ടുമായി. ആ പ്രദേശത്തുള്ളവര്‍ മുഴുവന്‍ ഉച്ചക്ക് തിന്നാനും കുടിക്കാനുമായി അവിടെ എത്തുമായിരുന്നു. സന്ധ്യക്ക് എല്ലാവരും പിരിഞ്ഞുപോകണം. രാത്രിയിലേക്കുള്ളത് അവരവര്‍ അവരുടെ കുടിയില്‍ വെച്ചേ തീരൂ. പിന്നെപിന്നെ രാത്രി ഭക്ഷണം വെക്കുന്നത് ഒരു മടുപ്പുള്ള പണിയായി അവര്‍ക്ക് തോന്നി. രാത്രിയിലേക്കുള്ള ഭക്ഷണം കിട്ടുന്നതിന് മാര്‍ഗ്ഗമെന്തെന്ന് അവര്‍ കൂടിയാലോചിച്ചു. അവസാനം അവരെല്ലാവരും അയാളോട് നേരിട്ടു ചോദിക്കാന്‍ തീരുമാനിച്ചു. ചോദിച്ചപ്പോള്‍ അയാള്‍ തലവെട്ടിച്ചു പറഞ്ഞു.

‘‘ഒരു നേരമെങ്കിലും നിങ്ങള്‍ ഭക്ഷണം ഉണ്ടാക്കി കഴിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ മറക്കും.’’

അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ ക്രുദ്ധനായി. 

‘‘അധികം കളിച്ചാല്‍ പകല്‍പോലും നിങ്ങള്‍ക്ക് ഭക്ഷണം കിട്ടാതാകും.’’

അതോടെ അവര്‍ പിന്മാറി.

പകല്‍ വേണ്ടുവോളം ഭക്ഷണം കിട്ടിയെങ്കിലും അവര്‍ തൃപ്തരായില്ല. തണ്ടുംതടിയും ധൈര്യവുമുള്ള മൂന്നാലുപേര്‍ ചേര്‍ന്ന് ആ കടുംകൈ ചെയ്യാന്‍ തീരുമാനിച്ചു. അയാളുടെ കയ്യില്‍നിന്ന് ആ മാന്ത്രികവടി കരസ്ഥമാക്കണം. പിന്നെ എപ്പോള്‍ വേണമെങ്കിലും ഭക്ഷണം വരുത്താമല്ലോ. നേരെ നിന്ന് അയാളോട് എതിരിടാനുള്ള ധീരത അവര്‍ക്കാര്‍ക്കുമുണ്ടായിരുന്നില്ല. തന്ത്രപരമായി അയാളെ ഒതുക്കാന്‍ അവര്‍ തീര്‍ച്ചപ്പെടുത്തി. കാലത്ത് നേരത്തെ വന്ന് അയാള്‍ പോകുന്നത് ഉച്ചതിരിയുമ്പോഴാണ്. വരുമ്പോഴേ അയാളെ പനങ്കള്ളിന്‍റെ മണം പൊതിഞ്ഞിരിക്കും. അവര്‍ക്കൊപ്പമിരുന്ന് ഇഷ്ടംപോലെ കുടിച്ചെങ്കിലും ഒരിക്കല്‍പോലും ഭക്ഷണം കഴിച്ചില്ല. അയാളുടെ ദൗര്‍ബല്യം പനങ്കള്ളുതന്നെ എന്നവര്‍ ഉറപ്പിച്ചു. എവിടെ നിന്നാണ് അയാള്‍ പനങ്കള്ള് കുടിക്കുന്നതെന്ന് അവര്‍ക്ക് കണ്ടെത്തേണ്ടതുണ്ടായിരുന്നു. അന്നുച്ചതിരിഞ്ഞ് അയാളറിയാതെ അവര്‍ അയാളെ പിന്തുടര്‍ന്നു. ആ പ്രദേശം വിട്ട് ഏറെ അകലേക്ക് അയാള്‍ നടന്നു. കാടുംമൊന്തയും പിന്നിട്ട അയാള്‍ നിറയെ പനകളുള്ള ഒരു പ്രദേശത്തെത്തി. അരയില്‍ വലിയൊരു പാത്രം കെട്ടി അയാള്‍ ഓരോരോ പനകളില്‍ കയറി കള്ള് എടുക്കാന്‍ തുടങ്ങി. പനകളെല്ലാം കയറിയിറങ്ങിക്കഴിഞ്ഞപ്പോള്‍  പാത്രം നിറഞ്ഞിരുന്നു. രാത്രിമുഴുവന്‍ അയാള്‍ കള്ളുകുടിച്ചിരുന്നു. പുലരാറായപ്പോഴാണ് അയാള്‍ ഒന്നുറങ്ങിയത്. അയാള്‍ കള്ളു കുടിക്കുന്നത് കണ്ണുംമിഴിച്ച് അവര്‍ നോക്കിയിരുന്നു. സാധാരണ ഒരു മനുഷ്യനെക്കൊണ്ട്  ഒരിക്കലും അങ്ങനെ കുടിക്കാന്‍ കഴിയുമായിരുന്നില്ല. അതിനേക്കാള്‍ അവരെ അമ്പരപ്പിച്ചത് അത്രയേറെ കുടിച്ചുകയറ്റിയിട്ടും കാലത്തെഴുന്നേല്ക്കുമ്പോള്‍ അയാള്‍ക്കെന്തെങ്കിലും ക്ഷീണമോ തലപെരുപ്പമോ ഉണ്ടാകുന്നില്ല എന്നതായിരുന്നു. അവിടെ തന്നെയുള്ള ഒരു പൊട്ടക്കുളത്തില്‍ ഇറങ്ങി അയാള്‍ ഏറെ നേരം വെള്ളത്തില്‍ മുങ്ങിക്കിടന്നു. കുറേയായിട്ടും വെള്ളത്തില്‍ നിന്നയാള്‍ പൊങ്ങിവരാതായപ്പോള്‍ വെള്ളം കുടിച്ചയാള്‍ ചത്തുതീര്‍ന്നോ എന്നവര്‍ സംശയിച്ചു. ആ സമയത്ത് ഒന്നും സംഭവിക്കാത്തമട്ടില്‍ അയാള്‍ വെള്ളത്തില്‍ നിന്നും കയറി വന്നു.  കരയിലിരുന്ന വസ്ത്രം എടുത്തിട്ട് അയാള്‍ നടന്നുതുടങ്ങി. അവരയാളെ പിന്തുടര്‍ന്നു.

രണ്ടുദിനം അങ്ങനെ അവര്‍ അയാളെ നിരീക്ഷിച്ചു. അയാളുടെ ദിനചര്യകള്‍ ഈ ദിനങ്ങളില്‍ ഒരു മാറ്റവുമില്ലാതെ തുടര്‍ന്നു. അയാള്‍ ഭക്ഷണമൊന്നും കഴിക്കുന്നത് അവര്‍ കണ്ടില്ല. വെറും പനങ്കള്ളു മാത്രം കുടിച്ചാണ് അയാള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അയാള്‍ക്കുള്ള പണി പറ്റിക്കേണ്ടതും പനങ്കള്ളിലൂടെയായിരിക്കണമെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി. 

 

ഏറെ നാളത്തെ ആലോചനക്കു ശേഷമാണ് അവരെല്ലാം ഏകകണ്ഠമായ ഒരു തീരുമാനത്തില്‍ എത്തിയത്. ആ ഭാഗത്തെ കൊടിയ മന്ത്രവാദിയാണ് നാണു മൂപ്പന്‍. നാണു മൂപ്പനു മുന്നില്‍ ഒഴിഞ്ഞുപോകാത്ത പ്രേതങ്ങളും ബാധകളുമില്ല. മാട്ടും മാരണവും നാണു മൂപ്പന് ജന്മസിദ്ധമായി കിട്ടിയിട്ടുള്ളതാണ്. മൂപ്പന്‍റെ പക്കല്‍ ആനയെ പോലും കൊല്ലാവുന്ന കൊടിയ വിഷമുണ്ട്. ആനയെ കൊല്ലുന്ന വിഷമിത്തിരി പനകളിലെ കള്ളുപാത്രങ്ങളില്‍ തളിക്കുകയേ വേണ്ടൂ. അന്ന് പകല്‍ അയാള്‍ നാട്ടിലേക്കിറങ്ങിയപ്പോള്‍ അവര്‍ നാലുപേരും പനകളില്‍ കയറി വിഷത്തുള്ളികള്‍ കള്ള് പാത്രത്തിലേക്കൂറ്റി. ഉച്ചയോടെ പണിതീര്‍ത്ത്, സന്ധ്യക്കുണ്ടാകുന്ന പുകിലുകള്‍ ഓര്‍ത്ത് ഓരോ ഇടങ്ങളില്‍ അവര്‍ മറഞ്ഞിരുന്നു. 

 

എന്നത്തേയും പോലെ സന്ധ്യക്ക് അയാള്‍ നാട്ടുവഴിയിലൂടെ നടന്നുവന്നു. കുറച്ചുനേരം ഇരുന്നശേഷം പനകളില്‍ കയറി കള്ളു ശേഖരിച്ചു. താഴത്ത് ഇറങ്ങിയപാടെ മുക്കിമുക്കി കുടി തുടങ്ങി. നിലാവെളിച്ചത്തിന്‍റെ നിഴലുകളില്‍ പതിയിരുന്ന അവര്‍ ചങ്കിടിപ്പോടെ അത് നോക്കിയിരുന്നു. ആനയെ വീഴ്ത്തുന്ന വിഷം മനുഷ്യനെ തീര്‍ക്കാന്‍ അല്പസമയമേ വേണ്ടൂ. നേരം നീങ്ങിയിട്ടും അവര്‍ പ്രതീക്ഷിച്ചത് സംഭവിച്ചില്ല. മറഞ്ഞിരുന്ന് അവര്‍ക്കു മടുത്തു തുടങ്ങി. അവസാനം അര്‍ദ്ധരാത്രി പിന്നിട്ടപ്പോള്‍ വലിയൊരു ശബ്ദത്തോടെ അയാള്‍ ശര്‍ദ്ദിച്ചു. കുറേനേരം അത് നീണ്ടുനിന്നു. കള്ള് തീര്‍ന്നപ്പോള്‍ ചോരയായി. അവസാനം ആ ചോരയില്‍ തന്നെ അയാള്‍ മുഖം കുത്തി തളര്‍ന്നുവീണു. ഇനിയൊരിക്കലും അയാള്‍ എഴുന്നേല്‍ക്കാന്‍ പോകുന്നില്ലെന്നറിഞ്ഞ അവര്‍ മറഞ്ഞിരുന്ന ഇടങ്ങളില്‍ നിന്ന് പുറത്തിറങ്ങി. അപ്പോള്‍ അയാളില്‍ ചെറിയൊരു ഞരക്കം മാത്രമേയുള്ളൂ. കൂട്ടത്തില്‍ മുതിര്‍ന്ന ആള്‍ അയാളുടെ അരയില്‍നിന്നും മാന്ത്രികദണ്ഡ് വലിച്ചെടുത്തു. ഞെരങ്ങുന്നതിനിടയില്‍ അയാള്‍ക്കൊന്ന് എതിര്‍ക്കാന്‍പോലും കഴിഞ്ഞില്ല. 

മാന്ത്രികദണ്ഡ് ഉയര്‍ത്തിപ്പിടിച്ച് അവര്‍ ജനങ്ങള്‍ക്കരികിലേക്ക് ഓടി. 

 

തുടരും…

 

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com