ADVERTISEMENT

തെല്ലും താൽപര്യമില്ലാതെ ഊണ് മേശയിൽ മറ്റെന്തോ ആലോചിച്ച് ഭക്ഷണം കഴിക്കുന്ന ഭർത്താവിനെ നോക്കി രേഖ ദേഷ്യപ്പെട്ടു. പതിനഞ്ചു വർഷമായി യൂണിഫോം ശരീരത്തിൽ കയറിയിട്ട്, പന്ത്രണ്ടു വർഷമായി കല്യാണം കഴിഞ്ഞിട്ട്, ഇതുവരെ ഇത്രയധികം ആധി പിടിപ്പിക്കുന്ന ഒരു അവസ്ഥയിൽ രേഖ അനിലിനെ കണ്ടിരുന്നില്ല. കൊച്ചിയിൽ പ്രശ്ങ്ങൾ പലതാണ്, സമരങ്ങൾ, കൊട്ടേഷൻ, പൊളിറ്റിക്സ്, എല്ലാം ചിരിച്ചു കൊണ്ടാണ് അനിൽ നേരിടുന്നത്. കൈകൊണ്ട് നേരിടേണ്ടിടത്ത് അങ്ങനെ, അല്ലാതെ വേണ്ടയിടത്ത് അങ്ങനെ. ഇതുവരെ ആരുടെ മുന്നിലും മുട്ട് മടക്കിയിട്ടില്ല എന്നൊക്കെ പറയുമ്പോഴും മുകളിൽ നിന്നുള്ള വിളിയിൽ പല്ലു കടിച്ച് പലതിനും വഴങ്ങിയിട്ടുണ്ടെന്നറിയാം, അത്തരം ദിവസങ്ങളിൽ വീട്ടിൽ വന്നു കണക്കറ്റു മദ്യപിക്കും, വീട്ടിലുള്ളവരോട് ദേഷ്യപ്പെടും. അത് കണ്ടാൽ മനസ്സിലാക്കണം ഓഫീസിൽ ഇഷ്ടമില്ലാത്ത എന്തോ കാര്യത്തിന് വഴങ്ങേണ്ടി വന്നുവെന്നു. എന്നാൽ ഇതുപോലെ ഭ്രാന്ത് പിടിച്ച ഒരവസ്ഥയിൽ ഇന്നേ വരെ അനിലിനെ കണ്ടിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി പല തവണ ചോദിച്ചിട്ടും അനിൽ അസ്വസ്ഥതയുടെ കാരണം പറയാത്തത് രേഖയെ അമ്പരപ്പിച്ചിരുന്നു. 

 

കഴിക്കുന്നത് എന്താണെന്ന് പോലുമറിയാതെ കൈ പാത്രത്തിൽ നിന്നും സ്വാഭാവികമായി വായിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് അനിൽ മാർക്കോസിന്റെ ഫോൺ മണിയടിച്ചത്. രേഖയ്ക്ക് ദേഷ്യം വന്നിട്ട് ഫോൺ എറിഞ്ഞു പൊട്ടിക്കാൻ പോലും തോന്നിപ്പോയി. ഏതു നേരവും അനിലിപ്പോൾ ഫോണിലാണ്, മക്കളോട് സംസാരിക്കാനോ തന്നോട് സംസാരിക്കാനോ അയാൾക്ക് സമയം കിട്ടുന്നില്ല. 

 

‘‘ഹലോ’’

എമ്മയുടെ നമ്പർ കണ്ടിട്ട് അനിലിന് നെഞ്ചിലൂടെ ഒരു ഇടി മിന്നൽ പാഞ്ഞു.

 

‘‘സാർ...’’ എമ്മയുടെ നിലവിളി അനിൽ വ്യക്തമായി കേട്ടു.

 

‘‘എമ്മാ, എന്താ, പറയൂ, എന്താ പ്രശ്നം?’’

 

‘‘സാർ എന്റെ ഋഷി... അവനു... എന്തോ പറ്റി. ഒന്ന് പോയി നോക്കാമോ സാർ.’’

 

‘‘എന്താ എമ്മ, എന്താണ് അയാൾക്ക്?’’

ഫോൺ മറ്റാരോ വാങ്ങുന്ന ശബ്ദം, മീരയാണെന്നു തോന്നുന്നു.

 

‘‘സാർ ഞാൻ മീരയാണ്. ഋഷിയിപ്പോൾ എമ്മയെ വിളിച്ചിരുന്നു. വിളിച്ചിട്ട് ഒന്നും മിണ്ടിട്ടില്ല, പെട്ടെന്ന് ഒരു നിലവിളി കേട്ടു. എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നു.’’

 

അനിൽ മാർക്കോസ് ഊണ് മേശയിൽ നിന്നും ചാടിയെഴുന്നേറ്റു.

‘‘മീരാ, എവിടെയാണ് അയാൾ താമസിക്കുന്നത്, എനിക്ക് ഡീറ്റെയിൽസ് ഒന്ന് വാട്സാപ്പിൽ തരൂ, ഞാനിറങ്ങുകയാണ്.’’

 

പെട്ടെന്ന് കൈ കഴുകി അനിൽ മാർക്കോസ് ഷർട്ടെടുത്തിട്ട് ബുള്ളറ്റിൽ കയറി പാഞ്ഞു. അനിൽ തന്നോട് ഒരു വാക്കു പോലും പറഞ്ഞില്ലെന്നോർത്ത് രേഖയ്ക്ക് കരച്ചിൽ വന്നു. ഇതെന്ത് കൂത്താണ്! അവൾക്കൊന്നും മനസ്സിലായില്ല. 

 

എത്ര വേഗത്തിലോടിച്ചിട്ടും ബൈക്കിന് വേഗത പോരെന്ന് അനിൽ മാർക്കോസിന് തോന്നി. അയാളുടെ തലച്ചോർ പ്രവർത്തന രഹിതമായിരുന്നു. ഏതു വിധത്തിലാണ് നഗരത്തിരക്കിൽ നിന്നും രക്ഷപെട്ടു ഋഷി താമസിക്കുന്ന ഇടത്തേക്ക് എത്തുക? അത് ഫ്‌ളാറ്റാണെന്നാണ് മീര പറഞ്ഞത്. ഇത്തവണ അവൻ കുടുങ്ങിയത് തന്നെ. ഫ്‌ളാറ്റുകളിൽ ഉറപ്പായും സിസിടിവി പോലെയുള്ള തെളിവുകൾ കാണാതെയിരിക്കില്ല. 

 

തലയ്ക്ക് മുകളിലൂടെ മെട്രോ ചീറിപ്പായുന്നുണ്ട്. മനുഷ്യന്റെ മനസ്സ് പോലെ അതിവേഗതയിൽ...

 

പത്ത് മിനിറ്റു കൊണ്ട് എത്തേണ്ട ദൂരം അര മണിക്കൂർ കൊണ്ട് താണ്ടി ഋഷിയുടെ ഫ്‌ളാറ്റിന്റെ താഴെ ബൈക്ക് ചാരി വച്ച് ഇരുപതാം നിലയിലുള്ള 20 സി എന്ന ഫ്‌ളാറ്റിലേക്കോടുമ്പോൾ അനിലിന് കിതപ്പ് തുടങ്ങിയിരുന്നു. അയാൾ രക്ഷപെട്ടു കാണാനാണ് സാധ്യത കൂടുതൽ. എന്നാലിവിടെ നിന്നും ഋഷിയെ പോലെ ഒരാളെയും കൊണ്ട് അപ്രത്യക്ഷനാകാൻ എളുപ്പമല്ല. ഗേറ്റിൽ നിൽക്കുന്ന പ്രായമുള്ള കാവൽക്കാരൻ മുതലുള്ളവരുടെ കണ്ണുകൾ വെട്ടിച്ച് അത് എളുപ്പമേയല്ല.

ലിഫ്റ്റിൽ കയറി 20 അമർത്തി കാത്ത് നിൽക്കുമ്പോൾ, മുകളിലേക്കുയർന്ന ലിഫ്റ്റിനൊപ്പം അപ്പോൾ കഴിച്ച ഭക്ഷണവും മുകളിലേക്കുയർന്നു വരുന്നത് പോലെ അനിൽ മാർക്കോസിന് അനുഭവപ്പെട്ടു. ഒന്ന് ഛർദ്ദിക്കണം ...

വയറിനുള്ളിൽ നിറയെ അസ്വസ്ഥതകൾ കടലിരമ്പമുയർത്തുന്നു.

 

ഒന്ന് തട്ടിയതേയുള്ളൂ ഫ്ലാറ്റ് നമ്പർ 20 സിയുടെ വാതിൽ മലർക്കെത്തുറന്നു. അനിൽ തോക്ക് പിന്നിൽ നിന്നെടുത്ത് ഉന്നം പിടിച്ചു. അകത്തെ ഇരുട്ടിൽ എവിടെയാണ് അയാൾ പതുങ്ങിയിരിക്കുന്നതെന്ന് അറിയില്ല. മീര വിളിച്ചിട്ട് മുക്കാൽ മണിക്കൂറാവുന്നതേയുള്ളൂ. അയാൾ രക്ഷപ്പെട്ടുവോ എന്നുറപ്പില്ല. താൻ വന്നതറിഞ്ഞു ഒളിച്ചിരിക്കാനും മതി. ഇരുട്ടായതിനാൽ അയാൾക്ക് തന്നെ ആക്രമിക്കാനും എളുപ്പമാണ്. അനിൽ മാർക്കോസ് കരുതലിലായിരുന്നു. അയാൾ ഇരുട്ടിലൂടെ തന്നെ വെളിച്ചത്തിന്റെ മുനമ്പ് തേടി അലഞ്ഞു. 

 

കാൽ എന്തിലോ തടഞ്ഞു പെട്ടെന്ന് അനിൽ മാർക്കോസ് വീഴാൻ ഭാവിച്ചു. കൈകൾ കൊണ്ട് തൊട്ടു നോക്കിയപ്പോൾ ഒരു മനുഷ്യൻ കിടക്കുന്നത് പോലെയാണ് അയാൾക്ക് തോന്നിയത്. അനിൽ പെട്ടെന്ന് അകന്നു മാറി കയ്യിലെ മൊബൈൽ എടുത്ത് ഭിത്തിയിലെ വെളിച്ചത്തിന്റെ സ്വിച്ച് ബോർഡ് കണ്ടെത്തി ലൈറ്റിട്ടു. വെളിച്ചത്തിൽ കണ്ട കാഴ്ച അനിൽ മാർക്കോസിനെ നടുക്കിക്കളഞ്ഞു.

 

അയാൾക്ക് വയറിന്റെ ഉള്ളിൽ നിന്നും മുകളിലേയ്ക്ക് എന്തോ പൊന്തി വന്നു. തൊട്ടടുത്ത ഇടനാഴിയിലേക്കോടി അയാൾ വാഷ്ബേസിനിൽ ആഞ്ഞു ഛർദ്ദിച്ചു. കുടലപ്പാടെ പുറത്തേയ്ക്ക് വന്നുവോ...

എന്ത് കാഴ്ചയാണത്?

രക്തത്തിൽ കുളിച്ച് കിടക്കുന്ന ഒരാൾ... 

 

വീണ്ടും നിലത്ത് കിടക്കുന്ന ശരീരത്തിന്റെ അടുത്തേയ്ക്ക് അനിൽ മാർക്കോസെത്തി. കമഴ്ന്നാണ് ശരീരം കിടക്കുന്നത്.

ഇരുപത്തിയെട്ടു വയസ്സോളം തോന്നിക്കുന്ന ഒരു യുവാവിന്റെ ശരീരമാണതെന്ന് അനിലിന് മനസ്സിലായി. ഇത് തന്നെയാണ് ഋഷി. അവന്റെ ഫോൺ തൊട്ടടുത്ത് ചിതറിക്കിടക്കുന്നുണ്ട്. അനിൽ തന്റെ ഫോണിൽ നിന്ന് സ്റ്റേഷനിലേയ്ക്ക് വിളിച്ച് ബാക്കിയുള്ള നടപടികൾക്കായി ആവശ്യപ്പെട്ടു. അവർ വരാനെടുക്കുന്ന സമയത്തിൽ അനിൽ ആ ഫ്ലാറ്റിനുള്ളിലെ ഓരോ വസ്തുക്കളെയും വളരെ ശ്രദ്ധയോടെ നോക്കുകയായിരുന്നു. 

 

അജ്ഞാതൻ രക്ഷപ്പെട്ടിരിക്കുന്നു. എന്നാൽ അയാളവശേഷിപ്പിച്ച എന്തെങ്കിലും ഉണ്ടാവാതെയിരിക്കില്ല. അയാളുടെ വിരലടയാളം പതിഞ്ഞു കാണാതെയിരിക്കില്ല. ഇല്ല, ഇനി അയാൾ രക്ഷപ്പെടില്ല, ഇതുപോലെയൊരു അവസരത്തിന് വേണ്ടിയാണ് കാത്തിരുന്നത്. തെളിവുകളോടെ ഇര മുന്നിൽ വന്നു പെടുന്ന ദിനം. ഇതിനു മുൻപ് അയാൾ തട്ടിക്കൊണ്ട് പോയ ആളുകളെയും കൊലപ്പെടുത്തിയിരിക്കാൻ തന്നെയാണ് സാധ്യത കൂടുതൽ, എന്നാലിത്ര ദിവസമായിട്ടും മൃതദേഹം എവിടെയും കണ്ടെടുക്കപ്പെട്ടിട്ടില്ല. അയാളെവിടെക്കൊണ്ടു പോയാണ് ശരീരങ്ങളൊളിപ്പിക്കുന്നത്? 

എത്ര സൂക്ഷ്മമായി നോക്കിയിട്ടും ഒരു അടയാളവും അവശേഷിപ്പിക്കാതെ മറഞ്ഞ അജ്ഞാതനോട് അനിൽ മാർക്കോസിന് ആദരവും തോന്നി. 

 

ബുദ്ധിമാനായ കൊലയാളി.

 

വിരലടയാള വിദഗ്ധരും പോലീസ് ഉദ്യോഗസ്ഥരും എത്തുമ്പോഴേക്കും ഫ്‌ളാറ്റിലുള്ളവർ കാര്യമന്വേഷിച്ച് നാല് പാടും നടക്കുന്നുണ്ടായിരുന്നു. മുൻപിലേക്കെത്തിയ ഫ്ലാറ്റ് അസോസിയേഷൻ സെക്രട്ടറി അശോകനോട് മഹേഷാണ് ആദ്യം സംസാരിച്ചത്. ലാസറേട്ടനും ഒപ്പമുണ്ടായിരുന്നു. അയാളപ്പോഴേക്കും സ്വാഭാവികമായെന്നത് പോലെ തന്റെ മനസ്സിൽ ഋഷിയുടെ കൊലപാതകം ഒരു സിനിമയിലെന്നത് പോലെ കാണാൻ ആരംഭിച്ചിരുന്നു. 

 

‘‘ഇവിടെ നിങ്ങൾക്ക് സിസി ടിവി ഇല്ലേ?’’, മഹേഷ് ചോദിച്ചു.

 

‘‘ഉണ്ട്, സർ, നമുക്ക് പരിശോധിക്കാം.’’

എന്തോ വലിയ കുറ്റകൃത്യം 20 സിയിൽ നടന്നിട്ടുണ്ടെന്ന് എല്ലാവർക്കും തോന്നി. മഹേഷ്  അശോകന്റെയൊപ്പം സിസിടിവിയുടെ നിയന്ത്രണ മുറിയിലേക്കാണ് പോയത്. മഹേഷ് തന്നെ ക്യാമറയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്ന കംപ്യൂട്ടറുകളിലൂടെ സൂക്ഷിച്ചു വച്ച ഫയലുകൾ പരിശോധിച്ചു.

 

ഇടവിട്ട് ഇടവിട്ട് വന്നു പോകുന്നവർ, താഴെ ഫ്ളോറിലും ലിഫ്റ്റിലും പാർക്കിങ്ങിലും മാത്രമാണ് സിസിടിവി ക്യാമറകളുള്ളത്. അവിടെ വന്നുപോയവരെ ഓരോരുത്തരെയായി മഹേഷ് ശ്രദ്ധയോടെ നോക്കി. പെട്ടെന്നൊരാൾ, പൊക്കമുള്ള, കറുത്ത ജീൻസും ഷർട്ടിന്റെ മുകളിൽ ഓവർ കോട്ടും ധരിച്ച ഒരാൾ നടന്നു വരുന്നുണ്ട്. അയാളുടെ കഴുത്തിന് പിന്നിൽ കോട്ടിന്റെ തലപ്പാവ് ഞാത്തിയിട്ടിരിക്കുന്നു. വേണമെങ്കിൽ ഏതു നേരവും അതെടുത്ത് തലയിൽ വയ്ക്കാം എന്ന പോലെ. ഒരു വശത്തൂടെ കയറി വന്നു മുന്നോട്ടു നടക്കുന്നയാളുടെ പിൻഭാഗം മാത്രമാണ് കാണാൻ കഴിയുന്നത്. ലിഫ്റ്റിൽ കയറുമ്പോൾ അയാളുടെ മുഖം- 

 

ഛെ!

മഹേഷ് കൈ മേശപ്പുറത്തിടിച്ചു. അയാൾ മുഖത്തൊരു മാസ്ക് ഇട്ടിരുന്നു. ഉറക്കെ കരയുന്ന ഒരാളുടെ ഭാവമുള്ള ഒരു മാസ്ക്. അതെ മുഖം കൊണ്ട് അയാൾ സിസിടിവിയിലേയ്ക്ക് നോക്കി സല്യൂട്ട് ചെയ്യുന്നു. കൈ പോലും ശരിക്ക് കാണാനാകാത്ത വിധത്തിൽ ഉള്ള വസ്ത്രമാണ് അയാൾ ധരിച്ചിരിക്കുന്നത്. മഹേഷിനു ദേഷ്യവും വിഷമവും ഒന്നിച്ചുണ്ടായി.

 

എല്ലാ സാഹചര്യങ്ങളും വളരെ സ്വാഭാവികമായി എന്ന വിധത്തിൽ കൊലയാളിയ്ക്ക് അനുകൂലമായി മാറിയിരിക്കുന്നു. അവർ തിരികെ ഋഷിയുടെ ഫ്‌ളാറ്റിലേയ്ക്ക് ചെന്നപ്പോൾ വിരലടയാള വിദഗ്ധൻ അരവിന്ദൻ തന്റെ കൃത്യം ആരംഭിച്ചിരുന്നു. വെളുപ്പിച്ച ടൈറ്റാനിയം ഡയോക്സൈഡ് പൊടി ബ്രഷിലെടുത്ത് അയാൾ ഋഷിയുടെ ശരീരം കിടന്ന സ്ഥലങ്ങളിലും മേശയ്ക്ക് മുകളിലും ഡസ്റ്റ് ചെയ്തു. പതിഞ്ഞു വരുന്ന അടയാളങ്ങളെ പ്ലാസ്റ്റിക്കിൽ ലിഫ്റ്റ് ചെയ്ത് കയ്യിലുള്ള അസറ്റേറ്റിൽ പതിപ്പിച്ചു. ഒപ്പം അരവിന്ദ് ഋഷിയുടെ വിരൽപ്പാടുകളെടുത്ത് പരിശോധിച്ചു.

 

‘‘അനിൽ, നിങ്ങളിത് ശ്രദ്ധിച്ചില്ല? ഇയാളുടെ ഒരു കൈപ്പത്തി നഷ്ടമായിരിക്കുന്നു’’

‘‘എന്ത്...’’

 

അരവിന്ദന്റെ മറുപടിയ്‌ക്കൊപ്പം മഹേഷിന്റെ സി സി റൂമിലെ വിവരണം കൂടി കേട്ടപ്പോൾ അനിൽ മാർക്കോസിന് തലയ്ക്ക് പെരുപ്പ് കയറി. ആ മാസ്കിനുള്ളിൽ ആരായിരുന്നു? ആ മാസ്ക്, എമിൽ പറഞ്ഞതനുസരിച്ച് കോഴിക്കോട് എമ്മയുടെ നാടകം നടന്ന ഹാളിനുള്ളിലും അയാൾ വന്നത് ആ മാസ്ക് ധരിച്ചു കൊണ്ടായിരുന്നില്ലേ?

 

എന്തോ മൂർച്ചയുള്ള ആയുധം കൊണ്ടെന്നത് പോലെ മുറിച്ചെടുത്തിരിക്കുന്ന ഋഷിയുടെ കൈത്തണ്ടയിൽ നിന്ന് അപ്പോഴും ചോരയൊഴുക്ക് നിലച്ചിട്ടില്ല. ആ കൈ കമഴ്ന്നു കിടന്നതു കൊണ്ട് അടിയിലായിരുന്നു, അതിനാലാണ് താൻ ആദ്യം കാണാതിരുന്നതെന്ന് അനിലിന് മനസ്സിലായി.

 

‘‘അനിൽ, ഇവിടെ ഇയാളുടെയും ഒരു പെൺകുട്ടിയുടെയും വിരലടയാളമല്ലാതെ മറ്റാരുടെയും കിട്ടിയിട്ടില്ല.’’

 

‘‘പെൺകുട്ടിയുടെ?’’

 

‘‘ഇവിടെയുള്ളതിൽ ഒന്ന് മരണപ്പെട്ടയാളുടെ തന്നെയാണ്. അടുത്തത് സ്ത്രീകളുടേതു പോലെ തോന്നിക്കുന്ന ഒരാളുടെയാണ്. അതൊരു സ്ത്രീ തന്നെയാണെന്ന് തീരുമാനിക്കേണ്ടി വരും. ഒന്നുകിൽ അവളായിരിക്കണം കുറ്റവാളി, അല്ലെങ്കിൽ വന്നയാൾ ബുദ്ധിപരമായി അയാളുടെ അടയാളങ്ങളെല്ലാം ഇല്ലാതാക്കി.’’

 

ഒരു പെൺകുട്ടിയോ... അങ്ങനെ ആണെങ്കിൽ... എന്നാൽ മഹേഷിന്റെ മൊബൈലിലെ മെമ്മറിയിൽ സേവ് ചെയ്തു വച്ച സിസിടിവിയുടെ ദൃശ്യങ്ങൾ കാണുമ്പോൾ അതൊരു പെൺകുട്ടിയാണോ എന്നുറപ്പിക്കാനാവുന്നില്ല. എന്നാൽ ആവാനും സാധ്യതയുണ്ട്. 

 

അനിൽ മാർക്കോസിന് ഓരോന്നാലോചിച്ച് ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു. വിരലടയാളം ഒരു പെൺകുട്ടിയുടേത്, കണ്ടെത്തിയത് മാസ്കിനുള്ളിൽ ഉള്ള ഒരാളെ. രണ്ടും ഒരേ രീതിയിലുള്ള മുഖാവരണം തന്നെയാണോ? എമിൽ അയച്ച ആ അവ്യക്തമായ വീഡിയോ എടുത്തു നോക്കിയപ്പോൾ അനിൽ മാർക്കോസിന് ഒന്ന് മനസ്സിലായി, അതിലൊന്ന് ഒരു ചിരിക്കുന്ന രീതിയിലുള്ള മാസ്കിങ് ആണ് മറ്റൊന്ന് കരയുന്നതും. നാടകത്തിന് പോയപ്പോൾ അയാളിട്ടിരുന്ന മാസ്ക് ചിരിക്കുന്നതും കൊലപാതക സമയത്ത് കരയുന്നതും... എന്താണ് അതിന്റെ അർഥം? ഇത് എന്ത് തരം മാസ്കാണ്?

 

‘‘സാർ’’

ലാസറാണ്‌... അനിലിന് മുഖമുയർത്താൻ തോന്നിയില്ല.

‘‘സാർ ഇത് അയാളാണെങ്കിൽ ആ മുറിച്ച കൈ എമ്മയ്ക്ക് സമ്മാനമായി നൽകാൻ അയാളവിടെ ചെല്ലില്ലെ, സാർ അവളുടെ വീട്ടിൽ?’’, ലാസറേട്ടന്റെ സിനിമാ ബുദ്ധി പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. 

 

അയാൾ ചാടിയെഴുന്നേറ്റു. കാര്യങ്ങളിത്ര സുതാര്യമായ നിലയ്ക്ക് അയാളവിടെ എത്തുമെന്ന് ഉറപ്പിക്കാനാവില്ല, എങ്കിലും എമ്മയ്ക്ക് പ്രൊട്ടക്ഷൻ കൊടുത്തേ മതിയാകൂ.

 

‘‘മഹേഷ്, താനിവിടെയുണ്ടാവണം, ഒന്നൂടെ പരിശോധിക്കണം. ഞാൻ ബൈക്കിലാണ് വന്നത്. എമ്മയുടെ അടുത്തേയ്ക്ക് ഞാൻ പോവുകയാണ്. ഇവിടുത്തെ ഫോർമാലിറ്റിസ് കഴിഞ്ഞ് നേരെ സ്റ്റേഷനിലേയ്ക്ക് പൊക്കോണം. ഞാൻ അങ്ങെത്താം. ലാസറേട്ടൻ എന്റെയൊപ്പം വരട്ടെ. പിന്നെ എല്ലായിടത്തും നൈറ്റ് പട്രോളിംഗ് ശക്തമാക്കാൻ വിളിച്ച് പറഞ്ഞേക്കണം, എല്ലാ വാഹനങ്ങളും ചെക്ക് ചെയ്യണം, അത് ബൈക്ക് ആണെങ്കിൽ പോലും. വേഗം’’

 

‘‘ശരി സാർ’’, മഹേഷ് അപ്പോൾത്തന്നെ പോലീസുകാർക്ക് ചെക്കിങ്ങിനുള്ള നിർദ്ദേശം നൽകി.

 

അനിൽ മാർക്കോസ് ജീവൻ നഷ്ടപ്പെടുന്നതിന് മുൻപുള്ള അവസാന ശ്രമം പോലെ ചാടിയെഴുന്നേറ്റ് താഴേയ്‌ക്കോടി. അയാൾക്കൊപ്പം ഓടിയെത്താൻ ലാസർ ഏറെ കഷ്ടപ്പെട്ടു. അയാളവിടെ എത്തി എമ്മയെ അപായപ്പെടുത്തുമോ എന്നായിരുന്നു അനിലിന്റെ ഭയം. അയാൾ എമ്മയെ ഒരിക്കൽക്കൂടി വിളിച്ചു, അറിയാത്ത ഏതോ സ്ത്രീയുടെ ഒച്ച പോലെ അനിലിന് തോന്നി.

 

‘‘ഹലോ, എമ്മയല്ലേ’’

 

‘‘അല്ല, ഞാൻ മീരയാണ്, സാർ പറയൂ, എന്തായി ഋഷിയ്ക്ക് എന്തെങ്കിലും?’’

 

‘‘ഋഷി മരണപ്പെട്ടു മീര, അയാളുടെ ബോഡി ഫ്‌ളാറ്റിൽ നിന്ന് ലഭിച്ചു. അജ്ഞാതൻ രക്ഷപ്പെട്ടു. ഋഷിയുടെ കൈത്തണ്ട അയാൾ കൊണ്ട് പോയി, ഐ തിങ്ക് അയാൾ അവിടെയെത്തും. ഒരു സമ്മാനപ്പൊതിയുമായി. എമ്മയെ സൂക്ഷിക്കണം. ഞാനുടനെ എത്തും. ഓൺ ദ വെയാണ്’’

 

‘‘ശരി സാർ. വേഗം വരൂ’’

 

എന്ത് പറഞ്ഞ് എമ്മയെ സമാധാനിപ്പിക്കണമെന്ന് മീരയ്ക്ക് മനസ്സിലായില്ല. ഋഷി എന്നന്നേയ്ക്കുമായി ഇല്ലാതായിപ്പോയെന്ന് അവളോട് എങ്ങനെ പറയും!

 

(തുടരും...)

 

English Summary: ‘Njan Emma John’ e-Novel written by Sreeparvathy, Chapter- 16

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com