ADVERTISEMENT

‘‘എന്തായിരുന്നു ഇന്നത്തെ പ്രശ്നം...’’

‘‘അത് അമ്മാ, സിസ്റ്റർ മേഴ്സിക്ക് ഇവളോട് ഭയങ്കര ദേഷ്യമാണേ.... സിസ്റ്റർ ഇവളെ വെയിലത്ത് നിറുത്തി, ഇവളു ബോധം കെട്ടു വീണു.’’

സീന അമ്മയെ ആദ്യമായി കാണുകയാണ്. പക്ഷേ പണ്ടേ വലിയ അടുപ്പമാണെന്ന മട്ടിലാണ് സംസാരം.

‘‘ഏതാ ഈ കുട്ടി ?’’

അമ്മ അരുണയുടെ നേരെ തിരിഞ്ഞ് പുരികം ചുളിച്ചു.

‘‘സീന സുതൻ, എന്റെ ക്ലാസിലാ പഠിക്കുന്നത്. ഇവിടത്തെ വില്ലേജ് ഓഫിസറുടെ മോളാണ്. സുതൻ സാറ് അമ്മയ്ക്കു ട്യൂഷനെടുത്തിട്ടുണ്ടെന്നാ അവളു പറയുന്നത്.’’

‘‘ഇന്ന് നീ ക്ലാസിലെന്തോ ഗുലുമാല് ഒപ്പിച്ചല്ലേ.. നീയെന്ത് നുണയാകും പറഞ്ഞിട്ടുണ്ടാകുകാന്ന് പേടിച്ച് ഞാൻ സിസ്റ്ററ് എന്നെ വിളിച്ചപ്പോ ഫോൺ കട്ടാക്കി.’’

‘‘ഓ അമ്മ അപ്പോളിവളുടെ നുണകളെ സപ്പോർട്ട് ചെയ്യുകയാണോ.. ?’’

സീനയ്ക്ക് അദ്ഭുതം.

‘‘അവൾക്കു ഞാനും എനിക്കവളുമല്ലാതെ ആരാ ഉള്ളത്. സ്നേഹം കൊണ്ടല്ലേ ഒരാളെ നന്നാക്കാൻ പറ്റൂ. പേടിപ്പിച്ചോ അടിച്ചോ നന്നാക്കാനാകില്ല. പിന്നെ അവളു നല്ല കുട്ടിയാ... ഈ നുണാന്ന് പറയണത് അവളുടെ ഭാവനയാ..’’

സീന ഒന്നു വിളറി. അതു പുറമേ കാണിക്കാതെ അവളു പറഞ്ഞു.

‘‘അമ്മയ്ക്ക് എന്തു മുടിയാണ്... ! ഇവളുടെ മുടി പോലെ പിരുപിരുപ്പനല്ല.’’

അമ്മ അതു കേട്ടതായി ഭാവിച്ചില്ല.

‘‘നിങ്ങള് വല്ലതും കഴിച്ചോ.... ? ഇല്ലല്ലോ..’’

അമ്മ വേഷം മാറിവന്ന് അപ്പച്ചെമ്പു തുറന്നു.

‘‘ഇതെന്താ ഇത്രയധികം അപ്പം മാവ്... ?’’

‘‘എനിക്ക് അപ്പത്തിന്റെ ബിസിനസ് ഉണ്ടെടോ... ഇന്ന് 500 അപ്പത്തിന്റെ ഓർഡറുണ്ട്.. അതിനു തേങ്ങ ചിരകിയാ ഇവളു സ്കൂളീല് വരാൻ വൈകിയത്.’’

അമ്മ നല്ല ചൂടൻ പാലപ്പവും മുട്ടക്കറിയും നീട്ടി.

‘‘ശ്ശോ ...എന്റെ ജീവിതത്തിൽ ഞാനിത്ര രുചിയുള്ള പാലപ്പം കഴിച്ചിട്ടില്ല !’’ സീനയുടെ കൊതി മാറുന്നില്ല. 

പിന്നെയും പിന്നെയും അവള് അപ്പം വാങ്ങിക്കൊണ്ടിരുന്നു. അരുണയ്ക്ക് ഒരു കുഞ്ഞിക്കുശുമ്പ് തോന്നി.

‘‘നീയിത് ഇങ്ങനെ കഴിച്ചുകൊണ്ടിരുന്നാ ഞങ്ങടെ ബിസിനസ് പൊളിയും..’’അരുണ പാതി കാര്യമായും പാതി തമാശയായും പറഞ്ഞു.

സീന ഒന്നു ചമ്മി. 

‘‘ഈ അമ്മയെ എനിക്ക് തര്വോ.... എന്റെ അമ്മയെ ഞാൻ നിനക്ക് തരാം....’’

മണിയടിയിൽ അമ്മ വീഴുമെന്നാണ് സീനയുടെ പ്രതീക്ഷ.

അമ്മ അരുണയെ ഒന്ന് ഒളികണ്ണിട്ടു നോക്കി . 

നിന്റെ ഈ കൂട്ടുകാരി ആളുകൊള്ളാമല്ലോ...പക്ഷേ ആ പരിപ്പ് ഇവിടെ വേവില്ല എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം.

‘‘ നിങ്ങള് പോയി ഉമ്മറത്തിരിക്ക്. ഞാൻ ജോലി തീർക്കട്ടെ...’’ അമ്മ നാലഞ്ച് അപ്പച്ചട്ടി ഒന്നിച്ച് കൈകാര്യം ചെയ്യുന്ന വെപ്രാളത്തിലാണ്.

ഉമ്മറത്തിരുന്ന് കുറച്ചുനേരം സീന ആരുടെയൊക്കെയോ കുറ്റം പറഞ്ഞു. അടുത്ത കൊല്ലം ദിയ ജോസിനെ മാറ്റി അവൾക്കു ലീഡറും സ്കൂൾ ഹെഡ്ഗേളും ആകണമെന്ന മോഹം പറഞ്ഞു.

ദിയയെപ്പറ്റി നാലഞ്ചു നുണകൾ പ്രചരിപ്പിക്കാൻ സഹായിക്കണമെന്നാണ് അവളുടെ ആവശ്യം. അങ്ങനെ അവളെ ആളുകളെക്കൊണ്ട് വെറുപ്പിക്കണമത്രേ.

‘‘ ഞാൻ എന്നെപ്പറ്റി മാത്രമേ നുണ പറയാറുള്ളൂ. മറ്റുള്ളവരെപ്പറ്റി പറയാറില്ല.’’ അരുണ കൈയൊഴിഞ്ഞു.

‘‘ അതു പറഞ്ഞാൽ പറ്റില്ല. നീയെന്റെ ഫ്രണ്ടല്ലേ.... എന്റെ ഏറ്റവും വലിയ മോഹമാ ഹെഡ്ഗേളാകണമെന്നത്.’’

‘‘ എനിക്ക് നീയും ദിയയും തമ്മിൽ വലിയ വ്യത്യാസമില്ല. രണ്ടുപേരും വലിയ പഠിപ്പികള്...’’

‘‘ അവള് നിന്നെ വീട്ടിൽ കൊണ്ടുവിടുമായിരുന്നുവോ ഞാനല്ലേ വന്നത്...’’

‘‘ അതറിഞ്ഞുകൂടാ....’’

അപ്പോഴാണ് അരുണയുടെ അപ്പൂപ്പൻ വന്നത്. അച്ഛന്റെ അച്ഛൻ.

‘‘എവിടെ നിന്റെ അമ്മ?’’ അപ്പൂപ്പൻ നാലുകാലിലാണ്.

‘‘ജോലിയിലാണ്...’’ അരുണ മുഖത്തുനോക്കാതെ പറഞ്ഞു.

‘‘ഓ വലിയ ജോലിക്കാരി... ! എന്റെ മോനെ നാടുകടത്തിയിട്ട് അവളെന്തു ജോലിയാണ് ചെയ്യുന്നത്... ?’’

അപ്പൂപ്പൻ മദ്യപിക്കുന്ന ദിവസങ്ങളിലാണ് ഇവിടേക്ക് ഇങ്ങനെ വരുന്നത്. വിഷമിപ്പിക്കുന്ന എന്തെങ്കിലും പറഞ്ഞ് വീട്ടിൽ കയറാതെ മടങ്ങിപ്പോകും. അമ്മയെപ്പോലും കാണാൻ നിൽക്കാതെ... എന്തിനാണാവോ ഇങ്ങനെ വന്നുപോകുന്നത്?

അപ്പൂപ്പൻ കാഴ്ചയ്ക്കു പുറത്തായപ്പോൾ സീന ചോദിച്ചു.

‘‘അപ്പൂപ്പൻ മരിച്ചു, അതുകൊണ്ടാണ്, കഴിഞ്ഞ ആനുവൽ പരീക്ഷ എഴുതാതിരുന്നത് എന്നല്ലേ നീ പറഞ്ഞത്?’’

‘‘അതെ...’’ അരുണ കൂസലില്ലാതെ പറഞ്ഞു.

‘‘ഭയങ്കരി.... ഓടിക്കൊണ്ടുനടക്കുന്ന ഈ മനുഷ്യനെ നീ കൊന്നുകളഞ്ഞല്ലോ....’’

‘‘മടുത്തിട്ടാ....’’

‘‘എന്നാലും....’’

‘‘അപ്പൂപ്പനെക്കൊണ്ട് അങ്ങനെയെങ്കിലും ഒരു പ്രയോജനം ഉണ്ടാകട്ടെ എന്നുവച്ചു. അതുപോട്ടെ... നീയിങ്ങനെ ക്ലാസിലെ ഓരോരുത്തരുടെയും ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ ഓർത്തുവയ്ക്കുന്നതെങ്ങനെയാ... ? എനിക്ക് നമ്മുടെ ക്ലാസിലെ പലരുടെയും പേരു പോലും ഓർമയില്ല. ....’’

‘‘ഹ്ഹഹ....അതുകൊണ്ടാണല്ലോ ഞാൻ ക്ലാസിലെ ടോപ്പറും നീ ബാക്ക് ബെഞ്ചുകാരിയുമായത്.......’’

‘‘ഭയങ്കരി തന്നെ... ....’’

ഇവളുടെ പൊങ്ങച്ചം കേട്ട് മടുത്തല്ലോ... കുരിശ്...ഒന്നു പോയാൽ മതി.

‘‘സീനാ, നിന്റെ അച്ഛനെ വിളിക്കണ്ടേ.... ?’’

‘‘ഞാൻ മേരിക്കുട്ടി ടീച്ചറുടെ ഫോണീന്ന് വിളിച്ചിരുന്നു. ആറുമണിയാവുമ്പോ വരാം എന്നാ പറഞ്ഞത്....എനിക്കാണെങ്കി പോണം എന്നു തന്നെയില്ല. എന്തു രസാ നിന്റെ സ്ഥലം. നല്ല തണുപ്പാ ഇവിടെ...വീട്ടിലൊരു കുളം ഉണ്ടാക്കിയിട്ടുവേണം നിന്റെ ഈ കുളത്തിലെ താമര കൊണ്ടുപോകാൻ...’’

‘‘ കട്ടുകൊണ്ടുപോകരുത്....അത് നേരുള്ള മണ്ണിലേ വളരൂ എന്നാ അമ്മ പറയാറ്... അമ്മ പറിച്ചു തന്നാലേ അത് നിന്റെ വീട്ടിൽ അതുണ്ടാകൂ...അല്ലെങ്കിൽ കരിഞ്ഞുപോകും.’’

സീന ചിരിച്ചു. എന്തു ഭംഗിയാണ് അവളുടെ ചിരി കാണാൻ. പല്ലുകളൊക്കെ നിരയൊത്ത്.... അതിനും വേണ്ടി തന്റെ പല്ല്.... അരുണ കണ്ണാടി നോക്കി

നെറച്ചും കട്ടപ്പല്ലുകൾ...പല്ലിളകാൻ തുടങ്ങുമ്പോ അമ്മയോടു പറയാതെ രഹസ്യമാക്കി വച്ചതുകൊണ്ടാണ് ഓരോ പല്ലിന്റെ ഇടയിലും ഇത്ര മുടമ്പല്ലുകളുണ്ടായത് എന്നാണ് അമ്മ പറയുന്നത്. എന്നുവച്ചാൽ പല്ലുകളും നുണകളുടെ സാമ്രാജ്യമാണെന്ന്. പക്ഷേ നുണക്കുഴി വിരിയിച്ചുള്ള അരുണയുടെ ചിരി കാണാൻ നല്ല രസമാണെന്ന് പലരും പറയുന്നതു കേട്ടിട്ടുണ്ട്. അതെന്താണാവോ. !?

അഞ്ചുമണിയായപ്പോൾ ഡേവീസ് ചേട്ടൻ അപ്പം വാങ്ങാനെത്തി. അമ്മ എല്ലാം തയാറാക്കി തിണ്ണയിൽ വച്ചിരുന്നു, മട്ടൻ സ്റ്റ്യൂവും വെജിറ്റബിൾ കുറുമയും എല്ലാം വൃത്തിയായി ഒരുക്കി വച്ചിരുന്നു.

ഡേവീസേട്ടന് സന്തോഷമായി.

‘‘ഇതാ ഷീലയോട് ഒരു കാര്യം പറഞ്ഞാലുള്ള ഗുണം...കിറുകൃത്യം.’’ പൈസ നീട്ടിക്കൊണ്ട് ഡേവീസേട്ടൻ പറഞ്ഞു.

‘‘ഇനിയും ആവശ്യം വരുമ്പോൾ എനിക്ക് തന്നെ ഓർഡർ തരണേ..’’ അമ്മ കച്ചവടം ഉറപ്പിക്കുകയാണ്.

‘‘അത് പിന്നെ അങ്ങനെയല്ലേയുള്ളൂ. ഏതാ ഈ പുതിയ കുട്ടി?’’

‘‘അരുണയുടെ ക്ലാസ്മേറ്റാ...’’

ഡേവീസേട്ടൻ സീനയോടായി ചോദിച്ചു

‘‘ഞങ്ങടെ അരുണമോള് തന്നെയല്ലേ ഇപ്പോഴും സ്കൂൾ ഫസ്റ്റ്... ? ഞങ്ങള് വല്യേ പ്രതീക്ഷയോടെയാണ് അവളെ ടൗണിലെ കോൺവെന്റിലേക്ക് വിടുന്നത്...അല്ലേ മോളെ... ?’’

‘‘അതെയതെ.... ഡേവീസേട്ടാ... ഞാനൊന്ന് പുറത്തേക്ക് പോകാനിരിക്കയാ... ഡേവീസേട്ടൻ വന്നിട്ടുവേണം എന്നു കരുതിയിരിക്കയായിരുന്നു.’’ 

സംഗതി വഷളാകുമോ, സീന എന്തെങ്കിലും കുത്തിത്തിരിപ്പുണ്ടാക്കുമോ എന്നു പേടിച്ചാണ് അമ്മ ഡേവീസേട്ടനെ ഒഴിവാക്കാൻ നോക്കുന്നത്.

സീന അങ്ങനെ സ്തംഭിച്ചുനിൽക്കുകയാണ്. 

ഡേവീസേട്ടന് പെട്ടെന്നൊരു മറുപടി കൊടുക്കാനാകാത്തതിന്റെ നിരാശയോടെ അവളൊന്നു സ്വയം കുടഞ്ഞു.

‘‘നീ ഫസ്റ്റോ.... ?കഷ്ടം... !.’’

സംഗതി കൈവിട്ടുപോകുകയാണെന്ന് അമ്മയ്ക്കു മനസ്സിലായി.

‘‘എന്റെ സീനേ ഈ ഫസ്റ്റിലൊന്നും ഒരർത്ഥവുമില്ല. ഞാൻ ക്ലാസിൽ ഫസ്റ്റായിരുന്നു. എന്തുകാര്യം?.തീരെ പഠിക്കാത്ത പലരും വലിയ ആളുകളായി. ഞാനോ... ? ! ഓരോരുത്തരുടെയും വിധി മറ്റെവിടെയോ വച്ചാണ് തീരുമാനിക്കപ്പെടുന്നത്.’’

‘‘എന്നാലും അമ്മേ, ഇവള് ക്ലാസിലും സ്കൂളിലും കൂട്ടുകാരോടും അമ്മയോടും മാത്രമല്ല നുണ പറയുന്നത്... ഈ നാടു മുഴുവൻ നുണ പറഞ്ഞുപരത്തുകയാണ്.’’

സീന അസൂയയും അരിശവും കൊണ്ടു നിന്നുവിറച്ചു.

സീനയുടെ ധർമ്മസങ്കടം കണ്ട് അരുണയ്ക്ക് ചിരിവന്നു. ഷർട്ടിന്റെ കോളറൊന്നു നിവർത്തി അരുണ പറഞ്ഞു

‘‘യെസ് ഞാനൊരു നുണസാമ്രാജ്യത്തിലെ ചക്രവർത്തിനിയാണ്. നിനക്ക് അതുകൊണ്ടെന്താ കുഴപ്പം....എന്തെങ്കിലും നഷ്ടമുണ്ടോ... ?’’

‘‘എന്നാലും നാട്ടുകാരോട് സ്കൂൾഫസ്റ്റാണെന്നൊക്കെ പറയണത് ലേശം ഉളുപ്പെങ്കിലും ഇല്ലാത്തതുകൊണ്ടാ...’’

സംഗതി പന്തിയല്ലെന്ന് അറിയാവുന്നതുകൊണ്ട് അമ്മ വീണ്ടും ഇടപെട്ടു.

‘‘സീന, വേഗം വാ...ഞാൻ സ്കൂട്ടറിൽ വീട്ടിൽ കൊണ്ടുവിടാം. അച്ഛൻ വരാൻ കാത്തുനിൽക്കേണ്ട. ഞങ്ങൾക്ക് വൈകുന്നേരം അമ്പലത്തിൽ പോണം. ചുറ്റുവിളക്കുണ്ട്. സീനയെ വിട്ടാലേ പോകാനാകൂ....വാ...’’

അമ്മ സ്കൂട്ടർ സ്റ്റാർട്ടാക്കി.

പിന്നെ അമ്മ, അപ്പവും മട്ടൻ സ്റ്റ്യൂവും എള്ളുണ്ടയും അച്ചപ്പവും കുഴലപ്പവും പൊതിഞ്ഞെടുത്ത് ഒരു കവറിലാക്കി സീനയെ ഏല്പിച്ചിട്ടു പറഞ്ഞു.

‘‘കഴിക്കാൻ ആഗ്രഹം തേോന്നുമ്പോ ഇങ്ങോട്ട് വന്നാൽ മതി കേട്ടോ... ഞാനുണ്ടാക്കിത്തരാം.’’

അമ്മയുടെ സ്കൂട്ടറിനു പുറകിലിരുന്ന് പോകുമ്പോൾ സീന അരുണയെ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു- കത്തുന്ന കണ്ണുകളോടെ.... എന്തൊരു അരിശമാണിത്...

(തുടരും)

 

English Summary: ‘Nunayathi’ Novel written by K Rekha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com