ADVERTISEMENT

ആ വിഗ്രഹം എനിക്ക് വേണം.. അത് ഇവിടെ എത്തിച്ചിരുന്നെങ്കില്‍ പണ്ടേ ഞാന്‍ ആ നിധി നിങ്ങള്‍ക്ക് എടുത്തു തന്നേനെ. അത് എങ്ങോട്ടുപോയെന്നു കണ്ടുപിടിച്ച് അതു തിരികെയെത്തിക്കണം. ചക്രപാണി പിന്നാക്കം കൈ ഊന്നിയിരുന്നു പറഞ്ഞു. കുറുപ്പ് നിരാശയോടെ കൈകൾ കൂട്ടിത്തിരുമി. ചക്രപാണീ... ആരെയും അയയ്ക്കാതെ ഞാന്‍ തന്നെയാണ് അകത്ത് കയറി എടുത്തത്. പക്ഷേ അത് ഇവിടെ എത്തിക്കുന്നതിനിടെയാണ്, മേളക്കാർ കടവിൽ വന്നടുത്തത്. പിന്നെയെടുക്കാമെന്നുകരുതി ഞങ്ങള്‍ അത് പാലത്തിനടിയില്‍ ഒളിപ്പിച്ചു. പക്ഷേ പിറ്റേന്ന് ചെന്ന് നോക്കിയപ്പോള്‍ അതവിടുന്നു പോയിരുന്നു. 

 

ങ്ങും ആരോ കളിക്കുന്നുണ്ട്, ഞാനൊന്നു നോക്കട്ടെ, ചക്രപാണി താംബൂലം എടുത്തു ഉള്ളംകൈയ്യിൽ വച്ചു. ഒളിഞ്ഞിരുന്ന നിഴലില്‍നിന്ന് ശങ്കരൻ പുറത്തേക്കിറങ്ങി. ചക്രപാണിയെപ്പറ്റി അപ്പാപ്പന്‍ പറഞ്ഞിട്ടുണ്ട്. കൊടികെട്ടിയ മന്ത്രവാദി. കുറുപ്പിന്റെ മാന്ത്രികഗുരു. പക്ഷേ അയാളുടെ മന്ത്രവാദവും അപ്പാപ്പനെപ്പോലെ തന്നെയാണ്. മരുന്നുകളും തന്ത്രങ്ങളും. അടുത്തതെന്താണെന്ന് അവൻ ആലോചിച്ചു വച്ചിട്ടുണ്ട്, പക്ഷേ ഇപ്പോൾ തന്റെ മുന്നിൽ വേറൊരു പ്രശ്നവും ഉടലെടുത്തിരിക്കുന്നു. പ്രതികാരത്തിനൊപ്പം അതും പരിഹരിക്കേണ്ടത് അവന്റെ ലക്ഷ്യമായി മാറിയിരിക്കുന്നു. 

 

ഓരോന്നു ആലോചിച്ചു നടന്നു  അവന്‍ കളപ്പുരയ്ക്കു സമീപമുള്ള ചെറിയ മുറിയിലെത്തി. ഊരിയിട്ട കുപ്പായത്തിൽനിന്നു ഭസ്മപ്പൊതി താഴെ വീണു. അവൻ അതെടുത്തു വാസനിച്ചു നോക്കി. ഏതോ മരുന്നിന്റെ ഗന്ധം. ഭസ്മഗന്ധമല്ല. അവൻ തന്റെ  കാലില്‍ ആ ഭസ്മം തേച്ച് നടന്നുനോക്കി. ഒന്നും സംഭവിച്ചില്ല. അവന്‍ നിരാശനായി ഇരുന്നു. അ ഒരു വഴി കാണിക്കണം.. പിതൃക്കളേ. ജനലിലൂടെ മഴയുടെ തണുപ്പുള്ള ഒരു കാറ്റെത്തി അവന്റെ മുടിയിഴകളെ പാറിച്ചു. 

 

ചരൽക്കല്ലുപോലെ ഓടിനു മുകളിൽ മഴത്തുള്ളികൾ വീണു. തനിക്കും ചുറ്റും ചോർന്നൊലിക്കുന്ന ജലത്തെ കൂസാതെ അവൻ കയ്യിൽ ആ പൊതിയുമായ ധ്യാനനിമഗ്നമായി ഇരുന്നു. ഒരു നിമിഷം. അവൻ തന്റെ കയ്യിലെ ഭസ്മപൊതിയിലേക്കു നോക്കി. നീലയും ചുവപ്പും നിറത്തിൽ പൊട്ടലോടെ ആളിക്കത്തുന്നു. പെട്ടെന്ന് അവന് ആ വസ്തു ഓര്‍മ്മ വന്നു. വെള്ളം.. അതേ വെള്ളം... എന്തൊരു പറ്റിക്കല്‍.. അവന്‍ ചാടിയെണീറ്റു. 

 

പുഴക്കരയില്‍ ഇരുട്ടിന്റെ മറപറ്റി ആ വഞ്ചിയടുത്തു. തലയില്‍ കെട്ടൊക്കെ കെട്ടി മുഖം മറച്ചു അയമ്മദ് ചാടിയിറങ്ങി. വശത്തെ മാങ്കൊമ്പിൽ കയർ കെട്ടി. പിന്നാലെ നാറാണനും. നാറാണന്റെ ചുമലിലെ ചാക്കുസഞ്ചിയിൽ എന്തോ ഭാരമുള്ള വസ്തു മുഴച്ചു നിന്നിരുന്നു, ആ വരവു കാത്തുനിന്ന കുമാരൻ അവരുടെ അടുത്തേക്കു നടന്നു. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം ഞാന്‍ പറയാന്‍ പോകുന്ന കാര്യം നടക്കുന്നതുവരെ നിങ്ങള്‍ പിടിക്കപ്പെടരുത്. തല്‍ക്കാലം നിങ്ങള്‍ക്ക് താമസിക്കാന്‍ ഈനാശുവേട്ടന്റെ ഒഴിഞ്ഞവീട് ഏര്‍പ്പാടാക്കീട്ടുണ്ട്. ചേട്ടന്‍ അവിടെ ഭക്ഷണം എത്തിക്കും. വാറ്റാനാണ് അങ്ങേര് അവിടെ വരുന്നതെന്നോര്‍ത്ത് ആരും സംശയിക്കുകയുമില്ല.

 

...........

 

രണ്ടാം നാൾ, നേരം വെളുത്തത് ഗ്രാമത്തെ ഞെട്ടിച്ചു കൊണ്ടാണ് ദേവിയുടെ കല്‍വിഗ്രഹവും കാണാതായിരിക്കുന്നു. ഗ്രാമക്കാരാകെ പരിഭ്രാന്തരായി. പോലീസെത്തി. കുറുപ്പ് കാര്യക്കാരനെപ്പോലെ അവിടെ വന്നു നിന്നെങ്കിലും ഒരു എതിർപ്പ് അന്തരീക്ഷത്തിലുണ്ടായിരുന്നു. അതയാൾക്ക് മനസിലാവുകയും ചെയ്തു.  ഒരു സംശയം അയാളുടെ നേര്‍ക്കും വളര്‍ന്നിരുന്നു. നാട്ടുകാരുടെ സംഘം പോലീസിനോട് നേരിട്ട് കാര്യങ്ങള്‍ തിരക്കി. തങ്ങളുടെ സംശയങ്ങള്‍ പറയുകയും ചെയ്തു. അവരുടെ ആവശ്യം അറിയിക്കുകയും ചെയ്തു. വീണ്ടും ഒരു മോഷണം നടന്നതിനാല്‍ സ്ഥലം എസ്ഐയെക്കൂടാതെ സിഐ കൂടി എത്തിയിരുന്നു. 

 

കുറുപ്പേ നിങ്ങളുടെ വീട് പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  ഇത്രയും പേര്‍ ഈ ആവശ്യം പറയുമ്പോള്‍, നിങ്ങള്‍കൂടി സഹകരിക്കണം. ഒരു പരിശോധന, നാട്ടുകാരുടെ സംശയവും മാറും സിഐ പറഞ്ഞു. പൊലീസ് സംഘം ഇടവഴിയിലൂടെ കുറുപ്പിന്റെ വീട്ടിലേക്ക് നടന്നു. കൂടെ നാട്ടുകാരുടെ ഒരു സംഘവും.  പല്ലുഞെരിച്ച് തലകുനിച്ച് കുറുപ്പും പരിവാരങ്ങളും മുന്നിലുണ്ടായിരുന്നു. ഇടയ്ക്ക് അയാള്‍ എരിയുന്ന കണ്ണുകളോടെ നാട്ടുകാരെ നോക്കി.

 

വീടെത്തുന്നതിനുമുമ്പ് കാര്യസ്ഥന്‍ ഗോവിന്ദന്‍ ഓടിവന്നു. കുറുപ്പിനടുത്തേക്കെത്തി അയാൾ ചെവിയിൽ സ്വകാര്യം പറഞ്ഞു. കുറുപ്പ് ഞെട്ടിപ്പോയി. പോലീസ് സംഘം നടത്തം ഓട്ടമാക്കി. നാലുകെട്ടിന്റെ വശത്തുകൂടി അവർ മച്ചിലേക്കു കയറി. ഒരു ക്ഷേത്രം പോലെയാക്കി മാറ്റിയിരിക്കുന്നു അവിടം. നിരവധി വിളക്കുകൾ കത്തിച്ചുവച്ചിരിക്കുന്നു. രാക്കമ്മയും പരിവാരങ്ങളും അന്തംവിട്ടു അതു നോക്കി നില്‍ക്കുന്നു.  പ്രതിമ പുഷ്പങ്ങളാലലങ്കരിച്ചു വച്ചിരിക്കുന്നു. അയമ്മദും നാറാണനും പറഞ്ഞപണി കൃത്യമായി ചെയ്തിരിക്കുന്നു.  കുറുപ്പ് അന്തംവിട്ടു നില്‍ക്കുമ്പോള്‍ അയാളുടെ കൈയ്യില്‍ വിലങ്ങ് വീണു. ജീപ്പ് അകന്നു പോകുന്നത് നോക്കി എളിയിൽ കൈകുത്തി ശങ്കരൻ നിന്നു. അവന്റെ കണ്ണുകൾ മുകൾ നിലയിലേക്കു പാറി. ജനലഴികളിൽ അവൻ ആരെയോ പ്രതീക്ഷിച്ചെങ്കിലും അവിടം ശൂന്യമായിരുന്നു!

 

English Summary: Neelakkoduveli e-novel written by Jalapalan Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com