ADVERTISEMENT

സ്കൂളിൽ അരുണയെ കാണുമ്പോഴൊക്കെ, ‘‘സ്കൂൾ ഫസ്റ്റുകാരി പഠിപ്പീരുറാണി’’ എന്നൊക്കെ പറയുന്നത് സീന പതിവാക്കിയിരുന്നു. 

ക്രാഫ്റ്റ് ക്ലാസിൽ ആർക്കും എവിടെയും ഇരിക്കാം. അപ്പോഴാണ് സീന അരുണയുടെ പിറകിൽ വന്നിരുന്ന് സഹിക്കാനാകാത്ത ചില കാര്യങ്ങൾ ചെയ്യുക. യൂണിഫോമിന്റെ മീതെ ‘‘ക്ലാസ് ഫസ്റ്റ്’’ എന്നോ ‘‘ നുണകുമാരി’’എന്നോ എഴുതി വയ്ക്കും. അരുണ ആരോടും പരാതിപ്പെട്ടില്ല. ഒരു കാര്യവുമില്ല. സ്കൂളുകളിൽ പഠിക്കുന്ന പിള്ളേർക്കൊപ്പമേ അധ്യാപകർ നിൽക്കൂ. പഠിക്കാത്തവന് ദൈവം തുണ.

ഒരു ദിവസം മിനി ടീച്ചറിന്റെ ഹിന്ദി ക്ലാസ് നടക്കുന്നതിനിടെ ഒരു കടലാസ്സ് പലരും കൈമാറി കൈമാറി അരുണയുടെ കൈയിലെത്തി.

‘‘ നുണസാമ്രാജ്യത്തിലെ ചക്രവർത്തിനിക്ക്’’എന്ന് എഴുതിയ ശേഷം സീനയും അവളുടെ കൂട്ടുകാരികളും അതിനു ചുവടെ പേരെഴുതി ഒപ്പിട്ടിരുന്നു. അരുണ എഴുന്നേറ്റ് ആ കടലാസ്സ് ചുരുട്ടി അവർക്കു നേരെ ഒരേറ് വച്ചുകൊടുത്തു. ടീച്ചറത് കണ്ടു.

പിന്നെ അന്നും ഹെഡ്മിസ്ട്രസ്സ്, അടി, മൈതാനം, സൂര്യൻ, തീവെയിൽ, നില്പ്, മാതാവ്... എന്ന ക്രമത്തിൽ തന്നെ കാര്യങ്ങൾ നടന്നു. 

തലചുറ്റി വീണപ്പോൾ ആരും വന്ന് എടുക്കാനൊന്നും മെനക്കെട്ടില്ല. പള്ളിവരാന്തയിലെ ബെഞ്ചിൽ പോയി കിടന്നോളാൻ പറഞ്ഞു. 

ഇടയ്ക്കെപ്പോഴോ സീനയും കൂട്ടുകാരും പള്ളിവരാന്തയിൽ വന്ന് കളിയാക്കി ചിരിച്ചുപോകുന്നതുപോലെ തോന്നിയിരുന്നു. സ്വപ്നമാണെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ കൂട്ടത്തിലെ ശ്രീപ്രിയ തുമ്മിയപ്പോൾ മേലുവന്ന് തെറിച്ചത് ഓർമയുണ്ട്. അപ്പോൾ സ്വപ്നമല്ല. സത്യം തന്നെ.

നാലുമണിയായപ്പോൾ ബാഗുമെടുത്ത് വീട്ടിലേക്ക് പോന്നു. 

ലോന ഡോക്ടറുടെ വീട്ടിലെ മുല്ല പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു-

‘‘താങ്ക്സ് ണ്ട് ട്ടാ....ആ അറവുകാരിയെ കൂട്ടി നേരത്തെ വീട്ടിൽ പോകാതിരുന്നതിന്..... അവളു നേരത്തെയെങ്ങാൻ വന്നിരുന്നെങ്കില് എന്റെ അവശേഷിക്കുന്ന കമ്പുകൾ കൂടി വെട്ടിക്കൂട്ടി കൊണ്ടുപോയേനെ.’’

എല്ലാം കേട്ട ശേഷം അമ്മ ചോദിച്ചു- ‘‘ വെഷമം തോന്ന്ണ് ണ്ടോ...’’

‘‘ ഹേയ്.... ഇല്ല... വെഷമിച്ച് വെഷമിച്ച് ഇപ്പോ എന്തു കേട്ടാലും ഒരു വെഷമോംല്യാ.... ആ സ്കൂളില് ഇനി രണ്ടരക്കൊല്ലം കൂടി കഴിയണമല്ലോന്ന് ഓർക്കുമ്പോളാ..... ഒരു ബോറടി....’’

‘‘നമുക്ക് സ്കൂളൊന്ന് മാറിയാലോ... ?’’

‘‘വേണ്ട ഞാൻ തന്നെ തിരഞ്ഞെടുത്തതല്ലേ... ഞാൻ വാശി പിടിച്ചിട്ടല്ലേ അമ്മ എന്നെ അവിടെ കൊണ്ടുപോയി ചേർത്തത്? അതിനു ഞാനനുഭവിക്കണം. ഇനി യൂണിഫോമൊക്കെ മാറണമെങ്കിൽ കാശു കുറെ മുടക്കണ്ടേ....? അതുവേണ്ട...’’

‘‘മാറ്റമില്ലാത്തത് മാറ്റം എന്ന വാക്കിനു മാത്രമാണെന്നല്ലേ ഓരോ മഹാൻമാര് പറഞ്ഞിട്ടുള്ളത്. കാര്യങ്ങളൊക്കെ മാറിമറിയും. അതുവരെ കാത്തിരിക്കാം.’’

മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം... അങ്ങനെ പിറുപിറുത്തുകൊണ്ട് ആ ക്ഷീണരാത്രി അരുണ ഉറങ്ങിപ്പോയി.

ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പോൾ ദിയ ജോസ്, വലിയ ദേഷ്യത്തിൽ അരുണയുടെ അടുത്തുവന്നു ചോദിച്ചു.

‘‘ഞാൻ കോപ്പിയടിച്ചാണ് ഒന്നാം സ്ഥാനത്തെത്തുന്നതെന്നും സിസ്റ്റേഴ്സ് ഞാൻ തെറ്റെഴുതിയാലും മാർക്ക് ഇട്ടുതരുമെന്നും നീ ആരോടെങ്കിലും പറഞ്ഞോ?’’

‘‘ ഇല്ല...’’

‘‘സീന പറഞ്ഞല്ലോ.... എന്റെ സ്വഭാവം മോശമാണെന്നും എന്റെ അച്ഛൻ കള്ളനാണെന്നും ഒക്കെ നീ പറഞ്ഞെന്ന്..’’

‘‘ഞാൻ സ്വപ്നത്തിൽ പോലും അറിഞ്ഞതല്ല. ഞാനങ്ങനെ പറയുകയുമില്ല. ഞാനൊരു കാര്യം പറഞ്ഞാൽ നീ ആരോടെങ്കിലും പറയോ.... ? ഇല്ലെന്ന് എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്....’’

ദിയ മനസ്സില്ലാമനസ്സോടെ തലയിൽ തൊട്ടു.സത്യം ചെയ്തു.

‘‘സീനയ്ക്ക് ഹെഡ് ഗേൾ ആകാൻ വേണ്ടി നിന്നെപ്പറ്റി കുറെ നുണ പറയണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാനത് സമ്മതിച്ചില്ല.’’ 

‘‘ഞാൻ പേടിച്ചു. നീ എന്നെപ്പറ്റിയും നുണ പറഞ്ഞുതുടങ്ങിയോന്ന്....’’

സീനയും ശ്രീപ്രിയയും അങ്ങോട്ട് നടന്നുവന്നു.

‘‘എന്താ രണ്ടുപേരും കൂടി ഒരു തലയിൽ തൊട്ട് കളിയും ഗൂഢാലോചനയുമൊക്കെ...’’

‘‘അതോ.... ഞാനവളോട് തലയിൽ തൊട്ട് സത്യം ചെയ്യുകയായിരുന്നു. ഇനി അവൾ നുണ പറഞ്ഞാൽ ഈ തല പൊട്ടിത്തെറിച്ചുപോകുമെന്ന്...’’

ദിയ, ബുദ്ധിയുള്ള ഒരു നുണ പറഞ്ഞു. അരുണ ചിരിച്ചു.

 ‘‘എങ്കിൽ ദിയേ... അവളുടെ തല അരിപ്പൊടിയേക്കാൾ പൊടിഞ്ഞുപോയേനെ.. അത്ര നുണകൾ അവള് പതിനാലു വയസ്സിനുള്ളിൽ പറഞ്ഞിട്ടുണ്ട്...’’ സീന പരിഹസിച്ചു.

‘‘നീ വലിയ മിടുക്കി...’’

അരുണ പിറുപിറുത്തു.

‘‘അതേടീ ഞാൻ മിടുക്കിയാ... നിന്നെപ്പോലെ ഒരക്ഷരം പഠിക്കാതെ, നാട്ടുകാരോടു മുഴുവൻ സ്കൂൾ ഫസ്റ്റാന്നും പറഞ്ഞ് നടക്കുന്നില്ലല്ലോ...’’

അരുണയുടെ മുഖം ഇരുണ്ടു.

കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ അവൾ വീട്ടിലെ മുഴുവൻ കാര്യവും വിളിച്ചുപറയും. അമ്മ പോസ്റ്റ് ഓഫിസിൽ ഉദ്യോഗസ്ഥയാണെന്നു പറഞ്ഞതുൾപ്പെടെ പലതും നുണയാണെന്ന കാര്യം എല്ലാവരും അറിയും. മിണ്ടാതിരിക്കുന്നതാണ് ബുദ്ധി.

‘‘സീന ഇപ്പോ പോ.... ഇവളെ നമുക്ക് സ്കൂളിലെ പെരുമ്പാമ്പിന് തിന്നാൻ ഇട്ടുകൊടുക്കാം..’’ 

വഴക്കൊഴിവാക്കണമെന്ന ആഗ്രഹം കൊണ്ട് ദിയ ഇടപെട്ടു.

‘‘എങ്കി ആ പെരുമ്പാമ്പിന്റെ വയർ ഇവളുടെ നുണ കാരണം പൊട്ടിപ്പോകും...’’ എന്നും പറഞ്ഞ് സീന ക്ലാസിൽ കയറി.

‘‘നീ അവളെ മൈൻഡ് ചെയ്യണ്ട... ഒരു ടൈപ്പാ...’’ ദിയ അരുണയുടെ തോളിൽ തൊട്ടു. 

‘‘ഇല്ല, ഞാൻ മൈൻഡ് ആക്കാറില്ല. ഇങ്ങോട്ടുവന്ന് ചൊറിയുന്നതാ....’’

‘‘അതവൾടെ ഒരു സ്റ്റൈല്.....’’

‘‘ശപിക്കാനുള്ള വരം കിട്ടിയിരുന്നെങ്കിൽ ഞാനവളെ ഭസ്മമാക്കിയേനേ....’’

‘‘നീ വിട്ടേക്ക്.... ദൈവം ദുഷ്ടനെ പന പോലെ വളർത്തും എന്നല്ലേ.... ?’’

‘‘ദൈവം ദുഷ്ടയെ ഹെഡ്ഗേളാക്കുമെന്ന് അല്ലല്ലോ...’’

‘‘ഹഹഹ... നമുക്ക് ഭാഗ്യമില്ലെങ്കിൽ. .! !’’ ദിയ ചിരിച്ചു.

‘‘നിനക്കറിയാമോ ആ നിത്യയ്ക്ക് ഒരു കുഞ്ഞനിയത്തിയുണ്ടായി, ഒരു നാലുമാസം മുൻപേ... അവൾക്കതു വലിയ നാണക്കേടായിപ്പോയി.. നിത്യ ആരോടും പറയാതെ രഹസ്യമാക്കി വച്ചു. സീന എങ്ങനെയോ അതറിഞ്ഞു. പിന്നെ എല്ലാ ദിവസവും നിത്യയെ അതു പറഞ്ഞു വിരട്ടലായി. കാന്റീനിൽ കൊണ്ടുപോയി നിത്യയുടെ ചെലവിൽ സ്നാക്ക്സ് വാങ്ങിക്കഴിക്കുക, ചോക്ളേറ്റ് വാങ്ങിപ്പിക്കുക ഒക്കെ പതിവായി... മടുത്ത് മടുത്ത് നിത്യ എന്നോടു പറയുകയും ഞാനത് സീനയോട് ചോദിക്കുകയും ചെയ്തു. പിന്നെ നിത്യയെ ഉപദ്രവിച്ചില്ല.’’

ദിയ പറയുന്നതുകേട്ടപ്പോൾ അരുണയുടെ ഉള്ളിലെ അപായമണികൾ വലിയ ഉച്ചത്തിൽ അടിക്കാൻ തുടങ്ങി.

 

(തുടരും)

 

English Summary: ‘Nunayathi’ Novel written by K Rekha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com