ADVERTISEMENT

‘‘ഉപ്പുതിന്നുന്നവൻ വെള്ളം കുടിക്കും’’ എന്ന പഴഞ്ചൊല്ല് മലയാളം ടീച്ചർ ആശയം വിശദമാക്കാൻ തന്നു. എല്ലാവരോടും ഭംഗിയായി എഴുതാൻ പറഞ്ഞു. അരുണ, മുൻബെഞ്ചിലിരിക്കുന്ന സീനയെ നോക്കി, ഇവളെന്നാണു ദൈവമേ ഇത്തിരി വെള്ളം കുടിക്കുന്നതെന്ന് ആലോചിച്ചു കൊണ്ടാണ് ആശയവിപുലനം നടത്തിയത്.

‘‘അരുണ സ്വപ്നലോകത്താണെന്നു തോന്നുന്നു. ഭൂമിയിലേക്ക് ഇറങ്ങിവന്ന് അതെഴുതിത്തീർത്താലും’’ എന്ന് മലയാളം ടീച്ചർ പറഞ്ഞപ്പോൾ ക്ലാസു മുഴുവൻ കൂട്ടച്ചിരിയായി. അപ്പോൾ ടീച്ചർ തന്നെ രക്ഷയ്ക്കുവന്നു.

‘‘അരുണയില്ലെങ്കിൽ ക്ലാസിനു തന്നെ ഒരു രസമില്ല. ഈ ക്ലാസിന്റെ ഒരു കളറാണ് അരുണ’’ എന്നു ടീച്ചർ പറഞ്ഞപ്പോൾ ദിയ ജോസ് കൈയടിച്ചു. പിന്നെ ക്ലാസിലെ എല്ലാവരും കൈയടിച്ചു. ഉപ്പു തിന്നവൻ വെള്ളം കുടിച്ചത് പിന്നെയും ഒരാഴ്ച കഴിഞ്ഞാണ്. 

അടുത്ത ബുധനാഴ്ച ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ സീനയെ കൂട്ടാൻ അവളുടെ അമ്മാവനെത്തി.

അവളുടെ അമ്മൂമ്മയ്ക്ക് അസുഖമാവുമെന്നാണ് എല്ലാവരും കരുതിയത്. അതല്ലെങ്കിൽ വീട്ടിലെ ആർക്കെങ്കിലും അസുഖമായിക്കാണും അതാണ് പെട്ടെന്ന് വന്നുവിളിക്കുന്നതെന്നും കരുതി.

പക്ഷേ അതായിരുന്നില്ല കാര്യം. സീനയുടെ അച്ഛനെ കൈക്കൂലിക്കേസിൽ പിടികൂടി. എല്ലാ ടെലിവിഷൻ ചാനലുകളിലും പി.സി.സുതൻ എന്ന വില്ലേജ് ഓഫിസറുടെ അഴിമതിയും അദ്ദേഹം കൈക്കൂലി വാങ്ങുന്നത് രഹസ്യക്യാമറയിൽ ഷൂട്ട് ചെയ്തതും കാണിച്ചുകൊണ്ടിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ സീന സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴുമൊക്കെ ആളുകൾ വില്ലേജ് ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നത് കാണാമായിരുന്നു. ആളുകൾക്ക് അത്ര വെറുപ്പായിരുന്നു സുതൻ സാറിനോട്.

‘‘പി.സി.സുതനെ പുറത്താക്കുക, സുതൻ ഞങ്ങളിൽനിന്നു വാങ്ങിയ കൈക്കൂലി തിരിച്ചുതരിക’’ എന്നിങ്ങനെ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു.

രണ്ടാമത്തെ ആവശ്യം ഇതുവരെ കേട്ടുപരിചയമുള്ളതല്ലല്ലോ. കൊടുത്ത കൈക്കൂലി തിരിച്ചുകിട്ടുമോ –ഇന്നേവരെ കേട്ടിട്ടില്ലല്ലോ...

സീനയുടെ അച്ഛന്റെ കാര്യത്തിൽ, സസ്പെൻഷൻ മാത്രം പോരാ, പിരിച്ചുവിടണമെന്ന ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി സമരക്കാർക്ക് ഉറപ്പുനൽകി. സമരം തത്ക്കാലത്തേക്ക് നിറുത്തിവച്ചു. 

ടിവിയിൽ സുതൻ സാറിനെക്കുറിച്ചുള്ള വാർത്ത വരുമ്പോൾ അമ്മ സങ്കടത്തോടെ പറയും- ‘‘ഞങ്ങൾക്കു ട്യൂഷനെടുക്കുന്ന കാലത്ത് സാറിനെപ്പോലെ നല്ലൊരു മനുഷ്യൻ വേറെ ഇല്ലായിരുന്നു. സാറിന് ഇതെന്തു പറ്റി... ? ഇങ്ങനെ പണത്തോടൊന്നും മോഹമില്ലാത്ത ഒരാളായിരുന്നു. കഷ്ടമായിപ്പോയി...’’

 

അമ്മ പറഞ്ഞുകേട്ട് കേട്ട് സുതൻ സാറിനെ ഓർത്ത് അരുണയുടെ ഉള്ളിലും വലിയ സങ്കടമായി.

സീന ആ ആഴ്ച പിന്നെ സ്കൂളിൽ വന്നില്ല. തൊട്ടടുത്ത ആഴ്ചയും അവൾ വന്നില്ല. പക്ഷേ സ്കൂളിൽ ആരും അവളെ കുറിച്ചു പറയുന്നതുപോലുമില്ല. അവളുടെ കൂട്ടുകാരി ചങ്ക് സിസ് ശ്രീപ്രിയ പോലും. ദിയ ജോസിനോട് അക്കാര്യം പറഞ്ഞപ്പോൾ ദിയ സ്വരം താഴ്ത്തിപ്പറഞ്ഞു.

‘‘ ശ് ശ് ... ആരും കേൾക്കണ്ട. അവളുടെ പേരു പോലും ഇനി ഇവിടെ പറയരുതെന്നാ ഹെഡ്മിസ്ട്രസ്സ് പറഞ്ഞിരിക്കുന്നത്.’’

‘‘എന്നാലും ഒരു വിഷമം...കഷ്ടം... !’’

‘‘ നമ്മുടെ ക്ലാസിൽ രണ്ടുപേർക്കു മാത്രമേ നുണക്കുഴിയുള്ളൂ... നിനക്കും എനിക്കും. നിന്റേത് ചില്ലറ നുണ പറയുന്ന നുണക്കുഴി. എന്റേത് സത്യം പറയുന്ന നുണക്കുഴി. നമ്മൾ രണ്ടുപേരുമൊഴികെ ആരുമിപ്പോൾ അവളെ ഓർക്കുന്നില്ല.’’

‘‘ അവളല്ലല്ലോ തെറ്റ് ചെയ്തത്?’’

‘‘ നമ്മുടെ നാട്ടിൽ അച്ഛനമ്മമാർ ചെയ്യുന്ന തെറ്റിന്റെ ഭാരം മുഴുവൻ കുട്ടികൾ ചുമക്കണം.’’

‘‘ അതു ശരിയാ..’’

ആ വെള്ളിയാഴ്ച വരെയും ദിയയും അരുണയും സീന വരുന്നതും കാത്തു. ഇടവേളകളിൽ പള്ളിയിൽ പോയി പ്രാർഥിച്ചു. സീനയ്ക്കു മനസ്സിനു നല്ല കരുത്തുണ്ടാകുവാനും അവളെ കഷ്ടതകളിൽനിന്നു മോചിപ്പിക്കുവാനും ദൈവത്തോട് അപേക്ഷിച്ചു.

ദിയയുടെ നല്ല മനസ്സ് കൂടുതലറിഞ്ഞതും ദിയയുമായി അടുത്തതും അപ്പോഴാണ്. നന്നായി പഠിക്കുന്ന ദിയയും അത്ര പഠിക്കാത്ത അരുണയും തമ്മിൽ കൂട്ടുകൂടാൻ ഒരു പ്രയാസവുമില്ല. അകൽച്ച തന്റെ മനസ്സിലായിരുന്നു, തന്റെ അറിവില്ലായ്മയായിരുന്നു എന്നും അരുണ തിരിച്ചറിഞ്ഞു.

മനസ്സൊന്നു തുറന്നു ചിരിച്ചു.

ആ വെള്ളിയാഴ്ച സ്കൂൾ വിട്ടുവന്നപ്പോൾ അരുണയ്ക്ക് പഠിക്കണമെന്നു തോന്നി. പേജുകൾ പോലും വിടർത്താത്ത പാഠപുസ്തകങ്ങൾ വെറുതെ ഒന്നു തുറന്നുനോക്കി. നാലഞ്ചുമാസം കഴിഞ്ഞിട്ടും പുത്തൻമണം മാറാത്ത ആ പുസ്തകങ്ങൾ വെറുതെ മണപ്പിച്ചു. ചിലതൊക്കെ വായിച്ചുനോക്കി.. .മനസ്സിലാക്കാൻ പ്രയാസം തോന്നിയില്ല. പിറ്റേന്ന് രാവിലെ മുതൽ എല്ലാം ആദ്യം മുതൽ പഠിച്ചുതുടങ്ങണമെന്നു തീരുമാനിച്ചു.

തുലാവർഷം ആയതോടെ നാട്ടിലേക്കുള്ള വഴികൾ മുഴുവൻ വെള്ളം നിറഞ്ഞു. ഗ്രാമം ഒരു ദ്വീപ് പോലെ ഒറ്റപ്പെട്ടു. അയൽ ഗ്രാമത്തിലേക്കുള്ള ബസ് പിടിച്ച് അവിടെനിന്നു വഞ്ചിയിൽ വീട്ടിലെത്തിയപ്പോഴേയ്ക്കും നല്ല ക്ഷീണം. ഉറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ സീനയുടെ ശബ്ദം കേട്ടാണ് ഉണർന്നത്. നോക്കുമ്പോൾ അവൾ അമ്മയുടെ അടുത്തിരുന്ന് ഇടിയപ്പം പഞ്ചസാരതേങ്ങാപ്പാലിൽ മുക്കി അങ്ങനെ കഴിച്ചുകൊണ്ടിരിക്കുകയാണ്. 

അരുണയെ കണ്ടയുടൻ അമ്മയോടായി അവൾ പറഞ്ഞു.

‘‘ ഇവളെന്താ ആന്റി എട്ടുമണി വരെയൊക്കെ കിടന്നുറങ്ങുന്നത്.. ?’’

അമ്മ ആ ചോദ്യത്തിന് ഒരു ചിരി മറുപടി കൊടുത്ത് അടുക്കളയിലേക്ക് പോയി.

ഇന്ന് അമ്മ അച്ചപ്പവും കുഴലപ്പവും ഉണ്ടാക്കുന്ന ദിവസമാണ് ഏതോ കല്യാണപ്പെണ്ണിനായി ലഡ്ഡുവും മൈസൂർ പാക്കും കൂടി പ്രത്യേകമായി ഉണ്ടാക്കുന്നുമുണ്ട്. 

സീന നന്നായി ക്ഷീണിച്ചിരിക്കുന്നു.

‘‘നീയെന്താ സ്കൂളിൽ വരാത്തത്?’’

‘‘ഇനി ആ സ്കൂളിൽ വരേണ്ടെന്ന് സിസ്റ്റർ മേഴ്സി അന്നു പറഞ്ഞു. ഇന്നലെ എന്റെ മാമൻ പോയി ആരെക്കൊണ്ടൊക്കെയോ സിസ്റ്ററോട് പറയിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ വരാൻ അനുവാദം തന്നിട്ടുണ്ട്.’’

അരുണയ്ക്കു സമാധാനം തോന്നി. കാര്യം സീന കുറെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കഷ്ടപ്പാട് സഹിച്ചുസഹിച്ച് നല്ല ശീലമായതുകൊണ്ട് അരുണയ്ക്ക് കുഴപ്പമില്ല. ഇവളങ്ങനെയല്ലല്ലോ....വേദനിച്ച് ശീലമുണ്ടാകില്ല. വലിയ സങ്കടമായിക്കാണും.

‘‘നിനക്കൊക്കെ സന്തോഷമായി. അല്ലേ?’’

‘‘ഞാനും ദിയയും ഇന്നലെക്കൂടി പള്ളിയിൽ പോയി നിനക്കുവേണ്ടി പ്രാർഥിച്ചതേയുള്ളൂ..’’

‘‘ഉവ്വ്...പുളുവടിക്കാതെ....ഞാനീ നുണയുമങ്ങ് വിശ്വസിച്ചു.’’

‘‘നീ വിശ്വസിക്കണമെന്ന് എനിക്ക് വാശിയില്ല.’’

പലഹാരക്കെട്ടുമെടുത്ത് അമ്മ, എങ്ങോട്ടോ പാഞ്ഞു. അമ്മയുടെ സ്കൂട്ടർ കാഴ്ചയിൽ നിന്നു മറഞ്ഞതിനു ശേഷം സീന പറഞ്ഞു.

‘‘ഞാൻ വന്നത് ഒരു കാര്യത്തിനാണ്. നീയത് ചെയ്തു തരണം.’’

‘‘എന്തേ... ?’’

‘‘ ഞാൻ പറയുന്നതുപോലെ ഒരാളെ ഫോണിൽ വിളിക്കണം.’’

‘‘ആരെ?’’

‘‘മുഖ്യമന്ത്രിയെ.’’

‘‘എന്തിന്?. എനിക്ക് മുഖ്യമന്ത്രിയെ അറിയില്ല.’’

‘‘ഞാൻ പറയുന്ന കാര്യങ്ങൾ ഫോണിൽ പറയണം.’’

‘‘അതിന് എന്റെ കൈയിൽ ഫോണില്ലല്ലോ...’’

‘‘ദേ, അതീന്ന് വിളിച്ചാൽ മതി...’’

അവൾ ലാൻഡ് ഫോണിലേക്ക് വിരൽ ചൂണ്ടി. മൊബൈൽ ഫോൺ വരുന്നതിനു മുൻപ് അമ്മ വീട്ടിൽ ഒരു ടെലിഫോൺ ബൂത്ത് നടത്തിയിരുന്നു. അന്നെടുത്ത കണക്‌ഷനാണ്. ഇപ്പോൾ ടെലിഫോൺ ബൂത്തൊന്നും കാര്യമായി പ്രവർത്തിക്കുന്നില്ല. കാര്യമൊന്നുമില്ല. നിറുത്താൻ അമ്മയോടു പറഞ്ഞതാണ്.പക്ഷേ അമ്മയ്ക്ക് ഒരു വിഷമം. വല്ലപ്പോഴും ആരെങ്കിലും ഒരു സഹായം പോലെ വന്നു ചോദിക്കും. അമ്മ പൈസയൊന്നും വാങ്ങാതെ, വിളിക്കാൻ സമ്മതിക്കും.

‘‘എന്താണ് മുഖ്യമന്ത്രിയോട് പറയേണ്ടത്.... നിന്റെ അച്ഛനെ സഹായിക്കണമെന്നോ... അതു നിനക്കു തന്നെ പറഞ്ഞുകൂടേ...?’’  

‘‘അതൊന്നുമല്ല.’’

‘‘പിന്നെ?’’

‘‘നീ മുഖ്യമന്ത്രിയോട് പറയണം. മുഖ്യമന്ത്രിയെ കൊന്നുകളയുമെന്ന്. എന്റെ അച്ഛന്റെ ജോലി കളഞ്ഞയാളല്ലേ...ഒന്നു വിരട്ടണം. അതും നിന്റെ ശബ്ദത്തിലല്ല.. നീ നമ്മുടെ സ്കൂളിലെ ബാഡ്മിന്റൺ കോച്ചിന്റെ ശബ്ദം അനുകരിക്കാറില്ലേ....അയാളുടെ ആ ശബ്ദത്തിൽ വിളിച്ച് നീ മുഖ്യമന്ത്രിയോട് പറയണം.’’

‘‘ നിനക്കെന്താ വട്ടുണ്ടോ.... ? ഞാൻ പറയില്ല.’’

‘‘നീ അതു പറഞ്ഞില്ലെങ്കിൽ നീ പറഞ്ഞിട്ടുള്ള മുഴുവൻ നുണകളും ഞാൻ ഹെഡ് മിസ്ട്രസ്സിനോടു പറയും. സ്കൂളിലെ എല്ലാവരോടും പറയും. നിന്റെ അച്ഛൻ ഗൾഫിലൊന്നുമല്ല, നാടുവിട്ടതാണെന്ന്.നിന്റെ അമ്മ പോസ്റ്റ് ഓഫിസിലെ വലിയ ഉദ്യോഗസ്ഥയൊന്നുമല്ല, ചിട്ടിപ്പിരിവുകാരിയും പാചകക്കാരിയുമാണെന്ന്. നിന്റെ വേഷത്തിലെ പകിട്ടേ ഉള്ളൂ.. നിന്റെ വീട് ഇടിഞ്ഞുവീഴാറായതാണെന്ന്. നിന്റെ അപ്പൂപ്പൻ കുടിച്ചു വെളിവില്ലാതെ നടക്കുകയാണെന്ന്. നമ്മുടെ ക്ലാസിലെ ദിവ്യയുടെ 500 രൂപ കട്ടെടുത്തത് നീയാണെന്ന്....’’

‘‘ അയ്യോ ഞാനൊരാളുടെയും പൈസ എടുത്തിട്ടില്ല.’’

‘‘ഞാനും ശ്രീലക്ഷ്മിയുമാണ് അതെടുത്തത്. ഒരു പുതിയ ഫ്ളേവർ ഐസ്ക്രീം വന്നപ്പോൾ വാങ്ങാനെടുത്തതാണ്. പക്ഷേ നീയാണെന്ന് പറഞ്ഞാൽ എല്ലാവരും വിശ്വസിക്കും.’’

അരുണയ്ക്ക്, ഒരു കൊടുങ്കാട്ടിനുള്ളിൽ വന്യമൃഗങ്ങൾക്കു നടുവിൽ ഒറ്റപ്പെട്ടുപോയതുപോലെ തോന്നി. തൊണ്ട വറ്റിവരളുന്നു. 

ആരുമില്ലേ, രക്ഷയ്ക്ക്.. ? ദിയ അടുത്തുണ്ടായിരുന്നെങ്കിൽ...ആരെങ്കിലും ഒന്നു സഹായിക്കാൻ വന്നിരുന്നെങ്കിൽ.... അമ്മയെ വിളിച്ചാലോ... ?

‘‘നീ പറയുന്നോ അതോ.... ?’’ സീന ഭീഷണി കടുപ്പിച്ചു.

ഇത് വല്ലാത്തൊരു ചതിക്കുഴിയാണ്. അമ്മയെ രണ്ടുതവണ വിളിച്ചുനോക്കി .എടുക്കുന്നില്ല. സ്കൂട്ടർ ഓടിക്കുന്നതിനിടയിൽ കേൾക്കാത്തതാവണം. സീന ഒരു കടലാസ്സുതുണ്ടെടുത്തു നീട്ടി. നീയിത് ആ ബാഡ്മിന്റൺ കോച്ചിന്റെ കനപ്പെട്ട ശബ്ദത്തിൽ ഒന്നു വായിക്ക്. ട്രയൽ കഴിഞ്ഞിട്ടാവാം വിളിക്കുന്നത്. അരുണ അതു വാങ്ങി.

‘‘മുഖ്യമന്ത്രീ, താങ്കളെ പത്തുദിവസത്തിനകം വധിച്ചിരിക്കും. താങ്കൾ മൂലം ജീവിതം തകർന്ന ഒരാളാണിത് പറയുന്നത്. ഞാനൊരു സാധാരണക്കാരനാകാം. പക്ഷേ ഞാനത് ചെയ്തിരിക്കും. ഇതു സത്യം.’’

‘‘സബാഷ്... നീ തകർത്തു. ഇനി മുഖ്യമന്ത്രിയുടെ സെക്രട്ടറിയൊക്കെയാണ് എടുക്കുന്നതെങ്കിൽ താങ്കളുടെ മുഖ്യമന്ത്രിയെ എന്നു തിരുത്തിപ്പറഞ്ഞാൽ മതി.’’

അരുണ അവസാനമായി ഒന്നു കൂടി അമ്മയെ വിളിച്ചുനോക്കി. ഇല്ല . എടുക്കുന്നില്ല. ഈ പൊള്ളുന്ന മരുഭൂമിച്ചൂടിൽ താൻ പിടഞ്ഞുമരിച്ചുവീഴും.

‘‘നീ ആരെയാ വിളിക്കുന്നത് ? ഇതാണ് മുഖ്യമന്ത്രിയുടെ നമ്പർ. വേഗം വിളിക്ക്....’’

അരുണ രണ്ടും കല്പിച്ച് മുഖ്യമന്ത്രിയുടെ നമ്പർ എഴുതിയ തുണ്ടുകടലാസ്സും കൈപ്പറ്റി. അരുണയുടെ കൈ അനങ്ങുന്നില്ലെന്നു കണ്ട്, സീന തന്നെ വന്ന് ആ നമ്പർ ഡയൽ ചെയ്തു. റിങ് ചെയ്യാൻ തുടങ്ങിയപ്പോൾ ആ ഫോൺ സീന അരുണയ്ക്കു നേരെ നീട്ടി. അരുണ സംസാരിക്കാൻ തുടങ്ങി.

(തുടരും)

English Summary: ‘Nunayathi’ Novel written by K Rekha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com