ADVERTISEMENT

സോമരസം

 

കോയമ്പത്തൂരില്‍നിന്നും കൊണ്ടുവന്നിരുന്ന നാലാംതരം പാട്ട ബൈക്കുകളുടെ മാര്‍ക്കറ്റ് ശുഷ്ക്കിച്ചുവരുന്തോറും അടുത്തപടിയെന്തെന്ന് തോമുട്ടി ആലോചിച്ചിരുന്നു. ഈ തരത്തില്‍ അണ്ണാച്ചിമാരുടെ ആട്ടും തുപ്പും പീഡനവുമായി  കാലം കഴിക്കുന്നതില്‍ കാര്യമില്ലായിരുന്നു. ഒരമ്പതുവര്‍ഷം അവിടെ നിന്നാലും ശേഷിക്കുന്ന കാലം സസുഖം കഴിയാനുള്ളത് അവിടെ നിന്നുണ്ടാക്കി പോരാമെന്ന് അവന്‍ കരുതിയിരുന്നില്ല. ആദ്യമൊക്കെ നക്കാപ്പിച്ച കാശിന് കൊടുത്തിരുന്ന ബൈക്കുകള്‍ വിഷമമേതുമില്ലാതെ വിറ്റുപോകുന്നുണ്ട് എന്നറിഞ്ഞ അണ്ണന്മാര്‍ നക്കാപ്പിച്ചയൊക്കെ മാറ്റി. തോമുട്ടിക്കാകട്ടെ കച്ചവടത്തിലെ ഈയൊരു കുതന്ത്രം തുടക്കത്തിലൊട്ടു പിടികിട്ടിയതുമില്ല. ആദ്യത്തെ ബൈക്ക് തരക്കേടില്ലാത്ത ഒരു ലാഭത്തില്‍ വിറ്റപ്പോള്‍ ആ വില തുടര്‍ന്നുവരാനിരിക്കുന്ന ബൈക്കുകളുടെ സ്ഥിര വിലയായി നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ബൈക്ക് മോഡലു വേറെയാണെന്നും കുറച്ചേ ഓടിയിട്ടുള്ളൂ എന്നതൊന്നും വിലകൂട്ടുന്നതിനുള്ള കാരണങ്ങളല്ലാതായി. 

 

കിടയ്ക്കാട്ടില്‍ വണ്ടികള്‍ക്ക് സ്ഥിരവില നിര്‍ണ്ണയിക്കപ്പെട്ടപ്പോള്‍, കോയമ്പത്തൂരില്‍ മോഡലിനും പിക്കപ്പിനും ഒത്ത് വില ഉയര്‍ന്നുകൊണ്ടിരുന്നു. ആമ്പലും വെള്ളവും ഒപ്പമായ ഘട്ടത്തില്‍ ഇതുകൊണ്ടിനി വലിയ കോപ്പൊന്നും ഉണ്ടാക്കാനാകില്ലെന്നറിഞ്ഞപ്പോള്‍ കളമൊന്നു മാറ്റിചവിട്ടാന്‍ തോമുട്ടി ആലോചിച്ചു. അങ്ങനെയൊരാലോചന നടക്കും നേരമാണ് അതുവരെ കടിച്ചുപിടിച്ചു നിന്നിരുന്ന തോമുട്ടിയിലെ അഗ്നിപര്‍വ്വതം പൊട്ടി ആ ലാവയില്‍ കാമഭ്രാന്തനായ തമിഴന്‍ കുത്തി ഒലിച്ചുപോയത്. അത്രകാലം കോയമ്പത്തൂരില്‍ നിന്നതും നിരത്തിലോടുന്ന, സകല ഇരുച്ചക്ര, മുച്ചക്രവണ്ടികള്‍ ഓടിക്കാന്‍ പഠിച്ചതും  മര്‍മ്മമറിഞ്ഞ് അവയെയൊക്കെ ചികിത്സിക്കാൻ പഠിച്ചതും തന്നെ വല്യേ കാര്യങ്ങളായിരുന്നു. 

 

ഒരു പാതിരാത്രി കിടയ്ക്കാട് വിട്ട് കള്ളവണ്ടി കയറി കോയമ്പത്തൂരില്‍ എത്തുമ്പോള്‍ ഒരേഒരു ലക്ഷ്യമേ തോമുട്ടിക്കുണ്ടായിരുന്നുള്ളൂ, കൂരിമണ്ടയില്‍ നിന്ന് ഒരു മോചനം. ആ പേര് എല്ലാവരുടേയും മറവിയില്‍ ലയിക്കുന്ന കാലത്ത് മാത്രം കിടയ്ക്കാട് തിരിച്ചെത്തുക. അഞ്ചാം കൊല്ലം നാട്ടില്‍ തിരിച്ചെത്തി കറങ്ങിയ ദിവസങ്ങളില്‍ തന്നെ സന്തോഷപൂര്‍വ്വം തോമുട്ടി ആ സത്യം തിരിച്ചറിഞ്ഞു. കാറ്റാടി വിജയനെയാണ് അല്പമൊരു പേടിയുണ്ടായിരുന്നത്. എന്നാല്‍ അവനാകട്ടെ, മൂന്നാലുമാസം മുന്‍പ് തീരെ ശോഷിച്ച്, ക്ഷയരോഗത്തിന് കീഴടങ്ങി ഗവണ്‍മെന്‍റ് ആശുപത്രിയില്‍ കിടന്ന്, കിടയ്ക്കാട് നിന്നു മാത്രമല്ല, ഈ ലോകത്തു നിന്നു തന്നെ വിട്ടുപോയിരുന്നു. അന്ന്, സ്കൂളില്‍വെച്ചവനെ തല്ലിയിരുന്നെങ്കില്‍ ഒരു പക്ഷേ കയ്യില്‍പെട്ടേനെ എന്ന് തോമുട്ടി ഓര്‍ത്തു. എങ്കില്‍ ആ ഒരു പാപബോധം എന്നും വിടാതെ പിന്തുടരുമായിരുന്നു. ‘ഇത്രേള്ളൂ’ മനുഷ്യന്‍റെ കാര്യമെന്ന തത്വജ്ഞാനം ജീവിതത്തില്‍ തോമുട്ടി തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. അതൊന്നും ഓര്‍ക്കാതെയാണല്ലോ മനുഷ്യന്‍ സ്വന്തം ഇഷ്ടത്തിനും സുഖത്തിനും മറ്റുള്ളവരെ വേദനിപ്പിക്കാനും നാടുവിട്ടോടിക്കാനുമായി ഓരോ കുറ്റംപേരുകള്‍ ചാര്‍ത്തിക്കൊടുക്കുന്നത്!

 

അങ്ങനെ ആലോചിച്ച് സമയം കളയാന്‍ തോമുട്ടിക്കാകുമായിരുന്നില്ല. വെറുതെയിരുപ്പ് തുടര്‍ന്നാല്‍ വായിലൂടെ എന്തെങ്കിലും ഇറങ്ങിപോകണമെങ്കില്‍ വലിച്ചെറിഞ്ഞ മഴുതന്നെ കുനിഞ്ഞെടുക്കേണ്ടിവരുമെന്ന് അവന്‍ ഭയന്നു. കയ്യില്‍ ഉണ്ടായിരുന്ന കാശും പോരാത്തത് കുറച്ച് പലിശക്കും എടുത്ത്, ഉമ്മറത്ത് പെറ്റുവീണിട്ടും തനിക്ക് വിദ്യ പകര്‍ന്നുതരാത്ത വിദ്യാലയത്തിന്‍റെ മുന്‍പില്‍ തന്നെ പഠിപ്പേതുമാവശ്യമില്ലാത്ത തന്‍റെ നിത്യവൃത്തിക്കുള്ള വകയൊരുക്കി. ‘കോയമ്പത്തൂര്‍ മെക്കാനിക്കല്‍ ഹോസ്പിറ്റല്‍’. ഏതുനേരത്താണ് അങ്ങനെയൊരു പേര് തന്‍റെ മോന്‍റെ ഇത്തിരിപോന്ന മണ്ടയില്‍ കുരുത്തുവന്നതെന്ന് അതു പറയാന്‍ പാടുപെടുമ്പോള്‍ പൊറിഞ്ചു പിറുപിറുത്തിട്ടുണ്ട്. എല്ലാതരം വാഹനങ്ങള്‍ക്കുമുള്ള ഒരു വൈദ്യശാലയായിരുന്നു അത്. ഒരുമാതിരിയിൽപ്പെട്ട വണ്ടിപ്പണികള്‍ അറിയാമായിരുന്നതിനാല്‍, കൊണ്ടുവന്ന വണ്ടികളുടെയെല്ലാം കേടുപാടുകള്‍ എളുപ്പത്തില്‍ തീര്‍ത്തുവിട്ടപ്പോള്‍ അവിടെ വരുന്ന പേഷ്യന്‍റ്സിന്‍റെ എണ്ണംകൂടി. അങ്ങനെ അത്യാവശ്യം കുഴപ്പമില്ലാതെ കാര്യങ്ങള്‍ പച്ചപിടിച്ച് മുന്നോട്ടുപോയിക്കൊണ്ടിരുന്നു. 

 

മകന്‍ വീട്ടിൽത്തന്നെ സ്ഥിരതാമസമാക്കിയപ്പോള്‍ കുടിമുട്ടിപ്പോയത് പൊറിഞ്ചുവിന്‍റെയാണ്. വൈകുന്നേരംവരെ പണിയെടുത്ത് ആശുപത്രി പൂട്ടി തോമുട്ടി മൂക്കുമുട്ടെ കുടിച്ച് വന്നുകിടക്കുന്നത് വെള്ളമിറക്കി പൊറിഞ്ചു നോക്കിയിരുന്നു. ഒരുതരത്തില്‍ മകന്‍ നന്നായി വരുന്നതില്‍ അയാള്‍ സന്തോഷിച്ചെങ്കിലും മറ്റൊരുതരത്തില്‍ അയാളിലുള്ള ദുഃഖം അതിനേക്കാളുമൊക്കെ ഏറെയായിരുന്നു. എങ്ങനെ മകനെ മെരുക്കിയെടുക്കാം എന്ന് പൊറിഞ്ചു ആലോചിച്ചുകൊണ്ടിരുന്നു. 

 

തോമുട്ടി തന്‍റെ പാരമ്പര്യത്തോട് നീതിപുലര്‍ത്താന്‍ മടി കാണിച്ചില്ല. മുന്‍പൊരിക്കല്‍ അവന്‍ വലിച്ചെറിഞ്ഞ ആ കൊച്ചുമഴു ഒരു സ്മാരകമെന്നപോലെ പ്രവേശനകവാടത്തില്‍ കുത്തിനിര്‍ത്തി. ചുറ്റും മഴു പുറത്തെടുക്കാനാകാത്ത രീതിയില്‍ മെക്കാനിക്ക് ഷോപ്പ് എന്നുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാനായി കുറെ ജോയിന്‍റുകളും വീല്‍ കപ്പും ബോഡി പാര്‍ട്സുമൊക്കെ കോര്‍ത്തിട്ടു. 

പാതിരാക്ക് മൂന്നാലെണ്ണം വിട്ട് വരുന്ന തോമുട്ടി വീട്ടിലേക്കു തിരിയുന്നതിനു മുന്‍പേ സ്കൂള്‍ പടിക്കല്‍ ഒന്നു നില്ക്കും. എന്നിട്ട് പുച്ഛരസംവിഴിഞ്ഞൊഴുകുന്ന മുഖത്തോടെ സ്കൂളിനെ ആകെയൊന്ന് നോക്കി നീട്ടി തുപ്പും. തുടര്‍ന്ന് പറയുകയായി. 

 

‘‘സ്കൂളാത്രെ. ഇത്രയും കാലം പഠിപ്പിച്ചിട്ട് വല്ല ഡോക്ടര്‍മാരേം ണ്ടാക്കാന്‍  പറ്റ്യോ? കാക്കാശിന് എഴുതാനും വായിക്കാനും അറിയാത്ത ഞാനിവിടെ സ്വന്തായിട്ട് ഒരാശുപത്ര്യാണ്ടാക്കിക്കേണെ. നോക്കിക്കോ...’’

എന്നും രാത്രി അതുകേട്ട്  ദീര്‍ഘനിശ്വാസം വിട്ട് ഉറക്കം വരാതെ പൊറിഞ്ചു തിരിഞ്ഞും മറിഞ്ഞും കിടക്കും.

 

ആ ദിനങ്ങള്‍ അങ്ങനെ നീട്ടിക്കൊണ്ടുപോയാല്‍ ഒരു തുള്ളി കുടിക്കാനാവാതെ താന്‍ ഒന്നിനും കൊള്ളാത്ത ഒരാളായി മാറുമെന്ന് പൊറിഞ്ചുവിന് സംശയമില്ലാതായി. മകനാണെങ്കിലും അപ്പനോട് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് ഒരതിരൊക്കെയുണ്ട്. മകന്‍ ആ അതിര് പാലിക്കാത്തിടത്തോളം അപ്പന് ആ അതിരു ലംഘിക്കാനുമുള്ള അവകാശമുണ്ട്. അങ്ങനെ രണ്ടുംകല്പിച്ച്, ചെയ്യാന്‍ പാടില്ലാത്തതാണെങ്കില്‍കൂടിയും ആ ഒരു പ്രയോഗത്തിനുതന്നെ പൊറിഞ്ചു തീര്‍ച്ചപ്പെടുത്തി. 

 

കല്ല്ട്ട്മടയിലേക്ക് പോകുംവഴി മുനിയാണ്ടിക്കടുത്തോ ശുപ്പാണ്ടിക്കടുത്തോ പോയാലോ എന്ന ചിന്ത ഉണ്ടായെങ്കിലും പൊറിഞ്ചുവിലെ പക്വമതിയും കരുണാനിധിയുമായ പിതാവില്‍ ശേഷമുണ്ടായ വീണ്ടുവിചാരത്തില്‍ അതുവേണ്ടെന്നുവച്ചു. അടുത്ത് പോയാല്‍ അറിഞ്ഞുകൊണ്ട് നാശത്തിലേക്ക് തലവെച്ചുകൊടുക്കലല്ലാതെ മറ്റൊന്നുമാകില്ല എന്ന് പൊറിഞ്ചുവിന്‍റെ മനസ്സിലിരുന്ന് ആരോ വിലക്കി. അവരുടെ ചെറിയ ഒരു കൈക്രിയയേ വേണ്ടൂ.  അതോടെ കുടുംബം കുളം തോണ്ടും. 

 

ഇനിയുള്ളത് കിടയ്ക്കാടിന്‍റെ കാട്ടില്‍, സാധാരണക്കാരില്‍നിന്നും അവരുടെ ദൈനംദിന ജീവിതത്തില്‍ നിന്നും അകന്ന്, പൂജയും മന്ത്രവുമൊക്കെയായി കഴിയുന്ന സാമിയാര്‍ ആണ്. അവിടെ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടിനാലും പിന്നെ നീതിപൂര്‍വ്വമല്ലാത്ത കടും പ്രയോഗങ്ങള്‍ക്കൊന്നും എളുപ്പത്തില്‍ തുനിയാത്തതിനാലും അധികമാരും സാമിയാര്‍ക്കടുത്ത് പോയിരുന്നില്ല. എല്ലാവര്‍ക്കും വേണ്ടത് ശത്രുവിന്‍റെ പെട്ടെന്നുള്ള  പതനമാണല്ലോ. അതിന് മുനിയാണ്ടിയും ശുപ്പാണ്ടിയുമല്ലാതെ മറ്റാരും പോരാ. പൊറിഞ്ചുവിന്‍റെ കാര്യത്തില്‍ എതിരാളി സ്വന്തം മകനാണ്. ക്ഷിപ്രഫലസിദ്ധി കൈവന്നില്ലെങ്കിലും സാവകാശമെങ്കിലും ആ വഴിയൊന്നു തുറന്നു കിട്ടിയാല്‍ മതി. അങ്ങനെ ഒരു സന്ധ്യക്ക് കുളിച്ചു സുന്ദരക്കുട്ടപ്പനായി പൊറിഞ്ചു കിടയ്ക്കാടിന്‍റെ ഉള്‍ക്കാട്ടിലേക്ക് കയറി. നടന്നു നടന്ന് രാത്രി ഏറെക്കഴിഞ്ഞപ്പോഴാണ് നിറനിലാവില്‍ സാമ്യാരുടെ ആശ്രമം കണ്ടത്. ആകാശത്തേക്ക് വളര്‍ന്ന് നിന്ന് അന്തരീക്ഷത്തിലാകെ ശാഖകള്‍ വിരിച്ചുനില്ക്കുന്ന ഒരു പടുകൂറ്റന്‍ പൂളയുടെ അടിയിലായിരുന്നു ആശ്രമം. മഴയില്‍നിന്നും മഞ്ഞില്‍നിന്നും വെയിലില്‍ നിന്നും ആ പൂള ആശ്രമത്തെ സംരക്ഷിച്ചുപോരുന്നു. പണ്ടൊരിക്കല്‍, വാറ്റുചാരായമുണ്ടാക്കാനായി ചങ്ങാതിമാര്‍ക്കൊപ്പം ആവഴിക്ക് വന്നിട്ടുള്ള ഒരു പരിചയത്തിന്‍റെ ബലത്തിലാണ് പൊറിഞ്ചു തപ്പിപിടിച്ച് അവിടെയെത്തിയത്. വഴിതെറ്റാതെ, ഏറെ ചുറ്റിത്തിരിയാതെ അവിടെ എത്താന്‍ കഴിഞ്ഞത് തന്നിലെ ഉദ്ദേശ ശുദ്ധിയാണെന്ന് പൊറിഞ്ചുവിന് സമാധാനമായി. 

 

കുടിലിനകത്ത് വെളിച്ചം അണഞ്ഞിരുന്നില്ല. തുറന്നു കിടന്ന വാതിലിലൂടെ, നിലത്തുവിരിച്ച ഒരു പുലിത്തോലില്‍ ചമ്രം പടിഞ്ഞിരിക്കുന്ന സാമ്യാരെ പൊറിഞ്ചുകണ്ടു. നഗ്നത മറയ്ക്കാനായി വസ്ത്രമാണോ അതോ മൃഗത്തോലാണോ എന്നു തിരിച്ചറിയാത്ത ഒന്ന് അരയില്‍ ചുറ്റിയിരിക്കുന്നു. കറുത്തുനീണ്ട താടിയും അങ്ങിങ്ങു ജഡകെട്ടിയ തലയും. ശരീരമാസകലം ചുരുണ്ടുപടര്‍ന്നു കിടക്കുന്ന കറുത്ത രോമക്കാട്. സാമ്യാര് എന്ന് പൊറിഞ്ചു കേട്ടിട്ടേയുള്ളൂ. കുറച്ചുനേരം സ്വയം മറന്ന് അങ്ങനെ നോക്കിനിന്നുപോയി. 

കാലങ്ങളായി വാമൊഴിയിലൂടെ പ്രചരിച്ചിരുന്ന അതേ രൂപം തന്നെയായിരുന്നു സാമ്യാര്‍ക്ക്. പൊറിഞ്ചുവിന് ഓര്‍മ്മവെക്കുന്ന കാലത്ത് കിടയ്ക്കാട്ട് ഉള്‍ക്കാട്ടില്‍ വലിയൊരു പൂളയുണ്ടെന്നും അതിനു ചുവട്ടില്‍ ധ്യാനവും മന്ത്രങ്ങളുമായി സാമ്യാര്‍ കുടിയിരിക്കുന്നുണ്ടെന്നും പൊറിഞ്ചു കേട്ടിരുന്നു. പൊറിഞ്ചു കേട്ടറിഞ്ഞ കഥകളിലെ സാമ്യാരുടെ പ്രായം അജ്ഞാതമായിരുന്നു. എന്തായാലും സാമ്യാര്‍ താന്‍ ജനിക്കുന്നതിനൊക്കെ മുന്‍പ്, അപ്പനപ്പൂപ്പന്‍മാരുടെ കാലത്തിലൂടെ തന്നിലേക്ക് ഊര്‍ന്നിറങ്ങി വന്നിട്ടുള്ളതാണെന്നതില്‍ പൊറിഞ്ചുവിന് സംശയമില്ലായിരുന്നു. എന്നിട്ടും കാലം ഒരുതരത്തിലുള്ള വാര്‍ദ്ധക്യമോ ജരാനരയോ സാമ്യാരില്‍ വരുത്താത്തതില്‍ പൊറിഞ്ചു അത്ഭുതപ്പെട്ടു. ഇനിയും അനേക വര്‍ഷങ്ങളോളം സാമ്യാര് അതേ ശരീരപ്രകൃതിയില്‍ തുടര്‍ന്നേക്കുമെന്ന് തോന്നിച്ചു.

 

പൊറിഞ്ചുവിന്‍റെ സാന്നിധ്യം അറിഞ്ഞ സാമ്യാര്‍ കണ്ണുകള്‍ തുറന്നു. തുളച്ചുകയറുന്ന ഒരു തീഷ്ണ പ്രകാശം അയാളുടെ കണ്‍മുനകളിലൂടെ തന്നെ ആകെവലയം ചെയ്ത് തന്നിലേക്ക് ചൂഴ്ന്നിറങ്ങുന്നത് പൊറിഞ്ചു അറിഞ്ഞു. 

‘‘ഉം. എന്താണാവാശ്യം?’’

സാമ്യാരുടെ ശബ്ദത്തിന് വജ്രസൂചിയുടെ മൂര്‍ച്ചയുണ്ടായിരുന്നു. പൊറിഞ്ചു അല്പമൊന്നു പരുങ്ങി. അയാളില്‍ പെരുകിയ ഭയത്തിനൊപ്പം നാവും കുഴഞ്ഞു. പതറിക്കൊണ്ട് ശബ്ദം പുറത്തുചാടി. 

‘‘എങ്ങന്യാ പറേണ്ടത്​ന്ന് അറീണില്ല്യാ. ചെയ്യണത് തെറ്റാണോ ശരീണോന്ന് ഇനീം തീര്‍ച്ചയില്ല.’’

‘‘ചെയ്യാന്‍ പോകുന്ന കാര്യത്തില്‍ തീര്‍ച്ചയില്ലാതെയാണോ ഇത്രദൂരം താണ്ടി ഇവിടെ വന്നത്. ആദ്യം ചെയ്യേണ്ട കാര്യത്തിലെ നീതിയും ധര്‍മ്മവും ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്തുക.’’

‘‘സാമ്യാര് തന്നെ ഇതിലെ നീതീം ധര്‍മ്മോം തീരുമാനിക്കണം. മകന്‍ വളര്‍ന്നുവലുതായി  കയ്യൂക്കും ബലോം വന്നാല്‍ തന്താര്‍ക്ക് അനങ്ങാന്‍ പാടില്ലാന്നുണ്ടോ? ഇത്രകാലം  ജീവിച്ചുപോന്ന വഴിവിട്ട് മക്കള് വരക്കണ വഴീലൂടെ തന്താര് ഇഷ്ടംണ്ടേലും ഇല്ലേലും നടക്കണംന്ന്ണ്ടോ?’’

‘‘കാര്യം തെളിച്ചുപറയൂ.’’

‘‘ഇയ്ക്ക് ഒന്നും വേണ്ടാ. സന്ധ്യായ കുറച്ച് കുടിച്ചാമതി. ന്ന്ട്ട് കൊറച്ചു പാത്രങ്ങള് വലിച്ചെറിയണം. അന്നമ്മേടെ മുതുകത്ത് ഒന്നുരണ്ടെണ്ണം കൊടുക്കണം. അവള്‍ക്കതോണ്ട് പരാതീല്ല. പിന്നെന്തിനാ അവന്. അതോണ്ട് എലക്കും മുള്ളിനും കേടില്ലാത്ത ഒരു വഴി ഒന്നു തെളിച്ചുതരണം...’’

 

‘‘ആഭിചാരാണോ? അതിനൊക്കെ പോന്നവര്‍ കിടയ്ക്കാട്ടുതന്നെണ്ടല്ലോ. അവരൊക്കെ പോരേ?’’

‘‘ന്‍റെ മോന്‍റെ കയ്യോ കാലോ ഒടിഞ്ഞ്, കിടപ്പിലായി, കുടുംബം വെളുപ്പിക്കാനല്ല ഇയ്ക്കാഗ്രഹം. ന്‍റെ മോന് ഒന്നും പറ്റാണ്ടേ അവന് നല്ല ബുദ്ധി തോന്നിക്കണം. അത്രയ്ക്കേ വേണ്ടൂ. അവന്‍ കുടിയ്ക്കേ മറ്റോ എന്താന്ന്ച്ചാ ആയിക്കോട്ടെ. ഇയ്ക്കതില് ഒന്നുംല്ല്യാ. ഇനിയ്ക്കും അതുപോലൊക്കെ അങ്ങ്ട് കഴിഞ്ഞാ മതി....’’

 

തുടര്‍ന്ന് സാമ്യാര് വിശദമായി, പൊറിഞ്ചുവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും തോമുട്ടിയെക്കുറിച്ചും ചോദിച്ചറിഞ്ഞു. മകന്‍റെ കാര്യമെത്തിയപ്പോള്‍ വള്ളിപുള്ളിവിടാതെ എല്ലാം സാമ്യാരോട് പറഞ്ഞു. അവന്‍റെ ക്രൂരതകള്‍ അല്പം കൂട്ടി പറയാനും മടിച്ചില്ല. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ സാമ്യാര് കുറച്ചുനേരം കണ്ണുകളുമടച്ച് മൗനത്തിലമര്‍ന്നു. പ്രതീക്ഷയോടെ സാമ്യാരുടെ കണ്ണുകള്‍ തുറക്കുന്നതും വായില്‍നിന്നു വീഴുന്നതും കാത്ത് പൊറിഞ്ചു ഇമചിമ്മാതെയിരുന്നു.

കണ്ണുതുറന്നിട്ടും സാമ്യാര് ഒന്നും ഉരിയാടാതെ വിദൂരതയിലേക്ക് നോക്കിയിരുന്നു. പിന്നെ തികച്ചും ശാന്തമായി തുളച്ചിറങ്ങുന്ന അതേ വജ്രസൂചികള്‍ നാവില്‍നിന്നും നീണ്ടുതുടങ്ങി.

 

‘‘ഒന്നും പേടിക്കണ്ട. നിന്‍റെ മകന്‍ ജീവിതത്തില്‍ കുറച്ചുനാള്‍ വഴിതെറ്റി നടക്കേണ്ടതുണ്ട്. നിബിഡവനത്തില്‍ വഴി കാണാതെ അലയേണ്ട ഒരു യോഗം അവനില്‍ പറ്റികൂടിയിരിക്കുന്നു. അവന്‍ ഇപ്പോള്‍ ആ സന്ധിയിലാണ്. ബാഹ്യമായ ഒരു ഇടപെടലില്‍ കൂടിയല്ലാതെ അവന്‍റെ മുന്നിലെ വഴികള്‍ മായ്ച്ചുകളഞ്ഞ് മറ്റൊന്ന് തെളിച്ചുകൊടുക്കാന്‍ ആര്‍ക്കുമാകില്ല. അതിന്‍ഫലമായാണ് നീയിവിടെ എത്തിപ്പെട്ടിരിക്കുന്നത്. അതുപോലെ നിന്‍റെ വഴികളും നിനക്ക് നഷ്ടമായിരിക്കുന്നു. നിങ്ങള്‍ക്ക് ഇരുവര്‍ക്കും ഒരുപോലെ വഴികള്‍ തെളിയാന്‍ പോകുകയാണ്...’’

 

അത്രയും പറഞ്ഞ് സാമ്യാര് തറയില്‍നിന്ന് ഒരു താറാമുട്ടയുടെ വലിപ്പമുള്ള ഉരുളക്കിഴങ്ങ് എടുത്തു. അത് പൊറിഞ്ചുവിന് നീട്ടിക്കൊണ്ട് പറഞ്ഞു. 

‘‘ഈ കിഴങ്ങ് രണ്ടു ദിവസത്തിനകം പോത്തിറച്ചിയില്‍ വേവിച്ചവന് കൊടുക്കുക. അവനല്ലാതെ മറ്റാരും തന്നെ ആ ഇറച്ചി ഭക്ഷിക്കരുത്. അവന്‍റെ ബുദ്ധിയും മനസ്സും തെളിഞ്ഞ് കണ്ണുകള്‍ക്കു മുന്നില്‍ വഴി പ്രത്യക്ഷപ്പെടുന്നതിന് ഇതുപകരിക്കും....’’

 

വിറച്ചുവിറച്ച് പൊറിഞ്ചുവിന്‍റെ കൈകള്‍ ഒന്നിച്ച് അതിനു നേരെ നീണ്ടു. അയാള്‍ വളരെ ശ്രദ്ധയോടെ, ഭദ്രമായി  അതു മുണ്ടിന്‍തലയ്ക്കല്‍ കെട്ടിയിട്ടു. ആ മുണ്ടിന്‍തലയ്ക്കല്‍ നിന്നുതന്നെ രണ്ടു പത്തുരൂപാ നോട്ടുകള്‍ കൂട്ടിപിടിച്ചെടുത്ത് അല്പമൊന്നു മടിച്ച് സാമ്യാര്‍ക്ക് നീട്ടി. സാമ്യാര്‍ ചോദ്യരൂപത്തില്‍ നോട്ടിലേക്കും പൊറിഞ്ചുവിന്‍റെ മുഖത്തേക്കും നോക്കി.

‘‘അല്ല, എനിക്കറിയില്ല ഇവിടത്തെ പതിവെങ്ങന്യാന്ന്. ഇപ്പൊ ഇതേള്ളൂ. പോരെങ്കില്‍ ഇനീം കൊണ്ട് വരാം’’

‘‘എന്ത്, നോട്ടുകടലാസോ?’’ അത് പറഞ്ഞ് സാമ്യാര് ഒന്നുറക്കെ ചിരിച്ചു. 

‘‘വിഡ്ഡിയായ മനുഷ്യാ! എനിക്കെന്തിനാണീ കടലാസുകള്‍. ഈ പൂള ചുവട്ടില്‍ ഇതുകൊണ്ടെന്തു പ്രയോജനം...’’ പറയുന്നതിനിടയില്‍ ചുറ്റുനിന്ന് ഒരുപിടി പഞ്ഞി ചുരുട്ടിയെടുത്ത് അയാള്‍ വായുവിലേക്കിട്ടു. 

‘‘... ഈ പഞ്ഞികള്‍ അതിനേക്കാളൊക്കെ എത്രയോ വിലപിടിപ്പുള്ളതാണ്. എനിക്കെന്നല്ല, ഈ കിടയ്ക്കാട്ടുള്ളവര്‍ക്ക് മുഴുവനും. പക്ഷേ ആരും അത് തിരിച്ചറിയുന്നില്ല എന്നുമാത്രം. പണം നീട്ടിയല്ല, എന്നെ സന്തോഷിപ്പിക്കേണ്ടത്. കിടയ്ക്കാട്ടെ നിങ്ങളുടെ സഹവാസികളോടും ചങ്ങാതികളോടും പറയുക, അവനവന്‍റെ കാല്ക്കല്‍ അവനവനുള്ളത് ഭക്ഷിക്കാന്‍ ഉള്ളപ്പോള്‍ മറ്റുള്ളവരുടെ കാല്ക്കല്‍ നാക്കുനീട്ടി ചെല്ലരുത് എന്ന്..’’

 

പൊറിഞ്ചുവിന് സാമ്യാര് പറയുന്നത് എന്തെന്ന് ശരിക്ക് മനസ്സിലായില്ല. എന്നിരുന്നാലും  മടിക്കുത്തില്‍ പണം തിരികെ എത്തിയ ആനന്ദമുണ്ടായിരുന്നു. എന്നിട്ടും സംശയവും അതിശയവും വിടാതെ, സാവകാശം കൈകുത്തി എഴുന്നേല്ക്കുന്നതിനിടയില്‍ പൊറിഞ്ചു ചോദിച്ചു:

‘‘സാമ്യാര് ഒന്നും വാങ്ങാതിരിക്കണത് ശരിയല്ല; ന്‍റെ സന്തോഷത്തിന് എന്തെങ്കിലും ഒന്നു വാങ്ങിയാലേ ഇക്ക് തൃപ്തീണ്ടാവൂ...’’

‘‘എങ്കില്‍ ഇനി എന്നെങ്കിലും ഇവിടെ വരികയാണെങ്കില്‍ അല്പം സോമരസം കൊണ്ടുവരൂ....’’

 

സോമരസം എന്താണെന്ന് പൊറിഞ്ചുവിന് അപ്പോള്‍ മനസ്സിലായില്ലെങ്കിലും പിറ്റേന്ന് കാലത്ത് അയല്‍പക്കത്ത് താമസിക്കുന്ന സ്കൂള്‍ മാഷോട് ചോദിച്ചറിഞ്ഞു. ഉടനെ തന്നെ വാക്കുപാലിക്കാതെ, മകന്‍റേയും തന്‍റേയും വഴികള്‍ തെളിഞ്ഞുകിട്ടുന്നുണ്ടോ എന്ന് അയാള്‍ നോക്കിയിരുന്നു. ഇരുവര്‍ക്കും സുഗമവും ശാന്തവുമായ അവരവരുടെ വഴികള്‍ തെളിഞ്ഞപ്പോള്‍, ഒരുച്ചയ്ക്ക് ഒരു മിലിട്ടറി ഫുള്ളുമായി പൊറിഞ്ചു കാടുകയറി. സന്ധ്യവരെ കാത്തിരുന്നിട്ടും പൂളച്ചുവട്ടില്‍ സാമ്യാരെ കാണാനായില്ല. സാമ്യാര് ഉള്‍ക്കാട്ടില്‍ അലയുകയായിരിക്കും എന്നൂഹിച്ച് സാമ്യാരുടെ ഇരിപ്പിടത്തിനരികില്‍ കുപ്പി വെച്ച് പൊറിഞ്ചു തിരിഞ്ഞു നടന്നു,  ശാന്തനായി, സംതൃപ്തിയോടെ.

 

കുറച്ചുനാളായി തോമുട്ടിക്ക് ഒരുത്സാഹക്കുറവ്. എന്താണ് കാരണമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. പണിക്ക് ഒരു കുറവുമില്ല. കാശ് ഇഷ്ടംപോല കിട്ടുന്നുമുണ്ട്. അത്രനാളായിട്ടും കിടയ്ക്കാട് തനിക്ക് പാരയായി മറ്റൊരു വര്‍ക്ക് ഷോപ്പ് വന്നിട്ടുമില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ അങ്ങനെയൊന്നു വരാനും പോകുന്നില്ല. എന്നിട്ടും അജ്ഞാതമായ ഒരു കാരണത്താല്‍ തോമുട്ടി ഒരുഷാറില്ലാതെ നീറിക്കഴിഞ്ഞു. ഇപ്പോള്‍ പണിക്കായി രണ്ടു പിള്ളാരെ കിട്ടിയിട്ടുണ്ട്. അജയനും വിജയനും. തോമുട്ടി അവരെ കണ്ടെടുക്കുന്നത് കല്ലട്ട്മട കോളനിയില്‍ നിന്നാണ്. എന്തെങ്കിലും രണ്ടക്ഷരം എഴുതാനും വായിക്കാനും അറിയുന്നവരൊന്നും കരിയിലും കീലിലും മുങ്ങി എല്ലുമുറിയെ പണിയെടുക്കേണ്ടതായ വര്‍ക്ക്ഷാപ്പ് പണിക്ക് തയ്യാറല്ലെന്ന് ഹെല്‍പ്പര്‍മാരെ തപ്പിയിറങ്ങിയപ്പോള്‍ തോമുട്ടിക്ക് മനസ്സിലായി. ‘പണിയെടുത്താലും കാശുള്ള ജോലിയല്ലേടാ’ എന്നു ചോദിച്ചപ്പോള്‍ അവരൊക്കെ പുച്ഛിച്ചു മുഖം കോട്ടി. 

അങ്ങനെ രണ്ടുഹെല്‍പ്പര്‍മാരെ അന്വേഷിച്ച് കനാലിന്‍ പുറത്തെ ചാരായ ഷാപ്പിനടുത്ത് അലയുന്നതിനിടയിലാണ് തോമുട്ടിയുടെ പഴേ ക്ലാസ്സ്മേറ്റും ചാരായഷാപ്പില്‍ ഓംലെറ്റടിക്കുന്നവനുമായ ചക്കര രണ്ടുപിള്ളാരുടെ കാര്യം പറയുന്നത്. അവരെ അന്വേഷിച്ച് കോളനിയില്‍ കേറാന്‍ നിൽക്കെണ്ടെന്നും താമസിയാതെ അവന്മാര്‍ ഇവിടെ വരുമെന്നും ചക്കര പറഞ്ഞു. ഒറ്റവലിക്ക് ഒരു കാല്‍ കയറ്റി തോമുട്ടി ഓംലെറ്റടിക്കുന്ന ചക്കരയെ നോക്കിയിരുന്നു. തട്ടില്‍ നിന്ന് രണ്ട് മുട്ടയെടുത്ത് സവാളയും പച്ചമുളകും അരിയുന്ന കത്തിക്കൊണ്ട് ഒരൊറ്റ മേട്ടമാണ്. അളന്നു മുറിച്ചിട്ടതുപോലെ മുട്ട രണ്ടുപൊളി. അതുനേരെ ചെറിയൊരു പാത്രത്തിലേക്ക് കമിഴ്ത്തി. അവിടെ തന്നെ നുറുക്കിവെച്ചിരിക്കുന്ന സവാളയും പച്ചമുളകും ചേര്‍ത്ത് ടീസ്പൂണ്‍ കൊണ്ട് വല്ലാത്തൊരൊച്ചയില്‍ ഇളക്കിക്കൊണ്ടു നില്ക്കും. ആ ഇളക്കലിലാണ് ഓംലെറ്റിന്‍റെ രുചിയുടെ ഗുട്ടന്‍സിരിക്കുന്നത്. ചറുപിറുന്നനെ ഓംലെറ്റുണ്ടാക്കാന്‍ ചക്കരക്കു നല്ല മിടുക്കുണ്ട്. സ്കൂളില്‍ പഠിക്കുമ്പോഴേ ചക്കര ചാരായ ഷാപ്പിനു മുന്നില്‍ ഓംലെറ്റുണ്ടാക്കുമായിരുന്നു. ഷാപ്പ് നടത്തുന്നത് അവന്‍റെ അപ്പനാണ്. അതുകൊണ്ടുതന്നെ വരുമാനമുള്ള ഒരു പണി മകനെ ഏല്പിച്ചു. ചെറുപ്രായം തൊട്ടേ ചക്കരയുടെ ഓട്ടവിരലുകള്‍ക്കിടയിലൂടെ നോട്ടുകള്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു. തിരിമറിയുടെ കാര്യത്തില്‍ സ്കൂളില്‍ ചക്കരക്കഴിഞ്ഞേ മറ്റാരെങ്കിലുമുള്ളൂ. കൊടികുത്തിവാഴുന്ന പണക്കാരുടെ മക്കള്‍ ഏറെയുണ്ടെങ്കിലും അവരുടെ പോക്കറ്റിലൊന്നും പേരിനുപോലും എടുത്തുകാണിക്കാന്‍ ഒരണ ഉണ്ടാകുമായിരുന്നില്ല. കയ്യിലുള്ള കാശ് ചെലവാക്കുന്നതിന് ചക്കരക്ക് ഒരു മടിയുമില്ല. അതുകൊണ്ട് എപ്പോഴും അവനുചുറ്റും നല്ലൊരു അനുചരവൃന്ദം ഉണ്ടായിരുന്നു. ഇടയ്ക്കിടെ തോമുട്ടിയും ആ കൂട്ടത്തില്‍ കൂടിയിട്ടുണ്ട്. വല്ലവരേയും തല്ലാനോ ഭീഷണിപ്പെടുത്താനോ ആയി. പഠിപ്പിലൊഴിച്ച് ബാക്കി കാര്യത്തിലെല്ലാം ചക്കര ഒന്നാമതായിരുന്നു. കോട്ടിക്കായ കളിക്കാന്‍ ചക്കര വരുമ്പോള്‍ തൂങ്ങിക്കിടക്കുന്ന ഇരുപോക്കറ്റുകളിലുമായി ഒരമ്പതെണ്ണമെങ്കിലും ഉണ്ടാവും. കളി കഴിഞ്ഞ് പോകുമ്പോള്‍ കളത്തിലെ സകല ഗോലിയും അവന്‍റെ പോക്കറ്റിലെത്തും. ഒരു പ്രത്യേകവഴക്കവും ഉന്നവുമായിരുന്നു അവന് ഗോലികളിയില്‍. ചെറിയ കളികളൊന്നുമില്ലായിരുന്നു. ചുരുങ്ങിയത് പതിപത്ത്ക്ക് കളിക്കണം,  പെട്ടിവരച്ചിട്ടായാലും, കുഴികുത്തിയിട്ടായാലും. ഓട്ടം, ചാട്ടം, ഫുട്ബോള്‍, കബഡി എന്നുവേണ്ട എല്ലാ സ്പോര്‍ട്സ് ഐറ്റത്തിലും അവന്‍ ഒന്നാമതു തന്നെ.   യുവജനോത്സവത്തിന് രണ്ട് ദിവസംകൊണ്ട് നാടകം തട്ടിക്കൂട്ടി തട്ടേല്‍ കയറും. പലപ്പോഴും അക്കൂട്ടത്തില്‍പ്പെട്ട സുലൈമാനോ, ഗുളികന്‍ തോമാസോ, മത്തായിയോ, ഷാനോ ഒക്കെയായിരിക്കും സഹ അഭിനേതാക്കള്‍. കൃത്യമായ കഥയോ, സംഭവമോ ഒന്നുമില്ലെങ്കിലും അരങ്ങേറുന്ന നാടകത്തില്‍ സന്ദര്‍ഭത്തിനൊപ്പിച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞ് മിക്കപ്പോഴും നല്ല നടനുള്ള സമ്മാനം ചക്കര കൊണ്ടുപോകും. 

 

ഉറക്കമിളച്ച്, ആഴ്ചകളോളം പഠിക്കുന്ന ചന്ദ്രന്‍റെ നാടകത്തിന് നല്ല നാടകത്തിനുള്ളത് കിട്ടുമെങ്കിലും നടന്‍ ചക്കരതന്നെ. പക്ഷേ ഇന്നേവരെ ഒരു നല്ലനാടകത്തില്‍  ആരുടെയെങ്കിലും സംവിധാനത്തിന്‍ കീഴില്‍ അഭിനയിക്കാൻ ചക്കര തയ്യാറായിട്ടില്ല. പലകുറി ചന്ദ്രന്‍ വിളിച്ചെങ്കിലും റിഹേഴ്സലും കാണാപാഠമൊന്നും തനിക്ക് പറ്റിയതല്ലെന്നും പറഞ്ഞ് അവനൊഴിഞ്ഞു. ചന്ദ്രൻ ചക്കരയെ അഭിനയിക്കാന്‍ വിളിക്കുന്നതിന് കാരണമുണ്ടായിരുന്നു. ഒരുനാടകം തുടക്കം മുതല്‍ അവതരണം വരെ റിഹേഴ്സലിനടക്കം കാശുമുടക്കാന്‍ ചക്കരക്ക് ഒരു മടിയുമില്ല എന്നത് ഒന്നാമത്. ചന്ദ്രന്‍റെ നാടകജീവിതത്തില്‍ കയ്യില്‍ കാശുള്ള പിള്ളാര് അഭിനയിക്കാന്‍ വന്നത് വിരളമാണ്. വീട്ടില്‍ നിന്നെല്ലാവരോടും കാശുകൊണ്ടുവരാന്‍ പറഞ്ഞിരുന്നെങ്കിലും കൃത്യമായി ആരും ഒന്നുംകൊണ്ടുവന്നില്ല. പലപ്പോഴും നാടകം കഴിയുമ്പോഴേക്കും ചന്ദ്രന്‍റെ കടവും കൂടിയിരിക്കും. അവാര്‍ഡുകള്‍ കിട്ടിയിരുന്നതൊക്കെ ചന്ദ്രനെ സന്തോഷിപ്പിച്ചെങ്കിലും അതിലെ പുതുമ കെട്ടപ്പോഴും കടം കടമായിതന്നെ നിലനിന്നു. കയ്യില്‍നിന്ന് കാശിറക്കാതെ, അന്യനൊരുത്തന്‍റെ ചെലവില്‍ മനസ്സിലെ അരങ്ങില്‍ തെളിയുന്ന നാടകം സ്റ്റേജിലെത്തിക്കണമെന്ന് ചന്ദ്രന് ആഗ്രഹമുണ്ടായിരുന്നു. അതിനുപറ്റിയ ഒരാളേയുള്ളൂ, ചക്കര. 

 

ഒരാളുടെ കീഴില്‍ ഡയലോഗ് പഠിച്ചഭിനയിച്ച് അച്ചിലിട്ടപോലെ രൂപപ്പെടാന്‍ താല്പര്യമില്ലെന്നും തന്‍റെ നാടകങ്ങള്‍ അഭിനേതാക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുള്ളതും സ്റ്റേജില്‍ മനോധര്‍മ്മത്തിനുള്ളതാണെന്നും ചക്കര പറഞ്ഞു. അത് കേട്ടപ്പോള്‍ ചന്ദ്രന് തന്‍റെ ആഗ്രഹം മനസ്സിലെ അരങ്ങില്‍തന്നെ അവതരിപ്പിച്ചവസാനിപ്പിക്കേണ്ടിവന്നു. എങ്കിലും ചക്കരയിലെ നടനെ ചന്ദ്രന്‍ അംഗീകരിക്കാതിരുന്നില്ല. സ്കൂളില്‍ ഫസ്റ്റ് വാങ്ങിച്ച്, ജില്ലയിലേക്ക് മത്സരത്തിനു പോകുന്ന ചന്ദ്രന്‍ കിടയ്ക്കാടിന്‍റെ നാടകത്തില്‍ അഭിനയിക്കാന്‍ ക്ഷണം വന്നപ്പോഴും ഇതേ കാരണം പറഞ്ഞ് ചക്കര ഒഴിഞ്ഞുമാറി. എന്നാല്‍ പരീക്ഷ ഹാളില്‍ ചോദ്യപേപ്പര്‍ പിടിച്ചിരിക്കുമ്പോള്‍ ഈവക പ്രകടനങ്ങളൊന്നും അവന്‍റെ തുണയ്ക്കെത്തിയില്ല. അരമണിക്കൂര്‍ കഴിഞ്ഞ് ആദ്യത്തെ മണിയടിക്കുമ്പോഴേ പേപ്പര്‍ മടക്കി പേരും ക്ലാസ്സും എഴുതി മേശപ്പുറത്തുവെച്ച് അവന്‍ ഗ്രൗണ്ടിലേക്കിറങ്ങും. ഗുളികനും ഷാനും തോമുട്ടിയുമൊക്കെ അപ്പോള്‍ ഓരോ ക്ലാസ്സില്‍നിന്നും ഇറങ്ങിക്കൊണ്ടിരിക്കുകയാകും. 

 

തോമുട്ടി സ്കൂള്‍ പഠനം പാതിയില്‍ ഉപേക്ഷിച്ചിറങ്ങുമ്പോള്‍ ചക്കരയെങ്കിലും നന്നാകുമെന്നാണ് കരുതിയത്. അവനാണെങ്കില്‍ മലയാളം എഴുതാനും വായിക്കാനും അത്യാവശ്യം ഇംഗ്ലീഷ് കൂട്ടിവായിക്കാനും അറിയാമായിരുന്നു.  ആ ഒരു മികവില്‍ അവന്‍ ജീവിതവഴികള്‍ കയറിപോയിക്കൊള്ളും എന്ന് തോമുട്ടി ധരിച്ചു. ആയിടയ്ക്ക് അതിനടിത്തറയിടുന്ന ഒരു സംഭവമുണ്ടായി. മഞ്ചേരിയില്‍വെച്ച് കല്യാണപാര്‍ട്ടി സഞ്ചരിച്ചിരുന്ന അംബാസഡര്‍ കാറിനെ നിയന്ത്രണം ഇല്ലാതെ വന്ന ഒരു ആനവണ്ടി ഇടിച്ചുതെറിപ്പിച്ചു. കാറില്‍ ഉണ്ടായിരുന്ന അഞ്ചുപേര്‍ അപ്പോഴേ പൊടിതട്ടിപ്പോയി. ആറാമതുണ്ടായിരുന്നത് ചക്കരയായിരുന്നു. അവനും മരിച്ചു എന്നാണ് ആദ്യം കേട്ടത്. പിന്നെയത് നേരിയ മിടിപ്പായി. പിന്നെ ബോധമുണ്ടെന്നായി. എന്തായാലും ഒരു മാസം കഴിഞ്ഞ് ചക്കര തിരിച്ചെത്തി. മൊട്ടയടിച്ച തലയില്‍ തലങ്ങും വിലങ്ങും തുന്നല്‍പാടുകള്‍ ഉണ്ടായിരുന്നു. കണ്ണുകള്‍ രണ്ടും ഫോക്കസ് ചെയ്യുന്നത് രണ്ടു സ്ഥലത്തേക്ക്. കണ്ടാല്‍ ശരിക്കും ഒരു മന്ദ. കാലംകൊണ്ടേ കോലം മാറുകയുള്ളുവെന്ന് ഡോക്ടര്‍ പറഞ്ഞു. സ്കൂളും കളിയും ഓംലെറ്റും ഒന്നുമില്ലാതെ ആറുമാസം ചക്കര വീട്ടിലിരുന്നു. നാക്ക് ഒരുഫുള്‍ക്കുപ്പി അടിച്ചയാളെപോലെ എപ്പോഴും കുഴഞ്ഞുവീണു. പഴയ ചക്കരയെ തങ്ങള്‍ക്കിനി കിട്ടുകയില്ലെന്ന് അനുയായികള്‍ കരുതി. അവരുടെ സ്കൂള്‍ ജീവിതത്തില്‍ പട്ടിണിയും പരിവട്ടവുമായി.  അവര്‍ക്കാ ദിനങ്ങളിലൊന്നും സ്കൂളിലേക്ക് പോകാനേ തോന്നിയില്ല. പക്ഷേ കാലം അവര്‍ക്കായി പഴയ ചക്കരയെ കാത്തുവെച്ചിട്ടുണ്ടെന്ന് അപ്പോഴൊന്നും അവരറിഞ്ഞില്ല. ആറു മാസം കഴിഞ്ഞപ്പോഴേക്കും ചക്കര ഉഷാറായി. പഴയ പ്രസരിപ്പിനും ആക്ടിവിറ്റികള്‍ക്കൊന്നും ഒരു കുറവുമില്ല. ചത്തുപോയെന്നുപറഞ്ഞ ചക്കര ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോഴേ തോമുട്ടി അരക്കിട്ടുറപ്പിച്ചു, ചക്കരയ്ക്ക് ഭാവിയുണ്ട്. കര്‍ത്താവ് അവനില്‍ എന്തോ കണ്ടുവെച്ചിരിക്കുന്നു.  എന്നിട്ട് ആ ചക്കരയാണ് ഇപ്പോഴും കനാലിന്‍പുറത്തെ ചാരായഷാപ്പിനു മുന്നില്‍ ഏകാഗ്രമായി ഓംലെറ്റ്  അടിച്ചുകൊണ്ട് നില്ക്കുന്നതെന്ന് കണ്ടപ്പോള്‍ തോമുട്ടിക്ക് സംശയമായി. തന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിയോ? ഇങ്ങനെ കുടിക്കാനും കുടിയന്മാര്‍ക്ക് മുട്ട പൊരിച്ചുകൊടുക്കാനുമായി കര്‍ത്താവ് മരണമൊഴി മാറ്റിവെച്ച് ഒരുവനെ ജീവിതത്തിലേക്ക് ഇറക്കിവിടുമോ?

 

അജയനേം വിജയനേം കാത്തിരിക്കുന്നതിനിടയില്‍ മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്  ഒരു കാല്‍ക്കൂടി വലിച്ചുകേറ്റി തോമുട്ടി വീണ്ടും ചിന്തകളിലേക്കും ഭൂതകാലത്തിലേക്കും ഊളിയിടാന്‍ നിന്നു. അതിനു മുന്‍പ് ഒരു കാര്യം ശ്രദ്ധിച്ചു. കോളനിയിലുള്ളവരാണ് ഏറെയും അവിടെ വന്ന് ചാരായം മോന്തി പോകുന്നത്. അവരുടെയൊക്കെ കണ്ണില്‍ ചക്കരയുടെ അപ്പന് ഒരു ആരാധനാപാത്രത്തിന്‍റെ പരിവേഷമാണുള്ളത്. ഇരുവശത്തുനിന്നും മടക്കി മടക്കി വെക്കാവുന്ന ഇരുവാതിലുകള്‍ ഇരുഭാഗത്തേക്കും ചുരുട്ടി കെട്ടിനിര്‍ത്തിയിരിക്കുന്നു. ഉള്ളില്‍ കഷ്ടിച്ച് രണ്ടുമൂന്നാള്‍ക്കു നില്ക്കാനുള്ള സ്ഥലം ഒഴിച്ച് ബാക്കി ഭാഗം സൊസൈറ്റിയില്‍ കാഷ്യര്‍ ഇരിക്കുന്നതുപോലുള്ള വലക്കൂട്. വലക്കുള്ളില്‍ കുപ്പിയും ഗ്ലാസ്സും ഒരു കയ്യും കടന്നുപോകാന്‍ സൗകര്യത്തിലുള്ള  ദ്വാരം. വലക്കൂടിനുള്ളില്‍ കണക്കനുസരിച്ച് ഗ്ലാസ്സിലേക്ക് ചാരായം പകര്‍ത്തുന്ന ചക്കരയുടെ അപ്പന്‍. കരിങ്കല്ലില്‍ കാലികുപ്പി വീണുപൊട്ടി ചിളുതെറിക്കുന്നതുപോലെയായിരുന്നു അയാളുടെ ശബ്ദം.  സാവകാശം പറയുന്നത്, ശബ്ദത്തിന്‍റെ ഈ ഒരു സൗകുമാര്യം നിമിത്തം ചീത്തപറയുന്നതാണോ എന്നുപോലും തോന്നിക്കും. ഏതുപൊന്നു തമ്പുരാനായാലും ചക്കരയുടെ അപ്പനില്‍ നിന്ന് കടംവാങ്ങി കുടിച്ചിട്ടില്ല. ചോദിക്കുവാനുള്ള ധൈര്യവുമില്ല. കാഴ്ചക്ക് ഇത്തിരിയോളമേയുള്ളൂ. കണ്ണ് പിടിക്കില്ല. നീളമില്ലെങ്കില്‍ വണ്ണമെങ്കിലും വേണ്ടേ. അതുമില്ല. എന്നാല്‍ കുറവില്ലാത്ത ഒന്നുണ്ട്.  ചങ്കൂറ്റം. കൊലകൊമ്പന്‍ മദിച്ചുവന്നാലും നിന്നനില്പില്‍ നില്ക്കും. രൂപത്തിലും ഭാവത്തിലും എമണ്ടന്മാരായ  കേഡികള്‍ പോകുന്നിടത്ത് പുല്ലുമുളക്കില്ല. വെറുതെ സംസാരത്തിലേയും ശബ്ദത്തിലേയും പരുക്കനില്‍നിന്ന് ഉണ്ടാക്കിയെടുത്തതല്ല; അടിക്കേണ്ട സമയത്തൊക്കെ അടിച്ചു ജയിച്ചിട്ടുണ്ട്.  മഴപെയ്ത ഒരു സായാഹ്നത്തില്‍, ചാരായഷാപ്പ് മുടക്കമായ ഒരു ദിവസം സേവ്യാറുമായി ഒന്നും രണ്ടും പറഞ്ഞ് കോര്‍ത്തുവലിച്ചു. സേവ്യാറെ കണ്ടാല്‍ മുലപ്പാലു കുടിച്ചുവളര്‍ന്നവരാരും ഒരങ്കത്തിനു നില്ക്കില്ല. ഏഴടി നീളവും നൂറുകിലോ തൂക്കവും വരും. പക്ഷേ അടിപിടി ബഹളത്തില്‍ തൂക്കവും പൊക്കവുമൊന്നും ഒരു ഘടകമല്ലെന്ന് ചക്കരയുടെ അപ്പന്‍ തെളിയിച്ചു. സേവ്യാറിന്‍റെ ഒരടി മേത്തുകൊള്ളാതെ ഒഴിഞ്ഞുമാറിയതിനൊപ്പം ഇടയ്ക്കിടെ മുഷ്ടി ചുരുട്ടി സകല ശക്തിയുമെടുത്ത് തലങ്ങും വിലങ്ങും ഇടിച്ചു. അടികളൊന്നും കൊള്ളുന്നില്ലെങ്കിലും സേവ്യാര്‍ വീശുന്നത് സകലശക്തിയുമെടുത്ത് വായുവിലൂടെയാണല്ലോ. പോരാത്തത്തിന് ഇടയ്ക്കിടെ മര്‍മ്മത്ത് കിട്ടുന്നുമുണ്ട്. അവസാനം തളര്‍ന്നവശനായ സേവ്യാര്‍ തോന്നിയിടത്തു കിടന്നു തോല്‍വി സമ്മതിച്ചു. ആ ഒരടിപിടി മാത്രം മതി ചക്കരേടപ്പന്‍റെ റൗഡി ചരിത്രമെഴുതി പിടിപ്പിക്കാൻ . 

 

തോമുട്ടി ഓംലെറ്റടിച്ചു നില്‍ക്കുന്ന ചക്കരയെ ആകെയൊന്നു നോക്കി. അവനും അപ്പന്‍റെ രൂപത്തില്‍നിന്ന് വലിയ വ്യത്യാസമില്ല. അഞ്ചടിമാത്രമുള്ള ഒരു ഗുളികനാണ് അവനും. അതിനൊത്ത തടിയും. നല്ല വെളുത്ത നിറവും തുടുത്ത തുങ്ങിയ കവിളുകളും. സമൃദ്ധമായ മുടി പിറകിലേക്കിട്ടിരിക്കുന്നു. ഇടത്തേകണ്ണ് വല്ലപ്പോഴുമൊരിക്കല്‍ അസാധാരണമായി ഒന്നുവെട്ടി മുകളിലേക്കു കയറിപോകുന്നു. പഴയ ദുരന്തത്തിന്‍റെ ആഘാതം ശരീരത്തെ എളുപ്പമൊന്നും വിട്ടുപോകുന്ന മട്ടില്ല. കാഴ്ചയ്ക്ക് സുന്ദരന്‍ തന്നെ. അപ്പനെപ്പോലെ ശബ്ദത്തില്‍ തീപ്പൊരിയും പരുപരുപ്പും ഇല്ലാത്തതു ഭാഗ്യം. തോമുട്ടിക്ക് ഇതൊന്നുമായിരുന്നില്ല ചക്കരയോട് ബഹുമാനം ഉണ്ടാകാന്‍ കാരണം. ചക്കരയുടെ അസാമാന്യ ധൈര്യം തന്നെ. അതൊട്ടും അപ്പനേക്കാള്‍ കുറവല്ല. സ്കൂളില്‍, പത്താംക്ലാസ്സിലെ മേട്ടകള്‍ പോലും ചക്കരയെ തല്ലി ജയിച്ചിട്ടില്ല. അവരെല്ലാം ഒരകലം പാലിച്ചു. ചെക്കനേക്കാള്‍ ഗജപോക്കിരിയായ അപ്പനെയാണ് ടീച്ചര്‍മാര്‍ പേടിച്ചത്. എന്തെങ്കിലും പുലിവാല് ചെക്കനുമായുണ്ടാക്കി വിട്ടാല്‍ ചോദിക്കാന്‍ അപ്പന്‍ വരുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് അറിഞ്ഞുകൊണ്ടാരും ചക്കരയെ നന്നാക്കാന്‍ നിന്നില്ല. ടീച്ചേഴ്സ് മീറ്റിങ്ങുകളില്‍ പത്താംതരം വരെ ജയിപ്പിച്ചുവിടേണ്ട വിരുതന്മാരില്‍ ഒന്നാമത് ചക്കരയായിരുന്നു. വെറുതെ തോല്പിച്ചിട്ട് സ്കൂളിന് ഭാരമാക്കേണ്ട. പത്തില്‍ തോറ്റാലും ജയിച്ചാലും സ്കൂളില്‍നിന്ന് വിട്ടുപോകുമല്ലോ. ആ ശുഭ പ്രതീക്ഷയില്‍ തോല്‍വിയെന്തെന്നറിയാതെ, പത്താംക്ലാസ്സിലെത്തിയ ചക്കര, കാര്യമായ മാര്‍ക്കൊന്നും വാങ്ങാതെ തോറ്റ് തുന്നംപാടി സ്കൂളില്‍ നിന്നും പുറത്തായി. അപ്പനാകട്ടെ, മകന്‍റെ തോല്‍വിയില്‍ ആരെ തെറിപറയണമെന്നറിയാതെ പകച്ചുനിന്നു. ടീച്ചേഴ്സ് കമ്മറ്റി രൂപീകരിച്ച ആ ഗ്രൂപ്പില്‍ വേണമെങ്കില്‍ തോമുട്ടിയും ഉള്‍പ്പെടുമായിരുന്നു. അതിനു മുന്‍പേ സ്വമേധയാ സ്കൂള്‍ വിട്ടവന്‍ പോയല്ലോ. കളിയാക്കുന്നതില്‍ ചക്കരയും ഒട്ടുംമോശമല്ലായിരുന്നു. നാടുവിട്ടുപോയപ്പോള്‍ ഉണ്ടാക്കിയ വിടവില്‍ ‘കൂരിമണ്ട’ മറന്നവരുടെ കൂട്ടത്തില്‍ ചക്കരയും പെട്ടു. അത് വലിയ ഒരു അനുഗ്രഹമായി. പക്ഷേ കഴിഞ്ഞുപോയ കാലത്തിനൊത്ത്, ജീവിതത്തിലെ നിഴലും വെളിച്ചവും കയറിയിറങ്ങിവന്ന ദുരിത ദിനങ്ങളില്‍ തോമുട്ടി ഒന്നു തിരിച്ചറിഞ്ഞിരുന്നു. ആ ഒരു പേരൊന്നും ജീവിത ദുരിതങ്ങളെ കരയിക്കാനോ വിഷമിക്കാനോ പോന്നതല്ല എന്ന്. ആ ഒരു പേരിന്‍റെ പേരില്‍ സ്കൂള്‍വിട്ട് താന്‍ എന്തുകൊണ്ട് പുറത്തുപോയെന്ന് എത്ര ആലോചിച്ചു നെടുവീര്‍പ്പിട്ടിട്ടും അവനു പിടികിട്ടിയില്ല. തോമുട്ടി ഒരു കാലുംകൂടി അണ്ണാക്കിലൂടെ കടത്തിവിട്ടു. ലഹരി ഇറങ്ങുന്നതനുസരിച്ച് കേറ്റിക്കൊണ്ടിരിക്കണം. എന്നാലേ രസമുള്ളൂ.

 

ലഹരിയും ചിന്തകളുമൊക്കെ താഴ്ന്ന്, ബാക്കിയൊന്നുമില്ലാതാകുമ്പോള്‍ എവിടുന്നെങ്കിലും തോമുട്ടി കൊണ്ടുവന്നു വിറ്റ കോയമ്പത്തൂര്‍ ബൈക്കിന്‍റെ ശബ്ദം കേള്‍ക്കും. അപ്പോള്‍ വീണ്ടും ഭൂതകാലത്തിലെ ഓര്‍മ്മകളുടെ ഒരു വന്‍കാട്ടിലേക്ക് അടുത്തൊന്നും തിരിച്ചുവരാത്ത വിധം തോമുട്ടി വേട്ടക്കിറങ്ങും. പലപ്പോഴും ചക്കരയും അപ്പനും ഷാപ്പടച്ചിറങ്ങുമ്പോഴാണ് അവനെ തട്ടിപിടിച്ച് കോയമ്പത്തൂരില്‍ നിന്ന് വിളിച്ചുകൊണ്ടുവരിക. റോഡിനപ്പുറത്തെ ആലിന്‍ചുവട്ടില്‍ പെയിന്‍റടിച്ച് കുട്ടപ്പനായി ഇരിക്കുന്ന, രണ്ടാംതവണ വന്നപ്പോള്‍ ചക്കര തന്നില്‍നിന്ന് വാങ്ങിയ രാജ്ദൂതില്‍ നോക്കിയിരുന്ന് തോമുട്ടി കോയമ്പത്തൂരിലേക്കുള്ള ചാനല്‍ ട്യൂണ്‍ ചെയ്യും നേരമാണ് കനാലിന്‍പുറത്തുനിന്നും അജയനും വിജയനും ഇറങ്ങിവരുന്നത്. ചക്കരയുടെ ഇടനിലയില്‍ സംഗതി കേട്ടപ്പോള്‍ അവര്‍ തയ്യാര്‍. ചാരായം കുടിക്കാനുള്ള കാശെല്ലാം തീര്‍ന്നൊട്ടി നാളെ തൊട്ട് എന്തുപണിക്കിറങ്ങുമെന്ന് ആലോചിക്കുംനേരമാണ്, തോമുട്ടിയുടെ മെക്കാനിക്കല്‍ ഹോസ്പിറ്റലില്‍ ഹെല്‍പ്പര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്ന കാര്യം അവരറിഞ്ഞത്. തീരുമാനിച്ചുറക്കാന്‍ അവര്‍ക്ക് രണ്ടുവട്ടം ആലോചിക്കാനൊന്നുമില്ലായിരുന്നു. 

 

തുടരും…

 

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com