ADVERTISEMENT

മന്യയുമായുള്ള കൂടിക്കാഴ്ച

 

എന്റെ ഹൃദയമിടിപ്പു കൂടിക്കൊണ്ടിരുന്നു. മദ്യപിച്ചിട്ടില്ലെങ്കിലും എന്റെ കൈകാലുകൾ അനിയന്ത്രിതമായി വിറക്കുന്നുണ്ടായിരുന്നു. മെല്ലെ വാതിൽ തുറന്നു സാധാരണ പോലെ പുറത്തേക്ക് നോക്കിയ മന്യ എന്നെ

കണ്ടതും ഞെട്ടി വിറച്ചു.

 

‘‘എടാ എന്റെ അനിയത്തിയെ ശ്വാസം മുട്ടിച്ചു കൊന്നതും പോരാ, ഇപ്പോൾ തനിക്ക് എന്നെയും ഇല്ലാതാക്കണം അല്ലേ? ഞാനിപ്പോ പൊലീസിനെ വിളിക്കും. മര്യാദക്ക് പോ’’, മന്യ വല്ലാത്ത ദേഷ്യത്തിലായിരുന്നു, അവൾ പൊട്ടിത്തെറിച്ചു.

ഞാൻ കഴിയുന്നത്ര വിനയത്തോടെ ‘‘ഒന്ന് പറഞ്ഞോട്ടെ, പ്ലീസ്,’’ എന്നു യാചിച്ചു. എന്റെ അപേക്ഷ തള്ളിക്കളഞ്ഞ് അവൾ വീണ്ടും എന്നോടു കയർത്തു സംസാരിച്ചു. ‘‘കടന്നു പോ’’ എന്ന് അട്ടഹസിച്ചു.

 

ഇനി ഇവളോട് നേരായ രീതിയിൽ സംസാരിച്ചിട്ടു കാര്യമില്ല എന്നെനിക്കു മനസ്സിലായി. ഞാനവളെ അകത്തേക്ക് ഉന്തി, മുറിയ്ക്കകത്തു തറയിലേക്കു വീഴ്ത്തി. ഞാനും അകത്തു കടന്നു, വാതിൽ കുറ്റിയിട്ടു. ഞാനവളെ രൂക്ഷമായി നോക്കി. അവൾ വീണിടത്തു കിടന്നു വീണ്ടും ബഹളമുണ്ടാക്കുകയായിരുന്നു. അടുത്തുള്ള ഫ്ലാറ്റുകാരറിഞ്ഞാൽ എനിക്കു പുലിവാലാകും. ഞാൻ പോക്കറ്റിൽനിന്നു ചെറിയൊരു തോക്കെടുത്ത് അവൾക്കു നേരെ ഉന്നം പിടിച്ചു. സത്യം പറഞ്ഞാൽ അതു വരുന്ന വഴി ഒരു ടോയ് ഷോപ്പിൽനിന്നു ഞാൻ വാങ്ങിച്ചതാണ്! പക്ഷേ കണ്ടാൽ, തോക്കിനെക്കുറിച്ചൊന്നും കാര്യമായറിയാത്തവർക്ക് ഒറിജിനൽ എന്നു തന്നെ തോന്നിപ്പോകും.

അതു കണ്ടതും അവൾ നിശ്ശബ്ദയായി. ദീർഘശ്വാസം വലിച്ച്, ഇടയ്ക്കിടെ കണ്ണുകൾ നാനാവശത്തേക്കും ഉരുട്ടി ആകെ വിറച്ചു കിടക്കുന്ന മന്യയുടെ അവസ്ഥ ദയനീയമായിരുന്നു.

 

ജീവിതത്തിലാദ്യമായി ഒരാൾ എന്നെക്കണ്ട് പേടിക്കുകയാണ്. ഓർത്തപ്പോൾ ചിരി വന്നെങ്കിലും ഞാനതു പ്രകടിപ്പിച്ചില്ല. ഇപ്പോൾ ഞാൻ എന്തു പറഞ്ഞാലും ഇവൾ കേൾക്കും. ഇരയെ വരുതിയിലാക്കാനുള്ള വേട്ടക്കാരന്റെ ടെക്നിക്ക്; അതു മാത്രമാണ് എന്റേത്.

 

അവൾക്കടുത്തേക്ക് ഒരു കസേര വലിച്ചിട്ട്, അതിലിരുന്ന് ശബ്ദം നേരയാക്കി ഞാൻ പറഞ്ഞു തുടങ്ങി:

 

‘‘നിങ്ങളുടെ അനിയത്തി മാൻവിയെ ഞാൻ ഇതുവരെ കണ്ടിട്ടു പോലുമില്ല. പക്ഷേ ഒരു ദിവസം ഞാൻ പെട്ടെന്നവളുടെ കൊലപാതകിയായി. ചെയ്യാത്തൊരു തെറ്റിനു ഞാൻ ലോക്കപ്പിൽ കിടക്കേണ്ടി വന്നു. കെ.കെ. എന്ന മനുഷ്യനെ തേടിയുള്ള യാത്രയിൽ എന്റെ ജീവിതത്തിൽ ഞാൻ പോലും പ്രതീക്ഷിക്കാത്ത പല സംഭവങ്ങളാണ് നടന്നത്. എന്റെ ചോദ്യങ്ങൾക്ക് ഇവിടെ ഉത്തരങ്ങളുണ്ടെന്നാണ് എന്റെ വിശ്വാസം. ദയവു ചെയ്ത് ഞാനുമായി സഹകരിക്കണം,’’ അതൊരു അപേക്ഷയായിരുന്നില്ല. ഒരു താക്കീതായിരുന്നു.

 

ഇപ്പോൾ അവൾ ഒന്നടങ്ങിയിട്ടുണ്ട്. അവളോട് ഞാൻ തറയിൽ നിന്ന് എഴുന്നേറ്റ് സോഫയിലേക്കിരിക്കാൻ തോക്ക് ചൂണ്ടിക്കൊണ്ട് ആംഗ്യം കാണിച്ചു. യാതൊരു ശൗര്യവും കാട്ടാതെ മന്യ സോഫയിലേക്കിരുന്നു. അവരെ കൂടുതൽ ഭയപ്പെടുത്തേണ്ട എന്നു കരുതി ഞാൻ തോക്ക് പോക്കറ്റിലൊളിപ്പിച്ചു.

 

‘‘എനിക്കെല്ലാം അറിയണം. യഥാർഥ കൊലപാതകിയെ കണ്ടെത്താൻ അതു സഹായിച്ചേക്കും, നിങ്ങളുടെ സിസ്റ്ററിന്റെ ശരിക്കുമുള്ള ജോലി എന്തായിരുന്നു?’’ ഞാനെന്റെ ആദ്യത്തെ ചോദ്യം അവർക്കു നേരെ എയ്തു. ഇപ്പോൾ വളരെ പാവമായി പേടിച്ചിരിക്കുകയാണ് മന്യ. ഞാൻ അവളെ തുറിച്ചു നോക്കിക്കൊണ്ട് കൂട്ടിച്ചേർത്തു. ‘‘അവൾ ശരിക്കും നിങ്ങളുടെ കൂടെ ഫെമിനയിൽ ജോലി ചെയ്യുകയായിരുന്നോ?’’

 

ഒരു നിമിഷം മിണ്ടാതിരുന്നിട്ടാണ് മന്യ എനിക്ക് മറുപടി തന്നത്: ‘‘നിങ്ങൾ പറഞ്ഞതു ഞാൻ വിശ്വസിക്കുന്നു. നിങ്ങളല്ല കൊലയാളിയെന്നും ഞാൻ വിശ്വസിക്കാം. അവളെ കൊന്നവരെ എനിക്കു കണ്ടു പിടിക്കണം.’’ മന്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാൻ അവളെ കരയാനനുവദിച്ചു. ഏതാനും മിനിറ്റുകൾക്കു ശേഷം മുഖം തുടച്ചിട്ട് അവൾ പറയാൻ തുടങ്ങി, ‘‘അവൾ, മാൻവി ശരിക്കും ഫെമിനയിൽ ഉണ്ടായിരുന്നില്ല. വല്ലപ്പോഴും അവിടെ വന്നിട്ടുണ്ടെന്നല്ലാതെ. ഞങ്ങൾ ഒരേ പോലെയായതുകൊണ്ട് സ്റ്റാഫിനൊന്നും അതറിയില്ലായിരുന്നു. അവളൊരു ഓൺലൈൻ ജേണലിൽ വർക്ക് ചെയ്യുകയായിരുന്നു – സിറ്റി ടൈംസ്. ജേണലിസ്റ്റാവുകയെന്നത് അവൾക്ക് ക്രേസായിരുന്നു,’’ മന്യ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു.

 

കെ.കെയുടെ നോവലുകൾ പ്രസിദ്ധീകരിക്കുന്നത് സിറ്റി ലൈഫ് എന്ന ഓൺലൈനിലാണല്ലോ എന്നു ഞാനോർത്തു. എന്നാൽ മാൻവി ജോലി ചെയ്തിരുന്നത് സിറ്റി ടൈംസിലും. മാൻവി എന്തിനാകും സിറ്റി ടൈംസിൽ

കെ.കെയുടെ നോവലുകൾ പ്രസിദ്ധീകരിക്കാതെ സിറ്റി ലൈഫിലേക്ക് അവ നൽകിയിട്ടുണ്ടാകുക? ആ ചോദ്യം, കുഴയ്ക്കുന്ന മറ്റു പല ചോദ്യങ്ങളുടെയും കൂട്ടത്തിലേക്ക് കാലെടുത്ത് വെച്ച് കേറിയിരിക്കുകയാണ്.

 

എന്റെ അടുത്ത ചോദ്യത്തിനു മുൻപായി ഞാനൽപം വെള്ളം അടുക്കളയിൽനിന്നു മന്യക്ക് എടുത്ത് നൽകി. അവർ അത് മുഴുവനും കുടിച്ചു തീർത്തു. ഞാൻ എന്റെ ശൗര്യം കുറയ്ക്കും തോറും അവരുടെ പേടി കൂടി വരികയാണ്. ഞാൻ അവരെ ആശ്വസിപ്പിച്ച് ശാന്തയാകാൻ ആവശ്യപ്പെട്ടു. ഞാൻ ദേഹോപദ്രവം 

ഏൽപ്പിക്കുന്നില്ല എന്ന് കണ്ടാകണം അവർ പിന്നീടുള്ള ചോദ്യങ്ങൾക്ക് ഭയമില്ലാതെ മറുപടി പറയാൻ തുടങ്ങി.

 

‘‘നിങ്ങളുടെ അനിയത്തിക്ക് അവസാനമായി എപ്പോഴാണ് ഒരു കൊറിയർ വന്നത്?’’ ആകാംക്ഷയും അക്ഷമയും നിറഞ്ഞിരുന്നു എന്റെ വാക്കുകളിൽ. ഒരൂഹം വെച്ച് ഞാൻ ചോദിച്ച ചോദ്യമായിരുന്നു അത്. കെ.കെ. തന്റെ നോവൽ ഭാഗങ്ങൾ അവൾക്ക് കൊറിയർ ചെയ്യുകയായിരിക്കും എന്നായിരുന്നു എന്റെ തോന്നൽ.

മന്യ ഓർത്തെടുക്കാൻ പാടുപെട്ടു. അവൾ പറഞ്ഞു: ‘‘മാൻവിയെ കാണാതായ ദിവസം വൈകിട്ട് അവൾക്ക് ഒരു കവർ വന്നിരുന്നു. കമ്പനിമേടിൽ നിന്നുമായിരുന്നു അത്. ഞാനാണത് ഒപ്പിട്ടു വാങ്ങിയത്. അതാണെനിക്കാ സ്ഥലപ്പേര് ഓർമ.’’

 

കമ്പനിമേട്. അങ്ങനെ ഒരു സ്ഥലത്തെക്കുറിച്ച് ഞാൻ ഇതിന് മുൻപ് കേട്ടിട്ടില്ല. എന്തായാലും ഈ ലൊക്കാലിറ്റിയിൽ പെട്ട സ്ഥലമല്ല അത് എന്ന് എനിക്കുറപ്പായി.

‘‘ശരി, കമ്പനിമേടിൽ നിന്നും മാൻവിക്ക് വന്ന കവർ എന്തായിരുന്നു?’’ എന്റെ ചോദ്യം കേട്ട ഉടനെ അവൾ മറുപടി പറഞ്ഞു: ‘‘അത് അവൾക്ക് ഒഫീഷ്യലായി വന്നതായിരുന്നു. ഞാനതു ശ്രദ്ധിച്ചില്ല. പക്ഷേ ഇന്നലെ

അവളുടെ കൊളീഗ് മാത്യൂസ് എന്ന ഒരാൾ അതു വാങ്ങിക്കൊണ്ടു പോയി.’’

‘‘ഈ മാത്യൂസ് സിറ്റി ലൈഫിലല്ലേ വർക്ക് ചെയ്യുന്നത്? മാൻവിയുടെ കൊളീഗായിരിക്കില്ലല്ലോ അയാൾ?’’

‘‘അതേ!’’ വല്ലാത്ത അത്ഭുതത്തോടെ മന്യ എന്റെ വാക്കുകളെ ശരിവെച്ചു. ‘‘പക്ഷേ അവർ ക്ലോസ് ഫ്രണ്ട്സായിരുന്നു. ചാനൽ കാര്യങ്ങളെക്കുറിച്ചെല്ലാം എപ്പോഴും സംസാരിക്കുന്നതു കേൾക്കാം ,രണ്ടാളും രണ്ടു സ്ഥാപനങ്ങളിലാണെന്നു പോലും ഞാൻ മറന്നു പോയിരുന്നു.’’

 

എത്രയും പെട്ടെന്ന് സിറ്റി ലൈഫിന്റെ ഓഫീസിലേക്ക് ചെല്ലണം. മാത്യൂസിനെ കണ്ടു പിടിക്കണം. അയാൾക്ക് കെ.കെയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയണം.

 

ഞാൻ മന്യയോട് വീണ്ടും കാണണമെന്നും സഹകരിക്കണമെന്നും പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി. ലിഫ്റ്റിൽ താഴേക്കിറങ്ങുമ്പോൾ പെട്ടെന്ന് എന്റെ ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷൻ വന്നു.

സിറ്റി ലൈഫിൽ നിന്നാണ്: ‘പുതിയ നോവൽ തുടങ്ങുന്നു. ഒരാരാധകന്റെ യാത്ര, അതാണ് നോവലിന്റെ പേര്.’

കൗതുകത്തോടെ എഴുത്തുകാരന്റെ പേരെന്തെന്ന് ഞാൻ നോക്കി; റിട്ടൺ ബൈ കെ.കെ.

ഞാൻ ഞെട്ടിത്തരിച്ചു.

 

(തുടരും)

 

English Summary:  KK Chila Anweshana Kurippukal E - novel written by Swarandeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com