ADVERTISEMENT

കാഴ്ചക്കോണുകൾ പലത്

 

ആനക്കല്ലിലെ വീട് അതിഥി സൽക്കാരം കൊണ്ട് എന്നെ വീർപ്പുമുട്ടിച്ചു. ബേക്കറിയിൽ നിന്നു വാങ്ങിക്കൂട്ടിയ പലഹാരങ്ങളായിരുന്നില്ല, ഒന്നും. ലീനച്ചേച്ചിയുടെ അമ്മ മികച്ചൊരു പാചകക്കാരിയാണെന്നും ‘സോനാ ഫു‍ഡ്സ്’ എന്ന പേരിൽ വറുത്തുപ്പേരിയും അവലോസുണ്ടയും അവൽ വിളയിച്ചതുമൊക്കെ മാർക്കറ്റിൽ വിൽക്കുന്നുണ്ടെന്നും അറിഞ്ഞതു വൈകി. അച്ചപ്പവും കുഴലപ്പവുമൊക്കെയായി വലിയൊരു പൊതി നിർബന്ധിച്ചു തന്നാണ് യാത്രയാക്കിയത്.

 

‘‘വീട്ടിൽ ചെന്നാൽ എന്താ ബന്ധുക്കളോടു പറയാൻ പോകുന്നത്?’’

ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ലീനച്ചേച്ചി കള്ളച്ചിരിയോടെ ചോദിച്ചു.

‘‘അഹങ്കാരിച്ചേച്ചിയാണെന്ന്....’’ ഞാൻ ചിരിച്ചു.

‘‘ഇത്തിരി അഹങ്കാരം ഇല്ലാതില്ല കേട്ടോ. അതുകൊണ്ട് അവിടെ ആരു നോ പറഞ്ഞാലും അഹങ്കാരി അങ്ങെത്തും...അതു മറക്കണ്ടാ....’’ ചേച്ചി കവിളു വീർപ്പിച്ച് കുസൃതികട്ടി,‘‘അമ്മയോട് അന്വേഷണം പറയണം.’’

 

ഞാൻ യാത്ര പറഞ്ഞുപിരിഞ്ഞു. എത്ര ഹൃദ്യമാണ് ആനക്കല്ലുകാരുടെ പെരുമാറ്റം! നോക്കിലും വാക്കിലും സത്യസന്ധതയുടെയും ആത്മാർഥതയുടെയും തിളക്കം. ഒരിക്കലും എന്റെ വീട്ടുകാർക്കിതു പരിശീലിക്കാൻ പോലുമാവില്ല. മുഖത്തുനോക്കി ഒന്നും മാറിനിന്നു മറ്റൊന്നും പറയുന്ന ജനിതകമാണു ഞങ്ങളുടേത്. ഒരാളെപ്പറ്റിയും നല്ലതു പറയാനറിയാത്ത എന്റെ അമ്മാവന്മാരും കുഞ്ഞമ്മമാരുമെല്ലാം എന്തു ചെയ്യും? ആനക്കല്ലിന്റെ ചരിത്രത്തിന്റെ അടിത്തറമാന്തി എന്തെങ്കിലും കണ്ടുപിടിക്കാതെ അവർക്കു പിടിച്ചുനിൽക്കാനാവില്ല.

കവലയിൽ മാടക്കടയുടെ മുന്നിലെത്തിയപ്പോൾ വീട്ടുകാര്യസ്ഥനെപ്പോലെ രമേശൻ ചേട്ടൻ വരാന്തയിലിരിക്കുന്നതുകണ്ടു. മുരടനായ കടയുടമയുമായി ഇത്രവേഗം കൂട്ടായതെങ്ങനെയെന്നു ഞാൻ വിസ്മയിച്ചു.

 

‘‘എങ്ങനുണ്ടെടോ, നിന്റെ ചേട്ടത്തിയമ്മ?’’

ചോദ്യം തെല്ലുച്ചത്തിൽ തന്നെയായിരുന്നു. ലീനച്ചേച്ചിയുടെ അമ്മയുടെ മുഖത്തെ പേടി എന്റെ മുഖത്തേക്കും പകർന്നു. കരയാൻ തുടങ്ങുന്ന കുഞ്ഞിന്റെ മുഖമുള്ള കടക്കാരൻ, എല്ലാമറിഞ്ഞവനെപ്പോലെ കള്ളച്ചിരി ചിരിച്ച്, എന്നെ നോക്കി തലകുലുക്കി.

 

‘‘കേറ്...’’

വണ്ടി ചരിച്ചുനിർത്തി ഞാൻ ഗൗരവത്തോടെ പറഞ്ഞു.

‘‘സാഹിത്യകാരൻ ദേഷ്യത്തിലാണെന്നു തോന്നുന്നല്ലോ,’’ രമേശൻ ചേട്ടൻ ചുമലിൽ കൈവച്ചു, ‘‘പിണങ്ങണ്ടാ. ഞാൻ മന:പൂർവം വഴക്കിട്ടു വരാഞ്ഞതാ.’’

‘‘എന്തിന്?’’

‘‘നീ എന്റെ കോലം കണ്ടില്ലേ? രണ്ടുവഴിക്കു നോക്കുന്ന കണ്ണുകൾ. രൂപോം ആകൃതീം ഇല്ലാതെ കൈയും കാലും. ഇത്രയും വൃത്തികെട്ട ശരീരവും വച്ചുകൊണ്ട്, ഒരു നല്ലകാര്യത്തിന് ആദ്യമായി ഒരു വീട്ടിലേക്കു കയറിച്ചെന്നാൽ അവർക്ക് എന്തുതോന്നും? അതൊഴിവാക്കാമെന്നു കരുതി.’’

‘‘രമേശൻ ചേട്ടാ...’’ എന്റെ ശബ്ദമിടറി.

 

‘‘നീയും നിന്റെ ചേട്ടനുമൊന്നും ഇങ്ങനെ ചിന്തിക്കില്ലായിരിക്കും. പക്ഷേ, മറ്റുള്ളോരങ്ങനെയാവില്ല. ഇപ്പോ നീ വിചാരിക്കും, ഇതു മനസ്സിലുണ്ടെങ്കിൽ പിന്നെ പോരാതിരിക്കാമായിരുന്നില്ലേ എന്ന്. പക്ഷേ, അങ്ങനെ ചെയ്താൽ നിന്റെ ചേട്ടനു വിഷമമാവും. അവന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യത്തിനു സഹായം ചോദിച്ചപ്പോൾ ഞാൻ മുഖം തിരിച്ചെന്ന പരാതി ഒരിക്കലും തീരില്ല.’’

 

‘‘രമേശൻ ചേട്ടൻ വണ്ടീൽ കേറ്.’’

 

കണ്ണുനിറയാതിരിക്കാൻ ഞാൻ പണിപ്പെട്ടു. എത്രയെല്ലാം ആലോചിച്ചുകൂട്ടുന്നുണ്ട് ഈ പാവം മനുഷ്യൻ എന്നോർത്ത് വണ്ടി പറപ്പിക്കുമ്പോൾ എത്രയും വേഗം കയ്യോറ്റിക്കര പിന്നിടുകയായിരുന്നു എന്റെ ലക്ഷ്യം. വരും വഴി, നഗരത്തിന്റെ അതിർത്തിയിൽ ഒരു കള്ളുഷാപ്പ് ഞാൻ കണ്ടുവച്ചിരുന്നു. ബദാംമരം പച്ചക്കുടപിടിച്ച ഷാപ്പിന്റെ മുറ്റത്ത് വണ്ടി നിർത്തിയപ്പോൾ രമേശൻ ചേട്ടൻ ചിരിച്ചു.

‘‘ഇത്രയും ആതിഥ്യ മര്യാദ നിനക്കുണ്ടെന്നു കരുതിയില്ല കേട്ടോ.... റബേക്ക ടീച്ചറെ പറ്റിച്ചുണ്ടാക്കുന്ന കാശ് ഇഷ്ടംപോലെ കൈയിലുണ്ടായിരിക്കുമല്ലേ...’’

‘‘കൂടുതൽ ഡയലോഗ് വിടാതെ കേറിവാ...’’

 

നിലത്തുകൂടി ഇഴയുന്ന കാലുകളെ വരുതിക്കു നിർത്താൻ ശ്രമിച്ച്, വള്ളിപോലുള്ള കൈ എന്റെ കൈയിൽ ചുറ്റി രമേശൻ ചേട്ടൻ തണുത്ത നിശബ്ദതയിലേക്കു കയറി. മൂലയിലെ ബെഞ്ചിലിരുന്ന് കപ്പയും മീനും കഴിക്കുന്ന വൃദ്ധനല്ലാതെ മറ്റാരും അകത്തുണ്ടായിരുന്നില്ല. കള്ളിനും കപ്പയ്ക്കും നിർദേശം നൽകി ഞാൻ ആടുന്ന ബെഞ്ചിലിരുന്നു.

 

‘‘ഞാൻ പറഞ്ഞതു നിനക്കു വിഷമമായോ?’’ബെഞ്ചിലേക്കു നിരങ്ങിക്കയറിയിരുന്ന രമേശൻ ചേട്ടൻ എന്റെ കൈപ്പടത്തിൽ കൈവച്ചു, ‘‘ഒരുപാട് മോശം അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ടെടാ. ഒരു നല്ല കാര്യത്തിനുപോവുമ്പോ അവലക്ഷണം പിടിച്ചതുങ്ങളേംകൊണ്ടാണോ വരുന്നതെന്ന് എന്നെ അടുത്തുനിർത്തി ചോദിച്ച കാരണവന്മാരുമുണ്ട്. ഇയാളോ എന്ന് അകത്തുനിന്നു മൂക്കത്തു വിരൽവച്ച പെണ്ണുങ്ങളുണ്ട്. അല്ലെങ്കിലും വീട്ടിൽ കയറിച്ചെല്ലാതെ നാട്ടിൽ ചുറ്റിത്തിരിയുന്നതാ കല്യാണക്കാര്യമൊക്കെ അന്വേഷിക്കാൻ ഏറ്റവും നല്ലത്. ’’

 

‘‘എന്തു കിട്ടി എന്നിട്ട്?’’

മുന്നിൽ കൊണ്ടുവച്ച കപ്പയിൽനിന്ന് ഒരുതുണ്ടെടുത്തു മീൻചാറിൽ മുക്കി നാവിൽ വയ്ക്കുമ്പോൾ ഞാൻ പരിഹാസത്തോടെ ചോദിച്ചു.

 

‘‘നല്ല വീട്ടുകാരാ... പേരുകേട്ട തറവാട്. ഇപ്പോ പണത്തിനിത്തിരി ഞെരുക്കമുണ്ട്. പക്ഷേ, ആ കൊച്ച് മിടുക്കിയാ. ബിസിനസ് ഒക്കെ അവളുടെ ബുദ്ധിയാ. പട്ടാളം മാത്യുവിന്റെ കുടുംബക്കാര് ഇത്തിരി കുഴപ്പക്കാരാ. പ്രശ്നമുണ്ടാക്കുവാണേൽ അവരേ ഉണ്ടാക്കൂ. പട്ടാളം മരിച്ചപ്പോ കിട്ടിയ പണത്തിന്റെ പേരിൽ ചില വാശീം വഴക്കുമൊക്കെ ഉണ്ട്. പിന്നെ ഇവരുടെ ഒരകന്ന ബന്ധു നമ്മടെ നാട്ടിലുണ്ട്. നീ നന്നായിട്ടറിയും.’’

‘‘അതാര്?’’

പത്രോസ് മാഷ്

‘‘ദൈവമേ... അല്ലെങ്കിൽതന്നെ എന്തൊരു അധികാരത്തിലാ അങ്ങേരു വീട്ടിൽ കേറിയിറങ്ങുന്നേ... ഇതുംകൂടി ആയാൽ...’’

 

‘‘അങ്ങനെ കരുതണ്ട. ചിലപ്പോ അങ്ങേരായിരിക്കും ഉപകരിക്കുന്നേ... ഈ വിവരമൊക്കെ വീട്ടിൽ കയറി കൊഴലപ്പോം കഴിച്ചോണ്ടിരുന്നാൽ കിട്ടുമായിരുന്നോടോ?’’

‘‘സത്യം...,’’ഞാൻ ചിരിച്ചു,‘‘എന്നാൽ നാട്ടുവഴിയിൽ നിന്നു കിട്ടാത്ത സുപ്രധാനമായ ഒരു വിവരം എനിക്കു കുഴലപ്പത്തിന്റെ കൂടെ കടിക്കാൻ കിട്ടി.’’

‘‘അതെന്താ?’’

കള്ളുകുടം വായിലേക്കു കമഴ്ത്തി രമേശൻ ചേട്ടൻ താഴെവച്ചു.

‘‘കുഞ്ഞാത്ത.’’

‘‘ഏത്? റബേക്ക ടീച്ചറുടെ വാലോ? അവളും ഇവരുടെ ബന്ധക്കാരാണോ?’’

 

‘‘അവരുടെ ആൽബത്തിൽ ഒരുത്തി. കണ്ടാൽ കുഞ്ഞാത്ത തന്നെ. പക്ഷേ, അന്വേഷിച്ചപ്പോൾ കുഞ്ഞാത്തയുടെ ഇരട്ടപെറ്റ ചേച്ചി ലൗലി. തിരിച്ചറിയാത്തത്ര സാമ്യം. കുഞ്ഞാത്തയുടെ ശരിക്കുള്ള പേര് ലില്ലീന്നാണത്രേ. ലില്ലീം ലൗലീം...കൊള്ളാം. അല്ലേ?’’

 

‘‘അവരുമായെന്താ ഇവർക്ക് ഇടപാട്?’’

‘‘അതൊരു കഥയാ.’’ 

രമേശൻ ചേട്ടന്റെ കള്ളുകുടം തീർന്നതറിഞ്ഞ് ഞാൻ ഒരു കള്ളും കപ്പയുംകൂടി പറഞ്ഞു.

 

‘‘പണ്ട് ആനക്കല്ലുകാരുടെ അയൽപക്കത്തായിരുന്നു കുഞ്ഞാത്തയുടെ വീട്. ഇരട്ടകൾ ഒരാളെത്തന്നെ കേറി പ്രേമിച്ചു. ഗൾഫിൽനിന്നു വന്ന ഒരു പുതുപ്പണക്കാരനെ. അയാളു ലൗലിയെ കെട്ടിയതോടെ കുഞ്ഞാത്തയ്ക്ക് ഭ്രാന്തുപോലായി. അവൾ ടൗണിലെ ഒരു സ്വർണക്കടക്കാരന്റെകൂടെ വീടുവിട്ടുപോയി. ഗൾഫുകാരൻ അധികകാലം ജീവിച്ചിരുന്നില്ല. കുഞ്ഞാത്ത കൂടോത്രം ചെയ്തതാന്നാ പറയുന്നേ. ലൗലി ഇപ്പോ ഏതോ മഠത്തിൽ കുശിനിപ്പണീമായിട്ടു കഴിയുകയാണത്രേ. അനിയത്തീമായിട്ട് ഒരടുപ്പോമില്ല.’’

‘‘കുഞ്ഞാത്തേടെ കെട്ടിയോനെവിടെ?’’

‘‘മരിച്ചു. അയാൾക്കെന്തോ അസുഖമായിരുന്നു.’’

‘‘കുഞ്ഞാത്തയെങ്ങനാ റബേക്ക ടീച്ചറുടെ കൈയിൽ വന്നു പെട്ടേ?’’

‘‘അതറിയില്ല. മൊത്തത്തിൽ ആ വീടുമായി ബന്ധപ്പെട്ടതെല്ലാം ദുരൂഹമാ.’’

‘‘ചേരേണ്ടത് ചേരേണ്ടിടത്തു ചെന്നു ചേർന്നൂന്നു വിചാരിച്ചാ മതി. അല്ലെങ്കിൽത്തന്നെ ജീവിതമെന്നു പറയുന്നതേ മൊത്തത്തിൽ ദുരൂഹമല്ലേടാ....’’

 

രമേശൻ ചേട്ടന്റെ നാവ് ഇഴഞ്ഞുതുടങ്ങുന്നതറിഞ്ഞ് ഞാൻ എഴുന്നേറ്റു. പുറത്ത് വെയിൽ നുരയിടുന്നുണ്ടായിരുന്നു. ഉച്ചച്ചൂട് ആവിപോലെ പൊന്തുന്നു. മാധവന്റെ കടയിലെത്തുന്നതുവരെ രമേശൻ ചേട്ടൻ കലപിലാ സംസാരിച്ചുകൊണ്ടിരുന്നു.. ഇടയ്ക്ക് ഹിന്ദിപ്പാട്ടും നാടൻപാട്ടുമൊക്കെ കേട്ടു. 

 

‘‘എടാ...ഞാനന്നു പറഞ്ഞത് മറന്നേക്ക്. നിന്റെ എഴുത്തിനു വേഗം കൂട്ടാൻവേണ്ടി ഒരു നമ്പരിട്ടതായിരുന്നു. നീയത് സീരിയസായി എടുക്കുമെന്നു വിചാരിച്ചില്ല.’’ 

മാധവന്റെ കടയിലേക്കു കയറുന്നതിനുമുൻപ് രമേശൻ ചേട്ടൻ എന്റെ കൈയിൽ പിടിച്ചു.

‘‘നീയൊരു നല്ല എഴുത്തുകാരനാ...അതിനുള്ള ഫ്ലേവർ നിനക്കുണ്ട്. ചേട്ടനു പെണ്ണുകാണാൻ പോവുമ്പോഴും നിന്റെ മനസ്സിൽ നോവലിലെ കഥയും കഥാപാത്രങ്ങളുമൊക്കെയാ... അതുകൊണ്ടു ധൈര്യമായെഴുത്... പിന്നെ, ഒരു കാര്യം ഓർത്തോണം...’’

 

രമേശൻ ചേട്ടന്റെ ചുണ്ടുകൾ എന്റെ കാതുകളെ തേടിവന്നു. ഞാൻ  തലതാഴ്ത്തിക്കൊടുത്തു.

‘‘ഏതു ഭാവനയെയും വെല്ലുവിളിക്കുന്നതാണു ജീവിതം. കഥാപാത്രങ്ങളെ ചെറുതായി കണ്ടോളൂ. പക്ഷേ, മനുഷ്യരെ ചെറുതായി കാണരുത്. നീ വിചാരിക്കുന്നതിനേക്കാൾ ഒരുപാടു വലുതായിരിക്കും അവരുടെ ലോകം. മനസ്സിലായോ?’’

മനസ്സിലായില്ലെങ്കിലും ഞാൻ തലകുലുക്കി. വയറ്റിൽ നുരയിടുന്ന കള്ളാണ് സംസാരിക്കുന്നതെന്ന് എനിക്കുറപ്പായിരുന്നു.

 

വീട്ടിൽ ചെല്ലുമ്പോൾ പത്രോസ് മാഷ് ഇറയത്തുതന്നെയുണ്ടായിരുന്നു. അമ്മ , പശുവിനു പുല്ലുചെത്താൻ പോയിട്ടുണ്ടാവും. അല്ലെങ്കിൽ തീർച്ചയായും അകത്ത് ആനയിച്ചിരുത്തിയേനേ. ആനക്കല്ലിൽ സംബന്ധമാലോചിക്കാൻ പോയത് അറിഞ്ഞിട്ടുള്ള വരവാണോ മാഷെന്നു ഞാൻ സംശയിച്ചു.

‘‘നീയാരാടാ കളക്ടറോ....?’’

വണ്ടി സ്റ്റാൻഡിൽ വയ്ക്കുന്നതിനുമുൻപേ പത്രോസ് മാഷിന്റെ വടിത്തുമ്പ് എന്റെ കുപ്പായക്കോളറിൽ കുടുക്കിട്ടു.

‘‘എന്തുപറ്റി മാഷേ?’’

‘‘എന്തു പറ്റീന്നോ? ഞാനിതെത്രാമത്തെ തവണയാ ഈ പടിചവിട്ടുന്നേന്നറിയാമോ? എപ്പോ വന്നാലും നിന്നെ കാണില്ല. നീ എനിക്കു പിടിതരാതെ മുങ്ങിനടക്കുവാന്നു പിന്നെയാ അറിഞ്ഞേ...’’

‘‘അയ്യോ. അതെന്തിനാ....’’

 

‘‘അതു നിനക്കല്ലേ അറിയൂ... എന്തുവന്നാലും നിന്നെ കണ്ടിട്ടേ മടങ്ങുന്നൊള്ളൂന്ന് ഒറപ്പിച്ചാ ഇന്നു വീട്ടീന്നെറങ്ങിയേ.... കർത്താവ് എന്റെ കൂടാടാ ചെക്കാ...’’

വിയർത്തൊട്ടിയ കുപ്പായം ഊരിയിടാൻ അകത്തെ മുറിയിലേക്കും കൈലി എടുക്കാൻ മുറ്റത്തേക്കും ഇറങ്ങുമ്പോൾ പത്രോസ് മാഷ് നിഴലുപോലെ എന്നെ പിന്തുടർന്നു. ഒരുവിധത്തിൽ മാഷിനെ വെട്ടിച്ച് ഞാൻ കുളിമുറിയിലേക്കോടി. മേലുകഴുകി മടങ്ങിവരുമ്പോൾ വീർത്തുകെട്ടിയ മുഖവുമായി പത്രോസ് മാഷ് കസേരയിൽ ചാരിയിരിപ്പുണ്ട്.

‘‘ഇനി പറ. എന്താ മാഷിനുവേണ്ടേ?’’

നനഞ്ഞ തോർത്ത് ജനാലയ്ക്കരികിലെ അയയിൽ വിരിച്ചശേഷം ഞാൻ കിടക്കയിലിരുന്നു.

‘‘അതിങ്ങെടുക്ക്.’’

മാഷ് കൈനീട്ടി.

‘‘എന്ത്?’’

‘‘റബേക്ക ടീച്ചറിന്റെ ജീവചരിത്രം.’’

‘‘അയ്യോ... മാഷേ, അതിവിടില്ല. ടീച്ചറുടെ വീട്ടിൽ കംപ്യൂട്ടറിലാണെഴുത്ത്.’’

മാഷ് എന്നെ ചുഴിഞ്ഞുനോക്കി.

‘‘അപ്പോ വായിക്കണമെങ്കിൽ എന്തുചെയ്യും?’’

‘‘പത്തേക്കറിൽ ചെല്ലുമ്പോ ടീച്ചറോടു ചോദിച്ചാൽ പോരേ?’’

‘‘നീയന്താ പൊട്ടൻ കളിക്കുവാണോ,’’മാഷ് കയർത്തു, ‘‘അവരോടു ചോദിച്ചാൽ തരുമെന്നു നീ വിചാരിക്കുന്നുണ്ടോ?’’ 

‘‘അതേയുള്ളൂ വഴി.’’

‘‘വായിക്കണ്ട. നീ പറഞ്ഞാൽ മതി. നിന്റെ മനസ്സിലില്ലേ എല്ലാം.’’

‘‘അവരു പറയുന്നു, ഞാനെഴുതുന്നു. അത്രേയുള്ളൂ. ഞാനറിയാത്ത ആളുകളും സന്ദർഭങ്ങളുമൊക്കയല്ലേ.... ഞാനതൊന്നും ഓർത്തുവയ്ക്കാറില്ല മാഷേ...’’

മാഷിന്റെ കണ്ണുകൾ കൂർത്തു. നെറ്റിയിൽ ചുളിവുകൾ തിരയിട്ടു. കസേര വലിച്ച് അരികിലേക്കിട്ട് മാഷ് എന്റെ ചുമലിൽ കൈവച്ചു.

‘‘എടാ എന്നെപ്പറ്റി എന്താ അതിൽ എഴുതിയേക്കുന്നേ...അ തെങ്കിലും ഒന്നു പറയ്...’’

‘‘മാഷിനെപ്പറ്റിയോ? അയ്യോ ഇതുവരെ ഒന്നുമില്ല.’’ 

‘‘അങ്ങനെ വരാൻ വഴിയില്ലല്ലോ... അവരുടെകൂടെക്കൂടി നീയും കള്ളത്തരം പഠിച്ചോ?’’

അവിശ്വാസം മാഷിന്റെ പുരികക്കൊടിയെ തോട്ടിപോലെ വളച്ചു. ജരയും നരയും നീരാളിപ്പിടിത്തം പിടിച്ച ഈ പ്രായത്തിലും പത്രോസ് മാഷിന് എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഇത്ര ആകാംക്ഷയെന്ന് എനിക്കു മനസ്സിലായില്ല.

 

‘‘സത്യം പറയാമല്ലോ കുഞ്ഞേ,’’ പത്രോസ് മാഷ് ഇന്നുവരെ കാണാത്ത മുഖഭാവത്തോടെ എന്റെ ഇരുകൈകളിലും പിടിച്ചു, ‘‘എനിക്കു പേടിയാ അവരെ.’’

‘‘അതെന്തിനാ പേടി?’’

‘‘പേടിക്കേണ്ടതായിട്ട് ഒരുപാടു കാര്യങ്ങളുണ്ട്. അവരുമായിട്ട് കൂടുതൽ ഇടപഴകുമ്പോ നിനക്കും അതു മനസിലാകും. എഴുതിക്കഴിയട്ടെ. എന്നിട്ടു ഞാൻ വിശദമായി പറയാം. അവർ എന്തെല്ലാം പറയുമെന്നു നോക്കട്ടെ. എല്ലാം തുറന്നു പറയുമെന്ന് എന്തായാലും എനിക്കു തോന്നുന്നില്ല.’’

‘‘മാഷിന്റെ സുഹൃത്തല്ലേ ടീച്ചർ?’’ 

‘‘സുഹൃത്താക്കാൻ പറ്റിയ ആൾ...,’’വയ്പ്പുപല്ലുകൾ കൂട്ടിയുരുമ്മുന്നതു ഞാൻ കേട്ടു,‘‘ചില കെട്ടുപാടുകൾ... അങ്ങനെ കരുതിയാ മതി.’’

 

മാഷ് കസേരയിലേക്കു ചാഞ്ഞു. ഓർമകളുടെ ഭാരം നെഞ്ചിൽ പടപടാ മിടിക്കുന്നതു കണ്ടു.

‘‘മാഷ് ഇടയ്ക്കവിടെ ചെല്ലാറുണ്ടല്ലോ. അല്ല, നാട്ടുകാരനായി മാഷ് മാത്രമേ അവിടെ കയറിയിറങ്ങാറുമുള്ളൂ.’’

‘‘അതൊക്കെ നേര്.... കേറിച്ചെന്നില്ലെങ്കിൽ അവരെന്നെ ശത്രുവായിക്കാണും. അതുകൊണ്ടാ. ഞാനൊരു രഹസ്യം പറയാം.’’

പത്രോസ് മാഷ് വീണ്ടും എനിക്കരികിലേക്കു ചാഞ്ഞു. കൈകളുടെ വിറയലിൽ വടി നിലത്തുരഞ്ഞു ശബ്ദിച്ചു.

‘‘അവരുടെ കെട്ടിയോനെപ്പറ്റി വല്ലോം പറഞ്ഞോ?’’

‘‘മരിച്ചുപോയില്ലേ?’’

‘‘അത് ആദ്യത്തെ കെട്ടിയോൻ ആന്റണി. രണ്ടാമത്തെവനോ? ഇട്ടീടെ മോൻ തോമസ്? തോമാച്ചൻ...’’

‘‘അങ്ങേരും മരിച്ചതല്ലേ?’’ 

‘‘എന്നാരു പറഞ്ഞു? നാട്ടുകാരു പോഴന്മാരൊക്കെ അങ്ങനാ വിചാരിച്ചേക്കുന്നേ... എന്നാ നേരതല്ല...’’

‘‘പിന്നെ?’’

‘‘അങ്ങേര് ഇവരെ പേടിച്ചോടിപ്പോയതാ.’’ 

‘‘എന്തിന്?’’

‘‘അതൊന്നും ഞാനായി ഇപ്പോ പറയുന്നില്ല.’’ 

‘‘തോമസ് സാറ് എവിടെയുണ്ടെന്ന് മാഷിനറിയാമോ?’’

‘‘ഇല്ല. പക്ഷേ, എനിക്കറിയാമെന്നാണ് റബേക്കേടെ വിചാരമെന്നു തോന്നുന്നു. എന്താന്നുവച്ചാ ഞങ്ങളു ചങ്ങാതിമാരായിരുന്നല്ലോ.’’

 

കൈയെത്തിപ്പിടിക്കാൻ ശ്രമിക്കുന്തോറും പിടിവെട്ടിച്ചകലുന്ന തുമ്പിയെപ്പോലെയാണല്ലോ റബേക്ക ടീച്ചറുടെ ജീവിതമെന്ന് ഞാൻ ആലോചിച്ചു. എന്റെ പാവം അമ്മയല്ലാതെ ഒരാളുപോലും അവരെപ്പറ്റി ഇതുവരെ നല്ലതു പറഞ്ഞുകേട്ടിട്ടില്ല. ലോകം മുഴുവൻ ഒരാളെ മോശമായി കാണുന്നതിന്റെ അർഥം അവർ മോശമാണെന്നുതന്നെയാണെന്ന് എനിക്കുറപ്പായിരുന്നു.

 

‘‘ഓർക്കാത്തതുകൊണ്ടല്ല, മന:പൂർവം പറയാത്തതാണു നീയെന്ന് എനിക്കറിയാം. രഹസ്യം മനസിൽ വച്ചേക്കുന്നതിനും കൂടിയായിരിക്കും അവർ ശമ്പളം തരുന്നത്, അല്ല്യോ? പക്ഷേ, രഹസ്യങ്ങളെല്ലാം കൂടി നിന്റെ കുഞ്ഞുമനസ്സു താങ്ങുമോന്നാ എന്റെ പേടി. എന്തായാലും ഞാൻ നിർബന്ധിക്കുന്നില്ല. അവരു വിളമ്പിത്തരുന്നതിൽ എപ്പോഴെങ്കിലും ആശയക്കുഴപ്പം തോന്നിയാൽ, അല്ലെങ്കിൽ ആരോടെങ്കിലും ചർച്ച ചെയ്യണമെന്നു തോന്നിയാൽ എന്നെ വിളിക്ക്. ഏതു നേരത്തായാലും....’’

 

പത്രോസ് മാഷ് വടികുത്തി എഴുന്നേറ്റു. വികാരാധിക്യത്താൽ ഉടൽ വിറയ്ക്കുന്നുണ്ടായിരുന്നു. അലമാരതുറന്ന് എന്റെ നോവൽ എടുത്തു മടിയിലേക്കിട്ടുകൊടുത്താലോ എന്നു ഞാൻ ഇടയ്ക്ക് ആലോചിക്കുകപോലും ചെയ്തതാണ്. പക്ഷേ, ഈ മനുഷ്യൻ പണ്ടെന്റെ കഥയെ കീറിമുറിച്ചതിന്റെ കയ്പ് ഓർത്തപ്പോൾ വേണ്ടെന്നുവച്ചു.

 

‘‘ഞാനിന്നലെ പത്തേക്കറിൽ പോയിരുന്നു. പോയതല്ല. വിളിപ്പിച്ചതാ,’’ വാതിൽക്കലെത്തിയ മാഷ് തിരിഞ്ഞുനിന്ന്, പീളയടിഞ്ഞ കണ്ണുകൾ തെരുതെരെ ചലിപ്പിച്ച് പറഞ്ഞു, ‘‘എന്തിനാന്നുവച്ചാ തോമാച്ചൻ ബോംബേലെങ്ങാണ്ട് ഉണ്ടെന്ന് ആരോ പറഞ്ഞുകേട്ടെന്ന്.’’

 

വെറുതെയല്ല, വാലിനു തീപിടിച്ചപോലെ റബേക്ക ടീച്ചർ കഴിഞ്ഞദിവസം നെട്ടോട്ടമോടിയതെന്നു ഞാനോർത്തു.

 

‘‘പോലീസിനെ അറിയിച്ചാപ്പോരേ? ഇന്നത്തെ കാലത്ത് ഒരാളെ കണ്ടുപിടിക്കുകാന്നുപറഞ്ഞാ എളുപ്പമല്ലേ മാഷേ?’’

ഞാൻ ചോദിച്ചു.

 

‘‘പോലീസ്...,’’പത്രോസ് മാഷ് വികൃതമായി ചിരിച്ചു,‘‘നീയൊരു പൊട്ടനാ.’’

അതും പറഞ്ഞ് മാഷ് വേഗം പുറത്തേക്കു നടന്നു. ആരും കേട്ടില്ലല്ലോയെന്ന് ഞാൻ ചുറ്റും പാളിനോക്കി. 

 

(തുടരും...)

 

English Summary: Rabecca E- novel written by Rajeev Sivshankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com