ADVERTISEMENT

ആകാശ് അയാളുടെ വീട്ടിൽത്തന്നെയുണ്ടായിരുന്നു. 

 

അനിൽ മാർക്കോസും അയാൾക്കൊപ്പമുള്ള പൊലീസുകാരും യാതൊരു മുന്നറിയിപ്പുമില്ലാതെ കടന്നു ചെന്നപ്പോൾ ആകാശ് പരുങ്ങലിലായി. രക്ഷപ്പെടാൻ ഒരു ശ്രമം നടത്തിയെങ്കിലും അനിൽ അയാളെ പിടികൂടി. സ്റ്റേഷനിൽ ചെന്ന് നിൽക്കുമ്പോഴും ഫോണിൽ നിന്ന് ആരെയോ വിളിക്കാൻ ആകാശ് ശ്രമിച്ചു. അപ്പോൾത്തന്നെ മഹേഷ് അയാളുടെ ഫോൺ പിടിച്ച് വാങ്ങി മേശപ്പുറത്തേയ്ക്ക് വച്ചു. ആകാശിന്റെ ദേഹം വിറച്ചുകൊണ്ടിരുന്നു. അയാൾക്ക് എന്ത് പറയണമെന്ന് പോലും ആശങ്കയുണ്ടായി. 

 

താനിരിക്കുന്ന ഇടം അയാളൊന്ന് നോക്കി. സിനിമകളിലൊക്കെ കാണുന്നത് പോലെ ഭീകരന്മാരായ കൊലയാളികളെ ചോദ്യം ചെയ്യുന്ന അതെ ഇരുട്ടടഞ്ഞ മുറി. അവിടെ രക്തം മണക്കുന്നത് പോലെ ആകാശിന് തോന്നി. ചുവരുകൾ സിമന്റ് കൊണ്ട് തേച്ചിട്ടില്ല, അതിന്റെ വക്കിൽ മരണം തൂങ്ങിക്കിടപ്പുണ്ടായിരിക്കണം! ആ ചുമരുകൾ എത്ര നിലവിളികൾ കേട്ടിട്ടുണ്ട്? 

 

‘‘ഇനി പറയ് ആകാശാ, നീ കൊന്നവരെ എങ്ങനെ ഒളിപ്പിച്ചു?’’

 

അയ്യോ- ആകാശിന് അമ്പരപ്പും പേടിയും തോന്നി.

‘‘സാർ... ഞാനോ? ഞാൻ ഇതുവരെ ആരെയും ഒന്നും ചെയ്തിട്ടില്ല, പ്ലീസ് എന്നെ വിശ്വസിക്കണം.’’

 

‘‘നീ കൂടുതൽ കഥ പറയുകയൊന്നും വേണ്ട, ഉള്ളത് ഉള്ളത് പോലെയിങ് പോരട്ടെ. എമ്മയും നീയും തമ്മിലെന്താണ്?’’

 

‘‘അവരും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല സാർ. എനിക്കാ സ്ത്രീയെ അറിയില്ല’’

 

കവിളിൽ തന്നെ ഒറ്റയടിയായിരുന്നു അനിലിന്റെ മറുപടി. ഇതുവരെ തനിക്ക് നേരെ നീണ്ട ഒരുപാട് ചോദ്യങ്ങളുടെ ഉത്തരങ്ങൾ അയാളുടെ നാവിൻ തുമ്പിൽ ഉണ്ടെന്ന ബോധത്തോടെ അനിൽ രണ്ടും കൽപിച്ച് അയാളുടെ മുന്നിലിരുന്നു. 

 

‘‘നീ സമാധാനമായി ഇരുന്ന് ആലോചിക്ക് ആകാശേ. നീയെന്തിനാണ് അവളെ പിന്തുടർന്നത്?’’

 

‘‘സാർ. ഞാനവരെ പിന്തുടർന്നിട്ടില്ല. ഞാനെന്ത് ചെയ്തിട്ടാണ് നിങ്ങളെന്നെ ഇവിടെ കൊണ്ടിരുത്തിയിരിക്കുന്നത്?’’

 

സാധാരണ പോലെ ചോദിച്ചാൽ അയാൾ ഉത്തരം തരില്ലെന്ന് അനിൽ മാർക്കോസിന് തോന്നി. ചില പ്രത്യേക അവസരങ്ങളിൽ ചെയ്യാറുള്ള രീതിയിൽ ചോദ്യം ചെയ്താലേ ആകാശ് സംസാരിക്കൂ എന്ന് മനസ്സിലായപ്പോൾ മഹേഷിന്റെ കൈകൾ ആകാശിന്റെ ശരീരത്തിൽ ആഞ്ഞു പതിഞ്ഞു. അയാളുടെ ദേഹം ഉലഞ്ഞു കൊണ്ടിരുന്നു, ഒപ്പം അയാളുടെ നിലവിളികളുയർന്നു പൊങ്ങി. ഒടുവിലത് ഞരക്കത്തിലേയ്ക്ക് വീണപ്പോൾ അനിൽ വന്നു മഹേഷിന്റെ തോളിൽ പിടിച്ചു. അനിൽ മാർക്കോസ് ആകാശിനെ കയ്യിലുയർത്തി നിലത്തേയ്ക്കിരുത്തി. അയാളുടെ മൂക്കിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു. സംസാരിക്കാൻ വയ്യാത്തത് പോലെ ആകാശിന്റെ മുഖം കോടിയിരുന്നു.

 

‘‘സാർ എത്ര നാളായി ഇവൻ നമ്മുടെ മുന്നിലിരുന്ന് കളിക്കുന്നെന്നറിയാമോ? അങ്ങനെ കേരള പോലീസിനെ ഒരുമാതിരി ഊ... ച്ചിട്ട് ഇവൻ തിളങ്ങണ്ട’’

 

മഹേഷിന്റെ വെറുപ്പിന്റെയും ദേഷ്യത്തിന്റെയും കടൽ അനിൽ മാർക്കോസിന്റെ മുന്നിലേയ്ക്ക് തിരയിളകി. അയാൾ ഒന്നും മിണ്ടിയില്ല. 

 

‘‘നീ പറയടാ ഇനി. നിനക്ക് എമ്മാ ജോണിനെ അറിയാമോ?’’

 

ഇത്തവണ ആകാശ് ഒന്നും മിണ്ടിയില്ല, അയാളുടെ കണ്ണുകളിൽ ഭയത്തിന്റെ ഇളക്കം വ്യക്തമായി അനിൽ മാർക്കോസ് കണ്ടു, അയാൾ അവന്റെ മുഖം പിടിച്ചുയർത്തി ചോദ്യം ആവർത്തിച്ചു.

 

‘‘സാർ... ഞാൻ പറയാം. അവരെ കൊല്ലാൻ തന്നെയാണ് ഞാൻ.... പക്ഷേ അവരെയല്ലാതെ മറ്റാരെയും ജീവിതത്തിൽ ഇന്നേവരെ ഞാനൊന്നും ചെയ്തിട്ടില്ല. അയാൾ കാരണമാണ് സാർ. ഞാൻ കുറച്ച് പണം നല്കാനുണ്ടായിരുന്നതിൽ എന്നെ നിവൃത്തികേടിലാക്കിയാണ് ആ സ്ത്രീയെ കൊല്ലാൻ എന്നെ നിർബന്ധിച്ചത്. വേറെ വഴിയില്ലായിരുന്നു സാർ... ആ സ്ത്രീയിലേക്കെത്താൻ ഏറ്റവും നല്ല മാർഗ്ഗം അവരുടെ സുഹൃത്തായ പെൺകുട്ടിയാണെന്നു തോന്നി. അങ്ങനെയാണ് അവരോടു അടുക്കാൻ ശ്രമിച്ചത്.’’

തുടർന്ന് ആകാശ് നിലത്തേക്ക് കുനിഞ്ഞ് കിടന്നു ഉറക്കെക്കരഞ്ഞു. 

 

അപ്പോൾ ആ അജ്ഞാതൻ...

 

‘‘നീ അവളെ കൊന്നില്ലെന്ന് ഞങ്ങൾക്കുമറിയാം, പക്ഷേ അവൾക്ക് സമ്മാനം കൊടുത്തത് നീയല്ലേടാ?’’

 

‘‘എന്ത് സമ്മാനം സാർ? അവർക്ക് ഒരു സമ്മാനവും ഞാൻ കൊടുത്തിട്ടില്ല. ഒന്നോ രണ്ടോ തവണയേ ഞാൻ കണ്ടിട്ടുള്ളൂ. അവളെക്കുറിച്ച് അറിയാനാണ് അവളുടെ കൂട്ടുകാരിയെ കൂടെ കൂട്ടിയത്. അവൾക്കൊന്നുമറിയില്ലായിരുന്നു. പക്ഷേ കൊല്ലാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല സാർ....’’

 

ആകാശ് ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു.

 

‘‘ഇത് നമ്മളുദ്ദേശിക്കുന്ന വകുപ്പല്ല സർ അതിലും കൂടിയ വകുപ്പാണ്. എന്തായാലും എമ്മയ്‌ക്കെതിരെയുള്ള കേസ് തന്നെ. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇനി അയാളെ കസ്റ്റഡിയിലെടുക്കാമല്ലോ എബി പുള്ളാടനെ. സമ്മാനം കൊടുപ്പൊക്കെ അയാൾ നേരിട്ട് നടത്തിയതാകാനാണ് സാധ്യത.’’ മഹേഷിന്റെ ശബ്ദത്തിനു അഗ്നിയുടെ ചൂട്.

 

അയാൾ പറഞ്ഞതിനോട് പൊരുത്തപ്പെടാൻ അനിലിന് കഴിഞ്ഞല്ല. എബിയാണ് അജ്ഞാതൻ എങ്കിൽ ആകാശ് അത് അറിയാതെയിരിക്കുമോ? ഇനിയൊരുപക്ഷേ ഇയാളെക്കൊണ്ട് അവളെ കൊല്ലാൻ മാത്രമേ ഏൽപ്പിച്ചിരുന്നു കാണൂ, ബാക്കിയൊക്കെ അയാൾ നേരിട്ടായിരിക്കാം.

തന്റെ മുന്നിലുള്ള തെളിവ് തന്നെ നോക്കി പരിഹസിക്കുന്നത് പോലെ അനിൽ മാർക്കോസിന് തോന്നി.

 

കമ്മീഷണറോട്‌ സംസാരിച്ചിട്ടേ ഈ കേസ് ക്ളോസ് ചെയ്യാവൂ എന്നയാൾക്ക് തോന്നി. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കുന്നത് നന്നായിക്കും. 

 

അനിൽ മഹേഷിനെ എബിയുടെ പിന്നാലെ വിട്ടു. സർക്കിളിന്റെ മുറിയിലിരുന്ന് അനിൽ മാർക്കോസ് അശോക് മാത്യുവിനെ വിളിച്ചു വിവരം പറഞ്ഞു.

 

‘‘എന്താ അനിൽ നോക്കി നിൽക്കുന്നത് അയാളെ അറസ്റ്റു ചെയ്യാൻ നോക്കൂ’’

 

‘‘സാറുമായി ഒന്ന് ഡിസ്കസ് ചെയ്യാമെന്നു കരുതി. നമ്മുടെ മാസ്ക്കിന്റെ വിവരങ്ങൾ നോക്കിയാലും നാടകവുമായി ബന്ധപ്പെട്ട ഒരാളാണെന്നുള്ള സൂചനയുണ്ട്. അങ്ങനെ നോക്കുമ്പോൾ അത് എബി തന്നെയായിരിക്കാനാണ് സാധ്യത.’’

 

‘‘ശരിയാണ്. പക്ഷേ അയാൾ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് ആകാശ് നൽകിയ വിവരം. അയാളാണോ എമ്മയെ ഇതുവരെ പിന്തുടർന്ന അജ്ഞാതനെന്നു തെളിയിക്കാനുള്ള ഒരു വിവരവും ലഭിച്ചിട്ടില്ല’’

 

‘‘അതുണ്ടായിട്ടില്ല സാർ. എബിയ്ക്ക് അയാളുടെ ലക്‌ഷ്യം ഉറപ്പിക്കാൻ വ്യക്തമായ കാരണങ്ങളുണ്ട്. എമ്മയോടുള്ള വൈരാഗ്യവും ക്ലിയറാണ്. ഇതിനോടകം തന്നെ പ്രകാശിനെ അറസ്റ്റ് ചെയ്ത വിവരം അയാളറിഞ്ഞിരിക്കണം.’’

 

അപ്പോൾത്തന്നെയാണ് അനിലിന്റെ ഫോൺ ബെല്ലടിച്ചതും. മഹേഷ് വിളിക്കുന്നു. ‘‘സർ മഹേഷിന്റെ കാളിന്റെ അലെർട് വരുന്നുണ്ട്. ഞാൻ സംസാരിച്ചിട്ട് തിരിച്ചു വിളിക്കാം.’’

 

അനിൽ ആ ഫോൺ കട്ട് ചെയ്ത ശേഷം മഹേഷിനെ തിരികെ വിളിച്ചു.

മഹേഷുമായി സംസാരിച്ചു കഴിഞ്ഞതും അനിലിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

 

അയാൾ വീണ്ടും അശോക് മാത്യുവിനെ വിളിച്ച് വിവരങ്ങളറിയിച്ചു.

‘‘സാർ, എബി രക്ഷപെട്ടു. പോലീസ് പിന്നാലെയുണ്ടെന്നയാൾക്ക് മനസ്സിലായി, എന്നാൽ റോഡിലൊരിടത്ത് വച്ച് നമുക്ക് അയാളെ നഷ്ടമായി. ഡ്രാമാ ലാബിലും അയാൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും സെർച്ചിനു പറഞ്ഞിട്ടുണ്ട്’’

 

‘‘ശ്ശെ... ഇതെന്താടോ ഈ കേസിൽ മാത്രം തനിക്കിങ്ങനെ അബദ്ധങ്ങൾ സംഭവിക്കുന്നത്. ഇത്ര നാൾ ഉണ്ടാകാത്തത് പോലെ’’

അനിൽ മാർക്കോസ് പാടെ നിരാശനായിരുന്നു. ഓരോ തെളിവുകൾ കണ്ടെത്തിക്കഴിയുമ്പോൾ, അതിന്റെ അടുത്തെത്തിക്കഴിയുമ്പോൾ അത് കൈവിട്ടു പോവുന്നു. ആര്യന്റെ ആത്മഹത്യ പോലും മനസ്സിലാക്കാനാകാതെ പോയി.

 

തെളിവുകൾ ഇല്ല എന്നത് തന്നെയാണ് പ്രശ്നം. എന്തുകൊണ്ടാണ് ഒരു കൊലപാതകമായിട്ടും ആര്യന്റെ തൂങ്ങി മരണം അത് പരിശോധിച്ച ഫോറൻസിക് സർജന് മനസ്സിലാകാതെ പോയത്. ഒരുപക്ഷേ കാര്യമായി സർജറി നടന്നിട്ടുണ്ടാവില്ല, അല്ലെങ്കിൽ അജ്ഞാതൻ ആര്യനെ ഒരു ആത്മഹത്യയിലേക്ക് തനിയെ കൊണ്ട് പോയിരിക്കണം. വിഷാദ രോഗം കൂടി രേഖപ്പെടുത്തിയത് കൊണ്ട് ഡോക്ടർ അതിനെ കാര്യമായി പഠിച്ചില്ല എന്ന് വേണം കരുതാൻ. അങ്ങനെയുള്ള കേസുകളുണ്ടായിട്ടുണ്ട്. എന്നാൽ ഇതെല്ലം ഒരു കേസിനെ അടിസ്ഥാനപ്പെടുത്തിയാവുമ്പോഴാണ് വിശ്വസിക്കാൻ പ്രയാസം തോന്നുന്നത്. ഒരു പെൺകുട്ടിയുടെ പിന്നാലെ നടന്ന് അവളെ ഭയപ്പെടുത്തിയിട്ട് അയാൾക്കെന്താണ് നേടാനുള്ളത്?

 

‘‘അനിൽ എന്തായാലും ഈ എബി ജോസിനെക്കുറിച്ചുള്ള സർവ്വ ഡീറ്റെയ്ൽസും എനിക്കുടനെ കിട്ടണം.’’

 

‘‘സാർ, അയാളുടെ കാൾ ഡീറ്റെയ്ൽസ് എടുത്തിരുന്നു. അതിലയാൾ ആകാശിനെ പല തവണ വിളിച്ചതിനു തെളിവുണ്ട്. സ്വയം നടത്താൻ വയ്യാത്ത കൊല മറ്റൊരാളെക്കൊണ്ട് നടത്തുന്നോരാൾ പക്ഷേ നിമിഷ് എബ്രഹാമിന്റെയും തോമസ് അലക്‌സിന്റെയും ഋഷിയുടെയും കൊല നടത്തി എന്നതാണ് എന്നെ കുഴപ്പിക്കുന്നത്’’

 

‘‘അയാൾ എല്ലാം എമ്മയ്ക്ക് വേണ്ടിയല്ലേ, അവളെ ഭയപ്പെടുത്താൻ. അവളെ കൊലപ്പെടുത്തുന്നത് മറ്റൊരാൾ ആയിക്കോട്ടെ എന്നയാൾ തീരുമാനിച്ചിട്ടുണ്ടാവണം.’’

 

‘‘നിലവിൽ എബി മൊബൈൽ ഓഫ് ചെയ്തിരിക്കുന്നു എന്നാണു മഹേഷ് പറഞ്ഞത്. ഞാനെന്നാൽ ഇറങ്ങട്ടെ സാർ. എബിയുടെ ബാക്കി ഡീറ്റെയ്ൽസ് എടുപ്പിച്ച് നോക്കട്ടെ. ഞാൻ വിളിക്കാം’’

 

‘‘ഒക്കെ അനിൽ.’’

 

അശോക് മാത്യുവിന്റെ കാൾ കട്ട് ചെയ്യുമ്പോൾ എബി എവിടെയൊക്കെ ചെന്ന് കയറാമെന്നുള്ള അന്വേഷണത്തിലായിരുന്നു അയാളുടെ മനസ്സ്. ആകാശ് പിടിക്കപ്പെട്ട സ്ഥിതിയ്ക്ക് എബി നേരിട്ട് എമ്മയെ അപകടപ്പെടുത്തിയെന്നും വരാം. അവൾ കരുതലോടെ ഇരിക്കേണ്ടതുണ്ട്.

അനിൽ മാർക്കോസ് ഫോണെടുത്ത് എമ്മയെ വിളിച്ചു.

 

English Summary: ‘Njan Emma John’ e-Novel written by Sreeparvathy, Chapter- 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com