ADVERTISEMENT

‘‘എബി ജോസ് പുള്ളാടൻ മിസ്സിംഗ് ആയിരിക്കുന്നു സർ’’

സർക്കിൾ ഓഫീസിൽ മഹേഷും ലാസറും അനിൽ മാർക്കോസിന്റെ മേശയ്ക്ക് എതിർവശത്തായി ഇരിക്കുകയായിരുന്നു. 

 

‘‘അയാളുടെ ഫോൺ ട്രാക്ക് ചെയ്യാൻ പറ്റുന്നുണ്ടോ?’’

 

‘‘ഇന്നലെ രാത്രിയാണ് അവസാനമായി ഫോൺ ട്രാക്ക് ചെയ്തത്, ഉദയം പേരൂർ വരെ ഫോൺ ഓൺ ആയിരുന്നു, അതിനു ശേഷം ഫോൺ ഓഫ് ആണ്. പിന്നെയത് വർക്കിങ് അല്ല. നമ്മൾ ട്രെയിസ് ചെയ്യാതിരിക്കാൻ വേണ്ടി ഓഫ് ചെയ്തതാവാനാണ് സാധ്യത.’’ മഹേഷ് പറഞ്ഞു.

 

‘‘സർ മറ്റൊരു സാധ്യത എനിക്ക് തോന്നുന്നുണ്ട്’’

ലാസറേട്ടന്റെ സിനിമാ ബുദ്ധി പ്രവർത്തിക്കാൻ തുടങ്ങിയതായി അനിൽ മാർക്കോസിന് മനസ്സിലായി. അയാൾ ആകാംക്ഷയോടെ ലാസറെ നോക്കി.

 

‘‘നമ്മുടെ അജ്ഞാതനായ കൊലപാതകിയാണ് എബിയെ പൊക്കിയതെങ്കിലോ? അല്ല, അങ്ങനെയും സംശയിക്കാമല്ലോ’’

 

ലാസറേട്ടന്റെ ചിന്ത ശരിയാണ്, എന്നാൽ ഒരു തീരുമാനത്തിലെത്താനാവുന്നില്ല. ഉദയംപേരൂർ എത്തിയാണ് അയാളുടെ ഫോൺ നിലച്ചതെങ്കിൽ എറണാകുളം-കോട്ടയം റൂട്ടിലായിരിക്കണം അയാൾ പോയിട്ടുണ്ടാവുക, അല്ലെങ്കിൽ പിറവം വഴിയുള്ള ഏതെങ്കിലും റോഡിലൂടെ. പ്രധാന വഴികൾ ഇവ രണ്ടുമാണ്. 

 

‘‘മഹേഷ് കോട്ടയത്തേയ്ക്കുള്ള വഴിയിലെ നൈറ്റ് പട്രോളിംഗിലും പിറവം വഴിയിലും ഒന്ന് അന്വേഷിക്കണം. എന്തെങ്കിലും അസ്വാഭാവികമായി ഉണ്ടോ എന്നന്വേഷിക്കണം, എബിയുടെ ഫോട്ടോ എല്ലാവർക്കും വാട്സാപ്പ് ചെയ്യ് ഉടൻ, ആരെങ്കിലും അയാളെ കണ്ടോ എന്ന കാര്യം അന്വേഷിക്കണം. ബൈ റോഡുകളിൽ ആരെങ്കിലും പട്രോളിംഗിന് പോയിരുന്നോ എന്നറിയണം, അവരോടും അന്വേഷിക്കണം. അയാൾ തനിയെ പോയതാണെങ്കിലും മറ്റാരെങ്കിലും തട്ടിക്കൊണ്ട് പോയതാണെങ്കിലും അറിയണം.’’

 

മഹേഷ് ചാടിയെഴുന്നേറ്റു,

‘‘yes sir, ഞാനുടനെ വിവരം തരാം’’ മഹേഷ് പുറത്തേയ്ക്കിറങ്ങി ധൃതിയിൽ നടന്നു പോയി.

 

‘‘ലാസറേട്ടന്റെ തോന്നൽ ശരിയാവാൻ സാധ്യതയുണ്ട്. ഡ്രാമ ലാബിലെ എല്ലാ ആൾക്കാരെയും ചോദ്യം ചെയ്യണം. അതൊന്നു അറേഞ്ച് ചെയ്യണം. ഇന്ന് തന്നെ.’’

 

‘‘ശരി സാർ, അത് ഞാൻ ഏർപ്പാട് ചെയ്യാം.’’

ലാസറും എഴുന്നേറ്റു നിന്ന് സല്യൂട്ട് ചെയ്ത ശേഷം മുറി വിട്ടു പുറത്തേയ്ക്ക് പോയി. തൽക്കാലം എമ്മയോടു കൂടുതൽ വിവരങ്ങൾ നൽകേണ്ടതില്ല. ആ കുട്ടി സമാധാനത്തിലിരിക്കട്ടെ. 

 

ഡ്രാമ ലാബിൽ എല്ലാവരും ഹാജരായിരുന്നു. ഓരോരുത്തരെയായി അനിൽ മാർക്കോസ് നേരിട്ട്. എബി ജോസ് ഇരുന്ന മുറിയിലിരുന്ന് വിളിച്ചു.

 

നീലിമ

 

നീലിമ അകത്തേയ്ക്ക് വന്നു കൈകൾ കൂപ്പി.

‘‘നീലിമ ഇരിക്കൂ.’’

അവൾക്ക് ഇരിക്കാൻ മടി തോന്നി. അയാൾ ചോദ്യോത്തരങ്ങളിലേയ്ക്ക് കടന്നു.

 

‘‘താനും എബി ജോസും തമ്മിലെന്താണ് പ്രശ്നം?’’

 

‘‘ഞങ്ങളുടെ നാടകം കഴിഞ്ഞ ഒരു രാത്രിയിൽ അയാൾ ഓരോരുത്തരെയും അഭിനന്ദിച്ച കൂട്ടത്തിൽ എന്നോട് മോശമായി സംസാരിച്ചു’’

 

‘‘നീലിമയോട് എബി എന്താണ് അന്ന് പറഞ്ഞത്?’’

 

‘‘അയാളുടെ മുറിയിലേയ്ക്ക് ചെല്ലാമോ എന്ന്?’’

 

‘‘അപ്പോൾ നീലിമ എന്ത് പറഞ്ഞു?’’

 

‘‘ഞാനൊന്നും പറഞ്ഞില്ല. പെട്ടെന്ന് കേട്ടപ്പോ പേടിച്ച് പോയി സർ. ഞാൻ മറുപടിയൊന്നും പറയാതെ അവിടെ നിന്നും ഗ്രീൻ റൂമിലേയ്ക്ക് ഓടി. അവിടെ എല്ലാവരുമുണ്ടായിരുന്നു’’

 

‘‘താൻ എമ്മയോടാണോ പറഞ്ഞത്? അതിനു കാരണം?’’

 

‘‘എമ്മയാണ് ഇവിടെ അത്യാവശ്യം സ്ട്രോങ്ങ് ആയ കാരക്ടർ, അപ്പൊ അവളോട് പറയുന്നതാ നല്ലതെന്ന് തോന്നി. എനിക്കൊരു ആശ്വാസം വേണമായിരുന്നു.’’

 

‘‘പിന്നീട് അയാൾ തന്നോട് എന്തെങ്കിലും തരത്തിൽ മോശമായി ഇടപെട്ടോ?’’

 

‘‘ഇല്ല സർ പിന്നീട് ഒന്നും ഉണ്ടായിട്ടില്ല.’’

 

‘‘അയാളുടെ സ്വഭാവം എങ്ങനെയാണ് പൊതുവെ സ്ത്രീകളോട്? മറ്റെന്തെങ്കിലും പരാതികളുണ്ടായിട്ടുണ്ടോ?’’

 

‘‘എന്നോട് ആദ്യമായി അന്നായിരുന്നു. ഇടയ്ക്ക് മുൻ ബാച്ചിലുള്ള ഒരു പെൺകുട്ടി അയാളുടെ മുഖത്തടിച്ചു എന്ന് കേട്ടിട്ടുണ്ട്. പിന്നെ സത്യം പറഞ്ഞാൽ പലരും അയാളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങാറുണ്ട്.’’

 

‘‘അങ്ങനെ ആരെയെങ്കിലും?’’

 

‘‘ഇല്ല, അറിയില്ല, ഞാൻ കേട്ടതാണ്. എനിക്കറിയില്ല’’

അതേക്കുറിച്ച് പറയാൻ അവൾക്ക് ഭയമുള്ളത് പോലെ അനിൽ മാർക്കോസിന് തോന്നി.

 

‘‘ശരി നീലിമ പൊക്കോളൂ’’ അവൾ എല്ലാവരെയും നോക്കി പുറത്തേയ്ക്ക് പോയി.

 

അരുൺ 

 

‘‘അരുണും എബിയും തമ്മിൽ എങ്ങെനയാണ്?’’

 

‘‘പുള്ളി ആള് ഇത്തിരി ഉടായിപ്പാണ്‌ സാറേ’’

 

‘‘അങ്ങനെ പറയാൻ കാരണം?’’

 

‘‘നൈല ചേച്ചിയുടെ മുന്നിൽ വച്ച് വരെ അയാള് പെണ്ണുങ്ങളുമായി ഫ്ലർട്ട് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.’’

 

‘‘അവർ തമ്മിൽ ഫാമിലി പ്രശ്നങ്ങൾ ഉണ്ടായതായി അറിയാമോ?’’

 

‘‘അതിനെക്കുറിച്ചറിയില്ല. എന്ത് കണ്ടാലും നൈല ചേച്ചി ഹാപ്പി ആയിരിക്കുന്നതാ ഞാൻ കണ്ടിട്ടുള്ളത്’’

 

‘‘എമ്മയെ കുറിച്ചുള്ള അരുണിന്റെ അഭിപ്രായമെന്താ?’’

 

‘‘കുറച്ചു ആവേശമുണ്ട്, ഫെയ്‌സ്ബുക്കാണ് ലോകം എന്നൊക്കെ കരുതുന്ന ടൈപ്പാണ്. ഞങ്ങളോടൊക്കെ സംസാരിക്കുന്നതിലും കൂടുതൽ അവൾ ഫെയ്‌സ്ബുക്കിലാണ്. but she is a great artist.’’

 

അനിൽ മാർക്കോസിന് ചിരി വന്നു, ഒപ്പം ദേഷ്യവും. എമ്മയുടെ ഫെയ്‌സ്ബുക്കിൽ നിന്നാണ് ഈ കുഴപ്പങ്ങളെല്ലാം തുടങ്ങുന്നത്. മുന്നിൽ കാണുന്ന ലോകത്തേക്കാൾ വിർച്ച്വൽ ലോകത്തോട് ഭ്രമമുള്ള പെൺകുട്ടി. അതിൽ ജീവിതം കാണുന്നവൾ, വിശ്വസിക്കുന്നവൾ...

 

‘‘എമ്മയും എബിയും തമ്മിലുള്ള പ്രശ്നം അരുണിന് അറിയാമല്ലോ?’’

 

‘‘അറിയാം സർ, പക്ഷേ സാറത് ഒരിക്കലും  പ്രകടിപ്പിച്ചിട്ടില്ല. ഇന്നാണ് അറിഞ്ഞത് അയാൾ എമ്മയെ അപകടപ്പെടുത്താൻ ശ്രമിച്ച കാര്യമൊക്കെ. ഒരു വിധത്തിൽ അവളതു ചോദിച്ചു വാങ്ങിച്ചതാ. സംസാരിച്ച് തീർക്കേണ്ട പ്രശ്നം വെറുതെ ഫെയ്‌സ്ബുക്കിലിട്ട് അയാളെ ഭയങ്കരമായി ഇൻസൽട്ട് ചെയ്തു.’’

 

‘‘എബി എവിടെ പോയതാണെന്നാണ് അരുൺ കരുതുന്നത്?’’

 

‘‘അറിയില്ല സാർ, പുള്ളിക്ക് കോട്ടയത്ത് എന്തോ ഫാമൊക്കെയുണ്ട്. വിശാഖ് മാഷിന് കൂടുതൽ കാര്യങ്ങളറിയാം.’’

 

‘‘ആര്യനെ കുറിച്ച് എന്തായിരുന്നു അഭിപ്രായം ?’’

കുറച്ചു നിമിഷത്തേക്ക് അരുൺ നിശബ്ദനായി. ആര്യന്റെ ഓർമ്മയിൽ അവന്റെ കണ്ണുകളൊന്നു ചെറുതായതു പോലെ. 

 

‘‘അവൻ പാവമായിരുന്നു സർ. എപ്പോഴും വിഷാദ രോഗിയെപ്പോലെ നടക്കും. എങ്കിലും ആത്‍മഹത്യ ചെയ്യാൻ എന്തായിരുന്നു അവന്റെ ദുഃഖമെന്ന് എനിക്കറിയില്ല’’

 

‘‘അപ്പൊ ആര്യൻ ആത്മഹത്യ ചെയ്തത് അല്ലെന്നാണോ അരുൺ പറയുന്നത്?’’

 

‘‘അതറിയില്ല സർ. ഡോക്ടർ പറഞ്ഞത് അവനു ടെൻഡൻസി ഉണ്ടെന്നല്ലേ. ശരിയാവും.’’

 

‘‘ആര്യന് എമ്മയെ ഇഷ്ടമുള്ള കാര്യം നിങ്ങൾക്കൊക്കെ അറിയാമായിരുന്നോ?’’

 

‘‘ആര്യൻ തന്നെ എല്ലാരോടും പറഞ്ഞിട്ടുണ്ട്. പക്ഷേ എമ്മയ്ക്ക് അവനോടു വലിയ താല്പര്യമുണ്ടായിരുന്നില്ല’’

 

‘‘ശരി അരുൺ പൊക്കോളൂ’’

 

ഒന്ന് ചിരിച്ച ശേഷം അരുൺ മുറി വിട്ടിറങ്ങിപ്പോയി.

 

‘‘സർ ഈ വിശാഖ് ഇവിടെയില്ല. അയാൾ ഇന്നലെ നാട്ടിൽ പോയെന്നാണ്‌ അറിഞ്ഞത്. പക്ഷേ ഫോണിൽ വിളിച്ചപ്പോൾ അയാൾ വന്നുകൊണ്ടിരിക്കുകയാണെന്നാണ് പറഞ്ഞത്’’

അനിൽ മാർക്കോസിന്റെ മുഖമൊന്നു ചുളിഞ്ഞു. ഈ സമയം നോക്കി അയാൾ എവിടെ പോയി?

 

‘‘അയാളുടെ വീടെവിടെയാണ് മഹേഷ്?’’

 

‘‘കോട്ടയത്താണ്. രാവിലെ അവിടെ നിന്നും പുറപ്പെട്ടിട്ടുണ്ട്. ഉടനെ എത്തും’’

 

‘‘മഹേഷ്, എന്ത് തോന്നുന്നു? ഈ വിശാഖിന്റെ വഴികൾ അത്ര വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ. എബി ഇന്നലെ പോയത് കോട്ടയത്തേയ്ക്കുള്ള വഴിയിൽ. വിശാഖ് ഇന്ന് വരുന്നത് ആ വഴിയിലൂടെ. അയാളെപ്പോഴാണ് കോട്ടയത്തിനു പോയത്?’’

 

‘‘ഇന്നലെ ഉച്ചയ്ക്ക്’’

 

‘‘ഇന്നലെ വൈകുന്നേരമാണ് എബി മിസ്സിംഗ് ആയിരിക്കുന്നത് അല്ലെ?’’

 

‘‘അതെ സർ. അതിനു മുൻപ് വിശാഖ് നഗരം വിട്ടോ എന്ന് അന്വേഷിക്കണം.’’

 

‘‘ഷുവർ സർ’’

 

ഡ്രാമാ ലാബിലെ മറ്റുള്ളവരുമായി അയാൾ സംസാരിച്ചു, നൈല ജോസ് ഇനിയും ഓഫീസിലെത്തിയിട്ടില്ല. ഇനി കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നു അനിൽ മാർക്കോസിന് തോന്നി. പോയിന്റുകൾ നീങ്ങുന്നത് വിശാഖിന്റെ നേർക്കാണ്. അയാളാണോ എബിയെ അപകടപ്പെടുത്തിയത്? അയാൾക്ക് എമ്മയോടു താല്പര്യമുണ്ടായിരുന്നോ? ഡ്രാമ ലാബിൽ നിന്ന് തിരിച്ചിറങ്ങുന്ന വഴിക്ക് അനിൽ നീലിമയെ ഒരിക്കൽ കൂടി കണ്ടു.

 

‘‘വിശാഖ് മാഷിന് എമ്മയോടു എന്തെങ്കിലും ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ടോ?’’

 

‘‘ഇല്ല സർ, വിശാഖ് മാഷ് വളരെ നല്ല മനുഷ്യനാണ്. ഒരു വൃത്തികെട്ട നോട്ടം പോലും ഉണ്ടായിട്ടില്ല’’

 

അപ്പോൾ അയാൾ പുറത്ത് മാന്യനാണ്. മാസ്ക് ഇട്ടവൻ.

മാസ്ക് കൊണ്ട് നടക്കുന്നവൻ...

നാടക സംവിധായകൻ...

അപ്പോൾ... 

എമ്മയെ പിന്തുടരുന്ന അജ്ഞാതൻ വിശാഖാണോ?

ഉറപ്പില്ല. തങ്ങൾ അന്വേഷിച്ചെത്തുന്ന ഓരോരുത്തരും അവസാനം അവരല്ലെന്നു വെളിപ്പെടുത്തുന്നത് സ്വന്തം മരണങ്ങളിലൂടെയാണ്. അടുത്ത ഇര വിശാഖ് ആണോ? അതോ അയാൾ തന്നെയാണോ ഇതിന്റെ പിന്നിൽ?

 

അനിൽ മാർക്കോസ് തന്റെ അടുത്തേയ്ക്ക് വന്നുകൊണ്ടിരിക്കുന്ന വിശാഖിനെ കാത്തിരിക്കാൻ ആരംഭിച്ചു. 

 

English Summary: ‘Njan Emma John’ e-Novel written by Sreeparvathy, Chapter- 23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com