ADVERTISEMENT

പച്ച തൊടുന്ന ജീവിതങ്ങൾ 

 

വണ്ടിയില്‍ കയറി കച്ചവടത്തിനു പോകുന്നതിനു മുന്‍പുതന്നെ കച്ചവടത്തില്‍ തുടക്കക്കാരാണെങ്കിലും കച്ചവടത്തെക്കുറിച്ചും അതിന്‍റെ ചിട്ടവട്ടങ്ങളെക്കുറിച്ചുമൊക്കെ കണ്ടും കേട്ടും അറിവുള്ളവരോട് ഏല്യാസ് പറഞ്ഞു:

 

‘‘കിടക്ക കച്ചോടംന്ന് പറയുമ്പോ നിങ്ങക്കെല്ലാവര്‍ക്കും അറിയാം, അത്യാവശ്യം കാശുണ്ട് കുടീണ്ട്. കാശ് ചെലപ്പോ കൂടുതല് കിട്ടും. ചെലപ്പോ കുറവും. എന്നുവെച്ച് കുടി എപ്പളും ഒരുപോലെ ആവില്ല. നമ്മുടെ ഈ വണ്ടീല് കുടീന്നുള്ള ഒരു പരിപാടീല്ല. കുടിക്കണോ, കച്ചോടം കഴിഞ്ഞ് ഷെയറ് കാശ് കിട്ടിക്കഴിഞ്ഞ അവരവര്‍ക്ക് അവരോര്ടെ എട്ത്ത് കുടിക്കാം.’’

 

ഏല്യാസിന്‍റെ പ്രഖ്യാപനത്തോട് അനുകൂലമായോ പ്രതികൂലമായോ ആരും ഒന്നും പറഞ്ഞില്ല. തുടക്കക്കാരായ ബൈജുവും ആന്‍റുവും സ്റ്റീഫനും അലക്സുമൊക്കെ മൗനമായി ഇരുന്നതേയുള്ളൂ. കച്ചവടത്തിന് തുടക്കക്കാരായിരുന്നെങ്കിലും മദ്യത്തിന്‍റെ ചവര്‍പ്പൊക്കെ അവരത്യാവശ്യം അറിഞ്ഞു കഴിഞ്ഞിരുന്നു. ആ ട്രിപ്പില്‍ ഷെയറു കാശ് കിട്ടിയിട്ടോ കിട്ടുന്നതിനു മുന്‍പോ കുടിക്കാമെന്നു കരുതിയിരുന്നെങ്കിലും അതു നടന്നില്ല.  ആദ്യത്തെ രണ്ടു ദിവസം നടന്നിട്ടും തുടക്കക്കാര്‍ക്കാര്‍ക്കും ഒരു ഓര്‍ഡര്‍ പോലും എടുക്കാനായില്ല. കേമന്‍ കച്ചവടക്കാരന്‍ ഏല്യാസിനും കിട്ടിയില്ല ഒന്നും. 

 

പിറുപിറുത്തുകൊണ്ട് നടന്നെങ്കിലും ആരെയെങ്കിലും ചീത്തവിളിക്കണമെങ്കില്‍ താന്‍ ഒരെണ്ണമെങ്കിലും കൊടുക്കണമല്ലോ. അതും നടക്കുന്നില്ല. മൂന്നാം ദിവസം വണ്ടി വാടകയും ചെലവുകാശും ഉണ്ടായില്ലെങ്കില്‍ തന്‍റെ കമ്പനി ഒരു പക്ഷേ അതോടെ  അടച്ചുപൂട്ടുമെന്ന് കരച്ചിലടക്കി ഏല്യാസ് ആലോചിച്ചിരുന്നു. രണ്ടാം ദിവസം രാത്രി ഏല്യാസിന് ഒരു കാളരാത്രി തന്നെയായിരുന്നു. കൂട്ടത്തില്‍ ആര്‍ക്കാണ് ലക്ഷണക്കേടെന്ന് ഏല്യാസ് ചികഞ്ഞുകൊണ്ടിരുന്നു. 

 

പിള്ളേരെ നാലിനേയും കുറ്റം പറയാന്‍ വയ്യ. നാലും ഓര്‍ഡറൊന്നും എടുത്തിട്ടില്ല. എല്ലാരും പട്ടിയെപ്പോലെ കിതച്ച് വീടുകള്‍ കയറിയിറങ്ങുന്നുണ്ട്. അതാണ് കച്ചവടത്തിന് ഒഴിച്ചുകൂടാനാവാത്ത കാര്യവും. മടുപ്പില്ലാതെ നടക്കുക. ഓരോരുത്തരുടെ ഭാഗ്യവും  വായിൽ നാവും പോലെയിരിക്കും വീട്ടുകാരില്‍നിന്ന് ഓര്‍ഡര്‍ കിട്ടാന്‍. കാണാന്‍ അല്പംകൊള്ളാവുന്നവരാണെങ്കില്‍ ചില വീട്ടുകാര്‍ക്ക് കിടക്കയൊന്നു കണ്ടുനോക്കാന്‍ തോന്നും. പിള്ളാര്‍ ആരും കാണാനത്ര മോശക്കാരുമല്ല. 

 

ഇനിയുള്ളത് ഡ്രൈവര്‍ പോളിയേട്ടനാണ്. കൊടകരക്കാരനാണ്. മുതലാളിയും മൂപ്പര് തന്നെ. ഫ്രീയായിട്ട് ആളിടപഴകുന്നില്ല. പറഞ്ഞാപറഞ്ഞിടത്ത് നിര്‍ത്തും. സ്വന്തമായിട്ട് ഒരു ഐഡിയയില്‍ സ്ഥലവും ചുറ്റുപാടും നോക്കി വണ്ടി ചവിട്ടില്ല. നിര്‍ത്തുന്നപാടെ ആരോടും ഒന്നും മിണ്ടാതെ ഒരു മംഗളം വീക്കിലിയെടുത്ത് നോവല്‍ വായിച്ചിരിക്കുന്നതു കാണാം. ആദ്യമൊന്നും തോന്നിയില്ല. ഉച്ചക്കഴിഞ്ഞ് കിടക്കയൊന്നും വില്ക്കാതെ നടന്നുമടുത്ത് വരുമ്പോഴും അയാള്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന ഭാവത്തില്‍ മുടിഞ്ഞ വായനയിലാകും. മറ്റുള്ളവരുടെ വിഷമമോ ദുഃഖമോ ശ്രദ്ധിക്കാതെ നോവലിലെ കഥാപാത്രങ്ങള്‍ക്കൊപ്പം സല്ലപിച്ച്  വണ്ടിയനക്കും. പിള്ളേരും ഏല്യാസുമെല്ലാം ഭക്ഷണം പേരിനെ കഴിച്ചിരുന്നുള്ളുവെങ്കിലും പോളിച്ചട്ടന് ആ മടിയൊന്നുമില്ലായിരുന്നു. ഉച്ചക്ക് ബീഫ് റോസ്റ്റും രാത്രി നെയ്മീന്‍ വറുത്തതും കൂട്ടി നല്ല തട്ടുതട്ടി. അതുനോക്കി ഏല്യാസ് മനസ്സില്‍ പറഞ്ഞു: ‘‘എത്രവേണമെങ്കിലും തിന്നോ...ഇതോടെ എന്‍റെ കൂടെയുള്ള തന്‍റെ കച്ചോടം തീര്‍ന്നു.’’

 

കാലത്ത് കച്ചവടക്കാര്‍ രണ്ടുദോശയും ചായയും കഴിച്ചപ്പോള്‍ പോളിച്ചേട്ടന്‍ പറഞ്ഞത് പാലപ്പവും മുട്ടയും. മറ്റുള്ളവര്‍ക്ക് വായക്കു രുചി തോന്നിയില്ലെങ്കിലും ഓരോദിനം കഴിയുംതോറും പോളിച്ചേട്ടന്‍റെ ആര്‍ത്തി കൂടിയതേയുള്ളൂ. മൂന്നാംദിവസം രണ്ടും കല്പിച്ച് ഒരു കളിക്കുതന്നെ ഏല്യാസ് തീരുമാനിച്ചു. മൂന്നുദിവസത്തില്‍ കൂടുതല്‍ കച്ചോടമില്ലാതെ തങ്ങിയാല്‍ അടപ്പുതെറിക്കും. 

 

ലോഡും വണ്ടിയും അതേപോലെ തിരിക്കുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുകയാണ്. പ്രത്യേകിച്ച് എല്‍ദോയോട് പിരിഞ്ഞശേഷമുള്ള ആദ്യലോഡ്. ഏല്യാസിന് ആലോചിച്ചിട്ട് ഭ്രാന്തുവരുന്നതുപോലെ തോന്നി. പോക്കറ്റില്‍ കഷ്ടിച്ച്  നൂറുരൂപയേയുള്ളൂ. പിള്ളാരേം പോളിച്ചേട്ടനേം കാപ്പികുടിക്കാന്‍ വേണ്ടി ഒരു ഹോട്ടലില്‍ ഇറക്കി ഏല്യാസ് നേരെ അപ്പുറത്തുള്ള ബാറില്‍ കയറി രണ്ടുപെഗ്ഗ് വൈറ്റ് റം ചെറുനാരങ്ങ പിഴിഞ്ഞ് കണ്ണടച്ചു കയറ്റി. അപ്പോഴാണ് ഏല്യാസ് പോലും അറിയാതെ ഒരു തേങ്ങല്‍ ഉള്ളില്‍നിന്നും കുതിച്ചുപൊങ്ങിയത്. അതിനെ വെറുതെ വിട്ട് ഒന്നുകൂടി കേറ്റി. തിരിച്ചെത്തുമ്പോള്‍ പിള്ളേര് പുറകില്‍ ഇരിപ്പുണ്ട്. പോളിച്ചേട്ടന്‍ ഒരു പുതിയ മനോരമ വാരിക വാങ്ങി വായന തുടങ്ങി. ‘നാളെ പരീക്ഷയാണല്ലോ, നായിന്‍റെ മോന്...’ പുറത്തുപറയാതെ ഒന്നുകാറിതുപ്പി ഏല്യാസ് വണ്ടിയില്‍ കയറിയിരുന്നു. 

 

മ്ലാനവദരായി പുറത്തേക്ക് നോക്കിയിരിക്കുന്ന പിള്ളേരോടായി ഏല്യാസ് പറഞ്ഞു:

‘‘ചവിട്ടിക്കുത്തി ഓര്‍ഡറെടുത്തോ കാണാനാണെങ്കിലും പറഞ്ഞ്. നാല് ബെഡ് എറങ്ങി വണ്ടീടെ ഉള്ളില് കൊറച്ച് കാറ്റും വെളിച്ചവും കടക്കട്ടെ.’’

 

വണ്ടി ചെന്നു നിര്‍ത്തിയ സ്പോട്ടില്‍ കയറിയ ആദ്യത്തെ വീട്ടില്‍ത്തന്നെ ഏല്യാസിന് ഓര്‍ഡര്‍ കിട്ടി. ആരെക്കൊണ്ടെങ്കിലും ബെഡ് ഏറ്റിച്ച് മുതലാളിയായി നിന്ന് ആകാമെന്ന് വെച്ചപ്പോള്‍ പിള്ളാരെല്ലാം അങ്ങിങ്ങു പോയിരിക്കുന്നു. ഏല്യാസ് രണ്ടു കയ്യിലും ഓരോ ബെഡ്ഡെടുത്ത് നടന്നു. പോളിച്ചേട്ടനോട് പറഞ്ഞതേയില്ല. പ്രാഞ്ചിയാണെങ്കില്‍  അകലെ നിന്ന് വരുന്ന ഓര്‍ഡര്‍മാനെ കണ്ട് ഓര്‍ഡര്‍ ഉണ്ടെന്ന് സംശയം തോന്നിയാല്‍ മതി, കിടക്കയെടുത്ത് കൂടെ പോരും. പോളിയേട്ടന്‍ ഏതോ നോവലില്‍ ജീവിച്ചുകൊണ്ടിരിക്കുകയാണ്. ശല്യപ്പെടുത്താന്‍ പോയില്ല. 

 

സകലദൈവങ്ങളെയും ഉള്ളുരുകി വിളിച്ച്, കയ്യട്ടം കിട്ടുന്ന കാശിന് കൊടുക്കാമെന്നുറച്ചിട്ടാണ് കയറി ചെന്നത്. വിലകേട്ട് ഞെട്ടി വഴുതിപോകേണ്ട എന്നു കരുതി വിലയല്പം കുറച്ചാണ് പറഞ്ഞത്. അവര്‍ ഒരു വിലക്കു ചോദിച്ചു. അങ്ങനെയെങ്കില്‍ വേണ്ടത് ഒന്നോ രണ്ടോ അല്ല, നാലെണ്ണമാണ്. വീട്ടിലുള്ള നാലുമുറികളിലേക്കും ഓരോന്ന്. കൂട്ടിപ്പിടിച്ച് കച്ചോടം ചെയ്യാന്‍ എല്‍ദോയാണ് ഏല്യാസിനെക്കാൾ മിടുക്കൻ. രണ്ടെണ്ണം പറഞ്ഞിടത്ത് മൂന്നും നാലും കൂട്ടിപ്പിടിച്ച് എല്‍ദോ ഇട്ടുകൊടുക്കുമായിരുന്നു. മൂന്നെണ്ണം വരെ ഏല്യാസും വിറ്റിട്ടുണ്ട്. തന്‍റെ ആദ്യ കച്ചവടം ഇത്തിരി വൈകിയാണെങ്കിലും നാലെണ്ണമായതില്‍ ഏല്യാസിന് അഭിമാനവും സന്തോഷവും തോന്നി. ഒറ്റവിലയ്ക്ക് അവര്‍ ചോദിച്ചതുകൊണ്ട് പിശങ്ങലൊന്നുമുണ്ടായില്ല. തിരിച്ചു ചെല്ലുമ്പോള്‍ പിള്ളേര്‍ നാലും വണ്ടിക്കടുത്ത് പറ്റിപറ്റി നില്ക്കുന്നുണ്ട്. 

 

‘‘എന്താടാ, വല്ല ഓര്‍ഡറും കിട്ട്യോ? നോക്ക് നാലെണ്ണം മുറിച്ചിട്ടാ വരണേ.... എടുക്കുമ്പോ ഇതുപോലത്തെ ഓര്‍ഡറുകളെടുക്ക്...’’

നാലെണ്ണം കൂട്ടിപിടിക്കാനായില്ലെങ്കിലും രണ്ടെണ്ണം വീതം നാലുപിള്ളാരുടേയും ഓര്‍ഡറുകള്‍ക്ക് കൊടുത്തു. തരക്കേടില്ലാത്ത വിലയും കിട്ടി. ഉച്ചയായപ്പോഴേക്കും പാതിയായ വണ്ടിയിലൂടെ വായുവിന് ഇഷ്ടംപോലെ കയറിയിറങ്ങി പോകാമെന്നായി. ഊണു കഴിക്കുമ്പോള്‍, (പോളിയേട്ടനൊഴികെ, ആള്‍ക്ക് പിന്നെ അങ്ങനെയൊരു പ്രശ്നം ഉണ്ടായിരുന്നില്ലല്ലോ) എല്ലാവര്‍ക്കും മനസമാധാനം ഉണ്ടായിരുന്നു. ഏല്യാസ് കണക്കുകൂട്ടിക്കൊണ്ടിരുന്നു. നഷ്ടം ഉണ്ടാകില്ലെന്നുറപ്പായി. ആ മാതിരി കച്ചവടം തുടര്‍ച്ചയായി, സന്ധ്യയാവുന്നതുവരെ കിട്ടിയാല്‍ രക്ഷപ്പെട്ടു. 

 

വീട്ടില്‍ പോകുമ്പോള്‍ പിള്ളേര്‍ക്കെന്തെങ്കിലും കൊടുക്കണം. മൂന്നുദിവസം നടന്നിട്ട് ഒന്നും ഇല്ലാതെ കാലി കീശയുമായി വീട്ടില്‍ പോകുന്നതെങ്ങനെയാണ്? ഏല്യാസ് ഒന്നുകൂടി മനസ്സില്‍വന്ന ദൈവത്തെ വിളിച്ചു. ആ ദൈവം വിളികേട്ടു. സന്ധ്യയാകുന്നതുവരെ കച്ചവടം അതേ ലെവലില്‍ നീണ്ടു. അതോടെ ഏല്യാസിന് ഒരു കാര്യം മനസ്സിലായി. നല്ല സമയമുണ്ടെങ്കില്‍ കാര്യങ്ങള്‍ മാറിമറിയാന്‍ അധികം നേരമൊന്നും വേണ്ട. മൂന്നുദിവസത്തെ കച്ചവടം വരാന്‍ ഒരൊറ്റദിവസം മതി. 

വൈകുന്നേരം കാശെണ്ണി തിട്ടപ്പെടുത്തി ഒരു മൂളിപ്പാട്ടോടെ ഇരിക്കുംനേരമാണ് എവിടെ വെച്ചാണ് കച്ചവടം തിരിഞ്ഞുവന്നതെന്ന് ഏല്യാസ് ആലോചിച്ചത്. ചെന്നു നിന്നത് ഒരു ബാറിന്‍റെ മുന്നിലും. അപ്പോഴേക്കും ഏല്യാസ് ഒരു സത്യം മനസ്സിലാക്കിയിരുന്നു. കിടയ്ക്കാട്ടെ കിടയ്ക്കകള്‍ വില്ക്കുന്നവര്‍ക്ക് അല്പം കുടിക്കാതെ രക്ഷയില്ല. എല്‍ദോ പറയാറുള്ളത് നേരാണ്. ‘‘ഇങ്ങനെ കിട്ടണ കാശ് കുടിക്കാതേം തിന്നാതേം കൂട്ടിവെച്ച് ണ്ടാക്കാംന്ന് വിചാരിക്കണത് തെറ്റാണ്. അതൊരിക്കലും നടക്കില്ല. കുറേക്കാശ് കുടിച്ചുതന്നെ പോണം. കുറേക്കാശ് തിന്ന്ട്ട്. ഇനി ആര്‍ക്കെങ്കിലും പെണ്ണുപിടിക്കാന്‍ പറ്റ്വാന്നാച്ചാലും കൊഴപ്പല്ല്യാ.. അല്ലാണ്ടെ കൂട്ടിവെച്ചു പണക്കാരാനാവാംന്ന് വെച്ചാ, ഓര്‍ത്തോ മക്കളെ, നടക്കില്ലാ... ഈ കാശിനുണ്ട് അതിന്‍റെ ഒരു സത്യം.’’

 

ആ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട് എല്‍ദോ ഏതെങ്കിലും ബാറില്‍ ഇരിക്കുന്നുണ്ടാകും എന്ന് ഏല്യാസിനുറപ്പുണ്ടായിരുന്നു. പക്ഷേ ഏല്യാസ് മുഴുവനും ആ പറഞ്ഞതുപോലെ ചെയ്യാന്‍ തയ്യാറായിരുന്നില്ല. ഒരു കണക്കു വിട്ടുള്ള കളിക്ക് ഏല്യാസ് ഇല്ല.

 

‘‘മുമ്പ് പോരുമ്പോ പറഞ്ഞേന്ന് ചെറിയൊരു മാറ്റംണ്ട്. കഴിക്കണംന്ന്ള്ളോര്‍ക്ക് രണ്ടുപെഗ്ഗ് വെച്ച് കഴിക്കാം. കയ്യില് കാശുണ്ടേലും ന്‍റൊപ്പം വരണോര് അതില് കൂടുതല്‍ കഴിക്കാന്‍ പാടില്ല.’’

 

ഏല്യാസ് പറഞ്ഞപ്രകാരം എല്ലാരും രണ്ടെണ്ണം വീതം വിട്ടു. പോളിയേട്ടന്‍ വണ്ടിയില്‍തന്നെ മൂക്കുപൊത്തിയിരുന്നു. അയാള്‍ മദ്യപിക്കില്ലത്രെ. കൊടകരയിലും മദ്യപിക്കാത്ത ഡ്രൈവറോ? അയാളുടെ ലഹരി മുഴുവന്‍ പൈങ്കിളി നോവലില്‍ തളച്ചുകിടക്കുകയാണെന്ന് ഏല്യാസിനു തോന്നി. ആയിക്കോട്ടെ എന്നുവെച്ച് നിര്‍ബന്ധിക്കാനും പോയില്ല. 

 

രണ്ടെണ്ണം വിട്ടിട്ടും പിള്ളേര്‍ക്കൊന്നുമായില്ല. പിള്ളേരുടെ ഇരിപ്പും മട്ടും മാതിരിയും കണ്ടപ്പോള്‍ ഏല്യാസ് കണ്ണുരുട്ടി.

‘‘മതീടാ പിള്ളേരെ. ഇത്തിരി സ്വാതന്ത്ര്യം തന്നൂന്ന് വെച്ചിട്ട് തലേല് കേറി ഇരിക്കരുത്. ഇന്യോക്കെ നാളെ വീട്ടില് ചെന്നിട്ട്...’’

 

പിറ്റേന്ന് കാലത്ത് ഷെയര്‍ കാശില്‍ നിന്ന് കുറച്ചല്പം വീട്ടില്‍ കൊടുത്ത് ബാക്കിയുള്ളത് പോക്കറ്റില്‍ തിരുകി പിള്ളേര്‍ നാലും പാരഗണ്‍ ബാറിലേക്കു വിട്ടു. ഒരു പണിയും തൊഴിലുമില്ലാതെ, തേരാപാര നടക്കണ പിള്ളേര് അത്രയെങ്കിലും വീട്ടില്‍ തന്നല്ലോ എന്നോര്‍ത്ത് വീട്ടുകാര്‍ സന്തോഷിച്ചു. കുടിച്ചു ബോധമില്ലാതെ വന്ന മക്കളെയൊന്നു തടയാനോ ഗുണദോഷിച്ചു നേരെയാക്കാനോ ആരും മിനക്കെട്ടില്ല, വീട്ടില്‍. അതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്ന് എല്ലാ വീട്ടുകാര്‍ക്കും അറിയാമായിരുന്നു. 

ഇതിനിടെ എല്‍ദോ രണ്ടു ട്രിപ്പു വന്നുപോയിരുന്നു. നാട്ടില്‍ വന്നപ്പോഴാണ് ഏല്യാസ് അതറിഞ്ഞത്. 

 

എല്‍ദോ ഒരു ട്രിപ്പെങ്കിലും വന്നുപോയിട്ടുണ്ടാകുമെന്ന് ഏല്യാസിനുറപ്പുണ്ടായിരുന്നു. രണ്ടു ട്രിപ്പെന്ന് കരുതിയിരുന്നതേയില്ല. എല്‍ദോയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഇഷ്ടംപോലെ പഞ്ഞിയും കിടയ്ക്കയും കൂടിക്കിടക്കുന്നുണ്ട്. പണിക്കാരുമുണ്ട് ധാരാളം. കൊടകരയില്‍ നിന്നും വണ്ടികള്‍ മൂന്നെണ്ണം ഇറക്കിയിട്ടുണ്ട്. മാനേജര്‍ ജോണിക്ക് നിന്നുതിരിയാന്‍ നേരമില്ല. ഏല്യാസിനോട് സംസാരിച്ച സമയം കൊണ്ട് അവനത്രയും പറഞ്ഞു. ഏല്യാസിന് ഇച്ഛാഭംഗം തോന്നി. സുഗതന്‍ മുതലാളിയില്‍ നിന്ന് കിടയ്ക്ക സ്ഥലം വാങ്ങുന്നതേക്കാള്‍ നന്ന് ഒരു ലോംഗ് ചേസ് വണ്ടി വാങ്ങിക്കുകയായിരുന്നുവെന്ന് തോന്നി. ഒരു വണ്ടിയുണ്ടെങ്കില്‍ ആരേയും ആശ്രയിക്കേണ്ട. എപ്പോഴും ലൈനില്‍ ഓടാം. പഞ്ഞികൊണ്ടുവരാനും മറ്റും സൗകര്യമാണ്. അടുത്തത് അത്യാവശ്യം ഒരു വണ്ടിയാണ്. അവിടെ നിന്നിറങ്ങുമ്പോഴാണ് എതിരെ പോളിയേട്ടന്‍റെ വണ്ടി വരുന്നത്. അയാള്‍ ഒന്നു ചിരിച്ചു കാണിച്ചു.

 

‘‘കിടയ്ക്കാട് കിടയ്ക്കകളുള്ളിടത്തോളം കാലം കൊടകരേല് വണ്ടികള്‍ക്ക് ഓട്ടത്തിന് ക്ഷാമം ഉണ്ടാവില്ല. എല്‍ദോ പറഞ്ഞിട്ടാണ്. ലോഡ് കേറ്റീടാന്ന് വെച്ചിട്ടാണ്...’’

ഏല്യാസ് ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും പോളിയുമൊത്ത് ലോഡ് പോകുന്നതില്‍ താല്പര്യമില്ലായിരുന്നു. രണ്ടു ലോഡുപോകാനുള്ള കിടയ്ക്കകള്‍ ശരിയായിരിപ്പുണ്ട്. പണിത കിടക്കകള്‍ വെച്ചിരുന്നാല്‍ പഞ്ഞി തണുപ്പടിച്ച് അല്പമൊന്ന് അമുങ്ങിപ്പോകും.  കിടയ്ക്ക കാണാനുള്ള മതിപ്പു പോകും. എത്രയും വേഗം ആ കിടയ്ക്കകള്‍ വിറ്റുതീര്‍ക്കണം. ഒരു മാനേജരെ വെക്കാതെ കാര്യം നടക്കില്ല. അതിനു മുമ്പ് കൊടകര പോയി ഒരു വണ്ടി ഏല്പിക്കാം. കൊടകര വരെ പോയി സമയം കളയുന്നതിനു പകരം  പോളിയേട്ടനോട് ചോദിക്കാമെന്നുവെച്ച് ഏല്യാസ് തിരിഞ്ഞുനടന്നു. ജോണി കിടയ്ക്കകള്‍ എണ്ണി കയറ്റുന്നുണ്ട്. പോളി ഡ്രൈവറുടെ സീറ്റില്‍ മനോരമ വായിച്ചിരിക്കുന്നു. 

 

‘‘അല്ല ജോണ്യേ, ആരാ മേട്ട ഈ ലോഡില്..’’

‘‘നമ്മുടെ ലോനച്ചന്‍. അവന്‍ വണ്ടിയോടിക്കല് നിര്‍ത്തി. അവന് കച്ചോടത്തിന് പോയാ മതീന്ന്...’’

‘‘അപ്പോ ആ വണ്ടി ആരാ എട്ത്തേക്കണത്...’’

‘‘തല്ക്കാലത്തേക്ക് ഈ ട്രിപ്പ് എല്‍ദോ തന്നെ. ഓട്ടുപാറേന്ന് ഒരു ഡ്രൈവറെ പറഞ്ഞിട്ടുണ്ട്. ’’

‘‘അല്ല, ലോനച്ചന് ലോഡ് കൊടുത്തേക്കാന്ന്ച്ചാ..’’

‘‘എന്താ കൊഴപ്പം... രണ്ടു ലോഡ് എല്‍ദോക്കൊപ്പം പോയ കൃഷ്ണനല്ലേ ഇന്നലെ രാത്രി ഏതോ ഒരു ലോഡില്‍ മേട്ടയായി പോയേക്കണത്. സ്ഥലോം ഏരിയയുമൊക്കെ എല്‍ദോ പറഞ്ഞ് കൊട്ക്കണ് ണ്ട് . വെറുതെ അവിടെ വീട്ടില് കൊണ്ടോയി ഇട്ട് കൊടുത്താമതീലോ..’’

 

കൃഷ്ണനും ലോഡും പോയെന്നോ. ഓര്‍ഡറെടുക്കാന്‍ അവന്‍ മിടുക്കനാണ്. ചങ്കൂറ്റം അല്പം കൂടുതലുണ്ട്. അഹങ്കാരവും. ചങ്കൂറ്റം ഉണ്ടെങ്കിലേ മേട്ടയാകാന്‍ പറ്റൂ.

‘‘ഏല്യാസേ, നിങ്ങള് ഇങ്ങനെ തന്നെ ലോഡ് കൊണ്ടോയിട്ട് കാര്യങ്ങള് നടക്കില്ല. രണ്ടുപിള്ളാരെ പിക്കപ്പാക്കീട്ത്ത് രണ്ടു ലോഡും കേറ്റിവിടാന്‍ നോക്ക്. എന്നാലേ കാര്യങ്ങള് ഉഷാറാകൂ...’’

‘‘ഞാനിപ്പൊ എനിക്കിന്ന് പൂവ്വാന്‍ വണ്ടീലാണ്ടെ നില്ക്കണത്..’’

‘‘വണ്ടിക്കാണോ ടൈറ്റ്. കൊടകരേന്ന് രണ്ടുമൂന്നു വണ്ടി ഞാന്‍ പറഞ്ഞ് നിര്‍ത്തീണ്ട്. ഒരെണ്ണം വേണങ്കി ഇന്ന് വരുത്തിതരാം...’’

‘‘എന്നാ നീയൊന്ന് വിളിച്ച് പറ. ഞാന്‍ ആരെയെങ്കിലും ഒരുത്തനെ കിട്ട്വാന്ന് നോക്കട്ടെ, കണക്കും കാര്യങ്ങളും നോക്കാന്‍.’’

‘‘ഞാനത് പറയാന്‍ നിക്ക്വായിരുന്നു. കച്ചോടോം ടെന്‍ഷനും ഒക്കെക്കൂടി ഏറ്റി നടക്കേണ്ടാ. നമ്മുടെ ഷിബു അവ്ടെ വെറുതിരിക്ക്യാ. കച്ചോടത്തിന് അവന്‍റെ വീട്ടുകാര് വിട്​ല്ല്യാന്നേള്ളൂ. മാനേജരായാല്‍ കൊഴപ്പംണ്ടാവില്ല്യാ. പഠിപ്പുണ്ടുണ്ടല്ലോ. ഞാൻ ന്‍റെ അസിസ്റ്റന്‍റാക്കാന്‍ ഒരാളെ നോക്ക്വായിരുന്നു. ഏല്യാസിന് വേണംങ്കി എടുത്തോ. ഏല്യാസിന്‍റെ കാര്യംല്ലെ ഇപ്പൊ വലുത്. ഇയ്ക്ക് അസിസ്റ്റന്‍റായിട്ട് വരാന്‍ ഇഷ്ടംപോലെ പിള്ളേരുണ്ടാവും ഈ കിടയ്ക്കാട്...

 

‘‘ഏല്യാസിന് ചൊറിഞ്ഞുവന്നെങ്കിലും ഒന്നും പറഞ്ഞില്ല. കാര്യം നടക്കണമെങ്കി ചെക്കന്‍റെ വായില്‍നാവ് സഹിക്കണം. രണ്ടാഴ്ച മുമ്പുവരെ നേരെ നിന്നൊന്നു തന്നെ നോക്കിയിട്ടില്ല. നാലു കാശു കാണാന്‍ തൊടങ്ങിയപ്പോഴുള്ള മാറ്റമാണ്. വളവളാന്ന് നാവിട്ടടിച്ചാലും ഉപകാരത്തിന് പ്രയോജനപ്പെട്ടതിനാല്‍ ഏല്യാസ് തിരിഞ്ഞുനടന്നു. ജോണി പറഞ്ഞ പോലെ ഷിബുവിനും വീട്ടുകാര്‍ക്കും കച്ചവടത്തിനു വരാനേ മടിയുണ്ടായിരുന്നുള്ളൂ. മാനേജരാവാന്‍ കുഴപ്പമില്ലായിരുന്നു. അപ്പോള്‍തന്നെ അവനെ കൂട്ടി വന്ന് ഏല്യാസ് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. ആ രാത്രി തന്നെ പഞ്ഞികൊണ്ടുവരാനും പണിക്കാരികളെ ഏല്പിക്കാനുമായി അവന്‍ പോയി. അങ്ങനെ നില്ക്കുമ്പോഴാണ് ഒരു പച്ച, ടെസ്റ്റ് കഴിഞ്ഞ് ഇറങ്ങിയിട്ടേയുള്ളൂ എന്നു തോന്നുന്നു, മഗ്ദലനമറിയം മറ്റഡോര്‍ വാന്‍ വന്നു മുന്നില്‍ നിന്നത്. മുന്‍സീറ്റില്‍ നിന്നും വര്‍ഗ്ഗീസ് ചാടിയിറങ്ങി.

 

‘‘ഏല്യാസേ നമ്മ്ക്ക്ള്ള വണ്ട്യാ. ഏല്യാസിന്‍റെ കമ്പനീ ഏതാന്ന് ചോദിച്ച് ഓട്ടുപറേല് കെടന്ന് കറങ്ങ്വായിരുന്നു. ഞങ്ങള് കയ്യോടെ ഇങ്ങ് കോറിപോന്നു..’’

ഡ്രൈവര്‍ സീറ്റില്‍ നിന്നും കറുത്തുരുണ്ടു തടിച്ച ഒരാള്‍ ചാടിയിറങ്ങി. ശരീരം തിന്ന് കുടിച്ച് അല്പം പ്രായം തോന്നിക്കുന്നുണ്ടെങ്കിലും മുഖത്തിന് കൗമാരദശ പിന്നിടുന്ന മട്ടാണ്. സകല പല്ലുകളും പുറത്തുകാണിച്ച് ചിരിച്ച് അല്പമൊരു വിനീതനായി അവന്‍ ഏല്യാസിനു മുന്നില്‍ നിന്നു. 

‘‘ന്‍റെ പേര് മത്തായി. കൊടകരേലെ സേവ്യാച്ചന്‍ മൊതലാളീടെ വണ്ട്യാ. ജോണി പറഞ്ഞിട്ട് വന്നതാ...’’

 

ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും അവന്‍ ഒന്നുകൂടി  ഉരുളുന്ന പോലെ. 

‘‘പിള്ളാരെ ചവുട്ടി കുത്തി നിറച്ചോ. ഞാനൊന്നു കുളിച്ചിട്ട് വരാം’’

പറഞ്ഞുതീരുമ്പോഴേക്കും മത്തായി കിടയ്ക്കയെടുത്ത് നടക്കുന്നതു കണ്ടു. ഏല്യാസിന് ആശ്വാസമായി. കണ്ടിട്ട് വായിക്കാനറിയില്ലെന്നു തോന്നുന്നു. മംഗളത്തിന്‍റെയും മനോരമയുടെയും ശല്യമുണ്ടാകില്ല. മത്തായി ആളൊരു ഉത്സാഹക്കാരനാണെന്ന്, തിരിച്ചുവരുമ്പോഴേക്കും ലോഡെല്ലാം കയറ്റി സ്റ്റീയറിംഗില്‍ താളമിട്ട് മൂളിപ്പാട്ടുപാടിയിരിക്കുന്നതു കണ്ടപ്പോള്‍ ഉറപ്പായി.

 

മഗ്ദലനമറിയം വടക്കാഞ്ചേരി വിട്ടുകഴിഞ്ഞപ്പോള്‍ ഏല്യസ് പിള്ളാരെ ഒന്നുപാളി നോക്കി. നാലിന്‍റേം മുഖത്ത് ഒരുതരം പരിഭവം ഉണ്ട്. ഏല്യാസ് അപ്പോഴും എന്തുചെയ്യണമെന്ന ധര്‍മ്മസങ്കടത്തിലായിരുന്നു. എല്‍ദോക്ക് കച്ചവടം അടിച്ചുകയറുകയാണ്. കൊടകരയില്‍ നിന്ന് വണ്ടികള്‍ നിരയായി വന്നുകൊണ്ടിരിക്കുന്നു. പഞ്ഞിപെറുക്കാനും പണിയാനുമായി പെണ്ണുങ്ങള്‍ കണ്ടമാനം.  ഓരോ ലോഡ് പോയ ധൈര്യത്തില്‍, കഴിവുള്ളവരെ കണ്ടെടുത്ത് മേട്ടകളാക്കി കയറ്റിവിടുന്നു. അവന്‍ കച്ചോടത്തിന് പോയില്ലെങ്കിലും വരാനുള്ളത് പോക്കറ്റില്‍ വന്നുകൊണ്ടിരിക്കും. 

 

പക്ഷേ തന്‍റെ സ്ഥിതി ഇപ്പോള്‍ അതല്ല. തുടങ്ങിയിടത്തുതന്നെ കിടക്കുന്നു. കഴിഞ്ഞ ഒരു ലോഡുകൊണ്ടുതന്നെ കച്ചവടത്തോട് ചെറിയൊരു മടുപ്പും തോന്നി. ആത്മവിശ്വാസമല്പം കുറഞ്ഞപോലെ. കച്ചവടത്തിന് ചെന്നെത്തുന്ന സ്ഥലം  നന്നായാല്‍ രക്ഷപ്പെട്ടു. ഈ ലോഡ് അല്പം ഒരു തൊന്തരവുള്ളതാണ്. ഇത് വിറ്റുകിട്ടുന്ന കാശുകൊണ്ടുവേണം പഞ്ഞിയിറക്കാനും കിടയ്ക്കയുണ്ടാക്കാനും. സാവധാനം ഒന്നുരണ്ടു നല്ല ടീമുണ്ടാക്കണം. വണ്ടികിട്ടാന്‍ പ്രയാസമില്ല. കൊടകര ഒന്നു കറങ്ങിയാല്‍ മതി.  അതിന് ഷിബു ധാരാളം. പിള്ളാരുടെ മട്ടും മാതിരിം കാണുമ്പോള്‍ പിണക്കത്തിലാണ്. പൊതുവേ ഒരു പാട്ടും പരന്നിട്ടുണ്ട്. എല്‍ദോക്കൊപ്പം പോയാല്‍ വയറുനിറച്ച് കള്ളും പോക്കറ്റുനിറയെ കാശും. ഏല്യാസിനൊപ്പമാണെങ്കില്‍ പള്ളയിലല്പം കള്ളും പോക്കറ്റിലിത്തിരി കാശും. 

 

പിള്ളാര് ചാഞ്ചാടിയിരിക്കുകയാണ്. ഈ അവസ്ഥയില്‍ ആദര്‍ശം പിടിച്ചിരുന്നാല്‍ ഉള്ള പിള്ളേര്‍ കയ്യില്‍നിന്നും പോകുമെന്നുറപ്പാണ്. പിള്ളാരെ സുഖിപ്പിച്ചു കൂടെ നിര്‍ത്തണം. നിലനിന്നതിനു ശേഷമാവാം ആദര്‍ശം. മത്തായി എങ്ങുംനോക്കാതെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു. പള്ളിയും കുരിശും കാണുമ്പോള്‍ മുട്ടിനു മുട്ടിനു കുരിശുവരക്കുന്നുണ്ട്. ഡ്രൈവിങ്ങിനേക്കാള്‍ ശ്രദ്ധ കുരിശുവരയ്ക്കുന്നതിലാണ്.

‘‘മത്തായ്യേ , തിരൂര് ബാറെത്ത്യാ  ഒന്നു ചവിട്ടിക്കോ. രണ്ടെണ്ണം വിട്ടിട്ടു പോകാം...’’

‘‘തിരൂര് വേണ്ട, ഏല്യാസേട്ടാ, ആമ്പല്ലൂര് കഴിഞ്ഞാണ്ട് ഒരെണ്ണം. നല്ല മൂരിക്കറീം കിട്ടും.’’

ഉറക്കത്തില്‍ നിന്ന് ചാടിയെഴുന്നേറ്റപോലെ പിള്ളേര് ഉഷാറായി. ഏല്യാസ് അപ്പോള്‍ കണക്കുകൂട്ടിയത് കുടിക്കാത്ത കുറെ പിള്ളേരെ കച്ചവടക്കാരായി വളര്‍ത്തിക്കൊണ്ടു വരുന്നതേക്കുറിച്ചായിരുന്നു. അതത്ര എളുപ്പമായിരുന്നുമില്ല.

 

രണ്ടെണ്ണം എന്ന കണക്കുതെറ്റിക്കാന്‍ ഏല്യാസ് ആരേയും അനുവദിച്ചില്ല. മത്തായി കുടിക്കാന്‍ പുറപ്പെട്ടെങ്കിലും സമ്മതിച്ചില്ല. മത്തായിക്കുള്ളത് വാങ്ങി വണ്ടിയില്‍വെച്ചു. റൂമില്‍ ചെന്നിട്ട് കഴിക്കാന്‍. ഡ്രൈവര്‍ ഒരിക്കലും മദ്യപിക്കരുത്. പകരം മത്തായി രണ്ടുപ്ലേറ്റ് മൂരിക്കറി തിന്ന് തൃപ്തിപ്പെട്ടു. 

 

മറ്റെല്ലാവരും കുടിയും തീറ്റയും കഴിഞ്ഞിറങ്ങിയപ്പോള്‍, മത്തായി ഒരു പാന്‍ പരാഗ് പൊട്ടിച്ച് വായിലിട്ട്, ഷര്‍ട്ടൂരിയിട്ട്, കറുത്തു തടിച്ച ശരീത്തില്‍ കെട്ടുപിണഞ്ഞു  കിടക്കുന്ന രോമക്കാട്ടിലൂടെ വിരലോടിച്ച് തിളങ്ങുന്ന കണ്ണുമായി വണ്ടി ഓടിച്ചു കൊണ്ടിരുന്നു. ഏല്യാസ് ഇടയ്ക്കിടെ കണ്ണടഞ്ഞുപോയെങ്കിലും  പരമാവധി മത്തായിക്ക് കൂട്ടായി ഉറങ്ങാതിരിക്കാന്‍ ശ്രമിച്ചു. 

 

‘‘ഏല്യാസേട്ടാ, നിങ്ങള് ഉറങ്ങിക്കോ. രണ്ടുസൈഡിലും പള്ളീം കപ്പേളേം ഒള്ളോടത്തോളം കാലം ഇയ്ക്കൊറക്കം വരില്ല. കുരിശു വരയ്ക്കണ്ടേ. സത്യ ക്രിസ്ത്യാനികള്‍ക്ക് കുരിശ് വരയ്ക്കല് ഒരു വ്രതം ല്ലേ...’’

 

ഉറക്കത്തിനിടയിലും ഏല്യാസ് കണ്ടു, മുറതെറ്റാതെ മത്തായി കുരിശു വരച്ചുകൊണ്ടിരിക്കുന്നു. കുരിശുവരയില്‍ മത്തായിക്ക് കൈവിഷം കിട്ടിയപോലെയാണ്.  റൂമിലെത്തി, മറ്റെല്ലാരും ഉറങ്ങുമ്പോള്‍ മത്തായി കുളിക്കഴിഞ്ഞ് വന്ന് രണ്ടെണ്ണം വിട്ട് പാട്ടുതുടങ്ങി. പാട്ടേതാണെന്നൊന്നും ഏല്യാസിന് തിരിഞ്ഞില്ല. അമ്മാതിരി പാട്ടുകള്‍ രാത്രി നേരത്ത് നടന്നുപോകുന്ന കല്ല്ട്ട്മട കോളനിയിലെ മൊളേന്മാര്‍ പാടുന്നത് കേട്ടിട്ടുണ്ട്. ഉണര്‍ന്നെണീക്കുമ്പോള്‍ ഓടി മറയുന്ന സ്വപ്നങ്ങളാണെന്നു കരുതി അതിനെയൊക്കെ അതിന്‍റെ പാട്ടിനു വിട്ട് ഏല്യാസ് ഉറങ്ങാന്‍ കിടക്കും. 

 

അക്കുറിയും കച്ചവടം ആലുവയില്‍ തന്നെയായിരുന്നു. തങ്ങിയത് മാതാ ലോഡ്ജിലും. രണ്ടു മൂന്നുതവണ വന്നു തങ്ങിയതിനാല്‍ ഏതു പാതിരാത്രിക്കു ചെന്നാലും മാതയില്‍ റൂമുണ്ടാകും. അന്നത്തെ കച്ചവടം ഒരത്ഭുതം പോലെയാണ് നടന്നത്. ചായ കുടിച്ച്, തലേപ്രാവശ്യം പോയ വഴി തന്നെ തുടര്‍ന്ന് അതിന് അപ്പുറത്ത് ഒരിടത്ത് നിന്ന് തുടങ്ങി. ഇറങ്ങിയ വഴിയില്‍തന്നെ ഏല്യാസിന് ഓര്‍ഡര്‍ കിട്ടി. കിടയ്ക്കയെടുക്കാന്‍ വരുമ്പോള്‍ പിള്ളേര്‍ നാലും ഓര്‍ഡറെടുത്ത് വണ്ടിക്കടുത്തുണ്ട്. ഓരോ വീട്ടിലേക്കും കിടയ്ക്കയും ഓരോരുത്തരെയുമായി ഏല്യാസ് കൊണ്ടുപോയി. പോകാന്‍ നേരം പറഞ്ഞു:

 

‘‘ഇതൊക്കെ അവനവന്‍റെ മിടുക്കാണ്. ഓരോരുത്തര്‍ അവരവര്‍ക്ക് പറ്റ്ണപോലെ കാര്യങ്ങള്‍ ചെയ്യുക. കിട്ട്യേട്ത്ത് വെച്ച് നന്നായിട്ടങ്ങു മുറിക്കുക. മുറിക്കണോടത്താണ് ശ്രദ്ധിക്കേണ്ടത്. പ്ടുംന്നനെ വെല കുറക്കരുത്. അത് സംശയംണ്ടാക്കും. പിന്നെ എത്ര കുറച്ചാലും കിട്ടില്ല. ആളും തരവും വീടും നോക്കിവേണം  വിലപറയാനും മുറിക്കാനും...’’

ഏല്യാസ് കിടയ്ക്ക കൊണ്ടിടുന്നതും അതിനെക്കുറിച്ച് പറയുന്നതും വിലപറയുന്നതും മുറിക്കുന്നതും അവര്‍ കണ്ടു മനസ്സിലാക്കി. വണ്ടിക്കടുത്ത് നിന്ന് സമയം കളയാതെ പിള്ളേര്‍ രണ്ടാമതും ഓരോ ഓര്‍ഡര്‍ എടുത്തുകൊണ്ടുവന്നു. മത്തായി വണ്ടിയില്‍ ചടഞ്ഞുകടി ഇരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. അവനും എടുത്തു ചില ഓര്‍ഡറുകള്‍.

 

‘‘ഇന്നത്തോടെ എല്ലാരും കച്ചോടം പഠിച്ചേക്കണം. ഇതിലും നല്ല ഒരു ദിവസം കിട്ടീന്ന് വരില്ല..’’ ഏല്യാസ് പറഞ്ഞത് നേരായിരുന്നു. അവനവന്‍റെ ഓര്‍ഡര്‍ രണ്ടും കല്പിച്ച് ഏല്യാസിനെ കാത്തുനില്ക്കാതെ അവരവര്‍ തന്നെ കൊണ്ടുപോയിട്ട് മുറിച്ചുകൊടുത്തു. ആരേയും കാണാതായപ്പോള്‍, മത്തായി കൂടി ഒരെണ്ണം കൊണ്ടുപോയി കൊടുത്ത് രാത്രിയില്‍ പാടിയപാട്ട് മൂളിപ്പാട്ടാക്കി മാറ്റി ഉപകാരസ്മരണക്കായി കുരിശുവരച്ചു വന്നു. അന്നുച്ചയോടെ മഗ്ദലനമറിയം കാലിയായി. നല്ല രാശിയുള്ള വണ്ടിതന്നെ എന്നെല്ലാവരും ഉറപ്പിച്ചു. മത്തായിക്കും കുരുത്തമുണ്ട്. തിരിച്ചുപോരുമ്പോള്‍ വണ്ടിയില്‍ വെച്ചുതന്നെ ഏല്യാസ് കാശ് പങ്കിട്ടു കൊടുത്തു. ചെറിയൊരു നീരസം പിള്ളേര്‍ക്ക് ആദ്യം തോന്നിയെങ്കിലും വീര്‍ത്തിരിക്കുന്ന പോക്കറ്റു കാണുമ്പോള്‍ സമാധാനവും സന്തോഷവും തോന്നി. പോക്കറ്റില്‍ കാശ് എത്തിയപ്പോള്‍ ആരിലും കുടിക്കണമെന്ന ചിന്തയില്ലാതായി. അന്നാദ്യമായി, കച്ചവടത്തിനിറങ്ങിയ ശേഷം ഏല്യാസും പിള്ളാരും ഒരു തുള്ളിയടിക്കാതെ വീട്ടിലെത്തി. 

 

മാനേജര്‍ ഷിബു, ഇത്രവേഗം മുതലാളിയും കൂട്ടരും മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.  അത്യാവശ്യം കിടയ്ക്കകള്‍ അവന്‍ ഉണ്ടാക്കിവെച്ചിരുന്നു. കാലത്ത് എഴുന്നേറ്റ്, കിട്ടാവുന്നത്ര പണിക്കാരികളെയും പഞ്ഞിയുംകൊണ്ട്  കഴിയുന്നത്ര കിടയ്ക്കയുണ്ടാക്കാന്‍ പറഞ്ഞ് ഏല്യാസ് കൊടകരക്കുവിട്ടു. രണ്ടുവണ്ടികൂടി കണ്ടെത്തണം. നാലു പിള്ളേരേ രണ്ടായി തിരിച്ച് രണ്ടുവണ്ടികളിലാക്കി കയറ്റിവിടണം. അവര്‍, ഓര്‍ഡര്‍ എടുക്കാനുള്ള പിള്ളേരെ സംഘടിപ്പിച്ചുകൊള്ളും. നാലു പുതിയ പിള്ളേരെ, തനിക്കുവേണ്ടി കണ്ടെത്താന്‍ ഏല്യാസ് ഷിബുവിനെ ഏല്പിച്ചു. 

കൊടകര ചെന്ന് വണ്ടിയന്വേഷണത്തിനിടയിലാണ് മുട്ടിനുമുട്ടിനു മത്തായി കുരിശു വരക്കുന്നതിനെന്തെന്ന് മനസ്സിലായത്. കൊടകരയില്‍ നിന്ന് കിടയ്ക്കാട് കിടക്ക കച്ചവടത്തിന് സ്ഥിരമായി വണ്ടികള്‍ വരുന്നുണ്ടെന്നും അതില്‍ ‘മഗ്ദലനമറിയം’ തന്‍റെ കമ്പനിയിലേക്കാണ് വരുന്നതെന്നും പറഞ്ഞപ്പോള്‍ കെ.ആര്‍.സി.യുടെ ഡ്രൈവര്‍ തങ്കപ്പന്‍ ചോദിച്ചു: 

 

‘‘ആര്ടെ? കുരിശുമത്തായീടെ മഗ്ദനലമറ്യോ?’’

‘‘എന്താ കുരിശ് മത്തായീന്ന് വിളിക്കണെ..’’

‘‘എപ്പളും അവനിര്ന്ന് കുരിശ് വരയ്ക്കലാ പണി. വരച്ചുവരച്ച് കുരിശുവരയ്ക്കാന്‍ പഠിച്ചൂന്ന് തോന്ന്ണു.’’

‘‘ക്രിസ്ത്യാന്യോള്‍ക്ക്  കുരിശുവരയ്ക്കാന്‍ പഠിക്കണോ?’’

‘‘ക്രിസ്ത്യാനോള്‍ക്ക് പഠിക്കണ്ടാ. പക്ഷേ മാര്‍ഗ്ഗം കൂടി വന്നോര്ക്ക് പഠിക്കണ്ടേ?...’’

തുടര്‍ന്ന് തങ്കച്ചന്‍ മത്തായിയേയും കുടുംബത്തിന്‍റെയും പൂര്‍വ്വചരിത്രം വിവരിച്ചു. 

കൊടകര കോളനിയില്‍ മൊളേന്മാര്‍ക്കിടയിലായിരുന്നു മത്തായീം കുടുംബവും താമസിച്ചിരുന്നത്. അത്യാവശ്യം മാട്ടും മന്ത്രോം ഒടിവിദ്യേം ഉണ്ടായിരുന്നു. കൊടകര പള്ളീല് പുതുതായി ചാര്‍ജ്ജെടുത്ത ഒരച്ഛന്‍റെ ഒത്താശയോടെ ആ കോളനിക്കാരെ മുഴുവന്‍ ദത്തെടുത്ത് ക്രിസ്ത്യാനികളാക്കി മാറ്റി. അതുവരെ വെട്ടത്തേക്കൊന്നും വരാതെ നടന്നിരുന്ന മത്തായീം കൂട്ടരും യഥാർഥ ക്രിസ്ത്യാനികളേക്കാള്‍ വലിയ വിശ്വാസികളായി. ഏതു കപ്പേള കണ്ടാലും മേലുദ്യോഗസ്ഥരെ കണ്ടാല്‍ സല്യൂട്ടടിക്കുന്നതുപോലെ കൈകൂപ്പിതൊഴലും കുരിശു വരയ്ക്കലുമായി. 

ക്രിസ്ത്യാനികളായതോടെ അവര്‍ക്കുതോന്നി തങ്ങള്‍ മോശക്കാരല്ലെന്നും ആരുടെ മുന്നിലും തലകുനിച്ചു നില്‍ക്കേണ്ടവരല്ലെന്നും. അങ്ങനെ കൊടകരയിലെ മുഖ്യധാരയില്‍ വന്ന് ഡ്രൈവര്‍മാര്‍ക്കിടയില്‍ മാന്യമായി നടക്കുന്നു. ഡ്രൈവര്‍മാര്‍ക്കിടയിലെ ക്രിസ്ത്യാനികള്‍ക്ക് മത്തായിയേയും മറ്റും കൂട്ടാളികളേയും കൊണ്ട് കയ്ച്ചിട്ട് ഇറക്കാനും  മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലായി. 

‘‘എന്നാലും ഒള്ളത് പറേണല്ലോ, ബൈബിള് അവന് കാണാപ്പാഠാ. ഞങ്ങളറിഞ്ഞേക്കാള്‍ കൂടുതല് കാര്യങ്ങള് അവനതീന്ന് പറഞ്ഞുതരും.’’ പറഞ്ഞുനിര്‍ത്തിയപ്പോള്‍ തങ്കച്ചന് മത്തായിയെ സമ്മതിക്കാതെ തരമില്ലായിരുന്നു.

 

ചവിട്ടി പിടിച്ച്  ഉണ്ടാക്കിയിട്ടും രണ്ടുവണ്ടിക്കുള്ള കിടക്കകളെ ഉണ്ടാക്കാനായുള്ളൂ. മത്തായി വന്നിട്ടുമില്ല. പോകുമ്പോള്‍ അവന്‍ പറഞ്ഞിരുന്നു വരാൻ വൈകുമെന്ന്. പള്ളിയില്‍ അവരുടെ വക മരിച്ചവര്‍ക്ക് കുര്‍ബാനയുണ്ടത്രെ. ഏതു ജാതിയിലിരുന്നിട്ടാണ് മരിച്ചിരിക്കുന്നതെന്ന് ഏല്യാസ് ആലോചിച്ചു. പിള്ളേര് നാലും മേട്ടകളായി ലോഡ് കൊണ്ടുപോകാന്‍ തയ്യാറായി ഈരണ്ടു പേരെ കൂട്ടിയിരുന്നു. അവരുടെ ഉത്സാഹം കളയേണ്ട എന്നു കരുതി ഏല്യാസ് അവരെ ഇരുവണ്ടികളിലേക്കുമായി കയറ്റി ചെലവ് കാശ് കൊടുത്തു. 

 

സാധാരണ കച്ചവടക്കാര്‍ക്ക് പോകാനിറങ്ങുംനേരം ചെലവുകാശായി ഇരുന്നൂറ് രൂപ നല്‍കും. കച്ചവടം കഴിഞ്ഞ് വരുമ്പോള്‍ തിരിച്ചേല്പിക്കണം. ഒരു നഷ്ടത്തിന്‍റെ കണക്കിലും ആ കാശ് പെട്ടുപോകില്ല. മിക്കവരും ചെലവുകാശ് എടുത്ത് കള്ളടിച്ച് പിറ്റേന്നുകാലത്ത് ഒന്നും കഴിക്കാതെ കച്ചവടത്തിനിറങ്ങുന്നവരാണ്. ചെലവു കാശു കിട്ടിയപ്പോള്‍ എല്ലാവരുടെയും മുഖം തെളിഞ്ഞു. അത്യാവശ്യം ബുദ്ധിമുട്ടുള്ളവരാണ് എല്ലാവരും. പാതിയിലധികം കാശ് വീട്ടിലെത്തണം. മദ്യത്തിന് അത്രയ്ക്ക് അടിമകളായിട്ടില്ല ആരും. രണ്ടുവണ്ടികളും കയറ്റിവിട്ട് പിറ്റേന്ന് രാത്രി പോകാമെന്നു കരുതി വീട്ടിലേക്കുപോയി. എല്‍ദോയെ കണ്ടിട്ട് കുറച്ചായി. പറ്റുമെങ്കില്‍, അവന്‍ വരികയാണെങ്കില്‍ നാളെ ഒന്നു കാണണം. അവന്‍റെ കച്ചവട വിശേഷങ്ങളും അറിയാമല്ലോ.

 

പക്ഷേ അന്നുപാതിരാത്രി കഴിയുമ്പോഴേക്കും, കിടയ്ക്കയുണ്ടാക്കാത്തത് തന്‍റെ കഴിവുകേടായി കണ്ട് മുതലാളി തന്നെ ജോണിയുമായി താരതമ്യം ചെയ്താലോ എന്നു കരുതി മാനേജര്‍ ഷിബു രാത്രിക്കു രാത്രിതന്നെ പഞ്ഞി സംഘടിപ്പിച്ച് ഒരു ലോഡ് തയ്യാറാക്കി. പറഞ്ഞപ്രകാരം തന്നെ പതിനൊന്നു മണിക്ക് കഴുത്തുവട്ടമുള്ള ഇറുകിയ ചുവപ്പു ബനിയനും അതിനു മുകളിലൂടെ നീണ്ട മരക്കുരിശുള്ള ഒരു കൊന്തയുമിട്ട് മത്തായി വന്നു. മനു, സോനു, വിനു എന്നിങ്ങനെ പേരില്‍ സാമ്യമുള്ള മൂന്നുപിള്ളേര്‍ ഡ്രെസ്സെല്ലാം പാക്ക് ചെയ്ത് എട്ടുമണിക്ക് വന്നിരിക്കുന്നുണ്ടായിരുന്നു. ലോഡ് കേറ്റി കഴിഞ്ഞപ്പോള്‍ ഷിബു ഏല്യാസിനെ വിളിച്ചു.  

 

അല്പം മടി തോന്നിയെങ്കിലും കാര്യമറിഞ്ഞപ്പോള്‍ തന്‍റെ മാനേജര്‍ ആളുമിടുക്കന്‍ തന്നെ എന്നൊരു സ്വകാര്യ അഭിമാനത്തില്‍ വണ്ടിയില്‍ കയറിയിരുന്നു. ചെമപ്പിലും കറുപ്പിലും പൊതിഞ്ഞ് വെളുത്ത പലകപ്പല്ലുകള്‍ കാട്ടിയിരിക്കുന്ന മത്തായിയെ കണ്ടപ്പോള്‍ ഏല്യാസ് അകാരണമായി ഒന്നു ഞെട്ടി. ഒപ്പംതന്നെ മലയാറ്റൂര്‍ക്ക് ദുഃഖവെള്ളിയാഴ്ച തോളില്‍ വെച്ചുനീങ്ങുന്ന ഒരു മരക്കുരിശിന്‍റെ സ്മരണയുമുണ്ടായി. 

ആ ട്രിപ്പും തലേന്നത്തെപ്പോലെ ഉച്ചവരെയേ നീണ്ടുള്ളൂ. രാത്രിയോടെ അവര്‍ തിരിച്ചെത്തി. തലേന്ന് ഉറക്കക്ഷീണമുണ്ടായതിനാല്‍ മത്തായിയെ ശ്രദ്ധിക്കാതെ ഏല്യാസ് കിടന്നുറങ്ങിയിരുന്നു. എന്നാല്‍ പിറ്റേന്ന് തിരിച്ചുവരുമ്പോള്‍ ഉറക്കം വന്നില്ല. പുതിയ പിള്ളേരും ഓര്‍ഡര്‍ എടുക്കാന്‍ മോശക്കാരായിരുന്നില്ല. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കാശ് കിട്ടിയ സന്തോഷം അവരുടെ മുഖത്ത് ഉണ്ട്. കുടിക്കുന്ന കാര്യത്തെപ്പറ്റി അവന്‍ അവരോട് മിണ്ടിയതില്ല. 

 

പാതിരാക്കഴിഞ്ഞിട്ടും മത്തായിയുടെ കുരിശുവരയ്ക്ക് ഒരുകുറവുമുണ്ടായില്ല. ഉറക്കവും കുരിശുവരയുമായി വണ്ടി പാളുന്നുണ്ടോ എന്ന് സംശയമായി. കുരിശു മത്തായീനെ അങ്ങനെ വിട്ടാല്‍ ശരിയാവില്ല എന്ന് ഏല്യാസ് ഉറപ്പിച്ചു. 

‘‘ഇത്രകാലായിട്ടും നീയ്യ് മര്യാദക്കൊന്നു കുരിശുവരയ്ക്കാന്‍ പഠിച്ചില്യേ മത്തായ്യേ?’’

‘‘പിന്നേയ്.. സത്യ ക്രിസ്ത്യാനികള് ജനിക്കുമ്പഴേ കുരിശുവരയ്ക്കാന്‍ പഠിച്ചിട്ടല്ലേ വരണത്...’’

‘‘അത് സത്യക്രിസ്ത്യാനോള്‍ടെ കാര്യം. അവരിങ്ങനെ മുക്കിന് മുക്കിന് പള്ളീം കപ്പേളേം കണ്ടാല്‍ കുരിശൊന്നും വരയ്ക്കില്ലാ. അതിനൊക്കെ ഒരു കണക്കുണ്ട്. നീയിങ്ങനെ കുരിശുവരച്ച് വരച്ച് കുരിശുമത്തായീന്ന്ള്ള നിന്‍റെ പേര് പൂവ്വാതെയാവും.’’ 

 

എതിരെ നിന്നും പാഞ്ഞുപോയ ഒരു ലോറിയുണ്ടാക്കിയ വെട്ടത്തില്‍ മത്തായി ഒന്നു ഞെട്ടുന്നതും വിളറി പോകുന്നതും കണ്ടു. അതിനിടെ പുറകിലേക്ക് പാഞ്ഞുമറഞ്ഞ ഒരു കപ്പേള കണ്ടോ ആവോ. കുരിശു വരയ്ക്കാന്‍ മത്തായി വിട്ടുപോയി. പിന്നീടുവന്ന പള്ളികള്‍ക്കൊന്നും മത്തായിയില്‍ നിന്നും കുരിശു നമസ്കാരം കിട്ടിയില്ല. ഏല്യാസിന് ഉള്ളാലെ സന്തോഷവും പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖവുമുണ്ടായി. ജന്മനാ ക്രിസ്ത്യാനിയായ തന്‍റടുത്താണ് മത്തായിയുടെ വേലയിറക്കല്‍. പിന്നീടൊരിക്കലും ഏല്യാസിനെ കാണിച്ച് കുരിശുവരയ്ക്കാന്‍ മത്തായി മുതിര്‍ന്നില്ല. 

 

മത്തായിയുടെ മനസ്സില്‍ ഒരഗ്നി പര്‍വ്വതം പൊട്ടി ഉരുകിയൊലിച്ചു വരുന്ന ലാവയെക്കുറിച്ച് അപ്പോഴൊന്നും ഏല്യാസിന് മനസ്സിലായില്ല. പിറ്റേന്ന് പറഞ്ഞ സമയം കഴിഞ്ഞിട്ടും വണ്ടി വരാതായപ്പോള്‍ മാനേജര്‍ ഷിബു മത്തായിയെത്തേടി കൊടകരയിലേക്ക് വിട്ടു. സേവ്യാച്ചന്‍ മുതലാളിയുടെ വീടിനുമ്മറത്ത് അനാഥമായി മഗ്ദലനമറിയം കിടന്നിരുന്നു. സേവ്യാച്ചനും മത്തായീം അവിടെ ഉണ്ടായിരുന്നില്ല. ഞായറാഴ്ച ഉച്ചകുര്‍ബ്ബാന കഴിഞ്ഞ് മത്തായി പള്ളിയില്‍ നിന്നും നടന്നുവരുന്നു. ഷിബുവിനെ കണ്ടിട്ടും മത്തായി പരിചയമൊന്നും കാണിച്ചില്ല. 

‘‘എന്താ മത്തായ്യേ നീ ചന്തേക്കണ്ട പരിചയം കാണിക്കാണ്ടെ പോണേ...’’

‘‘നിന്‍റെ മൊതലാളീല്ലേ ഏല്യാസ്, ആളോട് പറഞ്ഞേക്ക് മത്തായി സത്യക്രിസ്ത്യാനീയായിട്ട് ജീവിച്ച് മരിക്കാനാ തീരുമാനിച്ചേക്കണേന്ന്. നിങ്ങളെ കൂടെ കച്ചോടത്തിന് വന്നാ  ചെലപ്പോ ഞാന്‍ മതംമാറിയേക്കും...’’

‘‘എന്താ മത്തായ്യേ നീയീ പറേണേ... യ്ക്കൊന്നും മനസ്സിലാവ്ണില്ല്യാല്ലോ.’’

‘‘പറഞ്ഞാ മതി ആള്‍ക്ക് മനസ്സിലാകും...’’

 

ഷിബു നിര്‍ബന്ധിക്കാന്‍ നിന്നില്ല. മഗ്ദലനമറിയത്തിനു പകരം ‘‘ആര്‍സു’’വിനായ് വീണ്ടും തിരിച്ചു. ഷിബു കാര്യം പറഞ്ഞപ്പോഴാണ് മത്തായിക്കുള്ളിലെ വെന്തുരുകല്‍ ഏല്യാസ് അറിഞ്ഞത്. പെട്ടെന്നൊന്നും ആറി തണുക്കാത്ത ആ ലാവ കുറച്ചങ്ങ് ഒഴുകി തീരട്ടെ എന്നുകരുതി ഏല്യാസ് വിട്ടു. പകരത്തിന് വണ്ടി കിട്ടിയിട്ടുണ്ട്. മത്തായിയോട് തോറ്റുപിന്മാറാന്‍ ഏല്യാസ് തയ്യാറായില്ല. പറഞ്ഞുകേട്ട പ്രകാരം കൊളപ്പുള്ളീല് പോയി  അന്നുതന്നെ ഒരു 407 ലോങ്ങ് ചേസ് വണ്ടി വാങ്ങിക്കൊണ്ടുവന്നു. ബുക്കും പേപ്പറും വെച്ചപ്പോള്‍ കാശുതരാന്‍ സുലൈമാന്‍ സേട്ടുവിന് മടിയൊന്നുമുണ്ടായില്ല. 

 

തുടരും…

 

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 16

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com