ADVERTISEMENT

മായാവലയം

 

തങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നത് അസാധാരണമായ ഒരു നാട്ടില്‍ തന്നെയാണെന്ന് കിടയ്ക്കാട്ടില്‍ കഴിഞ്ഞുപോയ ഓരോ ദിവസങ്ങളും സിദ്ദുവിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. തുടക്കത്തില്‍ ഓരോ രാത്രിയും ഡയറിത്താളുകളില്‍ അവനത് എഴുതിക്കൊണ്ടിരുന്നു. സാവകാശം, അവിടെയുള്ള അസാധാരണതകളൊക്കെ നീങ്ങി അതൊക്കെ അവന് സാധാരണതകളായി. ഓരോ അസാധാരണതയുടെയും അന്യത്വവും അപരിചിതത്വവും നീങ്ങിപോയി അവ സ്വാഭാവികമായ സാധാരണതകള്‍ ആകുന്നതെങ്ങനെ എന്ന് കൊഴിഞ്ഞുപോകുന്ന ഓരോ ദിനങ്ങള്‍ അവനെ ഓര്‍മ്മപ്പെടുത്തി. പുലരുന്നതു മുതല്‍ അസ്തമിക്കുന്നതുവരെയും പലപ്പോഴും അസ്തമയത്തിനുശേഷം രാത്രി വന്നു പരക്കുമ്പോഴും അവന്‍ കിടയ്ക്കാടിന്‍റെ ഓരോ മൂലയിലും പരതിനടന്നു. ചില നേരത്ത് താന്‍പോലും അറിയാതെ എന്തോ അന്വേഷിച്ചലയുന്നുണ്ടെങ്കിലും എന്താണതെന്ന് തെളിഞ്ഞു കിട്ടിയില്ല. 

 

‘‘നീയെന്താ ഇങ്ങനെ രാവും പകലും ഇല്യാണ്ടേ തപ്പി നടക്കണത്....’’

ചില ദിനങ്ങളില്‍ അവന്‍റെ മട്ടും മാതിരിയും കാണുമ്പോള്‍ അമ്മ ചോദിക്കും. അപ്പോഴൊക്കെ അവനാ ചോദ്യം സ്വയം ചോദിച്ചുവെങ്കിലും ഉത്തരം കിട്ടാതെ കുഴഞ്ഞുപോകുകയാണുണ്ടായത്. ദിനങ്ങള്‍ പോയതിനൊത്ത് കിടയ്ക്കാടിന്‍റെ ഓരോ മുക്കും മൂലയും പരിചിതപ്പെട്ട് ഡയറിതാളുകള്‍ മറിഞ്ഞുപോയി. അവിടത്തെ കാലാവസ്ഥയും ജനങ്ങളും ജീവിത രീതികളും സ്വഭാവ വിശേഷങ്ങളും തന്നില്‍ വിട്ടൊഴിയാത്ത ഒരു ബാധയായി കൂടിയിട്ടുണ്ടെന്ന് അവന്‍ തിരിച്ചറിഞ്ഞു. അന്ന് കിടയ്ക്കാടത്തെ ആദ്യ ദിവസത്തിനുശേഷം മാധവേട്ടനെ എങ്ങും കണ്ടിട്ടില്ല. ചിലപ്പോഴൊക്കെ സ്വയം അറിയാതെ താന്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത് മാധവേട്ടനെയാണോ എന്ന് അവന്‍ ആലോചിച്ചിരുന്നിട്ടുണ്ട്. മാധവേട്ടന്‍ മിഥ്യയോ സത്യമോ എന്നറിഞ്ഞില്ലെങ്കിലും അന്നയാള്‍ മുന്നില്‍ നടന്ന് പറഞ്ഞുതന്നതും കാണിച്ചുതന്നതും സത്യം തന്നെയായിരുന്നു. അവിടങ്ങളിലൊക്കെ എത്ര തവണ അലഞ്ഞുതിരിഞ്ഞുവെന്ന് സിദ്ദുവിനുതന്നെ തിട്ടമുണ്ടായിരുന്നില്ല. 

 

ഊരുചുറ്റലും ഡയറിയെഴുത്തുമായി നടക്കുന്നതിനിടെ ദിനങ്ങള്‍ കൊഴിഞ്ഞുപോകുന്നത് അമ്മയിലൂടെയും സാവകാശം അച്ഛനിലൂടെയും അവന്‍ അറിയുന്നുണ്ടായിരുന്നു. അവന് എപ്പോഴും അതിനൊക്കെ ന്യായീകരണവുമുണ്ടായിരുന്നു. ജോലി കിട്ടുന്നതിനു മുന്‍പുള്ള ഒരു ജോലിക്കാരന്‍റെ വിനോദവും വിശ്രമവുമാണ് ആ ദിനങ്ങളെന്ന് അവന്‍ പറഞ്ഞപ്പോള്‍ ആദ്യമൊക്കെ അച്ഛനമ്മമാര്‍ മിണ്ടിയില്ലെങ്കിലും സാവകാശം അവരുടെ പ്രതികരണം മുറുമുറുക്കലിന്‍റേത് ആയി മാറി. അതല്ലാതെ അവന്‍റെ പക്കല്‍ മറ്റു മറുപടികള്‍ ഒന്നുമുണ്ടായിരുന്നില്ല. ആകെയുള്ള ഒരാശ്വാസം മുത്തച്ഛനാണ്. എന്തിനും ഏതിനും ഒരിക്കലും ചോദ്യങ്ങളില്ല. ഉത്തരങ്ങള്‍ പറയേണ്ട കാര്യവുമില്ല. മുത്തച്ഛന് അദ്ദേഹത്തിന്‍റെ കുടി നടന്നാല്‍ മതി. അതിലപ്പുറം ലോകത്തില്‍ എന്തു സംഭവിച്ചാലും ഒന്നുമില്ല. 

 

കാലം കടന്നുപോകുന്നുവെന്ന് സിദ്ദുവിനെ  ബോധവാനാക്കികൊണ്ടിരുന്നത് അച്ഛനില്‍ വളര്‍ന്നുവന്ന ശ്വാസംമുട്ടലും ചുമയുമാണ്. പതിവില്ലാത്ത ഒരസുഖമാണ് അച്ഛന് ശ്വാസംമുട്ടല്‍. വിട്ടുപോകാതായപ്പോഴാണ് ആസ്തമയുടെ തടവറയിലാണ് അച്ഛനെന്ന് ഡോക്ടര്‍ കുറിച്ചു വിട്ടത്.  ഇനിയും അച്ഛന്‍ കര്‍മ്മജീവിത്തിലും വിശ്രമജീവിതത്തിലും മുന്നോട്ടുപോകേണ്ടത് ഈ ആസ്തമയും കൊണ്ടാണ്. ഒരു പുതിയ സഹചാരികൂടി. ആദ്യത്തെ ഒരു ഷോക്കില്‍ അച്ഛന്‍ കുറേനേരം നിശ്ശബ്ദനായി ആലോചിച്ചിരുന്നു. അടുക്കളയില്‍ വെളിച്ചം വീഴാത്ത ഭാഗങ്ങള്‍ നോക്കി നടന്ന് അമ്മ കരഞ്ഞതൊക്കെ തുടക്കത്തില്‍ ഒരതിഥിയെ സ്വീകരിക്കുന്നതിലെ ഉള്‍ക്കൊള്ളലിന്‍റെ ആഴമില്ലായ്മ മാത്രമായിരുന്നു. പിന്നെപിന്നെ അതൊക്കെ എങ്ങോ മാഞ്ഞു. അച്ഛന്‍റെ നീണ്ട വലിച്ചിലും ചുമയും ദിനത്തിന്‍റെ അടുക്കുകളില്‍ ഒന്നായി. അച്ഛന്‍റെ ശമ്പളം കൊണ്ടും മുത്തച്ഛന്‍റെ പെന്‍ഷന്‍ കൊണ്ടും ആസ്തമയുള്‍പ്പെടുന്ന കുടുംബം സുഗമമായി മുന്നോട്ടു പോകില്ലെന്ന് സിദ്ദു മനസ്സിലാക്കി. എന്നാല്‍ ദുബായിയില്‍ നിന്ന് വരാനിരിക്കുന്ന വിസ ഏതു നിമിഷത്തിലും വിളിക്കുമെന്നോര്‍ത്തപ്പോള്‍ അവിടംവിട്ട് മറ്റെന്തെങ്കിലും ജോലിക്കുപോകാന്‍ അവനെ സമ്മതിച്ചുമില്ല.  

 

വിസക്കും മറ്റുമായി അച്ഛന്‍ കെ.എസ്.എഫ്.യില്‍ ആകെയുണ്ടായിരുന്ന ഒരു കുറി വിളിച്ചെടുത്തു. അടവുകള്‍ ഇടയ്ക്കിടെ ആസ്തമയുടെ ആഘാതം കൂടുന്നതനുസരിച്ച് തെറ്റുന്നുമുണ്ട്. വീട്ടില്‍ ചെലവു ചുരുക്കലിന്‍റെ ഭാഗമായി മുന്നുനാലുതരമുണ്ടായിരുന്ന കറികള്‍ ഒന്നും രണ്ടുമായി കുറഞ്ഞിരിക്കുന്നു. അതില്‍ ആര്‍ക്കില്ലെങ്കിലും മുത്തച്ഛന് പരാതിയുണ്ട്. തിന്നാതേം കുടിക്കാതേം ആരും സമ്പാദിക്കാന്‍ ശ്രമിക്കരുതെന്നാണ് മൂപ്പരുടെ ഒരു ലൈൻ. വിസ കാത്തിരുന്ന് ജോലിക്കു മുമ്പുള്ള തന്‍റെ വിശ്രമവിനോദ ജീവിതം ചെന്നുചേരുക  മൂക്കില്‍ പല്ലു മുളക്കുന്നിടത്തുമാകുമെന്ന് സിദ്ദുവിനു തോന്നി തുടങ്ങി. 

 

മിക്കവാറും സൈക്കിള്‍ ചവിട്ടി മടുത്ത് സിദ്ദു ചെന്നെത്തുക രുധിരാഴി ഡാമിന്‍റെ ഏതെങ്കിലും ഭാഗത്തായിരിക്കും. അപ്പോഴേക്കും മുത്തശ്ശനെ പ്രീതിപ്പെടുത്തി അവന്‍ ഒരു സൈക്കിള്‍ ഒപ്പിച്ചെടുത്തിരുന്നു. രുധിരാഴി ഡാമിലേക്ക് എവിടെയൊക്കെ കുറുക്കുവഴികളുണ്ടെന്ന് കിടയ്ക്കാടുള്ള ആരേക്കാളും പിടിപാട് ഇപ്പോള്‍ അവനുണ്ട്. വിശാലമായ ഒരു കടല്‍ക്കരയില്‍ ചെന്നിരിക്കുമ്പോള്‍ മനസ്സിനുണ്ടാകുന്ന സുഖവും സംതൃപ്തിയുമാണ് രുധിരാഴിക്കടുത്തിരിക്കുമ്പോള്‍ അവന് തോന്നിയിരുന്നത്. അതുവരെ മനസ്സില്‍ പെയ്യാതെ മൂടിക്കെട്ടി നിന്നിരുന്ന കാർമേഘങ്ങളെല്ലാം പൊടുന്നനെ പെയ്തൊഴിഞ്ഞുപോകും. അശാന്തമായ കടലില്‍ മേല്‍ക്കുമേല്‍ ചവിട്ടിക്കുതിച്ചെത്തി വരുന്ന തിരമാലകളെ എണ്ണുന്നതുപോലെ സിദ്ദു രുധിരാഴിയിലെ കൊച്ചോളങ്ങളെ തിട്ടപ്പെടുത്തിക്കൊണ്ടിരിക്കും. ഉച്ചവെയില്‍ മൂക്കുമ്പോള്‍, വെള്ളത്തിനും  ചുറ്റുപാടിനും ചൂടുകൂടുമ്പോള്‍ രുധിരാഴിയിലെ കൊച്ചോളങ്ങളെ തഴുകിക്കടന്നുവരുന്ന ഇളംകാറ്റില്‍ അവനുറങ്ങിപോകും. സാവകാശം വസ്ത്രങ്ങളില്‍ നിന്ന് ഉരിഞ്ഞിറങ്ങി അവന്‍ രുധിരാഴിയുടെ ആഴങ്ങളിലേക്ക് ഊളിയിടും. മുകള്‍പരപ്പിലെ വെള്ളത്തിന് അപ്പോള്‍ ചൂടുപിടിച്ചിരിക്കും. ആഴത്തിലാകട്ടെ രുധിരാഴി ഒരു ശൈത്യ സമുദ്രത്തെ വഹിച്ച് നിശ്ചലം കിടപ്പുണ്ടാകും. ഇതുവരെയായിട്ടും രുധിരാഴിയുടെ ആഴത്തിന് നിറമെന്തെന്ന് അവനു തിരിച്ചറിയാനായിട്ടില്ല. കറുപ്പോ? ചെമപ്പോ? ഒന്നുമവന് വേര്‍ത്തിരിഞ്ഞു കിട്ടിയില്ല. ആകെക്കൂടി ഒരു മൂടല്‍. 

 

അവനെ അത്ഭുതപ്പെടുത്തിയ കാര്യം രുധിരാഴിയുടെ ആഴങ്ങളില്‍ എത്രനേരം ഒരു പരല്‍മീനിനെ പോലെ നീന്തിയാലും തനിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടില്ലെന്നതായിരുന്നു. വെള്ളത്തില്‍ മുങ്ങിക്കഴിയുമ്പോള്‍ ശരീരത്തിന് ജീവവായുവിനെ വലിച്ചെടുക്കാനായി മത്സ്യത്തെ പോലെ പരിണാമം സംഭവിക്കുന്നുണ്ടോ എന്ന് അവന്‍ സംശയിച്ചു. എന്നും വെള്ളത്തിലിറങ്ങി  നീന്തി അവന്‍ പുതിയ ഇടങ്ങളിലൂടെ സഞ്ചരിച്ചു. രുധിരാഴിയുടെ ആഴവും പരപ്പും കിടയ്ക്കാടിന്‍റെ മൊത്തം വിസ്താരത്തേക്കാള്‍ ഏറെയുണ്ടെന്ന് തോന്നി. ഒരിക്കലും അത്രനാള്‍ സഞ്ചരിച്ചിട്ടും അവന് മുന്‍പൊരിക്കല്‍ നീന്തി പോയ ഇടങ്ങളിലൂടെ കടന്നുപോകേണ്ടി വന്നില്ല. മനുഷ്യദൃഷ്ടിക്ക് ഗോചരമല്ലാത്ത രുധിരാഴിയുടെ ആഴങ്ങളിലെ മൂടല്‍ നിറങ്ങളില്‍ മത്സ്യങ്ങളോ മറ്റുജലജീവികളോ അല്ലാത്ത മറ്റൊരുതരം ജീവികളുണ്ടെന്ന് അമ്പരപ്പോടെ ഒരുദിനം അവന്‍ കണ്ടു. വളരെ വേഗം അവയ്ക്കടുത്തെത്താന്‍ കുതിക്കും നേരം എന്തോ ഒന്ന് അവനു മുന്നില്‍ തടസ്സമായി. എത്ര ശ്രമിച്ചിട്ടും ആ തടസ്സം നീക്കി അവന് മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. മുന്നില്‍ വലിയ ഒരു ചില്ലുമതില്‍പോലെ. അതിന്‍റെ സുതാര്യതയില്‍ അവന് അവിടത്തെ ആ പുതിയ ജീവികളേയും അവയുടെ ചലനങ്ങളേയും ജീവിതത്തേയും കാണാന്‍ കഴിയുന്നുണ്ടായിരുന്നു. അവരാരും കാണാതെ അവന്‍ അവരെ ഒളിച്ചു നോക്കിക്കൊണ്ടിരുന്നു. താന്‍ കണ്ടുകൊണ്ടിരിക്കുന്നത് മറ്റേതോഗ്രഹത്തിലെ ജീവികളെയാണെന്നും, രുധിരാഴിയുടെ ആഴത്തില്‍ മനുഷ്യന്‍ കണ്ടുപിടിക്കാത്ത വേറെയും ഗ്രഹങ്ങള്‍ ഉണ്ടെന്നും അവന് തോന്നി. തുടര്‍ന്നുള്ള ഓരോ ദിനവും അവന്‍ അത്തരം പുതുഗ്രഹങ്ങളെ തേടിയുള്ള യാത്രയിലായി. അവന്‍റെ അനുമാനം ശരിയായിരുന്നു. പിന്നേയും വിചിത്രതരങ്ങളായ, കേട്ടുകേള്‍വിപോലുമില്ലാത്ത അനേകതരം ജീവികളെ അവന്‍ ആഴങ്ങളില്‍ ഒളിഞ്ഞുനിന്നുകണ്ടു. ഒരിക്കല്‍പോലും അവയ്ക്കൊന്നിനും അവനെ കാണാൻ  കഴിഞ്ഞതുമില്ല. 

 

എന്നും അത്ഭുതത്തോടെ രുധിരാഴിയില്‍ നിന്നും കയറിവരുമ്പോള്‍ അതെല്ലാം  ആരോടെങ്കിലും പറയണമെന്നും കാണിച്ചുകൊടുക്കണമെന്നും തോന്നും. എന്നാല്‍ കരയില്‍  എത്തുമ്പോള്‍, കിടയ്ക്കാട് അത് പറഞ്ഞാല്‍ വിശ്വസിക്കുന്ന, കൂടെ പോരാന്‍ കഴിയുന്ന ആരുമില്ലെന്ന് അവനറിഞ്ഞു. പലരോടും പറഞ്ഞെങ്കിലും രുധിരാഴിയിലേക്ക് ഊളിയിട്ടുവരാന്‍ പക്ഷേ ആരും ധൈര്യം കാണിച്ചില്ല. അവന് ഒരിക്കലും അത്തരം കാര്യങ്ങളില്‍ പേടിയുണ്ടായിരുന്നില്ല. പലപ്പോഴും ഉച്ചക്ക് രുധിരാഴിയുടെ കരയില്‍ ഉറങ്ങിപോകുന്ന അവന്‍ എഴുന്നേറ്റത് പാതിരാത്രിയിലായിരുന്നു. ആ ഇരുളിലൂടെ ഒരു ഭയവും കൂടാതെ അവന്‍ വീട്ടിലേക്ക് ചവിട്ടി. വഴിയില്‍ കാണുമായിരുന്ന കുറുക്കനും ചെന്നായും തന്നെ ഉപദ്രവിക്കില്ലെന്ന വിശ്വാസം അവനുണ്ടായിരുന്നു. ഏതുപാതിരാത്രിയായാലും ഡയറി എഴുതിയിട്ടേ അവന്‍ കിടക്കുമായിരുന്നുള്ളൂ. അപ്പോഴൊക്കെ, ഉറങ്ങാതെ അവനെ കാത്തിരുന്ന അമ്മ ഈ നശിച്ച നാട്ടില്‍ വന്നതിനുശേഷം തന്‍റെ മകനാകെ മാറിപോയല്ലോ എന്ന് വ്യസനിച്ചു. 

 

പൊടുന്നനെ ഒരു ദിവസം അപ്രതീക്ഷിതമായ ഒരു സംഗതിയുണ്ടായി. എഴുതിക്കൊണ്ടിരിക്കേ, ഒരു പാതിരാവില്‍ വെച്ച് അവന്‍റെ ഡയറിയിലെ താളുകള്‍ തീര്‍ന്നു. അവസാനം എഴുതി തീര്‍ത്ത പേജ് മറിച്ചപ്പോഴാണ് താന്‍ എഴുത്തിടമില്ലാത്ത അറ്റം മുട്ടിയിരിക്കുന്നത് കണ്ടത്. അവന്‍റെ മനസ്സിലാണെങ്കില്‍ അക്ഷരങ്ങളിലേക്ക് പകര്‍ന്നു കിടക്കാനായി പിന്നേയുംകുറേയേറെ കാര്യങ്ങള്‍ തിരക്കുകൂട്ടിക്കൊണ്ടിരുന്നു. എങ്ങനെയെങ്കിലും എഴുതി പകര്‍ത്തണമെന്നുവെച്ച് ഒരു സാധാരണ പുസ്തകമെടുത്തു. അതില്‍ എഴുതാന്‍ തുനിഞ്ഞപ്പോള്‍ മറ്റൊരു തടസ്സം. പേനയിലെ മഷി തീര്‍ന്നിരിക്കുന്നു. കുറേ നേരം ആലോചിച്ചിരുന്ന് അവന്‍ സാവധാനം ഉറങ്ങിപ്പോയി. പിറ്റേന്ന് കാലത്ത് അവന്‍ മൂന്ന് പുതിയ പേനയും ഒരു കുപ്പി മഷിയും വാങ്ങിവന്ന് എഴുതാനിരുന്നു. എഴുത്തു മേശക്കുമുന്നില്‍ ഇരുന്നിട്ടും എഴുതാനുള്ള ഒന്നും ഉള്ളില്‍ നിന്ന് വന്നില്ല. അവനാകെ വെപ്രാളംകൊണ്ടു. 

 

കഴിഞ്ഞ ഒരൊറ്റ രാത്രിയോടെ തനിക്കുള്ളിലുണ്ടായിരുന്നതെല്ലാം ഘനീഭവിച്ചുപോയെന്ന് അവനറിഞ്ഞു. അടുത്ത കാലത്തൊന്നും ആ മഞ്ഞുരുകില്ലെന്ന് അവനു തോന്നി. അവന്‍ ദിനചര്യകള്‍ തീര്‍ത്ത് ആരോടും പ്രത്യേകിച്ചൊന്നും പറയാതെ സൈക്കിള്‍ ചവിട്ടി. സൈക്കിള്‍ ചെന്നുനിന്നത് അതുവരെ അവന്‍ എത്താതിരുന്ന രുധിരാഴിയുടെ മറ്റൊരിടത്താണ്. കാടിന് ആ ഭാഗത്ത് പൂളമരങ്ങള്‍ കൂടുതലായിരുന്നു. കരയിലും വെള്ളത്തിലും പൂളക്കായ പൊട്ടി പഞ്ഞി നിറഞ്ഞുകിടന്നിരുന്നു. കാല് വെക്കുന്നിടം നല്ല പതുപതുത്ത പഞ്ഞി കിടക്കപോലെ. രസംപിടിച്ച് അവന്‍ സാവധാനം കാലടികള്‍ വെച്ചു. പഞ്ഞിക്കുമീതെ വസ്ത്രം ഊരിയിട്ട് അവന്‍ വെള്ളത്തിലേക്കു ചാടി. വെള്ളത്തില്‍, പഞ്ഞിക്കിടയിലൂടെ അവന്‍ ഒരു വാല്‍മാക്രിയെ പോലെ കുതിച്ചുകൊണ്ടിരുന്നു. 

 

ആ ഭാഗത്ത്  എത്രമാത്രം ആഴത്തിലേക്ക് പോയിട്ടും അവന് പഞ്ഞിയില്‍ നിന്നും രക്ഷപ്പെടാനായില്ല. പഞ്ഞികൊണ്ടുള്ള ഗൃഹങ്ങള്‍, പഞ്ഞികൊണ്ടുള്ള രാജവീഥികള്‍. പഞ്ഞിക്കെട്ടിടങ്ങള്‍. ആകാശം പോലും പഞ്ഞികൊണ്ടു പൊതിഞ്ഞിരിക്കുന്നതുപോലെ. പഞ്ഞിയുടെ ആ അത്ഭുത ലോകത്തിലൂടെ കുതിച്ച അവന്‍ ഒടുക്കം പഞ്ഞികൊണ്ടുണ്ടാക്കിയ ഒരു കൊട്ടാരത്തിലെത്തി. പഞ്ഞി നിര്‍മ്മിതമായ, ആ കൊട്ടാരത്തില്‍ ഒരു രാജാവും രാജസദസ്സും ഉണ്ടായിരുന്നു. കാവല്‍ക്കാരുടെ കണ്ണില്‍പ്പെടാതെ ഏറെനേരം  അവനവിടെ ഒളിച്ചുനിന്നു. രാജസദസ്സ് പിരിഞ്ഞപ്പോള്‍ അവിടെ മദ്യസല്ക്കാരമുണ്ടായി. വീര്യമേറിയ മദ്യം ഓരോരുത്തര്‍ ഓരോ കുപ്പിയെടുത്ത് വെള്ളംപോലും ചേര്‍ക്കാതെ മുന്തിരി ജ്യൂസ് കുടിക്കുന്ന ലാഘവത്തോടെ കുടിച്ചുകൊണ്ടിരുന്നു. കുറേക്കഴിഞ്ഞപ്പോള്‍ കുടിച്ചിരുന്നവരെല്ലാം കുഴഞ്ഞ നാവിനാല്‍ എന്തൊക്കെയോ പറഞ്ഞ് ആടിയാടി നടന്നുപോയി. കൊട്ടാരം വിജനമായപ്പോള്‍, ആരെങ്കിലും കാണുന്നുണ്ടോ എന്നുനോക്കി അവന്‍ പാതി തീര്‍ത്ത ഒരു മദ്യ കുപ്പിക്കടുത്തെത്തി, അതൊന്നു മൂക്കിനോട് ചേര്‍ത്തുവെച്ചു. മിലിട്ടറി ക്വാട്ടയില്‍ മുത്തശ്ശന്‍ കൊണ്ടുവരുന്ന മദ്യത്തിന്‍റെ അതേ മണം തന്നെ. തുളക്കുന്ന മണമുള്ള ഈ മദ്യമെങ്ങനെ ഒരു കുത്തും ചവിട്ടുമില്ലാത്തപോലെ അവര്‍ കുടിച്ചിരുന്നുവെന്ന് അവന്‍ ആലോചിച്ചു. അതിന്‍റെ സ്വാദല്പം അറിയാമെന്നു കരുതി ചുണ്ടത്തുവെച്ചു. ഒരു നിമിഷം, ആരോ ബലമായി ഒഴിച്ചപോലെ, പിളര്‍ന്ന വായിലൂടെ ആ മദ്യം ഒഴുകി. വായടക്കാനോ, തുപ്പാനോ കഴിയാതെ അവനതു മുഴുവന്‍ അകത്താക്കി. കയ്പും ചവര്‍പ്പും കലര്‍ന്ന ദുസ്വാദ് തന്നെയായിരുന്നു അതിന്. സ്വര്‍ഗ്ഗത്തിലായാലും നരകത്തിലായാലും ഭൂമിയിലായാലും പാതാളത്തിലായാലും മദ്യത്തിനെല്ലാം ഒരേ സ്വാദുതന്നെ എന്നവന്‍ തിരിച്ചറിഞ്ഞു. 

 

തന്‍റെ കാല്‍വിരല്‍ത്തുമ്പില്‍ നിന്നും കൈവിരല്‍ത്തുമ്പില്‍ നിന്നും  ചെറിയ ചെറിയ ഉറുമ്പിന്‍ കൂട്ടങ്ങള്‍ ഇളകി പെരുകി സിരകളിലൂടെയും ഞരമ്പുകളിലൂടെ തലയ്ക്കകത്തേക്ക് നീണ്ടുവരുന്നത് അവനറിഞ്ഞു. രക്തക്കുഴലുകളില്‍ ഓടിക്കൊണ്ടിരുന്ന രക്തം പാതകളെല്ലാം വെട്ടിക്കുറച്ച് തലയ്ക്കകത്തേക്ക് ചാലുകീറി കുതിക്കുന്നു. സാവകാശം ശരീരത്തിലൂടെ ഒരു വിറയല്‍ കടന്നുപോകുന്നത് അറിഞ്ഞു. അവന് തല കറങ്ങി തുടങ്ങി. നടക്കാന്‍ കാല് വെക്കുമ്പോള്‍ കാല് പതിയുന്നിടത്തുള്ളത് വലിയ കുഴികളാണെന്ന്  തോന്നി. എന്നിട്ടും ഭയലേശമെന്യേ അവന്‍ കാലെടുത്തുവെച്ചു. അപ്പോഴാണ് കാഴ്ച തന്നെ പറ്റിക്കുന്നുണ്ടെന്ന് അറിഞ്ഞത്. മുന്നിലെ വഴി സാധാരണമായിരുന്നു. അത് പഞ്ഞികൊണ്ടുള്ള പരവതാനി വിതാനിച്ചു കിടന്നു. തന്‍റെ ശരീരവും കാലുകളും ആടുന്നുണ്ടെന്ന് തോന്നി. രണ്ടുമൂന്ന് ചുവടുകള്‍ വെച്ചപ്പോള്‍ കാഴ്ച കബളിപ്പിച്ചുവെങ്കിലും കാലുകള്‍ അതിനു നില്ക്കാതെ കുഴഞ്ഞുപോയി. വേച്ചുകുഴഞ്ഞുപോയ അവന്‍ നിലത്തുവീണില്ല. അതിനുമുന്‍പ് തന്നെ ആരോ താങ്ങിപ്പിടിച്ചത് അവനറിഞ്ഞു. തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടമുഖം സര്‍വ്വസൈന്യാധിപന്‍റേതായിരുന്നു. അതോടെ ലഹരിയും കുഴച്ചിലും ഏതുവഴിക്കോ പോയി. തലയ്ക്കകത്ത് മുറുമുറുത്തിരുന്ന ഉറുമ്പിന്‍ കൂട്ടങ്ങള്‍ വന്നിടത്തേക്കു തിരിച്ചുപോയി. രക്തത്തിന്‍റെ ഒഴുക്ക് പഴയപടിയായി. അതുവരെ അവിടെ നിന്നു കുടിച്ചവരെല്ലാം തനിക്കു ചുറ്റും നൃത്തം വെക്കുന്നത് അവന്‍ കണ്ടു. താന്‍ പിടിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍, രക്ഷയില്ലാതായപ്പോള്‍ അവന്‍ നിഷ്ക്രിയനായി നിന്നു. അങ്ങനെ ആ പഞ്ഞിനാട്ടിലെ പഞ്ഞിക്കൊട്ടാരത്തിലെ കല്‍ത്തുറുങ്കുകളില്‍ ഒന്നില്‍ അവന്‍ തടവിലായി. 

 

ബോധം വരുമ്പോള്‍ സിദ്ദു രുധിരാഴിയുടെ കരയിലെ പഞ്ഞികൂമ്പാരത്തില്‍ മലര്‍ന്നു കിടക്കുകയായിരുന്നു. ചുറ്റും രാത്രി വളര്‍ന്നു കിടന്നു. കുറേ നേരം സംഭവിച്ചതെന്തെന്ന് മനസ്സിലായില്ല. അപ്പോഴും തടവറയിലാണോ എന്നവന്‍ ശങ്കിച്ചു. ആ കറുപ്പിലും തലക്കുമുകളില്‍ നിന്നുംപൊഴിഞ്ഞുകൊണ്ടിരുന്ന പഞ്ഞികള്‍ താന്‍ കിടക്കുന്നത് കിടയ്ക്കാടാണെന്ന് അവനെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. അത്രനേരവും താന്‍ അനുഭവിച്ചത് സത്യമോ സ്വപ്നമോ എന്നവന് സംശയമായി. രുധിരാഴിയിലെ വെള്ളം അപ്പോഴും പഞ്ഞിയുടെ മേല്‍പ്പട്ടിനാല്‍ നിശ്ചലമായി കിടപ്പുണ്ടായിരുന്നു. താന്‍ നഗ്നനും ശരീരം നനഞ്ഞിരിക്കുന്നതും അവന്‍ കണ്ടു. പഞ്ഞിക്കൊട്ടാരത്തിലെ കല്‍ത്തുറുങ്ങില്‍ നിന്നും താനെങ്ങനെ കിടയ്ക്കാട്ടെ, രുധിരാഴിയുടെ കരയില്‍ തിരിച്ചെത്തി? 

 

അത് ഉത്തരമില്ലാത്ത ഒരു ചോദ്യമായിരുന്നു. കിടയ്ക്കാട് വന്നതുമുതല്‍ ഉത്തരം കിട്ടാതെ ഭ്രമിപ്പിക്കുന്ന ചോദ്യങ്ങളില്‍ ഒന്നായി അതും മാറുന്നത് സിദ്ദു കണ്ടു. 

സിദ്ദു ഏറെ നേരം കരയില്‍ ആലോചിച്ചിരുന്നു. കഴിഞ്ഞുപോയ സംഗതികളെക്കുറിച്ച് വ്യക്തമായ ഒരു നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഒരിക്കല്‍കൂടി അതിന്‍റെ നിജസ്ഥിതി അറിയാനായി രുധിരാഴിയിലേക്ക് ഊളിയിട്ടു പോകാന്‍ അവനു തോന്നിയില്ല. അവന്‍ സാവകാശം എഴുന്നേറ്റു നടന്നു. താന്‍ എങ്ങോട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് അവന് രൂപമില്ലായിരുന്നു. മുന്നില്‍ നിന്നും ആരോ ആകര്‍ഷിക്കുന്നുണ്ടെന്ന് അവനു തോന്നി. പൂളമരത്തിന്‍റെ അതിനിഗൂഡതയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഇടയ്ക്കിടെ ബോധവാനാകുന്നുണ്ടായിരുന്നു. എന്നിട്ടും അവനില്‍ അല്പംപോലും ഭയമുണ്ടായില്ല. ചുറ്റും പൂളകള്‍ നിരന്നുനിന്ന, അന്തരീക്ഷത്തില്‍ പഞ്ഞികള്‍ നിറഞ്ഞ ഉള്‍ക്കാടിനുള്ളിലൂടെ അവന്‍ നീങ്ങി. തിരിച്ചുപോകാനുള്ള വഴിപോലും അവനറിയുമായിരുന്നില്ല. 

 

കുറേ ഉള്ളിലേക്കു നീങ്ങിയപ്പോള്‍ മരങ്ങള്‍ കുറഞ്ഞ തുറസ്സായ ഒരിടത്ത് എത്തപ്പെട്ടു. അവിടെ കൂടിക്കിടക്കുന്ന പഞ്ഞിക്കെട്ടിനു നടുവില്‍ ഒരു കല്ലുണ്ടായിരുന്നു. അകലെ നിന്ന് കണ്ടപ്പോള്‍  തോന്നിയത് പഞ്ഞിക്കിടയില്‍ നില്ക്കുന്ന ഒരു വിഗ്രഹമാണെന്നായിരുന്നു. അടുത്തെത്തിയപ്പോള്‍ കല്ലിനു മുകളില്‍ ഒരു കുപ്പിയും ഗ്ലാസ്സും ഇരിക്കുന്നു. ആ കുപ്പിയും ഗ്ലാസ്സുമാണ് വിഗ്രഹമെന്നു തോന്നിപ്പിച്ചത്. ചുറ്റും ആരെയും കാണുന്നില്ല. ആര്‍ക്കുവേണ്ടിയാണ് അതവിടെ ഇരിക്കുന്നതെന്നവന്‍ ആലോചിച്ചു. സാവകാശം ചെന്ന് അവന്‍ കുപ്പിയെടുത്തു. വിലകുറഞ്ഞ ഒരു ഫുള്‍ബോട്ടില്‍ റം. അവന് അതിന്‍റെ മണമറിയണമെന്നു തോന്നി. പൊട്ടിച്ചപ്പോള്‍ പുറത്തുവമിച്ച മണം അല്പം മുന്‍പ്, രുധിരാഴിയിലെ പഞ്ഞിക്കൊട്ടാരത്തില്‍ ശ്വസിച്ച അതേ മണം തന്നെ. ആരോ ബലം പ്രയോഗിച്ച് ചെയ്യിക്കുന്നതുപോലെ അവന്‍ കുപ്പിയില്‍ നിന്ന് കുറച്ച് ഗ്ലാസ്സിലേക്ക് പകര്‍ന്നു. തുടര്‍ന്ന് വായിലേക്കും. അവന്‍റെ കാല്‍വിരല്‍ത്തുമ്പില്‍ നിന്നും കൈവിരല്‍ത്തുമ്പില്‍ നിന്നും ഉറുമ്പുകള്‍ പുറപ്പെട്ടു. പിന്നേയും പലവട്ടം ഗ്ലാസ്സ് നിറഞ്ഞൊഴിഞ്ഞു. തലയ്ക്കകം, തരിച്ച് മരവിച്ച അവന്‍ പഞ്ഞിക്കെട്ടില്‍ കുഴഞ്ഞു വീഴാന്‍ തുടങ്ങി. അപ്പോള്‍, താന്‍ അനുഭവിക്കുന്നതൊന്നും സ്വപ്നമോ മിഥ്യയോ അല്ല, സത്യമാണെന്ന് അവന്‍ അറിയുന്നുണ്ടായിരുന്നു. 

 

ബോധം വന്ന് സിദ്ദു കണ്‍കള്‍ മിഴിക്കുന്നത് ഇരുളിലേക്കാണ്. നേര്‍ത്ത കാറ്റില്‍ പൂളമരങ്ങള്‍ മൂളിപ്പാടുന്നു. ചില്ലകള്‍ക്ക് താരാട്ടിന്‍റെ ഈണം. പൊട്ടിച്ചു പാതി തീര്‍ന്ന കുപ്പി അവനെടുത്തു കൈപിടിച്ചു. ആരെങ്കിലും വരികയാണെങ്കില്‍ താന്‍ കുടിച്ചതിന്‍റെ ബാക്കി കുടിക്കേണ്ട. അച്ഛനും അമ്മയും കാണാതെ മുത്തശ്ശനു കൊടുക്കാം. ഇരുട്ടില്‍ വഴിവിളക്കുപോലെ എന്തോ പ്രകാശിക്കുന്നുണ്ട്. നടപ്പാത കാണാന്‍ ബുദ്ധിമുട്ടില്ല. പതിവുപോലെ കുളിച്ച്, അമ്മ അടച്ചുവെച്ചിരുന്ന ഭക്ഷണമെടുത്തു കഴിച്ചു. കിടക്കാന്‍ നേരം അച്ഛന്‍റെ നീണ്ടശ്വാസത്തിന്‍റെ ഭയാനകമായ വലിവും തുടര്‍ന്ന് ചുമയുമുണ്ടായി. ആ ചുമക്കുശേഷം അല്പനേരം ഇടവിട്ട് തുടര്‍ച്ചയായ ചുമകളും വന്നുകൊണ്ടിരുന്നു. ഉറക്കംവരാതെ കിടക്കുമ്പോള്‍ സിദ്ദു കിടക്കാട് വന്ന സമയത്തെക്കുറിച്ച് ആലോചിച്ചു. മുത്തശ്ശനും അമ്മയും കിടയ്ക്കാടുമായും അതിന്‍റെ ഭൂപ്രകൃതിയുമായും എളുപ്പത്തില്‍ ഇണങ്ങിക്കഴിഞ്ഞിരുന്നു. അച്ഛന്‍ എവിടെ ചെന്നാലും പെട്ടെന്ന് പൊരുത്തപ്പെടുന്നതാണ്. പക്ഷേ, കിടയ്ക്കാട് വന്നപ്പോള്‍ തിരിച്ചായി. ഒപ്പം അതുവരെയൊന്നും കൂട്ടിനില്ലാത്ത ചുമയും ശ്വാസംമുട്ടലും. തുടക്കത്തില്‍ കിടയ്ക്കാട് സ്ഥലത്തിനും മറ്റും വിലകുറവാണെന്നറിഞ്ഞപ്പോള്‍, റിട്ടയര്‍മെന്‍റിനുശേഷം അവിടെ തന്നെ സ്ഥലംവാങ്ങി വീടുവെച്ചു തുടര്‍ന്നാലോ എന്നച്ഛന്‍ അമ്മയോടാലോചിക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ അച്ഛന്‍റെ മാനസികാവസ്ഥ എന്തെന്നറിയില്ല. അന്ന് തനിക്കത്ര സമ്മതം പോരായിരുന്നു. മുത്തശ്ശനായിരുന്നു സമ്മതക്കാര്യത്തില്‍ മുന്നില്‍. അമ്മയ്ക്ക്, അച്ഛന്‍റേതില്‍നിന്ന് വിട്ട് സ്വന്തമായൊരഭിപ്രായമില്ല. ഇന്ന് മുത്തശ്ശനോടൊപ്പം മുന്നില്‍ താനുമുണ്ട്. വീട് വെച്ച് സ്ഥിരതാമസമാക്കുകയാണെങ്കില്‍ അത് കിടയ്ക്കാട് തന്നെയാവണം. കണ്ടതിനേക്കാള്‍ ഇനിയും എത്ര കാണാനും അറിയാനും ഉണ്ട് ഈ കിടയ്ക്കാട്. അത്ഭുതങ്ങളുടെ ആഴങ്ങള്‍ ഒളിപ്പിച്ച് രുധിരാഴി ജലോപരിതലത്തില്‍ നിശ്ചലമായി കിടക്കുന്നു. വിശ്വരൂപം പുറത്തെടുക്കാത്ത ഒരു പെരുംപാമ്പ് മയങ്ങിക്കിടക്കുന്നതുപോലെ. അപ്പോള്‍, ആ നിമിഷം എങ്ങുനിന്നോ കുതിച്ചെത്തിയ ഒരു ധൈര്യത്താല്‍ അവന്‍ ഒന്നുറച്ചു. ആരൊക്കെ, എന്തിന്‍റെയെല്ലാം പേരില്‍ കിടയ്ക്കാട് വിട്ട് പോയാലും, മറ്റെങ്ങോട്ടേക്കും താനില്ല. തന്‍റെ ശരീരത്തില്‍ നിന്നും അദൃശ്യമായ ചില വേരുകള്‍ കിടയ്ക്കാട്ടിലെ മണ്ണിലേക്ക് ആഴ്ന്നിറങ്ങി പോകുന്നത് അവനറിഞ്ഞു. കിടയ്ക്കാട്ടെ പൂളമരങ്ങള്‍ക്കിടയില്‍ ഏറ്റവും വലുതും പഴക്കമുള്ളതും മണ്ണില്‍  ആഴത്തില്‍ വേരുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നതുമായ ഒരു പൂളമരമായി താന്‍ മാറിക്കൊണ്ടിരിക്കുന്നത് അറിയുന്നതിനൊപ്പം ഉറക്കവും അവനിലേക്കിറങ്ങിക്കൊണ്ടിരുന്നു. 

 

പിന്നീടുള്ള അവന്‍റെ പാതിരാവുകള്‍ ഇങ്ങനെയൊക്കെ തുടര്‍ന്നു. രുധിരാഴിയുടെ ആഴങ്ങളിലേക്കൂളിയിട്ടെത്തി പുതുലോകങ്ങള്‍ ഒളിച്ചുനോക്കുന്നതിനുള്ള അവന്‍റെ കൗതുകങ്ങള്‍ക്കൊക്കെ അറുതി വന്നിരുന്നു. പകരം അവന്‍ രുധിരാഴിയിലെ പഞ്ഞിക്കൊട്ടാരം തേടിപോയി. വിചിത്രകരമായ സംഗതി, അതിനുശേഷം ഒരിക്കലും അങ്ങനെയൊരു കൊട്ടാരം കണ്ടെത്താന്‍ അവനായില്ല എന്നതാണ്. അതുതേടി അവന്‍ രുധിരാഴിയുടെ വാടവര്‍ണ്ണത്തിന്‍റെ ആഴങ്ങളിലൊക്കെ കുതിച്ചു നീങ്ങി. തുടക്കത്തില്‍ വീണ്ടും അതുതേടി പോകാന്‍ അവനല്പം ഭയം തോന്നിയെങ്കിലും അത് കണ്ടെത്താതായപ്പോള്‍ ആ ഭയം കുറഞ്ഞുവന്നു. അതിനുശേഷം കാടിന്‍റെ ഉള്ളറകളിലൂടെ അലഞ്ഞു. ചില ദിവസങ്ങളില്‍ ആരോ കൊണ്ടുവെച്ചുപോകുന്ന കുപ്പി അവനെ കാത്തിരുന്നു. അത് പാതിയോളം തീര്‍ത്ത് ബാക്കിയുള്ളത് മുത്തശ്ശനായി കൂടെകൊണ്ടുപോയി. ആ ദിനങ്ങളിലൊക്കെ അവനും മുത്തശ്ശനും ഒന്നുപോലെ ആനന്ദത്തിലാറാടി. കുപ്പി കിട്ടാത്ത ദിവസങ്ങളില്‍ അവന്‍ ഒളിഞ്ഞും പതുങ്ങിയും കിടയ്ക്കാട്ടെ ഷാപ്പില്‍ കയറി തുടങ്ങി. തുടക്കത്തില്‍ ഉണ്ടായ നാണക്കേടും പാപബോധവുമൊക്കെ രണ്ടേരണ്ടുദിനംകൊണ്ടവനെ വിട്ടൊഴിഞ്ഞു. ‘പച്ചള്ളം’ കുടിക്കുന്ന ഒരു ലാഘവത്തോടെ അവന്‍ കിടയ്ക്കാടുകാര്‍ക്കൊപ്പമിരുന്ന് കുടി തുടങ്ങി. പച്ചവെള്ളം കുടിക്കുന്നതിനെന്താണ് പാപബോധം?

 

ആദ്യത്തെ ആറുമാസം ജയന്മാര്‍ തോമുട്ടിയുടെ പേരുകളയാതെ കിട്ടിയ പണികളെല്ലാം വേണ്ടുംവണ്ണവും സമയത്തിനും ചെയ്തു കൊടുത്തു. മുപ്പതാം തിയ്യതി വൈകുന്നേരം വര്‍ഷോപ്പ് അടച്ച് താക്കോല്‍ കൊടുക്കുംനേരം കൃത്യമായി വാടകയും കൊടുത്തു. എന്നാല്‍ ഏഴാം മാസം തൊട്ട് കാര്യങ്ങള്‍ അവതാളത്തിലാകുന്നുണ്ടോ എന്ന് തോമുട്ടിക്ക് സംശയം തോന്നി. കച്ചോടം കഴിഞ്ഞ് കാശെണ്ണി തൃപ്തനായി ഉമ്മറത്ത് വന്നുകിടക്കും നേരം വണ്ടികൊടുത്തവരുടെ മുറുമുറുപ്പുകളും ചീത്തവിളികളും മയക്കത്തില്‍ ശല്യം ചെയ്യുന്ന സ്വപ്നങ്ങളായി തോമുട്ടിയെ വട്ടമിട്ടു. താനില്ലാത്ത സമയത്ത് ഇടയ്ക്കിടെ വര്‍ഷാപ്പിന്‍റെ മൂലയില്‍  ഇരുന്ന് കുപ്പി പൊട്ടിക്കലും തെറിപ്പാട്ടും ഉണ്ടാകാറുണ്ട് എന്ന് അമ്മ പറഞ്ഞപ്പോള്‍ തോമുട്ടി ഒന്നിരുന്ന് ആലോചിച്ചു. വാടക കൃത്യമായി കിട്ടുന്നതുകൊണ്ടു മാത്രം അന്നാമ്മ പറയാതിരുന്നതാണ്. വെറുതെ പിള്ളാരെ പിണക്കിവിട്ടാല്‍ ആ കാശുകൂടി പോകുമല്ലോ എന്ന് അവര്‍ ഭയന്നു. പൊറിഞ്ചു പണിക്കുപോകാതെ അവരോടൊത്തിരുന്ന് കുടി തുടങ്ങിയപ്പോഴാണ് ശല്യം തുടങ്ങിയത്. സ്കൂള്‍ വിട്ടുപോകുന്ന പിള്ളേര്‍ ഒരു ദിവസം വട്ടമിട്ടുനിന്നു നോക്കി രസിച്ചു പൊറിഞ്ചുവിന്‍റേയും ജയന്മാരുടേയും തെറിപ്പാട്ട്. അതോടെ അന്നാമ്മ തീര്‍ച്ചപ്പെടുത്തി, വാടകകാശ് കണ്ടില്ലെന്ന് നടിച്ച് ഈ എടപാട് നിര്‍ത്താറായെന്ന്. 

 

തോമുട്ടി ആലോചിച്ചത്, കച്ചവടമില്ലാതാകുന്ന കാലത്ത് അറിയാവുന്ന ഒരു തൊഴില്‍ വീട്ടുമുറ്റത്തുണ്ടെങ്കില്‍ ഒന്നും പേടിക്കാതെ അതില്‍ വന്നു ജോയിന്‍ ചെയ്യാമല്ലോ എന്നാണ്. കച്ചവടത്തിന്‍റെ പോക്കും മാതിരിയും കാണുമ്പോള്‍ ഈയടുത്ത കാലത്തൊന്നും തിരിഞ്ഞുനോക്കേണ്ടി വരില്ല. ആകാശം ഇടിഞ്ഞുവീഴുമെന്ന് ഭയന്ന് താങ്ങുകൊടുക്കാന്‍ പറ്റ്വോ? മുപ്പതാം തിയ്യതി താക്കോല്‍ വാങ്ങാന്‍ നിന്നത് തോമുട്ടിയാണ്. അന്ന് സാധാരണപോലെ താക്കോലിനൊപ്പം വാടകയുണ്ടായിരുന്നില്ല. പിള്ളേര്‍ രണ്ടും നല്ല മൂഡിലാണ്. കച്ചവടം കഴിഞ്ഞ് തോമുട്ടി കയറിവന്നതും താക്കോല്‍ തരാന്‍ ജയന്മാര്‍ വന്നതും ഒരേ നേരത്താണ്. 

 

‘‘ഏഴുമാസം മുന്നേ ഞാന്‍ പറഞ്ഞിരുന്നതാ, വാടക കൃത്യായിട്ട് വേണംന്നും എനിക്ക് പേരുദോഷംണ്ടാക്കല്ലേ എന്നും. പേരുദോഷം ഇഷ്ടംപോലെ നിങ്ങളെനിക്ക് ണ്ടാക്കി തന്നു. ഇപ്പൊ വാടകയും തെറ്റിയിരിക്കുന്നു.അകത്ത്ന്ന് എന്തെങ്കിലും എടുക്കാനുണ്ടെങ്കി എടുത്തോ. നാളെ മേലാക്കം വര്‍ഷോപ്പ് പണിക്കായി ഈ മിറ്റത്ത് കാലുകുത്തണ്ടാ. തീരാത്ത വല്ല പണികളുണ്ടെങ്കി ഞാന്‍ തീര്‍ത്തുകൊടുത്തോളാം.’’

 

ഒന്നമ്പരക്കുകയോ ഞെട്ടുകയോ ചെയ്യാതെ, തല കുനിക്കാതെ ജയന്മാര്‍ ഇറങ്ങിപ്പോയി. ഒരു പക്ഷേ തോമുട്ടിയത് പറഞ്ഞില്ലെങ്കിലും കാര്യങ്ങള്‍ പറഞ്ഞവസാനിപ്പിച്ച് പോകാനുള്ള പരിപാടിയിലായിരുന്നു അവരിരുവരും എന്നുതോന്നും. ഒരു മാസത്തെ വാടകയില്‍ നിന്നും രക്ഷപ്പെട്ടല്ലോ എന്നവര്‍ ആശ്വസിച്ചു. അന്ന് പൂട്ടിയ ആ വര്‍ഷോപ്പിന്‍റെ പൂട്ട് പിന്നെ എന്തെങ്കിലും പണി ചെയ്യാനായി ആരും തുറന്നില്ല. 

 

ജയന്മാര്‍ പക്ഷേ അങ്ങനെ എളുപ്പത്തില്‍ തോറ്റുപിന്‍വാങ്ങുന്നവരായിരുന്നില്ല. അതുകഴിഞ്ഞു ഏഴെട്ടു മാസം കഴിഞ്ഞപ്പോൾ ലോഡ് കയറ്റാനായി എൽദോയുടെ കിടക്ക കമ്പനിയിലേക്ക് ചെന്നപ്പോള്‍ അവിടെ ഓലപ്പറമ്പിലില്‍ കിടക്ക നിറക്കുന്നവരില്‍ ജയന്മാരുണ്ടായിരുന്നു. ചക്കര ഓര്‍ഡര്‍മാന്‍മാരായി അവരെ കൂട്ടിയിരുന്നു. ചക്കരയും ഇന്ദ്രനും ഗുളികനുമൊക്കെ അപ്പോഴേക്കും വേര്‍പിരിഞ്ഞ് സ്വന്തം ലോഡുകള്‍ കൊണ്ടുപോകാന്‍ തുടങ്ങിയിരുന്നു. ഇന്ദ്രനും വര്‍ഗ്ഗീസിനും ഗുളികന്‍ തോമസിനുമൊക്കെ സ്ഥിരമായി ഒരു ടീമുണ്ടായിരുന്നു. എന്നാല്‍ ചക്കരയുടെ കാര്യം അങ്ങനെയല്ല. വല്ലഭന് പുല്ലും ആയുധം എന്നുപറഞ്ഞപോലെയാണ്. ആരെ വേണമെങ്കിലും കച്ചവടത്തിന് കൊണ്ടുപോകും. രണ്ടുകാലില്‍ നടക്കാനുള്ള ശേഷിയുണ്ടായാല്‍ മതി. പുതിയ ആള്‍ക്കാരെയോ ഏപ്പയില്ലാത്തവരേയോ കൊണ്ടുപോയാല്‍ കച്ചവടം പൊട്ടിപൊളിയുമെന്നതിലൊന്നും ചക്കരക്ക് പേടിയില്ല. പേടിക്കാനാണെങ്കില്‍ ഒരു മേട്ടയുടെ ആവശ്യമില്ലല്ലോ. അക്കാര്യത്തില്‍ എല്‍ദോയ്ക്കും ചക്കരയെ വിശ്വാസമാണ്. എങ്ങനെ പോയാലും കൊണ്ടുപോകുന്ന ലോഡ് കാലിയാക്കിയിട്ടേ ചക്കരയെത്തൂ.വണ്ടിവാടകയും കാശും കൃത്യമായിട്ടെത്തും. മറ്റുള്ള കാര്യങ്ങളില്‍ എല്‍ദോയൊട്ടു തലയിട്ടതുമില്ല. 

 

ആശാനെ കണ്ടപ്പോള്‍ ജയന്മാര്‍ അടുത്തുവന്നു. കഷ്ടിച്ച് കുറേകാലം കുടിക്കുന്നതിനുള്ള പണം വര്‍ഷാപ്പില്‍ നിന്നും അവര്‍ സ്വരൂപിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞ്, മറ്റുപണികൾ നോക്കി, നില്ക്കക്കള്ളിയില്ലാതായപ്പോള്‍ കച്ചവടത്തിനിറങ്ങിയതാണ്. അവര്‍ തോമുട്ടിയുടെ കൈ പിടിച്ചു ചിരിച്ചു. തോമുട്ടിക്ക് പക്ഷേ ചിരിവന്നില്ല. കുറേ കാലം കഴിയുമ്പോള്‍ അവര്‍ മേട്ടകളായി പോകുന്ന ലോഡില്‍ താന്‍ ഡ്രൈവര്‍ കം കച്ചവടക്കാരനാകേണ്ടി വരുമോ എന്ന് തോമുട്ടി ആലോചിച്ചു. ഡ്രൈവറുടെ വിധി ലോഡ് വണ്ടി ഓടിക്കുക മാത്രമാണ്. ഇന്ന മേട്ടയും ഇന്ന കച്ചവടക്കാരനും വേണമെന്നു ശഠിക്കാന്‍ ഡ്രൈവര്‍ക്കവകാശമില്ല. അങ്ങനെ വേണമെങ്കില്‍ ഡ്രൈവര്‍ സ്വന്തമായി ലോഡു കൊണ്ടു പോകണം. ആ നിമിഷം മുതല്‍ സ്വന്തമായി ലോഡു കൊണ്ടുപോകുന്ന ഒരു മേട്ടയാകുന്നതിനെക്കുറിച്ച് തോമുട്ടി വയറുകത്തലോടെ ആലോചിച്ചു. അവരുടെ മുഖത്ത് തന്നെ തോല്പിച്ച ഭാവമുണ്ടോ എന്ന് തോമുട്ടിക്ക് സംശയം തോന്നി. അവന്മാര്‍ നിര്‍ത്താതെ ചിരിക്കുന്നതു കണ്ടപ്പോള്‍ സന്ദേഹം ബലപ്പെട്ടു..

 

‘‘ഒരു മാസത്തെ വാടകക്കാശ് ഞാന്‍ എഴുതി തള്ളുംന്ന് വിചാരിക്കണ്ടാ. കച്ചോടം കഴിഞ്ഞ് കാശ് കിട്ട്യാ വീട്ടില്‍ ഉടന്‍ എത്തിച്ചേക്കണം. അല്ലെങ്കില്, തോമുട്ടിയുടെ തനിനിറം നിങ്ങളറിയും.’’

 

ജയന്മാരുടെ ചിരിയും കയ്യിലെ മുറുകിയ പിടുത്തവും വളരെ വേഗത്തില്‍ അയഞ്ഞുപോയി. പിന്നൊന്നും സംസാരിക്കാന്‍ മെനക്കെടാതെ അവര്‍ കിടക്കകള്‍ കയറ്റാന്‍ നടന്നു. 

 

ആ രാത്രി, ആലപ്പുഴ എത്തുന്നതുവരെ റോഡില്‍ നിന്നും മറ്റുവണ്ടികളുടെ വെട്ടം മുഖത്തു പാറിവന്നുപോയിക്കൊണ്ടിരുന്നപ്പോഴൊക്കെ തോമുട്ടി ആലോചിച്ചു നെഞ്ചു പുകച്ചുകൊണ്ടിരുന്നത് വളരെ വേഗത്തില്‍ എങ്ങനെയൊരു മേട്ടയാകാമെന്ന് മാത്രമായിരുന്നു. ബാക്കിയെല്ലാരും പുറകിലിരുന്ന് ഉറങ്ങിയപ്പോഴും തോമുട്ടി ഒരു പോള പോലും ചിമ്മാതെ വണ്ടിയോടിച്ചുകൊണ്ടിരുന്നു.

 

തുടരും…

 

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com