ADVERTISEMENT

വീട്ടുകാരും വിരുന്നുകാരും

 

അമ്മൂമ്മയുണ്ടായിരുന്നപ്പോൾ കിടക്കപ്പായയിൽ കണ്ണുതുറക്കും മുൻപേ ആദ്യം ചെയ്യുക, കഴുത്തിലെ ഗുരുവായൂരപ്പന്റെ പടമുള്ള സ്വർണലോക്കറ്റ് മുഖത്തോടു ചേർക്കുകയായിരുന്നു. അന്നത്തെ ദിവസം മുഴുവൻ പ്രസരിപ്പും പ്രത്യാശയും നിറഞ്ഞതാക്കാൻ അതു സഹായിക്കുമെന്നായിരുന്നു അമ്മൂമ്മയുടെ വിശ്വാസം.

 

‘‘കുട്ടാ, നമ്മളെ ഉറക്കിക്കിടത്തിയിട്ട് ദൈവം പോകും. അപ്പോഴാ അതുവരെ മനസ്സിൽ അടങ്ങിക്കിടന്ന പിശാചുക്കളെല്ലാംകൂടി വരുന്നത്. അരുതാത്ത സ്വപ്നം കാണിക്കുന്നതും തോന്നരുതാത്തവ തോന്നിപ്പിക്കുന്നതുമൊക്കെ അതുങ്ങളാണ്,’’ അമ്മൂമ്മ പറയും, ‘‘അതുകൊണ്ട് ഉണർന്നാലുടനെ ഭഗവാനെ പ്രാർഥിക്കണം. ദൈവം വരുമ്പോൾ പിശാചുക്കളൊക്കെ പറപറക്കും. പക്ഷേ, അപ്പോഴും അവരുണ്ടാക്കിവച്ച സന്തോഷോം ദേഷ്യോമൊക്കെ മനസ്സിൽ ബാക്കി കിടക്കും. ചിലപ്പോ രാവിലെ എഴുന്നേൽക്കുമ്പഴേ ചുമ്മാ ദേഷ്യം തോന്നുന്നതും മടുപ്പു തോന്നുന്നതുമൊക്കെ അതുകൊണ്ടാ.’’

 

അമ്മൂമ്മ അതു പറയുമ്പോഴെല്ലാം പോലീസ് വണ്ടി വരുമ്പോൾ ഓടിപ്പോകുന്ന ചീട്ടുകളിക്കാരെയാണ് എനിക്കോർമവരിക. സങ്കടങ്ങളുടെയും സന്താപങ്ങളുടെയും ചീട്ടുകൾ കളത്തിൽ ചിതറിക്കിടപ്പുണ്ടാകും. അമ്മൂമ്മ പറഞ്ഞതിനുപിന്നിലെ ശാസ്ത്രം എന്തായാലും എന്റെ ജീവിതത്തിൽ അത് അച്ചട്ടായിരുന്നു. പിശാചുക്കളുടെ കളി മുറുകുമ്പോൾ ദൈവം വന്നു കയറുകയും പലതരം ചീട്ടുകൾ എന്റെ കളത്തിൽ കുമിയുകയും ചെയ്യുന്നതു പതിവായി. രാവിലെ കിടക്കപ്പായയിൽ കണ്ണുതുറക്കുമ്പോഴേ അന്നത്തെ ദിവസത്തെപ്പറ്റി പുലരി, ചീട്ടുകളിലൂടെ പ്രവചിക്കും. കണ്ണുനിറഞ്ഞാണ് എഴുന്നേൽക്കുന്നതെങ്കിൽ ആ ദിവസം മുഴുവൻ കണ്ണീരുപ്പു കയ്ക്കും. മൂളിപ്പാട്ടുപാടിയുണരുന്ന ദിവസങ്ങളിൽ മുഴുവൻ നേരവും ചുണ്ടിൽ ഒരീണം മധുരം പുരട്ടും. ചിരിച്ചുണരുന്ന ദിവസങ്ങളിൽ കാണുന്നവരെല്ലാം, ‘ഇന്നെന്താ മുഖത്തൊരു സന്തോഷം’ എന്നാരായാറുണ്ട്. ഇതുകൊണ്ടൊക്കെത്തന്നെ ഉണർന്നെണീൽക്കുമ്പോൾ ഞാൻ ജാഗരൂഗനാകും. ഉള്ളിൽ ചുഴലിതിരിയുന്ന വികാരമെന്തെന്ന് പഠിച്ചിട്ടേ കണ്ണു തുറക്കൂ.

ഇന്നലെയും അങ്ങനെതന്നെയായിരുന്നു തുടക്കം. കണ്ണടച്ചിരിക്കുമ്പോൾ ഉള്ളിൽ എന്തോ ചിറകടിച്ചുണർന്നതുപോലെ. കണ്ണുതുറക്കുമ്പോൾ  ജനാലക്കമ്പിയിൽ ചിറകടിക്കുന്ന അപൂർവശോഭയുള്ളൊരു ചിത്രശലഭം.! കറുപ്പും ചെമപ്പും മഞ്ഞയും നിറങ്ങൾ ഇടകലർന്ന അതിന്റെ ചിറകുകളിൽ രാത്രിമഴയുടെ നനവുണ്ടായിരുന്നു. ചിത്രശലഭങ്ങളെയും തുമ്പികളെയും കണികണ്ടാൽ ആ ദിവസം മുഴുവൻ അത്ഭുതങ്ങളും അപ്രതീക്ഷിതത്ത്വങ്ങളുമായിരിക്കുമെന്ന് അമ്മൂമ്മ പറഞ്ഞത് എനിക്കോർമവന്നു. കുളികഴിഞ്ഞ് കുപ്പായം തിരയുമ്പോൾത്തന്നെ അതിനു തുടക്കമായി. എത്രയോ കാലമായി കാണാതെപോയ എന്റെ സ്വർണപ്പേന തുണികൾക്കിടയിൽനിന്നു തലനീട്ടി. നാടുവിട്ടുപോയശേഷം അപ്രതീക്ഷിതമായി തിരിച്ചെത്തിയ ചങ്ങാതിയെ എന്നപോലെ ഞാൻ അതിനെ താലോലിക്കുമ്പോൾ ചേട്ടൻ വാതിൽക്കൽ വന്ന് എന്റെ മടിയിലേക്ക് ബൈക്കിന്റെ താക്കോലെറിഞ്ഞുതന്നു. 

 

‘‘ഇന്നു കോടതീലാ ഡ്യൂട്ടി... ഒരു കേസിന്റെ വിചാരണ... വണ്ടി നീ വച്ചോ.. പെട്രോളടിക്കണം കേട്ടോ...’’

 

വീണു കിട്ടിയ അവസരം എങ്ങനെ വിനിയോഗക്കണമെന്ന് ഒരുനിമിഷം ആലോചിച്ചു. ഒടുവിൽ, ടൗണിൽ പോയി പഴയ സഹപാഠികളെ കാണാൻ തീരുമാനിച്ചു. അപ്രതീക്ഷിത സന്ദർശനം എല്ലാവരെയും സന്തോഷിപ്പിക്കുമെന്നാണു വിചാരിച്ചതെങ്കിലും, ഒരുപാടു നാളുകൾക്കുശേഷം കാണുകയായിരുന്നിട്ടും ഞങ്ങൾക്കു പറയാൻ അധികം വിശേഷങ്ങളൊന്നുമില്ലായിരുന്നു. മുഖത്തല്ല, കൈയിലെ മൊബൈൽഫോണിൽ നോക്കിയാണ് അവരെല്ലാം സംസാരിച്ചത് എന്നത് എന്നെ ഏറെ സങ്കടപ്പെടുത്തി. പഠിപ്പിന്റെ നിര‍ർഥകത, ജോലി കിട്ടാത്തതിന്റെ നിരാശ, വരുമാനമില്ലാത്തിന്റെ ധർമസങ്കടം എന്നിങ്ങനെ പതിവുവട്ടത്തിനുള്ളിൽ ചുറ്റിക്കറങ്ങി, ഒടുവിൽ സംഭാഷണം തലകറങ്ങി വീണു. പഴങ്കഥകൾ പറഞ്ഞിരിക്കാനും ഒത്താൽ ഒരുമിച്ചൊരു സിനിമകാണാനും നിർബന്ധിച്ചാൽ ആരുടെയെങ്കിലുമൊപ്പം രാത്രി തങ്ങാൻപോലും ഉറപ്പിച്ചാണു ഞാൻ പോയതെങ്കിലും ഒന്നും നടന്നില്ല.

 

‘‘നീ വായിച്ചുകൂട്ടുന്ന പുസ്തകങ്ങളിലെപ്പോലൊന്നുമല്ലെടാ ജീവിതത്തിലെ സൗഹൃദങ്ങൾ,’’ ചങ്ങാതിമാരിൽ ഏറ്റവും അടുപ്പമുള്ള അന്ന ചാക്കോ ‘പഴമുതിർച്ചോല’ എന്ന ജ്യൂസ് ഷോപ്പിലെ തണുത്ത മൂലയിൽ, എനിക്കെതിരെയിരുന്നു മുടമ്പല്ലുകാട്ടി ചിരിച്ചു, ‘‘ജോലികിട്ടി പെണ്ണും പിടക്കോഴീം കുടവയറുമൊക്കെയായി രണ്ടു സ്മോളുമടിച്ചോണ്ടിരിക്കുമ്പോൾ ആണുങ്ങൾക്കു പറയാനുള്ള നൊസ്റ്റാൾജിയ മാത്രമാണ് സൗഹൃദം. കൂടെയുള്ളപ്പോൾ ഒരുത്തനും ചോദിക്കില്ല, എന്തായി, എങ്ങോട്ടാണ്, എപ്പോഴാണ് എന്നൊന്നും.’’

അന്നയോടു തർക്കിക്കാൻ പോയില്ല. അവൾ എപ്പോഴും എന്തും വെട്ടിത്തുറന്നു പറയുന്ന കൂട്ടത്തിലായിരുന്നു.

 

‘‘എന്താ നിന്റെ പരിപാടി?’’ ഞാൻ ചോദിച്ചു.

‘‘എന്തു പരിപാടി? ജോലിക്കൊന്നും കാത്തിരിക്കാൻ ഞാനില്ല. ഏതെങ്കിലുമൊരു പുത്തൻപണക്കാരനെ കെട്ടി അവന്റെ കൊച്ചിനേം പ്രസവിച്ച് ഞാനങ്ങു കഴീം... ഇടയ്ക്ക് നിന്നെപ്പോലെ ആരെങ്കിലും വന്നുപെട്ടാൽ കുറെ നൊസ്റ്റാൾജിയ കുടഞ്ഞിടും.’’

 

ഇത്ര ലാഘവത്തോടെ ജീവിതത്തെ കാണാൻ കഴിയുന്നതിൽ അന്നയോട് അസൂയ തോന്നി. പഠിക്കുമ്പോഴും അവളിങ്ങനെയായിരുന്നു. എന്തും വരുന്നിടത്തുവച്ചുകാണാമെന്ന മട്ട്.

 

‘‘നിന്റെ പരിപാടിയെന്താ? പൊട്ടനോവലും എഴുതി എന്നും കഴിയാമെന്നാണോ?’’ മാമ്പഴച്ചാറ് എനിക്കരികിലേക്കു നീക്കിവച്ച് അവൾ ചോദിച്ചു,‘‘എടാ, മേലനങ്ങി പത്തുകാശൊണ്ടാക്കാൻ നോക്ക്...’’

എഴുത്തുകാരെയപ്പാടെ അന്നയ്ക്കു പുച്ഛമാണെന്നറിയാവുന്നതിനാൽ ഞാൻ ചിരിച്ചോണ്ടിരുന്നതേയുള്ളൂ.

 

‘‘നിന്റെ ടീച്ചറിന്റെ പേരെന്താ? ആ റബേക്ക...അവർക്ക് ഇഷ്ടംപോലെ കാശൊണ്ടെന്നല്ലേ പറഞ്ഞേ?... അവരെ മുറുകെപ്പിടിക്ക് മോനേ. മക്കളില്ലാത്തതല്ലേ... നിന്നോടൊരു സോഫ്റ്റ് കോർണറുണ്ടാവും. കാശൊള്ള അച്ചായത്തിയായതിനാൽ വിദേശത്ത് ബന്ധുക്കളൊക്കെ ഒരുപാടു കാണുകയും ചെയ്യും. എഴുതുന്നതിനു പ്രതിഫലമായി നിനക്കൊരു വിസ ഒപ്പിച്ചുതരാൻ പറ. അതെങ്ങനാ നക്കാപ്പിച്ച ആദ്യമേ ചോദിച്ചുവാങ്ങി പുട്ടടിച്ചുകാണും.’’

 

ചുണ്ടിൽ പടർന്ന മാമ്പഴമഞ്ഞ നാവിൻതുമ്പുകൊണ്ടു തുടച്ചെടുത്ത് അവൾ എന്നെ പരിഹാസത്തോടെ നോക്കി.

‘‘സത്യം.’’

ഞാൻ പറഞ്ഞു.

 

‘‘നിനക്കൊരു കണക്കുകൂട്ടലുമില്ല. എഴുത്തുകാരുടെ കുഴപ്പമാ ഇത്. ചുമ്മാ സ്വപ്നലോകത്തു ചുറ്റിനടക്കും. ജീവിതത്തിലേക്കിറങ്ങിവരില്ല,’’അന്ന പൊടുന്നനെ എന്റെ കൈയിൽ നുള്ളി, ‘‘വയസ്സുകാലത്തും ജീവിതം പ്ലാൻ ചെയ്യുന്നവരെ നിനക്കു കാണണോ... ഇപ്പോ തിരിഞ്ഞുനോക്കരുത്... വലത്തേ സൈഡിലെ മൂന്നാമത്തെ ടേബിളിലേക്കു നോക്ക്.’’

 

കൈപ്പടം കണ്ണിന്റെ വശത്ത് മറയാക്കിപ്പിടിച്ച് അന്ന കൃഷ്ണമണി ഉരുട്ടിക്കാട്ടി. ഞാൻ തല തിരിക്കാൻ നോക്കിയപ്പോൾ അവളുടെ വിരൽനഖം എന്റെ കൈയിലെ മാംസത്തിലേക്കാഴ്ന്നു.

‘‘ഇപ്പോ നോക്കരുതെന്നല്ലേടാ പറഞ്ഞേ...’’

‘‘എന്തൊരു നുള്ളാടീ ഇത്.’’

ഞാൻ വേദനയും പരിഭവവും മാമ്പഴമധുരത്തിൽ അലിയിച്ചുകളയാൻ ശ്രമിച്ചു. 

‘‘സോറി. ഇനി നോക്ക്... പതിയെ...’’

 

അവൾ എന്നെ തോണ്ടി. തടിച്ചുകൊഴുത്ത് വെണ്ണയുരുളപോലൊരു സ്ത്രീ. പ്രവാസിയെന്ന് ഒറ്റനോട്ടത്തിലറിയാം. മുത്തുപതിച്ച സഞ്ചിയും കറുത്ത കണ്ണടയും അവരുടെ പൊങ്ങച്ചം വിളിച്ചുപറയുന്നുണ്ട്. ‘പഴമുതിർച്ചോല’യിൽ ഇത്തരം സന്ദർശകർ പതിവാണ്. നഗരത്തിരക്കൊഴിഞ്ഞ ഇടവും വിശാലമായ പാർക്കിങ് സൗകര്യവും സന്ദർശകരെ ആകർഷിക്കുന്നു. ബിസിനസ് ഇടപാടുകൾ ഉറപ്പിക്കാൻ പലരും തിരഞ്ഞെടുക്കുന്നത് ഇവിടുത്തെ ഇരുണ്ട മൂലകളാണ്. പഴച്ചാറിനപ്പുറമിപ്പുറമിരുന്ന് പ്രവാസികളും ഏജന്റുമാരും കോടികളുടെ ഇടപാടുകൾ സംസാരിക്കുന്നതു പതിവായിരുന്നു. ഷാർജാ ഷേയ്ക്കും ഫലൂദയും കൊണ്ട് റിയൽ എസ്റ്റേറ്റ് ദല്ലാളന്മാർ ഇടപാടുകാരെ തണുപ്പിച്ചെടുത്തു.

 

‘‘ആരാണ് ആ സ്ത്രീ? എന്താ അവരുടെ പ്രത്യേകത?’’

ഞാൻ ചോദിച്ചു.

‘‘അവരെയല്ല, കൂടെ വന്ന ആളെ നോക്കീട്ടു ചോദിക്കൂ. പത്തെൺപതു വയസുള്ള ഒരുത്തൻ. റിയൽ എസ്റ്റേറ്റ് ദല്ലാളായിരിക്കും. കഞ്ഞീം കുടിച്ച് കുഴമ്പും പുരട്ടി വീട്ടിൽ കിടക്കേണ്ട പ്രായത്തിൽ കാശെരട്ടിപ്പിക്കാൻ ഇറങ്ങിയിരിക്കുവാ.’’ 

 

അന്ന ആംഗ്യം കാട്ടിയപ്പോൾ പതിയെ ഒരിക്കൽക്കൂടി ഞാൻ തല തിരിച്ചു. അതാ, വിസ്മയത്തിന്റെ പൂമരം പൂത്തപോലെ അവിടെ പത്രോസ് മാഷ്! കാലൻ കുടയും കറുത്ത പട്ടകെട്ടിയ വടിയും മേശയിൽ ചാരിവച്ച് കസേരയിൽ ചാരിയിരിക്കുന്ന മാഷ് ചുമലിൽ വെള്ളത്തോർത്ത് മടക്കി വിരിച്ചിരുന്നു.

 

‘‘അങ്ങേരാണോ ദല്ലാളാണെന്നു നീ പറഞ്ഞത്?’’

ഞാൻ ചിരിയടക്കി.

‘‘അല്ലേ? അയാൾ പിന്നെ അവരുടെ കെട്ടിയോനാണോ?’’ അന്ന വായപൊത്തി ചിരിച്ചു.

‘‘അങ്ങേരെ എനിക്കറിയാം. എന്റെ നാട്ടിലുളള മാഷാ.’’

‘‘എന്നാൽ കേറി മുട്ടെടാ... നമ്മടെ ബില്ലുകൂടി കൊടുക്കും.’’

‘‘ഇപ്പോ എന്നെ കാണണ്ടാ...’’

‘‘അതെന്താ? വല്ല ചുറ്റിക്കളിയുമാണോ? ദേ... ഒരാൾകൂടി അങ്ങോട്ടുകയറിവരുന്നുണ്ട്...’’

 

ഞാൻ ഒരിക്കൽക്കൂടി പാളിനോക്കി. അ‍‍ഡ്വക്കേറ്റ് തമ്പാൻ മാത്യുവിന്റെ കഷണ്ടിത്തല ദുരെനിന്നേ തിരിച്ചറിഞ്ഞു. റബേക്ക ടീച്ചർ പറയുന്നതിനേക്കാൾ അപകടകാരിയാണല്ലോ പത്രോസ് മാഷ് എന്നോർത്തു ഞാൻ ഞെട്ടി. മറ്റൊരാൾ പറഞ്ഞാൽ പത്രോസ് മാഷും തമ്പാൻമാത്യുവുമായുള്ള ബന്ധം ഞാൻ വിശ്വസിക്കില്ലായിരുന്നു.  എന്തായിരിക്കും ഇവർക്കിടയിലുള്ള ഇടപാട്. പത്രോസ് മാഷാണോ തമ്പാൻ മാത്യുവിനെ എനിക്കരികിലേക്ക് ഭീഷണിയുമായി പറഞ്ഞയച്ചത്? ആ സ്ത്രീ ആരായിരിക്കും? ഞാൻ ആലോചനകളിൽ കുരുങ്ങി.

‘‘നീ വേണേൽ ഒരു ജ്യൂസ് കൂടി പറ... അവർ പോകാതെ എനിക്കിവിടുന്നിറങ്ങാൻ പറ്റില്ല.’’ ഞാൻ അന്നയോടു പറഞ്ഞു.

 

‘‘എന്തെങ്കിലും പ്രശ്നം?’’

‘‘ഒന്നുമില്ല. ഭാവിയിലെ എന്റെ നോവലാണ് ഇവിടെ അരങ്ങേറുന്നത്. അവരെല്ലാം അതിലെ കഥാപാത്രങ്ങളാ.’’

‘‘അത്രേയുള്ളോ കാര്യം?’’

പരിഹാസത്തോടെ ചുണ്ടുകോട്ടി, അന്ന മൊബൈൽ ക്യാമറ അവർക്കെതിരെ തിരിച്ച് നിശബ്ദമായി ഒരു ചിത്രമെടുത്തു. 

‘‘നീയെന്താ കാണിക്കുന്നേ...ആരെങ്കിലും കണ്ടാൽ...’’

ഞാൻ വിലക്കി.

‘‘ആ സ്ത്രീയുടെ കഴുത്തിലെ മാല കണ്ടോ? ഇവിടെങ്ങും കണ്ടിട്ടില്ല ആ ഡിസൈൻ.’’

അവൾ ഫോട്ടോ വലുതാക്കി എന്നെ കാണിച്ചു.

‘‘എന്തായാലും എടുത്തസ്ഥിതിക്ക് ആ ഫോട്ടോ എനിക്ക് ഷെയർ ചെയ്തേക്കൂ. ചിലപ്പോൾ പ്രയോജനപ്പെടും.’’

 

‘‘കഥാപാത്രങ്ങളുടെ ഫോട്ടോയും ശേഖരിക്കുന്നുണ്ടോ നോവലിസ്റ്റ്?’’

അന്ന പൊട്ടിച്ചിരിച്ചു. ഞാൻ ഒരിക്കൽക്കൂടി പിന്നിലേക്ക് പാളിനോക്കി. മൂന്നുപേരും അടക്കിപ്പിടിച്ച സംഭാഷണത്തിലാണ്. തമ്പാൻ മാത്യു മുന്നിൽ ഒരു ഫയൽ തുറന്നുവച്ച് ഏതൊക്കെയോ കടലാസ് ഉയർത്തിക്കാട്ടുന്നുണ്ട്.  ഗൗരവമുള്ള കാര്യങ്ങളാണു സംസാരിക്കുന്നതെന്നു ബോധ്യപ്പെടുത്തി, മുന്നിലെ ജ്യൂസ് അതേപടിയിരിക്കുന്നു. 

 

ഒരുമണിക്കൂറോളം ഞാൻ ‘പഴമുതിർച്ചോല’യിൽ കുടുങ്ങി. ഫലൂദയും  ജ്യൂസും ഐസ്ക്രീമുമായി അന്ന ആ സമയം മുതലാക്കി. തമ്പാൻ മാത്യുവിന്റെ ബൈക്കിനുപിന്നിൽ പത്രോസ് മാഷ് പറന്നകലുന്നതു കണ്ടിട്ടാണ് ഞാൻ അന്ന ചാക്കോയോടു യാത്ര പറഞ്ഞത്.

‘‘നോവൽ തീരുമ്പോൾ വായിക്കാൻ തരണേ.... ഞാനും കഥാപാത്രമാണോന്നറിയണമല്ലോ...’’

 

മുഖം മനോഹരമാക്കുന്നതിൽ മുടമ്പല്ലിന് വലിയ പങ്കുണ്ടെന്നു തെളിയിച്ച്, യാത്രപറയുമ്പോൾ അന്ന ഒരിക്കൽക്കൂടി തെളിഞ്ഞു ചിരിച്ചു. 

പുഞ്ചക്കുറിഞ്ചിയിൽ ചെല്ലുമ്പോൾ ഉച്ചതിരിഞ്ഞിരുന്നു. മാധവന്റെ ഹോട്ടലിനുമുന്നിലെത്തിയപ്പോൾ രമേശൻ ചേട്ടൻ അകത്തുനിന്ന് വിളിച്ചുപറഞ്ഞു, ‘വേഗം വീട്ടിലേക്കു ചെല്ല്. നിന്നെ തേടി ഒരാൾ അങ്ങോട്ടുപോയിട്ടുണ്ട്.’

‘‘ആര്?’’

‘‘ഒരു പെണ്ണ്.’’ 

‘‘പെണ്ണോ?’’

‘‘പെണ്ണെന്നു കേട്ടിട്ടില്ലേ? കൂടുതൽ ക്ലൂ ചോദിക്കണ്ട.’’

 

പറഞ്ഞത് മഹത്തായ ഫലിതമാണെന്ന മട്ടിൽ രമേശൻ ചേട്ടൻ ആസ്വദിച്ചു ചിരിച്ചു. വിസ്മയത്തിന്റെ പകൽ എനിക്കായി ഇനി കാത്തുവച്ചിരിക്കുന്നതെന്തെന്ന ആകാംക്ഷയോടെ  ഞാൻ വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തു. 

 

വീടിന്റെ അരമതിലിൽ ചെണ്ടപോലെ നീണ്ട രണ്ടു ബാഗുകൾ ഇരിപ്പുണ്ടായിരുന്നു. ആവശ്യത്തിലേറെ സാധനങ്ങൾ കുത്തിനിറച്ചതിനാൽ കോലംകെട്ട് പള്ളവീർത്ത നിലയിലായിരുന്നു അവ. അമ്മ പുല്ലരിയാൻ പോകുന്ന സമയമായതിനാൽ അതിഥി വീടിനുള്ളിൽ പ്രവേശിക്കാനാവാതെ പരിസരത്തെങ്ങോ ചുറ്റിത്തിരിയുന്നുണ്ടാവുമെന്ന് എനിക്കുറപ്പായി. പക്ഷേ, അതാരായിരിക്കും? ഈ സമയത്ത് ഇങ്ങനെ കെട്ടുംകുടുക്കയുമായി വന്നുകയറാൻ പറ്റിയ ബന്ധുബലമൊന്നും എനിക്കില്ല. വടക്കേ മുറ്റത്തേക്കു നടക്കുമ്പോൾ തെക്കേ മുറ്റത്ത് ശബ്ദം കേട്ടു. അവിടേക്കോടിച്ചെല്ലുമ്പോൾ ശബ്ദം മുൻവശത്തെ മുറ്റത്തായി. ഒരുവലംവച്ച് വീടിനുമുന്നിൽ മടങ്ങിയെത്തുമ്പോളതാ, പേരയ്ക്കായും കടിച്ച് വിസ്മയത്തിന്റെ മൂന്നാം അവതാരമായി അരമതിലിൽ ഇരിക്കുന്നു, ആനക്കല്ലിലെ ലീനച്ചേച്ചി. 

 

‘‘ആഹാ... കഥാകാരനെത്തിയോ?’’

ലീനച്ചേച്ചി പേരയ്ക്കാ കടിച്ചിറക്കി, കുസൃതിയോടെ ഒറ്റക്കണ്ണടച്ചു ചിരിച്ചു.

‘‘എന്തുപറ്റി മുന്നറിയിപ്പില്ലാതെ?’’

‘‘ഞാനിങ്ങുപോന്നു സഹോദരാ.’’

‘‘എന്നു വച്ചാ?’’

 

‘‘കെട്ടിക്കേറി വന്നൂന്നു വിചാരിച്ചാമതി. സംഗതി എല്ലാരുമറിഞ്ഞു. ഇനി അവിടെനിന്നാൽ രായ്ക്കുരാമാനം എന്നെ ഡൽഹിക്കോ ബോംബെയ്ക്കോ നാടുകടത്തും. നിന്റെ ചേട്ടനെ രാവിലെ മുതൽ വിളിച്ചിട്ട് കിട്ടുന്നില്ല. അല്ലേലും അത്യാവശ്യത്തിന് വിളിച്ചാൽ ഫോൺ കിട്ടില്ല. പിന്നെ ഞാനിങ്ങുപോന്നു.’’

 

‘‘ചേട്ടൻ ഇന്നു കോടതീലാ. ഫോണെടുക്കാൻ പറ്റില്ല.’’

‘‘ഇങ്ങനാണേൽ കോടതി കയറേണ്ടിവരും...’’

 

ലീനച്ചേച്ചി ചിരിച്ചു. ഇത്തരം സന്ദിഗ്ധഘട്ടത്തിലും ചിരിക്കാൻ കഴിയുന്നതിൽ എനിക്ക് അസൂയതോന്നി. എത്ര ലളിതമായാണ് ചേച്ചി കാര്യങ്ങളെ നേരിടുന്നത്. അച്ഛനും അമ്മയുമൊക്കെ എങ്ങനെ പ്രതികരിക്കുമെന്നാന്നാവും ലീനച്ചേച്ചി പ്രതീക്ഷിക്കുന്നത്?

 

‘‘നീ പേടിക്കണ്ട.ഞങ്ങളുടെ രജിസ്റ്റർ മാര്യേജ് രണ്ടുമാസം മുൻപേ കഴിഞ്ഞതാ. അതുകൊണ്ടാ ധൈര്യത്തിലിങ്ങുപോന്നതു ചെക്കാ.’’

ലീനച്ചേച്ചി അരമതിലിൽനിന്നു ചാടിയിറങ്ങി.

 

‘‘രജിസ്റ്റർ ചെയ്തിട്ട് നോട്ടീസ് ചുമരിലൊട്ടിച്ചത് അപ്പഴേ കീറിക്കളഞ്ഞു. എന്നിട്ടും, എങ്ങനോ അപ്പന്റെ ബന്ധുക്കളറിഞ്ഞു. പക്ഷേ, വൈകിപ്പോയി. ഇനി അവർക്കൊന്നും ചെയ്യാനാവില്ല.’’

 

‘‘എല്ലാരും കൂടി പടയായി ഇങ്ങോട്ടു വരുമോ?’’

‘‘വന്നാലെന്താ നീയും നിന്റെ പോലീസ് ചേട്ടനുമില്ലേ? എനിക്കു നിങ്ങളെ വിശ്വാസമാ. എന്തായാലും നീ വാതിൽ തുറക്ക്.’’

ഞാൻ വീടിനൊരു വലം വച്ച്, അടുക്കളച്ചുമരിലെ വിള്ളലിൽനിന്നു താക്കോലെടുത്തു.

 

‘‘ഇങ്ങനൊന്നും വന്നു കയറേണ്ടവളല്ല, എന്റെ ചേട്ടത്തിയമ്മ. വിളക്കുകൊളുത്തി അമ്മ കൈപിടിച്ചാനയിക്കേണ്ടതാ... എന്തായാലും ഇത്രയും കാത്തുനിന്നില്ലേ? ഞാൻ അമ്മയെ വിളിച്ചോണ്ടുവരാം.’’

മറുപടിക്കു കാത്തുനിൽക്കാതെ ഞാൻ വെട്ടുവഴി മുറിച്ചു തിണ്ടുകയറി വടക്കേടത്തെ പറമ്പിലേക്കോടുമ്പോൾ തൊട്ടുമുന്നിൽ പത്രോസ് മാഷ്. ഞാൻ പകച്ചു.

 

‘‘എന്താ നിന്റെ മുഖത്തൊരു കള്ളലക്ഷണം?’’

മാഷിന്റെ വടി എനിക്കുനേരേ നീണ്ടു.

‘‘ഒന്നുമില്ല.’’

‘‘എങ്ങോട്ടാ നീ ഓടുന്നേ...,’’ ഞാൻ തലകുനിച്ചു, ‘‘ഞാൻ നിന്നെ തേടി വരുവായിരുന്നു. വന്നേ... ഇത്തിരി സംസാരിക്കാനുണ്ട്.’’

ഞാൻ ധർമസങ്കടത്തിലായി. പത്രോസ് മാഷ് ആനക്കല്ലിലെ ബന്ധുവാണ്. ലീനച്ചേച്ചി വീട്ടിൽനിന്നുപോന്നതറിഞ്ഞിട്ടാണ് വരവെങ്കിൽ കുഴഞ്ഞു. അങ്ങനെയെങ്കിൽ‌ പട്ടാളം മാത്യുവിന്റെ ആളുകൾ പിന്നാലെ ഉണ്ടാവും. മാഷിനെ തടഞ്ഞേ മതിയാവൂ. 

 

‘‘മാഷെപ്പഴാ ടൗണീന്നു പോന്നേ?’’

എന്തും വരട്ടെന്നുകരുതി, മാഷിനൊരു കൊട്ടുകൊടുക്കാനുറച്ച് ഞാൻ നാടകീയമായി ചോദിച്ചു.

‘‘ടൗണീന്നോ? ആരു പറഞ്ഞു?’’

‘‘ആരായിരുന്നു കൂടെയുണ്ടായിരുന്ന സ്ത്രീ? ’’

‘‘സ്ത്രീയോ?’’

‘‘അഡ്വക്കേറ്റ് തമ്പാൻ മാത്യുവിനെ മാഷിനു നേരത്തേയറിയാമോ?’’

 

തുടരെയുയർന്ന ചോദ്യങ്ങൾ ചമച്ച പത്മവ്യൂഹത്തിനു നടുവിൽ പത്രോസ് മാഷ് വിയർത്തു. ആ നേരം നോക്കി ഞാൻ അമ്മയെത്തേടി പാഞ്ഞു. ഇടയ്ക്കു തിരിഞ്ഞുനോക്കുമ്പോൾ ആശയക്കുഴപ്പങ്ങളുടെ നൂൽക്കെട്ടഴിച്ച് മാഷ്, അതേപടി നിൽക്കുന്നതുകണ്ടു. അപ്പോഴാണ്, വിസ്മയക്കണ്ണി പൂരിപ്പിച്ച്, രാവിലെ കണ്ട ചിത്രശലഭം എവിടെനിന്നോ പറന്നെത്തി എന്നെ വലം വച്ച് പച്ചിലക്കാട്ടിൽ മറഞ്ഞത്. വിസ്മയങ്ങളും അപ്രതീക്ഷിതത്വങ്ങളും മാത്രമല്ല, ദുരൂഹതകളുംകൂടിയാണ് ചിത്രശലഭം പറത്തിക്കൊണ്ടുവരുന്നത് എന്ന് അമ്മൂമ്മയോടു പറയാൻ കഴിയാത്തതിൽ ഞാനപ്പോൾ സങ്കടപ്പെട്ടു.

 

(തുടരും)

 

English Summary: Rabecca E- novel written by Rajeev Sivshankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com