ADVERTISEMENT

തിരശ്ശീലയ്ക്കപ്പുറം

 

വൈദ്യശാലയുടെ മണമായിരുന്നു പത്രോസ് മാഷിന്റെ വീടിന്. ചുമരിൽ തൂങ്ങിയ നിറംമങ്ങിയ ശിവകാശി കലണ്ടറുകളും ഫ്രെയിം ചെയ്ത ബ്ലായ്ക്ക് ആൻഡ് വൈറ്റ് ഫോട്ടോകളും പുരാവസ്തു മ്യൂസിയത്തിൽ ചെന്ന പ്രതീതി നൽകി. അടുക്കളയിൽ വറുക്കലിന്റെയും പൊരിക്കലിന്റെയും ‘ശീ ശൂ’ ശബ്ദം കേൾക്കാമായിരുന്നു. അതിരുകളിൽ വിശ്വാസം നഷ്ടപ്പെട്ട  കോഴിക്കൂട്ടം മുറ്റത്തുനിന്നു തിണ്ണയിലേക്കും മുറിയിലേക്കും കവാത്തു നടത്തി. ‘ഫോ കോഴി’ എന്ന് അകത്തെവിടെയോനിന്നുയർന്ന ദുർബലമായ ഒരു പെൺസ്വരത്തെ അതു ഗൗനിച്ചതേ ഇല്ല.

 

സ്നേഹമാല്യവുമേന്തി പുഞ്ചക്കുറിഞ്ചിയുടെ അതിരുകടന്നെത്തിയത് ആനക്കല്ലിലെ രക്തമാണെന്ന വൈകിക്കിട്ടിയ അറിവിന്റെ കൈപിടിച്ച്  തലേന്ന് പത്രോസ് മാഷ് ഞങ്ങളുടെ വീട്ടുമുറ്റത്തേക്ക് ഓടിയെത്തിയിരുന്നു.

 

‘‘എന്തിയേ ഞങ്ങടെ കൊച്ച്?’’

വന്നു കയറിയപാടേ, കുട മടക്കി ജനാലയിൽ തുക്കി, അധികാരത്തോടെ മാഷ് വടിയും കുത്തി അകത്തേക്കു കയറി. കാപ്പിയും പലഹാരവും കഴിക്കുകയായിരുന്ന ലീനച്ചേച്ചി പെട്ടെന്നു കൈകഴുകിത്തുടച്ച് പുറത്തേക്കു തലനീട്ടി.

 

‘‘ഇങ്ങോട്ടു നീങ്ങിനിന്നേടീ,’’ വടിയുടെ വളഞ്ഞ തുമ്പുകൊണ്ട് മാഷ് ലീനച്ചേച്ചിയെ കുടുക്കിട്ടുപിടിച്ചു, ‘‘ആനക്കല്ലിലെ മാത്യൂന്റെ മകൾക്ക് ഇത്ര തന്റേടമെവിടുന്നു കിട്ടിയെടീ?’’ പേടിക്കേണ്ടെന്ന ചേട്ടന്റെ കണ്ണാംഗ്യത്തിന്റെ ബലത്തിൽ ലീനച്ചേച്ചി ചിരിച്ചു.

 

‘‘നിന്റനിയത്തിയൊരുത്തിയുള്ളതു മറന്നോ...

നീയിങ്ങനെ മുന്നുംപിന്നും നോക്കാതെ ചാടിപ്പോന്നാ അവളുടെ കാര്യം എന്താകുമെന്ന് ആലോചിച്ചോടീ പെണ്ണേ....?’’

ലീനച്ചേച്ചിയ്ക്ക് കൂസലില്ലെന്നു കണ്ട് മാഷ് തെല്ലുനേരം നിശബ്ദനായി. പിന്നെ, നാടകനടനെപ്പോലെ ശബ്ദവും ഭാവവും മാറ്റി ലീനച്ചേച്ചിക്കരികിൽ ചെന്നു ചുമലിൽ കൈവച്ചു.

 

‘‘നിന്റെ തീരുമാനം ശരിതന്നെയാ മോളേ... സുഭാഷ് എനിക്കു മോനെപ്പോലാ... അവനെ നൂറുശതമാനം വിശ്വസിക്കാം...,’’

മാഷ് ഇടം കൈനീട്ടി ചേട്ടനെ വലിച്ചടുപ്പിച്ച് ലീനച്ചേച്ചിയോടു ചേർത്തുനിർത്തി,‘‘മതം, ജാതീന്നൊക്കെ പറയുന്നേ ഇങ്ങനെ സ്നേഹംകൊണ്ട് ഉടച്ചുകളയാനുള്ള കാര്യങ്ങളാടോ.’’

വലംകൈ മുദ്രാവാക്യം മുഴക്കുംപോലെ ആകാശത്തേക്കുയർത്തി, പത്രോസ് മാഷ് കമ്യൂണിസ്റ്റുകാരനായി.

 

‘‘ഇന്നലെ രാത്രി കയ്യോറ്റിക്കരേന്ന് പടിഞ്ഞാറേക്കണ്ടത്തിലെ വർഗീസും ഓമനേം വിളിച്ചപ്പോഴാ ഞാൻ വിവരമറിഞ്ഞേ. ആശങ്കപ്പെടാൻ ഒന്നുമില്ല പിള്ളേരേന്ന് ഞാൻ പറഞ്ഞു. പക്ഷേ, അതുങ്ങളു കേൾക്കുമോ? ആനക്കല്ലേലെ ചോരയല്ല്യോ? വെട്ടൊന്ന് തുണ്ടം രണ്ടെന്നതാണല്ലോ രീതി. പന്തോം കൊളുത്തി പടേമായിട്ട് എല്ലാരും കൂടി ഇങ്ങോട്ടു വരുന്നേനുമുൻപ് ഞാനിന്ന് അങ്ങോട്ടു പോവാ. കയ്യോറ്റിക്കര സ്കൂളിലൊള്ളപ്പോ പണ്ടു ഞാൻ പഠിപ്പിച്ചതാ അതുങ്ങളെയൊക്കെ. അതുകൊണ്ട് എന്റെ വാക്കിന് അവിടേം വിലയുണ്ട് പോകുന്നേനുമുൻപ് ഇക്കൊച്ചിനെയൊന്നു കണ്ടേക്കാമെന്നു വിചാരിച്ചെറങ്ങിയതാ.’’

അമ്മ കൊണ്ടുവന്ന ചൂടു ചായ ഊതിക്കുടിച്ച് പത്രോസ് മാഷ് ചേട്ടനുനേരെ തിരിഞ്ഞു.

 

‘‘എന്നാലും എന്നോട് നേരത്തേ ഒരുവാക്കു പറയാൻ തോന്നിയില്ലല്ലോടോ.’’ നാടകനടന്റെ ശബ്ദം ചിലമ്പി.

‘‘എല്ലാവരോടും പറഞ്ഞിട്ടു മതീന്നു വിചാരിച്ചിരുന്നതാ മാഷേ. അതിനുമുൻപേ ഇവളിങ്ങു പോന്നില്ലേ... ഞാൻ പോലും വീട്ടിൽ വന്നപ്പഴാ അറിഞ്ഞേ...’’

‘‘ആണോടീ...’’ ലീനച്ചേച്ചി നാണിച്ചു തലകുനിച്ചു.

‘‘എന്തായാലും സുഖമായിട്ടു ജീവിക്ക്. മറ്റുള്ളോര് കാണട്ടെ അന്തസ്സോടെ കഴിയുന്നത്. ഞാൻ ആനക്കല്ലിൽ പോയി എല്ലാരേം ഒന്നു തണുപ്പിച്ചിട്ടുവരാം.’’

 

സുഭാഷേട്ടൻ സ്നേഹത്തോടെ മാഷിന്റെ വിരലുകൾ തലോടി.

‘‘ഇതെന്റെ കടമയാടോ... പക്ഷേ, നിന്റെ സ്നേഹമൊന്നും അനിയനില്ല കേട്ടോ... അവൻ എന്നെ ശത്രുവിനെപ്പോലെയാ കാണുന്നേ...’’

അകത്തെമുറിയിൽ നാടകം കണ്ടുനിന്ന എനിക്കുനേരേ മാഷ് വടിത്തുമ്പു ചൂണ്ടി. ഞാൻ മുഖം വെട്ടിച്ചു. 

‘‘കള്ളനാ...വിശ്വസിക്കാൻ കൊള്ളില്ല...’’

മാഷ് പോയപാടേ ഞാൻ ലീനച്ചേച്ചിയോടു പറഞ്ഞതുകേട്ട് ചേട്ടൻ തിരിഞ്ഞുനിന്നു.

 

‘‘നിനക്കെന്താ മാഷിനോടിത്ര ദേഷ്യം? ഒരു വരുമാനമുണ്ടാക്കിത്തന്നതിന്റെ നന്ദിയാണോ?’’

‘‘അങ്ങേർക്ക് എല്ലാത്തിനും രഹസ്യ അ‍ജണ്ടയൊണ്ടു ചേട്ടാ...’’

‘‘പോടാ... നീ കരുതുന്നതുപോലെയൊന്നുല്ല. എനിക്കദ്ദേഹത്തെ നന്നായറിയാം. ആ പാവത്തെ സംശയിച്ചാൽ പാപംകിട്ടും.’’

 

ചേട്ടന്റെ വാക്കുകൾക്കു മൂർച്ചയുണ്ടായിരുന്നു. ഒരാളെ  അളന്നെടുക്കുന്നതിൽ ചേട്ടനുള്ള മികവിനെ മനസ്സുകൊണ്ട് ആദരിക്കുന്ന എന്നെ ആ വാക്കുകൾ മുറിവേൽപ്പിച്ചു. ചേട്ടൻ പറയുന്നതുപോലെ, ഞാൻ മാഷിനെ തെറ്റായി വായിക്കുകയാണോ? കണ്ട കാഴ്ചകൾക്കെല്ലാം കാണാതെപോയൊരു മറുവശമുണ്ടാവുമോ? പത്രോസ് മാഷ് തുറന്നുസംസാരിക്കാതെ ഒന്നും വെളിപ്പെടില്ല. 

ആനക്കല്ലിൽ പോയ മാഷിന്റെ വിവരമറിയാതെ ലീനച്ചേച്ചി സങ്കടപ്പെടുന്നുവെന്നു പറഞ്ഞ് ചേട്ടൻ പിറ്റേന്ന് എന്നെ മാഷിന്റെ വീട്ടിലേക്കു പോകാൻ നിർബന്ധിക്കുകയായിരുന്നു. 

 

ആധാറും വോട്ടർകാർഡും പോലെ ലീനച്ചേച്ചിയുടെ ചില അത്യാവശ്യസാധനങ്ങൾ എടുക്കാൻ മറന്നത്  സംഘടിപ്പിച്ചോണ്ടുവരാമെന്ന് മാഷ് ഉറപ്പുകൊടുത്തിരുന്നത്രേ. മാഷിനോട് എനിക്കുള്ള അകൽച്ച മായ്ക്കാൻവേണ്ടിയാണ് ചേട്ടൻ അവസരമുണ്ടാക്കി എന്നെ അവിടേക്കു പറഞ്ഞയക്കുന്നതെന്ന് അപ്പോഴേ മനസ്സിലായി.

 

‘‘അപ്പൂപ്പനുള്ള കാലംമുതൽ ഈ വീട്ടിൽ കയറിയിറങ്ങുന്ന ആളാണ്. ഗുരുത്വദോഷം വരുത്തിവയ്ക്കണ്ട...’’

അടുക്കളച്ചുമരിനെ നോക്കി അമ്മയും പിറുപിറുത്തതോടെ ഞാൻ മാഷിനെ തേടിയിറങ്ങി.

 

‘ഇരിക്ക്, മാഷ് ഇപ്പോ വരും’ എന്ന് മുടമ്പല്ലുള്ള ഒരു സ്ത്രീ കുണുങ്ങിച്ചിരിയോടെ പറഞ്ഞുപോയി അരമണിക്കൂർ കഴിഞ്ഞിട്ടും മാഷ് പ്രത്യക്ഷപ്പെട്ടില്ല. ചാരിയിരിക്കാൻ തോന്നിപ്പിക്കാത്തവിധം കൂറയടിച്ച കസേരവിരിപ്പുകളും പൊടിപിടിച്ച ജനാലത്തിരശ്ശീലകളും വരാന്തയിലേക്കു മടങ്ങാൻ എന്നെ നിർബന്ധിച്ചു. എഴുന്നേറ്റപ്പോൾ കസേരക്കീഴിലെവിടെയോ പൂച്ചക്കരച്ചിൽ. ഉമ്മറപ്പടിയിൽ കോഴിക്കാഷ്ഠം കട്ടപിടിച്ചുകിടന്നു. തൂത്തിട്ടും തുടച്ചിട്ടും ദിവസങ്ങളായെന്ന് ഓർമിപ്പിച്ച് വാതിലിനുതാഴെ ഉറുമ്പിൻ കൂടും ചിലന്തിവലയും. വരാന്തയിൽ വന്നിരുന്നപ്പോഴാണ് അകത്തെ മുറിയിലെ ചുമരിൽ നിന്ന് ഒരു ഫോട്ടോ തോണ്ടിവിളിച്ചത്. പത്രോസ് മാഷിന്റെ അധ്യാപന ജീവിതത്തിനു തിരശ്ശീലയിട്ടുള്ള യാത്രയയപ്പിന്റേതായിരുന്നു അത്. ‘ഇതാ, ജീവിതം ഇഴപൊട്ടി വീണിരിക്കുന്നു’ എന്ന ഭാവത്തോടെ മുൻനിരയിലെ കസേരയിൽ മാഷ് നീണ്ടുനിവർന്നിരിപ്പുണ്ട്. 

ഇപ്പോഴത്തെ പൂതലിച്ച മുഖമല്ല. ഫുട്ബോൾ കളിക്കാരനെപ്പോലെ ഉറച്ച ശരീരം. വരുംകാലജീവിതത്തിന്റെ അനിശ്ചിതത്വത്തിലേക്കു കണ്ണുതുറന്ന് കൈയിൽ വലിയൊരു പൂച്ചെണ്ട്. മുൻനിരയിൽ വലത്തേ അറ്റത്ത്, മുടി പ്രത്യേകരീതിയിൽ പിന്നി മുന്നിലേക്കിട്ട്, ഗോപിപ്പൊട്ടണിഞ്ഞ സ്ത്രീയുടെ മുഖം കാഴ്ചയിലൊട്ടി.

‘‘സംശയിക്കേണ്ട. അതു റബേക്കയാ...,’’ പിന്നിൽ പത്രോസ് മാഷിന്റെ ചിലമ്പിച്ച ഒച്ച, ‘‘ഇത്തിരി വീട്ടുപണിയായിരുന്നു.’’

അപ്പോൾ കുളിച്ചുവേഷം മാറിവന്നതുപോലെ ഉടലിൽ നനവ്. നരച്ചതും നിറംകെട്ടതുമായ മുറിക്കുള്ളിൽ മാഷിന്റെ കുപ്പായവെണ്മ മുഴച്ചുനിന്നു.

 

‘‘നീയെന്താ വന്നകാലിൽ നിന്നേ...ഇരിക്ക്...’’

കസേരയിൽനിന്ന് വാരികകളും പത്രവും കോരിയെടുത്ത് മേശയുടെ കീഴിലേക്കിട്ട് മാഷ് തലയിണയുടെ പൊടിതട്ടി.

‘‘ആകെ കോലം കെട്ടു കിടക്കുവാ... ഇങ്ങനൊന്നുമായിരുന്നില്ല ഈ വീട്... റോസിക്ക് ആവതുള്ളപ്പോ നീയിവിടെ വന്നിട്ടില്ലല്ലോ...,’ ’മാഷ് അകത്തേക്കു വിരൽചൂണ്ടി, ‘‘ദേ. നോക്ക്... കിടക്കുന്ന കിടപ്പുകണ്ടോ... വർഷമെത്രയായീന്നറിയാമോ?’’

 

ഇരുവശങ്ങളിലേക്കും വകഞ്ഞുമാറ്റിയ തിരശ്ശീലയ്ക്കിടയിലൂടെ ഞാൻ നോക്കി. അടർന്നുവീണ ചുള്ളിക്കമ്പുപോലെ ഒരുടൽ കിടക്കയിൽ.  സാന്നിധ്യം അറിയിക്കാനെന്നവണ്ണം അവർ ദുർബലമായൊരു കോട്ടുവാ പുറത്തേക്കെറിഞ്ഞു.

 

‘‘ഇപ്പോൾ മോൻ മസ്കറ്റീന്നു വരുന്നൂന്നറിയുമ്പോഴേ വീടൊക്കെ അടുക്കിപ്പെറുക്കൂ... ജീവിതം തന്നെ കോലം കെട്ടിട്ട് വീട് വൃത്തിയാക്കിവച്ചിട്ടെന്താ... അതുപോട്ടെ... ആനക്കല്ലിലെ വിശേഷം പറഞ്ഞില്ലല്ലോ.’’

 

മാഷ് എന്നെ ബലമായി കസേരയിൽ പിടിച്ചിരുത്തി.

‘‘വല്ലാത്ത ഷോക്കിലാ അവര്. മാത്യൂന്റെ ബന്ധുവൊരുത്തൻ ഷാർജേലൊണ്ട്. അടുത്തമാസം അവൻ അവധിക്കുവരുമ്പോ കല്യാണം നടത്താൻ എല്ലാരുംകൂടെ വെള്ളമനത്തിക്കോണ്ടിരുന്നപ്പഴാ പെണ്ണ് വീടുവിട്ടിങ്ങുപോന്നേ... അതിന്റേതായ പ്രശ്നങ്ങൾ... ഊഹിക്കാമല്ലോ... അമ്മ വീട്ടുകാർക്കു വലിയ കുഴപ്പമില്ല. പക്ഷേ... മാത്യുവിന്റെ ബന്ധുക്കള്... എന്തായാലും കുറച്ചുനാളത്തേക്ക് ആ ഭാഗത്തേക്കൊന്നും പോകേണ്ടെന്ന് ലീനമോളോടും സുഭാഷിനോടും പറയണം. ഇടയ്ക്കു ഞാൻ പോയി വിവങ്ങളറിഞ്ഞോളാം.’’

 

മാഷ് എനിക്കെതിരെ കസേരയിൽ വന്നിരുന്നു.

‘‘വർഷമിത്രയായിട്ടും റോസീടെ അവസ്ഥയുമായിട്ടു പൊരുത്തപ്പെടാൻ എനിക്കു കഴിഞ്ഞിട്ടില്ലെടോ. ഇവളിങ്ങനെ കിടക്കുന്നതു കാണാൻ വയ്യാത്തതുകൊണ്ടാണ് രാവിലെ വീട്ടിൽനിന്നിറങ്ങുന്നത്. ഞാനിവിടിരുന്നാൽ അവളും ഓരോന്നോർത്തു കരയുകയും പറയുകയും ചെയ്യും.’’

 

പത്രോസ് മാഷ് കണ്ണുതുടച്ചു. മാഷിന്റെ ഭാര്യക്കു സുഖമില്ലെന്ന് അറിയാമെന്നല്ലാതെ ഇത്ര മോശമായ അവസ്ഥയിലാണെന്ന് ഞാനറിഞ്ഞിരുന്നില്ല.

‘‘അതുപോട്ടെ, കഴിഞ്ഞദിവസം നീ എന്നോട് എന്തൊക്കെയോ ചോദിച്ചല്ലോ...,’’ മാഷ് മുന്നോട്ടാഞ്ഞിരുന്നു, ‘‘ടൗണിൽ പോയീന്നു പറഞ്ഞതു നേരാ. പക്ഷേ, നീയെങ്ങനറിഞ്ഞു?’’

‘‘ഞാനവിടെയുണ്ടായിരുന്നു. ആ ഫ്രൂട്ട് ജ്യൂസ് കടേല്.’’

‘‘പിന്നെന്താ എന്റടുത്തോട്ടു വരാഞ്ഞത്? നീയറിയില്ലെങ്കിലും നിന്നെ അറിയുന്നവരൊക്കെത്തന്നാരുന്നു കൂടെ.’’

 

‘‘അഡ്വക്കറ്റ് തമ്പാൻ മാത്യുവിനെ അറിയാം. പക്ഷേ, ആ സ്ത്രീ...’’

‘‘അത് പത്തേക്കറിലെ സോജന്റെ അനിയത്തി. ബെറ്റ്സി,’’ എന്റെ മുഖത്തെ അങ്കലാപ്പ് കണ്ട് മാഷ് തോളിലടിച്ചു,‘‘അതേടോ, ആന്റണീടെ അമേരിക്കേലൊള്ള അനിയൻ സോജന്റെ കാര്യംതന്നെയാ പറഞ്ഞത്. സോജന്റെ വീതത്തിനുവേണ്ടി കേസും കോടതീമായിട്ടു കേറിയിറങ്ങുവല്ലിയോ അവര്? അതേക്കുറിച്ചൊന്നും പറഞ്ഞില്ലേ റബേക്ക? ആത്മകഥ തയാറാക്കുമ്പോൾ അവനവനു വേണ്ടതുമാത്രം തിരഞ്ഞെടുത്താൽ മതിയാരിക്കും അല്ലിയോടാ ഉവ്വേ? വന്നേ പറയട്ടെ...’’

 

മാഷ് എഴുന്നേറ്റു വാതിൽ ചാരി വടിയും കുത്തി മുറ്റത്തേക്കിറങ്ങി. കമ്യൂണിസ്റ്റ് പച്ചയും തൊട്ടാവാടിയും നിറഞ്ഞ തൊടിയിൽ കരിയിലക്കിളികൾ കൂട്ടത്തോടെ ചിലച്ചുപാറി.

‘‘പറയുമ്പോ വീതത്തിന്റെ പേരിലുള്ള പ്രശ്നമെന്നു നിസ്സാരമാക്കണ്ട. എത്ര കോടീടെ ഇടപാടാണെന്നു വല്ല ധാരണേമുണ്ടോ? ജോസഫ് പാപ്പനിതെല്ലാം റബേക്കേടെ പേരിൽ ചുമ്മാതങ്ങ് എഴുതിവച്ചെന്ന് സോജനു വിശ്വാസമില്ല.അതുതന്നെയാ കാര്യം.’’

‘‘പിന്നെ?’’

 

‘‘ഭീഷണിപ്പെടുത്തി ഒപ്പിടീച്ചതായിരിക്കുമെന്നാ അവൻ പറേന്നേ. ആന്റണി ആളു ജഗജില്ലിയാരുന്നു. അവനും റബേക്കേംകൂടെ ചേർന്നുനടത്തിയ കളിയാണെന്നാ സോജന്റെ ഊഹം.’’

‘‘ഊഹമല്ലേ? തെളിവൊന്നുമില്ലല്ലോ.’’

‘‘നീ റബേക്കേടെ ആളായി മാറിയെന്നുതോന്നുന്നല്ലോ?’’ പത്രോസ് മാഷ് നെറ്റിചുളിച്ചു,‘‘സോജനെ നീ കണ്ടിട്ടില്ലല്ലോ... അവന്റെ കെട്ടിയോള് കാശും പിടിപാടുമൊക്കെയുള്ള വീട്ടിലെയാ... കേസുകളിച്ചു ശീലോമൊണ്ട്. നീ ഇപ്പോ വിചാരിക്കും ഞാൻ രണ്ടുവള്ളത്തേ കാലുചവിട്ടി നിൽക്കുവാന്ന്... ഒരർഥത്തിൽ നേരുതന്നെയാ... സോജൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. പണ്ട് ആന്റണിയുള്ള കാലത്തും ഇന്നും അതിനു മാറ്റമില്ല. ഇതൊക്കെ മനസ്സിൽ വച്ചോണ്ടാ റബേക്കേടെ ജീവചരിത്രമെഴുതാൻ നിന്നെത്തന്നെ വയ്ക്കാൻ ഞാൻ നിർബന്ധിച്ചത്.’’

 

‘‘മാഷിന് അവരുമായി ബന്ധമുണ്ടെന്ന് ടീച്ചർക്കറിയാമോ?’’

‘‘അറിയാമെന്നു ഭാവിച്ചിട്ടില്ല, ഇതുവരെ. അവരെന്തു കരുതിയാലും കുഴപ്പമില്ല. ഞാനെപ്പഴും സത്യത്തിന്റേം നീതീടേം ഭാഗത്താടോ.’’

‘‘റബേക്കടീച്ചറുടെ ഭാഗത്ത് ഇതുരണ്ടുമില്ലെന്നാണോ?’’

മാഷിന്റെ ചുവടുകൾ ഇടറിയതുപോലെ തോന്നി. അടുത്തുനിന്ന പേരക്കമ്പിൽ പിടിച്ച് അദ്ദേഹം കിതപ്പടക്കി.

 

‘‘റബേക്കേടെ മനസ്സ് ദേ... ഈ കാണുന്ന കാടുപോലെയാ... അതിന്റകത്ത് മൂർഖനാന്നോ മാണിക്യമാന്നോന്ന് പരതിക്കണ്ടുപിടിക്കാൻ എളുപ്പമല്ല. അതുകൊണ്ടാ അവര് ജീവചരിത്രത്തിൽ എന്താ പറയുന്നതെന്നു സോജനൊക്കെ നോക്കിയിരിക്കുന്നത്. അതു വായിക്കാൻ അവർക്കു വലിയ താൽപര്യമുണ്ട്. നിന്നെ പരിചയപ്പെടണമെന്നു പറഞ്ഞ് കുറേത്തവണ എന്നെ വിളിച്ചായിരുന്നു.’’

‘‘ആ അഡ്വക്കേറ്റ് വന്നുകണ്ട് വില പറയുകയും ചെയ്തു.’’

ഞാൻ കയ്പോടെ പറ‍ഞ്ഞു.

 

‘‘അതു ഞാനറിഞ്ഞില്ല. അയാൾ ഏതറ്റംവരെയും പോകാൻ മടിയില്ലാത്തവനാണെന്ന് ഞാനൂഹിച്ചിരുന്നു.’’

‘‘എനിക്കിപ്പഴും മനസ്സിലാകാത്തത്, എന്തിനാണു ടീച്ചർ ജീവചരിത്രമെഴുതുന്നതെന്നാ. അവരുടെ ജീവചരിത്രം വായിക്കാൻ താൽപര്യമുള്ളവരാരാ ഇന്നാട്ടിൽ?’’

‘‘നീയെന്നതാ അവരെപ്പറ്റി മനസ്സിലാക്കിയേ? ഇതു നാട്ടുകാരെ വായിപ്പിക്കാനൊന്നുമല്ലെടാകൂവേ... സോജനെയും കൂട്ടരെയും കളിപ്പിക്കാൻ വേണ്ടി മാത്രമുള്ളതാ?’’

‘‘എന്തിന്?’’

‘‘അവരെ പേടിപ്പിക്കാൻ. അതു പ്രസിദ്ധീകരിക്കാതിരിക്കാൻ അവരെക്കൊണ്ടു വിലപറയിക്കാൻ...’’

‘‘മനസ്സിലായില്ല.’’

 

‘‘സ്വന്തം അപ്പന്റേം അമ്മേടേം ജീവിതം മോശമാക്കാനും തറവാടിന്റെ അടിത്തറ തുരന്ന് ചീഞ്ഞതെല്ലാം പുറത്തുവാരിയിടാനും അന്തസ്സുള്ള ഏതെങ്കിലും മക്കൾ സമ്മതിക്കുമോടാ? സോജനെ കേസിൽനിന്നു പിൻമാറ്റാനുള്ള ഒടുക്കത്തെ തന്ത്രമാ ഇത്. ചിലപ്പോ വക്കീലു പറഞ്ഞുകൊടുത്ത ബുദ്ധിയായിരിക്കും. ഞാൻ പറഞ്ഞില്ലേ, വല്ലാത്തൊരു മനസ്സാ റബേക്കേടേത്. പെണ്ണുവിചാരിച്ചാ ബ്രഹ്മനും തടുക്കാനാവില്ലെന്നു പറയുന്നതു നേരാ.’’

 

‘‘ഈ പെണ്ണിനെ പക്ഷേ, പണ്ട് മാഷ് കേറി പ്രേമിച്ചിരുന്നൂന്നാണല്ലോ അറിവ്.’’

കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു. പത്രോസ് മാഷ് ഒരുനിമിഷം തിരിഞ്ഞുനിന്ന് എന്നെ ചുഴിഞ്ഞുനോക്കി.

‘‘അങ്ങനെ റബേക്ക പറഞ്ഞോ?’’

ഞാൻ തലകുലുക്കി. മാഷ് നീട്ടിയൊന്നുമൂളി. ഒരു പേരയിലനുള്ളി കടിച്ചുതുപ്പി.

 

‘‘എന്നാ തിരിച്ചാ സംഭവിച്ചേ. അവരെന്റെ പിന്നാലെ കൂടിയേക്കുവായിരുന്നു. ആന്റണീടെ കള്ളുകുടീം തോന്നുമ്പോഴുള്ള വരവും എല്ലാം അവരുടെ സ്വൈരം കെടുത്തി. റോസിക്ക് ആവതൊള്ള കാലമാ അന്ന്. റബേക്ക ഇവിടെ വരും. രണ്ടുപേരും ചേർന്ന് ചിലപ്പോ കോഴിക്കറിയൊക്കെ വയ്ക്കും. പക്ഷേ, റബേക്കേടെ പെരുമാറ്റോം അവശ്യത്തിൽ കവിഞ്ഞുള്ള അടുപ്പോമൊക്കെ എനിക്കു വല്ലാതെ തോന്നി. ചിലപ്പോ രാത്രിയായാലും തിരിച്ചുപോകാൻ ഭാവമില്ലാതെ മിണ്ടീം പറഞ്ഞുമിരിക്കും. പിന്നെ ഞാൻ കൊണ്ടാക്കണം. സാധാരണ പെണ്ണുങ്ങൾക്കാ സംശയം തോന്നണ്ടേ... റോസിയൊരു പൊട്ടി... അവൾക്കൊന്നും തോന്നില്ല. 

 

എങ്ങനയാ ഇതൊന്ന് അവസാനിപ്പിക്കുന്നതെന്ന് ആലോചിക്കുമ്പഴാ റോസിക്ക് അസുഖം വന്നേ...കിടപ്പായപ്പോളും ആദ്യമൊക്കെ അവളുടെയടുത്തു റബേക്ക ചുമ്മാതെ വന്നിരിക്കുമാരുന്നു. ഒരുദിവസം റോസി എന്തോ പറഞ്ഞെന്നു തോന്നുന്നു. പിന്നെ വന്നിട്ടില്ല.’’

 

‘‘എന്താരുന്നു പെട്ടെന്ന് അസുഖം വരാൻ?’’

എന്റെ ചോദ്യം ചങ്ങലയിട്ടതുപോലെ മാഷിനെ പിടിച്ചുനിർത്തി. ആദ്യമായി കാണുന്നമട്ടിൽ മാഷ് എന്നെ അടിമുടി നോട്ടംകൊണ്ടുഴിഞ്ഞു. പിന്നെ, ‘ഇന്നാട്ടിൽ അതറിയാൻ ഇനി നീയേ ഉള്ളൂ...’ എന്നു പിറുപിറുത്ത് എന്നെ ഉപേക്ഷിച്ച് നടന്നകന്നു. കഥയുടെ കെട്ടഴിക്കാൻ പഴന്തോട്ടിലെ രമേശൻ ചേട്ടനെ ആശ്രയിക്കാതെ വഴിയില്ലെന്ന് ഞാൻ ഉറപ്പിച്ചു.

 

‘‘കഷ്ടം... നീ എന്തുതരം എഴുത്തുകാരനാടാ? കാലങ്ങളായി വീട്ടിൽ കയറിയിറങ്ങുന്ന ഒരു മനുഷ്യനെപ്പറ്റി, ഇതുവരെ ഒന്നുമറിയില്ലെങ്കിൽ അതിനർഥം നീ എഴുത്തുകാരനെന്നല്ല, ഒരു നല്ല മനുഷ്യൻ പോലുമല്ലെന്നാണ്.’’

 

എന്റെ ചോദ്യത്തെ രമേശൻ ചേട്ടൻ കാറിത്തുപ്പിയാണ് എതിരേറ്റത്.

‘‘എഴുതിത്തെളിയാനാഗ്രഹിക്കുന്നെങ്കിൽ ആദ്യം നീ പഠിക്കേണ്ടത്  പുഞ്ചക്കുറിഞ്ചിയെപ്പറ്റിയാണ്. കാൽക്കീഴിലെ മണ്ണിന്റെ കരുത്തല്ലേടാ മനുഷ്യന്റെ കരുത്ത്? നാടിന്റെ ചരിത്രം, ഐതിഹ്യം, ഇവിടെ ജീവിച്ചിരുന്ന പഴയ മനുഷ്യർ‍... എല്ലാം ഒരെഴുത്തുകാരനെന്നെ നിലയിൽ നീ അറിഞ്ഞേമതിയാകൂ. എഴുത്തുജീവിതത്തിലെ നിന്റെ അക്ഷയപാത്രം അതാവണം. ജീവിതവും ചരിത്രവുമൊക്കെ തുടങ്ങുന്നത് എവിടെയും ഒരുപോലാടാ. പുഞ്ചക്കുറിഞ്ചിയിലെ മനുഷ്യരെപ്പറ്റി എഴുതുകയെന്നു പറഞ്ഞാൽ, അത് ലോകത്തെ ഏതു മനുഷ്യരെപ്പറ്റിയുമാണ്...’’

 

രമേശൻ ചേട്ടന്റെ സ്വരത്തിൽ കുറ്റപ്പെടുത്തലിന്റെ കുത്തലായിരുന്നു ഏറെ. മിണ്ടാതെ കേട്ടിരുന്നുകൊടുത്തപ്പോൾ ശബ്ദം പതിഞ്ഞമട്ടിലായി. പത്രോസ് മാഷിന്റെ കെട്ടിയോളുടെ ദുരന്തം നാടിന്റെ ദുരന്തമായിരുന്നു എന്ന് രമേശ് ചേട്ടൻ വിശദീകരിച്ചു. പുഞ്ചക്കുറിഞ്ചി കിഴക്കേ കവലയിലെ ആര്യ വൈദ്യശാലയിൽനിന്നുറവ പൊട്ടിയതായിരുന്നു അത്. പ്രസവശേഷം തുടങ്ങിയ നടുവേദനയ്ക്ക് ഒറ്റമൂലി തേടിപ്പോയതായിരുന്നു റോസി. 

 

പക്ഷേ, വൈദ്യശാലയിൽനിന്നു ലഭിച്ച അരിഷ്ടം കുടിച്ചതോടെ അവർ അവശയായി. മരുന്നിലെ മായമാണു പ്രശ്നമെന്നു പരാതിപ്പെട്ട പത്രോസ് മാഷിനോട് തന്റെ മരുന്നു കുടിച്ച് ഇന്നുവരെ പുഞ്ചക്കുറിഞ്ചിയിൽ ആരും കിടപ്പായിട്ടില്ലെന്ന് രാമൻ വൈദ്യർ തർക്കിച്ചു. സംശയമുണ്ടെങ്കിൽ ഇപ്പോ കുടിച്ചുകാണിക്കാമെന്നു പറഞ്ഞ്, അരിഷ്ടം വാങ്ങി വൈദ്യർ ഒരു കവിൾ കുടിച്ചു. അതോടെ അങ്ങേരും കിടപ്പിലായി. നാലഞ്ചുവർഷം മുൻപാണു വൈദ്യർ മരിച്ചത്.

 

‘‘എന്നതാ സംഭവമെന്നു മനസ്സിലായോ?’’

രമേശൻ ചേട്ടൻ പുരികം ചുളിച്ചു.

‘‘അരിഷ്ടത്തിൽ വിഷം ചേർത്തിട്ടുണ്ടായിരുന്നു. ആരാന്നു ചോദിക്ക്?’’

‘‘ആര്?’’

‘‘അതറിയില്ല. എല്ലാവർക്കും സംശയം രാമൻവൈദ്യരുടെ അനിയൻ പീതാംബരനെയായിരുന്നു. അയാളും വൈദ്യം പഠിച്ചതാ. കിഴക്കേക്കവലേത്തന്നെ പുതിയൊരു വൈദ്യശാല തുറക്കാനൊരുങ്ങുന്നതിന്റെ പേരിൽ രാമൻവൈദ്യരുമായി കശപിശയുണ്ടായിരുന്നു. പോലീസ് അയാളെ പൊക്കി. കുറേനാൾ കേസും വഴക്കുമൊക്കെയായി നടന്നു. ഒടുവിൽ പീതാംബരൻ ആത്മഹത്യ ചെയ്യുവായിരുന്നു. ചിലപ്പോ കുറ്റബോധംകൊണ്ടായിരിക്കും. നിനക്കറിയാമോ, പുഞ്ചക്കുറിഞ്ചീൽ ആദ്യമായി കറന്റ് കുത്തിച്ചാവുന്നത് അങ്ങേരാ...’’

ചരിത്രബോധത്തെ വൃത്തികെട്ട കുലുങ്ങിച്ചിരികൊണ്ടു പൂരിപ്പിച്ച് രമേശൻ ചേട്ടൻ ചുമരിൽ ചാരിയിരുന്നു.

 

(തുടരും)

 

English Summary: Rabecca E- novel written by Rajeev Sivshankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com