‘കച്ചോടാണിത്, എന്നും ഒരു പോലെയാവില്ല ചിലപ്പോ കാശ് വരും ചിലപ്പോ പോകും’

HIGHLIGHTS
  • പി. രഘുനാഥ് എഴുതുന്ന നോവൽ
  • കിടയ്ക്കാട്ടിലെ പൂളമരങ്ങള്‍ – അധ്യായം 21
Poolamarangal-21-a
വര: അനൂപ്
SHARE

കോംപ്ലിമെന്റ്

ചക്കരയുള്ള ഒരു ലോഡിലാണ് കിടയ്ക്കാട്ടെ കച്ചവടത്തിലെ മാറിയ രീതി തോമുട്ടിയറിയുന്നത്. കച്ചവടത്തിന് കുറേ നാളായി കിടയ്ക്കക്കൊപ്പം മിക്സിയും, ഫാനും കൂളറുമൊക്കെ കയറ്റിക്കൊണ്ടു പോകാറുണ്ടായിരുന്നു. കിടയ്ക്ക ഒരെണ്ണം വിറ്റുപോരുന്ന സമയംകൊണ്ട് മിക്സിയും ഫാനും രണ്ടെണ്ണം കൊടുത്തുപോരാം. അല്പം ഭാഗ്യമുണ്ടായാല്‍ മതി. കൈനിറയെ കാശ് കിട്ടും. മിക്സിയും ഫാനുംകൂടി ഒരു കൂട്ടിപ്പിടുത്തത്തില്‍ ചുരുങ്ങിയത് രണ്ടായിരത്തി നാന്നൂറ് രൂപ പോരും. മിക്സിയും ഫാനുംകൂടി ആകെ വരുന്നത് 1100 രൂപയും. ഒരു ദിവസം ഇതുപോലുള്ള രണ്ടു കച്ചവടം നടന്നാല്‍ രക്ഷപ്പെട്ടു. ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ച് മിക്സിക്കൊപ്പം ഫാനോ കിടക്കയോ കുക്കറോ കൊടുക്കാം. മിക്സിയുടെ എം.ആര്‍.പി. 2400 പറഞ്ഞ് ഇന്‍സ്റ്റാള്‍മെന്‍റില്‍ കൊളുത്തിട്ട് പിടിച്ച് റെഡി ക്യാഷില്‍ ഒരു ഐറ്റം ഫ്രീ എന്നു പറഞ്ഞാല്‍ വീഴാത്ത ചുരുക്കം വീട്ടമ്മമാരേയുള്ളൂ. സോഫക്ക് വില അല്പം കൂടുതലാണ്. സോഫ കൂട്ടിപ്പിടിച്ചാല്‍ രൂപ 3000 വരെ വാങ്ങാം. ഒന്നുരണ്ടിടത്ത് അയ്യായിരം രൂപക്ക് ഒരു സോഫയും, മിക്സിയും ഫാനും കൂടി   ചക്കര കൊടുക്കുന്നത് കണ്ട തോമ തരിച്ചുനിന്നുപോയി. 

ഒരു ലോഡ് ഒരു കച്ചവടക്കാരന്‍ എന്തുചെയ്തു വിജയിപ്പിച്ചു എന്നറിഞ്ഞാല്‍ പിന്നെല്ലാവരും അതിന്‍റെ പുറകെയാകും. കിടയ്ക്കാട്ടെ കിടയ്ക്ക മാത്രം കുത്തിനിറച്ച ടെമ്പോ വാനുകളില്‍ മിക്സിയും ഫാനും കുക്കറും സോഫയും കയറാന്‍ തുടങ്ങി. മെല്ലെമെല്ലെ കയറ്റുന്ന കിടയ്ക്കകളുടെ എണ്ണം കുറഞ്ഞു. കിടയ്ക്കാട് എല്ലാം ഒന്നിച്ചിറക്കുന്ന കമ്പനിക്കാര്‍ കുറവായിരുന്നു. എല്‍ദോയുടെ പക്കല്‍ കിടയ്ക്ക മാത്രം. പൗലോസ്കുട്ടിയുടെ കയ്യില്‍ സോഫ. ജോസ് തോമസിന്‍റെ   പക്കല്‍ ഇലക്ട്രോണിക്സ് ഐറ്റംസ്. 

ഏല്യാസ് അപ്പോഴേക്കും കച്ചവടത്തിനു പോകാതെ സ്വന്തമായി ഒരു കമ്പനിയെടുത്ത് ക്വാളിറ്റിയുള്ള കിടക്കകള്‍ മാത്രം ഇറക്കാന്‍ തുടങ്ങിയിരുന്നു. കിടയ്ക്കാട്ടെ പഞ്ഞികൊണ്ടുള്ള കച്ചവടമൊക്കെ ഏല്യാസ് വിട്ടു. കമ്പനി ക്വാളിറ്റിയിലൊന്നും കാര്യമില്ലെന്ന് ബോധ്യമായപ്പോള്‍ ഏല്യാസ് സാവകാശം കിടയ്ക്കയൊഴികെ സോഫയും മറ്റ് ഐറ്റംസും സ്റ്റോക്ക് ചെയ്തു. എല്‍ദോയുടെ പക്കല്‍ നിന്നും ലോഡ് കയറ്റിയ വണ്ടികള്‍ മിക്സിക്കും മറ്റുമായി തോമസിനരികിലോ പൗലോസുകുട്ടിക്കടുത്തോ ഏല്യാസിനടുത്തോ പോകുമായിരുന്നു.  

ചക്കര മിക്സി കച്ചവടം ക്ലിക്കായ അന്നുരാത്രി തന്നെ എല്‍ദോയോട് പറഞ്ഞു.  

‘‘എല്‍ദോയ്യേ, കച്ചോടം മാറ്റി പിടിക്കാറായിട്ട്ണ്ട്. മിക്സീം ഫാനും കുക്കറും എറക്കിക്കോ. കാശ് ഇപ്പൊ അതിലാണ്.’’

‘‘അപ്പൊ പിന്നെ ഈ കെടയ്ക്കാട്ടെ കിടക്ക ആരു വിക്കുംഡാ..’’

‘‘അത് നോക്കീരുന്നിട്ട് കാര്യംല്ല്യാ.... എടയ്ക്കെടക്ക് പൊട്ടണ ലോഡുകളുടെ നഷ്ടം നികത്തണമെങ്കി മിക്സി വേണ്ടി വരും...’’

‘‘ഉം നോക്കട്ടെ..’’ എല്‍ദോ ഒന്നാലോചിച്ച് അത്രയും പറഞ്ഞു. മിക്സി വരുന്നതിനു മുന്‍പു തന്നെ കിടയ്ക്ക കച്ചവടത്തിന്‍റെ ഒരു താളപ്പിഴ എല്‍ദോ മണത്തിരുന്നു. പണ്ടൊക്കെ ലോഡുകള്‍ പൊട്ടുക എന്നത് അപൂര്‍വ്വമായിരുന്നു. ഇപ്പോഴാകട്ടെ ലോഡ് പോയാല്‍ തിരിച്ചുവരുന്നതുവരെ മനസ്സില്‍ തീയിട്ട് ഇരിക്കേണ്ടിവരും. പലപ്പോഴും പൊട്ടുന്നത് വലിയ രീതിയിലാണ്. ഒരിക്കലും പൊട്ടാത്ത ചക്കരയുടെ ലോഡുപോലും പൊട്ടുന്നു. അവരെ ചീത്ത പറയാനോ വടിവെച്ച് കണക്കെഴുതി കാശുവാങ്ങാനോ പറ്റില്ല. നല്ല കാലത്ത് അവര്‍ ഇഷ്ടംപോലെ ഉണ്ടാക്കിതന്നിട്ടുണ്ട്. 

നഷ്ടംപറ്റി, പടയില്‍ തോറ്റവരെപോലെ വന്നുനില്ക്കുന്ന കച്ചവടക്കാരോട് മുഖം മുറിച്ചു പറയുന്നതിനു പകരം എല്‍ദോ അവരെ വണ്ടിയില്‍ കയറ്റി ബാറിലേക്കു വിടും. രണ്ടുമൂന്നുദിവസത്തെ കച്ചോടം കഴിഞ്ഞ്, ക്ഷീണിച്ച് ഒന്നുമില്ലാതെ വരുന്ന കച്ചവടക്കാര്‍ക്ക് വയറുനിറയെ കുടിക്കാനും കയ്യില്‍നിന്ന്, കിടയ്ക്കയുടെ പൈസയെടുത്ത് വീട്ടിലേയ്ക്ക് വെറും കയ്യോടെ പോകേണ്ടെന്നും പറഞ്ഞ് എന്തെങ്കിലും കൊടുക്കും. അടുത്ത രണ്ടുമൂന്ന് ലോഡുകള്‍ നേരെ വന്നാല്‍ നഷ്ടം നിവരുമെന്ന് എല്‍ദോയെ പോലെ അവര്‍ക്കും അറിയാമായിരുന്നു. 

കിടയ്ക്കാട് മറ്റേത് കമ്പനിയില്‍ നിന്ന് കച്ചവടത്തിനു പോയാലും നഷ്ടക്കച്ചവടത്തിന്‍റെ കണക്കും പറഞ്ഞ് ചെന്നാല്‍ ഈ സ്വീകരണം കിട്ടുമായിരുന്നില്ല. നഷ്ടം തീരുന്നതുവരെ അവിടെ നിന്ന് കച്ചവടത്തിനു പോകേണ്ടിവരും. ഓരോ ലോഡു കഴിയുമ്പോഴും ഒരു നിശ്ചിത തുക നഷ്ടത്തിലേക്കെന്നും പറഞ്ഞ് പിടിക്കുമായിരുന്നു. എല്‍ദോ നഷ്ടക്കച്ചവടത്തിന്‍റെ പേരില്‍ നിര്‍ബന്ധമായി ആരുടെ കയ്യില്‍ നിന്നും പണം പിടിച്ചിരുന്നില്ല. നഷ്ടത്തിലേക്ക് എടുത്തുകൊള്ളാന്‍ പറഞ്ഞ് അപൂര്‍വ്വമായി ആരെങ്കിലും കാശുകൊടുത്താല്‍ എല്‍ദോ അതുവാങ്ങി അവരെയും കൊണ്ട് ബാറിലേക്കു പോകും. അവിടെയിരുന്ന് അതു കുടിച്ചു തീര്‍ക്കും. ലാഭനഷ്ട കണക്കുകള്‍ എല്‍ദോയുടെ കച്ചവട പുസ്തകത്തില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മൂക്കറ്റം കുടിച്ചുനടക്കുന്നവരായിരുന്നെങ്കിലും എല്‍ദോയോട് സ്നേഹമുള്ള വലിയൊരു ടീമുണ്ടായിരുന്നു. കുടിക്കാനായാലും കുടിച്ചു കിടന്നാല്‍ ഏറ്റാനായാലും അവര്‍ എപ്പോഴും എല്‍ദോയ്ക്കൊപ്പം ഉണ്ടാകുമായിരുന്നു. അതുതന്നെയായിരുന്നു എല്‍ദോയുടെ ശക്തിയും. 

അങ്ങനെയുള്ള ആരുംതന്നെ മനഃപൂര്‍വ്വം കച്ചവടത്തില്‍ ഉദാസീനത കാണിച്ചോ മറ്റോ തന്നെ കബളിപ്പിക്കില്ലെന്ന് എല്‍ദോക്ക് ഉറപ്പായിരുന്നു. ഇടയ്ക്കിടെ കച്ചവടം പൊട്ടിവരുന്ന ടീമിനൊപ്പം ഒരുണര്‍വിനും ഉഷാറിനും വേണ്ടി എല്‍ദോ തന്നെ കച്ചവടത്തിനിറങ്ങുമായിരുന്നു. അങ്ങനെയുള്ള സമയത്ത് കച്ചവടം പിഴച്ചിരുന്നില്ല. എന്നാല്‍ പലപ്പോഴും അതെല്ലാം പഴയകഥ എന്നമട്ടില്‍ കച്ചവടം പൊട്ടിക്കൊണ്ടിരുന്നു. ചില ദിവസങ്ങളില്‍ ഒരോര്‍ഡര്‍ പോലും കിട്ടാതെ എല്‍ദോയും കൂട്ടരും അലഞ്ഞുകൊണ്ടേയിരുന്നു. ചില ദിവസം മടുപ്പനുഭവപ്പെട്ട എല്‍ദോ റൂമില്‍ തന്നെ കുത്തിയിരുന്ന് കുടിയും തുടങ്ങി. മിക്കപ്പോഴും കച്ചവടക്കാരേയും കൂടെയിരുത്തി കുടിപ്പിച്ചു. കുടിച്ചുഫിറ്റായാല്‍ പറയും:

‘‘ഇതൊന്നും നോക്കണ്ടടാ മക്കളെ. കച്ചോടാണിത്. എന്നും ഒരു പോലെയാവില്ല. ചിലപ്പോ കാശ് വരും. ചിലപ്പോ കാശു പൂവും.... അതാലോചിച്ച് പേടിച്ച് വിറച്ചിട്ടൊന്നും കാര്യമില്ല....’’

പക്ഷേ പിന്നെ പിന്നെ കച്ചോടത്തില്‍ കാശ് വരുന്നത് ഇല്ലാതായി. പോകുന്നത് തുടര്‍ച്ചയായി. 

പഞ്ഞിപറിക്കുന്നവര്‍ക്കും തുണി തയ്ക്കുന്നവര്‍ക്കും വരെ കൊടുക്കാന്‍ പണമില്ലാതായി. പഞ്ഞിയെടുക്കാന്‍ ചെന്നാല്‍ പൂളയുള്ള വീട്ടുകാര്‍ പഞ്ഞികൊടുക്കില്ലെന്നായി. തമിഴന്മാര്‍ പലിശപണം കിട്ടാതെ വീടിനുമ്മറത്ത് നിന്ന് ബഹളം കൂട്ടി. കടം മേല്‍ക്കുമേല്‍ പെരുകിയപ്പോള്‍ വണ്ടി ഓരോന്നായി വിറ്റു. ഓരോ വണ്ടി വിറ്റ് ഓരോ ഇടപാട് തീര്‍ക്കുമ്പോഴും തകൃതിയായി മദ്യസത്ക്കാരമുണ്ടായി. മദ്യത്തിന് മാത്രം ഒരു കുറവുമുണ്ടായിരുന്നില്ല, അതിനുള്ള പണത്തിനും, കുടിക്കാനുള്ള ആള്‍ക്കാര്‍ക്കും. വിറ്റ് വിറ്റ് അവസാനം കിടക്ക കമ്പനി നിന്നിരുന്ന ഷെഡു മാത്രമായി. എപ്പോഴും പഞ്ഞിപ്പറിച്ചിരുന്ന അവിടെ എല്‍ദോ ഏകനായി, ശാന്തനായി ഇരുന്നു. 

എല്‍ദോയുടെ റോളിംഗ് തെറ്റി തുടങ്ങിയതോടെ, കളിയെല്ലാം കൈവിട്ടതാണെന്ന് ഉപദേശിച്ച് ജോണി മറ്റൊരു കമ്പനിയില്‍ അസിസ്റ്റന്‍റായി ചേര്‍ന്നു. എല്‍ദോക്ക് അത്രയും സമാധാനമായി. എന്നും കാലത്ത് കിടയ്ക്ക കമ്പനിക്കു മുന്നില്‍ കസേരയിട്ടിരിക്കുന്ന എല്‍ദോക്കടുത്തേക്ക് ഏതെങ്കിലും കച്ചവടക്കാര്‍ കച്ചവടം കഴിഞ്ഞ സന്തോഷത്തില്‍ കുപ്പിയുമായെത്തും. അവിടെയിരുന്നിട്ടാണ് പിന്നെ കാര്യങ്ങള്‍ കൊഴുക്കുക. ഒരു ദിവസം ഒപ്പം കുടിച്ചുകൊണ്ടിരിക്കുംനേരം വീണ്ടും ചക്കര ഓര്‍മ്മിപ്പിച്ചു:

‘‘എല്‍ദോയെ, ഇതങ്ങനെ വിട്ടാ പറ്റില്ല. എന്നുംങ്ങനെ കച്ചോടംല്ല്യാണ്ടെ ഇരിക്കാന്‍ പറ്റ്വോ. എല്‍ദോ കുറച്ച് മിക്സി എറക്ക്. ബാക്കി ഒക്കെ നമുക്ക് നോക്കാം. ഈ കെടയ്ക്ക കൊണ്ടോയിട്ട് വായിട്ട് അലച്ച് നടന്നിട്ട് ഒരു കാര്യംല്ല്യാ...’’

‘‘ഞാനും ആലോചിക്കാണ്ടല്ല. പക്ഷേ കാശ് വേണ്ടേ. കിടയ്ക്കക്ക്ള്ള കാശ് തന്നെയില്ല. പിന്ന്യാ മിക്സി...’’

‘‘എല്‍ദോ അത് പേടിക്കണ്ട. പുത്യേ ഒരണ്ണന്‍ വന്നിട്ട്ണ്ട്. എത്ര പൈസ വേണേങ്കി തരും.    ഒന്നു നിന്നുകൊടുത്ത മതി. അതിന്‍റെ മുന്നോടിയായിട്ട് കുറച്ച് കെടയ്ക്ക ഈ ഉമ്മറത്ത് ഇട്. ആള് വരുമ്പൊ ഒന്നു കാണാനായി. പിന്നേള്ള കാര്യം ഞാനേറ്റു...’’

എല്‍ദോ അന്നുവൈകീട്ടുതന്നെ അപ്പുറത്തുള്ള കമ്പനികളില്‍ നിന്ന് കുറച്ച് കിടക്കകള്‍ കടം മേടിച്ച് തന്‍റെ കമ്പനിയില്‍ കൊണ്ടുവന്നിട്ടു. പിറ്റേന്ന് കാലത്ത് കുളിച്ച് കുട്ടപ്പനായി വലിയൊരു കമ്പനി കച്ചവടക്കാരനെപ്പോലെ ഉമ്മറത്തുവന്നു നില്പായി. പറഞ്ഞ സമയത്തുതന്നെ ചക്കര തമിഴനുമായെത്തി. തമിഴന് കാര്യങ്ങളില്‍ ഒരു പന്തിക്കേടും തോന്നിയില്ല. പറഞ്ഞ പണം അണ്ണന്‍ എല്‍ദോക്കു നീട്ടി. അപ്പോള്‍ തന്നെ ഒരു വണ്ടി വിളിച്ച് ചക്കരയേയും കൂട്ടി ബാറിലേക്കു വിട്ടു. നാലെണ്ണം കയറ്റി ഒന്നുഷാറായി അമ്പതുമിക്സിയും ഇരുപത്തഞ്ച് വീതം ഫാനും കുക്കറും വാങ്ങി. എല്‍ദോ ഫാനും മിക്സിയുമായി എത്തുമ്പോഴേക്കും കടംമേടിച്ചെടുത്തുകൊണ്ടുവന്ന കിടയ്ക്കകള്‍ കമ്പനിക്കാര്‍ എടുത്തോണ്ടു പോയിരുന്നു. 

അന്നുമുതല്‍ പേരിനല്പം കിടക്കകളും ബാക്കി മുഴുവന്‍ മിക്സിയും ഫാനും കുക്കറുമായി. സോഫ ഉണ്ടാക്കാനും സാധനങ്ങള്‍ കൊണ്ടുവരാനുമൊക്കെ മെനക്കെടായതുകൊണ്ട് അതു വേണ്ടെന്നു വെച്ചു. എല്‍ദോ മിക്സിയിറക്കി എന്നുകേട്ടപാടെ പിരിഞ്ഞുപോയ കച്ചവടക്കാരെല്ലാം കാറ്റിനേക്കാള്‍ വേഗത്തില്‍ എത്തി. എല്‍ദോ ആവശ്യക്കാര്‍ക്കെല്ലാം സാധനങ്ങള്‍ എടുത്തുകൊടുത്തു. ആദ്യത്തെ ലോഡ് ചക്കരക്കൊപ്പം എല്‍ദോയും പോയി. രണ്ടുദിവസത്തിനുള്ളില്‍ സാധനങ്ങള്‍ ക്ലീന്‍. കുത്തുപൊട്ടി ഡാമേജ് ആയ ബെഡ്ഡുപോലും മിക്സിക്കൊപ്പം കൂട്ടിപ്പിടിച്ച് ഓഫറെന്നും പറഞ്ഞുകൊടുത്തു. തിരിച്ചുവരുമ്പോള്‍ ഇരട്ടിക്കിരട്ടി കാശ്. അതനുസരിച്ച് കുടിക്കുന്ന ബ്രാന്‍ഡുകളും മാറ്റി. വയറുമുട്ടെ കുടിക്കാന്‍ ഒരു ലിമിറ്റുണ്ടല്ലോ. ബ്രാന്‍ഡ് മാറ്റിയാലല്ലേ കയ്യിലുള്ള പണം എളുപ്പത്തില്‍ തീരൂ. 

നഷ്ടപ്പെട്ടതൊക്കെ, അതിനേക്കാള്‍ വേഗത്തില്‍ തന്‍റെ കയ്യില്‍ തിരിച്ചെത്തുന്നത് എല്‍ദോ നോക്കിയിരുന്ന് രസിച്ചു. കുടിക്കുമ്പോഴൊക്കെ എല്‍ദോ പറയും:

‘‘കച്ചോടത്തില് വീഴണതൊക്കെ പതിവാ. വീഴണലേല്ല, വീണിടത്ത്ന്ന് എണീക്കണേല്ലാ മിടുക്ക്. ഇപ്പെന്‍റെ കാര്യം തന്നെ നോക്ക്...‘‘

അഞ്ചെട്ടുമാസത്തോളം മിക്സിയും ഫാനും കൂട്ടിപ്പിടുത്തവുമായി ചക്കരയും മറ്റും നടന്നു. കിടയ്ക്കാട് നിന്ന് കിടയ്ക്കകള്‍ പോകുന്നത് സാവകാശം കുറഞ്ഞു. മിക്ക കച്ചവടക്കാരും മിക്സിയിലേക്ക് കൂടുമാറി. സാവകാശം, കിടയ്ക്കകള്‍ കുറയുന്നതനുസരിച്ച് കിടയ്ക്കാട്ടെ പൂളമരങ്ങള്‍ പൂക്കുന്നതും കുറഞ്ഞു. അതനുസരിച്ച് പഞ്ഞിയും കുറഞ്ഞു. അവസാനം ഒരു ദിനം കിടയ്ക്കാട്ട് ഒരൊറ്റ പൂളയും പൂക്കാതായി. വാസ്തവത്തില്‍, അതൊന്നും തങ്ങളെ ബാധിക്കില്ലെന്നതിനാല്‍ കിടയ്ക്കാടുള്ളവര്‍ക്ക് അതിലൊട്ടും വേവലാതിയും ഇല്ലാതായി. പൂളകള്‍ പൂത്താലെന്ത് പൂത്തില്ലെങ്കിലെന്ത് എന്ന മട്ടിലായി കാര്യങ്ങള്‍...

കിടയ്ക്കാട്ടിലെ ഉള്‍ക്കാട്ടിലേക്ക് കുപ്പിയുമായി കിടയ്ക്കാടപ്പനെ കാണാന്‍ പോകുന്നവരുടെ എണ്ണം കുറഞ്ഞുവന്നു. പകരം കച്ചവടക്കാരില്‍ പലരും കല്ല്ട്ട്മട കോളനി കടന്നുചെന്ന് അവിടുത്തെ മന്ത്രവാദികളുടെ പറ്റുപടിക്കാരായി. എല്‍ദോക്കും കിടയ്ക്കാടപ്പനിലുള്ള വിശ്വാസം കുറഞ്ഞുവന്നിരുന്നു. അതിന് വ്യക്തമായ ഒരു കാരണവുമുണ്ടായി. ഒരിക്കല്‍ ഒന്നും രണ്ടും പറഞ്ഞ് ഏല്യാസും എല്‍ദോയും തമ്മില്‍ വര്‍ത്തമാനമായി. അന്ന് അവസാനമായി എല്‍ദോ ഏല്യാസിനോട് പറഞ്ഞു:

‘‘ഏല്യാസേ, അധികം നെഗളിക്കണ്ട. നമുക്ക് രണ്ടുപേര്‍ക്കും അറിയാം വന്ന വഴികള്. അത് മറന്നോണ്ട് ഇപ്പൊ ഭൂമീല് പൊട്ടിമുളച്ച പോലെ വര്‍ത്തമാനം പറയരുത്....’’

‘‘ഭൂമീല് എപ്പഴേങ്കിലും പൊട്ടിമുളക്കട്ടെ. പക്ഷേ വന്ന വഴീന്ന് എല്‍ദോ പറഞ്ഞതെന്താന്ന് എനിക്ക് മനസ്സിലായില്ല...’’

‘‘ഒരിക്കല്‍ നമ്മള് രണ്ടാളും കെടയ്ക്കാട്ടെ കാട്ടില്‍ നിന്നും പഴം തിന്നോരാണ്. അതിന്‍റെ ഒരനുഗ്രഹത്തിലാ നമ്മളീ കാണണപോല്യായത്..’’

‘‘ആരു കഴിച്ചെന്നാണ്. നീ കഴിച്ചിട്ട്ണ്ടാവും. പക്ഷേ ന്നെ അതില് കൂട്ടണ്ട...’’

‘‘അന്നു നീ അതു കൊണ്ടോയല്ലോ...’’

‘‘കൊണ്ടോയി എന്നത് നേര്. പക്ഷേ എനിക്കെന്തോ കഴിക്കാന്‍ തോന്നിയില്ല. ഞാനീ പള്ളീലും ബൈബിളിലുമൊക്കെ വിശ്വസിക്കണ ഒരു സത്യക്രിസ്ത്യാന്യാണ്. എനിക്ക് ഒരേ ഒരു ദൈവേള്ളൂ. സ്വര്‍ണ്ണംകൊണ്ടുള്ള ആനേ തരാമെന്നു പറഞ്ഞാലും ഞാനത് വിട്ടുള്ള കളീല്ല....’’

‘‘അപ്പൊ ആ പഴം നീയെന്തു ചെയ്തു?’’

‘‘ഞാനത് രണ്ടൂസം കഴിഞ്ഞപ്പൊ രുധിരാഴിയില് കൊണ്ടോയിട്ടു. വിത്തുപോലും ഇല്ല്യാത്ത ഒരു പഴായിരുന്നു അത്...’’

എല്‍ദോ കുറേ നേരം ആലോചിച്ചുനിന്നു. ഇത്രകാലവും ദൈവത്തേക്കാള്‍ മേലെ താന്‍ കരുതിപോന്ന കിടയ്ക്കാടപ്പന് ഒരു ശക്തിയുമില്ലെന്നോ? എല്ലാ ആഴ്ചയും മുറതെറ്റാതെ കുപ്പി കൊണ്ടുപോയി കൊടുക്കുന്നുണ്ട്. ഏല്യാസ് അതൊന്നും ചെയ്യുന്നില്ല. എന്നിട്ടും അവന് പണത്തിനും കച്ചവടത്തിനും കയറ്റമല്ലാതെ ഇറക്കമൊന്നുമില്ല. തന്‍റെ കാര്യമോ? ഏല്യാസ് കുടിക്കില്ല എന്നതു നേരുതന്നെ. അത് എങ്ങനെ കച്ചവടത്തെ ബാധിക്കും. തന്‍റെ കയ്യില്‍ ഏല്യാസിനോളം പണമില്ലെന്നതാണ് സത്യം. അതിലൊന്നും ഒരു ചുക്കും ചുണ്ണാമ്പുമില്ല.   അതല്ല; കിടയ്ക്കാടപ്പന്‍ കളിപ്പിക്കുകയായിരുന്നോ?

‘‘എല്‍ദോ, നീ ചെയ്യണോണ്ടൊന്നും ഒരു കാര്യംല്ല്യ. കുടിയൊക്കെ നിര്‍ത്തി മര്യാദക്ക് കച്ചോടത്തിന് പോകാന്‍ നോക്ക്. എന്നാ തന്നെ കാര്യങ്ങള് ശരിക്കും നടക്കും...’’

‘‘ഏല്യാസേ, ഉപദേശത്തിന് നന്ദി. നെന്‍റേല് ത്തിരി കാശ്ണ്ട്ന്ന് വെച്ചിട്ട് നെന്‍റെ കാല്ക്കലേക്കൊന്നും ഞാന്‍ വന്നിട്ടില്ല. അത്രേം ആവുമ്പോ ഞാന്‍ പറയാം. അന്നുമതി ഉപദേശങ്ങള്......’’

അതില്‍ പിന്നീട് എല്‍ദോയും ഏല്യാസും നേര്‍ക്കുനേരെ നിന്ന് സംസാരിച്ചിട്ടില്ല. കിടയ്ക്കാടപ്പനെ വിട്ട എല്‍ദോ നേരെ കല്ല്ട്ട്മട കോളനിയില്‍ കയറി. അവരാകട്ടെ ഉടുമ്പിനെ പോലെകാത്തിരിക്കുകയായിരുന്നു.  

കച്ചവടക്കാര്‍ മാറിവന്നെങ്കിലും തോമുട്ടി എല്‍ദോയുടെ വണ്ടിയിലെ ഡ്രൈവറായി തുടര്‍ന്നു. ആ വണ്ടിയും എല്‍ദോ വിറ്റുകഴിഞ്ഞപ്പോള്‍ തോമുട്ടി എങ്കക്കാടുള്ള ഒരു വണ്ടിയില്‍ ഡ്രൈവര്‍ കം-ഓര്‍ഡര്‍മാനായി മാറി. ആ കച്ചവടക്കാര്‍ മാറി മാറി കമ്പനികളില്‍ നിന്ന് ലോഡ് എടുത്തുകൊണ്ടിരുന്നു. 

പലപ്പോഴും തോമുട്ടിക്ക് മേട്ടകളോട് എല്‍ദോയുടെ അവിടെ നിന്ന് ലോഡെടുക്കാന്‍ പറയണമെന്നുണ്ടായിരുന്നെങ്കിലും മേട്ടകളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടേണ്ടല്ലോ എന്നു കരുതി മിണ്ടാതിരുന്നു. ഇടയ്ക്കിടെ ബാറില്‍ വെച്ചും മറ്റും കാണുമ്പോള്‍ പാതി ലഹരിയില്‍ നില്ക്കുന്ന എല്‍ദോ തോമുട്ടിയോട് പറയും:

‘‘തോമേ, നീയെന്നുംങ്ങനെ കച്ചോടക്കാരനായി നടക്കാനാ... നിനക്ക് ലോഡൊന്നും കൊണ്ടുപോകണ്ടേ. നീയൊരു മേട്ടയാക്. എത്രകാലായി... നീ കഴിഞ്ഞുവന്ന പിള്ളേരുപോലും മേട്ട ആയേക്ക്ണൂ...’’

‘‘ഇപ്പൊ ങ്ങനെ പോട്ടേന്നേയ്. പറ്റ്യേ ഒരു ടീമിനെ കിട്ടട്ടേ...’’

‘‘ഇതിനിപ്പൊ അങ്ങനെ പറ്റ്യേ ടീമൊന്നും വേണ്ടെടാ. അവനോന്‍റെ ഒരു ധൈര്യാ ഇതൊക്കെ...’’

തോമുട്ടി ഒന്നും മിണ്ടാതെ ആലോചിക്കുന്നതുപോലെ നിന്നു.  

‘‘നീയൊരു ലോഡ് പോ. എന്തൊക്ക്യാ വേണ്ടേന്ന് വെച്ചാ നിനക്ക് ഞാന്‍ തരാം. നഷ്ടം എത്ര വന്നാലും ഞാന്‍ ചോദിക്കില്ല. പോരെ. ഇത്രേം ധൈര്യം തന്നാ പോരേ...’’

‘‘ധൈര്യം ഇല്ല്യാണ്ടല്ലാ എല്‍ദോയ്യേ. എന്തായാലും ഒരു ലോഡ് ഞാന്‍ പൂവും. അത് എല്‍ദോയുടെ കമ്പനീന്ന്ന്നെ ലോഡെടുക്കും. നഷ്ടം ല്ല്യാണ്ടെ വരണോല്ലോ. എല്‍ദോയുടെ ഇപ്പഴത്തെ അവസ്ഥേല്..’’

‘‘ഒരവസ്ഥേംല്ല. നീയ്യ് ലോഡങ്ങട് പോ. ഈ കെടയ്ക്കേം സോഫേം ന്നും വേണ്ടാ. രണ്ടു നല്ല പിള്ളേരെ കേറ്റി കുറച്ച് മിക്സി എടുത്ത് പോ. നല്ല ഏരിയ നോക്കി ഒരു നാലഞ്ചു ലോഡ് കോംപ്ലിമെന്‍റ് കളിക്ക്.... കൈനിറയെ കാശാവില്ലേ...’’

കോംപ്ലിമെന്‍റിന്‍റെ ആച്ചില്‍ തോമുട്ടിയില്‍ കയറി തുടങ്ങിയിട്ട് കാലം ഒത്തിരിയായി. കച്ചോടം നടന്നാല്‍ കോംപ്ലിമെന്‍റ് പോലെ കാശുണ്ടാക്കാന്‍ പറ്റിയ ഒന്ന് ഈ ഭൂമിയിലില്ല. അല്പമൊരു റിസ്ക് പിടിച്ച കളിയാണെങ്കിലും നോക്കീം കണ്ടും നില്ക്കണം. ഒത്താല്‍ ഒത്തതാണ്. ആളും തരോം നോക്കി കളിച്ചാല്‍ മതി. ചക്കര ഗുളികന്‍ തോമസ് ടീമിനെപ്പോലെ മുഴുവന്‍ കോംപ്ലി കളിക്കാഞ്ഞാല്‍ മതി. നഷ്ടമാകും എന്നു തോന്നിയാല്‍, മരുന്നിന് പിടിച്ച് നില്ക്കാന്‍ ഏതെങ്കിലും ചള്ളയില്‍ ഒന്ന്.... ചക്കരേടെ കളി തന്നെക്കൊണ്ടാകില്ല എന്ന് തോമുട്ടിക്കറിയാം. തന്നെക്കൊണ്ടുമാത്രമല്ല, കിടയ്ക്കാടുള്ള ഒറ്റക്കച്ചവടക്കാരെക്കൊണ്ടും ആകില്ല. ആരെയും കിട്ടിയില്ലെങ്കിലും ഒറ്റയ്ക്ക് ഒരോട്ടോ വിളിച്ച് മൂന്നാലു മിക്സിയുമെടുത്ത് അവന്‍ പോകുന്നതു കാണാം. അന്നൊക്കെ ഉച്ചതിരിഞ്ഞ് പോക്കറ്റുനിറയെ നോട്ടുകളുമായി വരുന്നവര്‍ക്കൊക്കെ മദ്യം വാങ്ങിക്കൊടുത്ത് അവന്‍ ബാറില്‍ ഇരിപ്പുണ്ടാകും. ഗുളികനും ഇന്ദ്രനും അതുപോലെതന്നെ. 

അത്യാവശ്യം ഒറ്റയ്ക്കും തെറ്റയ്ക്കും പോയി അവരും കോംപ്ലി കളിച്ചുവരും. അഞ്ചാറ് ലോഡ് തോമുട്ടി ചക്കരയുടെയും ഇന്ദ്രന്‍റെയും കൂടെ ഡ്രൈവറായി കോംപ്ലി കളിക്കാന്‍ പോയിട്ടുണ്ട്. അന്നൊക്കെ കച്ചോടം കഴിഞ്ഞ് തിരിച്ചെത്തുന്നതുവരെ തോമുട്ടിയുടെ ചങ്കിടിക്കുമായിരുന്നു. എന്നാലും മേട്ടകള്‍ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ പറ്റുമോ? അങ്ങനെ ഒരിക്കല്‍ ചക്കരക്കൊപ്പം മിക്സികളുമായി ചെന്നപ്പോഴാണ് കോംപ്ലിമെന്‍റ് എന്തെന്ന് തോമുട്ടി ശരിക്കും അറിഞ്ഞത്.  

ഒരു ഇടത്തരം വീടായിരുന്നു അത്. വീടിന്‍റെ ഉമ്മറത്തുതന്നെ ഒരു മധ്യവയസ്കനും അയാളുടെ ഭാര്യയെന്നു തോന്നിക്കുന്ന ഒരു സ്ത്രീയും നില്പുണ്ടായിരുന്നു. ഇരുനിറത്തില്‍, കഷണ്ടികയറിയതലയും കൊമ്പന്‍ മീശയുമുള്ള അയാള്‍ ഒരു മുറിക്കയ്യന്‍ ബനിയനും കൈലിമുണ്ടുമാണുടുത്തിരുന്നത്. നല്ല ഉറച്ച ശരീരം. കാഴ്ചയില്‍ ഒരു പോലീസുകാരനല്ലാതെ മറ്റാരും തന്നെയല്ല. തോമുട്ടിയുടെ മുട്ടൊന്നിടിച്ചു. വളരെ താഴ്ന്ന സ്വരത്തില്‍ ചക്കരയോട് പറഞ്ഞു:

‘‘ഇത് വേണോ ചക്കരെ. നല്ലൊരു കന്‍ച്ചന്‍ ആണല്ലോ. പിസറ് വന്നാ ഇടിക്ക് നല്ല വാറായിരിക്കും...’’

‘‘നീയൊന്നു പേടിക്കാതെ വാടാ തോമേ. ഇങ്ങനെ ഉള്ളോരെ വീഴ്ത്താനാ സുഖം. നീ നോക്കിക്കോ. കാശെത്രയാ ഇവിടുന്ന് കിട്ടാന്‍ പോണേന്ന്...’’

തോമുട്ടി അന്തോണീസ് പുണ്യാളനെ വിളിച്ചു. മിക്സി കൊണ്ടു ചെന്നാല്‍ പ്ലഗ്ഗില്‍ കുത്തി പ്രവര്‍ത്തിപ്പിക്കേണ്ട ചുമതല മിക്സി ഏറ്റുന്ന ആളുടേതാണ്. സാറെന്നു പറയുന്ന ചക്കര ആ ഭാഗത്തേക്കു നോക്കില്ല. അങ്ങനെ എന്തെങ്കിലും ചെയ്താല്‍ കമ്പനിയുടെ ആളല്ല എന്ന കള്ളി പൊളിഞ്ഞുപോകുമെന്നാണ് ചക്കരയുടെ വിശ്വാസം. പലപ്പോഴും പ്ലഗ്ഗില്‍ കുത്തി സ്വിച്ച് ഓണ്‍ ചെയ്യുന്നതോടെ മിക്സി വല്ലാത്തൊരു ശബ്ദത്തില്‍, ഗ്രൈന്‍ഡര്‍ വര്‍ക്ക് ചെയ്യുന്ന മാതിരി ശബ്ദമുണ്ടാക്കിക്കൊണ്ട് ഒരൊറ്റ സ്റ്റക്കാവലാണ്. പിന്നെന്തു പറഞ്ഞാലും ആ വീട്ടില്‍ കച്ചവടം നടക്കില്ല. അടിയും തൊഴിയും ചീത്തയുമില്ലാതെ ആ വീട്ടില്‍ നിന്നിറങ്ങിയാല്‍ വലിയ ഭാഗ്യമാണ്. 

അങ്ങനെയൊന്നുണ്ടായാല്‍ എളുപ്പത്തിലൊന്നും ഇവിടെ നിന്നും പോരാനാവില്ലെന്ന് തോമുട്ടിക്കുറപ്പായി.  

തോമുട്ടിയുടെ ഊഹം തെറ്റിയില്ല. കടന്നുചെല്ലുമ്പോള്‍ ഉമ്മറത്ത് തന്നെ വരുന്നവര്‍ ആദ്യം കാണണമെന്ന നിര്‍ബന്ധത്തില്‍ യൂണിഫോമും തൊപ്പിയുമിട്ട് സല്യൂട്ട് ചെയ്ത് ഗൃഹനാഥന്‍ നില്പുണ്ടായിരുന്നു. തോമുട്ടി ബനിയനിട്ട് ചിത്രത്തില്‍ നിന്നിറങ്ങി നടക്കുന്ന കഥാനായകനെ ഒന്നു നോക്കി. യൂണിഫോം ഇല്ലാത്തപ്പോഴാണ് അയാളില്‍ കൂടുതല്‍ ഗൗരവമെന്ന് തോന്നിച്ചു.   എതിര്‍വശത്തെ സോഫയില്‍ ഇരിക്കാന്‍ പറഞ്ഞ് അയാളും ഇരുന്നു.  

തോമുട്ടി ചേച്ചിയുടെ മുഖത്തേക്ക് നോക്കി. അവര്‍ക്കെന്തോ ഒരതൃപ്തി ഉള്ളതുപോലെ. കൊണ്ടുവന്ന് ടീപോയില്‍ പരീക്ഷണ വസ്തുവായിരിക്കുന്ന മിക്സിയിലേക്ക് അവരൊന്നു നോക്കുന്നതു പോലുമില്ല.  

‘‘മിക്സി തുറന്ന് വര്‍ക്കീത് കാണിച്ചു കൊടുക്ക്’’

ചക്കര തോമുട്ടിയോട് പറഞ്ഞു. തോമുട്ടി യാന്ത്രികമായി മിക്സി തുറക്കാനായി കൈനീട്ടി. പോലീസുകാരന്‍ ഭാര്യയെ ഒന്നു നോക്കി. എന്താണ് അവരുടെ അതൃപ്തി കാരണമെന്ന് വെളിപ്പെട്ടു.  

‘‘ഇവിടെ ഒരു മിക്സി ഉണ്ടല്ലോ. പിന്നെന്തിനാ ഒന്നുകൂടി’’

‘‘അത് കംപ്ലയിന്‍റായിട്ടിരിക്കുകയല്ലേ. എന്നും നേരെയാക്കാന്‍ നില്ക്കുന്നതിലും നല്ലത് ഒരെണ്ണം പുതിയത് വാങ്ങുകയല്ലേ.’’

‘‘അതിനെന്തോ ചെറിയ കംപ്ലെയിന്‍റേ ഉള്ളൂ. ആ വാഷൊന്നു മാറ്റിയിട്ടാ ശരിയാകും..’’

ഒരു എക്സ്ചേഞ്ച് വകക്കു പറ്റിയ സമയമാണ്. അതാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചക്കര എന്തേ ആ അവസരം പിടിക്കാത്തതെന്ന് തോമുട്ടി അമ്പരന്നു. പുതിയ മിക്സി വേണോ വേണ്ടയോ എന്ന് സംശയിച്ചുനില്ക്കുന്നവര്‍ക്കുള്ളതാണ് എക്സ്ചേഞ്ച് സ്കീം. എക്സ്ചേഞ്ച് മിക്സി ഉണ്ടെന്നറിഞ്ഞാല്‍ എം.ആര്‍.പി. കീറിക്കളഞ്ഞ് മിക്സിക്ക് രണ്ടായിരത്തി അറുന്നൂറ് പറയും. പഴയ മിക്സിക്ക്, കാണാനുള്ള ഭംഗിയും വര്‍ക്കിംഗ് കണ്ടീഷനും നോക്കി എഴുന്നൂറ് മുതല്‍ വിലയിട്ടു തുടങ്ങും. മാക്സിമം ആയിരം രൂപവരെ ഇട്ടുകൊടുക്കും.ബാക്കി 1600 രൂപ റെഡി കാഷ്. മിക്സി കച്ചവടത്തില്‍ ഏറ്റവും സുഗമമായി നടക്കുന്ന കച്ചവടമാണിത്. വാങ്ങുന്നവര്‍ക്കും നഷ്ടമില്ല. 

കച്ചവടക്കാര്‍ക്കാകട്ടെ, എണ്ണൂറ് രൂപയുടെ മിക്സിക്ക് 1600 രൂപയും കിട്ടും, എക്സ്ചേഞ്ച് മിക്സിയും കിട്ടും. കമ്പനിയില്‍ കൊണ്ടുപോയി കൊടുത്താല്‍ പഴയ മിക്സിക്ക് 100 രൂപയാണ്. ചില മിക്സികള്‍ അത്യാവശ്യം നല്ല കണ്ടീഷനാകും. നല്ല കമ്പനിയും. അവ കച്ചവടത്തിന് കയറുന്ന വല്ല വീട്ടിലും മുന്നൂറിനോ നാന്നൂറിനോ കൊടുക്കും. കാശധികമില്ലാത്ത വീട്ടുകാര്‍ക്ക് ഒരു കാര്യമാകട്ടെ എന്നുവെച്ച്. മിക്കവാറും അങ്ങനെ 300 നോ 400 നോ വാങ്ങുന്ന പഴയ മിക്സികള്‍, അതിനു ബദലായി 1600 രൂപയ്ക്ക് കൊടുത്ത മിക്സി കംപ്ലെയിന്‍റായി മാറ്റിയിട്ടാലും, ഒരു കുഴപ്പവുമില്ലാതെ സാമ്പാറിനും അവിയലിനുമൊക്കെയുള്ള നാളികേരം അരച്ചുണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ടാകും. ഇരുവീട്ടുകാരും കച്ചവടക്കാരും പക്ഷേ ഇതൊന്നുമറിയുണ്ടാകില്ല എന്നു മാത്രം.

‘‘നിങ്ങള്‍ടേല് എക്സ്ചേഞ്ച് പരിപാടി ഒന്നുമില്ലേ?’’

‘‘ഹേയ്. അതൊക്കെ ചെറിയ ചില ഇന്‍സ്റ്റാള്‍മെന്‍റുകാര് ആള്‍ക്കാരെ കളിപ്പിക്കാന്‍ ചെയ്യുന്നതല്ലേ. നമ്മുടെ നല്ല സാധനം പോലെ അവക്കൊന്നും അത്ര ക്വാളിറ്റി ഉണ്ടാകാറില്ല’’.

‘‘അത് നേരാ. ഇവിടെ പലേടത്തും അത് പറ്റീട്ട്ണ്ട്. ഇവിടെ പിന്നെ അങ്ങനെയുള്ള കളികളൊന്നും നടക്കില്ല’’

‘‘സാറിനെ കണ്ടാ തന്നെ പറ്റിപ്പുകാര് ഈ വഴിക്ക് വരില്ലല്ലോ’’

തോമുട്ടി ഓഫ് സൈഡിലൂടെ ഒരു ഗോളടിച്ചു. അങ്ങനെയുള്ള ഗോളുകള്‍ തോമുട്ടിക്ക് എപ്പോള്‍ വേണമെങ്കിലും അടിക്കാം. എന്തുമണ്ടത്തരം പറഞ്ഞാലും ചക്കരക്കത് വിഷയമല്ല. എന്തായാലും പോലീസുകാരന് അതിഷ്ടപ്പെട്ടു. അയാള്‍ ഒന്നുനിവര്‍ന്നിരുന്ന് തളര്‍ന്നു കിടന്നിരുന്ന മീശ രോമങ്ങളെ ഒന്നു പിടിച്ചിരുത്തി ഭാര്യയെ നോക്കി.  

‘‘അപ്പൊ പിന്നെ നിങ്ങള്‍ക്കെന്തുവേണം.’’ ചക്കര അവിടെ ആകെയൊന്നു നോക്കി.  

‘‘ഇവിടെ ടീവീണ്ട്, ഫ്രിഡ്ജ്ണ്ട്... വാഷിംഗ് മെഷീന്‍ അകത്ത്ണ്ടാവും ല്ലേ...’’

പോലീസുകാരന്‍ ഒന്നു പരുങ്ങി. ഭാര്യയ്ക്കാകട്ടെ കൗതുകം അടക്കാനായില്ല.

‘‘നിങ്ങള്‍ടേല് ടീവീം ഫ്രിഡ്ജും വാഷിംഗ് മെഷീനുംണ്ടോ..’’

‘‘പിന്നില്ലാതെ... ഈ മിക്സി എന്നു പറയുന്നത് ഇടത്തരം വീടുകള്‍ക്കു വേണ്ടിയല്ലേ. എന്നും ടീവീടെ ഓര്‍ഡര്‍ ചോദിച്ചു നടന്നാല്‍ കിട്ടുമോ. അപ്പൊ പിന്നെ ചെലവുകാശ് ഒപ്പിക്കാനായി എവിടെങ്കിലുമൊക്കെ മിക്സി കൊടുക്കും. വാഷിംഗ് മെഷീനും ഫ്രിഡ്ജുമൊക്കെ ഇത്തിരി ഭേദപ്പെട്ട, വിശ്വാസം തോന്നണ വീടുകളിലേ കൊടുക്കൂ. എന്നായാലും അടച്ചു തീര്‍ക്കേണ്ടതല്ലേ....’’

‘‘ഇവിടെ ഇപ്പോള്‍ വേണ്ടത് ഒരു വാഷിംഗ് മെഷീനാണ്. നിങ്ങള്‍ടേല് ഏതൊക്കെ കമ്പനിയുടെയുണ്ട്?’’  

ചേച്ചി ഏറ്റെടുത്തു. ഇനി കാര്യങ്ങള്‍ എളുപ്പമായി. പക്ഷേ തോമുട്ടിക്ക് അപ്പോഴും ഒന്നും മനസ്സിലായില്ല. മര്യാദക്ക് ഒരു വാഷിംഗ് മെഷീന്‍ കാണുകപോലും ചെയ്യാത്ത ചക്കരയെങ്ങനെ വാഷിംഗ് മെഷീന്‍ വില്ക്കുമെന്നാണ് തോമുട്ടി ആലോചിച്ചത്.

തോമുട്ടി നോക്കിയിരിക്കെ ചക്കര എഴുന്നേറ്റ് നിന്ന് പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നും എന്തോ ഒന്നെടുത്തു.  

‘‘ഇതാണ് കാറ്റലോഗ്. ഏതു മോഡല് ഏതു കളര്‍ വേണമെന്ന് നോക്കിക്കൊള്ളൂ...’’

ചേച്ചി വല്ലാത്തൊരു താല്പര്യത്തോടെ അത് നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ സംശയങ്ങള്‍ വന്നുകൊണ്ടിരുന്നു. ചക്കരയാകട്ടെ ഒരു പതര്‍ച്ചയുമില്ലാതെ ഒരു എക്സ്പര്‍ട്ടിനെപോലെ അവയ്ക്കൊക്കെ സമാധാനവും പറഞ്ഞു. അവസാനം ചേച്ചി, മുന്തിയ ഒന്നുതന്നെ ഓട്ടോമാറ്റിക്, വിത്ത് ഡ്രൈയറുള്ള ഒരു മോഡല്‍ തെരഞ്ഞെടുത്തു. അതും ‘ചോപ്പ് കളര്‍’ വേണമെന്ന് നിര്‍ബന്ധവും. ചക്കര ബില്‍ ബുക്കെടുത്ത് പേരും അഡ്രസ്സും മോഡലും കളറുമൊക്കെ എഴുതി വെച്ചു. അടുത്തപടി എന്തുചെയ്യാന്‍ പോകുന്നു എന്നതേക്കുറിച്ച് തോമുട്ടിക്ക് ഒരു രൂപവുമില്ലായിരുന്നു. സംഗതി തീരെ നിസ്സാരമല്ലെന്ന് അവന് ബോധ്യപ്പെട്ടു എന്നുമാത്രം.

‘‘ചേച്ചി സെലക്ട് ചെയ്ത മോഡലിന് ടോട്ടല്‍ വരുന്നത് പതിനായിരം രൂപയാണ്. അതില്‍ നാലായിരം അഡ്വാന്‍സ് അടക്കണം, വാഷിങ്ങ് മെഷീന്‍ ഇറക്കുന്ന അന്ന്. ബാക്കി ആറായിരം രൂപ അഞ്ഞൂറ് രൂപവെച്ച് പന്ത്രണ്ട് മാസം കൊണ്ട് അടച്ചുതീര്‍ക്കുക. സമ്മതമല്ലേ?

പോലീസുകാരന്‍ അല്പം ആലോചിക്കുന്നതായി കാണപ്പെട്ടു. ചേച്ചിക്കാകട്ടെ ആലോചിക്കാന്‍ ഒന്നുമില്ല. അത്രമാത്രം വാഷിങ്ങ് മെഷീന്‍ തലക്കടിച്ചിട്ടുണ്ട്. പോലീസുകാരന്‍റെ ഗൗരവം കണ്ടപ്പോള്‍ തോമായുടെ ഉള്ളിലെ ഭയത്തിന് കുറവൊന്നുമുണ്ടായില്ല.  

‘‘എന്നാണ് വാഷിംഗ് മെഷീന്‍ കൊണ്ടുവരിക?’’  

ഈ ഒരു ചോദ്യത്തിനാണോ ഇയാള്‍ ഇത്രമാത്രം തലപുകഞ്ഞത്?

‘‘അത് എന്നാണെന്നുവെച്ചാല്‍ കൊണ്ടുവരാം. നാളെയോ മറ്റന്നാളോ. ഇന്ന് ഈ ഭാഗത്തെല്ലാം ഞങ്ങള്‍ ഓര്‍ഡര്‍ എടുക്കും. രണ്ടുമൂന്ന് ഓര്‍ഡര്‍ ഒത്താല്‍ നാളെതന്നെ ഇറക്കും. അല്ലെങ്കില്‍ ചിലപ്പോള്‍ രണ്ടൂസംകൂടി കഴിയും. മിനിമം ഒരു മൂന്നുപീസെങ്കിലും ഉണ്ടെങ്കിലേ കമ്പനിയില്‍ നിന്ന് വണ്ടി ഓടിയാ മൊതലാകൂ...’’

‘‘എങ്കില്‍ ശരി നാളെ കൊണ്ടുവന്നോ. വരുമ്പോ ഒന്നു വിളിച്ചിട്ടു വരണം. കാശ് തരാം. വാഷിങ്ങ് മെഷ്യന്‍ ഇറക്കുമ്പോ ഞാന്‍ കൂടി ഇവിടെ ഉണ്ടാവണം.’’

‘‘എന്നാല്‍ അങ്ങനെ ആയിക്കോട്ടെ..’’ എന്നും പറഞ്ഞ് ചക്കര എഴുന്നേറ്റു. തോമുട്ടിക്ക് ഒന്നും മനസ്സിലായില്ല. പിന്നെന്തിനാണ് താനീ മിക്സി ഏറ്റി കൊണ്ടുവന്ന് ഇത്രനേരം തീ തിന്നത് എന്നവന്‍ ആലോചിച്ചു.  

‘‘അല്ല, ഇത്രേം രൂപക്ക് എടുക്കുന്നതല്ലേ, ഇതിന് ഓഫറും റിഡക്ഷനും ഒന്നുമില്ലേ...’’ സംശയം വന്നത് ചേച്ചിയുടെ വായില്‍ നിന്നാണ്.  

‘‘ഇന്‍സ്റ്റാള്‍മെന്‍റിന് എന്ത് ഓഫറും, റിഡക്ഷനും. ഓഫറിന്‍റെ കാര്യം പറഞ്ഞപ്പോഴാ ഞാനൊരു കാര്യം ഓര്‍ത്തത്. പക്ഷേ ഡേറ്റ് കഴിഞ്ഞുപോയതാണ്. അതാണ് ചെറിയ ഒരു പ്രശ്നം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നല്ല ലാഭം ഉണ്ടായേനേ...’’

‘‘എന്തുലാഭം?’’ പോലീസുകാരന്‍റെ ബുദ്ധി ഉണര്‍ന്നു.

‘‘അല്ല; അതുപറഞ്ഞിട്ടു കാര്യമില്ല. ഡേറ്റ് കഴിഞ്ഞതാണ്. ഇന്നലെ വരെയേ ഉണ്ടായിരുന്നുള്ളൂ.’’

‘‘നിങ്ങളിന്നലെ വരാഞ്ഞത് ഞങ്ങടെ കുറ്റമാണോ? കാര്യം എന്താന്ന് പറയ്’’

‘‘ഇന്നലെ വരെ കമ്പനിയുടെ ഒരു സ്പെഷല്‍ ഓഫര്‍ ഉണ്ടായിരുന്നു. ഓര്‍ഡര്‍ ബുക്കിങ്ങ് കാംപയിന്‍ എന്നാണതിനെ പറയുക. ഞങ്ങള്‍ക്കൊക്കെ ഒരാഴ്ചയ്ക്ക് ഇത്ര ടാര്‍ജറ്റ് തരും. തല പോയാലും ആ ടാര്‍ജറ്റ് എത്തിയേ തീരു. അങ്ങനെയുള്ള സമയത്ത് സ്പെഷലായി ചില ഓഫറുകളുണ്ടാകും. ഓഫറുണ്ടെങ്കി പിന്നെ ടാര്‍ജറ്റ് എത്തണത് ഈസിയാണ്..’’

‘‘നിങ്ങള് കാര്യം എന്താണെന്ന് പറയ്’’

‘‘അതായത്, ഓര്‍ഡര്‍ ബുക്കിംഗ് കാമ്പയിന്‍ എന്നു പറയുന്നത് ഓര്‍ഡര്‍ എടുക്കുന്ന സമയത്തു തന്നെ, കാശുള്ളിടത്തുനിന്ന് അഡ്വാന്‍സ് കൈപ്പറ്റുന്നതാണ്. വെറുതെയല്ല അങ്ങനെ അഡ്വാന്‍സ് കൈപ്പറ്റുന്ന സമയത്ത് കോംപ്ലിമെന്‍റായി ഒരു മിക്സി കൊടുക്കുമായിരുന്നു...’’

‘‘എങ്ങനെ, മനസ്സിലായില്ല...’’ പോലീസുകാരന്‍ ഉത്ക്കണ്ഠാകുലനായി. തോമക്കും പെട്ടെന്ന് കാര്യത്തിന്‍റെ കിടപ്പുവശം മനസ്സിലായില്ല.

‘‘ഇതിപ്പൊ മനസ്സിലാക്കാന്‍ ഒന്നുമില്ല. സാറിപ്പൊ നാളെ ഞാന്‍ വാഷിംഗ്‌ മെഷ്യന്‍ കൊണ്ടുവരുമ്പോ നാലായിരം രൂപ അഡ്വാന്‍സായി തരുമല്ലോ. അപ്പോള്‍ നാളെ ഞങ്ങള്‍ അഡ്വാന്‍സും വാങ്ങി വാഷിങ്ങ് മെഷ്യന്‍ തരും. ബാക്കി അടവ്. ഇന്നലെയായിരുന്നെങ്കില്‍, നാളെ തരാമെന്നു പറയുന്ന അഡ്വാന്‍സ് ഓര്‍ഡര്‍ ബുക്ക് ചെയ്യുന്ന സമയത്തുതന്നെ തരുമ്പോൾ ഫ്രീയായി ഈ മിക്സി കിട്ടുമായിരുന്നു. അതായത് ഒരു വാഷിങ്ങ് മെഷ്യന്‍റെ ഒപ്പം ഒരു മിക്സി ഫ്രീ.’’

‘‘ഓ. മനസ്സിലായി. അത് ഇപ്പൊ ഒരു ദിവസത്തെ കാര്യമല്ലേയുള്ളൂ. നിങ്ങള്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്...’’

‘‘ഞങ്ങടെ പണി പോകണ കാര്യമാണ്.’’

‘‘അതുകള. ഇതിപ്പൊ ആരറിയാനാണ്. നിങ്ങള്‍ ആ ഡേറ്റൊന്നു മാറ്റിയാല്‍ മതിയില്ലേ...’’

‘‘സംഗതി ശരിയാണ്. എന്നാലും..’’

‘‘ഒരെന്നാലും ഇല്ല. എനിക്കീ മിക്സിയങ്ങു പിടിച്ചു. എന്നെന്നും നേരെയാക്കാന്‍ പഴേ മിക്സികൊണ്ടു പോകേണ്ടല്ലോ.’’

‘‘സാറു നിര്‍ബന്ധിക്കുമ്പോ എങ്ങനെയാ വേണ്ടെന്നു വെയ്ക്ക്യാ. ഞങ്ങള്‍ടേല് ആണെങ്കില്‍ മിക്സി ഈ ഒരു പീസേയുള്ളൂ. എന്തായാലും കസ്റ്റമേഴ്സ് ആണല്ലോ വലുത്. ഞാന്‍ ഡേറ്റ് മറിക്കാം. അങ്ങനെയാണെങ്കില്‍ അഡ്വാന്‍സ് ഇപ്പോള്‍ തന്നെ തരേണ്ടി വരും. ഉണ്ടാകില്ലേ?’’

‘‘എത്രേ? നാലായിരം അല്ലേ...’’ അതും പറഞ്ഞ് പോലീസുകാരന്‍ മിക്സി ഒന്നെടുത്തു നോക്കി. കവര്‍ പൊട്ടിച്ച് സ്വമേധയാ പ്ലഗ്ഗില്‍ കുത്തി. സന്ദര്‍ഭത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ടപോലെ മിക്സി നല്ല കുട്ടിയായി, സ്മൂത്തായി വര്‍ക്ക് ചെയ്തു. അപ്പോഴേ തോമുട്ടിയുടെ ശ്വാസം നേരെ വീണുള്ളൂ. അപ്പോഴാണ് മിക്സിയുടെ എം.ആര്‍.പി. പോലീസുകാരന്‍റെ കണ്ണിലെ കരടാകുന്നത്.

‘‘അല്ല; ഇതിന് രണ്ടായിരത്തി അഞ്ഞൂറേ ഉള്ളുവല്ലോ. നാലായിരം തന്നാല്‍ നിങ്ങള്‍ വരുമെന്ന് എന്താണുറപ്പ്?’’

‘‘എങ്കില്‍ സാറ് ഒരു കാര്യം ചെയ്തോ. നാളെ അഡ്വാന്‍സ് തന്നാല്‍ മതി. മിക്സി ഞങ്ങള്‍ കൊണ്ടുപോകാം. കാര്യങ്ങളെല്ലാം നാളത്തെ ഡേറ്റില്‍ തന്നെ ചെയ്യാം. ഞങ്ങള്‍ ചെയ്യുന്നത് ഒരഡ്ജസ്റ്റുമെന്‍റാണ്. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഒരുപോലെയല്ലേ.’’

‘‘താന്‍ വിഷമിക്കാതെടോ. ഞാന്‍ പറഞ്ഞത് കാര്യമല്ലേ.’’

‘‘സാറ് പറഞ്ഞത് കാര്യം തന്നെ. പക്ഷേ സാറൊരു പോലീസുകാരനല്ലേ. കള്ളനേം നല്ലവനേം കണ്ടാല്‍ സാറിന് തിരിച്ചറിയാല്ലോ. ഞങ്ങടെ മൊഖത്ത് നോക്കി സാറിന് ഞങ്ങള്‍ തരികിടകളാണെന്നു തോന്നുന്നുണ്ടോ?

പോലീസുകാരന്‍ ഇരുവരേയും ഒന്നുഴിഞ്ഞുനോക്കി. എങ്ങനെയൊക്കെയാണ് താന്‍ പിടിച്ചുനില്ക്കുന്നതെന്ന് തോമുട്ടിക്ക് സ്വയം ഒരു രൂപവുമില്ലായിരുന്നു.  

‘‘ഉം ശരി. എന്നെ ഇന്നേവരെ ആരും കബളിപ്പിച്ചിട്ടില്ല. കബളിപ്പിച്ചോരെയൊക്കെ കയ്യോടെ പിടികൂടി വേണ്ടതു ചെയ്തിട്ടുണ്ട്. എന്തായാലും ഒരു കാര്യം ചെയ്യാം. ഇപ്പൊ ഒരു മൂവായിരം രൂപ തരാം. ബാക്കി നാളെ വാഷിങ്ങ് മെഷ്യന്‍ ഇറക്കുമ്പോ... സമ്മതമാണെങ്കില്‍ ഇന്നലത്തെ ഡേറ്റില്‍ ബില്ലെഴുതിക്കോ...’’

അല്പമൊരു മടിയുള്ളതുപോലെ കുറച്ചുനേരം അഭിനയിച്ചെങ്കിലും ചക്കര ബില്ലെഴുതി മൂവായിരം രൂപ വാങ്ങി. കാര്യങ്ങള്‍ കൃത്യമായി പുകമറനീക്കി വന്നില്ലെങ്കിലും എണ്ണൂറ് രൂപയുടെ മിക്സിക്ക് മൂവായിരം രൂപ ചക്കര അടിച്ചെടുത്തു എന്ന് തോമുട്ടിക്ക് മനസ്സിലായി.

തുടരും…

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 21

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA