സുഹൃത്തിന്റെ കാമുകിയോട് തോന്നിയ പ്രണയം, എമ്മാകേസിലെ കൊലപാതകങ്ങളുടെ ചുരുൾ അഴിയുന്നു!

HIGHLIGHTS
  • ശ്രീപാർവ്വതി എഴുതുന്ന നോവൽ
  • ഞാൻ എമ്മ ജോൺ – അധ്യായം 29
njan-emma-john-29
വര: ടി.വി. ശ്രീകാന്ത്
SHARE

ആ മൂന്നു പേരുടെ ചിത്രം...

അവർ ഒന്നിച്ചു പഠിച്ചവരാണ്...

ഒരേ സ്‌കൂളിൽ, ഒരേ സമയം, അടുത്ത സുഹൃത്തുക്കൾ.. എന്നിട്ടും ആ കണക്ഷൻ എന്തുകൊണ്ടാണ് എമ്മയ്ക്ക് മനസ്സിലാക്കാനാകാതെ പോയത്?

വിശാഖ് നീലകണ്ഠൻ, ഋഷി ഭാസ്കർ, സിദ്ധാർഥ് ഗുപ്ത.

ഒരേ ഹൃദയവും മൂന്നു ശരീരവും. പക്ഷേ എന്നിട്ടും എന്തുകൊണ്ടാവും ഋഷി ആ കാര്യം എമ്മയിൽ നിന്നു മറച്ചു വച്ചത്? അവർ രണ്ടു പേരും എമ്മയെ ആദ്യമായി കാണുന്നത് വിശാഖ് സംവിധാനം ചെയ്ത ഒരു നാടകത്തിൽ വച്ചാണ്. എമ്മ പറഞ്ഞതനുസരിച്ച് അവളുടെ ഫാൻസ്‌. എന്നാൽ വിശാഖിന്റെ സുഹൃത്തുക്കളായി ആണ് അവരവിടെ എത്തിയതെന്ന് ഋഷി പറഞ്ഞിട്ടേയില്ല. അത് അത്ര വലിയ പ്രാധാന്യമുള്ള ഒരു സംഗതിയല്ല, പക്ഷേ ഒരേ സമയം രണ്ടു പേർക്ക് ഒരു പെൺകുട്ടിയോട് താൽപ്പര്യം തോന്നുക, അതിൽ ഒരാളെ അവൾ തിരികെയും പ്രണയിക്കുക. കൃത്യമായ സമയമെത്തുന്നത് വരെ മറ്റെയാൾ കാത്തിരിക്കുക. അവൾക്ക് വേണ്ടി അയാൾ അടുത്തൊരാളെ, അടുത്ത ചങ്ങാതിയെ കൊലപ്പെടുത്തുക... ഇതെല്ലാം അറിഞ്ഞിട്ടും വിശാഖ് നിശ്ശബ്ദനായിരിക്കുക!

സൗഹൃദത്തേക്കാൾ എന്ത് വലിയ വികാരമാണ് ഇവനൊക്കെ പ്രണയം നൽകിയതെന്ന് അനിൽ മാർക്കോസിന് മനസ്സിലായില്ല. 

അടി കൊണ്ട് അവശനായിരുന്നു വിശാഖ്. ആ ചിത്രം കാണിച്ചപ്പോഴേക്കും അയാൾ തകർന്നു കഴിഞ്ഞിരുന്നു. അതെ സമയത്താണ് എമ്മയുടെ സുഹൃത്ത് മീര വിളിച്ചതും. അവൾക്കൊന്നേ പറയാനുണ്ടായിരുന്നുള്ളൂ,

‘‘സർ എമ്മ എങ്ങോട്ടെന്നില്ലാതെ പോയിട്ടുണ്ട്. ഞങ്ങൾ ചോദിച്ചിട്ട് വിശാഖ് മാഷേ കാണാൻ പോകുന്നു എന്നാണു പറഞ്ഞത്. ഞാൻ കൊണ്ട് പോകാമെന്നു പറഞ്ഞപ്പോൾ വേണ്ടെന്നു പറഞ്ഞു. ഞങ്ങൾക്ക് പേടിയാവുന്നു സർ. ഒന്ന് അന്വേഷിക്കുമോ?’’

സമയം കളയാതെ സൈബർ സെല്ലിൽ എമ്മയുടെ ഫോൺ ട്രെയിസ് ചെയ്തപ്പോൾ അവൾ ഋഷിയുടെ ഫ്‌ളാറ്റിരിക്കുന്ന അതെ ലൊക്കേഷനിൽ. എല്ലാം പരസ്പരം കണക്ട് ചെയ്ത് നോക്കുമ്പോൾ സിദ്ധു എന്ന സിദ്ധാർഥ് ഗുപ്ത ഋഷിയുടെ ഫ്‌ളാറ്റിൽ എമ്മയെ കാത്തിരിക്കുന്നുണ്ടാവും. 

‘‘നീ രക്ഷപ്പെടുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു അല്ലേടാ...’’

അനിൽ മാർക്കോസിന് കയ്യിലെ തരിപ്പ് തീർന്നതേയില്ല. സ്റ്റെയർ കേസ് വഴി ഇറങ്ങിക്കൊണ്ടിരുന്ന സിദ്ധാർഥ് രക്ഷപെടാൻ പല വഴികളിലൂടെ പായാൻ നോക്കിയെങ്കിലും ഒടുവിൽ അനിൽ മാർക്കോസിന്റെ മുന്നിൽ തന്നെ അയാൾ എത്തിപ്പെട്ടു. കിട്ടിയപ്പോൾ തന്നെ അയാൾ തന്റെ ഇതുവരെ അമർത്തി വച്ചിരുന്ന കയ്യുടെ തരിപ്പ് തീർത്തു. മുഖത്ത് തലങ്ങും വിലങ്ങും അമർഷം സഹിക്കാനാകാതെ അനിൽ മാർക്കോസ്, സിദ്ധാർത്ഥിനെ മർദ്ദിച്ചുകൊണ്ടിരുന്നു. ഒടുവിൽ മറ്റു പൊലീസുകാർ പിടിച്ചു മാറ്റി അയാളെ ജീപ്പിലേയ്ക്ക് കയറ്റി. അപ്പോഴും സിദ്ധാർത്ഥിന്റെ മുഖത്ത് നിഗൂഢമായൊരു ചിരിയുണ്ടായിരുന്നു. അത് അനിൽ മാർക്കോസിന്റെ ദേഷ്യത്തെ ആളിക്കത്തിച്ചു. 

‘‘നിനക്ക് ഞാൻ വച്ചിട്ടുണ്ട്. എവിടെയാടാ നീ തോമസ് അലക്സിനെ കൊണ്ട് ഒളിപ്പിച്ചത്? നീ കൊന്നു കളഞ്ഞ ഓരോരുത്തരുടെയും ലിസ്റ്റ് എന്റെ കയ്യിലുണ്ട്. നീ തീർന്നു’’

‘‘സാർ എത്ര ബുദ്ധിമുട്ടിയാലും അവരുടെ ബോഡി കണ്ടെത്താനാവില്ല. അതൊക്കെ നിങ്ങൾക്ക് കണ്ടെത്താനാകാത്ത വിധത്തിലായിക്കഴിഞ്ഞു’’

‘‘നീ തന്നെ കണ്ടെത്തിത്തരുമെടാ നായെ. നിനക്കെന്നെ അറിയാഞ്ഞിട്ടാ... കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങളെന്താണ് എന്ന് നിന്നെ അറിയിച്ചു തരാം’’

‘‘അതൊക്കെ മറ്റൊരു അധ്യായത്തിൽ ചോദിക്കാനുള്ള അവസരം ഞാൻ തരാം സാറേ. ഇപ്പൊ സാറെന്നെ ഒന്നും ചെയ്യാൻ പോണില്ല. എമ്മയ്ക്ക്ഞാൻ വാക്ക് കൊടുത്തതാ തിരിച്ചെത്തുമെന്ന്.’’

‘‘നീ ഒലത്തും. അവളെന്ത് ചെയ്തിട്ടാടാ നീ ആ പെണ്ണിന്റെ പിന്നാലെപോയത്?’’

‘‘അവളാണ് എന്റെ മണികർണിക. അത് കണ്ടെത്തിയ നാൾ മുതൽ അവളാണ് എന്റെ നായിക. മറ്റൊരാളെ എനിക്കവിടെ സങ്കൽപ്പിക്കാൻ കഴിയില്ല സാറേ. ഞാനവളുടെ പിന്നാലെയുണ്ടാവും’’

‘‘അതിന് നീ രക്ഷപെട്ടു പോയിട്ട് വേണ്ടേ...’’

സ്റ്റേഷനിൽ വച്ച് സിദ്ധാർത്ഥിന്റെ ശരീരം മർദ്ദനമേറ്റു വീങ്ങി. എന്നാൽ അയാളപ്പോഴും നിശബ്ദത പാലിച്ചു. അനിൽ മാർക്കോസിന്റെ ചോദ്യങ്ങളെയൊക്കെ ഒരു ചിരിയോടെ മാത്രമയാൾ നേരിട്ടു.

‘‘നാളെ കോടതിയിൽ നിന്ന് റിമാന്റിൽ വാങ്ങി നിന്നെ എന്റെ കയ്യിലേക്ക് തന്നെയല്ലേ കിട്ടാൻ പോകുന്നത്. ഇന്ന് ഒന്നും നീ പറയണ്ട, ഇനിയുള്ള ദിവസങ്ങളിൽ ഞാൻ പറയിപ്പിച്ചോളാം’’

അപ്പോഴും സിദ്ധാർത്ഥ് ചിരിച്ചു. 

..........................

‘‘എമ്മാ... അവൻ നിന്നെ എന്തെങ്കിലും ചെയ്തോ മോളെ... ഞാൻ വൈകിപ്പോയോ?’’

‘‘ഇല്ല മീര,... അയാളെന്നെ ഒന്നും ചെയ്തില്ല. എന്നാലും എന്തിനാണ്... എത്ര തവണ അയാളെന്റെ മുന്നിൽ വന്നിട്ടുണ്ടെന്നോ ഋഷിയോടൊപ്പം. അതൊക്കെയോർക്കുമ്പോൾ പേടിയാണോ സങ്കടമാണോ എന്ന് മനസ്സിലാവുന്നില്ല. എങ്കിലും എന്തിന് ഞാൻ...’’

‘‘ഇനി അയാൾ പുറം ലോകം കാണുമെന്ന് നീ കരുതുന്നുണ്ടോ? അനിൽ സാറിന് അയാളെ കൊല്ലാനുള്ള ദേഷ്യമുണ്ട്. എന്തെങ്കിലും സംഭവിക്കും. നീ പേടിക്കണ്ട.’’

ഉള്ളിലൊരു നെരിപ്പോട് പുകഞ്ഞു. ഹൃദയം കരയുന്നത് പോലെ. എന്തിനാണ് ഇങ്ങനെ തപിക്കുന്നത്? ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ ഞാൻ... എത്ര ബോൾഡായിരുന്നു, ചങ്കൂറ്റമുള്ള ഒരുവൾ. ഒരുപക്ഷേ ആ ഒരു ചങ്കൂറ്റമാണ് ഇപ്പോഴും മരിക്കാതെ തന്നെ പിടിച്ചു നിർത്തിയിരിക്കുന്നത്.

‘‘എനിക്കൊന്ന് വീട്ടിൽ പോണം മരിയാ ... അമ്മയെയും അപ്പനെയും കാണണം. ഇനി കുറച്ചു നാൾ അവരുടെ സ്നേഹം അനുഭവിച്ച്... നിസ്സാര കാര്യങ്ങൾക്കാ അവരോടു പിണങ്ങി പോന്നത്. ഇനിയും വയ്യ, എനിക്കെല്ലാവരെയും കാണണം.’’

ഞാൻ കരഞ്ഞു, അവളുടെ നെഞ്ചിൽ വീണു കിടന്നു പൊട്ടിക്കരഞ്ഞു. മീര ഒന്നും മിണ്ടിയില്ല അവളെന്റെ പുറത്ത് തഴുകിക്കൊണ്ടിരുന്നു.

അനിൽ മാർക്കോസ് പിന്നെ വിളിച്ചതേയില്ല. അയാളുടെ ചോദ്യം ചെയ്യൽ തകർത്തു നടക്കുന്നുണ്ടാവും. സിദ്ധാർഥ് ഗുപ്ത ഇനി ജീവനോടെ പുറത്ത് വരുമോ... പോകുന്നതിനു മുൻപ് അനിൽ മാർക്കോസ് ഒരു കാര്യം പറഞ്ഞു. എനിക്കൊരുപാട് സർപ്രൈസുകൾ ഉണ്ടത്രേ... ഇനിയും അതൊക്കെ ഞാൻ താങ്ങുമോ? എനിക്കറിഞ്ഞൂടാ...

ഇപ്പോൾത്തന്നെ അയാൾക്ക് ആവശ്യത്തിനുള്ളത് അനിൽ മാർക്കോസ് നൽകിയിട്ടുണ്ടാവും, അത്ര വെറുപ്പാണ് അയാൾക്ക് സിദ്ധാർഥിനോട് ...

ഋഷിയോടൊപ്പം എത്രയോ തവണ കണ്ടിരിക്കുന്നു സിദ്ധാർത്ഥിനെ, എന്നാലും ഒരിക്കൽപ്പോലും സിദ്ധു മോശമായി എന്നെ നോക്കിയേ ഇല്ലല്ലോ.. എന്നിട്ടും...

അയാളെന്തിനാണ് എന്റെ ഋഷിയെ...

പിറ്റേന്ന് മീരയ്‌ക്കൊപ്പം കോടതിയിലേക്ക് പോകുമ്പോഴും എന്റെയുള്ളിൽ നിന്ന് ആ ചോദ്യം അടർന്നു പോയില്ല.. 

‘‘മീരാ അയാളെന്തിനാ എന്നാലും എന്നെ...’’

അതൊരു ഉത്തരമില്ലാത്ത ചോദ്യമായി അവൾക്കും തോന്നിയിട്ടുണ്ടാവണം. അവൾ മറുപടിയൊന്നും പറഞ്ഞില്ല. 

എന്റെ ഫോൺ ബെല്ലടിച്ചു. ഇത്തവണ ഋഷിയെ ഓർമ്മിപ്പിക്കുന്ന ആ പാട്ടല്ല... വെറും റിങ് ടോൺ.. എനിക്ക് ആ പാട്ട് അവനിലേക്ക് വീണ്ടും ഓർമ്മകളെ പടർത്താനുള്ള ഒരു വഴി പോലെ തോന്നിയത് കൊണ്ട് മനഃപൂർവ്വം അത്  ഉപേക്ഷിക്കണമെന്ന് തോന്നി. 

അനിൽ മാർക്കോസ് കാളിംഗ്...

‘‘എമ്മാ ജോൺ...’’

‘‘സാർ പറയൂ, അയാളെന്താണ് പറയുന്നത്?’’

‘‘അയാൾ.... അയാൾ...’’

‘‘എന്ത് പറ്റി സാർ?’’

അനിൽ മാർക്കോസിന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു,

‘‘അയാൾ രക്ഷപ്പെട്ടു.’’

‘‘ങേ..’’

‘‘അതെ...കോടതിയിൽ എത്തിക്കും മുൻപ് വണ്ടിയിൽ നിന്ന് അയാൾ അടുത്തിരുന്ന പോലീസുകാരന്റെ കയ്യിൽ നിന്ന് തോക്ക് പിടിച്ചെടുത്ത് രണ്ടു പേരെ വെടി വച്ചു, പിന്നെ.... അയാൾ രക്ഷപ്പെട്ടു എമ്മാ... എനിക്ക്....’’

അനിൽ മാർക്കോസ് കരയുന്നത് പോലെ തോന്നി. എന്റെ ഉള്ളിൽ നിന്ന് എന്തോ ഒരു ശബ്ദമുയർന്നെന്നു തോന്നി. മീര പെട്ടെന്ന് വണ്ടിയുടെ ബ്രെക്ക് പിടിച്ചു. തൊട്ടു പിന്നാലെ കടന്നു പോയ വണ്ടിക്കാരൻ അവളെ ഉറക്കെ ചീത്ത വിളിച്ചു കടന്നു പോയി. അവളെന്നോട് ചോദിച്ചതിനൊന്നും എനിക്ക് മറുപടി പറയാനായില്ല. മീര വണ്ടി അരികിലേയ്ക്കൊതുക്കി.

തോമസ് അലക്സിന്റെ ശരീരം അയാൾ എവിടെ ഉപേക്ഷിച്ചു ?

എന്നെയെന്തിന് അയാൾ മണികർണികയാക്കി?

എന്തുകൊണ്ട് എനിക്ക് വേണ്ടി ഇത്രയധികം അതിക്രമങ്ങൾ?

അജ്ഞാതനായി വന്നയാൾ അതെപ്പോലെ തന്നെ മറഞ്ഞുപോയി. പക്ഷേ അയാൾ പറഞ്ഞിരുന്നു, ചോദ്യങ്ങൾക്കെല്ലാം ഉത്തരവുമായി അയാൾ മടങ്ങിയെത്തുമെന്ന്...

അപ്പോൾ ഇനിയും....

‘‘എമ്മാ, താൻ പേടിക്കണ്ട, അയാളെ ഇനി കിട്ടാൻ അധികം ബുദ്ധിമുട്ടില്ല. സിദ്ധാർത്ഥിനെ ഞാൻ തന്നെ കണ്ടെത്തും, അതെന്റെ വാശിയും ആവശ്യവുമാണ്. ഇനി കയ്യിൽ കിട്ടിയാൽ മറ്റൊന്നുമാലോചിക്കില്ല ഞാൻ. ജോലി പോയാലും സാരമില്ല, എന്റെ ബുള്ളറ്റിൽ ഞാനവനെ തീർത്തിരിക്കും. ഇത് ഞാൻ തനിക്ക് തരുന്ന വാക്കാണ്’’

ഇത്തവണ അനിൽ മാർക്കോസിന്റെ ശബ്ദത്തിന് വല്ലാത്ത വീറുണ്ടായിരുന്നു. 

ഞാനെന്താണ് പറയേണ്ടത്? ഉള്ളിൽ നിന്നും ആവി പൊന്തുന്നു, അത് ശരീരത്തെ നനയ്ക്കുന്നു.

ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത്?

സിദ്ധാർത്ഥ് അന്വേഷിച്ച് വരുമോ? അയാൾക്ക് പിന്നാലെയെത്തുന്ന അനിൽ മാർക്കോസിന്റെ ബുള്ളറ്റിൽ ഉയരുന്ന അയാളുടെ നിലവിളികൾ... പറയാതെ പോകുന്ന ചില രഹസ്യങ്ങൾ...

അറിയില്ല....

അജ്ഞാതമായൊരു ഉൾച്ചൂട് എന്റെ ഹൃദയത്തിൽ പടർന്നു. അതെങ്ങനെ കെടുത്തണമെന്നറിയാതെ ഞാൻ നിസംഗയായി. പിന്നെ ഭയത്തിന്റെ പാമ്പിഴച്ചിലുകൾ 

ഉടലിൽ, 

മുലകളിൽ, 

പെണ്ണത്തത്തിൽ, 

മുടിയിഴകളിൽ... 

പാമ്പിഴയുന്നു...

ഭയത്തിന്റെ പാമ്പ്...

‘‘ഒന്നും സംഭവിക്കില്ല എമ്മാ’’

കാര്യമറിയാതെയാണെങ്കിലും എന്റെ ഭയം കണ്ടിട്ടാവണം മീര പറഞ്ഞു. ഞാൻ അവളുടെ സ്‌കൂട്ടറിൽ നിന്നിറങ്ങി നടന്നു. എവിടേക്കാണ് പോകേണ്ടതെന്ന് എനിക്കറിയില്ല. എത്രയോ കാലങ്ങളായിട്ട് ഞാൻ ഈ വഴി നടക്കുകയായിരുന്നു. ഇപ്പോൾ ഒരു പാട്ടു കേൾക്കാനാവുന്നുണ്ടോ? അത് എന്ത് പാട്ടാണ്? ഒന്നും മനസ്സിലാവുന്നില്ല. ഇത് ഞാനറിയാത്ത ഏതോ കാലമാണ്...

അവിടെ ആരോ നിൽക്കുന്നുണ്ട്, അത് ഋഷിയാണോ? അടുത്തേയ്ക്ക് ചെല്ലുന്തോറും ആ രൂപം സിദ്ധാർത്ഥിന്റെതാകുമോ എന്നെനിക്ക് ഭയം തോന്നി.

എങ്കിലും ഞാൻ നടന്നു.

എല്ലാ കാലങ്ങളും കടന്ന്...

(അവസാനിച്ചു...)

English Summary: ‘Njan Emma John’ e-novel written by Sreeparvathy, Chapter 29

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;