ADVERTISEMENT

ഓണത്തിന്റെ തലേ ദിവസങ്ങളിലൊന്ന് കട നിറയെ ആളുകൾ, ആകെ തിരക്കുപിടിച്ച ഒരു ദിനം. ലക്ഷ്മിയും നാട്ടിലെ കുറച്ചാളുകളും കടയിലേക്ക് കയറിവരുന്നത് കണ്ട് അവളുടെ സഹപ്രവർത്തകർ പരസ്പരം നോക്കി പിറുപിറുത്തു.

വിശ്വനാഥന്റെ ക്യാബിനിലേക്ക് അവള്‍ കയറി, പഞ്ചായത്ത് പ്രസിഡന്റും പ്രമുഖരും അവളുടെ പിന്നാലെ കയറി... പെട്ടെന്ന് മുകളിലത്തെ പടികൾ ചാടിയിറങ്ങി ഒരു സ്ത്രീ താഴെക്ക് വന്നു. കൊച്ചമ്മ.. വാതിൽക്കൽ നിന്ന കാവൽക്കാരൻ ഭീതിയോടെ പറഞ്ഞു. 

 

ജീവനക്കാരെല്ലാം ഭയത്തോടെ അവരെ നോക്കി... തടസ്സം പിടിക്കാൻ വന്ന പഞ്ചായത്ത് പ്രസിഡന്റിനെ തള്ളിമാറ്റി ആ യുവതിയുടെ കൈയ്യിൽ പിടിച്ച് അവർ പുറത്തേക്കിറക്കി... കേട്ടാലറയ്ക്കുന്ന ശാപവാക്കുകൾ അവർ പുലമ്പുന്നുണ്ടായിരുന്നു. റോഡിലേക്ക് അവളെ വലിച്ചിറക്കി.. ജീവനക്കാരോട് അവർ കയർത്തു... വേച്ചു വേച്ച് എഴുന്നേറ്റ് അവൾ റോഡിലേക്കിറങ്ങി. വയറും വീർപ്പിച്ച് വന്നേക്കുവാ എന്തിരവൾ. കാശ് പിടുങ്ങാൻ. തൊലിവെളുപ്പ് കണ്ടാൽ കുറേപ്പേർ കൂടെയുണ്ടാകുമല്ലോ...

 

വയറിനുള്ളിൽ ഒരു പുളയൽ... അവൾ ആർക്കും മുഖം കൊടുക്കാതെ നടന്നു.... പ്രതിഷേധം ചവിട്ടി പ്രകടിപ്പിക്കുകയാവും... അവൾ വയറിനുമുകളിലൂടെ ൈക പിണച്ചുവച്ചു റോഡിലേക്കു നടന്നു. അപ്പോഴും ക്യാബിനുള്ളിൽ ചലനമറ്റ് വിശ്വനാഥൻ ഇരുന്നു.

 

പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ചെറിയ റോഡിലൂടെ കുടുങ്ങികുടുങ്ങിപ്പോകുന്ന ഓട്ടോ.  ആശങ്കയോടെ വിളിച്ചു ചേട്ടാ... കുഞ്ഞ്... ഓട്ടോക്കാരൻ പുച്ഛത്തോടെ തിരിഞ്ഞുനോക്കി... കുഞ്ഞ്.. അവളുടെ... അയാൾ അരോടെന്നില്ലാതെ എന്തെക്കെയോ പിറുപിറുത്തു. ചേട്ടാ.. നിർത്ത്. അവൾ... ഓട്ടോ നിർത്തി... അവൾ ബദ്ധപ്പെട്ട് ഇറങ്ങി. പഴ്സിൽനിന്ന് പത്ത് രൂപ നോട്ട് എടുത്ത് അയാളുടെ കൈയ്യിൽ പിടിപ്പിച്ചശേഷം ഉച്ചവെയിലിലേക്ക് നടന്നു...  ഓട്ടോക്കാരൻ അവളുടെ പോക്ക് നോക്കി അമ്പരന്നു നിന്നു... വിയര്‍ത്ത് കുളിച്ച് അവൾ നടന്നുവരുന്നത് കണ്ട് അമ്മ ഓടിച്ചെന്നു.. ലക്ഷ്മീ... നീയെന്ത് പണിയാ കാണിച്ചേ.. ഓട്ടോ പിടിച്ച് വരായിരുന്നില്ലേ... നിനക്ക്.. ഉച്ചി പഴുത്ത് ഇരിക്കുന്നു... നിന്റെ കാര്യം നോക്കിയില്ലേലും കുട്ടിയെ ഓർക്കേണ്ടേ...

 

ആ വന്നോ പുന്നാരമോള്‍ കേസും കൂട്ടോം കൊണ്ട്... മനുഷ്യന് നാണം കെട്ടിട്ട് പുറത്തേക്ക് ഇറങ്ങാൻ വയ്യ, ഇതിനൊന്നും പേകേണ്ടെന്ന് ഞാൻ അന്നേ പറഞ്ഞതാ, അമ്മയും മോളും അനുഭവിക്ക്. എന്തൊക്കെയോ പിറുപിറുത്ത് അരിശം കൊണ്ട് ഓലമടൽ കുത്തി നിർത്തി വെട്ടിയറയുന്ന ചേച്ചിയെ അവൾ തുറിച്ചുനോക്കി... അമ്മ അവളുടെ കൈപിടിച്ച് അകത്തേക്ക് കൊണ്ടുംപോകും വഴി അവളെ ദേഷ്യത്തോടെ നോക്കി... കയ്യാലപ്പുറത്തുകൂടെ പെണ്ണുങ്ങൾ കാർത്ത്യായനിയെ കൈകാട്ടി വിളിച്ചു. ഓലയും വെട്ടുകത്തിയും ഇട്ട് അവൾ അവിടേക്ക് ചെന്നു.. 

 

കവലയിലെ നരച്ച റോഡിലൂ‌ടെ ഒരു സ്കൂട്ടറെത്തി, ഖദറിട്ട റിപ്പോർട്ടർ കാലുകുത്തിയ ശേഷം തിരക്കി. ട്രംപ്റ്റ് ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന ലക്ഷ്മിയുടെ വീടേതാ.. ആരും പ്രതികരിച്ചില്ല. അയാൾ ഇറങ്ങി ചായക്കടയിലേക്കു കയറി. ഒരു ചായ പറഞ്ഞശേഷം ബഞ്ചിലിരുന്നു. അടുത്തിരുന്ന പ്രായമായ വ്യക്തിയോടു അയാൾ കുശലം പറഞ്ഞു.  എന്താണ് പേര്.. പാപ്പൻ. ഞാൻ കേരള വാർത്ത പത്രത്തിന്റെ റിപ്പോർട്ടറാണ്. 

 

ലക്ഷ്മി എന്ന കുട്ടി വിശ്വംഭരൻ മുതലാളിക്കെതിരെ ഒരു പരാതി കൊടുത്തിട്ടുണ്ട്, ആ കുട്ടിയുടെ പരാതിയിൽപറയുന്ന കാര്യങ്ങളെപ്പറ്റി നാട്ടുകാർക്കെന്താണ് പറയാനുള്ളത്... എന്റെ സാറേ ഇവിടുത്തെ പാർട്ടിക്കാർ പറയുന്നത് ആ കൊച്ച് കാശൊണ്ടാക്കാനാണെന്നാണ്.. എന്നാൽ എന്റെ അഭിപ്രായത്തിൽ അതിന് ചതിവ് പറ്റിയതാണ്... അല്ലെങ്കിൽ ആരേലും ഇങ്ങനെ നാണംകെട്ട് നടക്കുവോ.. പൈസ തരാം മിണ്ടരുതെന്നും പറഞ്ഞ് പലരും ഇവിടെ എത്തിയെന്നും സംസാരമുണ്ട്. പക്ഷേ കൊച്ച് വിട്ടുകൊടുത്തില്ല. മാനത്തിന് വില പറയുകയല്ലേ സാറേ അവര്....

 

കുറച്ച്പേർ ചർച്ചയിൽ പങ്കുചേർന്നു. അതേ.. ഇയാൾ അവരുടെ ബന്ധുക്കാരനാണ് ഇയാൾ, അവരുടെ ഭാഗമേ നിക്കൂ, ഒരു ജോലി കൊടുത്തെന്ന തെറ്റാണ് വിശ്വനാഥൻ സാര്‍ ചെയ്തത് അമ്മയും മകളും അത് മുതലെടുക്കുകയാ... സാർ വീണില്ല... അപ്പോ.. നാറ്റിക്കാനുള്ള ശ്രമമാണ്... വേറെ ആരോ പറ്റിച്ചതാ.. 

 

ദൈവത്തിനുനിരക്കാത്ത് പറയരുതെടാ... പാപ്പൻ പറഞ്ഞു... തന്നെ ഞങ്ങളെടുത്തോളാമെടോ... കശപിശയ്ക്കിടയിൽ നിന്ന് റിപ്പോർട്ടർ വഴുതിമാറി...

 

ക്ഷയിച്ചുപോയ പഴയ തറവാട്, കൊളക്കാട്ടൂരില്ലം. വരാന്തയിൽ മണ്ണെണ്ണ വിളക്കെരിഞ്ഞു. വൈകുന്നേരം മുതൽ ആ വീട് ഇരുട്ടിലാണ്..  ഇടി.. കുടുങ്ങിയപ്പോൾ സരസ്വതി അമ്മ വിളക്ക് അകത്തേക്ക് വലിച്ചുവച്ചു. എന്നിട്ട് വാതിൽക്കൽചെന്ന് അകത്തേക്ക് നോക്കി വിളക്കിന്റെ നാളത്തിനുനേരെ തുറിച്ചുനോക്കി ലക്ഷ്മി കിടക്കുന്നു. അവളുടെ കണ്ണുകളിൽ ജ്വാല പ്രതിഫലിക്കുന്നത് കണ്ട് ആ അമ്മ പിൻവാങ്ങി... വീണ്ടും ഉമ്മറപ്പടിയിലെത്തി പുറത്തേക്ക് നോക്കിയിരുന്നു.

 

പരിസരമെല്ലാം പ്രകാശത്തിൽ കുളിച്ചു നിൽക്കുമ്പോഴും ആ വീട് പാതി ഇരുളിലായിരുന്നു. ഉണർന്നെണീറ്റ അവൾ വാതിൽ തുറക്കാൻ ഭയപ്പെട്ടു. ഇന്നലെവരെ ഒരു ധൈര്യം എല്ലാത്തിനും മുകളിൽ ഉയർന്നു നിന്നിരുന്നു. ഇന്ന് തന്നെ കാത്തിരിക്കുന്നത് എന്തായിരിക്കുമെന്നത് അവള്‍ക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല. ഇന്നലെവരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞത് ആളുകൾ തുറന്നു പറയാൻ തുടങ്ങിയിരിക്കുന്നു. ഗ്രാമത്തിലെ നാൽക്കവലകളിലും കടത്തിണ്ണയിലും ചർ‌ച്ചകൾ നടക്കുകയായിരുന്നു. 

 

വിശ്വനാഥന്റെ വീടിന്റെ പൂമുഖം. പുറത്തുകാത്തുനിന്ന ഒരാൾ‌ അകത്തേക്ക് കയറി ശബ്ദം താഴ്ത്തി ചോദിച്ചു. സാറ്?. അകത്തുണ്ട്. ഇന്നലെ രാത്രി വന്നു കയറിയതാ... നമ്മുടെ പുഷ്പന്റെ വണ്ടിയേൽ. ഒരാള്‍പോലും അറിയരുതെന്നാ പറഞ്ഞേക്കുന്നത്. ഇതുവരെ മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല....ഇനി വല്ല കടുംകൈയ്യും... ഒന്നു പോടോ... ഇപ്പം എന്നെ വിളിച്ചാരുന്നു... 9 മണിക്ക് എംഎൽഎയുടെ വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞിരിക്കുകാ.. 

 

വിശ്വനാഥൻ... തന്റെ മുന്നിലിരിക്കുന്ന ഗ്ളാസിലേക്ക് മദ്യക്കുപ്പി കമഴ്ത്തി. മദ്യം ഗ്ളാസിലേക്ക് വീഴാൻ മടിച്ചപ്പോൾ അയാൾ പല്ലിറുമ്മി... തെറി വാക്ക് പ്രയോഗിച്ചു... സുധാകരൻ അടുത്തുനിന്നു ആശങ്കയോടെ മുഖത്തേക്കു നോക്കി.. പണം കൊടുത്തൊന്ന് ഒതുക്കിയാലോ സാറേ. അങ്ങനെയൊന്നും ഒതുങ്ങുന്ന ഇനമല്ലവൾ. ഇതിലും ഭേദം അന്നു തീരുന്നതായിരുന്നു.. ഒരു മണ്ടത്തരം... ഛെ... ഫോൺ മുഴങ്ങി..

 

സുധാകരൻ അറ്റൻഡ് ചെയ്തു. ഓ ശരി പറയാം. അയാൾ വിശ്വനാഥന്റെ അടുക്കലേക്ക് ഓടിയെത്തി... എംഎൽഎ ഇന്ന് വീട്ടിൽ കാണില്ലെന്ന് മീറ്റിങ് മാറ്റാമെന്ന് പറഞ്ഞു... മ്,... വിശ്വനാഥൻ ഗ്ളാസിലെ മദ്യം വെള്ളമൊഴിക്കാതെ വായിലേക്ക് ഒഴിച്ചു. അയാൾ മുങ്ങിയതാ, പെണ്ണ് കേസല്ലേ നാറുമെന്നറിയാം. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നെനിക്കറിയാം. എഫ്ഐആർ തയാറാക്കിയത് നമ്മുടെ സുരാസുവാണ്. വകുപ്പുകൾ പ്രശ്നമില്ലെന്നാണ് അയാൾ പറയുന്നത്. ഏതായാലും അവളെ ഒന്ന് ഒതുക്കുന്നത് നല്ലതായിരിക്കും സുധാകരൻ വിശ്വനാഥനെ സമാധാനിപ്പിച്ചു. നീ സുരാസുവിനെ വിളിച്ച് എവിടെയാണെന്ന് ചോദിക്ക് എവിടെയാണെങ്കിലും നാളെ രാവിലെ വീട്ടിൽ കാണണമെന്ന് ഞാൻ പറഞ്ഞെന്ന് പറയ്... ശരി മുതലാളി....

 

ജെയിംസ് തന്റെ മദ്യ ഗ്ളാസ് താഴെ വച്ച് ഏവരേയും നോക്കി... എല്ലാവരും കഥ നിർത്തിയതെന്തേ എന്ന ഭാവത്തിൽ നോക്കിയിരിക്കുന്നു. കൊമ്രേഡ്സ് ഞാനിപ്പോ പറഞ്ഞത്...നടന്ന സംഭവങ്ങളാണ്... സെക്യൂരിറ്റി വേലപ്പൻ, കാര്യസ്ഥൻ സുധാകരൻ മുതൽ ലക്ഷ്മിയുടെ അമ്മ സരസ്വതി അമ്മ വരേ പറഞ്ഞ കാര്യങ്ങൾ ഒന്നു പൊലിപ്പിച്ചു പറഞ്ഞിട്ടുണ്ട്. പിന്നെ വർഷമിത്രേയായില്ലേ, എന്തെങ്കിലും മിസ്സായെങ്കിൽ ചോദിക്കണം.  നമ്മുടെ ക്രൈമിന്റെ ഒരു തുടക്കം ഇവിടെയാണ്, പക്ഷേ യഥാര്‍ഥത്തിൽ അതു നടന്നത് ഒരു ന്യൂ ഇയറിന് രണ്ട് ദിവസം മുന്നേയാണ്.

 

English Summary: English Summary: White Trumpet Murder, novel written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com