ADVERTISEMENT

പിന്നേയും പൂക്കുന്ന പൂളമരങ്ങൾ

 

പിറ്റേന്നു കാലത്ത് ഡോക്ടറുടെ മുറിയിലേക്ക് അവന്‍ വിളിക്കപ്പെട്ടു. വെളുത്ത് സുന്ദരനായ ഡോക്ടര്‍ ആകര്‍ഷകമായി വസ്ത്രം ധരിച്ചിരുന്നു. ഡോക്ടറുടെ അടുത്തുനിന്നിരുന്ന നേഴ്സ് ഒരു മാലാഖയെപോലെ തോന്നിച്ചു. അവര്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ തന്നെ സിദ്ദുവിന് ഒരുതരം അപകര്‍ഷതാബോധം തോന്നി. വളരെ പതിഞ്ഞ സ്വരത്തില്‍ വാക്കുകള്‍ ഓരോന്നായി പെറുക്കിയെടുത്ത്, തികച്ചും സാധാരണമായി ഒരു ജലദോഷ പനിയെ കാണുന്ന നിസാരതയില്‍ അയാള്‍ സംസാരിച്ചു. വളരെ തന്മയത്വത്തോടെ, യാതൊരു ഭാവഭേദങ്ങളുമില്ലാതെ ചുരുങ്ങിയ സമയമേ തന്‍റെ പക്കലുള്ളൂ എന്ന ജാഗരൂകത വിദഗ്ദമായി ഇടയ്ക്കിടെ പ്രക്ഷേപിക്കുന്നതിലും ഡോക്ടർ മിടുക്കനായിരുന്നു.

 

‘‘നോക്കൂ മിസ്റ്റര്‍, ഇതിലത്ര ഭയപ്പെടാനൊന്നുമില്ല. ഇത്തരം ബ്ലോക്കുകള്‍ ഇന്ന് എല്ലാവരുടെ ലൈഫിലും സര്‍വ്വസാധാരണമാണ്. ഇത്തരം ബ്ലോക്കുകളിലൂടെ മുന്നറിവ് കിട്ടുന്നത് വല്ലാത്തൊരു ഭാഗ്യമാണ്. അറിയിക്കാന്‍ കാത്തുനില്ക്കാതെ അത് വന്നിരുന്നുവെങ്കിലോ. അങ്ങനെ ആശ്വസിക്കൂ. ഇനി അങ്ങനെ ആശ്വസിക്കാനേ കഴിയൂ..’’

സിദ്ദുവിന്‍റെ പ്രതികരണം നിരീക്ഷിക്കാനായി അയാളല്പം നിര്‍ത്തി. സിദ്ദുവിന് പക്ഷേ ഡോക്ടര്‍ പറഞ്ഞുവരുന്നത് മുഴുവനായി മനസ്സിലാകാന്‍ തുടങ്ങിയിരുന്നില്ല. 

അതുകൊണ്ടുതന്നെ അവനെന്തെങ്കിലും ചോദിച്ചതുമില്ല. 

‘‘.... മരുന്നുകൊണ്ട് പിടിച്ചുനിര്‍ത്തേണ്ട ഒരു ഘട്ടമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇനി എത്രയും പെട്ടെന്ന് ആന്‍ജിയോ പ്ലാസ്റ്റിയാണ്. അത് എപ്പോള്‍ എവിടെ വെച്ച് വേണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്...’’

 

ആന്‍ജിയോ പ്ലാസ്റ്റി. സിദ്ദുവിന്‍റെ ഉള്ളൊന്നു വിറച്ചു. കുറച്ചുനാളായി അച്ഛനില്‍ ഇടയ്ക്കിടെ മിന്നിമറഞ്ഞ ചുമയും പനിയും പതിയിരുന്ന കൊടുങ്കാറ്റിന്‍റെ ഒരു ഊതല്‍ മാത്രമായിരുന്നു. 

‘‘ആന്‍ജിയോ പ്ലാസ്റ്റിയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ലെന്നാണോ? ഒരു മരുന്നും ഫലിക്കില്ലെന്നോ?’’

‘‘സംശയമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും കൊണ്ടുപോകാം. മോഡേണ്‍ സയന്‍സിലെ ലേറ്റസ്റ്റ് ടെക്നോളജിയിലൂടെ ഞാന്‍ കണ്ടെത്തിയ ഈ വെളിപാടല്ലാതെ മറ്റൊന്നും ഒരു ഡോക്ടര്‍ക്കും നിങ്ങള്‍ക്കു തരാനാവില്ല. അതുകൊണ്ടാണ് എവിടെ വേണമെങ്കിലും കൊണ്ടുപോയിക്കൊള്ളാന്‍ ഞാന്‍ പറഞ്ഞത്...’’

 

സിദ്ദുവിന് തലചുറ്റുന്നതുപോലെ തോന്നി. ഇത്രയും കാലം ഭൂമിയളന്നും റോഡളന്നും സത്യസന്ധനായി ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെട്ട ഒരു മനുഷ്യന്‍ നിസഹായനായി, നിരായുധനായി കിടക്കുകയാണ്. ഇതുവരെയുള്ള അയാളുടെ സമ്പാദ്യം പോലും ജീവിതത്തിന്‍റെ ഈ ഒരു സന്ദിഗ്ധ ഘട്ടത്തില്‍ അയാളെ തുണക്കാന്‍ പര്യാപ്തമാകുകയില്ല. 

‘‘ആന്‍ജിയോ പ്ലാസ്റ്റിക്ക് ഏകദേശം എത്രയാകും സര്‍, ചെലവ്..’’

 

‘‘ഇവിടെ ഞാന്‍ ചെയ്യുമ്പോള്‍ അപ് ടൂ ത്രീ ലാക്ക്സ് ആകും. ത്രീലാക്ക്സ് നിങ്ങള്‍ കരുതിയിരിക്കണം. ചില വേരിയേഷന്‍സ് വന്നുകൂടായ്കയില്ല. മറ്റുള്ളിടത്തെ റേറ്റ് എനിക്കറിയില്ല. നിങ്ങള്‍ അന്വേഷിച്ചു നോക്കൂ. ഇവിടെതന്നെ ചെയ്യണമെന്ന് എനിക്കൊരു നിര്‍ബന്ധവുമില്ല...’’

 

ഇല്ല. മൂന്നുലക്ഷം എങ്ങനെ തപ്പിയെടുത്താലും അച്ഛന്‍റെ പക്കല്‍ ഉണ്ടാകില്ല. കൈക്കൂലി വാങ്ങി കുറച്ചൊക്കെ ഒന്നു കണ്ണടച്ചു ജീവിക്കാന്‍ ശീലിച്ചിരുന്നെങ്കില്‍ ഈ ഘട്ടത്തിലെങ്കിലും ഉപയോഗപ്പെടുമായിരുന്നു. കറകളഞ്ഞ അച്ഛന്‍റെ സത്യസന്ധതയ്ക്കും വിശ്വാസത്തിനും ഈ മൂന്നു ലക്ഷത്തിനു പകരം നില്ക്കാനാവില്ല. സിദ്ദു തലയില്‍ കൈ താങ്ങിയിരുന്നു. പരിസരബോധത്തിലേക്ക് കൊണ്ടുവരാനെന്ന പോലെ ഡോക്ടര്‍ പറഞ്ഞു. 

 

‘‘നന്നായി ആലോചിച്ചു തീരുമാനിക്കൂ. എന്തായാലും രണ്ടുമാസത്തിനപ്പുറം പോകരുത്. പരമാവധി കണ്‍ട്രോള്‍ ചെയ്തു ജീവിക്കുക. കുറച്ച് മെഡിസിന്‍സ് ഞാനെഴുതുന്നുണ്ട്. സ്ഥിരമായി കഴിക്കണം. മുടക്കരുത്.’’

 

സിദ്ദു അപ്പോഴും, മറ്റേതോ ഒരു ലോകത്ത് കുടുങ്ങിക്കിടക്കുന്നവനെ പോലെ ആലോചിച്ചിരുന്നു. 

 

‘‘സോറി. ഞാനല്പം തിരക്കിലാണ്. ഇന്നത്തെ ദിനം പേഷ്യന്‍റ്സിന്‍റെ ബന്ധുക്കളോട് ഇത്തരം ബ്രീഫിങ്ങിനായി നീക്കിവെച്ചിട്ടുള്ളതാണ്. ഓരോരുത്തര്‍ക്കും കൃത്യമായ ഷെഡ്യൂള്‍ ഉണ്ട്....’’

 

സിദ്ദു മറുപടിയൊന്നും പറയാതെ എഴുന്നേറ്റു. കോറിഡോറില്‍ നീണ്ടു കിടക്കുന്ന കസേരകള്‍ മുഴുവന്‍ ആള്‍ക്കാരെക്കൊണ്ടു നിറഞ്ഞിരുന്നു. നടന്നുനീങ്ങുംനേരം സിദ്ദു ഓരോരുത്തരേയും നോക്കി. പലരും കുലുക്കമേതുമില്ലാതെ പ്രസന്നത കുറവൊന്നുമില്ലാതെ ഇരിക്കുന്നു. റിസപ്ഷനിലും നല്ല തിരക്ക്. ഹോസ്പിറ്റലിന്‍റെ ഉമ്മറത്ത് മുന്തിയ ഇനം കാറുകള്‍ വരുന്നു, നില്‍ക്കുന്നു, ആള്‍ക്കാര്‍ ഇറങ്ങുന്നു. ആര്‍ക്കും യാതൊരു കുഴപ്പവുമില്ല. നോട്ടുകെട്ടുകളും ബില്ലും പിടിച്ച് അക്ഷമരായി കാഷ് കൗണ്ടറില്‍ ക്യൂ നീണ്ടു കിടക്കുന്നു. കുറച്ചുനേരം നിന്നപ്പോള്‍ ഒരു കാര്യം സിദ്ദു ശ്രദ്ധിച്ചു. ഓട്ടോറിക്ഷയിലോ ബൈക്കിലോ ആരും വരുന്നില്ല. വരുന്നവരെല്ലാം കാറിലാണ്. ഹോസ്പിറ്റലിന്‍റെ വലിയ ഗേറ്റ് ഓട്ടോക്കാര്‍ക്കും ബൈക്കുകാര്‍ക്കും മുന്നില്‍ തുറക്കില്ലെന്നു തോന്നി. അവന്‍ സാവകാശം സി.സി.യു.വിന് പുറത്തിരിക്കുന്ന അമ്മക്കരികിലേക്ക് നടന്നു. 

 

മൂന്നാംദിവസം കാലത്താണ് ഡോക്ടര്‍ ഡിസ്ചാര്‍ജ് ചെയ്തു പോയിക്കൊള്ളാന്‍ പറഞ്ഞത്. ഇരുപത്തിനാലു മണിക്കൂര്‍ സി.സി.യുവില്‍ ഒബ്സര്‍വേഷന്‍ വേണ്ടി വരുമെന്നു പറഞ്ഞെങ്കിലും എന്തുകൊണ്ടോ അതിന്‍റെ ആവശ്യമുണ്ടായില്ല. ബില്ലു കണ്ടപ്പോള്‍ സിദ്ദുവിന് തലകറക്കമുണ്ടായി. മുപ്പത്തി മൂവായിരത്തി അമ്പത് രൂപ. കണക്കുകള്‍ എല്ലാം വ്യക്തമായി എഴുതിയിരിക്കുന്നു. താന്‍ ഡോക്ടറുടെ മുറിയില്‍ കയറിയതിനു പോലും ചാര്‍ജ്ജെടുത്തിരിക്കുന്നു. ഡോക്ടറുടെ വിസിറ്റിംഗ് അവേഴ്സില്‍, നഴ്സിന്‍റെ സുന്ദരമായ ചിരിക്കും, മരുന്നെടുത്തു തരുന്നതിനും ഒക്കെ പണമാണ്, പണം. ബില്ലു നോക്കിയിരിക്കുന്ന സിദ്ദുവിനു നേരെ പതറാതെ നിന്ന അമ്മ നാലു വളയൂരി നീട്ടി. കൈകള്‍ വിറപൂണ്ടിരുന്നെങ്കിലും അവനതു വാങ്ങാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ബില്ലടച്ചു തിരിച്ചുപോരുമ്പോള്‍ പുറകിലിരുന്നു മയങ്ങുന്ന അച്ഛനെ അവനൊന്നു നോക്കി. തികഞ്ഞ നിയന്ത്രണവും അതിനൊത്ത വിശ്രമവുമാണ് ഡോക്ടര്‍ അച്ഛന് ഉപദേശിച്ചിട്ടുള്ളത്. 

സ്ഥാനം തെറ്റിയിരിക്കുന്ന കാറിന്‍റെ മിററില്‍ നോക്കിയപ്പോള്‍ കൃത്യമായി അത് അച്ഛന്‍റെ നെഞ്ചിലേക്ക് തുറന്നിരിക്കുന്നു. ആ നെഞ്ചിനകത്ത് എവിടെയെല്ലാമോ, ഏതെല്ലാം കുഴലുകളില്‍ എന്തൊക്കെയോ തടസ്സമായി നില്ക്കുന്നു. സുഗമമായ ഒരു ജീവിത പ്രവാഹത്തെ തടയാന്‍ പോന്ന ഒന്ന്. കണ്ണാടിയില്‍ കുനിഞ്ഞുനോക്കിയപ്പോള്‍ കാണുന്ന അച്ഛന്‍റെ മുഖം ക്ഷീണവും തളര്‍ച്ചയും കലര്‍ന്ന് വാര്‍ദ്ധക്യത്തിലേക്കു തൊട്ടിരിക്കുന്നു. രണ്ടുദിവസം മുന്‍പ് താന്‍ കണ്ട, അതുവരെ തന്നെ പരിപാലിച്ചുപോന്ന അച്ഛന്‍ തന്നെയോ അതെന്ന് അവന് സംശയം തോന്നി. 

 

സന്ധ്യ സാവകാശം താഴേക്കിറങ്ങി വരികയായിരുന്നു. നഗരത്തില്‍ നിന്നും മെല്ലെ കിടയ്ക്കാടിന്‍റെ വഴികളിലേക്ക് സിദ്ദുവിന് സുപരിചിചമായ വഴികളിലേക്ക് കാറ്, ഹോണടിച്ച് കുതിച്ചെത്തി. പൊടുന്നനെ കനത്തു കെട്ടിക്കിടന്ന ഇരുളിലേക്ക് തുളച്ചിറങ്ങിയ വെട്ടത്തിലൂടെ ആരോ കാറിന് കുറുകെ ചാടിയത് സിദ്ദു കണ്ടു. അവന്‍ ഒന്നാന്തി. കരയാനായി വാ തുറന്നെങ്കിലും ശബ്ദം പുറത്തുവന്നില്ല. ഡ്രൈവര്‍ അതൊന്നും കണ്ടമട്ടില്ല. പുറകിലിരിക്കുന്ന അച്ഛനും അമ്മയും അതു കണ്ടിട്ടില്ല. നീണ്ടു വളഞ്ഞു കിടക്കുന്ന ടാര്‍ റോഡിന്‍റെ ഇരുവശങ്ങളിലും പൂളമരങ്ങള്‍ നിരന്നുനിന്നിരുന്നു. കാറില്‍ നിന്നെത്തിയ വെളിച്ചത്തില്‍ അവയെല്ലാം നഗ്നമാകുന്നതുപോലെ സിദ്ദുവിന് തോന്നി. വെളിച്ചത്തില്‍ അവന്‍ അവയെ സൂക്ഷിച്ചുനോക്കി. അവയൊക്കെ പച്ചപിടിച്ച ഇലകളാട്ടി നില്ക്കുന്നു. 

 

വര്‍ഷങ്ങള്‍ക്കു മുന്‍പ്, കിടയ്ക്കാട് തങ്ങള്‍ ആദ്യംവന്ന ആ രാത്രി സിദ്ദുവിനപ്പോള്‍ ഓര്‍മ്മവന്നു. അന്നുകാറില്‍ നിന്നും പതിച്ച വെളിച്ചത്തില്‍ ആ പൂളമരങ്ങള്‍ പൂത്തുലഞ്ഞ് ചിരിച്ച് നില്ക്കുകയായിരുന്നു. അപ്പോള്‍ വീശിയ കാറ്റില്‍ പൊളിഞ്ഞ പൂളക്കായകളിലെ പഞ്ഞിതുണ്ടുകള്‍ അന്തരീക്ഷത്തില്‍ കറങ്ങിത്തിരിയുന്നുണ്ടായിരുന്നു. ഇന്നുപക്ഷേ ഒരൊറ്റ പൂളപോലും പൂത്തിട്ടില്ല. പൂത്തുവിലസി പൂളക്കായകള്‍ പൊഴിക്കാനുള്ള പ്രകൃതിജന്യമായ സിദ്ധിയൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. സിദ്ദു ഓര്‍ത്തു. കഴിഞ്ഞ രണ്ടു മൂന്നുവര്‍ഷങ്ങളായി കിടയ്ക്കാട്ടെ പൂളമരങ്ങള്‍ പൂത്തുലഞ്ഞിട്ട്. താന്‍ വന്ന കാലത്ത് എല്ലാവര്‍ഷവും എന്നുമെന്നപോലെ കിടയ്ക്കാട് പൂളമരങ്ങള്‍ എന്നും പൂത്തുലഞ്ഞു നിന്നിരുന്നതാണ്. ഒരുകാലത്ത് കിടയ്ക്കാട്ടെ ജനങ്ങള്‍ ഒട്ടുമിക്കവരും ഉപജീവനം നടത്തിയിരുന്നതും ആ പഞ്ഞികള്‍ കൊണ്ടാണ്. പിന്നീടെപ്പോഴോ സാവകാശം അവരൊക്കെ അതില്‍ നിന്നും അകന്നുപോയി. കിടയ്ക്കാട്ടെ നാടന്‍ പഞ്ഞിക്കുപകരം ഫൈബര്‍ ഫോമിന്‍റെ കിടയ്ക്കകളായി. കിടയ്ക്കാട്ടെ പഞ്ഞികള്‍ കിടയ്ക്കാട്ടുകാര്‍ക്കുതന്നെ വേണ്ടാതായി. പിന്നെങ്ങനെ മറ്റുള്ളവര്‍ അതിന് ആവശ്യക്കാരാകും. സാവകാശം കിടയ്ക്കാട്ടെ പൂളമരങ്ങള്‍ക്ക് പൂത്തുലഞ്ഞില്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മനസ്സിലായിരിക്കണം. അവ പൂക്കാതെയായി. പഞ്ഞികള്‍ പൊളിച്ചുതിര്‍ക്കാതെയായി. കിടയ്ക്കാട്ടുകാര്‍ അപ്പോഴേക്കും ഏറെ മാറിക്കഴിഞ്ഞിരുന്നു. ആലോചിക്കുന്തോറും സിദ്ദുവിന് വല്ലാത്തൊരു ഗദ്ഗദം തന്നെ പൊതിയുന്നതായി തോന്നി. 

ചുറ്റുമുള്ള ഇരുളില്‍ ആരുടെയൊക്കെയോ അടക്കിപിടിച്ച തേങ്ങലുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവന്‍ അറിഞ്ഞു.

വീട്ടില്‍ എത്തിയപ്പോള്‍ ഇരുട്ടിയിരുന്നു. ഉമ്മറത്തെ കസേരയില്‍ മുത്തശ്ശന്‍ കാത്തിരിക്കുന്നു. കാറുകാരന് കാശുകൊടുത്ത് തിരിയുംനേരം സിദ്ദു വിസ്മയകരമായ ഒരു കാഴ്ച കണ്ടു. കാറിന്‍റെ ബോണറ്റില്‍ അപ്പോള്‍ പൊട്ടിവീണതുപോലെ ഒരു പഞ്ഞി. എവിടെ നിന്നാണിത് വന്നതെന്നതറിയാന്‍ അവന്‍ മുകളിലേക്കു നോക്കി. അപ്പോള്‍, മുകളിലെ ഇരുളില്‍ നിന്ന് ഒന്നിനു പിറകെ ഒന്നായി ഉമ്മറത്തെ വെളിച്ചത്തിലേക്ക് പഞ്ഞികള്‍ ഉതിര്‍ന്നുകൊണ്ടിരുന്നു. അവന്‍ ആനന്ദത്തോടെ അതുനോക്കിനിന്നു. മുകളില്‍ നിന്ന് വന്ന പഞ്ഞികള്‍ അവനു ചുറ്റും കറങ്ങി തിരിഞ്ഞുകൊണ്ടിരുന്നു. അവ തന്നെ ചുറ്റി നൃത്തം വെക്കുകയാണെന്ന് അവനു തോന്നി. 

 

ഉമ്മറത്ത് കാറുവന്നു നില്ക്കുന്ന ശബ്ദവും വര്‍ത്തമാനവും കേട്ട് അന്നമ്മചേടത്തിയും പൊറിഞ്ചുവേട്ടനും അവിടേക്കു വന്നു. പൊറിഞ്ചുവേട്ടനു മുന്‍പേ അന്നമ്മച്ചേടത്തി, സിദ്ദുവിനെ ചുറ്റിനില്ക്കുന്ന പഞ്ഞികള്‍ കണ്ടു. അവര്‍ക്കും ആശ്ചര്യം അടക്കാനായില്ല.

 

‘‘നോക്ക്യേ, ഇതു നല്ല കഥ. എന്താദ്... ഇപ്രാവശ്യം കെടയ്ക്കാട്ടെ പൂളോളെല്ലാം പൂക്കുംന്നാ തോന്നണത്..’’

മറ്റെല്ലാം മറന്ന് പൊറിഞ്ചുവും അതുതന്നെ നോക്കി നിന്നു. അതില്‍ കൗതുകമൊന്നും തോന്നാത്തതിനാല്‍ അമ്മയും അച്ഛനും മുത്തശ്ശനും അകത്തേക്കു നടന്നു. 

പഞ്ഞിനൃത്തത്തില്‍ നിന്നും പുറത്തുകടന്ന സിദ്ദു അന്നമ്മ ചേടത്തിയോട് ചോദിച്ചു.

‘‘തോമുട്ട്യെവിട്യാ..?’’

‘‘അവന്‍ മോന്തിക്ക് പോയതാ. ആ എല്‍ദോ ആശുപത്രീലാത്രെ’’

‘‘എല്‍ദോയ്ക്കെന്താ പറ്റീത്..’’

‘‘അത്പ്പൊ എന്തുപറ്റാനാ. കുടിച്ചുകുടിച്ച് ഉള്ളിലുള്ളതൊക്കെ പോയീത്രെ. ഇപ്രാവശ്യം ജീവനോടെത്തന്നെ ആശുപത്രീന്ന് വന്നാ ഭാഗ്യംന്ന് കൂട്ട്യാമതി..’’

 

അത് പറഞ്ഞത് പൊറിഞ്ചുവേട്ടനോ അന്നമ്മ ചേടത്തിയോ എന്ന് സിദ്ദുവിന് മനസ്സിലായില്ല. അവന്‍ കനത്ത ചിന്താഭാരത്തിലകപ്പെട്ടു കഴിഞ്ഞിരുന്നു അപ്പോഴേക്കും.

രാത്രി, എല്ലാവരും ഉറങ്ങിക്കഴിഞ്ഞിട്ടും സിദ്ദുവിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവന്‍ തന്‍റെ മുറിയില്‍ പലതരം ചിന്തകളുടെ ഓളങ്ങള്‍ക്കുമീതെ കയറിയിറങ്ങിക്കൊണ്ടിരുന്നു. രാവ് പുലരാറായപ്പോള്‍, ജനാലയ്ക്കല്‍ നിന്ന് പുറത്തേക്ക് നോക്കിക്കൊണ്ടിരുന്ന അവന്‍, തൊടിയിലെ വാഴകള്‍ക്കിടയിലൂടെ ഒരു നിഴല്‍ നീങ്ങിപോകുന്നതു കണ്ടു. അവന്‍ സൂക്ഷിച്ചുനോക്കി. അവനുറപ്പായിരുന്നു അതു തന്‍റെ തോന്നലായിരുന്നില്ല എന്ന്. ആ രൂപം സാവധാനം നടന്ന് അകലെ പൂളമരങ്ങള്‍ക്കിടയിലൂടെ നടന്നുനീങ്ങുന്നത് അവന്‍ നോക്കി നിന്നു. പണ്ടൊരിയ്ക്കല്‍ കിടയ്ക്കാട് വന്ന ആദ്യത്തെ ദിനം, ആദ്യത്തെ രാത്രിതന്നെ ഒരു രൂപം തൊടിയിലൂടെ നടന്നുനീങ്ങിയത് അവന്‍ കണ്ടിരുന്നു. അന്നാ രൂപം നോക്കി അവന്‍ ഭയന്നുനിന്നതാണ്. ഉറക്കെ ജനലടയ്ക്കുകയും ചെയ്തു. ഇപ്പോള്‍ അവനൊട്ടും ഭയം തോന്നിയില്ല. ജാലകം അടയ്ക്കുന്നതിനുപകരം അവന്‍ അവിടേയ്ക്ക്, നടന്നുനീങ്ങുന്ന ആ നിഴലിനെ തന്നെ നോക്കിനിന്നു. 

 

പിറ്റേന്നു കാലത്ത് വെയില്‍ മൂത്തപ്പോഴാണ് സിദ്ദു എഴുന്നേറ്റത്. വീട്ടില്‍ വലിയ അനക്കവും ബഹളവുമൊന്നും കേട്ടില്ല. അവന്‍ സാവകാശമെഴുന്നേറ്റു നോക്കിയപ്പോള്‍ അച്ഛന്‍റെ മുറി ശൂന്യമായിരുന്നു. അമ്മ അടുക്കളയിലുണ്ട്. മുത്തശ്ശനെ അവിടെയെങ്ങും കണ്ടില്ല. 

 

‘‘ഞാന്‍ കൂടി വരാംന്ന് പറഞ്ഞതാ. സമ്മതിച്ചില്ല. അല്ലെങ്കി നിന്നെ വിളിച്ചുണര്‍ത്താംന്ന് പറഞ്ഞു. അപ്പഴും വേണ്ടാന്നെന്നെ പറഞ്ഞു. വില്ലേജ് ഓഫീസിലേക്ക് പോയി. ചെല അത്യാവശ്യ കാര്യങ്ങള്ണ്ടത്രെ. എന്തായാലും ലീവ് എഴുതികൊടുക്കാന്‍ പൂവാണ്ടെ പറ്റില്ലല്ലോ...’’

‘‘എത്ര നാളത്തേക്കാന്ന് പറഞ്ഞോ അച്ഛന്‍ ലീവ്?’’

‘‘ആദ്യം ഒരു പത്ത് ദിവസത്തേക്ക്. പിന്നേം ആവില്ല്യാന്ന്ച്ചാ നീട്ടി എടുക്കാംന്ന് പറഞ്ഞു..’’

സിദ്ദു ഒന്നുമൂളി തിരിഞ്ഞു നടന്നു. 

തോമുട്ടിയെ അന്വേഷിച്ചു ചെന്നപ്പള്‍ അപ്പോഴും അവന്‍ എത്തിയിരുന്നില്ല.

‘‘ആ പോയ പോക്കാ. പിന്നിങ്ക്ട് എത്തീട്ടില്ല. രാത്രി ഏത് ചാലിലാണാവോ കെടന്നത്..’’

‘‘എല്‍ദോക്ക് എങ്ങനെയുണ്ട് എന്നറിഞ്ഞോ?’’

‘‘ഓ. അതിന്‍റെ കാര്യൊക്കെ പോക്കാന്നാ കേട്ടേ. കാലം കുറച്ചായില്ലേ കുടിച്ച് നടക്ക്ണു. എല്ലാത്തിനും ഒരവസാനംക്കെ ണ്ടല്ലോ..’’

 

സിദ്ദു ഒന്നും മിണ്ടുന്നില്ലെന്നു കണ്ടപ്പോള്‍ അന്നാമ്മ ചേടത്തി തുടര്‍ന്നു:

‘‘ചെലപ്പൊ എല്ലാംകൂടി ആശുപത്രീല് ന്നെണ്ടാവും. ആശുപത്രീല് ബില്ല് കെട്ടാനില്ല്യാന്ന് പറഞ്ഞ് ഇവിട്യൊക്കെ ഓടി നടന്നാര്‍ന്നു കുറേണ്ണം. എത്രകാശ്ണ്ടാര്‍ന്ന ചെക്കനാണെന്നറിയ്വോ. ണ്ടാക്കണേക്കാള്‍ കൂടുതല് നശിപ്പിച്ചു. ഒരുതരം വാശി കേറ്യപോലെ. ന്ന്ട്ട്പ്പൊ ന്തായി; ആശുപത്രീല് കെട്ക്കുമ്പോ തെണ്ടെണ്ട സ്ഥിത്യായീ...’’

കൂടുതല്‍ കേട്ടുനില്ക്കാന്‍ സിദ്ദുവിനും തോന്നിയില്ല. അവന്‍ തിരിഞ്ഞു നടന്നു. അമ്മ അടുക്കള പണി കഴിഞ്ഞ് ഉമ്മറത്ത് വന്നിരിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും  സിദ്ദു പലതും മനസ്സിലിട്ട് തീരുമാനിച്ചുറച്ചു കഴിഞ്ഞിരുന്നു. 

 

‘‘അച്ഛനെത്തില്ല്യാല്ലേ..’’

‘‘ഇല്ല്യാ. ഞാനതന്ന്യാ നോക്കിരിക്കന്നേ..’’

‘‘ഞാനൊരു കാര്യം പറയാം. അമ്മ മനസ്സി വെച്ചാമതി. അച്ഛനോടൊന്നും ഇപ്പൊ പറയാന്‍ നിക്കണ്ടാ...’’

‘‘എന്താ അങ്ങനത്തൊരു കാര്യം...’’

‘‘അതൊക്കെണ്ട്. അച്ഛനറിഞ്ഞാ സമ്മതിക്കില്ല. എന്നുവെച്ച് അച്ഛന്‍റെ സമ്മതം നോക്കിയിരിക്കാനും പറ്റില്ല. അമ്മ അച്ഛനെ സാവകാശം കാര്യങ്ങള് പറഞ്ഞ് മനസ്സിലാക്കിക്കണം...’’

‘‘നീ കാര്യം പറയ്യ്’’

‘‘വെറുതെ ഇങ്ങനെ ഇരിക്കുന്നതുകൊണ്ട് കാര്യമില്ല. വിസ എന്നുവരും എന്നുവെച്ചിട്ടാണ് ഇങ്ങനെ കാത്തിരിക്ക്യാ. വെറുതെ ഇരുന്ന് മടുത്തു. അച്ഛനാണെങ്കി വയ്യാണ്ടായേക്ക്ണൂ...’’

‘‘അതിനിപ്പൊ നീയെന്തു ചെയ്യാനാണ്...’’

‘‘ഞാന്‍ കെടക്ക കച്ചോടത്തിന് പോയാലോന്ന് ആലോചിക്ക്ണ്ണ്ട്... ആലോചിക്കല്ലാ, ഉറപ്പിച്ചു...’’

‘‘കച്ചോടത്തിന് പൂവ്വെ.... എന്താ നീയീ പറേണത്. അച്ഛന്‍ കേട്ടുവരണ്ടാ...’’

‘‘ഇതന്ന്യാ ഞാനമ്മയോട് പറഞ്ഞത് അച്ഛനെ പറഞ്ഞു മനസ്സിലാക്കിക്കാന്‍...’’

‘‘ഇനിക്കന്നെ മനസ്സിലാവ്ണില്ല്യാ. പിന്നെങ്ങനെ ഞാന്‍ അച്ഛനെ മനസ്സിലാക്കിക്ക്യാ.... ഇത്രയോളം പഠിപ്പിച്ചിണ്ടാക്കീത് ഒക്കെ ഇതിനാര്‍ന്നൂ...?’’

‘‘എന്താ കച്ചോടത്തിന് ഒരു മോശം...’’

 

‘‘ഒരു മോശൂംല്യാ.... ആരെങ്കിലും  നല്ലോരുണ്ടോ, ഈ നാട്ടില് കച്ചോടത്തിന് പോണോര്? ആരെങ്കിലുംണ്ടോ കുടിക്കാത്താരോയിട്ട്.. എന്നിട്ട് നിനക്കതല്ലാണ്ടേ വേറെ തൊഴിലൊന്നും കിട്ടീല്യേ?’’

 

‘‘കച്ചോടത്തിന് പോണവര് എല്ലാരും കുടിക്കുന്നവരല്ല. കുടിക്കാത്തോരുമുണ്ട്. അവര് മാനം മര്യാദയായിട്ട് ജീവിക്കുന്നുമുണ്ട്. പിന്നെ കച്ചോടത്തിന് പോകുന്നവര് മാത്രമല്ലല്ലോ കുടിക്കുന്നത്. നമ്മുടെ മുത്തശ്ശന്‍ കച്ചോടത്തിന് പോയിട്ടാണോ കുടിക്കണത്...’’

അതുകേട്ടിട്ടാണ് മുത്തശ്ശന്‍ കേറിവന്നത്. അക്കിടിപറ്റിയതുപോലെ സിദ്ദു നിന്നെങ്കിലും മുത്തശ്ശനും പിന്താങ്ങുകയാണുണ്ടായത്.

 

‘‘അങ്ങനെ പറഞ്ഞുകൊടുക്കടാ മോനേ. കുടിക്കണോര് എവിടായാലും കുടിക്കും. കുടിക്കാത്തോര് എവിടായാലും കുടിക്കില്ല്യാ. നിങ്ങള് കേട്ടാ വിശ്വസിക്കില്ല. കാശ്മീരില് ഞാന്‍ സര്‍വ്വീസിലിരിക്ക്മ്പോ, അവിടത്തെ കൊടുംതണുപ്പില് കുടിക്കാത്ത ഒരു തമിഴന്‍ണ്ടാര്‍ന്നു. പട്ടാളക്കാരനായാലും അയാളന്നേവരെ കുടിച്ചിട്ടില്ല. എന്നുവെച്ച് പട്ടാളക്കാര് മാത്രാ കുടിക്ക്ണ്ള്ളോ. അല്ലാത്തോരും കുടിക്ക്ണില്ല്യേ..’’

അത്രയും ഒരൊറ്റവായുവില്‍ പറഞ്ഞതുമൂലമാകണം മുത്തശ്ശന്‍ ഉമ്മറത്തെ കസേരയില്‍ കിതച്ചിരുന്നു. 

 

‘‘ഉവ്വുവ്വ്. ഈയിടെയായിട്ട് ഇത്തിരി കൂടീട്ട്ണ്ട്...’’

‘‘അത് നേരാ. ഈ കെടയ്ക്കാട് ഏറ്റവും സമൃദ്ധിയായി കിട്ടണ സാധനം ഇതുതന്നെ. എന്നുവെച്ച് ഇവിട്ള്ളോരൊക്കെ കുടിച്ചിട്ട് ചത്തുപോയോ? ഒരു തുള്ളി കുടിക്കാത്തോനല്ലേ ന്‍റെ മോന്‍..... ന്ന്ട്ട്പ്പൊ ന്താണ്ടായേ... എല്ലാവരും കണ്ടതല്ലേ... ഒരാള് നശിക്കാനും നേരെയാവാനും കുടി ഒരു തടസ്സാവില്ല്യാന്ന്....’’

 

‘‘അമ്മ ഞാന്‍ പറയുന്നത് കേള്‍ക്ക്. കച്ചോടത്തിന് പോണംന്ന് ഞാന്‍ പറഞ്ഞത് കുടിക്കാനോ കൂത്താടാനോ ഒന്നിനുമല്ല. കാര്യങ്ങള് ഏകദേശം അമ്മക്കറിയാല്ലോ. എന്നും നീട്ടിത്തരാന്‍ അമ്മേടെ കയ്യില്‍ സ്വര്‍ണ്ണവളയുണ്ടാവ്വോ? എനിക്കും ചില കടമകളൊക്കെയില്ലേ. ഒരു മകന്‍റെ കടമ ചെയ്യാന്‍ അമ്മ തടസ്സം നില്ക്കരുത്. ’’

‘‘അതിന് ഈയൊരു പണിമാത്രമേ ഉള്ളൂ...’’

‘‘ഇപ്പൊ മുന്നില്‍ തെളിയണ, ഏറ്റവും അനുയോജ്യമായ ഒരു വഴി ഇതുതന്നെയുള്ളൂ. ഇതല്ലാതെ, മറ്റൊരു വഴിക്ക് പൂവ്വാന്ന് വെച്ചാ വിചാരിച്ച പോലെ കാര്യങ്ങള് നടന്നൂന്ന് വരില്ല...’’

‘‘എന്തായാലും നീയൊറപ്പിച്ചതല്ലേ. ഞാനെന്ത് തടസ്സം നിക്കാനാണ്.... എന്നാലും അച്ഛന്‍റെ സമ്മതംണ്ടാവുംന്ന് നീ വിചാരിക്കണ്ടാ..’’

‘‘അച്ഛനോട് അമ്മ സാവകാശം കാര്യങ്ങള് പറഞ്ഞ് ബോധ്യപ്പെടുത്ത്യാമതി. അറ്റ്ലീസ്റ്റ് വിസ വര്ണ വരെയെങ്കിലും എനിക്കിതിന് പോയേ പറ്റൂ....’’

‘‘വിസ വരുമ്പോഴേക്കും നിന്‍റെയീ കോലൊക്കെ എങ്ങാനായിട്ട്ണ്ടാവുംന്ന് ഈശ്വരനേ അറിയൂ..’’

 

‘‘ഞാനുറപ്പുതരുന്നു. കച്ചവടത്തിനല്ല എന്തിനു പോയാലും ശരി, സിദ്ദു ഒരു മുടിയനായ പുത്രനാകില്ല. അത്രേം പോരേ...’’

‘‘നിന്‍റെ ഇഷ്ടംപോലെ ആയിക്കോ. എന്തായാലും എന്തുകാര്യം ചെയ്യുമ്പഴും നന്നായി ആലോചിച്ചോള്ളൂ.’’

‘‘പെട്ടെന്ന് എടുത്ത് ചാടീട്ടുള്ള തീരുമാനംല്ല. കുറെനാളായിട്ടിരുന്ന് ആലോചിക്ക്ന്യാ. ഇപ്പോഴാണ് പറയാന്‍ സമയം ആയത്...’’

 

അമ്മ ദീര്‍ഘനിശ്വാസത്തോടെ അടുക്കളയിലേക്ക് നടന്നു. 

അകലെനിന്ന് സാവകാശം അച്ഛന്‍ നടന്നുവരുന്നത് സിദ്ദു കണ്ടു. അച്ഛന്‍റെ നടത്തത്തിലുള്ള ഉന്മേഷവും വേഗതയുമെല്ലാം പോയി മറഞ്ഞിരിക്കുന്നു. അച്ഛനെ കാണേണ്ടെന്നു കരുതി സിദ്ദു റോഡിലേക്കിറങ്ങി നീങ്ങി നടന്നു. 

 

തോമുട്ടി ഉമ്മറത്ത് വിദൂരതയിലേക്ക് നോക്കിയിരിപ്പുണ്ടായിരുന്നു. കണ്‍വെട്ടത്തൂടെ തനിക്കുനേരെ നടന്നുവരുന്ന സിദ്ദുവിനെ അവന്‍ കണ്ടില്ല. അവന്‍റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു. 

‘‘എന്താ തോമുട്ട്യേ, ആലോചിച്ചിരിക്കണത്? എല്‍ദോയ്ക്ക് എങ്ങനെയുണ്ട്?’’

വിളിച്ചുണര്‍ത്തിയതുപോലെ തോമുട്ടി ഞെട്ടിയുണര്‍ന്നു. സിദ്ദുവിനെ കണ്ടപ്പോള്‍ അവന്‍ കസേരയില്‍ നിന്നെഴുന്നേറ്റുവന്നു. 

 

‘‘അച്ഛനെങ്ങനെയുണ്ട് ഇപ്പൊ? ഞാനറിഞ്ഞു. വരാന്‍ പറ്റിയില്ല. അതിനിടേല് എല്‍ദോ കേറീ ഷെഡ്ഡില്...’’

‘‘ങ് ഹാ തല്ക്കാലം കുഴപ്പമില്ല. വെട്ടൊഴിഞ്ഞുപോയി എന്നു കരുതാം. എല്‍ദോയ്ക്കെന്താ പറ്റീത്?’’

‘‘എല്‍ദോയുടെ കാര്യം ഒന്നും പറേണ്ടാ. എപ്പോ വേണമെങ്കിലും എന്തുംസംഭവിക്കാം. വെന്‍റിലേറ്ററോ അങ്ങനെ എന്തോ പറഞ്ഞു. അതിലാണ്. അവിടന്ന് എടുത്താ ആ നിമിഷം തീരും...’’

‘‘എത്ര സമയാന്ന് വെച്ചിട്ടാ ഇങ്ങനെ...’’

 

‘‘അതന്ന്യാ പറഞ്ഞത്. പിരിച്ചെടുത്തതും കടം മേടിച്ചും കൊണ്ടുപോണ പൈസയൊക്കെ ആശുപത്രീടെ ഗേറ്റ് വരെ എത്ത്ണ്ള്ളൂ. അപ്പഴേക്കും കഴിയും. എന്തിനും ഏതിനും ഒരു പരിധിയില്ലേ. നോക്കിനില്ക്കാന്‍ പറ്റാണ്ടായപ്പൊ ഞാനിങ്ങ്ട് പോന്നു...’’

‘‘അവിടെ ആരാപ്പൊ ള്ളേ...’’

‘‘വീട്ടുകാരുണ്ട്. ഞങ്ങളൊരുവിധം ഒക്കെ ഇങ്ങ്ട് പോന്നു. ഇനി തീരുമാനിക്കേണ്ടത് വീട്ടുകാരാ...’’

 

തോമുട്ടി കുറച്ചുനേരം മിണ്ടാതിരുന്നു. അവന്‍ എന്താണ് ആലോചിക്കുന്നതെന്ന് അവന്‍റെ മുഖത്തുനിന്നും വായിച്ചെടുക്കാന്‍ സിദ്ദു ശ്രമിച്ചു. 

 

‘‘വീട്ടുകാരിപ്പൊ എന്തു ചെയ്യാനാണ്... ഇത്രേം കാശ് അവര്ടേല് എവിടുന്നാണ്. ആശുപത്രിക്കാര് എത്രദിവസം വേണമെങ്കിലും അവിടെ കെടത്തും. അവര്‍ക്ക് കാശ് കിട്ടണ കാര്യംല്ലേ. കുടിച്ച് നടക്കണ കാലത്ത് പാവം എല്‍ദോ ഇതൊന്നും ആലോചിച്ച്ട്ട്ണ്ടാവില്ല.’’

 

‘‘അല്ലെങ്കിലും ഈ കോംപ്ലി കളിച്ച് കിട്ട്യാ കാശൊക്കെ ശാപം കിട്ടീതാന്നേയ്. അതോണ്ടൊന്നും ആര്‍ക്കും മേല്‍ഗതീണ്ടാവില്ല. തിന്നാ ശരീരത്തില് കാണൂംല്ല്യാ. അതിങ്ങനെ ഡോക്ടര്‍മാര്‍ക്കും ആശുപത്രീലും ആയി പൂവും..’’

അതു പറഞ്ഞു തീരുന്നതിനു മുമ്പ് ഒരാമ്പുലന്‍സ് റോഡിലൂടെ പാഞ്ഞുപോയി. പിന്നാലെ ഇടവിട്ട് കുറേ കിടക്ക വണ്ടികളും. 

‘‘വീട്ടുകാര് പറഞ്ഞിട്ടുണ്ടാവും വെന്‍റിലേറ്ററീന്ന് മാറ്റിക്കൊള്ളാന്‍....’’

 

താന്‍ ഉറക്കെ കരയുന്നത് സിദ്ദു കാണാതിരിക്കാനായി തോമുട്ടി മുഖംപൊത്തി അകത്തേക്കു നടന്നു. എന്തുചെയ്യണമെന്ന് കുറച്ചുനേരം ആലോചിച്ചുനിന്ന ശേഷം സിദ്ദു തെക്കോട്ട് ആമ്പുലന്‍സ് പോയ വഴിയിലൂടെ നടന്നു. അവനുമുന്നിലും പുറകിലുമായി അപ്പോഴും കിടയ്ക്കവണ്ടികള്‍ തെക്കോട്ടുപോയിക്കൊണ്ടിരുന്നു. 

 

എല്‍ദോയുടെ വീടിന്‍റെ മുന്‍വശത്ത് ആള്‍ക്കാര്‍ പൊതിഞ്ഞു നിന്നു. റോഡിന്‍റെ ഇരുവശത്തും നിരനിരയായി കിടയ്ക്ക കയറ്റിയതും ഒഴിഞ്ഞതും പാതിയായതുമായ ടെമ്പോകള്‍ കിടന്നിരുന്നു. പല ദിക്കില്‍ നിന്നും അപ്പോഴും വണ്ടികള്‍ വന്നുകൊണ്ടിരുന്നു. അവിടെക്കൂടിയ ആള്‍ക്കാരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരായിരുന്നു. സ്ത്രീകളും കുട്ടികളും വയസ്സന്മാരും പേരിനു മാത്രം. ചെറുപ്പക്കാര്‍ മിക്കവരുടെയും കയ്യില്‍ ഓരോ കുപ്പിയുണ്ടായിരുന്നു. അവര്‍ പരസ്യമായി, ഒരു മടിയും കൂടാതെ വെള്ളംപോലും ഒഴിക്കാതെ കുപ്പി വായിലേക്ക് കമഴ്ത്തിക്കൊണ്ടിരുന്നു. മിക്കവരും എന്തൊക്കെയോ എണ്ണിപ്പെറുക്കി കരയുന്നുണ്ട്. ചിലര്‍ കുടിച്ചിടത്ത് തന്നെ ഇരുന്നു. എഴുന്നേല്ക്കാന്‍ കഴിയാതെ അവിടെതന്നെ കിടന്നുരുണ്ടു. അപ്പുറവും ഇപ്പുറവുമുള്ള പറമ്പില്‍ രണ്ടും മൂന്നുംപേര്‍ വീതമുള്ള ചെറിയ ചെറിയ സംഘങ്ങളിരുന്ന് കുടിക്കുന്നു. വഴിയിലൂടെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമൊക്കെ മദ്യം നിറച്ച ഗ്ലാസ്സുകള്‍ നീട്ടുന്നുണ്ട്. ചിലര്‍ വാങ്ങി കുടിക്കുന്നു. ചിലര്‍ വേണ്ടെന്ന് പറഞ്ഞ് നടന്നുനീങ്ങുന്നു. 

 

കുടിച്ചു മരിച്ചവന്‍റെ ശവസംസ്കാരത്തിന് മൂക്കറ്റം കുടിച്ചുകൊണ്ട് ഒരു മദ്യപൂജ. സിദ്ദുവിന് പുച്ഛം തോന്നി. നടന്നുനീങ്ങിക്കൊണ്ടിരുന്ന സിദ്ദുവിനെ ഒരു കൈ വന്നു തടഞ്ഞു. തൊട്ടു പിറകെ നിറഞ്ഞ ഒരു ഗ്ലാസ്സും. സിദ്ദു നോക്കിയപ്പോള്‍ മുന്നില്‍ വഴിമുടക്കി, ചെമന്ന കണ്ണുകളുമായി തോമുട്ടി. അവന്‍ ഇത്ര പെട്ടെന്ന് ഇവിടെ എത്തിയോ എന്ന സിദ്ദു അതിശയിച്ചു. 

 

‘‘ഇതങ്ങട് വലിക്ക്. എല്‍ദോയുടെ ആത്മാവിന് സന്തോഷം കിട്ടാന്‍...’’

‘‘വേണ്ട തോമുട്ട്യേ., ഇതുകൊണ്ടൊന്നും എല്‍ദോയുടെ ആത്മാവിന് ശാന്തി കിട്ടില്ല. അത് നിങ്ങളുടെ തെറ്റിദ്ധാരണയാണ്....’’

‘‘തോമുട്ട്യാ പറേണത് ഇതു കുടിക്കാന്‍...’’

‘‘വേണ്ടെന്നു പറഞ്ഞ ഒരു സാധനം തോമുട്ട്യല്ല, ഏതു പൊന്നുതമ്പുരാന്‍ പറഞ്ഞാലും ഞാന്‍ തൊടാറില്ല...’’

 

തടഞ്ഞുനിന്ന തോമുട്ടിയുടെ കൈ സാവകാശം നീക്കി സിദ്ദു മുന്നോട്ടു നടന്നു. ആരോടോ വാശിതീര്‍ക്കാനെന്ന പോലെ ഒരൊറ്റവലിക്ക് തോമുട്ടി ഗ്ലാസ്സ് കാലിയാക്കി. ഊക്കില്‍ എങ്ങോട്ടോ അവന്‍ ഗ്ലാസ്സ് വലിച്ചെറിഞ്ഞു, കലി തീര്‍ക്കാനായി. 

 

പൂക്കൊണ്ടലങ്കരിച്ച മഞ്ചയില്‍ എല്‍ദോയുടെ തലമാത്രം പുറത്തേക്ക് ഉയര്‍ന്നുനിന്നു. മുഖവും കവിളുകളുമെല്ലാം ഒട്ടിപരന്നുകിടന്നിരുന്നു. പ്രാണന്‍ പോകുന്ന പോക്കില്‍ ശരീരത്തിലെ മാംസളതയും രക്തവും വലിച്ചെടുത്തിരിക്കുന്നു. അപ്പോഴും തുറന്നിരിക്കുന്ന വായ മദ്യത്തിന് കൊതിക്കുന്നുണ്ടോ എന്ന് സംശയം തോന്നും. എല്‍ദോയുടെ തലയ്ക്കല്‍ തന്നെ, സിദ്ദു കണ്ടു ഏല്യാസ് ഇരിപ്പുണ്ടായിരുന്നു. കാഴ്ചയിലും ഭാവത്തിലും ശരിക്കും ഏല്യാസ് ഒരു പണക്കാരനായി പരിണമിച്ചിരുന്നു. കുടിക്കാനായി പലപ്പോഴും പലര്‍ക്കു മുന്നിലും എല്‍ദോ കൈനീട്ടിയിരുന്നു. മിക്കവരും എല്‍ദോക്ക് വയറു നിറച്ച് കുടിക്കാന്‍ വാങ്ങിക്കൊടുത്തു. പണമായിട്ടും കൊടുത്തു, കുടിച്ചോളാന്‍ പറഞ്ഞ്. ഒരിക്കല്‍ പോലും എല്‍ദോ ഏല്യാസിനടുത്ത് പണത്തിനോ കുടിക്കാനോ കൈനീട്ടി ചെന്നിട്ടില്ല. പലവണ്ടികളിലും ഓര്‍ഡര്‍മാനായി കച്ചവടത്തിനു പോയിരുന്നെങ്കിലും ഒരിക്കലും ഏല്യാസിന്‍റെ കമ്പനിയില്‍ നിന്നുപോകുന്ന ലോഡില്‍ എല്‍ദോ കയറിയില്ല. 

 

ആശുപത്രിയില്‍ കിടന്നപ്പോള്‍ ബില്ലുകള്‍ പലതും അടച്ചിരുന്നത് ഏല്യാസായിരുന്നു, എല്‍ദോ അറിയാതെ. എല്‍ദോക്ക് ഓര്‍മ്മയും ബോധവുമില്ലായിരുന്നു ആ സമയത്ത്. എല്‍ദോ മരിച്ചതിനുശേഷം ആശുപത്രിയിലെ ബില്ല് തീര്‍ത്തതും മഞ്ച വാങ്ങിയതും ആംബുലന്‍സില്‍ കൊണ്ടുവന്നതും എല്ലാം ഏല്യാസിന്‍റെ ചെലവില്‍ തന്നെയായിരുന്നു.

 

ശവയാത്രയില്‍ മഞ്ചയുടെ തലയ്ക്കല്‍ പിടിച്ചിരുന്നത് ഏല്യാസായിരുന്നു. അക്കൂട്ടത്തില്‍ ഒരു തുള്ളിപോലും കഴിക്കാതെ അക്ഷോഭ്യനായി എല്‍ദോയുടെ തലയും താങ്ങി അയാള്‍ മുന്നില്‍ നടന്നു. പാതയുടെ ഇരുവശത്തും പറമ്പിലും കുടിച്ച് ബോധം മറഞ്ഞവരും കുടിച്ച് തളര്‍ന്ന് എഴുന്നേല്ക്കാന്‍ ശ്രമിച്ച് വീഴുന്നവരും കിടപ്പുണ്ടായിരുന്നു. പലരും മണ്ണിലൂടെയും റോഡിലൂടെയും ഇഴഞ്ഞും നടന്നും സെമിത്തേരിയിലേക്ക് നീങ്ങി. ഇടയ്ക്കിടെ ചില വണ്ടികള്‍ കുടിയന്മാരെ എടുത്തുകൊണ്ടുപോകാനായി സെമിത്തേരിയില്‍ നിന്നും വന്നുകൊണ്ടിരുന്നു. 

 

ചരമശുശ്രൂഷ കഴിഞ്ഞ് ആറടി മണ്ണിലേക്ക് മഞ്ചയിറക്കുന്നതിനു മുന്‍പേ സിദ്ദു ഒന്നുകൂടി എല്‍ദോയെ നോക്കി. അപ്പോഴും ആ വായ, ചുണ്ടുകള്‍ കൂടാതെ തുറന്നിരിപ്പുണ്ടായിരുന്നു. സെമിത്തേരിയില്‍ നിറയെ ആള്‍ക്കാരായിരുന്നു. മിക്കവരും കല്ലറക്കുമുകളില്‍ കമിഴ്ന്നുംമലര്‍ന്നുമൊക്കെ കിടന്ന് ഉറക്കെ കരഞ്ഞു. എത്രതന്നെ കയറ്റിയിട്ടും തോമുട്ടിയുടെ ബോധം പോയിരുന്നില്ല. അവന്‍ മൂടല്‍ നിറഞ്ഞ മിഴികളുമായി, എല്‍ദോയെ നോക്കി സിദ്ദുവിനു തൊട്ടടുത്തു തന്നെ നിന്നു. മഞ്ച അടച്ച് സാവകാശം കയറിലൂടെ കുഴിയിലേക്കിറക്കി. കൂടി നില്ക്കുന്നവര്‍ ഓരോ പിടി മണ്ണും തുരിശും മണലും കുഴിയിലേക്കിട്ടു. ആ നേരത്ത് തികച്ചും അപ്രതീക്ഷിതമായി, ആദ്യം വീഴുന്ന ഒരുപിടി മണ്ണിനു മുന്‍പേ മഞ്ചക്കു മീതെ ഒരു കട്ട പഞ്ഞി വന്നുവീണു. മറ്റാരും കണ്ടില്ലെന്നു തോമുട്ടിക്കു തോന്നി. അതേ നിമിഷം അതേ ആശ്ചര്യത്തോടെ തോമുട്ടി സിദ്ദുവിനെ നോക്കി. അവനും അതു കണ്ടിരിക്കുന്നു. അതിനു തൊട്ടുപിറകെ പഞ്ഞിക്കുമീതെ ഓരോപിടി മണ്ണും വീണുകൊണ്ടിരുന്നു. തുടര്‍ച്ചയായി വീഴുന്ന മണ്ണിനൊപ്പം എങ്ങുനിന്നെന്നില്ലാതെ പഞ്ഞികട്ടകളും വീഴുന്നുണ്ടായിരുന്നു. സിദ്ദുവും തോമുട്ടിയും പരസ്പരം നോക്കി. മുകളിലേക്കും ചുറ്റുപാടും നോക്കി. അവിടെയെങ്ങും അന്തരീക്ഷത്തിലും അപ്പോള്‍ പഞ്ഞിയോ പൂളയോ ഒന്നുമുണ്ടായിരുന്നില്ല. 

 

കുഴി മൂടിക്കഴിഞ്ഞ്, കുരിശ് നാട്ടിക്കഴിഞ്ഞപ്പോള്‍ ആള്‍ക്കാര്‍ പിരിഞ്ഞു തുടങ്ങി. സെമിത്തേരിയില്‍ ബോധമറ്റു കിടന്നിരുന്ന കുടിയന്‍മാരെയെല്ലാം പലപല വണ്ടികളില്‍ കയറ്റിക്കൊണ്ടുപോയി. അവസാനം സെമിത്തേരിയില്‍ സിദ്ദുവും തോമുട്ടിയും മാത്രമായി. എല്‍ദോയുടെ ശവകുടീരത്തിനു അരികെ കണ്ണടച്ചിരിക്കുന്ന തോമുട്ടിയുടെ ചുമലില്‍ സിദ്ദു കൈവെച്ചു. 

‘‘തോമുട്ട്യേ, നേരം എത്രയായി? എല്ലാരും പിരിഞ്ഞുപോയി. പോണ്ടേ...’’ 

 

‘‘പോണം...’’ അതും പറഞ്ഞ് തോമുട്ടി എഴുന്നേറ്റു. അപ്പോള്‍ ചെറിയൊരു ശബ്ദത്തോടെ കാറ്റു വീശി. ആ കാറ്റിനൊപ്പം എന്തൊക്കെയോ അവരുടെ മുഖത്തുവന്നു പറ്റിപിടിച്ചു. അവരത് കൈക്കൊണ്ട് തട്ടിനീക്കി. നോക്കിയപ്പോള്‍ അന്തരീക്ഷം നിറയെ പഞ്ഞി. ആ പഞ്ഞികള്‍ മുഴുവനും എല്‍ദോയുടെ മണ്ണിനും കുരിശിനും മീതെ വന്നുവീഴാന്‍ തുടങ്ങി. തോമുട്ടി തലയുയര്‍ത്തി അകലേക്ക് നോക്കി. അകലെയുള്ള പൂള മരങ്ങളില്‍ നിന്ന് പൂളക്കായകള്‍ പൊട്ടി പൊളിഞ്ഞ് പഞ്ഞികള്‍ പൊഴിഞ്ഞുകൊണ്ടിരിക്കുന്നു. തോമുട്ടി അമ്പരന്ന് ഏറെ നേരം അത് നോക്കി നിന്നു. 

 

‘‘എന്തായീ കാണണത്. കാലങ്ങള്‍ക്കുശേഷം കിടയ്ക്കാട്ടെ പൂളകളൊക്കെ പൂത്തിരിക്കുന്നു. പഞ്ഞികള്‍ പൊഴിയുന്നു...’’

അവനത് സിദ്ദുവിനു ചൂണ്ടിക്കാണിച്ചു. സിദ്ദു അവിടേക്ക് നോക്കി. ശരിയാണ്. ശബ്ദം കാറ്റിന്‍റേതല്ല. ആര്‍ത്തുവരുന്ന പഞ്ഞിയുടേതാണ്. അത് നോക്കി, ഒട്ടൊരു നിരാശയോടെ തോമുട്ടി പറഞ്ഞു. 

‘‘എന്ത് പൂത്തിട്ട് എന്താകാര്യം. കിടയ്ക്കാട് ഇനി ആര്‍ക്കാ ഈ പഞ്ഞി വേണ്ടത്..’’

 

‘‘കാര്യമുണ്ട് തോമുട്ട്യേ. കിടയ്ക്കാടിന് വേണ്ടത് ഈ പഞ്ഞി മാത്രമാണ്. ഈ നാടറിയപ്പെടേണ്ടതും ഈ നാട്ടുകാര്‍ ജീവിക്കേണ്ടതും ഈ പഞ്ഞികൊണ്ടാണ്. അതൊന്നും തിരിച്ചറിയാതെ, മറ്റെന്തിന്‍റെയെങ്കിലും പുറകെ പോകേണ്ടവരല്ല, നമ്മള്‍... ഈ കിടയ്ക്കാട്ടുകാര്‍...’’

തോമുട്ടി, സിദ്ദുപറഞ്ഞത് കൃത്യമായി മനസ്സിലാകാതെ അവനെ തുറിച്ചുനോക്കി. 

 

‘‘ഒരിക്കല്‍ നീയെന്നോടു ചോദിച്ചില്ലേ, നിധിയെടുക്കാന്‍ പോരുന്നോ എന്ന്... അന്നുതൊട്ടേ ഞാന്‍ ആലോചിക്കുകയായിരുന്നു. ഞാനിപ്പോള്‍ തീരുമാനിച്ചു. ആ നിധി തേടി ഞാനും വരുന്നു. പക്ഷേ ഒന്നുണ്ട്, പാവങ്ങള്‍ടെ പ്രാക്ക് കലര്‍ന്ന പണത്തിനു വേണ്ടിയല്ല, കിടയ്ക്കാട്ടെ പഞ്ഞികിടക്ക വിറ്റുകിട്ടുന്ന കാശിനുവേണ്ടി... അങ്ങനെയാണെങ്കില്‍ നമുക്ക് ഒന്നിച്ചു നടക്കാം....’’

തോമുട്ടിയ്ക്കപ്പോഴും വിശ്വാസമായില്ല. അവന്‍ അമ്പരപ്പ് മാറാതെ ചോദിച്ചു. 

‘‘നീയ്യപ്പോ.... നീയ്യപ്പോ കച്ചോടത്തിന് വരാന്‍ തീരുമാനിച്ചു...’’

‘‘തീരുമാനിച്ചു, കിടയ്ക്ക കച്ചോടത്തിന് വരാന്‍, ചില നിബന്ധനകളോടെ...’’

‘‘എന്ത് നിബന്ധനകള്‍...?’’

‘‘കച്ചോടത്തിന് പോയി തിരിച്ചുവരുന്നതുവരെ കുടിക്കില്ല എന്ന നിബന്ധനയില്‍. പിന്നെ എന്നെന്നും സ്ഥിരമായി കച്ചവടത്തിനിറങ്ങണം. അതും ഈക്വല്‍ ഷെയറില്‍.... നഷ്ടംവന്നാലും ലാഭം കിട്ടിയാലും തുല്യം... സമ്മതിച്ചോ?’’

തോമുട്ടിക്ക് ആലോചിക്കാന്‍ ഏറെയൊന്നുമുണ്ടായില്ല. 

‘‘സമ്മതിച്ചു..’’

 

‘‘എങ്കില്‍ നാം കച്ചവടത്തിനു പോകുന്നു. നമ്മുടെ പഴയ ലോനപ്പേട്ടന്‍റെ ലോംഗ് ചേസ് വണ്ടിയില്‍. കച്ചോടക്കാരായി ലോനുവും കുഞ്ഞാലിയും. മേട്ടകളായി ഞാനും നീയും. ആദ്യത്തെ ലോഡ്, ആ പഴയ ചേരാനെല്ലൂരില്‍ നിന്നുതന്നെ...’’

‘‘അതു വേണോ?’’

‘‘അത് വേണം. ഒരിക്കല്‍ തോമ  ഓടിയിടത്തു തന്നെ നമ്മള്‍ തിരിച്ചെത്തും. ഇനി ഓടില്ല എന്ന ഉറപ്പിന്. ധൈര്യമുണ്ടെന്ന് തോമക്ക് സ്വയം ബോധ്യപ്പെടണം.  ഇനിയൊരിക്കലും ഓടിയൊളിക്കാതിരിക്കാനായി...’’

 

സിദ്ദു തോമുട്ടിയുടെ തോളില്‍ കൈവെച്ചു. അവര്‍ സാവകാശം സെമിത്തേരിയില്‍ നിന്നും പുറത്തേക്കു നടന്നു. സന്ധ്യ ഇരുളുമായി വരുന്നുണ്ടായിരുന്നു. അവര്‍ക്കു പുറകില്‍ സെമിത്തേരിയപ്പോള്‍, കിടയ്ക്കാട്ടിലെ പൂളമരങ്ങളില്‍ നിന്നുപൊഴിഞ്ഞ പഞ്ഞികൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. 

 

(അവസാനിച്ചു)

 

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com