ADVERTISEMENT

‘ഗോപ്യം’

(മോഹനൻ പുഞ്ചക്കുറിഞ്ചിയുടെ നോവലിന്റെ പത്താമധ്യായം)

വെൺ‌മേഘത്തിരശ്ശീല നീക്കി, ജോസഫ് പാപ്പൻ, അന്നമ്മ വല്യമ്മയുടെ കാഴ്ചയെ പത്തേക്കർ കിഴക്കേതിലെ മുറ്റത്തെത്തിച്ചു. കെട്ടിയുയർത്തിയ പന്തലിനുതാഴെ, ആണും പെണ്ണും കുരുന്നുകളുമായി പുഞ്ചക്കുറിഞ്ചിക്കാർ നിരന്നിരിക്കുന്നു. തേങ്ങാപ്പാലൊഴിച്ച ഇറച്ചിക്കറിയിൽ മുക്കി കള്ളപ്പം വെട്ടിവിഴുങ്ങുന്ന   തെയ്യാംപറമ്പിലെ മാർഗരറ്റിനെയും നെയ്യപ്പം ഒരെണ്ണംകൂടി ചോദിച്ചുവാങ്ങിയാലോ എന്നാലോചിക്കുന്ന സൂചിക്കുന്നത്തെ ഔസേപ്പച്ചനെയും അന്നമ്മവല്യമ്മ വേറിട്ടുകണ്ടു.

‘‘കോഴിയാന്നോ പോത്താന്നോ?’’

ചിറകുകുടഞ്ഞ് നേന്ത്രവാഴകളിൽ ഊഴം കാത്തിരിക്കുന്ന കാക്കക്കൂട്ടങ്ങൾക്കിടയിലൂടെ ജോസഫ് പാപ്പൻ ഉറ്റുനോക്കി.   അനിയൻ ഇട്ടിയുടെ ഓർമദിവസമായതിനാൽ പുലർച്ചെ മുതൽ പാപ്പൻ വീട്ടുമുറ്റത്തെ കാഴ്ചകൾ കണ്ടുനിൽക്കുകയായിരുന്നു. ജീവിച്ചിരിക്കെ നൽകാനാവാതെ പോയ സ്നഹത്തെപ്പറ്റിയുള്ള ഓർമ ഇപ്പോൾ അർഥമില്ലാത്ത കരുതലും ആകാംക്ഷയുമായി മാറിയിരിക്കുന്നു. കല്ലറയലങ്കരിച്ചിട്ടില്ലെന്നും ഒപ്പീസുചൊല്ലാൻ മെഴുകുതിരി പോരെന്നുമൊക്കെപ്പറഞ്ഞ് രാവിലെ മുതലേ അയാൾ അസ്വസ്ഥനായി. ഇട്ടിയും എവിടെയെങ്കിലും നിന്ന് ഇതേ കാഴ്ചകണ്ടു കണ്ണുനിറയ്ക്കുകയായിരിക്കും എന്ന അറിവ് അയാളെ കൂടുതൽ ഉത്തരവാദിത്തമുള്ളവനാക്കി. ഭൂവാസം വെടിഞ്ഞശേഷം സ്വന്തം അനിയനെ ഒന്നു കാണാൻ കഴിയാത്തതിന്റെ ഖേദം പതിവുപോലെ ഗദ്ഗദത്തിലൊതുക്കി പാപ്പൻ കണ്ണുതുടച്ചു.

‘‘തോമസിന് ഇപ്പോ ഇതൊന്നുമല്ലല്ലോ വലിയകാര്യം...സർവസമയോം കച്ചവടം നടത്തി കാശെരട്ടിപ്പിക്കലല്ല്യോ...’’

പാപ്പൻ പിറുപിറുത്തു. അന്നമ്മ വല്യമ്മ മിണ്ടിയില്ല. തോമസ് മന:പൂർവമാണ് കൂടുതൽ സമയം കടയിൽ ചെലവാക്കുന്നതെന്ന് അവർക്കറിയാമായിരുന്നു.  കണ്ണിലെ കാന്തംകാട്ടി അയാളെ പിടിച്ചടുപ്പിക്കാൻ റബേക്ക പെടുന്ന പാട് അവർ കാണുന്നുണ്ട്.

‘‘ശോശയെന്തിയേ? അവളില്ലായോ അവിടെ?’’

പാപ്പൻ പിന്നെയും ഒച്ചവച്ചു.

‘‘അവളൊരാള് എന്തെല്ലാം കാര്യം ചെയ്യണം? അതും വയറ്റിലൊന്നിനേം വച്ചോണ്ട്.’’

അന്നമ്മ വല്യമ്മ നീരസപ്പെട്ടു.

‘‘അയ്യോ...അവൾക്ക് പിന്നേം വയറ്റിലൊണ്ടോ? ഞാനറിഞ്ഞില്ല.’’

പാപ്പൻ നാക്കു കടിച്ചു. അന്നമോളുടെ മരണശേഷമുള്ള രണ്ടു വർഷങ്ങൾ കുഞ്ഞുങ്ങളില്ലാത്തതിന്റെ സങ്കടം ശോശ അടുക്കളച്ചുമരിനോടു കരഞ്ഞുതീർക്കുന്നത് അയാൾ കണ്ടിട്ടുണ്ട്. 

‘‘ഇടയ്ക്ക് രണ്ടെണ്ണം അലസിപ്പോയില്ല്യോ....അപ്പോ സൂക്ഷിക്കുന്നതു നല്ലതാ.’’

‘‘അലസിയതല്ലല്ലോ...എന്നെക്കൊണ്ടൊന്നും പറയിക്കരുത്...,’’അന്നമ്മ വല്യമ്മ ചൂടായി, ‘‘എല്ലാം ഇന്നു തീരുമല്ലോ...കഷ്ടം...അവിടിരുന്നു വെട്ടിവിഴുങ്ങുന്നവരു വല്ലോമറിയുന്നുണ്ടോ സാത്താന്റെ പദ്ധതികൾ?’’

അവർ കണ്ണുതുടച്ചു. കാര്യങ്ങൾ ഇങ്ങനെ ആയിത്തീരുന്നതിൽ അന്നമ്മവല്യമ്മയ്ക്കു സങ്കടമുണ്ടായിരുന്നു. എങ്ങനെയെങ്കിലും ശോശയുമായി ബന്ധപ്പെടാനും മുന്നറിയിപ്പുകൾ നൽകാനും അവർ ആവതു ശ്രമിച്ചതാണ്. പക്ഷേ, ജനാലയ്ക്കരികിൽ തത്തിക്കളിച്ച കാറ്റിനെയും രാത്രി മിന്നിക്കത്തുന്ന വെളിച്ചത്തെയുമൊക്കെ അവൾ അവഗണിച്ചു.

‘‘ഈ റബേക്ക എന്തു ഭാവിച്ചാ?’’

വെട്ടിത്തിളങ്ങുന്ന ആകാശനീലസാരിയും നീലക്കല്ലു പതിച്ച കുണുക്കുകമ്മലുമണിഞ്ഞ് സദ്യക്കു നടുവിലൂടെ തിരക്കിട്ടു നടക്കുന്ന റബേക്കയെ നോക്കി അന്നമ്മ വല്യമ്മ മൂക്കത്തു വിരൽവച്ചു.

‘‘ഒന്നും അവളറിഞ്ഞോണ്ടല്ലല്ലോ...സാത്താന്റെ പദ്ധതികളല്ലേ...’’

ജോസഫ് പാപ്പന്റെ ചുണ്ടിൽ പരിഹാസച്ചിരി മിന്നി.

‘‘കണ്ടോ...നിങ്ങക്കിപ്പഴും അവളോടൊള്ള മമത തീർന്നിട്ടില്ല,’’ അന്നമ്മ വല്യമ്മ മുഖം വീർപ്പിച്ചു, ‘‘എല്ലാത്തിന്റേം തുടക്കം അതീന്നാന്നു മറക്കരുത്.’’

ജോസഫ് പാപ്പൻ മുഖം താഴ്ത്തിനിന്ന് മനസ്സിൽ വേദവാക്യങ്ങൾ ഉരുവിട്ടു: 

‘‘എന്റെ ആയുസ്സ്് എത്ര ചുരുക്കം എന്ന് ഓർക്കേണമേ;

എന്തു വ്യർഥതയ്ക്കായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?

ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്?’’

ആർത്തുവിളിച്ച് ഒഴുകിനിറയുമ്പോൾ ഒടുക്കം കടലിലാണെന്ന് നദിയും ജീവിതത്തിന്റെ അവസാനം ശൂന്യതയിലേക്കാണെന്ന് പാവം മനുഷ്യരും അറിയുന്നില്ലല്ലോ എന്ന് അയാൾ സങ്കടപ്പെട്ടു. വീണ്ടും ജീവിക്കാൻ അവസരം കിട്ടിയാലും തന്റെ ജീവിതം മറ്റൊന്നാകുമായിരുന്നോ എന്ന് ആലോചിച്ചുകുഴങ്ങി. 

ഇതേസമയം, ആണുങ്ങളെല്ലാം ഒരേ കുലയിൽ വിളഞ്ഞ വിത്താണെന്നു മനസ്സിൽ പറയുകയായിരുന്നു അന്നമ്മ. ജോസഫ് പാപ്പനായാലും ആന്റണിയായാലും തോമസായാലും തുന്നിക്കിഴിച്ചു ചെല്ലുമ്പോൾ ഒന്നുതന്നെ. കാറ്റ് ചായ്ച്ചിടുന്ന മരങ്ങൾ പോലെ എല്ലാവരും ഒരിടത്തേക്കുമാത്രം ചരിയുന്നു. ഒടുവിൽ വേരു പൊട്ടി പിഴുതുവീഴുന്നു. 

‘‘ഞാൻ പറഞ്ഞതു വിഷമമായോ?’’

അന്നമ്മ വല്യമ്മ, ജോസഫ്പാപ്പന്റെ കൈപ്പടം കൈയിലെടുത്തു. ഇല്ലെന്ന് പാപ്പൻ തലയാട്ടി.

‘‘ഒന്നും മനുഷേമ്മാര് നിരൂപിക്കുന്നതുപോലല്ല...ചത്തു കഴിഞ്ഞപ്പോൾ എനിക്കറിയാം...ഇപ്പോഴാ എല്ലാം അറിയുന്നേ...’’

അന്നമ്മ വല്യമ്മ വിതുമ്പി. ജോസഫ് പാപ്പൻ കൈച്ചങ്ങല പൊട്ടിച്ചു വീണ്ടും ബത്‌ലഹേമിന്റെ മുറ്റത്തേക്കു നോട്ടമൂന്നി.

‘‘ദേ...അവിടെ സാത്താന്റെ ഇടപെടൽ തുടങ്ങി.’’

പന്തലിന്റെ ആളൊഴിഞ്ഞ കോണിൽ ഭക്ഷണം കഴിക്കാൻ നിരന്നിരിക്കുന്ന തോമസിനെയും ശോശയെയും ശോശയുടെ സഹോദരി മിനിയെയും അവളുടെ കുടുംബത്തെയും കണ്ട് അന്നമ്മ വല്യമ്മയുടെ മുഖം തെളിഞ്ഞു. പക്ഷേ, അപ്പവും കറിയും വിളമ്പുന്ന റബേക്കയെ കണ്ടപ്പോൾ അവർ പൊടുന്നനെ മുഖം വെട്ടിച്ചു. അടുത്തതവണ വരുമ്പോൾ രണ്ടുദിവസം തങ്ങിയിട്ടേ പോകൂ എന്ന് മിനി, അനിയത്തിക്ക് ഉറപ്പുകൊടുക്കുന്നതു കേട്ടപ്പോൾ അന്നമ്മ വല്യമ്മയ്ക്കു കയ്ച്ചു.

‘‘ഇതു വല്ലോം നടക്കാൻ പോകുന്ന കാര്യമാണോ? എനിക്കിതൊന്നും കാണാനും കേൾക്കാനും വയ്യേ...’’

അവർ മുഖം വെട്ടിച്ചു. പക്ഷേ, ജോസഫ് പാപ്പൻ കാഴ്ചകളിൽനിന്നു കണ്ണുകളെ ഊരിയതേയില്ല. കഴിക്കുന്നതിനിടയിൽ ശോശയ്ക്ക് തികട്ടുന്നതും നെഞ്ചുവിലങ്ങുന്നതും  കസേരകൾ തട്ടിമറിച്ച് പെരുമരംപോലെ അവൾ പിന്നിലേക്കു മലക്കുന്നതും തോമസിന്റെ വണ്ടി ആശുപത്രിയിലേക്ക് ചീറിപ്പായുന്നതും ജോസഫ് പാപ്പൻ തൽസമയം അന്നമ്മ വല്യമ്മയ്ക്ക് വിവരിച്ചുകൊടുത്തു. കാറിന്റെ പിൻവശത്തെ വാതിൽ ശരിക്ക് അടഞ്ഞിട്ടില്ലെന്നും റബേക്കയുടെ വണ്ടി ഓടിക്കുന്ന ഡ്രൈവറുടെ ചുണ്ടത്ത് ഇപ്പോഴും ഇറച്ചിക്കറിയുടെ പറ്റ് ഒട്ടിയിരിപ്പുണ്ടെന്നുംകൂടി വിവരിച്ചുകേട്ടപ്പോൾ അന്നമ്മ വല്യമ്മ അത്ഭുതപ്പെട്ടു. മരണാനന്തരം വികാരരഹിതമായി ലോകത്തെ കാണാൻ ജോസഫ് പാപ്പൻ പഠിച്ചുതുടങ്ങിയോ എന്ന് അവർ ഒരുനിമിഷം സംശയിച്ചു. ആസക്തികൾ അറുത്തുമുറിച്ചെറിയാതെ കർത്താവിന്റെ പൂന്തോട്ടത്തിലെത്തുകയില്ലെന്ന് സ്വയം ഓർമപ്പെടുത്തിയിട്ടും തങ്ങളിരുവരുടെയും വേരുകൾ  ഭൂതകാലത്തിന്റെ ശേഷിപ്പുകളിൽ പിടിമുറുക്കുന്നതിന്റെപേരിൽ സന്ധ്യാപ്രാർഥനകളിൽ മാപ്പിരക്കുന്നതാണ്. 

‘‘ഇനി എന്താ സംഭവിക്കുന്നേന്നു നിനക്കുപറയാമോടീ അന്നമ്മേ?’’

ആളൊഴിഞ്ഞ ബത്‌ലഹേമിന്റെ മുറ്റത്ത്, ആളുകൾ ചവിട്ടിയൊടിച്ച ജമന്തിച്ചെടികൾ നോക്കി സങ്കടപ്പെട്ടുകൊണ്ട് ജോസഫ് പാപ്പൻ ചോദിച്ചു. മരണാനന്തര ജീവിതം ചുരുങ്ങിയതോതിലെങ്കിലും തനിക്കുമുന്നിൽ ഭാവിക്കാഴ്ചകൾ തുറന്നിടുന്നതിൽ അന്നമ്മയ്ക്ക് സത്യത്തിൽ സങ്കടമുണ്ടായിരുന്നു. ഇടപെടാനോ മാറ്റിയെഴുതാനോ കഴിയാതെ, മൂടൽമഞ്ഞിലെ സൂര്യോദയം പോലെ ഭാവി കണ്ടിരുന്നിട്ടെന്ത്? ഒന്നും കാണുകയും ആലോചിക്കുകയും വേണ്ടെന്ന ഉറച്ച തീരുമാനത്തോടെ അന്നമ്മ വല്യമ്മ കണ്ണുകൾ മുറുക്കിയടച്ചു. അതുകണ്ട് ജോസഫ് പാപ്പൻ ചിരിച്ചു. ഉൾക്കണ്ണിലെ കാഴ്ച മറയ്ക്കാൻ കണ്ണുപൊത്തിയിട്ടു കാര്യമില്ലെന്ന്  പരിഹസിച്ച് അയാൾ ദൂരക്കാഴ്ചയുടെ സമയക്കുഴലിലൂടെ നോക്കി. ചാറ്റൽമഴ ചിന്നുന്ന എട്ടാംനാളിന്റെ പുലരിയിൽ ശോശയുടെ കുഴിക്കരയിൽ വിങ്ങിപ്പൊട്ടുന്ന തോമസിനെ അപ്പോൾ പാപ്പൻ കണ്ടു. എട്ടുനാൾ കൊണ്ട് തോമസ് എത്രത്തോളം ചടച്ചുപോയിരിക്കുന്നു എന്നു പാപ്പൻ അത്ഭുതപ്പെട്ടു. ആകാംക്ഷ ഞെരിച്ചപ്പോൾ അയാൾ ഭാവിയുടെ ഭൂമിക്കാഴ്ചകളിലേക്ക് ഒന്നുകൂടി നോട്ടം കൂർപ്പിച്ചു. ശോശ മരിച്ച് കൃത്യം നാൽപ്പത്തിയേഴാം നാളിന്റെ സന്ധ്യയിൽ കാഴ്ച കുരുങ്ങി. ഇട്ടിയുടെ ഓർമനാളിനു കെട്ടിയുയർത്തിയ പന്തൽ ഇനിയും വീട്ടുമുറ്റത്തുനിന്ന് അഴിച്ചുമാറ്റിയിരുന്നില്ല. അതിന്റെ കാലുകൾ ചിലതു ചാഞ്ഞിരുന്നു. ടാർപോളിൻ കുഴിഞ്ഞ് കെട്ടിനിന്ന വെള്ളത്തിൽ പടിഞ്ഞാറു ചാഞ്ഞ സൂര്യന്റെ തിളക്കം ബാക്കിയുണ്ടായിരുന്നു.

ആളൊഴിഞ്ഞ വീടിന്റെ മുൻവശത്തെ മുറിയിൽ പാതിയിരുട്ടിൽ, ഓർമകളിലേക്കു തലചേർത്തിരുന്ന തോമസിന്റെ നെഞ്ചിൽ പൊടുന്നനെ  രാമച്ചമണം വന്നു തിങ്ങി. ‘ശോശേ’ എന്നു പിടയ്ക്കുന്ന ഇടനെഞ്ചുമായി അയാൾ മൂക്കു തുറന്നുപിടിച്ചു. അപ്പോൾ, കപ്പത്തോട്ടത്തിനു നടുവിലൂടെ റബേക്ക ഒരു സ‍ഞ്ചിയുമായി അവിടേക്കു വന്നു കയറി. സ്വർണനിറമുള്ള മുത്തുപതിച്ച ചെരിപ്പ് വാതിലിൽ ഊരിയിട്ട്, ‘എന്തിനാ തോമാച്ചാ ഇരുട്ടത്തിരിക്കുന്നേ’ എന്നു ചോദിച്ച് അവൾ വിളക്കു തെളിച്ചു. രാമച്ചമണത്തിന്റെ മാന്ത്രികവശ്യതയിൽ ബന്ധിക്കപ്പെട്ട തോമസ് പാതിബോധത്തോടെ അവളെ നോക്കിയിരുന്നു. 

‘‘എന്താ ഇങ്ങനെ നോക്കുന്നേ?’’ റബേക്ക, സ്വർണവളച്ചന്തമുള്ള കൈ മുഖത്തിനുനേരേ വീശി, മാന്ത്രികനെപ്പോലെ അയാളെ വർത്തമാനകാലത്തിലേക്കു പരിവർത്തനം ചെയ്യിച്ചു, ‘‘ശോശയല്ല,ഞാൻ റബേക്കയാ. അല്ലെങ്കി വേണ്ട. തോമാച്ചൻ ശോശയാന്നുതന്നങ്ങു വിചാരിച്ചോ. എന്താ കുഴപ്പമുണ്ടോ?’’

ഒറ്റക്കണ്ണടച്ചും ചോരച്ചുണ്ടിന്റെ പാതി കൈകൊണ്ടു പൊത്തിയുമുള്ള റബേക്കയുടെ ചിരി അയാളുടെ കാഴ്ചയിൽ സന്ധ്യപോലെ ആളി.

‘‘എന്നും ഇങ്ങനെ ഇരുട്ടിൽ കഴിയാനാണോ ഉദ്ദേശം?’’ മുറിയിലെ ഒരു വിളക്കുകൂടി തെളിയിക്കുന്നതിനിടയിൽ റബേക്ക ചോദിച്ചു, ‘‘സങ്കടപ്പെടണ്ടാന്നൊന്നും ഞാൻ പറയത്തില്ല. പക്ഷേ, അതിന് ഒരവസാനം വേണം. 

‘‘റബേക്ക ഇങ്ങോട്ടു വരുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ?’’

തോമസ് ജനാലയിലൂടെയും വാതിലിലൂടെയും എത്തിനോക്കുന്ന അരണ്ട സന്ധ്യയെക്കണ്ടു പരിഭ്രാന്തനായി.

‘‘ശ്രദ്ധിച്ചാലെന്താ? ഞാൻ ആദ്യമായിട്ടല്ലല്ലോ ഇങ്ങോട്ടുവരുന്നേ...’’

റബേക്ക, തോമസിനരികിൽ സോഫയിൽ വന്നിരുന്നു. തോമസ് നീങ്ങിയിരുന്നപ്പോൾ അവൾ പിന്നെയും അയാൾക്കരികിലേക്കു നിരങ്ങി. ആദ്യമായി താൻ വന്നു കയറിയപ്പോൾ അന്നയെ മടിയിൽവച്ച് തോമസ് ഇരുന്ന അതേ ഇടത്താണ് അയാൾ ഇപ്പോഴുമിരിക്കുന്നതെന്ന് അത്ഭുതത്തോടെ റബേക്ക ഓർത്തു.

‘‘തോമാച്ചൻ ആരെയാ പേടിക്കുന്നേ? എന്തിനാ പേടിക്കുന്നേ?’’ 

‘‘പേടിക്കണ്ടേ റബേക്കേ?’’

‘‘തോമാച്ചന്റെ പേടിയും സങ്കടോമൊക്കെ മാറ്റാൻ ഞാനൊരു സാധനം കൊണ്ടുവന്നിട്ടുണ്ട്.’’

തുണിസഞ്ചി തുറന്ന് അവൾ സ്വർണത്തിളക്കമുള്ള ഒരു കുപ്പി പുറത്തെടുത്തു.

‘‘ഒന്നാന്തരം ജാതിക്കാ വൈനാണ്. ഞാൻ തന്നെ ഉണ്ടാക്കിയതാ.’’ 

തട്ടിൽനിന്ന് ഗ്ലാസെടുത്ത് കഴുകിത്തുടച്ച് റബേക്ക മേശപ്പുറത്തുവച്ചു.

‘‘ഇപ്പോ കുടിച്ചാ ചിലപ്പോ ഞാൻ നിലവിട്ടുപോകും.’’

തോമസ് മടിച്ചു.

‘‘നിലവിട്ടാലും കാണാൻ ഞാനല്ലേയുള്ളൂ...കുഴപ്പമില്ല. അല്ലെങ്കിൽ കൂട്ടിന് ഞാനും കഴിക്കാം. അപ്പോൾ എന്റേം നിലവിടുമല്ലോ....’’

റബേക്ക ചിരിച്ചു. അവൾ ഗ്ലാസെടുത്ത് ബലമായി തോമസിന്റെ കൈയിൽ പിടിപ്പിച്ചു. അന്നാദ്യമായി അവൾ, അയാളുടെ അരക്കെട്ടിലേക്കു നോക്കി.

‘‘ച്ഛേ...ആ എന്തിരവൾ ഇന്ന് അവന്റെ കൂടൊറങ്ങും...എനിക്കൊറപ്പാ...’’

ജോസഫ് പാപ്പൻ നാക്കുകടിച്ചു. അയാളുടെ കാഴ്ചയിൽ നനവു പടർന്നു. 

‘‘എന്താടീ അന്നമ്മേ ഇതിന്റെയൊക്കെ അവസാനം?’’

കണ്ണടച്ചിരിക്കുന്ന അന്നമ്മ വല്യമ്മയ്ക്കരികിൽ ജോസഫ് പാപ്പൻ വന്നിരുന്നു.

‘‘എനിക്കറിയാമ്മേലേ...’’

അന്നമ്മ വല്യമ്മ കണ്ണു തുറന്നില്ല.

‘‘കുന്നിനൊരു കുഴിയും വേനലിനൊരു മഴേം ഇരുട്ടിനു വെളിച്ചോമുണ്ടെന്നല്ല്യോ നമ്മളു പഠിച്ചേ...അപ്പോ അവസാനമൊരു വെളിച്ചം വന്നു കേറുമോ ആ റബേക്കേടെയും മനസ്സിൽ?’’

‘‘ഇല്ലാതെങ്ങനെ? അവൾ പശ്ചാത്തപിക്കും പാപ്പാ. കർത്താവ് അവളെ പാഠം പഠിപ്പിക്കും. പുഞ്ചക്കുറിഞ്ചിക്കാരു മുഴുവൻ അവളുടെ തനിനിറം തിരിച്ചറിയും. അവളെ കല്ലെറിഞ്ഞോടിക്കും. അതു കാണാനായിട്ടായിരിക്കും നമ്മളെ ഇങ്ങനെ കർത്താവ് തളച്ചിട്ടിരിക്കുന്നേ.’’

‘‘നമ്മടെ മാത്രമല്ല, ഇട്ടീടേം സ്വത്തുമുഴുവൻ അവടെ കൈയിലായിപ്പോയല്ലോടീ അന്നമ്മേ? നമ്മടെ കൊച്ചുങ്ങള് അനുഭവിക്കേണ്ടതല്ല്യോടീ എല്ലാം...’’

പാപ്പൻ തലയിൽ കൈവച്ചു.

‘‘എല്ലാം നിങ്ങടെ ബുദ്ധിമോശം കാരണമല്ല്യോ? കഴിഞ്ഞതു കഴിഞ്ഞു. ഒന്നോർത്തോ, ഇപ്പോൾ നമ്മളിവിടെനിന്നു കാണുന്നതുപോലെ ഒരുദിവസം അവളും ജീവിച്ചിരിക്കുന്നവരുടെ തലയ്ക്കുമേലേനിന്നു ലോകം കണ്ടു കണ്ണുനിറയ്ക്കും. നോക്കെത്താദൂരം പുരയിടം വാങ്ങിക്കൂട്ടിയല്ല പരലോകജീവിതം പുഷ്ടിപ്പെടുത്തേണ്ടിയിരുന്നതെന്നു തിരിച്ചറിയും.’’

അന്നമ്മവല്യമ്മ തീർത്തു പറഞ്ഞപ്പോൾ ജോസഫ് പാപ്പൻ ഇരുത്തിമൂളി.  ദൂരക്കാഴ്ചയുടെ സമയക്കുഴലുകളിലേക്ക് പലതവണ നോട്ടം കൊരുത്തിട്ടും പുകപോലെ പരന്ന അനാദിയായ കാലത്തിന്റെ അടയാളങ്ങളല്ലാതെ അയാൾക്കുമുന്നിൽ റബേക്കയുടെ ജീവിതത്തിന്റെ അടരുകളൊന്നും തെളിഞ്ഞില്ല.

‘‘പക്ഷേ, എനിക്കു കാണാം പാപ്പാ, ഒരു മെഴുകുതിരി,’’ അന്നമ്മ വല്ല്യമ്മ എഴുന്നേറ്റിരുന്നു, ‘‘അതിനു മുന്നിൽ മുട്ടുകുത്തി അവളിരിപ്പുണ്ട്. അവടെ കണ്ണിൽനിന്നൊഴുകുന്ന നീരു ചുറ്റും പുഴപോലെ തളം കെട്ടിയിട്ടുണ്ട്. അന്ത്യവിധിയുടെ കാഹളം മുഴങ്ങുന്നത് എനിക്കു കേൾക്കാം.’’

‘‘നേരോ?’’ജോസഫ് പാപ്പൻ ഇളകിയിരുന്നു, ‘‘പക്ഷേ, അന്നമ്മേ, ഒരു സംശയം....കുരുടനു കാഴ്ചകൊടുക്കുകയും മുടന്തനെ നടത്തുകയും മഗ്ദലനയിലെ മറിയത്തെ വിശുദ്ധയാക്കുകയും ചെയ്ത ഒടേതമ്പുരാൻ റബേക്കയുടെ പാപങ്ങളും തൂത്തുതുടച്ചുകളയത്തില്ലായോ?....’’ 

അങ്ങനൊരു സാധ്യതയെക്കുറിച്ചുള്ള ആലോചന അന്നമ്മ വല്യമ്മയെക്കൊണ്ട് കുരിശുവരപ്പിച്ചു.

‘‘ഇവൾ ഇവളുടെ കണ്ണീരുകൊണ്ട് എന്റെ കാലുകൾ നനച്ച് തലമുടികൊണ്ട് തുടച്ചു. നീ എന്നെ ചുംബിച്ചില്ല, ഇവളോ, ഞാൻ അകത്തു വന്നപ്പോൾ മുതൽ എന്റെ പാദങ്ങളിൽ ചുംബിക്കുന്നു. നീ എന്റെ തലയിൽ തൈലം ഒഴിച്ചില്ല. ഇവളോ എന്റെ പാദങ്ങളിൽ സുഗന്ധതൈലം ഒഴിച്ചു. അതുകൊണ്ട്, ഞാൻ നിന്നോടു പറയുന്നു: അവളുടെ പാപങ്ങൾ വളരെയധികമാണെങ്കിലും അതെല്ലാം ക്ഷമിച്ചിരിക്കുന്നു.’’

ഗാന്ധിസൂക്തത്തിനുപകരം വേദപുസ്തകം മന്ത്രമാക്കിയ ജോസഫ് പാപ്പൻ ചെറുചിരികൊണ്ട് അടിവരയിട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: 

‘‘വെറും റബേക്കയല്ല, അവൾ വിശുദ്ധ റബേക്ക!’’

(തുടരും)

English Summary: Rabecca E- novel written by Rajeev Sivshankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com