പരമാവധിയെ ‘പത്മാവതിയാക്കി’ തിത്തിമി, എല്ലാവരും ചിരിയോട് ചിരി

HIGHLIGHTS
  • കുട്ടികൾക്കായി ശ്രീജിത് പെരുന്തച്ചൻ എഴുതുന്ന നോവൽ
  • തിത്തിമി തകതിമി - അധ്യായം 2
thithimi-thakathimi-e-novel-written-by-sreejith-perumthachan-chapter-2
വര: അനൂപ് കെ. കുമാർ
SHARE

തിത്തിമി ഇങ്ങനെ പല വാക്കുകളും പറയുന്നത് കേട്ടാൽ ആർക്കും ഒന്നും പിടികിട്ടില്ല. ഇന്നാള് ഒരു ദിവസം തിത്തിമി അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം ഗുരുവായൂര് പോയി . അവിടെ താമസിക്കുന്ന ഹോട്ടലിൽ തിത്തിമിക്കും അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും രണ്ടാമത്തെ നിലയിലാണ് മുറി കിട്ടിയത്. എല്ലാവരും ലിഫ്റ്റിൽ കയറി മുകളിൽ ചെന്നു. മുറിയിലെത്തിയതും തിത്തിമി അമ്മയോട്  ചോദിക്കുകയാ, എന്താ അമ്മേ ലിഫ്റ്റിൽ പത്മാവതി എന്നെഴുതി വച്ചിരിക്കുന്നതെന്ന്. പത്മാവതിയോ അതെന്താ അങ്ങനെ, ഞാൻ ശ്രദ്ധിച്ചില്ലല്ലോ എന്നായി അമ്മ. 

തിത്തിമി മുത്തശ്ശിയോടും അതുതന്നെ ചോദിച്ചു. മുത്തശ്ശിയും പറഞ്ഞു, അയ്യോ, മോളേ ഞാൻ കണ്ടില്ല. തന്നെയുമല്ല ലിഫ്റ്റിലെന്തിനാ പത്മാവതി എന്നെഴുതിവയ്ക്കുന്നത് എന്ന്. അപ്പോ അമ്മ പറഞ്ഞു, ങാ സാരമില്ല, നമുക്ക് ഇനി താഴേക്ക് പോവുമ്പം നോക്കാം എന്താണെന്ന്. കുറച്ചു നേരം കഴിഞ്ഞു. അപ്പോ തിത്തിമി ഓടി വന്നു പറയ്വാ, ലിഫ്റ്റിൽ എഴുതിയിരിക്കുന്നത് പത്മാവതി പത്തുപേര് മാത്രം എന്നാണെന്നത്രേ. ഇതുകേട്ട് അമ്മയ്ക്ക് ശുണ്ഠി കയറി, പോ കൊച്ചേ അവളും അവൾടെ ഒരു പത്മാവതീം. ഒരു പത്മാവതി തന്നെ അറിയാൻ വയ്യ അപ്പോഴാ പത്തുപത്മാവതി. 

മുടി ചീകിക്കൊണ്ടിരുന്ന തിത്തിമീടെ അച്ഛൻ ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു. അച്ഛൻ വന്ന് തിത്തിമീട അമ്മയോട് പറഞ്ഞു, എടീ എനിക്കു തോന്നുന്നത് ലിഫ്റ്റിൽ പരമാവധി പത്തുപേർ മാത്രം എന്നായിരിക്കും എഴുതിയിരിക്കുക. അത് ഇവൾ പത്മാവതിയാക്കിയതായിരിക്കും എന്ന്.

അപ്പോ അമ്മയും മുത്തശ്ശിയും കൂടി ചിരിയോട് ചിരി. പിന്നെ ലിഫ്റ്റിൽ കയറിയപ്പോഴുണ്ട് അച്ഛൻ പറഞ്ഞതാ ശരി. പരമാവധിയെയാണ് തിത്തിമി പത്മാവതിയാക്കിയത്. എന്നിട്ടും തിത്തിമി ലിഫ്റ്റിലെ ആ സ്റ്റിക്കറിലേക്കു തന്നെ നോക്കിക്കൊണ്ട് നിൽക്കുകയാണ്. പിന്നെ അമ്മയോട് താൻ പറഞ്ഞതല്ലേ ശരി എന്ന മട്ടിൽ ചോദിക്കുന്നുമുണ്ട്, അമ്മേ ദാ ഈ എഴുതിയിരിക്കുന്നത് പത്മാവതി എന്നല്ലേ എന്ന്. അല്ല എന്നു പറഞ്ഞിട്ടും തിത്തിമിക്ക് എന്തോ വിശ്വാസം വരുന്നില്ല. മോള് പഠിച്ച് വലുതാവുമ്പം ശരിയായി വായിക്കണം എന്നു പറഞ്ഞു തിത്തിമിയുടെ മുത്തശ്ശി അപ്പോൾ. വായിക്കുന്നത് മാത്രമല്ല പല വാക്കുകളും തിത്തിമി പറയുന്നതും തെറ്റിച്ചാണ്.

ഗുരുവായൂര്ന്ന് വീട്ടിലേക്ക് കാറില് പോവുമ്പം തിത്തിമീടച്ഛന് നല്ല വിശപ്പുണ്ടായിരുന്നു. നല്ല ഹോട്ടൽ കണ്ടാൽ വണ്ടി നിർത്തി എന്തെങ്കിലും കഴിക്കാനായിരുന്നു അച്ഛന്റെ പ്ലാൻ . ഇതിനിടയ്ക്ക് തിത്തിമി വണ്ടിയിലിരുന്ന് ചുറ്റിനും നോക്കി കാഴ്ചകളൊക്കെ കണ്ട് ആസ്വദിച്ച് ഓരോന്നൊക്കെ അമ്മയോടും മുത്തശ്ശിയോടും വിളിച്ചു പറയുന്നുണ്ട് . ഒരിടത്തൂടെപ്പോയപ്പോ തിത്തിമി പറഞ്ഞു , അപ്പക്കട സാധ്യതാ മേഖല എന്ന്. വിശപ്പുണ്ടായിരുന്നതു കൊണ്ടുകൂടി തിത്തിമിയുടെ അച്ഛൻ  ആ പറഞ്ഞത് ശ്രദ്ധിച്ചു. തിത്തിമീട അമ്മയോട്  അവളെന്താ പറയുന്നത് എന്നു ശ്രദ്ധിച്ചേ എന്നും തിരക്കി. അമ്മയ്ക്ക്  ഒരു ബോർഡ് കാണിച്ചു കൊടുത്തിട്ട് തിത്തിമി പറഞ്ഞു, ദേ അമ്മേ അപ്പക്കട സാധ്യതാ മേഖല എന്ന് എഴുതിവച്ചിരിക്കുന്നത് കണ്ടോ എന്ന്. അമ്മ നോക്കിയപ്പോ അപകട സാധ്യതാ മേഖലയെയാണ് തിത്തിമി അപ്പക്കട സാധ്യതാ മേഖലയാക്കിയത്. അവളിങ്ങനെ ഓരോന്നു പറയും. അതിനൊക്കെ ചെവികൊടുക്കാതെ ശ്രദ്ധിച്ചു വണ്ടിയോടിക്ക് – അമ്മ പറഞ്ഞു. എന്നിട്ട് അവളോട് തലമുടിയിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു, മതി കാഴ്ച കണ്ടത്. മോള് അമ്മേടെ മടീലോട്ട് കിടന്നുറങ്ങിക്കോ എന്ന്.

ഓറഞ്ച് തിത്തിമിക്ക് വലിയ ഇഷ്ടമാണ്. തിത്തിമിയെ അച്ഛന് വെളിയിലേക്ക് കൊണ്ടുപോവാനേ പറ്റില്ല. എവിടെയെങ്കിലും ഒരു ഓറഞ്ച് കച്ചവടക്കാരനെ കണ്ടാൽ മതി തിത്തിമി ഉടനെ അങ്ങോട്ട് വിരൽ ചൂണ്ടി ദാ ഓഞ്ചാറ് എന്നു പറയും. ഓറഞ്ച് ചാറു കൂടുതലുള്ള ഫലമായതിനാൽ തിത്തിമീടെ വിചാരം അതിനു ശരിക്കും ഓഞ്ചാറ് എന്നാണ് പറയുക എന്നാണ്. തിത്തിമിയോട് എത്ര തവണ തിരുത്തിപ്പറഞ്ഞാലും പിന്നെയും അങ്ങനെയേ പറയൂ. ഇന്നാള് ഒരു ദെവസം  തിത്തമിക്ക് അമ്മ ചോറ് തരാമെന്ന് പറഞ്ഞു. അപ്പോ തിത്തിമി ചോദിച്ചു, അമ്മേ ഓലുണ്ടോ എന്ന്. അമ്മയ്ക്ക് ഒന്നും പിടികിട്ടിയില്ല. പിന്നേം പല തവണ അമ്മ ചോദിച്ചു, ഓലോ അതെന്താ നീയിപ്പറയുന്നത് എന്ന്. ‘‘രാവിലെ സൈക്കിളേല് കൊണ്ടുവന്നപ്പം അമ്മ വാങ്ങിച്ച ഓല്...’’ തിത്തിമി പറഞ്ഞു. 

ഒടുവിൽ മുത്തശ്ശി ഊഹിച്ച് അമ്മയോട് പറഞ്ഞു, മീനിനെയാണ് ഇവൾ ഓല് എന്നു പറയുന്നതെന്ന്. ‘‘മീൻ എങ്ങനെ ഓലായി എന്നാ ഞാനാലോചിക്കുന്നത്...’’അമ്മ പറഞ്ഞു. 

മുത്തശ്ശിയാണ് പറഞ്ഞത്, ഓ എന്നു വിളിച്ചുംകൊണ്ടാണ് മീൻകാരൻ റോഡിലൂടെ പോവുക. ഓ എന്നു വിളിച്ചുകൊണ്ട് മീൻകാരൻ വിൽക്കുന്ന സാധനം ഓല് അതാണ് അതിന്റെ ന്യായം മുത്തശ്ശി പറഞ്ഞപ്പോ അമ്മയ്ക്കും ചിരി വന്നു.

ഇവൾ മുന്തിരിങ്ങയ്ക്ക് മുങ്ങണ്ടിയാ എന്നു പറയുന്നവളാ. അല്ലേടീ പെണ്ണേ എന്നു ചോദിച്ച് അമ്മ തിത്തിമിക്കുട്ടിയെ മടിയിലിരുത്തി. തിത്തമിയെക്കുറിച്ച് അമ്മപറഞ്ഞു, പണ്ടിവൾ വലിയ മീൻ കണ്ടപ്പോ, അയ്യോ അമ്മേ ഞാനങ്ങ് അൽബുദിച്ചുപോയി എന്നു പറഞ്ഞവളാ. അന്ന് അമ്മ തിത്തിമിയോട് ചോദിച്ചു എന്താ ഈ പറയുന്നെ അൽബുദിച്ച് പോയെന്നോ? 

‘‘അൽഭുതപ്പെട്ടു പോയി എന്നു പറഞ്ഞേ...’’ – അമ്മ തിത്തിമിയോട് പറഞ്ഞു. തിത്തിമി പറഞ്ഞു, ഓ അതൊക്കെ വലിയ പാടാ അമ്മേ. അൽബുദിച്ചു എന്നു പറയുന്നതാ എളുപ്പം എന്ന്.

English Summary : Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 2

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിറപ്പെയ്ത്തായി തുലാമഴ; അണനിറയുന്ന ആശങ്ക, മുല്ലപ്പെരിയാറിലെന്ത്?

MORE VIDEOS
FROM ONMANORAMA