ADVERTISEMENT

സ്വാമി അമ്മാവന്റെ കുസൃതികൾ

സ്വാമിഅമ്മാവനാണോ തിത്തിമിക്കാണോ കുരുത്തക്കേട് കൂടുതലെന്നു ചോദിച്ചാൽ സ്വാമി അമ്മാവനാണ്. ഒരു ദിവസം തിത്തിമീടെ അച്ഛൻ സ്വാമി അമ്മാവന് ടൗണിൽ ഒരിടത്തേക്കു പോവേണ്ട വഴി കാണിച്ചു കൊടുക്കുകയായിരുന്നു. ‘‘അമ്മാവാ ദാ ആ ബൈക്കിരിക്കുന്ന സ്ഥലം കണ്ടോ അവിടെ നിന്ന് നേരെ പോയാൽ മതി’’  ‘‘ഓ അതു ശരി ’’ സ്വാമി അമ്മാവൻ പറഞ്ഞു, ‘‘അല്ലാ ഞാൻ നാളെ അതുവഴി വരുമ്പം അവിടെ ആ ബൈക്ക്  ഉണ്ടാവല്ലല്ലോ. അപ്പോഴെങ്ങനെ ആ സ്ഥലം തിരിച്ചറിയും? ’’ സ്വാമി അമ്മാവന്റെ ചോദ്യം കേട്ട് തിത്തിമിയുടെ അച്ഛനും തിത്തിമിക്കും ചിരി വന്നു. 

 

അമ്മാവന് ആര് വീട്ടിൽ വന്നാലും അവരെയിരുത്തി വയറുനിറയെ ഭക്ഷണം കൊടുക്കണമെന്നുള്ളത് നിർബന്ധമാ. ഒരുദിവസം അമ്മാവന്റെ പഴയ ഒരു കൂട്ടുകാരൻ വീട്ടിൽ വന്നു. അമ്മാവനെ കാണാനായി വന്നതല്ല. അതുവഴി പോയപ്പം കേറിയെന്നേയുള്ളൂ. അയാൾ കഷ്ടിച്ചൊന്ന് കണ്ടെന്നു വരുത്തിയിട്ട് വേഗമങ്ങ് പോവാൻ വന്നതാ. അമ്മാവനുണ്ടോ അയാളെ വിടുന്നു. ‘‘ബാ, ഇരിക്ക് ചോറുണ്ടിട്ട് പോയാൽ മതി ’’ അമ്മാവൻ പറഞ്ഞു. ഇല്ല സ്വാമീ , ഇനിയൊരിക്കലാവട്ടെ. അപ്പോഴാവാം ചോറും കാപ്പിയുമൊക്കെ’’അയാൾക്ക് വേഗം പോവണമെന്നു അയാളുടെമുഖം കണ്ടാലറിയാം. ‘‘ശ്ശൊ, അങ്ങനെ പറഞ്ഞാലെങ്ങനാ, ഇപ്പോ ഇവിടെ ചോറും കറികളുമെല്ലാം റെഡിയാ. കഴിച്ചിട്ട് പോയാൽ മതി. ’’ അമ്മാവൻ വിടുന്ന മട്ടില്ല. അടുക്കളയിൽ അമ്മായി പിറുപിറുക്കാൻ തുടങ്ങി: ‘‘ഈ മനുഷ്യനെക്കൊണ്ടു തോറ്റു, വരുന്നവരെയും പോവുന്നവരെയുമെല്ലാം വിളിച്ച് ചോറും കറിയും കൊടുത്തേ വിടൂ എന്നുവച്ചാൽ ഇവിടൊന്നുമില്ല വച്ചുവിളമ്പാൻ’’ പുറത്ത് വന്നയാള് നിന്നു വേണ്ട സ്വാമീ, വേണ്ട സ്വാമീ എന്നു പറയുന്നത് കേൾക്കാം. 

 

അമ്മാവൻ വീണ്ടും, അതു പറഞ്ഞാൽ പറ്റില്ല. കഴിച്ചേ പറ്റൂ എന്നു പറഞ്ഞ് അയാളുടെ കാലിലും കയ്യിലുമൊക്കെക്കയറി പിടിക്കുകയാണ്. അയാളാണെങ്കിൽ കഴിക്കാം എന്നു പറയുന്നതുമില്ല. അയാൾ നിന്നു വിയർക്കുകയാണ്. വീണ്ടും അയാളോട് അമ്മാവൻ പറഞ്ഞു, ‘‘ചോറുണ്ണണം. അല്ലാതെ പോവരുത്. ’’ ഇത്തവണ ഒറ്റശ്വാസത്തിന് അൽപ്പം ചമ്മലോടെയാണെങ്കിലും അയാൾ പറഞ്ഞു, സ്വാമീ എനിക്ക് വയറിളക്കമാ. അതാ വേണ്ടാന്നു പറഞ്ഞത് എന്ന്. ഒടുവിൽ വയറിളക്കം മാറിയിട്ട് ഇവിടെ വന്ന് ചോറുണ്ടിട്ട് പോവണം എന്ന് സ്വാമി അമ്മാവൻ അയാളോട് പറഞ്ഞില്ലെന്നേയുള്ളൂ. ‘‘ഇനി അയാള് ഈ വീട്ടിൽ മേലാൽ വരുത്തില്ലെന്നു മാത്രമല്ല ഈ വഴിക്ക് വരുന്ന ബസിലോട്ട് പോലും നോക്കത്തില്ല. മനുഷ്യനെ ഉപദ്രവിക്കുന്നതിന് ഒരു പരിധിയില്യോ. ഒരു കാരണവശാലും അയാളെ വെറുതെ വിടത്തില്ലെന്നു പറഞ്ഞാല്. ’’ അമ്മായി അമ്മാവനെ വഴക്കുപറഞ്ഞു. സ്വാമി അമ്മാവന്റെ കുസൃതികളോർത്ത് ചിരിക്കുകേം ചെയ്തു.

 

അമേരിക്കേന്നൊക്കെ ചെലര് സ്വാമി അമ്മാവനെ കാണാൻ വരും. അമ്മാവന് വലിയ കഴിവുകളൊക്കെയുണ്ടെന്നാണ് വരുന്നവര് പറയാറ്. ഒരു ദിവസം തിത്തിമി അമ്മയോടും അച്ഛനോടുമൊപ്പം സ്വാമി അമ്മാവന്റെ വീട്ടിൽ ചെന്നപ്പോ സിന്ധുച്ചേച്ചീടെ മോള് ദേവു പറയുവാ, ഞാൻ കാണിച്ചു തരാം അപ്പൂപ്പന്റെ കഴിവുകളെന്ന്. എന്നിട്ട്  പോയി ഫോണെടുത്തുകൊണ്ടു വന്നു. അതിൽ ഒരു വിഡിയോ ഉള്ളത് കാണിക്കുകയാണ് ദേവു. അമ്മാവന് എന്നും രാവിലെ  യോഗ ചെയ്യുന്ന പതിവുണ്ട്. ആരും ശല്യപ്പെടുത്തരുതെന്നു പറഞ്ഞ് വേറൊരു മുറീലിരുന്നാണ് യോഗ. ശ്വാസം ഇരുപത് തവണ മുകളിലോട്ട് വലിക്കുക. വീണ്ടും ഇരുപത് തവണ ശ്വാസം വിടുക ഇങ്ങനെയാണ് യോഗ. 

 

ഒരു ദിവസം ദേവു ചെന്നപ്പം അമ്മാവൻ ഇരുന്ന് ഉറക്കം തൂങ്ങുകയാണ്. രണ്ടുവശത്തേക്കും തലയാട്ടിയാട്ടി തലകൊണ്ട് ഡാൻസ് ചെയ്യുന്നതുപോലെ ഇരുന്നുറങ്ങുന്നത് ദേവു വിഡിയോയിലെടുത്തു. ഇതൊക്കെ കണ്ട് തിത്തിമിക്കും അമ്മയ്ക്കും ചിരിയോടു ചിരി. സ്വാമി അമ്മാവൻ അതുവഴി വന്നു. ദേവു ആദ്യം എത്ര പറഞ്ഞിട്ടും അമ്മാവൻ സമ്മതിച്ചുതരുന്നില്ലത്രേ, അമ്മാവൻ ഉറങ്ങിപ്പോയെന്ന്. അപ്പോ ദേവു ഫോണെടുത്തുകൊണ്ടുവന്നു കാണിച്ചുകൊടുത്തു. അപ്പോ അമ്മാവൻ പറഞ്ഞത്രേ, അത് ഉറങ്ങിയതല്ല, തല രണ്ടുവശത്തേക്കും ആട്ടിക്കൊണ്ടുള്ള ഒരു യോഗയാണെന്ന്. ഇതാ ശരിക്കും അപ്പൂപ്പന്റെ കഴിവ്. ഇത് നമുക്കൊക്കെയുള്ള കഴിവാണ്. ഇതു കാണാനാണ് അമേരിക്കേന്ന് ആളു വരുന്നത്. നമ്മളെയൊന്നും കാണാൻ ആരും വരുന്നില്ലല്ലോ ’’ ദേവു അമ്മാവനെ ശരിക്കും കളിയാക്കിച്ചിരിക്കുകയാണ്.

 

English Summary : Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com