ADVERTISEMENT

തിത്തിമി ചിലപ്പോ സ്കൂളിൽ നിന്നു നടന്നു വരുന്ന വഴിക്ക് മുത്തച്ഛനെ കാണും. കാലൻകുട പിടിച്ച് സ്കൂളിനടുത്ത് മുത്തച്ഛൻ എത്തുമ്പോ ചിലപ്പോ സ്കൂൾ മണിയടിച്ചു വിട്ടു എന്നിരിക്കട്ടെ. കൂട്ടം കൂട്ടമായി കുട്ടികൾ പോവുമ്പോൾ അവരെ മുത്തച്ഛൻ ശ്രദ്ധിച്ചുനോക്കും. എന്റെ തിത്തിമിക്കുട്ടി ഇക്കൂട്ടത്തിലുണ്ടോ എന്നു നോക്കുകയാണ് മുത്തച്ഛൻ. തിത്തിമിയെ കണ്ടാൽ വാൽസല്യത്തോടെ മുത്തച്ഛൻ അരികിലെത്തും. ‘‘മുത്തച്ഛൻ എങ്ങോട്ടാ ഇപ്പോ?’’തിത്തിമി ചോദിക്കും. അപ്പോ മുത്തച്ഛൻ പറയും,‘‘മോളേ , ഒരു കോളൊണ്ട്. മഴ പെയ്താലോന്നു കരുതി മുത്തച്ഛൻ നേരത്തെയങ്ങ് തൊഴുതിട്ട് പോവാമെന്നു വച്ചിറങ്ങിയതാ ’’ പേരക്കുട്ടിയോടുള്ള സ്നേഹം കൊണ്ട് മുത്തച്ഛൻ വീണ്ടും ചോദിക്കും, ‘‘മോൾക്ക് ചായ വേണോ?’’ ‘‘അയ്യോ , വേണ്ട വേണ്ട. മുത്തച്ഛൻ പോയിട്ടു വാ’’ എന്നു പറഞ്ഞ് തിത്തിമി കൂട്ടുകാർക്കൊപ്പം നടക്കും. തിത്തിമിക്ക് മുത്തച്ഛന്റെ കൂടെപ്പോയി ചായ കുടിക്കാനൊക്കെ കൂട്ടുകാരുടെ മുന്നിൽവച്ച്  നാണക്കേടാണ്.

 

തിത്തിമിയുടെ സ്കൂളിന് നേരെ എതിർവശത്താണ് അമ്പലം. തിത്തിമിയുടെ സ്കൂളും അമ്പലവുമൊക്കെ വീട്ടിൽ നിന്നു വളരെയടുത്തുമാണ്. നടന്നുപോകാവുന്ന ദൂരം മാത്രം.  മഴ പെയ്യുമോ ഇല്ലെയോ ഇതൊക്കെ മുത്തച്ഛനും മുത്തശ്ശിക്കും കൃത്യമായി അറിയാം.‘‘അതെന്തൊ നമ്മൾക്കറിയാൻ വയ്യാത്തത് മഴ പെയ്യുമോന്ന് ’’ ഒരിക്കൽ തിത്തിമി അമ്മയോട് ചോദിച്ചു. ‘‘അവരൊക്കെ പഴയ ആൾക്കാരാ അവർക്ക് വാച്ച് നോക്കാതെ സമയം പറയാം. മഴ പെയ്യുമോ ഇല്ലെയോ എന്നു പറയാം. അങ്ങനെ പല കഴിവുകളുമുണ്ട്’’ അമ്മ പറഞ്ഞു.

 

സ്കൂൾ വിടുന്ന സമയത്ത് മുത്തച്ഛൻ അമ്പലത്തിലേക്ക് പോയാൽ അമ്പലം തുറന്നിട്ടുപോലും ഉണ്ടാകില്ല. ‘‘പിന്നെ മുത്തച്ഛൻ എന്തു ചെയ്തു. എങ്ങനെ തൊഴുതു?’’ തിത്തിമി മുത്തച്ഛൻ വീട്ടിലേക്ക് വരുന്നതു കണ്ട് ചോദിച്ചു. ‘‘ മുത്തച്ഛൻ വെളിയിൽ നിന്നു തൊഴുതിട്ടു പോന്നു. തുറന്നാലും ഇല്ലേലും ദേവി അവിടെ ഉണ്ടല്ലോ. തന്നെയുമല്ല ഇന്ന് ഉദിപ്പ് കണ്ടുകൂട മോളേ.’’  ‘‘മുത്തച്ഛൻ പറഞ്ഞുകൊടുത്തു. ഉദിപ്പോ എന്നു വച്ചാലെന്താ മുത്തച്ഛാ’’ തിത്തിമി ചോദിച്ചു, മുത്തശ്ശിയാണതിനു മറുപടി പറഞ്ഞത്‘‘ചന്ദ്രനെ കാണുന്നതിനെയാണ് ഉദിപ്പ് എന്ന് മുത്തച്ഛൻ പറയുന്നത് മോളേ. ചൊവ്വാഴ്ചയും ശനിയാഴ്ചയുമൊന്നും ചന്ദ്രനെ കാണരുതെന്നാ മുത്തച്ഛൻ പറയാറ് മോളേ.’’ അതെന്താ മുത്തശ്ശീ , തിത്തിമി ചോദിച്ചു.അന്ന് ചന്ദ്രനെ കണ്ടാൽ ദോഷമാണത്രേ. അങ്ങനെയുള്ള ദിവസം മുത്തച്ഛൻ സന്ധ്യ കഴിഞ്ഞാൽ കഴിവതും പുറത്തിറങ്ങില്ല. എത്രയോ വർഷങ്ങളായി അങ്ങനെയാ’’ മുത്തശ്ശി പറഞ്ഞു. ‘‘എത്രയോ വർഷങ്ങളായി എന്നു പറഞ്ഞാൽ ?’’തിത്തിമി ചോദിച്ചു. ‘‘എന്നെ ഇവിടെ കൊണ്ടുവന്ന കാലം മുതൽ അങ്ങനെയാ’’ മുത്തശ്ശി പറഞ്ഞു. തിത്തിമിക്ക് ഉടനെ അതും സംശയമായി. കൊണ്ടുവന്ന കാലം മുതലെന്നു പറഞ്ഞാല് എന്താ അർഥം? ’’ മുത്തശ്ശി പറഞ്ഞു ‘‘ഞങ്ങടെ കല്യാണം കഴിഞ്ഞ കാലം മുതൽ.’’ മുത്തശ്ശി പറഞ്ഞു. ഉടനെ തിത്തിമി ആ പറഞ്ഞതിൽക്കയറിപ്പിടിച്ച് കയ്യടിച്ചുകൊണ്ട് ചിരി തുടങ്ങി, എന്തോ വലിയൊരു കാര്യം അറിഞ്ഞ മാതിരി, ‘‘ ഹായ് , കല്യാണം. മുത്തച്ഛന്റേം മുത്തശ്ശീടേം കല്യാണം.’’ ഇനി അതിനെക്കുറിച്ചും ചോദിക്കുമെന്നു മനസ്സിലാക്കി മുത്തശ്ശി പറഞ്ഞു. ഇങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരുന്നാല് നേരം എളുപ്പമെളുപ്പമങ്ങ് പോവും. മുറ്റം തൂത്തി വിളക്ക് കത്തിക്കാനുള്ളതാ . മോളങ്ങോട്ട് ചെല്ല്. ഇഷ്ടം പോലെ ജോലികിടക്കുന്നവിടെ എന്ന്.

 

ഉദിപ്പ് കാണരുതെന്നു പറയുന്ന ദിവസം  സന്ധ്യയ്ക്ക് മുത്തച്ഛൻ തിത്തിമിയോടും മുത്തശ്ശിയോടും കൂടി പറയും പുറത്തേക്കിറങ്ങരുതെന്ന്. എന്നാൽ ആ ദിവസം അറിയാതെ പുറത്തിറങ്ങിപ്പോയാലോ കൃത്യമായി ചന്ദ്രൻ, ഇന്നാ ഞാനിവിടുണ്ട് എന്നെ എല്ലാരും കണ്ടോ എന്ന മട്ടിൽ നല്ല തെളിഞ്ഞ് ഞെളി‍ഞ്ഞ് മോളിൽ കാണുകേം ചെയ്യും. ചില ദിവസം മുത്തച്ഛൻ മുത്തശ്ശിയോട് പറയുന്നതു കേൾക്കാം, മോളേം കൂടി വിളിച്ചോ നീ എന്ന്. അതെന്താണെന്നോ? ഉദിപ്പ് കാണാൻ വിളിക്കുന്നതാണ്. സന്ധ്യ മയങ്ങുമ്പം മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം തിത്തിമി മുറ്റത്തേക്കിറങ്ങും. അപ്പോ മുത്തച്ഛൻ പറയും, ‘‘ദേ , ഉദിപ്പ് കണ്ടോ. മോള് അങ്ങോട്ട് നോക്കി തൊഴുതോ’’. അന്ന് തിത്തിമി നോക്കുമ്പം അമ്പിളി അമ്മാവൻ മടിച്ചുമടിച്ച് പകുതി തലനീട്ടി തിത്തിമിക്കുട്ടിയെ നോക്കുന്നതായി തിത്തിമിക്ക് തോന്നും. എന്നെ അവര് കണ്ടുപിടിച്ചല്ലോ ശ്ശെടാ എന്ന മട്ടിൽ തല പകുതിയേ വെളിയിൽ കാണിക്കൂ. ഈ അമ്പിളി അമ്മാവൻ ആളൊരു കള്ളനാ അല്ലേ മുത്തശ്ശീ. നമ്മള് നോക്കി നടക്കുമ്പം കാണാം  മാറിപ്പോയി വല്ല മൂലയ്ക്കും നിൽക്കുന്നത്. കാണണ്ടാന്ന് വിജാരിച്ച് നടന്നാ മുമ്പിൽ വന്നുചാടുകേം ചെയ്യും.’’ തിത്തിമി പറ‍ഞ്ഞു.

 

മഴക്കോള് വരുന്നതായിപ്പോലും  ആർക്കും തോന്നില്ല. വെയിലും കാണും. അപ്പോൾ  ചിലദിവസം മുത്തശ്ശി തിത്തിമീടമ്മയോട് വിളിച്ചു പറയും, ‘‘അയേന്ന് തുണിയെല്ലാം എടുത്തേക്ക്. മഴ പെയ്യും’’. മുത്തശ്ശി പറയുന്നതുപോലെ മഴ വരുകേം ചെയ്യും. ചിലപ്പോ മഴ പെയ്താൽ മുത്തശ്ശി പറയുന്നത് കേൾക്കാം. ‘‘പെയ്താലും നിൽക്കത്തില്ല. വേഗമങ്ങ് പോവും’’ എന്ന്. മഴ വേഗമങ്ങ് തോരുമെന്നാണ് മുത്തശ്ശി പറഞ്ഞതിനർഥം. ‘‘അതെന്താ മുത്തശ്ശിക്കെങ്ങനെ അറിയാം , മഴ വേഗം തോരുമെന്ന്?’’തിത്തിമി ചോദിക്കും. ‘‘ഇടവത്തി വൈകിട്ടത്തെ മഴേം വിരുന്നും ഒരു പോലാ എന്നു പറയുന്നത് വെറുതെയല്ല മോളേ’’ മുത്തശ്ശി പറഞ്ഞു. ‘‘എന്നുവച്ചാൽ ?’’ തിത്തിമിക്ക് മുത്തശ്ശി പറഞ്ഞതിന്റെ അർഥം മനസ്സിലായില്ല. മുത്തശ്ശി പറഞ്ഞുകൊടുത്തു, ‘‘എന്നുവച്ചാൽ ഇടവത്തിൽ വൈകിട്ടത്തെ മഴ വൈകിട്ട് വീട്ടിൽ ആരെങ്കിലും വിരുന്നു വന്നാൽ എങ്ങനെയാണോ അതുപോലാണെന്ന്. ഉടനെ പോവുമെന്ന്. നേരം രാത്രിയാവാറായി. ഞങ്ങളിറങ്ങട്ടെ എന്നു പറഞ്ഞങ്ങ് പോവില്ലേ വൈകിട്ട് നമ്മുടെ വീട്ടിൽ ആരെങ്കിലും വന്നാല്. അതേ സമയം രാവിലെ വിരുന്നു വന്നവരാണെങ്കിൽ നേരമിരുട്ടാൻ ഇനിയും സമയം ഉണ്ടെന്നുപറഞ്ഞ് ഉച്ചകഴിഞ്ഞോ വൈകിട്ടോ അല്ലേ പോവൂ’’ മുത്തശ്ശി പറഞ്ഞു. ഏതായാലും മുത്തശ്ശിയുടെ വാക്ക് വിശ്വസിച്ചാൽ മതി. തിത്തിമി സ്കൂളിൽ പോവുമ്പോഴും മുത്തശ്ശി പറയും , ഇന്ന് ചെലപ്പോ വൈകിട്ട് മഴ കാണും , മോള് കുടെയെടുത്തോ എന്ന്. മുത്തശ്ശി പറയുന്നതു പോലെയേ മഴ വരികയും പോവുകയും ചെയ്യൂ.

 

English Summary : Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com