ADVERTISEMENT

ഉത്സവങ്ങളുടെ കാലം

സന്ധ്യയായാൽ മുത്തശ്ശി തിണ്ണയിൽ ഒരു നെരിപ്പോട് പുകയ്ക്കും. നെരിപ്പോട് എന്നു വച്ചാൽ എന്താണെന്നോ? ചളുങ്ങിയ ഒരു അലുമിനിയം പാത്രമോ വക്കുടഞ്ഞ് വേണ്ടാതായ ഒരു കലമോ മുത്തശ്ശി സൂക്ഷിച്ചുവച്ചിരിക്കും. സന്ധ്യയായാൽ ഇത്തിരി ഉണങ്ങിയ ഇലകളോ ചുള്ളിക്കമ്പോ ചകിരിയോ ഒക്കെ അതിലിട്ട് പുകയ്ക്കാനായി തിണ്ണയിൽ കൊണ്ടുവയ്ക്കും. അതിന് ചുള്ളിക്കമ്പൊക്കെ എടുത്തുകൊടുത്ത് മുത്തശ്ശിയെ സഹായിക്കുകയാണെന്ന മട്ടിൽ അവിടെയൊക്കെ ചുറ്റിക്കറങ്ങാൻ തിത്തിമിക്ക് ഇഷ്ടമാണ്. 

 

ഇതെന്തിനാ എന്നുമിത് കത്തിക്കുന്നതെന്ന് തിത്തിമിക്ക് അറിയാം. ഒരു ദിവസം അത് മുത്തശ്ശി പറഞ്ഞുകൊടുത്തിട്ടുള്ളതാണ്. മൂധേവി പോവാനും കൊതുക് വരാതിരിക്കാനുമാണ് അതെന്നാണ് മുത്തശ്ശി പറയാറ്. മൂധേവിയോ അതെന്താണെന്ന് തിത്തിമിക്ക് അറിയില്ല. പക്ഷേ അമ്മ കുളിക്കാൻ പറഞ്ഞാൽ കുളിക്കാതെ പറമ്പിലൊക്കെ കറങ്ങിനടക്കുമ്പം തിത്തമിയോടായി അമ്മ ദേഷ്യപ്പെട്ട് പറയുന്നത് കേട്ടിട്ടുണ്ട് ‘‘മൂധേവി. ഇവള് എത്ര പറഞ്ഞാലും അനുസരിക്കത്തില്ല. സന്ധ്യയായാലും കുളിക്കാത്തെ പെൺകുട്ട്യോളെന്നു പറഞ്ഞാ വേറെ ഏതെങ്കിലും വീട്ടിൽ കാണുമോ?’’ ഇതു കേൾക്കേണ്ട താമസം തിത്തിമി തോർത്തെടുക്കാൻ ഓടിപ്പോവും. ഒരു ദിവസം തിത്തിമിക്ക് മുത്തശ്ശി മനസ്സിലാക്കിക്കൊടുത്തു. മോള് സന്ധ്യയാവുന്നതുവരെ ഇവിടൊക്കെ നടക്കാതെ നേരത്തെ കുളിക്കണം. അപ്പോ മുത്തശ്ശി നെരിപ്പോട് കത്തിച്ചിട്ട് വിളക്കു കത്തിക്കും. അപ്പോ മൂധേവി പോവും. മൂധേവിയുള്ള വീട്ടിൽ ശ്രീദേവി വരില്ല. ഇത്രയുമായപ്പോ തിത്തിമി ഇടപെട്ടു: ശ്രീദേവിയോ? എവിടുത്തെ ശ്രീദേവി? മുത്തശ്ശി പറഞ്ഞു, ‘‘എവിടുത്തെയുമല്ല. ശ്രീദേവി എന്നുവച്ചാൽ എശ്വര്യദേവത. മൂധേവി പോയോ എന്നു നോക്കി ഓരോ വീട്ടിലേക്കുമുള്ള വഴിയുടെ വാതിൽക്കൽ ശ്രീദേവി വന്നുനിൽക്കും. മൂധേവി പോയെന്നുറപ്പായാൽ ശ്രീദേവി നമ്മുടെ വീട്ടിൽ വരും. വീട്ടിലൊക്കെ എശ്വര്യമാവും.’’

 

സന്ധ്യയ്ക്ക് ചിലപ്പോ തിത്തിമി മുത്തശ്ശിയുടെ അടുത്തിരുന്നാവും പഠിക്കുക. മുത്തശ്ശി തിണ്ണയിൽ കാലും നീട്ടിവന്നിരിക്കും. അടുത്തുതന്നെ തിത്തിമിയും പറ്റിക്കൂടും. ചൂടു കാലത്ത് ഈ തിണ്ണയിലിരിക്കുന്നതാണ് സുഖം എന്നു പറയും മുത്തശ്ശി. രാത്രിയാവുമ്പോ ദൂരെ നിന്നു ചില പാട്ടുകളും വർത്തമാനങ്ങളുമൊക്കെ കേൾക്കും. അപ്പോ മുത്തശ്ശി പറയും, മണ്ണൂർക്കാവിൽ കഥകളിയുണ്ട്. അതാ കേൾക്കുന്നത്. അല്ലേൽ വേറെ ചില ദിവസം പറയും, ‘‘തെങ്ങിലമ്പലത്തിലുൽസവമാ. പുത്തേത്ത് അമ്പലത്തിലുൽസവമാ എന്നൊക്കെ. ഇതൊക്കെ മുത്തശ്ശിക്കെങ്ങനറിയാം? തിത്തിമി ചോദിക്കും. ഉടനെ മുത്തശ്ശി, നമ്മടമ്പലത്തിലുൽസവം കഴിഞ്ഞ് തെങ്ങിലമ്പലത്തിലുൽസവം , അതുകഴിഞ്ഞാ പുത്തേത്ത് നടേലുൽസവം. പിന്നെ മണ്ണൂർക്കാവിൽ മുന്നൂറ്ററുപത്തഞ്ച് ദെവസത്തി മിക്ക ദെവസോം കഥകളിയൊണ്ട് എന്നൊക്കെപ്പറയും. ഏതൊക്കെ അമ്പലത്തി‍ൽ ഏതൊക്കെ ദെവസമാണ് ഉൽസവം എന്നൊക്കെ മുത്തശ്ശിക്ക് മനഃപാഠമാണ്. ഉൽസവങ്ങളുടെ ഒരു കലണ്ടറാണ് മുത്തശ്ശിയുടെ മനസ്സിനകം എന്നു തോന്നും തിത്തിമിക്ക് ചെലപ്പോ. കണ്ണൻകൊളങ്ങര നടേലുൽസവം മീനത്തിലാ. നമ്മുടെ നാട്ടിൽ ഏറ്റവും അവസാനത്തെ ഉൽസവം ഏതമ്പലത്തിലാ എന്നതൊക്കെ മുത്തശ്ശി തനിയെ ഇരുന്നു പറയുന്നതു കേൾക്കാം.

 

മുത്തശ്ശി ഉൽസവങ്ങളെക്കുറിച്ച് പറയുന്നത് കേൾക്കാനാണ് ശരിക്കും ഉൽസവത്തിന് പോവുന്നതിനെക്കാൾ രസമെന്നു തോന്നും തിത്തിമിക്ക്. ചെലപ്പോ രാവിലെ പത്രം വായിക്കാനെടുക്കുമ്പം മുത്തശ്ശി അതിലെ പരസ്യം നോക്കി പറയുന്നതുകേൾക്കാം. ദാ ഓണമിങ്ങ് വരാറായി. ടിവിയുടെയും തുണിക്കടയുടെയുമൊക്കെ പരസ്യം അപ്പോ മുത്തശ്ശി തിത്തിമിക്കായി കാണിച്ചുകൊടുക്കും. പിന്നെ മുത്തശ്ശി ഓണക്കാലത്തെക്കുറിച്ചുള്ള വിശേഷങ്ങൾ വാ തോരാതെ പറയും. ഓണത്തിനിനി മൂന്നുമാസം കൂടിയേയുള്ളൂ– മുത്തശ്ശി പറയുമ്പം തിത്തിമി ചോദിക്കും. ഇനിമൂന്നുമാസമുണ്ടല്ലോ മുത്തശ്ശി. ഉടനെ മുത്തശ്ശി, മൂന്നുമാസം ഓടിയോടിയങ്ങ് പോവും. ഇനിയിപ്പം കലവും ചട്ടിയും വിൽക്കാനാളുകള് കേറിയെറങ്ങും. പിന്നെ വട്ടീം കൊട്ടേം വേണോ എന്നു ചോദിച്ച് പോരുവഴിക്കാര് വരും. പിന്നെ അങ്ങനെ എന്തെല്ലാം ജോലികളുണ്ടെന്നോ? മുത്തശ്ശിയെ ശുണ്ഠി പിടിപ്പിക്കാനായി തിത്തിമി ചോദിക്കും, എന്തെല്ലാം ജോലികളൊണ്ട്, ഒന്നു കേൾക്കട്ടെ. അപ്പോ മുത്തശ്ശി ഒരുപാട് ജോലികളൊണ്ട് എന്നു പറഞ്ഞങ്ങ് പോവും. ചിലപ്പോ ഒരു ജോലിയുമുണ്ടാവില്ല. എന്നാലും മുത്തശ്ശി എന്തൊക്കെയോ ഒരുപാട് ജോലികളുണ്ട്. ഒരുപാട് ഒരുക്കങ്ങൾ നടത്താനുണ്ട് എന്നു പറയുന്ന ആ കാത്തിരിപ്പിലാണ് ഓണം എന്നു തോന്നും തിത്തിമിക്ക്.

 

മുത്തച്ഛൻ ചെലപ്പോ റോഡിലൂടെ നടന്നുപോവുകയായിരിക്കും. ഉടനെ ശങ്കരണ്ണൻ എതിരെ സൈക്കിളിൽ വരുന്നുണ്ട് എന്നിരിക്കട്ടെ. മുത്തച്ഛൻ വിളിക്കും ‘‘എടാ ശങ്കരാ.’’ വിളിക്കണ്ട താമസം ശങ്കരണ്ണൻ ഓ എന്നു പറഞ്ഞ് സൈക്കിളിൽ നിന്ന് ചാടിയങ്ങ് ഇറങ്ങും. ആരാണ് ഈ ശങ്കരണ്ണൻ. എല്ലാ മലയാളമാസവും ഒന്നാം തീയതി വെളുപ്പാൻകാലത്ത് മറ്റുള്ളവർ ഉറക്കമുണരും മുൻപേ ശങ്കരണ്ണൻ വീട്ടിൽ വരും. മുത്തച്ഛൻ എഴുന്നേൽക്കുന്നതുവരെ അവിടെ മുറ്റത്ത് ചുറ്റിപ്പറ്റി നിൽക്കും. മുത്തച്ഛൻ ഒന്നാംതീയതി നേരത്തെ എഴുന്നേൽക്കും. ഉടനെ ശങ്കരണ്ണൻ ഒന്നും മിണ്ടാതെ വീടിന്റെ  ഉമ്മറത്ത് വന്ന് അനങ്ങാതെ നിൽപ്പായി. രണ്ട് മൂന്നു മിനിറ്റ് കഴിഞ്ഞ് മുത്തച്ഛൻ ‘‘എന്നാ നീ പോവുവല്യോ ശങ്കരാ’’ ‘‘ആന്നേ, എന്നാ ഞാനങ്ങോട്ട്’’ മുത്തച്ഛൻ ഒരു വെള്ളിരൂപാത്തുട്ടെടുത്ത് ദാ, ഇതുവച്ചോ എന്നുപറഞ്ഞ് ശങ്കരണ്ണന് കൊടുക്കും. ഇത് വർഷങ്ങളായുള്ള പതിവാണ്. ചിലപ്പോഴൊക്കെ തിത്തിമി നേരത്തെ എഴുന്നേൽക്കുമ്പം ഇതു കണ്ടിട്ടുണ്ട്. എല്ലാ മലയാള മാസം ഒന്നാം തീയതിയും ശങ്കരണ്ണനെ തന്നെ കണികാണണമെന്ന് മുത്തച്ഛന് നിർബന്ധമാണ്. ഒരു മാസത്തെ എശ്വര്യത്തിന് അത് വേണമത്രേ. വേറെ ആരെ കണികണ്ടാലും മുത്തച്ഛന് ശരിയാവില്ല. തന്നെ കണികാണാൻ തിരഞ്ഞെടുത്ത മുത്തച്ഛനോട് ശങ്കരണ്ണൻ വളരെ നന്ദിയുള്ളവനായി നിൽക്കുന്നത് അതുകൊണ്ടാവാം. ചില ദിവസം മുത്തച്ഛൻ പുറത്തേക്കിറങ്ങുമ്പം മുത്തശ്ശി പറയുന്നത് കേൾക്കാം. നാളെ തുലാം ഒന്നാണേ. പോവുന്ന വഴിക്ക് ആ ശങ്കരനോടൊന്നു പറഞ്ഞേരെ. നാളെ അവൻ മറന്നു പോയാലോ’’.

 

ഒരു ദിവസം മുത്തശ്ശി തിത്തിമിയെ അടുത്തുവിളിച്ചു പറഞ്ഞു. ‘‘ ദാണ്ടെ നാളെ മീനം ഒന്നാ. രാവിലെ എണീറ്റ് കുഴപ്പമൊന്നും ഒണ്ടാക്കരുത്. അവളെ ദേക്ഷ്യം പിടിപ്പിക്കരുത്. അടിമേടിച്ചാ പിന്നെ ആ മാസം മൊത്തെ അടി കിട്ടുമെന്ന് ഓർത്തോണം. പറഞ്ഞില്ലെന്നു വേണ്ട’’.ഒന്നാം തീയതി രാവിലെ അടി വാങ്ങിച്ചാൽ ആ മാസം മൊത്തം അടി കിട്ടുമെന്നാണ് പണ്ടുള്ളവർ പറയാറെന്നാണ് മുത്തശ്ശി പറഞ്ഞതിനർഥം.

 

(തുടരും)

 

English Summary : Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com