ADVERTISEMENT

നായക്..നഹീ..കൽ നായക്..ഹൂ മേ... ലോട്ടറി കടയിൽ ഒരു പാട്ട് മുഴങ്ങി, ശേഷം ഭാഗ്യാന്വേഷികള്‍ക്കായുള്ള ക്ഷണവും. ഉച്ചചൂടിന്റെ മയക്കത്തിനുശേഷം കവല 5.45നുള്ള ജങ്കാറെത്തുന്നതിന്റെ ഉണർവിലായി. മരവിച്ച മീനുകൾക്കു മുകളിലിട്ടിരുന്ന വട്ടയില മാറ്റി, കൊന്നക്കമ്പെടുത്തു വീശിയും പൊടിമണ്ണും വെള്ളവും തളിച്ചു മീൻ വിൽപ്പനക്കാർ ഉഷാറായി.  തരകൻസ് പാഡി ഫീൽഡിൽനിന്നും കവലക്കുള്ള റോഡിൽ വാഹനങ്ങളുടെ മുരളൽ. ഒരു ജീപ്പും രണ്ടു ബൈക്കും കവല മധ്യത്തിലെ സ്റ്റാച്യുവിനു താഴെ ഇരച്ചു വന്നു. 

 

അവിടമാകെ നിശബ്ദമായി, മാത്യു തരകന്റെ ഇടിപ്പടയെന്നു ആരോ പിറുപിറുത്തു. ജീപ്പിന്റെ വശത്തുനിന്നു ആജാനുബാഹുവായ ഒരാള്‍ ആദ്യമിറങ്ങി. മുണ്ടു മടക്കിക്കുത്തി ജീപ്പിന്റെ ബോണറ്റിൽ ചാരി നിന്നു. പിന്നാലെ നാലോളം പേരും. കൈയ്യിൽ ആയുധത്തിന്റെ തിളക്കം,  സ്റ്റാച്യുവിന്റെ വശത്തിരുന്ന മീൻ വിൽപ്പനക്കാർ എണീറ്റു, റോഡരികിലേക്കു മാറി ഇരുന്നു. ഒരടി കാണാനുള്ള ആകാക്ഷയോടും അൽപ്പം ഭയത്തോടും ഏവരും അവരുടെ നോട്ടത്തെ കൗതുകത്തോടെ പിന്തുടർന്നു.

kanal-chapter-1
വര: ശ്രീകാന്ത് ടി.വി.

 

അകലെ ജങ്കാറിന്റെ തുടരെയുള്ള ഹോൺ കേട്ടു. ചുവന്ന സൂര്യൻ ജങ്കാറിനു മുകളിൽ ഒരു പാത്രത്തിലെന്നപോലെ തിളങ്ങി നിന്നു. ജങ്കാർ കരയ്ക്കടുത്തു. നിരവധി സൈക്കിളുകളും ബൈക്കുകളും ജങ്കാറിൽ നിന്നിറങ്ങി. പ്രതീക്ഷിച്ച ആളെ കാണാത്തതുപോലെ ഗുണ്ടകൾ പരസ്പരം നോക്കി. അവസാനത്തെ ആളും ഇറങ്ങിയതിനുശേഷം അവർ നിരാശയോടെ പരസ്പരം നോക്കുമ്പോളേക്കും ഒരു യുവാവ് ജങ്കാറിന്റെ എഞ്ചിൻ റൂമിനു പിന്നിൽ നിന്നിറങ്ങി വന്നു. 

 

വലതുതോളിൽ എടുത്തുവച്ച ചാക്കുകെട്ട്, കൈയ്യിൽ തൂക്കിപ്പിടിച്ച ഒരു സഞ്ചിയും. ജങ്കാർ ഓളം വെട്ടലിൽ ഒന്നു ഇളകിയതിനെത്തുടർന്ന് വേച്ചശേഷം താഴേക്കിറങ്ങി. പതുക്കെ ആർക്കും മുഖംകൊടുക്കാതെ മുന്നോട്ടു നടന്നു. കുറച്ചു നടന്നപ്പോൾ എതിരെ വരുന്നവരെ വശത്തോട്ടൊതുക്കി എത്തുന്ന സംഘത്തെക്കണ്ടയാളുടെ നടപ്പിന്റെ വേഗം കുറഞ്ഞു. മറച്ചു പിടിച്ചിട്ടും ആയുധങ്ങളുടെ തിളക്കം. ഒരു നിമിഷം ചാക്കുകെട്ടു നിലത്തേക്കിട്ടു. വശത്തെ മീൻ കടയിൽ ഇരുന്ന നീളമുള്ള കത്തി കൈയ്യിലൊതുക്കി അവൻ റോഡിൽ നിലയുറപ്പിച്ചു, അവന്റെ പ്രത്യേക രീതിയിലുള്ള നിൽപ്പ് മുന്നോട്ടുവന്നവരെ ഒന്നു പകപ്പിച്ചു. 

 

തുമ്പി ജോൺ എന്നറിയപ്പെടുന്ന ജോൺ ആലുങ്കൽ ആയിരുന്നു ആ ഗുണ്ടാപ്പടയുടെ നേതാവ്. കാഞ്ഞിരത്തുങ്കൽ മാത്യു തരകന്റെ സേനാ നായകൻ. ഗുണ്ടകൾ ആയുധങ്ങൾ പുറത്തെടുത്തു. ജോൺ അവനുചുറ്റും  അലസമായി നടന്നു, അവൻ മുന്നിൽ നിന്ന ഗുണ്ടകളിലും ചുറ്റും നടക്കുന്ന ജോണിലും ഒരേ സമയം ശ്രദ്ധിക്കേണ്ടി വന്നു. അൽപ്പം ശ്രദ്ധമാറിയിൽ പണിപാളുമെന്നവനു മനസ്സിലായി.

 

അവൻ വശത്തേക്കൊഴിഞ്ഞു മാറി, അടഞ്ഞുകിടന്ന ഷട്ടറുകളിലൊന്നിൽ ചേർന്നു നിന്നു. ജോണേട്ടാ.. നിങ്ങൾക്കാളു മാറി. എന്നെ ഉപദ്രവിക്കരുത്... ഞാൻ സാജനാ. ജോൺ ഒന്നു പകച്ചു. അപ്പോഴേക്കും ഗുണ്ടകളിലൊരാൾ വന്നു ജോണിന്റെ ചെവിയിൽ അടക്കം പറഞ്ഞു. ജോൺ ഒരു വടിവാൾ പിന്നിൽ നിന്നെടുത്തു. നിന്റെ ചേട്ടനെയാ ഞങ്ങൾ പ്രതീക്ഷിച്ചേ.. എന്തായാലും നീയിങ്ങു വന്ന സ്ഥിതിക്കു അവനുള്ള സമ്മാനം നിനക്കു തന്നു വിടാം..

 

എന്റെ ചേട്ടാ എന്നെ ഉപദ്രവിക്കരുത്.. ദേ ഈ കടകളിൽ നിന്നൊന്നും മൂന്ന് ദിവസമായിട്ട് ഒന്നും തരുന്നില്ല. തരകൻ മുതലാളിയെ മറികടന്നിവരാരും ഒന്നും ചെയ്യുകേല. ഞാൻ അക്കരെ പോയി വീട്ടിലേക്കുള്ള സാധാനം വാങ്ങി വരുകാ. ഇതുകൊണ്ടു ചെന്നില്ലേൽ അടുപ്പു പുകയുവേല. പ്ളീസ് ഉപദ്രവിക്കരുത്. 

 

ജോൺ അവനെ ഉഴിഞ്ഞുനോക്കി, പയ്യാരം പറയുന്നുണ്ടെങ്കിലും ജാഗ്രതയോടെയുള്ള ഒരു കളരി നിലയാണവന്റെ, ചെന്നാൽ ചിലപ്പോൾ പണികിട്ടും എന്നയാളുടെ അനുഭവ സമ്പത്തുള്ള കണ്ണുകൾക്കു മനസ്സിലായി.

എടാ കൊച്ചനെ.. അവനെയാണ് ഞങ്ങൾക്കു വേണ്ടത്. നിന്റെ ചേട്ടനെ.. അവൻ വരാതിരിക്കില്ലല്ലോ?. മുതലാളിക്കിട്ട് ഒണ്ടാക്കിയിട്ടു നീയൊന്നും ഇവിടെ വാഴാമെന്ന് ഇനി കരുതേണ്ട. 

 

ജീപ്പ് പതിയെ അടുത്തേക്കു വന്നു. ജോൺ വശത്തെ സീറ്റിൽ കാലു പുറത്തിട്ടിരുന്നു. അവനെ നോക്കി നാക്കു കടിച്ചു, വാൾ ഇളക്കി ആഗ്യം കാണിച്ചു. അവൻ വാൾ മീൻ വെട്ടുന്ന തടിയേൽ കൊത്തിവച്ചശേഷം താഴെ വീണു കിടന്ന സഞ്ചിയെടുത്തു വേഗം നടന്നു. ചന്തയാകെ അവന്റെ പോക്കുകണ്ട് അമ്പരന്നു നിന്നു. ഒരടി നഷ്ടമായ നിരാശയിലെന്നപോലെ കവലയെ ഇരുൾ വിഴുങ്ങി. 

 

മുനിഞ്ഞു കത്തുന്ന മെഴുകുതിരിയുടെ വെളിച്ചത്തിൽ വഴിയിലേക്കു നോക്കി ശോശാമ്മ ഇരുന്നു. സോഫിയ മടിയിൽ തലവച്ചു കിടക്കുന്നുണ്ടായിരുന്നു ചുറ്റുമുള്ള വീടുകളിൽ പ്രകാശത്തിലായിരുന്നെങ്കിലും ആ വീട് ഇരുളിലായിരുന്നു. വെള്ളത്തിൽ തുഴ വീഴുന്ന ശബ്ദം കേട്ടവർ തട്ടിപിടഞ്ഞെണീറ്റു. മുറ്റത്തേക്കു കയറി വന്ന സാജൻ ഇളംതിണ്ണയിൽ ചാക്കിറക്കി വച്ചശേഷം ക്ഷീണത്തോടെ ഇരുന്നു. അരി വാങ്ങാൻ റേഷൻ കടേൽ പോയിട്ട് നീ ഇതെവിടാരുന്നെടാ?...

 

അരി വാങ്ങാൻ പോയ എനിക്കു വായ്ക്കരി ഇടേണ്ടി വന്നേനെ തള്ളേ.. നല്ല പരിപാടിയല്ലേ. ചേട്ടൻ കഴുവേറി കാണിച്ചു വച്ചേക്കുന്നേ. തരകൻ മുതലാളീടെ മകളുമായിട്ട് അവനു സെറ്റപ്പ് ഉണ്ടെന്നറിഞ്ഞപ്പോഴേ ഞാനൊന്നു ഉപദേശിച്ചതാ. ആ സിനി എന്റെ കൂടെ പഠിച്ചതാ കോലേക്കേറി.. അവളിങ്ങോട്ടു വളച്ചതാ അവനെ.. ആ മണ്ടൻ അവളേം അടിച്ചോണ്ടു പോയേക്കുന്നു. ഈ പെണ്ണിന്റെ കാര്യം അവനോർത്തോ..

 

ശോശാമ്മ താടിക്കു കൈ കൊടുത്തു. സോഫിയ പിടഞ്ഞെണീറ്റു. എന്താ ചേട്ടായീ. അവരു വല്ലോം ചെയ്തോ?, ഇല്ലെടീ വാളും കത്തീമൊക്കെയായിട്ടാ വന്നത്. വാൾ പള്ളയ്ക്കു കേറീട്ട്, അയ്യോ ഇരട്ടയാണേ. അവനല്ലേന്നൊക്കെ പറഞ്ഞിട്ടു വല്ല കാര്യാമുണ്ടോ?, കർത്താവിന്റെ കൃപ. ഞാൻ പിന്നെ അൽപ്പം ബലം പിടിച്ചങ്ങു നിന്നു ഒത്തിരി കൂഞ്ഞിയാലും ശരിയാകുകേലേ.

 

English Summary: Kanal, e-novel written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com