ADVERTISEMENT

പിന്തുടരുന്ന ശബ്ദം, വെള്ളത്തിന്റെ മുഴക്കം, പക്ഷികളുടെ ചിറകടി –നെഞ്ചിനു നേരേയുയരുന്ന തോക്ക്, കാഞ്ചിയിലേക്കു ചലിക്കുന്ന വിരൽ.

നിർത്താതെയുള്ള ഹോണടി കേട്ടവൻ ഞെട്ടി ഉണർത്തു, കയ്യിലെ ബാഗ് പരിശോധിച്ചു  സുരക്ഷിതമാണെന്നുറപ്പു വരുത്തി. സ്റ്റാൻഡിനുള്ളിലേക്കു ബസ് കയറി ഒന്നിരച്ചു നിശബ്ദമായി. മിക്കവരും വാതിലിനടുത്ത് തിടുക്കത്തിൽ നിന്നിരുന്നു, തിരക്കു കുറയാൻ കാത്തുനിന്നശേഷം അവൻ പതിയെ പുറത്തേക്കിറങ്ങി നടന്നു.

 

സാജാ. ടാ.. അവൻ ഞെട്ടി തിരിഞ്ഞു നോക്കി. കണ്ടക്ടർ സുകു ബസിറങ്ങി നടന്നുവരുന്നു. സണ്ണിയെവിടാന്നു വിവരം കിട്ടിയോ?, ഇല്ല ചേട്ടായി. നീ എങ്ങോട്ടിറങ്ങിയതാടാ. ഒരു ജോലീടെ കാര്യത്തിനാ. അയാൾ അവന്റെ തോളിൽ കൈയ്യിട്ടു നീ ഇങ്ങുവന്നേ ഒരു ചായ കുടിക്കാം. വേണ്ട. അതല്ലടാ നീ ഇങ്ങ് വാ..

 

അവർ റോഡിനെതിരെയുള്ള ടീഷോപ്പിലേക്കു നടന്നു. ചേട്ടാ രണ്ട് ചായ ഒന്നു സ്ട്രോങ്ങ്, ഒന്ന് മീഡിയം.. ചായ ഊതി കുടിക്കുന്നതിനിടയിൽ സുകു മാസികകളിലേക്കു കണ്ണോടിച്ചു കൊണ്ടു പറഞ്ഞു. നീ ദേ പതുക്കെ ഓപ്പൊസിറ്റ് ഒന്നു നോക്കിക്കേ. കാവി മുണ്ടുടുത്ത ഒരാളെ കണ്ടോ?.

 

അവൻ ബസ് സ്റ്റാൻഡിന്റെ ഫ്രണ്ടിലേക്കു നോക്കി. അത് സേവ്യർ. തരകന്റെ ആളാ. നിന്റെ പിന്നാലെ വിട്ടേക്കുന്നതാ. നീ അവനെ തപ്പി ഇറങ്ങിയതാന്നെനിക്കു മനസ്സിലായി. മോനേ അയാൾ വെറി പിടിച്ചു നടക്കുകാ. എന്തായാലും നിന്റെ ചേട്ടൻ ഉടനെങ്ങും പൊങ്ങുകേല. നീ തിരിച്ചു പൊക്കോ.. അവൻ അയാളുടെ മുഖത്തേക്കു സംശയദൃഷ്ടിയോടെ നോക്കി. ചേട്ടായിക്കറിയാമോ അവനെവിടാന്ന്. സുകു കാക്കി ഷർട്ടൂരി കയ്യിലെ ബാഗിൽ വയ്ക്കുന്നതിനിടെ പറഞ്ഞു– അറിയാം പക്ഷേ നിന്നോടു പറഞ്ഞാൽ ശരിയാകുവേല. പക്ഷേ ഒരു കാര്യം– അവനെവിടുണ്ടെന്നറിഞ്ഞാൽ തരകൻ നാട്ടുകാരറിയുന്നതിനു മുൻപ് തീർക്കും. നാടുവിട്ടെന്നു കഥയും ഉണ്ടാക്കും. 

 

നീ അവനെ എവിടെ തപ്പാനാ ഈ ടൗണിലെ തിരക്കിലേക്കിറങ്ങിയത്. ഞങ്ങക്കു വട്ടപ്പാറേൽ ഒരു കൊച്ചച്ഛനുണ്ട്. ആൾ വർഷങ്ങളായി പാലായിലാ. വീട് ഒഴിഞ്ഞു കിടക്കുവാന്നറിഞ്ഞാരുന്നു, ഇനി അവിടെങ്ങാനാണോന്നു നോക്കാമെന്നു കരുതി?. ഹ ഹ. അവൻ അവിടൊന്നുമല്ലെടാ.. ഇയാൾക്കു പറയാൻ സൗകര്യമുണ്ടേൽപ്പറ, പിന്നെ ഞാൻ 2 ദിവസം ഒന്നു മാറി നിൽക്കാന്‍ കൂടിയാ വന്നത്. 

 

അവൻ എവിടാണേലും സൂക്ഷിച്ചോളാൻ പറ. നിങ്ങടെ കൂട്ടുകുടിയന്റെ നെഞ്ചിൽചവിട്ടി തരകൻ നിൽക്കുന്നതു കണ്ടിട്ടാ ഞാൻ വന്നത്. ങേ ജോണിയോ. അതെ. എടാ ജോണിക്കറിയാം അവനെവിടാണെന്ന്. പാറേമാതാവേ...നീ വാ. സുകു ഗ്ളാസ് തിരികെ വച്ച് രണ്ട് നോട്ടും ഇട്ടുകൊടുത്തു വേഗം നടന്നു. അവർ വേഗം നടക്കുന്നതു കണ്ടു. ബസ് സ്റ്റാൻ‍ഡിന്റ വാതിൽക്കൽ മാനം നോക്കി നിന്ന സേവ്യറും അലസമായി പിന്നാലെ നടന്നു. ചേട്ടോ ആ ചെകുത്താൻ പിന്നാലെയുണ്ട്. 

 

കണ്ടടാ നീ ദേ, ആ  ഷോപ്പിംഗ് സെന്റർ കണ്ടോ, പതുക്കെ അതിലേക്കു കയറീട്ടു മറുവശത്തെ വാതിലില്‍ക്കൂടി  വേഗംപുറത്തേക്കു വരണം... അവൻ ബസ് സ്റ്റോപ്പിന്റെ വശത്തെ സമുച്ചയത്തിനുള്ളിലേക്കു കയറി. ഇടനാഴിയിലൂടെ, പുറത്തേക്ക് ഓടി. ഇറങ്ങിയപ്പോള്‍ ഒരു ഓട്ടോ വന്നു നിന്നു. കേറടാ.. അവൻ ചാടിക്കയറി.  ഓട്ടോ വിട്ടുപോയി. 

 

2 കിലോമീറ്റർ കഴിഞ്ഞ് ഓട്ടോ ടൗൺ പൊലീസ് സ്റ്റേഷന്റെ സൈഡിൽ നിന്നു. സുകു ഇറങ്ങിയ ശേഷം ചുറ്റുമൊന്നു നോക്കിയ ശേഷം. റോഡ് മുറിച്ചു കടന്നു കാഞ്ഞിരത്തുങ്കൽ ടൂറിസ്റ്റ് ഹൗസ് അവൻ ആ ബോർഡ് കണ്ടു. അതേ ഇവിടെത്തന്നെയാ. അയാളുടെ തന്നെ ഹോട്ടലിൽ. അവർ റിസപ്ഷനിലേക്കു ചെന്നു. എന്താ സണ്ണി സാറേ, വല്ലതും മറന്നോ റിസപ്ഷൻ ബോയ് സാജനോടു ചോദിച്ചു. അവൻ തിരിഞ്ഞു സുകുവിനെ നോക്കി. സുകു കണ്ണിറുക്കി കാണിച്ചു. സാജനും കാര്യം മനസ്സിലായി. അവൻ അയാളുടെ നേരേ കൈനീട്ടി,  റൂമിന്റെ താക്കോലൊന്നു തന്നേ, എന്റെ മൊബൈൽ കബോർഡിൽ വച്ചിരിക്കുകാന്നേ..

 

അവരിരുവരും കീയും വാങ്ങിച്ചു സ്റ്റെപ്പ് കയറി. കീയുടെ പിന്നിലെ നമ്പർ നോക്കി.  23,  അവർ വാതിലില്‍ പതിയെ മുട്ടി. മറുപടിയൊന്നുമില്ല. താക്കോലിട്ടു തുറന്നു മുറിയിൽ കയറി. പകുതി കുടിച്ചുവച്ച ബീയർ കുപ്പികൾ മേശപ്പുറത്തു, നുര അടങ്ങിയിട്ടില്ല. അൽപ്പം മുൻപായിരിക്കും മുറി വിട്ടത്. അവൻ ജനൽ ചില്ലിൽ കൂടെ പുറത്തേക്കു നോക്കി. 

 

ഒരു ജീപ്പ് താഴെ റോ‍ഡിലൂടെ പാഞ്ഞെത്തി ഹോട്ടലിന്റെ ഗേറ്റിലേക്കു ഒടിഞ്ഞു കയറുന്നു, ജീപ്പിന്റെ വശത്തിരിക്കുന്ന ‘തുമ്പിയെ’ മിന്നായംപോലെ അവൻ കണ്ടു. അവന്‍ വേഗം പിന്നിലേക്കു മാറി, ചേട്ടായി ദേ  ‘തുമ്പി’. ഇരുവരും കോറിഡോറിലൂടെ ഓടി. വാതിലിനടുത്തെത്താറായ അവരൊന്നു നടുങ്ങി. റിസപ്ഷനിൽ ഇരുന്ന പയ്യൻ കൈവിരിച്ചു മുന്നിൽ.

 

ങാഹാ അങ്ങനങ്ങു പോകാൻ വരട്ടെ. അവൻ വിളിച്ചു കൂകി. ആശാനേ വേഗം വായോ. ദേ ഇവരു പോകുന്നേ. സുകു അവന്റെ കൈപിടിച്ചു തിരിച്ചു വശത്തേക്കെറിഞ്ഞു. സാജൻ ചാടി നെഞ്ചിലൊരു ചവിട്ടു കൊടുത്തു. പിന്നിൽ പാദപതനങ്ങൾ. ഇരുവരും റോഡിലേക്കിറങ്ങി, തുറുക്കെപിടിച്ചു പാഞ്ഞു. രണ്ട് തെരുവു പിന്നിട്ടപ്പോൾ അവൻ ശ്വാസം പണിപെട്ടടക്കി സാധാരണപോലെ നടക്കാൻ തുടങ്ങി.

 

അവൻ പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കി, സുകുവിനെ കാണാനില്ല, പക്ഷേ അകലെ ആളുകളെ വകഞ്ഞുമാറ്റി ആരൊക്കെയോ പാഞ്ഞു വരുന്നതവൻ കണ്ടു. അവൻ വേഗം കൂട്ടി. പിന്നിൽ ഒരു ശബ്ദം ദേണ്ടെടാ അവൻ. അവൻ വശത്തേക്കോടി, ചെറിയ ഇടവഴി പിന്നിട്ടു മെയ്ൻ റോഡിലേക്കു കയറി. ചെറിയൊരു പാർക്ക് അവൻ അവിടേക്കു കയറി. വശത്തെ ഇരപ്പിടത്തിലേക്കു അവൻ വീണതുപോലെ ഇരുന്നു.

 

അവൻ റോഡിലേക്കു നോക്കി, ഇല്ല ആരും പിന്തുടരുന്നില്ല. അടുത്ത നിമിഷം അവന്റെ കണ്ണുകൾ ജീൻസും ടീഷർട്ടും ധരിച്ചു ഒരു ഷോൾ തലയിലൂടെ ഇട്ടുപോകുന്ന യുവതിയിൽ കണ്ണുടക്കി. അവള്‍ അതിവേഗം നടക്കുകയാണ്, പിന്നാലെ അൽപ്പം അകലെ അലസമായി അവളെ പിന്തുടരുന്ന ചെറുപ്പക്കാർ‌. അവന്‍ അമ്പരന്നു. പരിചയമില്ലാത്ത ടീമുകളാണ്. 

 

തരകന്‍ ഒരു സൈന്യത്തെത്തന്നെ ഇറക്കീട്ടുണ്ടെന്നു തോന്നുന്നു. അവന്‍ ചെറിയ അരമതില്‍ ചാടി അവരെ പിന്തുടര്‍ന്നു. അവള്‍ നടന്നു ഒരു ട്രാഫിക് പൊലീസുകാരന്റെ സമീപത്തുചെന്നു, പിന്നാലെ വന്നവരെ ചൂണ്ടി ആംഗ്യം കാണിച്ചു. അയാള്‍ വയര്‍ലെസ് സെറ്റെടുത്തു ചുണ്ടോടടുപ്പിച്ചു സംസാരിച്ചശേഷം അവരുടെ അടുത്തേക്കു നടന്നു ചെന്നു.

 

ഗുണ്ടകളിലൊരാള്‍ ഒരു ഫോണ്‍ ആ പൊലീസുകാരന്റെ കൈയ്യില്‍ കൊടുത്തു. അയാളുടെ മുഖത്തെ വിനീത ഭാവം അകലെനിന്നേ സാജനു കാണാന്‍ കഴിഞ്ഞു. അവൾ അടുത്ത നിമിഷം ഓടാന്‍ തുടങ്ങി. ഗുണ്ടകളും പിന്നാലെ ഓടി. പൊലീസുകാരന്‍ അവരെ അമ്പരന്നു നോക്കിയശേഷം, നിസ്സഹായനായി റോഡിലേക്കു തിരിഞ്ഞു നിന്നു. 

 

അവന്‍ റോഡിന് എതിര്‍വശത്തു കൂടി അവരുടെ ഒപ്പം ഓടി. സമീപത്തെ റെയില്‍വെ ഗേറ്റിലേക്കാണവളുടെ ഓട്ടം. അവള്‍ ട്രാക്കിലൂടെ മറുപുറം കടന്നു. ഒരാളുടെ നെഞ്ചിൽ വന്നിടിച്ച് അവൾ വീഴാൻ പോയി, അയാൾ അവളുടെ തോളിൽ പിടിച്ചു നിർത്തി. ആ മുഖത്തേക്കു അവള്‍ നോക്കി ആശ്വാസത്തോടെ തിരിഞ്ഞു നിന്നു. ഗുണ്ടകള്‍ പരസ്പരം നോക്കി. ഒന്നു പകച്ചശേഷം ആയുധങ്ങള്‍ വലിച്ചെടുത്തു. അവന്‍ കൈയ്യില്‍ മറച്ചുവച്ചിരുന്ന തോക്ക് അവരുടെ നേരേ ചൂണ്ടി. എന്തു ചെയ്യണമെന്നറിയാതെ അവര്‍ പരസ്പരം നോക്കി നില്‍ക്കുമ്പോള്‍ ഒരു ട്രെയിന്‍ പാളത്തിലൂടെ പാഞ്ഞെത്തി. ട്രെയ്ന്‍ കടന്നുപോയിക്കഴിഞ്ഞപ്പോഴേക്കും അവര്‍നിന്ന സ്ഥലം ശൂന്യമായിരുന്നു.

 

English Summary: Kanal, e-novel written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com