ADVERTISEMENT

ഇനി നാമം ജപിക്കാൻ തുടങ്ങിയാലോ മുത്തശ്ശി ചൊല്ലുന്ന നാമം തിത്തിമി ജപിക്കില്ല. മുത്തശ്ശി ഇങ്ങനെ ചൊല്ലും– ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ… ഉടനെ തിത്തിമി – സുബ്ര ഹ്മണ്യം സുബ്രഹ്മണ്യം...  ഹര ഹര ഹര ഹര സുബ്രഹ്ണ്യം എന്നു തുടങ്ങും. നാമം ചൊല്ലലിനിടെ മുത്തശ്ശി പരിഭവത്തോടെ  താൻ ചൊല്ലുന്നതുപോലെ ചൊല്ലാൻ ആംഗ്യം കാട്ടും. തിത്തിമി തന്നിഷ്ടം കാണിച്ച് വേറെ നാമം ചൊല്ലുന്നതോടെ പൂജാമുറിയിൽ കോലാഹലമാവും.

തിത്തിമി ഉടനെ പൂജാമുറിക്ക് പുറത്തിറങ്ങി അമ്മയുടെ ഷാളെ‌ടുക്കാൻ അലമാരയിലേക്ക് കൈയെത്താത്തതിനാൽ ജനലിന്റെ കമ്പിയിലോട്ട് ചാടിപ്പിടിച്ച് കയറും. ഷാളെടുത്ത് ഹാഫ് സാരി പോലെയാക്കും. പിന്നെ ഇങ്ങനെ ഒരു സീൻ അടുത്ത മുറിയിൽ തുടങ്ങുകയായി. അഭിനയത്തിനാണ് പ്രാധാന്യം. ആരു‌ടെയും സഹായവും വേണ്ട ,കൂടെക്കളിക്കാൻ ആളും വേണ്ട എന്നു തീരുമാനിക്കുമ്പോഴൊക്കെ തിത്തിമി ഈ കളിയാണ്  കളിക്കുക. ജാൻസി റാണി കുഞ്ഞദായപ്പോൾ അവളുടെ സൊബാവം ഇങ്ങനെയായിരുന്നു എന്നു തുടങ്ങും ബാക്കിയൊക്കെ അഭിനയമാണ്. അതാണ് ബ്രാക്കറ്റിൽ.

ജാൻസി റാണി കുഞ്ഞതായപ്പോൾ അവളുടെ സൊബാവം ഇങ്ങനെയായിരുന്നു (കൈകൾ കൂട്ടിത്തിരുമ്മി കരയുന്നതായി അഭിനയിക്കുന്നു)

ജാൻസി റാണി അഞ്ചിലായപ്പോൾ അവളുടെ സൊബാവം ഇങ്ങനെയായിരുന്നു (രണ്ടു കൈകളിലും പുസ്തകം പിടിച്ച് വായിക്കുന്നതായി അഭിനയിക്കുന്നു)

ജാൻസി റാണി ഡിഗ്രിയായപ്പോൾ അവളുടെ സൊബാവം ഇങ്ങനെയായിരുന്നു (എഴുതുന്നു)

ജാൻസി റാണി കല്യാണം കഴിച്ചപ്പോൾ അവളഉടെ സൊബാവം ഇങ്ങനെയായിരുന്നു (നാണമാവുന്നു)

ജാൻസി റാണി അമ്മയായപ്പോൾ അവളുടെ സൊബാവം ഇങ്ങനെയായിരുന്നു (നെഞ്ചത്തടിച്ച് കരയുന്നു)

ജാൻസി റാണി  പ്രസവിച്ചപ്പോൾ അവളുടെ സൊബാവം ഇങ്ങനെയായിരുന്നു(കുഞ്ഞിനെ കൈകളിൽവച്ചാട്ടുന്നു)

ജാൻസി റാണി അമ്മൂമ്മയായപ്പോൾ  അവളുടെ സൊബാവം ഇങ്ങനെയായിരുന്നു(വടി പിടിച്ച് വിറയ്ക്കുന്നു)

ജാൻസിറാണി മരിച്ചുപോയപ്പോൾ അവളുടെ സൊബാവം ഇങ്ങനെയായിരുന്നു( നാവു വെളിയിലിട്ട് പേടിപ്പിക്കുന്നു)

ജാൻസി റാണി പ്രേതമായപ്പോൾ  അവളുടെ സൊബാവം ഇങ്ങനെയായിരുന്നു(കണ്ണുകൾ ഉന്തി,പല്ലു കടിക്കുന്നു)

ജാൻസി റാണി മാലാഖയായപ്പോൾ അവളുടെ സൊബാവം ഇങ്ങനെയായിരുന്നു (ചിറകുകൾ കൊണ്ട് പറക്കാൻ ശ്രമിക്കുന്നു ).

ഇതെവി‌ടുന്നു കിട്ടി എന്നു ചോദിച്ച് വന്നത് അമ്മയാണ്. അതുപിന്നെ ക്ലാസിലെ ജ്യോതിക പഠിപ്പിച്ചു തന്നതാ – തിത്തിമി പറഞ്ഞു.  അതെന്താ മാലാഖയായതോ‌െട നിർത്തിക്കളഞ്ഞത് ? തിത്തിമിയുടെ അമ്മയ്ക്ക് സംശയം. മാലാഖയായതോ‌െട പിന്നെ എല്ലാം കഴിഞ്ഞല്ലോ –തിത്തിമി പറഞ്ഞു. അതെന്താ എന്നായി അമ്മ. ഉ‌‌ടനെ തിത്തിമി. അല്ല മാലാഖയായെന്നു പറഞ്ഞാൽ പിന്നെ അതിനപ്പുറം ഒന്നുമില്ല .

ഈ പാട്ട് ജ്യോതികയ്ക്ക് എവിടുന്നാ കിട്ടിയത്? തിത്തിമീടമ്മയ്ക്ക് അതും അറിഞ്ഞാൽ കൊള്ളാമെന്നു തോന്നി.അതവളുടെ കസിൻ മിയക്കുട്ടി വീട്ടില് വന്നപ്പം പറഞ്ഞുകൊടുത്തതാത്രേ.തിത്തിമീടമ്മ പലപ്പോഴും ആലോചിച്ചിട്ടുണ്ട് , ഈ കുട്ടികള് പാടിക്കളിക്കണ പാട്ടൊക്കെ എവിടുന്നാ ഒണ്ടാവണേന്ന്.അത്രയ്ക്കും രസമുള്ള ഈ പാട്ടുകള് കുട്ടികള് തന്നെ തനിയെ ഒണ്ടാക്കണതാവുമോ? ആർക്കറിയാം? തിത്തിമീടമ്മ ആലോചിച്ചു. 

ചില പാട്ടൊക്കെ പാടിക്കേൾക്കുമ്പം അമ്മ തിത്തിമിയോട് ചോദിക്കും, ഇതെവിടുന്ന് കിട്ടിയതാ എന്ന്. അന്നൊരിക്കൽ തിത്തമി ഏയ് എവിടുന്നും കി‌ട്ടിയതൊന്നുമല്ല. പിന്നേ? അമ്മയ്ക്ക് കൗതുകമായി. ഇതൊക്കെ ഒണ്ടാക്കിപ്പാട്ടാ. ഞാൻ തനിയെ ഒണ്ടാക്കിയത്– തിത്തിമി പറഞ്ഞു.

ചിലപ്പോ ആരും സംസാരിക്കാനില്ലെങ്കിൽ തിത്തിമി എന്തൊക്കെയോ പറഞ്ഞുകൊണ്ട് നടക്കുന്നത് കാണാം. തന്നെ ആരും മൈൻഡ് ചെയ്യുന്നില്ലെന്ന് തോന്നുമ്പോൾ ബോറടി മാറ്റാൻ തനിയെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് നടക്കും. ഒരു ദിവസം തിത്തിമിയുടെ അമ്മ ഇത് ശ്രദ്ധിച്ചു. തിത്തിമിയെ മടിയിൽ പിടിച്ചിരുത്തി അമ്മേടെ പൊന്നുമോളല്യോ ചക്കരമോളല്യോ ആ പാട്ട് ഒന്നകൂടി പാടാമോ എന്നു ചോദിച്ചപ്പോ തിത്തിമി ഒരു കള്ളച്ചിരിയോടെ തുടങ്ങി – സാറമ്മ ബസീക്കേറി വള കിലുക്കി, എന്തു വള കുപ്പിവള എന്തു കുപ്പി സോഡാക്കുപ്പി എന്തു സോഡ ആപ്പസോഡ എന്താപ്പ നെയ്യാപ്പ എന്തു നെയ്യ് ആട് നെയ്യ് എന്താട് കോലാട് എന്തു കോല് ചെണ്ടക്കോല് എന്തു ചെണ്ട മരം ചെണ്ട എന്തു മരം വീട്ടി മരം എന്തു വീട്ടി കടം വീട്ടി എന്തു കടം പോലീസ് കടം എന്തു പോലീസ് വനിതാപോലീസ് എന്തു വനിത സ്കൂൾ വനിത എന്തു സ്കൂൾ കളിക്കുന്നവരാരെങ്കിലുംഅവരവരുടെ സ്കൂളിന്റെ പേരു പറയുന്നതോടെ കളി തീർന്നു.

അപ്പോ അമ്മയ്ക്ക് ഈ കളി കളിക്കാൻ പറ്റത്തില്ല – അമ്മ തിത്തിമിയോട് പറഞ്ഞു. അതെന്താ തിത്തിമി ചോദിച്ചു. അവസാനം അവരവര് പഠിക്കുന്ന സ്കൂളിന്റെ പേര് പറയണ്ടേ, അമ്മയ്ക്ക് സ്കൂളില്ലല്ലോ –അമ്മപറഞ്ഞു. അതു സാരമില്ല അമ്മ ഞാൻ പഠിക്കുന്ന സ്കൂളിന്റെ പേരു പറഞ്ഞോ. വിജ്ഞാനഭവൻന്ന്. അല്ലെങ്കിൽ അമ്മ ബിസ്കറ്റ് ബിസ്കറ്റ് ചൊല്ലിയാ മതി. അതാവുമ്പം സ്കൂളിന്റെ പേരൊന്നുമില്ല. അമ്മയ്ക്കും പറ്റും. തിത്തമീടമ്മ ചിരി പുറത്തുകാണിക്കാതെ എല്ലാം കേട്ടും ചോദിച്ചുമിരുന്നു. അവൾ അടുത്ത പാട്ട് പാടി.

ബിസ്കറ്റ് ബിസ്കറ്റ് എന്തു ബിസ്കറ്റ് പാലുബിസ്കറ്റ് എന്തു പാല് പശുവിൻ പാല് എന്തു പശു കുത്തുന്ന പശു എന്തു കുത്ത് സൂചിക്കുത്ത് എന്തു സൂചി മൊട്ടുസൂചി എന്തു മൊട്ട് താമരമൊട്ട് എന്തു താമര കുളം താമര എന്തു കുളം എറണാകുളം എന്ത് എറണാ കാടെരണ എന്തു കാട് കുറ്റിക്കാട് എന്തു കുറ്റി ചെപ്പക്കുറ്റി ഒറ്റയടി.– ഇതുപാ‌‌ടീട്ട് ആരുടേം കയ്യീന്ന് അടി വാങ്ങിക്കാതെ സൂക്ഷിച്ചോണം– അമ്മ പറ‍ഞ്ഞു. അമ്മേം സൂക്ഷിച്ചോ. അമ്മയല്ലേ ഈ പാട്ട് വേണമെന്ന് പറഞ്ഞത്– തിത്തിമി പതുക്കെ അമ്മേടെ മടിയിൽക്കയറി ഇരുന്നു.

(അവസാനിച്ചു)

Content Summary: Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 25

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com