ADVERTISEMENT

റെയിൽവേ ട്രാക്കിൽ‌ ആരോ വലിച്ചെറിഞ്ഞ കൂടിനുള്ളിൽ മുഖമമർത്തി നിന്ന നായ മെറ്റലിൽ പാദപതന ശബ്ദം കേട്ടു മുരണ്ടുകൊണ്ടു തലയുയർത്തി. രണ്ടുപേർ ട്രാക്കിലൂടെ വേഗം മറുപുറം കടന്നെത്തി, ഒരാൾ മറ്റൊരാളെ വലിച്ചിഴയ്ക്കുന്നത് പോലെയായിരുന്നു കൊണ്ടുപോയിരുന്നത്. 

ആ യുവതിയുടെ തോളിൽ ബലമായി പിടിച്ചുകൊണ്ടു സാജൻ റെയിൽ ട്രാക്കിൽനിന്നു താഴേക്കുള്ള ഇറക്കത്തിലൂടെ വേഗം നടന്നു. അവരുടെ കാൽക്കീഴിൽ കശുമാവിലകൾ ഞെരിഞ്ഞുപൊട്ടി. പുൽമേടു വിട്ടു തുറസായ സ്ഥലത്തെത്തിയപ്പോള്‍ അവന്റെ കൈയ്ക്കു മുകളിൽ കൂടി കൈചുറ്റി പിടിത്തം വിടുവിച്ചവൾ പുറകോട്ടു മാറി. അവൻ അമ്പരന്ന് അവളെ നോക്കി. അവൾ തോളില്‍ നിന്നുതിർന്നു വീണ ബാഗെടുത്തശേഷം അവനെ തുറിച്ചു നോക്കിയ ശേഷം തിരികെ നടന്നു.

‘ടീ..ടീ..അവിടെ നില്ലെടീ.. നിന്നെ അവന്മാരുടെ കയ്യീന്നു രക്ഷിച്ച എനിക്കിട്ടുതന്നെ നീ പൂട്ടിടണം. എങ്ങോട്ടാ ഈ പാച്ചിൽ. എന്റെ ചേട്ടായിയെന്തിയേ.’ അവൾ അവനെ രൂക്ഷമായി തിരിഞ്ഞു നോക്കി. 

‘ഒരു ചേട്ടായി. ആ തെണ്ടിയുടെ കാര്യം മിണ്ടരുത്.’ അവൾ അവനു നേരേ ചൂണ്ടുവിരലിളക്കിയശേഷം റെയിൽപ്പാതയിലേക്കുള്ള മണൽത്തിട്ടയിലൂടെ മുകളിലേക്കു വലിഞ്ഞു കയറി. 

അവൻ പിന്നിൽ നിന്നവളുടെ ബാഗിൽ പിടിച്ചു വലിച്ചു നിർത്താന്‍ ശ്രമിച്ചു. സമീപത്തെ ചെറിയ മരക്കൊമ്പിൽ പിടിച്ചവൾ അവന്റെ നെഞ്ചിൽ ചാടി തൊഴിച്ചു. താഴേക്കു വീഴുന്നതിനു മുൻപ് അവളുടെ കണങ്കാലിൽ അവൻ പൂട്ടിട്ടു. ഇരുവരും ചെറിയ കുറ്റിച്ചെടികൾ തകർത്ത് മണലിലൂടെ താഴേക്കുരുണ്ടു.

ആദ്യം എണീറ്റത് അവനാണ്. അതേസമയം അവള്‍ തറയിൽ നിന്നെന്തോ കുനിഞ്ഞെടുത്തു കൊണ്ടാണ് എണീറ്റത്. അവൻ‌ അമ്പരന്നു. അവൻ ഇടുപ്പിൽ തിരുകിയിരുന്ന തോക്ക്. അവൾ അത് അവന്റെ നേരേ ചൂണ്ടി. അവന്റെ കണ്ണുകൾ പുറത്തേക്കു തള്ളി. 

‘നീയെന്താ ചെയ്യാൻ പോണേ.. എടീ എനിക്കു ജീവിച്ചു കൊതി തീർന്നില്ല. നിന്റെ അച്ഛന്റെ കൈകൊണ്ടു തീരാതിരിക്കാനാ ഇങ്ങോട്ടു വച്ചുപിടിച്ചേ.. ദേ പിടിച്ചതിലും വലുതാണല്ലോ കർത്താവേ... തോക്കുമാറ്റടീ പൊട്ടും.’

‘എടീ പോടീന്നൊക്കെ വിളിക്കാൻ നിനക്കാരാടാ ലൈസൻസ് തന്നത്. ആദ്യം നീ അത് നിർത്ത്.’  

‘നിർത്തി നിർത്തി..സഹോദരീ പ്ളീസ്..’

‘സഹോദരിയോ?, എനിക്കൊരു പേരുണ്ട്.. സിനി.. അത് വിളിച്ചാ മതി. ഇല്ലേൽ..’

അവൾ തോക്കിന്റെ കാഞ്ചിയിൽ വിരലമർത്തി. 

അയ്യോ..’ അവൻ കണ്ണിറുക്കി അടച്ചു. തോക്കിന്റെ അറ്റത്ത് ഒരു നീല തീനാളം. സിഗരറ്റ് ലൈറ്റർ!.. ഇതു നിന്റെ ചേട്ടന്റെ തോക്കല്ലേ. ഇതുപോലെ തന്നെയാ അവൻ ഫുൾ ഉടായിപ്പ്. 

‘എന്റെ പിന്നാലെ നടന്നു പ്രേമം അഭിനയിച്ചു, നാടു മുഴുവൻ അവൻ തന്നെ പറഞ്ഞു പരത്തി. ഒടുവിൽ ഒളിച്ചോടിയെന്നൊരു കള്ളക്കഥയും. അതിനുള്ളത് അവന് എന്തായാലും കിട്ടി. ഇനി നിനക്കാ.’

അവൻ തോക്കിൻ മുനയിലേക്കും അവളെയും അവശ്വസനീയതയോടെ നോക്കി. ‘അപ്പോ നിങ്ങൾ ഇഷ്ടത്തിലല്ലായിരുന്നോ?.’ അവളുടെ മുഖം വിവർണമായി. ‘എവിടെയാ ചേട്ടായി ഇപ്പോ?, നിന്റപ്പൻ അവനെ കിട്ടിയാൽ തീർക്കുമെന്നു പറഞ്ഞാ നടക്കുന്നേ.’ 

‘അങ്ങനൊന്നും സംഭവിക്കുവേലടാ.. എന്നെ കൊന്നിട്ടു നിന്റെ ചേട്ടനാ ചെയ്തെന്ന് അയാൾക്കു പറയാൻ അവൻ ജീവിച്ചിരുന്നേ പറ്റൂ. അതാ അയാളുടെ ലക്ഷ്യം.’

‘നിന്നെ കൊല്ലാനോ?’

‘നീ ഈ നാട്ടുകാരനൊന്നുമല്ലേ. അയാളെന്റെ ബയോളജിക്കൽ ഫാദറല്ലെന്ന് നിനക്കറിയില്ലേ.’

‘ങേ.’ 

‘നാട്ടിൽ ഒരുമാതിരി എല്ലാർക്കുമറിയാം. അയാൾ എന്റെ അമ്മയെ കെട്ടുമ്പോൾ എനിക്ക് 6 മാസം പ്രായമേ ഉള്ളായിരുന്നൂ. കാഞ്ഞിരുത്തുങ്കലെ സ്വത്ത് എന്റെ അമ്മയുടെയാണ്, അയാൾക്ക് പവർ ഓഫ് അറ്റോർണിയേ ഉള്ളൂ. 21 വയസ്സാകുമ്പോൾ അല്ലെങ്കിൽ വിവാഹശേഷം എനിക്ക് അതെല്ലാം തിരികെ തരേണ്ടി വരും. അതിനു പ്രീഡിഗ്രി മുതൽ അയാൾ എന്റെ പിന്നാലെ വിട്ടതാ നിന്റെ ചേട്ടനെ. ഞാൻ അറിയാതെ ചെന്നു കുടുങ്ങുകേം ചെയ്തു. ജോണിയുടെ വായീന്നാ വീണത്. എന്നെ കൊന്നിട്ട് ആ കൊല സണ്ണിയുടെ തലയിൽ വച്ചുകെട്ടാനാ പ്ളാൻ എന്ന്. അപ്പോൾ നിന്റെ ചേട്ടൻ പേടിച്ചു സത്യം പറഞ്ഞു’

‘അവനിപ്പോ?’

‘നിനക്കിട്ട് ഇപ്പോ തന്നതിലും വലിയൊരു കിക്കാ അവന്റെ മുഖത്ത് ഞാൻ കൊടുത്തത്.’

‘എന്നിട്ട്…’

അവൾ അവളുടെ ബാഗിൽ നിന്നു മറ്റൊരു തോക്ക് പുറത്തെടുത്തു. അവൾ ഇടം കയ്യിലിരുന്ന ഡ്യൂപ്പ് തോക്ക് അവന്റെ മുന്നിലേക്കിട്ടു. 

‘ദതു പോലല്ല, ദേ ഇത് ഒർജിനലാ...പാന്റേൽ മുള്ളിയിട്ടാ ഇതു പൊട്ടിയപ്പോ അവൻ ഓടിയത്. നിങ്ങളു കുടുംബ സഹിതം പേടിത്തൊണ്ടമ്മാരാ അല്യോ, കുറേ പൊക്കോം തടീം കൊടുത്തു വിട്ടേക്കുവാ, തലമണ്ടയ്ക്കകത്താണെങ്കിൽ എയറു മാത്രോം.’

‘എടീ ചേട്ടായിയേം കൊണ്ടല്ലാതെ ചെന്നാ അമ്മ വീട്ടീ കേറ്റുകേല, എന്റെ കയ്യിലാണേ കാശും കഴിഞ്ഞു. ഞാൻ ഇനി എന്നാ ചെയ്യും. അവനെവിടാന്നെങ്കിലുമൊന്നു പറഞ്ഞുതാ.’

അവൾ വീണു കിടന്ന കാറ്റാടി മരത്തിന്റെ തടിയിലേക്കിരുന്നു. നിലത്തു കശുമാങ്ങാപ്പഴം വീണു  ചീഞ്ഞു കിടക്കുന്നു. ഇരുണ്ട ചുവപ്പുനിറമുള്ള അതിൽ‌ അവൾ തോക്കിൻ മുന കൊണ്ടു കുത്തിയപ്പോൾ രക്തം പോലെ നീരുചാടി. അവൾ എന്തോ ആലോചിച്ചുറപ്പിച്ച പോലെ എണീറ്റു. മിന്നൽപോലെ സേഫ്റ്റി ക്ളിപ് തട്ടിമാറ്റി. അവന്റെ ഇരുപുരികങ്ങള്‍ക്കും നടുവിൽ തോക്കു മുട്ടിച്ചുവച്ചു.

(തുടരും)

English Summary: Kanal, e-novel written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com