ADVERTISEMENT

ക്ലാസ്മേറ്റായ അനുവിന്റെ  വിവാഹം കൂടി കഴിഞ്ഞതോടെ അടുത്ത സുഹൃത്തുക്കളിൽ അരവിന്ദും രാഖിയും മാത്രമായി അവിവാഹിതര്‍. തിരുവനന്തപുരത്ത് വച്ച് നടന്ന അനുവിന്റെ കല്യാണത്തിനിടെ അരവിന്ദിന്റെയും രാഖിയുടേയും  ഇതുവരെ നടക്കാത്ത വിവാഹമായിരുന്നു പ്രധാന സംഭാഷണ വിഷയം. 

 

കോഴ്സ് കഴിഞ്ഞു മൂന്നുവര്‍ഷമായി. അരവിന്ദിന്റെ അമ്മയുടെ എതിര്‍പ്പ് എല്ലാവര്‍ക്കും അറിയാം. രാഖി ചര്‍ച്ചയ്ക്ക് കൂടുതല്‍ നേരം നിന്നില്ല. അവള്‍ ‍വധൂവരന്മാർക്കൊപ്പം വരന്റെ തിരുവനന്തപുരത്തു തന്നെയുള്ള വീട്ടിലേക്ക് പോയി. വധുവിനൊപ്പം കൂട്ടുകാരികൂടി കേറിച്ചെല്ലുന്നത് സാധാരണ നടപ്പുള്ള കാര്യമല്ല. പക്ഷേ രാഖി അങ്ങനെയാണ്. അവള്‍ക്ക് ശരിയെന്നു തോന്നുന്നത് ചെയ്യും. 

 

അഞ്ചടിയിലധികം ഉയരത്തില്‍, കായികതാരങ്ങളുടേതു പോലെ ഉറച്ച ശരീരവും കറുപ്പോ വെളുപ്പോ എന്ന് നിശ്ചയിക്കാനാവാത്ത നിറവും തിളങ്ങുന്ന വട്ടക്കണ്ണുകളുമായി അവള്‍ എല്ലാര്‍ക്കും പ്രിയങ്കരിയായി. നിറഞ്ഞ ചിരിയും ഇടപെടുന്നവരുടേതിനെക്കാള്‍ ഒരു പടി എപ്പോളും ഉയര്‍ന്നു പ്രസരിച്ച ആത്മവിശ്വാസവും എല്ലായിടത്തും അവളെ അപ്രതിരോധ്യയാക്കി. ശ്യാമള ടീച്ചര്‍ മാത്രം രാഖിയെ അകറ്റിനിര്‍ത്തി. നേരിട്ടുകാണാനോ ഒരുവട്ടമെങ്കിലും ഫോണില്‍ സംസാരിക്കാനോ കൂട്ടാക്കിയില്ല, ആരൊക്കെ പറഞ്ഞിട്ടും. 

 

പലയിടത്തും ചുറ്റിനടന്ന് രാത്രി ഒന്‍പതു കഴിഞ്ഞപ്പോളാണ് മാത്യു സേവ്യറും ഭാര്യ സോഫിയും പുതിയൊരു ഐഡിയയുമായി വന്നത് - ‘കന്യാകുമാരിക്ക് പോയാലോ?’ 

 

ഇതിനകം തിരികെ എത്തിയ രാഖിക്ക് അവരിലും അധികം ആവേശം. അത്രയും നേരംകൂടി എല്ലാവര്‍ക്കും ഒരുമിച്ച് ഇരിക്കാമല്ലോ !.

 

രാഖിയാണ് കാറോടിച്ചത്. പകലത്തെ അലച്ചിലിന്റെ ക്ഷീണമൊന്നും അവളെ ബാധിച്ചിട്ടില്ല. കന്യാകുമാരിയില്‍ അവരെത്തുമ്പോള്‍ അര്‍ധരാത്രി കഴിഞ്ഞു. കടകളെല്ലാം അടഞ്ഞു കിടക്കുന്നു. പാതി തുറന്നുവച്ച ഒരു ചെറിയ ഹോട്ടലിന് മുന്നില്‍ ഒരാള്‍നിന്ന് പതിനാറ് ഇഡ്ഡലി വേവിക്കുന്ന തട്ട് ഉരച്ചുകഴുകുന്നു. അവിടെനിന്ന് ചായകുടിച്ചു. കുറച്ചുകൂടി മുന്നോട്ടുചെന്നപ്പോള്‍ തരക്കേടില്ലാത്തൊരു ഹോട്ടല്‍ കണ്ടു. റൂം കിട്ടിയപാടേ മാത്യുവും സോഫിയും ബെഡില്‍വീണു.

 

അരവിന്ദും രാഖിയും ഉറങ്ങാനുള്ള ഭാവത്തിലായിരുന്നില്ല. 

 

‘നമുക്ക് ബീച്ചിൽ അല്‍പദൂരം വെറുതേ നടന്നാലോ’- അവന് സന്തോഷം തോന്നി, രാഖിയോട് അത് അങ്ങോട്ട് ചോദിക്കാൻ തുടങ്ങുകയായിരുന്നു. 

 

നടക്കുമ്പോൾ അരവിന്ദ് അവളെ തോള്‍ ചേര്‍ത്തുപിടിച്ചു. ‘ഞാന്‍ ഇവിടെ ആദ്യമായിട്ടാണ് വരുന്നത്.’ 

‘ഞാനും’ അവള്‍ പറഞ്ഞു. 

 

മുമ്പെങ്ങാനും ഒറ്റയ്ക്ക് വന്നിരുന്നെങ്കില്‍ അഗാധമായ നിറവോടെ തങ്ങള്‍ക്ക് ഇങ്ങനെ നടക്കാന്‍ ആവുമായിരുന്നില്ല എന്ന് അരവിന്ദിന് തോന്നി.

 

എന്തോ കാരണത്താൽ തീരത്തെ വിളക്കുകൾ ആ രാത്രിയിൽ കെട്ടുപോയിരുന്നു.

 

തണുത്ത കാറ്റിനൊപ്പം എത് വശത്തുനിന്ന് വരുന്നെന്ന് അറിയാത്ത തിരകളുടെ ഹുങ്കാരം. ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും സംഗമിക്കുന്ന തീരം. കറുത്തപക്ഷ  ക്ഷീണചന്ദ്രന്‍ വിളറിനിന്നു. കാര്‍മൂടിയ ആകാശത്ത് അങ്ങിങ്ങ് താരകങ്ങള്‍. കരയേത് കടലേത് എന്ന് വേര്‍തിരിച്ച് അറിയാനാകാത്ത ഇരുട്ടില്‍ ഇരുവരും മെല്ലെ നടന്നു.

 

കൂരിരുട്ടില്‍ പതിയെ നീങ്ങുന്ന രാഖിയും താനും മുകളിൽ ആകാശത്ത് നിശ്ചിത ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഒരു ഗ്രഹവും അതിന്റെ ഉപഗ്രഹവും പോലെയാണെന്ന് അരവിന്ദിന് തോന്നി. പരസ്പരാകര്‍ഷണത്തിന്റെ ചലനനിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന രണ്ട് ജീവനുകള്‍. !

 

കടൽവെള്ളം വകഞ്ഞ് അരോ നടന്നുവരുന്ന ശബ്ദം കേട്ടു.

 

പൂർണ നഗ്നയായ ഒരു വൃദ്ധ കരയിലേക്ക് കയറിവരുന്നു. അവരുടെ വരവ് നോക്കിനിന്ന് ഒരു പറ്റം പട്ടികൾ സ്നേഹത്തോടെ വാലാട്ടി കുരച്ചു. കടലുപോലെ പ്രാചീനവും എന്നാൽ ബലിഷ്ഠവുമായ അവരുടെ ശരീരത്തിൽനിന്ന് ഈറനൊലിക്കുന്നു. അവർ രാഖിയുടെ മുന്നിൽവന്ന് അവളെ തുറിച്ചുനോക്കി നിന്നു. 

 

‘മായിയമ്മ !..’ കന്യാകുമാരിയിലെ അവധൂത !. അരവിന്ദ് ആളെത്തിരിച്ചറിഞ്ഞു.

 

മായിയമ്മ എവിടെനിന്നു വന്നെന്നോ, പ്രായം എത്രയുണ്ടെന്നോ ആർക്കും കൃത്യമായി അറിഞ്ഞുകൂടാ. തീരത്തലഞ്ഞ്, കടലിൽ തുടിച്ച്, പാറക്കെട്ടുകളിൽ വെയിൽകാഞ്ഞ് കടലിൽ മറയുന്നവൾ.

 

മായിയമ്മ അവളെയുമെടുത്ത് കടലിലേക്ക് മറയുമോ എന്ന ഭയന്ന് അവൻ രാഖിയുടെ കയ്യിൽ മുറകെ പിടിച്ചു.

 

ഭാഷ വികസിക്കുന്നതിനുമുമ്പേ ഉണ്ടായതെന്ന് തോന്നിക്കുന്ന വിചിത്ര വൈഖരിയിൽ അവരെ നോക്കി വൃദ്ധ പറഞ്ഞത് മലയാളം, ഇംഗ്ലിഷ്, തമിഴ്, ഹിന്ദി എന്നിങ്ങനെ ഏതാനും ഭാഷകൾമാത്രം തിരിച്ചറിയാൻ സാധിക്കുന്ന അരവിന്ദിനും രാഖിക്കും മനസ്സിലായില്ല. 

 

അത്രനേരം അലൗകികമായിത്തോന്നിയ അന്തരീക്ഷത്തിൽ ഭയത്തിന്റെ ഉപ്പുപരലുകൾ വളരുന്നത് അരവിന്ദ് അറിഞ്ഞു. നായ്ക്കൾ അക്ഷമയോടെ മുരളുന്നു. സ്തബ്ധരായിനിന്ന ഇരുവരേയും വിട്ട് മായിയമ്മ നായ്ക്കൾക്കൊപ്പം നടന്നു മറഞ്ഞു.

 

‘‘മായിയമ്മ വർഷങ്ങൾക്കുമുമ്പേ കന്യാകുമാരിയിന്ന് പോയെന്നും സമാധിയായെന്നുമാണ് കേട്ടിട്ടുള്ളത്. ഇത് അലഞ്ഞുതിരിയുന്ന ആരോ ആവണം”– ഒരു ദീർഘനിശ്വാസത്തോടെ അരവിന്ദ് സമാധാനിച്ചു.

 

തണുപ്പ് ശക്തമായപ്പോള്‍ അവര്‍ റൂമിലേക്ക് പോന്നു. തിരിച്ചു നടക്കുമ്പോൾ അരവിന്ദിന് മധുസൂദനൻ നായരുടെ കവിത മനസിൽവന്നു

 

‘‘കരയുന്നില്ല ചിരിക്കുന്നില്ല

കടലാളും കണ്ണുള്ള മായിയമ്മ

കനവു ചിക്കുന്നില്ല

കഥകളോര്‍ക്കുന്നില്ല

കടലാഴം കരളുള്ള മായിയമ്മ”

 

റൂമിലെത്തി കാലും കയ്യും കഴുത്തും തുടച്ച് രാഖി കിടന്നു. അരവിന്ദ് കുളിച്ചുവന്നപ്പോഴേക്ക് അവള്‍ ഉറക്കമായി. അടുത്ത് കിടന്ന് കവിളില്‍ ഉമ്മവയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കുതറി. 

 

‘‘അരവിന്ദ് ഇത് കന്യകയായ കുമാരിയുടെ തട്ടകമാണ്. ഉറങ്ങാന്‍ നോക്കൂ.”

 

പുലര്‍ച്ചെ അഞ്ചേമുക്കാലോടെ സൂര്യോദയം കാണാന്‍ പോകാന്‍ അവര്‍ റെഡിയായി. ബീച്ചിന്റെ കിഴക്ക് ഭാഗത്ത് മതിലില്‍ ഉദയം പ്രതീക്ഷിച്ച് ഇരുന്നപ്പോള്‍ ടൂറിസ്റ്റുകളാരോ എടുത്ത സെല്‍ഫിയുടെ ഫ്ലാഷ് തട്ടി രാഖിയുടെ മൂക്കുത്തിയിലെ ചുവന്ന കല്ല് കത്തി. പണ്ട്, കന്യാകുമാരി ദേവിയുടെ വിഗ്രഹത്തിലെ മൂക്കുത്തിയുടെ തിളക്കം കണ്ട് ലൈറ്റ് ഹൗസ് ആണെന്ന് കരുതി തീരത്തേക്ക് വന്ന കച്ചവടക്കാരുടെ കപ്പലുകള്‍ കടലിലെ പാറക്കെട്ടുകളില്‍ ഇടിച്ച് തകര്‍ന്നുപോയി. അതില്‍പ്പിന്നെ ദേവിയുടെ കിഴക്കേ നട വിശേഷാവസരങ്ങളില്‍ മാത്രമേ തുറക്കൂ. അടഞ്ഞു കിടന്ന ക്ഷേത്ര വാതില്‍ അരവിന്ദ് രാഖിക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തു.

 

‘‘നിന്റെയീ മുക്കുത്തിയുടെ തിളക്കം കണ്ട് വരാന്‍ പോകുന്നത് പടക്കപ്പല്‍ ആയിരിക്കുമോ ?” അരവിന്ദിന്റെ തമാശകേട്ട് രാഖി പൊട്ടിച്ചിരിച്ചു.

 

അന്ന് കന്യാകുമാരിയില്‍ സൂര്യോദയം ദൃശ്യമായില്ല. കഴിഞ്ഞ ഏഴുദിനങ്ങളിലും അന്ധകാരാന്തകനായ സൂര്യന്റെ അരുണകാന്തിയില്‍ വിളങ്ങിയ കന്യാകുമാരി കടല്‍ത്തീരം വരാന്‍പോകുന്ന ഇരുണ്ട കാലത്തിന്റെ സൂചന എന്നപോലെ  കാര്‍മേഘം മൂടിക്കിടന്നു. പുതിയൊരു സൂര്യോദയത്തിന്റെ പ്രതീക്ഷകളുമായി ചെന്ന ഇണകള്‍ ഇരുട്ട് വിട്ടൊഴിയാത്ത വഴികളിലൂടെ ഹോട്ടല്‍ റൂമിലേക്ക് മടങ്ങി.

 

(തുടരും)

 

Content Summary: Lajja Gauri, tantric novel by Sreekumar. V.S 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com