‘പണി പാളിയാ പിന്നെ പൊടിപോലും കിട്ടില്ല’ ഇത് ജീവൻ പണയം വെച്ചുള്ള കളി

HIGHLIGHTS
  • സനു തിരുവാർപ്പ് എഴുതുന്ന നോവൽ
  • കനൽ – അധ്യായം 6
Kanal-6
SHARE

ഭിത്തിയിലെ സ്റ്റഫ്ഡ് കാളത്തലയുടെ താഴെ ഭദ്രമായി ഉറപ്പിച്ചിരുന്ന തോക്കെടുത്ത് സിനിമാ സ്റ്റൈലിൽ‌ തരകൻ ജീപ്പിലേക്കു ചാടിക്കയറി. വണ്ടി എടടാ. അയാൾ അലറി. ഓടിയെത്തിയ സാം കുട്ടിയും തുമ്പിയുമൊക്കെ ജീപ്പിന്റെ വശത്തു തൂങ്ങി നിന്നു. ജീപ്പ് വീട്ടുമുറ്റം കഴിഞ്ഞു പുറത്തേക്കിറങ്ങി. തുമ്പി ജീപ്പിന്റെ വശത്തു ഒരു കൈകൊണ്ടു പിടിച്ചു നിന്നവഴി തന്നെ കൂടുതൽ അനുയായികളോടു കവലയിലേക്കു വരാൻ ആംഗ്യത്തിലാവശ്യപ്പെട്ടു. 

ഇടിമണ്ണിക്കലെ ഇടവഴിയിലേക്കു തിരിഞ്ഞപ്പോൾ തരകൻ ഡ്രൈവറുടെ തോളിൽ കൈകൊണ്ടു തട്ടി. ഡ്രൈവർ വേഗമൊട്ടും കുറയ്ക്കാതെ തിരിഞ്ഞു തരകന്റെ മുഖത്തേക്കു നോക്കി. ഞെട്ടിപ്പോയ അയാള്‍ ബ്രേക്ക് ആഞ്ഞുചവിട്ടി. പിന്നിൽ വന്ന ജീപ്പിലൊരെണ്ണം ബ്രേക്ക് കിട്ടാതെ ആ വാഹനത്തിനു പിന്നിൽ വന്നിടിച്ചു.

എന്താണു സംഭവമെന്നറിയാൻ സാംകുട്ടി ജീപ്പിനു മുൻ‌വശത്തേക്കെത്തി. നെഞ്ചിനു വശത്തായി കൈപൊത്തിപ്പിടിച്ചു തരകൻ സീറ്റിലേക്കു ചരിഞ്ഞു കിടക്കുകയായിരുന്നു. താമസിയാതെ രണ്ട് സ്പീഡ് ബോട്ടുകള്‍ ചേരിക്കൽ കടവിൽനിന്നു ടൗണിലെ ആശുപത്രിയിലേക്കു തിരകൾ മുറിച്ചു പാഞ്ഞു.

…………….

ജോലിക്കാരി കട്ടന്‍ചായ ചാരുകസാലയുടെ വശത്തിരിക്കുന്ന ടേബിളിൽ വച്ച ശേഷം ഒന്നു മുരടനക്കിയ ശേഷം അകത്തേക്കു പോയി. കണ്ണടച്ചു കിടക്കുകയായിരുന്നു തരകൻ‌ വേദനയോടെ ഒന്നു ഞരങ്ങി.

സാംകുട്ടിയും തുമ്പിയും ദയനീയ മുഖഭാവത്തോടെ നോക്കി നിന്നു. തരകൻ വളരെ പതിയെ ഞരങ്ങി എണീറ്റു ചായ എടുത്തു. അയാൾ കസേരയിൽ നിന്നു കൈകുത്തി എണീക്കാൻ ശ്രമിച്ചപ്പോൾ തുമ്പി അടുത്തേക്കു ചെല്ലാനാഞ്ഞു, സാംകുട്ടി അയാളെ കൺകോണൊന്നടച്ചു കാണിച്ചു. അയാൾ പിന്നിലേക്കു മാറി.

തരകൻ അതു കണ്ടു പതിയെ ഒന്നു ചിരിച്ചു. ജോണേ... തരകൻ വിളിച്ചു. എന്നാ മുതലാളി.. പറഞ്ഞാട്ടെ. നീ ഇടിമണ്ണിക്കൽ പോണം സിനിക്കുഞ്ഞിനോടും അവനോടും ഇങ്ങോട്ടൊന്നു വരാൻ പറ. സാംകുട്ടിയുടെ മുഖം ചുമന്നു, അവൻ‌ എന്തോ പറയാനായി ആഞ്ഞതും. വേണ്ടെന്ന ആംഗ്യത്തോടെ തരകന്റെ കൈ പൊങ്ങി. അയാൾ എന്തോ പിറുപിറുത്ത് അകത്തോട്ടു പോയി.

********    *********     *********    *******

ശോശാമ്മ ഇടിമണ്ണിക്കൽ വീടിന്റെ വാതിൽ‌ക്കലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. വാതിൽക്കൽ ഗേറ്റ് പൂട്ടി ഒരു ഗൂർഖ നിപ്പുണ്ട്. കക്കാ നിറച്ച ചരുവവും തലയിലേറ്റി വന്ന കാര്‍ത്യായനി, ശോശാമ്മയെ കണ്ടു നിന്നു. അല്ലേ മകനിത്രം സെറ്റപ്പിൽ വന്നിട്ടു, നിങ്ങളിവിടെ കിടന്നു കറങ്ങുകാണോ, കേറിയങ്ങു ചെല്ലു തള്ളേ… 

അതിനിയാളു കേറ്റി വിടണ്ടേ. ഞാൻ എത്ര തവണ ചോദിച്ചു. ശോശാമ്മ സെക്യൂരിറ്റിയെ ചൂണ്ടി കാണിച്ചു. എടോ..ഗൂർഖേ ഇതു നിങ്ങടെ മുതലാളീടെ അമ്മയാ.. അകത്തോട്ടു കേറ്റി വിടടോ, അല്ലേൽ അങ്ങോട്ടു ചെന്നു പറയടോ ഇന്നയാളു വന്നിരിക്കുന്നെന്നു. സെക്യൂരിറ്റി അവരുടെ നേരേ വടിയും വീശിയെത്തി ഇരുവരും രണ്ടുവഴിക്ക് ഓടി. 

സോഫീ ... ച്ചിരി വെള്ളം എടുക്കെടീ.. ശോശാമ്മ തോർത്തുകൊണ്ടു വിയർപ്പാറ്റി ഇറയത്തിരുന്നു. എന്ത്യേ മോനെ കണ്ടില്ലേ. എവിടെ ഭര്‍ഗവീ നിലയം പോലൊരു വീടും കോട്ടമതിൽ പോലൊരു മതിലും അതിനൊരു കാവൽ ഭടനും. 

ആദ്യം ഒരുത്തനെ കാണാതായി, അവനെ തപ്പാൻ രണ്ടാമത്തവൻ പോയി, ദേ ഇപ്പോ ആദ്യത്തവൻ വന്നു, തെരയാൻ പോയവൻ എതിലേ തെരഞ്ഞു നടക്കുകാണോ അവോ?...ശോശാമ്മ അരോടെന്നില്ലാതെ പറഞ്ഞു.

********    ********    ********    *******

മുറിയിലൂടെ കൂട്ടിലടച്ച വെരുകിനെപ്പോലെ സാജൻ നടന്നു, കുളി കഴിഞ്ഞു മുടി തുവർത്തിക്കൊണ്ടു മൂളിപ്പാട്ടുപാടി സിനി ആട്ടുകട്ടിലിലിരുന്നു, ഇയാൾക്കിതെന്തുപറ്റി ഉച്ചയ്ക്കു കഴിച്ചതു വയറ്റിപിടിച്ചില്ലേ. ഒരു ഇരിപ്പുറയ്ക്കായ്ക. 

അവൻ അവളെ ഒരു കത്തുന്ന നോട്ടം നോക്കിയശേഷം ജനലിങ്കേൽപ്പോയി ഇരുകൈകളും പിടിച്ചു പുറത്തേക്കു എത്തി നോക്കി. ഗേറ്റിനു മുന്നിൽക്കൂടിപ്പോയവരിൽ ആരോ അകത്തേക്ക് എത്തി നോക്കിയപ്പോൾ അവൻ വശത്തേക്കു വേഗം മാറി. 

കണ്ണാടിയുടെ മുന്നിൽ ഒരുങ്ങുകയായിരുന്നു സിനിയുടെ നേരേ അവൻ തിരിഞ്ഞു,  ഇതുവരെ നിന്റെ കഥയൊക്കെ സൂപ്പർ. പക്ഷേ മതിൽക്കെട്ടിനു പുറത്തിറങ്ങി കളിച്ചിട്ടില്ല. ചേട്ടനല്ല ഇതു ഞാനാണെന്ന കാര്യംപോലും ആരോടും പറയേണ്ടതായും വന്നിട്ടില്ല. 

പക്ഷേ ദേ ഇന്നു കാഞ്ഞിരത്തുങ്കേൽ ചെന്നു കേറിക്കൊടുത്താൽ പിന്നെ ഞാൻ സണ്ണി ആയി അഭിനയിക്കേണ്ടി വരും.  കോലം കൊണ്ടു മാത്രേ ഞങ്ങളൊരുപോലുള്ളൂ.. അവന്റെ പുറത്തുള്ള രീതി എന്താണെന്നോ എങ്ങനെയാ എടപെടീലെന്നോ ഒന്നും എനിക്കറിയത്തില്ല. പണി പാളിയാ.. പൊടിപോലും കിട്ടില്ല. 

സിനി കണ്ണാടിയുടെ പ്രതിബിംബത്തിലെ അവനെ നോക്കി. നീ ഗൾഫിലൊക്കെ പോയിട്ടു തിരിച്ചു വരുന്നവരെയും ദൂരെ പഠിക്കാൻ പോയിട്ടു വരുന്നവരെയൊക്കെ കണ്ടിട്ടില്ലേ, പോയ ആളാണോ വരുന്നെ ആകെ ഒരു മാറ്റം തോന്നില്ലേ, അതേപോലെ ദേ നീയിപ്പോ പഴയ തല്ലിപ്പൊളി സണ്ണിയായിട്ടല്ല, തിരികെ വരുന്നത്. ഒരു സ്റ്റാൻഡേർ‍ഡ് ആവണം. ഓവർ ആക്ട് ചെയ്ത് ചളവാക്കാതിരുന്നാൽ മതി, ആവശ്യമില്ലാത്ത നിന്റെയീ കലപില സംസാരം ഒഴിവാക്കിയാ മതി. വേറേ ഒരു പ്രശ്നോമില്ല..

അപ്പോ എന്റെ അമ്മേം അനിയത്തിയെയോ, അമ്മ േദ ഇന്നലേം സെക്യൂരിറ്റിനെ ഒരുമൂടു ചീത്ത പറഞ്ഞിട്ടാ പോയെ. പുറത്തിറങ്ങിയ അവരെ കാണാതിരിക്കാൻ പറ്റുവോ. 

നീ അവരുമായിട്ടിപ്പോ അധികം സമ്പർക്കത്തിനു പോകേണ്ട. ഒരു മാസം എനിക്കിവിടെ ചിലതു ചെയ്യാനുണ്ട്. അതിനു നിന്റെ ഈ വേഷം കൂടിയേ തീരൂ.. നീ ഇനി സണ്ണിയാണ് അതു മനസ്സിലുറപ്പിച്ചോ, തൽക്കാലം സാജന്‍ ഈ കഥയിലില്ല. അവൻ എളിയിൽ കൈകുത്തി ഒരു നിമിഷം അമ്പരപ്പോടെ നിന്നു. പിന്നെ ജനലിനു നേരേ തിരഞ്ഞു. തല ജനലഴിയിൽ ചേർത്തുവച്ച് അലോചനയോടെ നിന്നു. സിനി ഏതോ ഒരു ടെക്സ്റ്റയിൽ ഷോപ്പിന്റെ വലിയൊരു കവർ കട്ടിലിലേക്കു ഇട്ടശേഷം മൂളിപ്പാട്ടു പാടി മുറിയിലൂടെ നടന്നു.

*********   *********    ********   *******

കാഞ്ഞിരത്തുങ്കൽ മുറ്റത്തേക്കു വെള്ള ബെൻസ് ഒഴുകിയെത്തി നിന്നു. ആദ്യം പുറത്തിറങ്ങിയത് സണ്ണിയാണ്. ഗ്രേ കളർ സ്യൂട്ട് അവനു നല്ലപോലെ ചേരുന്നുണ്ടായിരുന്നു. മുഖത്തു നിന്നു കണ്ണട ഊരി അവൻ ചുറ്റും നോക്കി. മാവിൻ ചുവട്ടിൽ നിന്നിരുന്ന തുമ്പി ജോണും കൂട്ടരും അവനെ കണ്ടിട്ടും കാണാത്തതുപോലെ ചർച്ചയഭിനയിച്ചു നിന്നു.  അകത്തുനിന്നു തരകന്റെ ശബ്ദം മുഴങ്ങി. കേറിവാ.. ഇരുവരും അകത്തേക്കു കയറി. അയാൾ ചാരുകസേരയിൽ നിന്നെണീക്കാൻ പണിപ്പെട്ടു. പെട്ടെന്ന് അവിടെ നിന്നവരെ അമ്പരപ്പിച്ചു സിനി അയാളുടെ കാലിൽ നമസ്കരിച്ചു. അപ്പച്ചൻ‌ എന്നോടു ക്ഷമിക്കണം.

English Summary: Kanal, e-novel written by Sanu Thiruvarppu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
;