ADVERTISEMENT

സൈറൺ മുഴങ്ങിയതിനു പിന്നാലെ, കമ്പനിയോടു ചേർന്നുള്ള മെസ്സിലേക്കു നടക്കുകയായിരുന്നു സാജൻ. അവിട‌വിടെ കെട്ടിക്കിടക്കുന്ന ചെളി വെള്ളത്തിൽ ചവിട്ടി ഷൂവിൽ അഴുക്കു പുരളാതിരിക്കാൻ ശ്രദ്ധിക്കുന്നതിനിടയിൽ അവൻ വശത്തെ പഴയ ഗേറ്റിലേക്കു പാളി നോക്കി. 

 

വെള്ള നിറത്തിലെ സാരിയും അതിനു മുകളിലെ ഇളം റോസ് കവണിയുമാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. അവന്റെ കാലുകള്‍ യാന്ത്രികമായി അവിടേക്കു ചലിച്ചു. ശോശാമ്മയുടെ കണ്ണുകൾ അവന്റെ മുഖത്തു തറച്ചു നിന്നു. ആ നോട്ടത്തിൽ അവനൊന്നു പതറി. കാലുകൾ വിറയ്ക്കാൻ തുടങ്ങി, ഒടുവിൽ രണ്ടും കൽപ്പിച്ച് അവൻ സണ്ണിയെ അനുകരിച്ച് ചോദിച്ചു. എന്താ തള്ളേ ഇവിടെ, നിങ്ങളോടാരു പറഞ്ഞു ഇവിടെ വരാൻ. ശോശാമ്മയുടെ മുഖം ചുവന്നു, അവർ വപ്പുകടിച്ചു സ്വയം നിയന്ത്രിച്ചു– ഇവിടെ ഒരു കൊച്ചു മുതലാളി ഉണ്ടെന്നു കേട്ടു. എന്റെ മോനെപ്പോലെ തന്നെ ഉണ്ടെന്നു നാട്ടുകാരും പറഞ്ഞു. അന്നാ ഒന്നു കണ്ടേച്ചങ്ങു പോകാന്നു കരുതി

 

ങാ കണ്ടില്ലേ.. എന്നാ പൊക്കൂടെ, എളേ മോനെന്തിയേ.. അവൻ തിരിച്ചു വന്നോ… ശോശാമ്മയുടെ മുഖത്തു  ദേഷ്യവും വിഷമവും മാറി മറഞ്ഞു. കൈകാണിച്ചു വിളിച്ചു. മോനേ ഇങ്ങ് വന്നേ.. അമ്മ ഒരു കാര്യം പറയട്ടടാ..  അവൻ ഗേറ്റിനരികിലേക്കു നീങ്ങി മുന്നോട്ടൊന്നു കുനിഞ്ഞു. ശോശാമ്മ അവന്റെ നെക്ക് ടൈയ്യിൽ പിടിച്ചു വലിച്ചു ഗേറ്റിലേക്കടുപ്പിച്ചു. അവന്റെ താടി തുരുമ്പുപിടിച്ച ഗേറ്റിലേക്കമർന്നു. കണ്ണിലൂടെ പൊന്നീച്ച പറന്നു

 

 

എടാ.. കാട്ടുകള്ളാ.. എന്താ നിന്റെ ഉദ്ദേശം.. പറയടാ.. അവനെന്തിയേ സണ്ണി.. പെറ്റ വയറിനെ പറ്റിക്കാന്‍ നോക്കുന്നോ?. അവന്റെ ഒരു കാൽസ്രായും കുപ്പായോം. നിന്നെയൊക്കെ ഏതിരിട്ടത്തു കണ്ടാലും എനിക്കറിയാമടാ... അവന്റെ കണ്ണു തുറിച്ച... അ്,മ്..മേ..വിട്..വിട് പറയട്ടെ. അവന് കുഴപ്പമൊന്നുമില്ല, ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്കു  വേഷം കെട്ടേണ്ടി വന്നതാ... എല്ലാം ഞാൻ പറയാം.. ഇപ്പോ ഇതാരെങ്കിലും അറിഞ്ഞാ ശരിയാകുവേല..

 

ശോശമ്മ അവന്റെ കഴുത്തിലെ പിടിവിട്ടു. ശോശാമ്മ അവന്റെ ചുമലിനു മുകളിലൂടെ ആരെയോ രൂക്ഷമായി നോക്കുന്നതു കണ്ടു അവനും കഴുത്തുതടവിക്കൊണ്ടു തിരിഞ്ഞു നോക്കി. സിനി ആകെ പരിഭ്രമിച്ചു അവിടെ നിൽപ്പുണ്ടായിരുന്നു.‌ ഞാൻ പെറ്റത് രണ്ട് ആൺകൊച്ചുങ്ങളേം ഒരു പെണ്ണിനെയുമാ..  അവനെവിടെയാണെങ്കിലും ഇനി നീ എന്റെ വീട്ടിലെത്തിച്ചിരിക്കണം, ചത്തെങ്കിൽ ശരീരമെങ്കിലും. അവനുമായിട്ടല്ലാതെ നീയിനി അങ്ങോട്ടു കേറിപ്പോകല്ല്, ഇനി ഞങ്ങളൊന്നും വേണ്ടന്നാ തീരുമാനമെങ്കി. സണ്ണിക്കെന്തു പറ്റിയെന്നു നാട്ടുകാരോടു പറയാൻ മോൻ തയാറായിക്കോ?, ശോശമ്മ വെട്ടിത്തിരിഞ്ഞു നടന്നു.

 

********    *******     *******    *******

 

സിനിയുടെ ലേഡി ബേർഡ് സൈക്കിൾ ജംഗ്ഷനിലൂടെ പതുക്കെ നീങ്ങി. അവളുടെ വേഷം അവിടെ ഇരുന്നവരെല്ലാം കൗതുകത്തോടെ നോക്കി. സൈക്കിൾ താന്നിക്കലേക്കുള്ള ഇടവഴിയിലേക്കു നീങ്ങി. കല്ലുകളിൽ തെന്നി വീഴാനൊരുങ്ങിയപ്പോൾ അവൾ സൈക്കിളിൽ നിന്നിറങ്ങി മുന്നോട്ടു ഉന്തിക്കൊണ്ടു നടന്നു.

താന്നിക്കലെ വീടിന്റെ ഉമ്മറത്തേക്കെത്തി.

 

തിട്ടയിൽ നിന്നു താഴേക്കു സൈക്കിളിറങ്ങിയതിന്റെ ശബ്ദം കേട്ട സോഫിയ ജനലിലൂടെ വന്ന് ആദ്യം എത്തി നോക്കി, ശേഷം വന്നു കതക് തുറന്നു,.

സോഫീ.. സിനി ഒരു സ്റ്റെപ്പ് കയറിയശേഷം, അവളുടെ കൈയിൽ സ്പർശിച്ചു. സോഫി എന്തെങ്കിലും പറയുന്നതിനു മുൻപ് വീടിനു വലംവച്ചു ശോശാമ്മയും പിന്നിലെ കടവിൽ നിന്ന് അവിടേക്കെത്തി. അവർ അഴുക്കുപുരളാതിരിക്കാന്‍ നൈറ്റിയ്ക്കു ചുറ്റിയിരുന്ന പഴയ മുണ്ട്. അയയിലേക്കു തൂക്കിയശേഷം കൈതുടച്ചു അടുത്തേക്കു വന്നു.

ആഹാ.. ഇതാരാ.. ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയാവോ..

 

അതെന്താ അമ്മച്ചി അങ്ങനെ പറഞ്ഞേ..

 

അല്ല... കുഞ്ഞിലെ മമ്മിയുടെ കൈയ്യും പിടിച്ചു എന്നും ഇവിടെ വരുവാരുന്നു. വലുതായപ്പോള്‍ നിങ്ങളൊക്കെ അങ്ങു വലുതായി മാനം മുട്ടെ.. ഞങ്ങളെയൊന്നും കാണാന്‍ കഴിയാത്ത ഉയരം...‌

 

എന്നിട്ടാണോ അമ്മച്ചി സാജൻ എന്റെകൂടെ ഉള്ളേ. 

 

ഓഹോ അപ്പോ അറിയാം അതു സാജനാണെന്ന്. നീ സ്നേഹിച്ചു കൂട്ടിക്കൊണ്ടുപോയ ഒരുത്തനുണ്ടല്ലോ, അവനെന്തിയേ..‌

 

അമ്മച്ചീ ഞാൻ എല്ലാം പറയാം. അതിനു മുന്‍പ്‌..

 

ഓഹോ..  കുമ്പസാരിക്കാനെത്തിയതാണല്ലേ, മോളേ.. ആദ്യം നിങ്ങളുടെ പണവുമായി ഒരാൾ ഇവിടെ വന്നാരുന്നു. അതേ വേഗത്തിൽ അവനെ പറ‍ഞ്ഞു വിട്ടിണ്ടുണ്ടായിരുന്നല്ലോ?, ഇനി മോൾ വെച്ച വെള്ളവും വാങ്ങി വച്ചേക്ക്…

 

അമ്മച്ചീ.. സോഫി ശോശാമ്മയുടെ തോളിൽ പിടിച്ചു. കൈ വിടടി. ഇവരെന്തൊക്കെ കള്ളക്കളികൾ കളിക്കുന്നതെന്നു ഞാനും കൂടി ഒന്നു അറിയട്ടെ. പറയെടീ എന്റെ മോനെവിടെ.. രണ്ടുംകൂടി അവനെ എന്തു ചെയ്തെന്നു പറ.. എന്നോടു പറ...

 

ശോശാമ്മയുടെ ദേഹമാകെ വിറയ്ക്കാൻ തുടങ്ങി. സോഫി പേടിച്ചു ശോശാമ്മയുടെ കൈകളിൽ പിടിച്ചു വലിച്ചു, വേണ്ടമ്മച്ചീ.. വാ..

 

സോഫീ.. തടയണ്ട. അമ്മച്ചി എന്താന്നു വച്ചാ പറയട്ടെ.... പക്ഷേ അതിനു മുൻപ് ദേ ഇതൊന്നു കാണണം.. അവൾ അവളുടെ അരയിൽ ബെൽറ്റ് പോലെ കെട്ടിയിരുന്ന ഒരു പൗച്ച് തുറന്നു ഒരു ഫോട്ടോ ശോശാമ്മയുടെ കൈകളിലേക്കു കൊടുത്തു. ആ ചിത്രം കണ്ടതും എന്റെ കർത്താവേയെന്നു നില വിളിച്ചു ശോശാമ്മ കൈകൊണ്ടു തലതാങ്ങി താഴേയ്ക്കിരുന്നു. ശോശാമ്മയുടെ ചുമലിനു മുകളിലൂടെ ചിത്രത്തിലേക്കു നോക്കിയതും സോഫിയുടെ മുഖവും വിളറി...

 

Content Summary: Kanal, e-novel written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com