ADVERTISEMENT

ശബ്ദവും വെളിച്ചവും കേട്ടപ്പോൾ ഒടിച്ചിട്ടതുപോലെ കിടന്ന തല അയാൾ ആയാസപ്പെട്ടു നിവർത്തി. സാജന്റെ ഉള്ളൊന്നാന്തി . സണ്ണിയായിരുന്നു അത്. 

 

ചേട്ടായി.. സാജൻ അടുത്തേക്കോടിച്ചെന്നു. തടുക്കാനായി ഓടിയെത്തിയ ഒരാളെ അവൻ നെഞ്ചിൽ കൈകുത്തി ആഞ്ഞുതള്ളി. അയാൾ തറയിലേക്കു തെറിച്ചു വീണപ്പോൾ നിലത്തെ പൊടി ഇളകിപ്പറന്നു, പക്ഷേ സാജൻ ചെന്നെത്തെത്തുന്നതിനു മുന്‍പ്  അവന്റെ മുന്നിലേക്കു ചിലർ വഴിമുടക്കി വന്നു. 

 

തുമ്പി ജോണിന്റെ സംഘത്തിൽപ്പെട്ട അവരിൽ ചിലരെ അവൻ അതിനകം തിരിച്ചറിഞ്ഞിരുന്നു, തുമ്പിയും വാതിൽ തു​റന്നു അകത്തേക്കു കയറി വന്നു.‌ വെള്ള വസ്ത്രം ധരിച്ചയാൾ പുറത്തിറങ്ങി വാതിൽ ഭദ്രമാക്കി അടച്ചശേഷം തഴുതിട്ടു. സാജൻ ചുറ്റും നോക്കി. വിളക്കിൽനിന്നു വന്ന ഭൂതങ്ങളെപ്പോലെ ഏഴോളം ആളുകൾ അതിനുള്ളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 

 

ആയുധങ്ങൾ നിലത്തു പതിയെ തട്ടുന്ന ശബ്ദം മുഴങ്ങി. അവൻ ചുറ്റും നോക്കി. ഇല്ല ഒരു വടിപോലുമില്ല. നിലത്ത് അവിടവിടെ വെളുത്ത പൊടിക്കൂനകൾ മാത്രം. ജോൺ ഒരു തീപ്പെട്ടി ഉരച്ചു, ബിഡിക്കു തീകൊടുത്തു. അണ്ണനും തമ്പിയും കൂടി എന്തൊരു ആൾമാറാട്ടക്കളിയായിരുന്നു. ഒരു ഉണക്കമുന്തിരി കൂടി മുഖത്തൊട്ടിക്കരുതാരുന്നോടാ.. ഞങ്ങളെന്നാ ഉണ്ണാക്കന്മാരാണെന്നു കരുതിയോ?.

 

ദേ ഈ പോത്തിറച്ചി പോലെ കിടക്കുന്നവൻ, 5 വർഷം എന്റെ കൂടെ ഉണ്ടായിരുന്നു. അവനുപകരം നീ വന്നാല്‍ തിരിച്ചറിയാതിരിക്കാൻ ഇതെന്നാടാ നസീർ പടമോ. ആ പെണ്ണിന്റെം നിന്റേം ഐഡിയ കൊള്ളാം. മുതലാളിയെ ഇങ്ങനെ പറ്റിക്കാമെന്ന് അവളാണോ പറഞ്ഞു തന്നേ. എന്നാണേലും ആ ചെക്കനേക്കാളും ബുദ്ധിയുണ്ട്. പക്ഷേ മുതലാളിയാരാ മോൻ.  സാജനപ്പോഴാണ് സംഭവത്തിന്റെ കിടപ്പ് മനസിലായത്. 

 

ദേ നോക്കിക്കേ, ലോക്കൽ ഗുണ്ടകളല്ല, പണിയറിയാവുന്നവരാ. മണ്ണഞ്ചേരിക്കാരാ, നീയൊന്നു മുട്ടി നോക്ക്. ജോണി ഒരു കസേര വലിച്ചിട്ടിട്ട് കാലിൻമേൽ കാൽ കയറ്റിവച്ചു കാഴ്ചക്കാരനായി ഇരുന്നു. അവൻ തൂണിനു വലം വച്ചു ഗോഡൗണിലൂടെ ഓടി.  ജോണി ഒന്നു ഉൗറിച്ചിരിച്ചു വേട്ട കാണാനിരുന്നു, ഓടുന്നതിനിടെ അവൻ സ്വിച്ച്ബോർഡിനടുത്തെത്തി ചില സ്വിച്ചുകളെല്ലാം അമർത്തിയശേഷം വീണ്ടും വശത്തേക്ക് ഓടി.

 

ഒരു മുരൾച്ച അവിടെ കേൾക്കാൻ തുടങ്ങി, എക്സ്ഹോസ്റ്റ് ഫാന്‍ ശക്തമായി കറങ്ങി. നിലത്തെ പൊടി നിമിഷനേരം കൊണ്ടു അന്തരീക്ഷമാകെ നിറഞ്ഞു. ഏവരും അമ്പരന്നപ്പോഴേക്കും മിന്നൽപോലെ സാജൻ അടിതുടങ്ങിയിരുന്നു. ആരുടെയോ വാൾ അവൻ പിടിച്ചു വാങ്ങിക്കഴിഞ്ഞതോടെ കളിമാറി.

 

 

രാജൻ മാത്യു ആൻഡ് സൺസ്. –കമ്മീഷൻ ഏജന്റ്. എന്ന കടയുടെ മുന്നിലൂടെ പോയവർ അകത്തുനിന്നു നിലവിളി കേ‌ട്ടു സംശയിച്ചു നിന്നു. പെട്ടെന്നു വാതിൽ മലക്കെ തുറന്നു, പൊടിയിലും ചോരയിലും കുളിച്ച ചിലർ ഇറങ്ങി ഓടി. നിലവിളി നിശബ്ദതയിലേക്കു താഴ്ന്നപ്പോൾ‍. ഒരാളെ താങ്ങിപ്പിടിച്ചു സാജൻ പുറത്തേക്കിറങ്ങി വന്നു. ഓട്ടോ… അവൻ നീട്ടി വിളിച്ചു. 

 

********   ********    ********

 

കവല കാലിയായിരുന്നു. അവിടവിടെ ചുരുണ്ടുകൂടിയ തെരുവു നായ്ക്കൾ മാത്രം. കമ്പനിപ്പടിയിൽ ഓട്ടോയിറങ്ങി സാജൻ നടന്നു, പിന്നിൽ നിന്നൊരു വിളി കേട്ടവൻ നിന്നു. വശത്തെ ഗേറ്റിനുള്ളിൽ ഇരുളിൽ പതുങ്ങി. ഔതക്കുട്ടി. അവൻ ഗേറ്റിനടുത്തേക്കു ചെന്നു. അയാൾ ചുറ്റും പേടിയോടെ നോക്കി. ഔതച്ചേട്ടാ ഞാൻ.

 

ഒന്നും പറയണ്ട മോനേ 

 

എനിക്കറിയാം. നീ ഇവിടെ ഉണ്ടായിരുന്ന കുറച്ചുകാലം ഞങ്ങൾക്കാർക്കും മറക്കാനാവില്ല. ആ സ്നേഹത്തിൽ പറയുകാ. നീ എത്രയും പെട്ടെന്ന് സ്ഥലം വിടണം.

 

മുതലാളിയുടെ കയ്യിൽ കിട്ടിയാൽ നീ മിച്ചം കാണുകേല. നീ സാജനാണെന്ന് മുതലാളിക്കറിയാരുന്നു. നീ കൊന്നിട്ടു സ്ഥലം വിട്ടൂന്നു പറയാനാരുന്നു പ്ളാൻ. പക്ഷേ നീ തിരിച്ചു വന്ന സ്ഥിതിക്കു ഇനി തട്ടിക്കളയുമയാൾ. കുഞ്ഞ് പോ.. പോയി രക്ഷപ്പെടടാ..

 

അങ്ങനെ പോകാൻ പറ്റുമോ അണ്ണാ, സിനി അവരുടെ അടുത്തല്ലേ, എന്നെ വിശ്വസിച്ചാ ആ കൊച്ച് തിരികെ വന്നത്…

 

സിനി.. സാജൻ പറയാനാഞ്ഞു. അതിനെ ഇനി നോക്കണ്ടാ. നീ നിന്റെ തടി രക്ഷിക്കാൻ നോക്കൂ. സാജൻ മറുപടി പറഞ്ഞില്ലെങ്കിലും, അവൻ അങ്ങനെ തിരികെ പോകില്ലെന്നു ഔതക്കുട്ടിക്കു മനസിലായി. അയാള്‍ ഒരു താക്കോൽ സാജന്റെ കൈയിലേക്കു കൊടുത്തു. കമ്പനിക്കു പുറകിലെ സ്പീഡ് ബോട്ട് ജെട്ടിയുടെ താക്കോലായിരുന്നത്.

 

അവൻ ജെട്ടിയിലേക്കു ചെന്നു ചുറ്റും നോക്കി, തരകന്റെ ആഡംബര നൗകയുടെ പ്രകാശം അവൻ കായലിൽ കണ്ടു. അവന്‍ സ്പീഡ് ബോട്ടിലേക്കു കയറി എൻജിൻ സ്റ്റാർട്ടു ചെയ്തു, പുകതുപ്പി ഒന്നു കുലുങ്ങി എഞ്ചിൻ സ്റ്റാർ‍ട്ടായി. ഒന്നു വട്ടം കറങ്ങി അവൻ വഞ്ചിവീടു ലക്ഷ്യമാക്കി നീങ്ങി.

 

മുകളിലെ ഒരു ലൈറ്റ്, അതല്ലാതെ പ്രകാശമൊന്നും അവന് കാണാനായില്ല. മോട്ടറിന്റെ ശബ്ദം കേട്ടിട്ടും ആരും പുറത്തേക്കു വരുന്നില്ല. അവൻ ജാഗ്രതയോടെ ഒന്നു വട്ടംകറങ്ങിയശേഷം ബോട്ടടുപ്പിച്ചു. പതിയെ അവൻ അകത്തേക്കു കയറി, പൂമുഖം പോലെയുള്ള മുൻവശം കടന്നു അവൻ ഇടനാഴിയിലേക്കു നടന്നു. തറയിൽ ഓയിൽ പരന്നൊഴുകിയിരുന്നു. അവന്റെ കാൽ വഴുക്കി. മുറികളിലൊന്നിന്റെ വാതിൽ അവൻ പതിയെ തുറന്നു. വീഴാതിരിക്കാൻ അവൻ വാതിലിൽ പിടിച്ചു. ‌

 

നിലത്ത് തരകൻ കണ്ണുതുറിച്ച് മരിച്ചു കിടന്നിരുന്നു. നെഞ്ചിൽ പിടിയോളം തറഞ്ഞിരിക്കുന്ന കത്തി. രക്തം അവിടെ പരന്നൊഴുകി. അവൻ കാലുകളിലേക്കു നോക്കി, ചോര… അവന്റെ തലകറങ്ങി.. നിരവധി ബോട്ടുകളുടെ ശബ്ദം.. അവൻ ബോധം വീണ്ടെടുത്തപ്പോഴേക്കും, വശത്തെത്തിയ പൊലീസ് ബോട്ടിൽ നിന്നും വഞ്ചിവീട്ടിലേക്കു ചാടിക്കയറുന്ന പൊലീസുകാരെയാണ് കണ്ടത്. 

 

തുടരും...

 

Content Summary: Kanal, e-novel written by Sanu Thiruvarppu.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com