ADVERTISEMENT

നൊടിയിട പോലും വേണ്ടിവന്നില്ല, തീരുമാനമെടുക്കാനും പ്രവർത്തിക്കാനും. മ‍ൃതദേഹത്തിനടുത്തേക്കോടിയെത്തിയ പൊലീസുകാരില്‍ ചിലർ ടോർച്ച് വെട്ടത്തിൽ വെള്ളത്തിൽ കുമിളപൊട്ടിച്ചിതറുന്നതും ഓളംവെട്ടുന്നതും കണ്ട് അമ്പരന്നു. നീർനായയെപ്പോലെ കായലിലൂടെ അവൻ വേഗം നീന്തി. തരകന്റെ ബോട്ട് ജെട്ടിയിലെ ടോർച്ചുകളും നിഴലനക്കവും അവന്റെ കണ്ണുകൾ പിടിച്ചെടുത്തു, അവൻ ഗതിമാറ്റി സമീപത്തെ തുരുത്തുകളിലൊന്നിലേക്കവൻ നീന്തി, ആരാണ് അത് ചെയ്തത്. പറഞ്ഞതുവച്ച് സാംകുട്ടി എന്തെക്കെയോ പദ്ധതിയിടുന്നുണ്ടായിരുന്നു. പക്ഷേ അവന് ഇത്തരമൊരു ചോരക്കളിക്കുള്ള ധൈര്യം ഉണ്ടോയെന്ന് സംശയമാണ്. ഉടക്കു സംസാരമുണ്ടേലും പപ്പയെ മറുത്തു പറയാനുള്ള ധൈര്യം പോലും അവനില്ല.

 

ഇനി സിനി!, അവൾ പറഞ്ഞ തിയതി അവൻ ഓർത്തു –22 താന്നിക്കൽ സണ്ണിക്കു ഈ ദിവസം മുതൽ വീണ്ടും സാജനായി രൂപം മാറാം. അവളുടെ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി. ചേര് മരങ്ങൾ നിറഞ്ഞതിനാൽ ആരും വരാൻ ധൈര്യപ്പെടാത്ത തുരുത്തുകളിലൊന്നിലേക്കവൻ കയറി, വസ്ത്രങ്ങൾ പിഴിഞ്ഞു മരത്തിൽ വിരിച്ചശേഷം നിലംപറ്റി കിടന്നു.

 

**********    ***********   ***********

 

ജനറല്‍ ആശുപത്രിയിൽ തലയ്ക്കും കാലിനും കൈകൾക്കും വെച്ചുകെട്ടുകളുമായി സണ്ണി കിടന്നിരുന്നു. സമീപത്തിരുന്ന് അവന്റെ വായിലേക്കു കഞ്ഞി ഒഴിച്ചു കൊടുക്കുകയായിരുന്നു സോഫി. പൊലീസ് സംഘം അവിടേക്കു കടന്നുവന്നു.

 

താന്നിക്കലെ സണ്ണി അല്ലേ?

അയാൾ തലയുയർത്തി നോക്കിയശേഷം അധികം പരുക്കേല്‍ക്കാത്ത ഇടംകൈ കുത്തി പൊങ്ങിയിരിക്കാൻ നോക്കി. അവനെ തിരിച്ചറിഞ്ഞതും എസ്ഐ പാഞ്ഞകത്തേക്കു വന്നു, ഒരാളെ തട്ടിയശേഷം ഇടംവലമറിയാതെ ആശുപത്രിയിൽ കയറി അഡ്മിറ്റായി അല്ലേടാ?, ഞങ്ങൾ പൊക്കുകേലന്നു കരുതിയോ നീ.

 

എസ്ഐ സണ്ണിയുടെ കൈയ്യിൽ കടന്നു പിടിച്ചുയർത്തി. അവൻ നിലവിളിച്ചു പോയി, അവിടേക്കു കടന്നു വന്ന ശോശാമ്മയും മറ്റൊരു യുവതിയും നിലവിളിച്ചു കൊണ്ടോടിയെത്തി. സമീപത്തെ മുറിയിൽ റൗണ്ട്സിനെത്തിയ ഡോക്ടർമാർ അവിടേക്കെത്തി. ഏയ് എന്താണ് മിസ്റ്റർ?, എന്താണ് ബഹളം. ആളുകളെല്ലാം ജനലിനരികിൽ കൂടി.

 

സാറേ ഇതു ഞങ്ങളന്വേഷിക്കുന്ന പുള്ളിയാ, എത്രയും വേഗം കസ്റ്റഡിയിലെടുക്കാനാ ഓർഡർ. ഇന്നലെ ഒരാളെ തട്ടിയിട്ടു... മോൻ ഇവിടെ വന്നു കിടക്കുന്നത്.‌

 

മിസ്റ്റർ ഇയാളെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടു രണ്ട് ദിവസമായി. മൂത്രം ഒഴിക്കാൻ എണീക്കണമെങ്കിൽ പോലും പരസഹായം വേണം. പിന്നെയാ കൊലപാതകം, ആളു മാറിയതാകും. പോണം മിസ്റ്റർ. ഇവിടെ ഷോ ഓഫ് കാണിച്ചാൽ ഞങ്ങൾക്ക് വേറെ വഴിനോക്കേണ്ടി വരും. ഇതിനൊക്കെ നിയമങ്ങളുണ്ട്.

 

പൊലീസുദ്യോഗസ്ഥൻ അവന്റെ നേരേ ഒന്നു കൈചൂണ്ടിയശേഷം പുറത്തേക്കിറങ്ങി. ജനൽ വഴി എത്തി നോക്കിയവരെല്ലാം പിൻവാങ്ങി. മറിഞ്ഞു വീണ ഐവി സ്റ്റാൻഡ് നഴ്സുമാര്‍ നേരെയാക്കി. സണ്ണി വേദന കൊണ്ടു ഞരങ്ങി. 

 

*******    ********    ********   *********

 

റോഡിലൂടെ വാഹനങ്ങൾ പോകുന്ന ഇരമ്പം കുറഞ്ഞു. കാഞ്ഞിരത്തുങ്കേൽ ടൂറിസ്റ്റ് ഹോമിന്റെ പിന്നിലെ വാതിലിനടുത്തെത്തി സാജൻ കാതോർത്തു ശബ്ദമൊന്നുമില്ല.. ഹോട്ടലാകെ ഇരുട്ടുമൂടി കിടക്കുകയായിരുന്നു. അവൻ ഓടാമ്പൽ വീഴുന്നയിടങ്ങളിലേക്കു കമ്പി കയറ്റി പതിയെ തിക്കി. ഒരു പൊട്ടൽ ശബ്ദത്തോടെ വാതിൽ തുറന്നു. അവൻ അകത്തുകയറി ഇടനാഴിയിലൂടെ ഓരോ മുറിയുടെയും വാതിലിനു താഴേക്കു നോക്കി നടന്നു. 107 ആയപ്പോൾ‌ അവൻ താഴെ കാർപറ്റിലേക്കു ചെറിയ പ്രകാശം കണ്ടു.

 

പിന്നിലെ ഭിത്തിയിലേക്കു പതുങ്ങിയശേഷം അവൻ ഡോറിലേക്കു ആഞ്ഞിടിച്ചു. വാതിൽ മലക്കെ തുറന്നു. പന്തംകണ്ട പെരുച്ചാഴിയെപ്പോലെ തുമ്പി ജോണ്‍ കട്ടിലിൽ ഇരുന്നിരുന്നു. അവൻ ബെഡിലേയ്ക്കു ചാടിക്കയറി വലംകാലിലെ പെരുവിരൽ അവന്റെ തൊണ്ടക്കുഴിയിൽ അമർത്തി. പറയെടാ എവിടെടാ സിനി, ആരാ തരകനെ തീർത്തത്…

 

തുമ്പിയുടെ കണ്ണുകൾ തുറിച്ചു. അയാൾ കൈകൾ കൊണ്ട് അന്തരീക്ഷത്തിൽ തുഴഞ്ഞു. സാജൻ കാലൊന്നയച്ചു. പൊടുന്നനെ തുമ്പി അവന്റെ കാലിൽ പിടിച്ചു മറിച്ചശേഷം നിലത്തേക്കു ചാടി പിടഞ്ഞെണീറ്റോടാൻ നോക്കി. പിന്നാലെ തുടയിലൂടെ ഒരു മിന്നൽ കടന്നു പോയി, തുമ്പി വിറച്ചു നിന്നു. കാലിൽ കൈ അമർത്തി താഴേക്കിരുന്നു.

 

കൈപ്പിടി മാത്രമു‌ള്ള മുപ്പല്ലി സാജൻ അയാളുടെ മുഖത്തിനുനേരേ വീശി. മൂന്നു മുനകളിൽനിന്നും ചോര തെറിച്ചു വീണു. കണ്ണു ചിമ്മിയടച്ചു തുമ്പി കൈകൂപ്പി. അവൻ അയാളുടെ കോളറിൽ പിടിച്ചുയർത്തി ഭിത്തിയിലേക്കു ചാരി. വേഗം പറഞ്ഞാ വേഗം പോകാം…

 

തരകൻ മുതലാളിയെ തട്ടിയത് സാംകുട്ടിയാ, സംഭവം കൈയ്യബദ്ധമാ. അവളും സാംകുട്ടിയും ബോട്ടിൽ ഉണ്ടായിരുന്നു. തരകന്‍ മുതലാളിക്കു കിട്ടിയത് സിനിക്കിട്ടു സാംകുട്ടി കുത്തിയ കുത്താണ്. മിന്നൽ പോലെയാ അവൾ ഒഴിഞ്ഞുമാറി കൈപിടിച്ചു തരകന്റെ നെഞ്ചിലേക്കിട്ടത്. അതു കണ്ടപ്പോഴേ ഞാൻ കായലിൽ ചാടി, അവളുടെ കൈയ്യിൽ തോക്കുമുണ്ടായിരുന്നു. എന്നെ ഒന്നും ചെയ്യരുത് സണ്ണി... അല്ല സാജാ.. നീ ഇതിലേതാ…

 

ഓഹോ, അതോർമിപ്പിച്ചത് നന്നായി എന്റെ ചേട്ടൻ മുറികൂടി പുറത്തുവരുമ്പോൾ നീയൊക്കെ ഞെളിഞ്ഞങ്ങനെ നടക്കണ്ട. ഹോട്ടിലിനു മുന്നിൽ പാർക്കു ചെയ്ത ബൊലെറോയുടെ മുകളിലേക്കു വീണ തുമ്പി, അവിടെ നിന്നും ഉരുണ്ട് താഴേക്കു പതിച്ചു.  വേദനകൊണ്ടു ഞരങ്ങുന്ന അയാളുടെ തൊട്ടുമുകളിൽ കാഞ്ഞിരത്തുങ്കൽ ടൂറിസ്റ്റ് ഹോംമിന്റെ പേരെഴുതിയ വിവിധ വർണങ്ങളില്‍ തിളങ്ങുന്ന ബൾബുകളുള്ള ബോർഡും വന്നു പതിച്ചു. ബൾബ് പൊട്ടുന്ന ശബ്ദവും നിലവിളിയും വീണ്ടും മുഴങ്ങി…

*********    **********    *********   ******

 

കായലിലേക്കു തള്ളി നിൽക്കുന്ന മരപ്പലകകളാൽ നിർമ്മിച്ച ജെട്ടിയിലിരുന്നു സാജൻ ഏറുചൂണ്ട അകലേക്കു വിട്ടു. പിന്നിൽ പലക ഞെരിയുന്ന ശബ്ദം കേട്ടെങ്കിലും അവൻ തിരിഞ്ഞു നോക്കിയില്ല. വല്ലതും കുടുങ്ങിയോ മാഷേ.. അവൻ ചൂണ്ടയുടെ കയർ  കുടുക്കു നിവര്‍ത്തുന്നതിനിടെ പറഞ്ഞു. ആ കുടുങ്ങിയേനെ. അമ്മച്ചിയുടെ പ്രാർഥനേം നേർച്ചേം കാരണം തരിക്ക് രക്ഷപ്പെട്ടു. അവന്റ അടുത്തേക്കു സിനി ഇരുന്നു. ഈ അമ്മയും ഈ മോനും അങ്ങനെ രക്ഷപ്പെട്ടെന്നു പറയാനാവില്ല, ദേ ഇതൊന്നു നോക്കിക്കേ അവൾ കൊടുത്ത ചിത്രം അവൻ നോക്കി. ബൈക്കെയും മാലയുമായി സണ്ണി, കൂടെ കല്യാണ വേഷത്തിൽ കണ്ടക്ടർ സുകുവിന്റെ പെങ്ങൾ. 

 

മാലിനി, നല്ല കുട്ടിയാ.. ഞങ്ങൾ കോളജിൽ ഒരുമിച്ചാരുന്നു. തരകൻ എന്നെ പ്രേമിക്കാൻ പറഞ്ഞുവിട്ടിട്ട് ഇവൻ അവളെയാ നോക്കിയത്. കാര്യങ്ങളെല്ലാം എനിക്കറിയാരുന്നു. സുകു എല്ലാം അറിയുന്നതുപോലെ സംസാരിച്ചത് അവനോർമ്മ വന്നു. ഞാൻ തന്നെയാ ചേട്ടായിയോടു മുങ്ങാൻ പറഞ്ഞത്. പിന്നെ നിന്നെ ഇതിൽ പെടുത്തിയത് എന്റെ ഐഡിയ ആരുന്നു കേട്ടോ. അവൻ ആ ഫോട്ടോ തിരികെ കൊടുത്തു. 

 

എന്തായാലും നല്ല ഐഡിയ. ഈ തല വെളിയിൽ കാണിക്കരുത്. അവന്റെ കൈയ്യിൽ വട്ടംപിടിച്ചു തോളിൽ തലചായ്ക്കാൻ‌ അവൾ ശ്രമിച്ചു. അവൻ‌ തോൾ വെട്ടിച്ചു വശത്തേക്കു നിരങ്ങി നീങ്ങി. വലിയൊരു മീൻ കുടുങ്ങിയ ചൂണ്ടക്കോൽ വെള്ളത്തിലേക്കു നീങ്ങി, താഴേക്കു വീഴാതിരിക്കാന്‍ അവൻ നോക്കിയപ്പോഴേക്കും സിനി ഇരിപ്പിടം ഭദ്രമാക്കി ചേർന്നിരുന്നു.

 

അവസാനിച്ചു.

 

Content Summary: Kanal, Novel written by Sanu Thiruvarppu chapter 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com