ADVERTISEMENT

രാത്രി 11.30

 

പരിസരമാകെ ഇരുളാണ്. ആ വീടും ആകെ അന്ധകാരത്തിൽ മുങ്ങിയിരിക്കുന്നു, ചെവിയേർത്താൽ നേരിയ സ്വരത്തിൽ അകലെയെവിടെയോ കുമാർ സാനു പാടുന്നതു കേൾക്കാം.  മുറിക്കുള്ളിലെ  പ്രകാശത്തിനും വേണ്ട തെളിച്ചമില്ല. ഇടതുവശത്തെ ഭിത്തിയിൽ വശത്തേക്കു ചരിഞ്ഞു നിൽക്കുന്ന ട്യൂബാകെ പൊടിപിടിച്ചിരിക്കുന്നു. ഗ്ലാസിലവശേഷിച്ച റം ഒരു തുള്ളിപോലും പാഴാക്കാതെ വായിലേക്കൊഴിച്ചു ചുണ്ടു തുടച്ചശേഷം തന്റെ മുന്നിലിരിക്കുന്ന വസ്തുവിലേക്ക് മുന്നോട്ടാഞ്ഞു നോക്കി അയാൾ സ്വയം മറന്നിരുന്നു.

 

പ്രകാശം പോരെന്നു തോന്നിയപ്പോൾ വശത്തിരുന്ന പാതി ഉരുകിയ മെഴുകുതിരി തീപ്പെട്ടി ഉരച്ചു കത്തിച്ചശേഷം, മുന്നിലിരുന്ന ആ വസ്തു കൈയ്യിലെടുത്തു. ഒരു സ്ത്രീയുടെ അറുത്തെടുത്ത കൈപ്പത്തിയാണ്. അലക്ഷ്യമായി മുറിച്ചെടുത്തതിനാൽ മണിബന്ധത്തിനടുത്ത് എല്ല് തള്ളിയിരിക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഒരു കളിപ്പാട്ടം പോലെ എടുത്ത് കണ്ണിനടുത്ത് പിടിച്ചു നോക്കി. തിരികെ മെഴുകുതിരിക്ക് മുന്നിൽ വച്ചശേഷം മെഴുകുതിരിയിലേക്കു തലയടുപ്പിച്ച് ഒരു ചുരുട്ടു കത്തിച്ചശേഷം സൈഡിലേക്ക് തലതിരിച്ച് പുകയൂതിവിട്ടു. 

 

പെട്ടെന്ന് മുറിയിലെ ട്യൂബ് മിന്നികെട്ടു. അതേസമയം ഭിത്തിയിൽ ആ കൈയ്യുടെ നിഴൽ വലുതായി ഒരു സിനിമാ തീയേറ്ററില്‍ കാണുന്നതുപോലെ വ്യക്തമായി കാണപ്പെട്ടു. ആ നിഴലിലേക്ക് ജോർജ്ജ് നോക്കി. പതിയെ മെഴുകുതിരിനാളം ചലിച്ചപ്പോൾ നിഴലും ഒന്നു ചലിച്ചു. നിഴലിലെ വിരലുകൾ ഒന്നനങ്ങിയോ ജോർജ്ജ് അമ്പരന്നു നോക്കി. ഇല്ല. വീണ്ടും നിഴലിലേക്ക് നോക്കി. മേശപ്പുറത്തിരുന്ന കൈപ്പത്തിയിലെ വിരലുകൾ പതിയെ  അനങ്ങുന്നത് കണ്ട് ജോർജ്ജ് ഞെട്ടിത്തരിച്ചു. അയാൾ തലയൊന്നു കുടഞ്ഞു. മെഴുകുതിരിയുടെ സ്ഥാനം മാറ്റിയതോടെ ഭിത്തിയിലെ നിഴലുകൾ അപ്രത്യക്ഷമായി.

 

ചുരുട്ടു വലിച്ചെറിഞ്ഞു. മേശപ്പുറത്ത് താളം പിടിക്കുന്നതുപോലെയുള്ള  ശബ്ദം!.  ജോർജ്ജ് ഞെട്ടിയെണീറ്റു. കൈപ്പടം സ്ഥാനം മാറിയിരിക്കുന്നോ?. അയാൾ അമ്പരന്നു ചുറ്റും നോക്കി, പിന്നെ മേശയുടെ വലിപ്പ് തുറന്ന് ആ മുറിച്ചെടുത്ത കൈപ്പത്തി അകത്തേക്കിട്ട് അടച്ചു. പതിയെ അയാളുടെ തല വശത്തേക്കു ചരിഞ്ഞ് ആടാൻ തുടങ്ങി. കൂര്‍ക്കം വലിക്കുന്ന അപസ്വരം മുറിയിൽ മുഴങ്ങി.  പെ‌ടുന്നനെ ആ മെഴുകുതിരി അണഞ്ഞു... ശ്വാസം മുട്ടി പിടയുന്നു. എക്കിട്ടം... ഞരക്കം... പതിയെ അതും നിലച്ചു.... നിശബ്ദത...

 

**********   ***********   ************

 

ഹൈക്കോടതി പരിസരം

 

ജനക്കൂട്ടം ആകാംക്ഷയോടെ കാത്തുനിന്നു. പൊലീസ് വച്ച ബാരിക്കേഡുകൾ ചാടിക്ക‌ടന്ന് പലരും അകത്തേക്കെത്തി. ഓരോ വാഹനവും വരുമ്പോൾ ജനം ഇരച്ചെത്തി. പൊലീസ് വാഹനങ്ങളും ഒബി വാനുകളും നിരന്നു കിടന്നു. ചാനൽ, നവ മാധ്യമ പ്രവർത്തകർ കോടതിയുടെ മുന്നിൽനിന്നു ലൈവ് ചെയ്തുകൊണ്ടിരുന്നു.. 

എൺപതോളം ക്യാമറകളുടെ മുന്നിൽവച്ച്, അതെ എൺപതോളം ക്യാമറകളുടെ മുന്നിൽവച്ച് ഒരു ചാനൽ റിയാലിറ്റി ഷോയിലാണ് ‌ആ ഹീനകൃത്യം അരങ്ങേറിയത്. എന്നി‌ട്ടും മാസങ്ങൾക്കുശേഷമാണ് പ്രതിയെ പിടികൂ‌ടാനായിരിക്കുന്നത്.

 

കുറ്റം ഏറ്റെടുത്തു ചെയ്തയാൾതന്നെ  മുന്നോ‌ട്ട് വന്നപ്പോളാണ് പ്രതിയാരെന്ന് പൊലീസിന് തിരിച്ചറിയാനാതെന്നത് ഡിപ്പാർട്ട്മെന്റിനാകെ നാണക്കേടായിരിക്കുകയാണ്. കത്തിക്കയറുകയാണ് റിപ്പോർട്ടര്‍മാർ. കോടതിയുടെ പിൻഗേറ്റിൽ ആരവം, മുഖംമറച്ച നിലയിൽ ചിലരെ ബസിൽനിന്നിറക്കി. ആൾക്കൂട്ടം ആർത്തിരമ്പി തു‌ടരെത്തു‌ടരെ ഫ്ളാഷുകൾ മിന്നി.. യുട്യൂബിലും ഫെയ്സ്ബുക്കിലും ഹോണ്ട‌ട് ഹൗസ് ചാനൽ ഷോയുടെ എപ്പിസോഡുകൾ ട്രെൻഡിങ്ങായി. എപ്പിസോഡ് ക്ളിപ്പുകൾ ചൂടപ്പം പോലെ വാ‌ട്സാപ്പിൽ പറന്നു.

 

**********   ***********   ************

 

15 ദിവസം മുൻപ്. ഒരു ആഢംബര ഹോട്ടൽ മുറി... സമയം രാവിലെ 10

 

വാനിറ്റി മിററിലെ  പ്രതിബിംബത്തിലേക്ക് നരേന്ദ്രൻ തുറിച്ചു നോക്കി. പിന്നിലെ ഭിത്തിയിലെ ചിത്രത്തിലിരുന്ന് ആ പഴയ തുടുത്ത കവിളുകളുള്ള സൂപ്പർ സ്റ്റാർ നരേന്ദ്രൻ പരിഹസിച്ചു ചിരിക്കുന്നു. ഡിജിറ്റൽ കോസ്മെറ്റിക്സ് അതാണ് പുതിയ സാധ്യത. മേക്കപ്പ് ഇട്ട് പുറത്തിറങ്ങുന്നതിന്റെ ബുദ്ധിമുട്ടും ഒഴിവാകും- തോമസ് സെബാസ്റ്റ്യൻ പറഞ്ഞ വാക്കുകൾ മനസിൽ കിടന്ന് പുളയ്ക്കുന്നു. 

 

സ്വീകരണ ചടങ്ങിനിടെ വിഗ് വച്ച തലയിലേക്ക് തുറിച്ച് നോക്കിയായിരുന്നു അവന്റെ പഞ്ച് ഡയലോഗ്. ഐമ അവാർഡ് നൈറ്റിന് പോയപ്പോൾ ഷെട്ടിയും പറയാതെ പറഞ്ഞു വിഗ് തെറിച്ചുപോകുമോയെന്ന പേടിയാണ് നിങ്ങളുടെ ഇൻഡസ്ട്രിയിൽ നായകന്‍മാർ ആക്ഷൻ ചെയ്യാത്തതിന്റെ പ്രധാന കാരണമെന്നു. ബെഡിൽ കിടന്ന് ഫോണ്‍ മുരണ്ടപ്പോൾ നരേന്ദ്രൻ തിരിഞ്ഞുനോക്കി. 

 

ദീപ്തി കോളിങ്...

 

സ്പീക്കർ മോഡ് ഓണായി... 

 

ഹായ് ഡാഡ് ഷൂട്ട് കഴിഞ്ഞോ?. വാട്സാപ്പിലേക്കു നമ്മുടെ പ്രോഗ്രാമിന്റെ എഗ്രിമെന്റ് കോപ്പി ഞാൻ അയച്ചിട്ടുണ്ട്. ഒന്നു നോക്കിക്കോ കേട്ടോ...

 

ഓഹ് ആ പ്രോഗ്രം. നീ സീരിയസാണോ?, തമാശ പറഞ്ഞതാണെന്നാ കരുതിയെ?, 

 

നോ പപ്പാ.. ഞാൻ പറഞ്ഞില്ലേ. എനിക്കൊരു ബിഗ് എൻട്രിയാകും. ഒരുപാട് ഫാൻസ്, വേൾഡ് വൈഡുള്ള ഷോയാണെന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ?..

 

ഇൻഡസ്ട്രിയിലേക്ക് എന്റെ മകളെന്ന നിലയിൽ ഒരു എൻട്രിക്ക് അത്ര ബുദ്ധിമുട്ടൊന്നും നിനക്കില്ലെന്ന് അറിയില്ലേ. 

ഏത് ഡിറെക്ടർ, സ്ക്രിപ്റ്റ് റൈറ്റർ, കോ ആർടിസ്റ്റ് എല്ലാം നിനക്ക് തീരുമാനിക്കാം. 

 

നോ പപ്പാ.... ഇതെനിക്ക് ചെയ്യണം. ഓൾസോ ആം എ ഹ്യൂജ് ഫാൻ ഓഫ് ദ ഷോ. എനിക്ക് മോറൽ‌ സപ്പോർട്ട് മാത്രം തന്നാൽ മതി. നാളെ ഞാൻ ഷോയിൽ ജോയിൻ ചെയ്യുകയാണ്. 

 

ഓകെ ഓകെ... ഡോണ്ട് വറി... ഞാൻ ചോപ്രയെ വിളിച്ചിരുന്നു. നിനക്ക് ആവശ്യമായ ബൂസ്റ്റ് തരാമെന്ന് അയാൾ പറഞ്ഞിട്ടുണ്ട്. ഫാൻസ് പേജുകള്‍ നമ്മുടെ പ്രശാന്ത് ഉണ്ടാക്കിക്കോളം. ശരി എന്റെ പേരു കളഞ്ഞേക്കല്ല്, കോൺട്രവസികളെല്ലാം ഷോയ്ക്കൊപ്പം തീരണം.

 

ഇല്ല പാപ്പാ.. ദേ ഫ്ളൈറ്റ് അനൗൺസ് ചെയ്യുന്നു സി യൂ.. അയാൾ.. ഐ പോഡിൽ ഷെഡ്യൂള്‍ നോക്കി.. ഫ്രൈഡേ.... ഐപോഡിൽ ചോപ്ര അയച്ചുതന്ന ഹോണ്ടട് ഹൗസ് എപ്പിസോഡിന്റെ പ്രമോ കിടക്കുന്നുണ്ട്. അത് അയാൾ ഒന്ന് ഓടിച്ചു നോക്കി. ഒരു ദീർഘ നിശ്വാസത്തോടെ നരേന്ദ്രന്‍ ബെഡിൽ നിന്ന് എണീറ്റു.

സൈഡിലെ മിനി ഫ്രീസറിന്റെ ഡോർ തുറന്നപ്പോൾ മുറിയുടെ മൂലയിൽ നിന്ന് ജാൻസി ഓടിയെത്തി. 

 

തൂക്കക്കൂടുതലിനാൽ  ഡോക്ടര്‍ ഡയറ്റിങ്ങ് വിധിച്ച ആ നായ ഫ്രീസറിനു ചുറ്റും മണം പിടിച്ചു നടക്കുന്നതുകണ്ട് നരേന്ദ്രൻ തന്റെ സ്നാക്സ് ട്രേ താഴേക്ക് വച്ചു കൊടുത്തു. ജനലിനു പുറത്തെ നഗര കാഴ്ചയിലേക്ക് നോക്കിയശേഷം അയാൾ മുറിക്കുപുറത്തേക്കിറങ്ങി. 

 

അറ്റ് ദ ടോപ്... എന്ന് ആലേഖനം ചെയ്ത ബോർഡ് പിന്നിൽ വരുന്ന രീതിയിൽ ചിത്രമെടുത്ത ശേഷം. നരേന്ദ്രൻ  ലിഫ്റ്റില്‍ കയറി. എത്ര തവണ കയറിയാലും ഈ ഉയരം ഒരു ലഹരിയാണ് തനിക്കെന്ന് നരേന്ദ്രനോർത്തു. 

 

ഡ്രൈവറുടെ നമ്പർ ഡയൽ ചെയ്തു... 

ജോസ് എവിടെയാണ്?, 

ഞാൻ വീട്ടിലുണ്ട് സാർ. 

മോളെ പിക്ക് ചെയ്യാൻ എയർപോർട്ടിലേക്ക് ആളെ വിട്ടോ..

സാർ രഞ്ചുവാണ് പോയിരിക്കുന്നത്..

 

**********   ***********   ************

 

റൂമിലെത്തി ബാഗ് പാക്ക് ചെയ്ത് ദീപ്തി കാറിലേക്ക് കയറി. ഫിലിം സിറ്റിയുടെ ബോർഡ് അകലെയായി കാണാം. ഹോണ്ടട് ഹൗസ്– ബിഗ് റിയാലിറ്റി ഷോ. കേരളത്തിലും. ഭയത്തിന്റെ 21 ദിനങ്ങൾക്ക് തുടക്കമാകുന്നു. ഷോയുടെ ഹോർഡിങ്ങുകൾ പോകുന്ന വഴിയരികിൽ ദീപ്തി കണ്ടു...

 

80 ഓളം ക്യാമറകളുടെ മുന്നിൽ. ഒരു പ്രേത ബംഗ്ളാവിൽ 12 ആളുകളോടൊപ്പം 21 ദിനങ്ങൾ കഴിച്ചുകൂട്ടണം.  സെറ്റ് ആയിരിക്കുമെന്നാണ് അറിവ്. നൂറോളം പേജുള്ള നിയമാവലിയാണ് സൈൻ ചെയ്യാനുണ്ടായിരുന്നത്. അതിലേക്ക് ഓടിച്ചു നോക്കവേ പെട്ടെന്ന് കാർ സഡൻ ബ്രേക്കിട്ടു.  മുന്നിലൊരു ജീപ്പ് വന്നു വഴിയടഞ്ഞു നിന്നു. 

 

Content Summary: Order of the empire, e-novel by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com