ADVERTISEMENT

ഏവരും നടുത്തളത്തിലേക്ക് ഓടിയെത്തി, ബംഗ്ളാവിലെ ലൈറ്റൊക്കെ  ഓഫായിരിക്കുന്നു. അവർ പണി തുടങ്ങി. ആരോ പറഞ്ഞു. ലൈറ്റുകളിൽ ചിലത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കാൻ തുടങ്ങി. കട്ട പിടിച്ച ഇരുട്ട്.. ഏവരും ഒരുമിച്ച് ചേർന്നുനിന്നു. ചിലർ കൂവിവിളിച്ചു. താമസിയാതെ ശബ്ദങ്ങളൊക്കെ നിലച്ചു. ഹാളിൽ പ്രകാശം പരന്നു. വലിയ സ്ക്രീനിൽ റൊവാൻ ആറ്റിക്സണിന്റെ ഡാൻസ് രംഗങ്ങൾ. ഏവരും പൊട്ടിച്ചിരിച്ചു... ബലംപിടിച്ചു നിന്ന ആ വെളളിത്തിരയിലെ നക്ഷത്രങ്ങൾക്കിടയിൽ അപരചിതത്വത്തിന്റെ മുഖംമൂടി അഴിഞ്ഞു.,

 

ദീപ്തി എല്ലാവരുടെയും മുഖം മനസ്സില്‍ അടുക്കി, മത്സരത്തിൽ പ്രതിയോഗികളാരാണെന്ന് തിരിച്ചറിയുന്നതും പ്രധാനമാണ്, രാജീവ് ദേവരാജ് എന്നയാളാണ്, കൂട്ടത്തിൽ അൽപ്പം അപരിചിതൻ, അസ്ട്രോ ഫിസിക്സിൽ ഗവേഷണം നടത്തുന്നുവെന്നാണ് പറഞ്ഞത്, ചിലപ്പോൾ കൂടെക്കൂടി തന്ത്രങ്ങള്‍ മെനയാൻ ചാനൽ അയച്ച ആളായിരിക്കാനാണ് സാധ്യത....

 

...............................

 

 

റഹിം ലാപ്ടോപ്പിൽനോക്കി ചിന്തയിലാണ്ടിരുന്നു, മുഖം കൈകളിൽതാങ്ങി നരേന്ദ്രന്‍ അടുത്തുള്ള കസേരയിലിരുന്നു, കയ്യിലിരുന്ന മദ്യ ഗ്ളാസയാൾ പതിയെ താഴെ വച്ചു . റഹിം നീ അത് കണ്ടോ?, യെസ് കണ്ടു. എല്ലാം വന്നിരിക്കുന്നത് പല ഐഡികളിൽ നിന്നാണ്, അവയൊക്കെ ഫേക്കാണെന്ന് ഉറപ്പാണ്, ഐപിയും വ്യാജമായിരിക്കും. ഇത് പുറത്തായാൽ ആകെ പ്രശ്നമാണല്ലോ നരേന്‍...

 

യെസ്. യെസ്... എന്താണ് നിനക്ക് ചെയ്യാനാവുക? 

 

ഇതു സാധാ സൈബർ ക്രിമിനൽസിന്റെ എംഒ അല്ല നരേൻ. കാരണം വിഡിയോ അയച്ച് ഇത്ര നേരമായി അവർ ഇതുവരെ മറ്റു ആവശ്യങ്ങളൊന്നും പറഞ്ഞിട്ടില്ല. പല ചിത്രങ്ങൾ, വിഡിയോകൾ ഒരു സന്ദേശം പോലും ഒപ്പമില്ലാതെ. ഒരു ഓർഗനൈസ്ഡ് സംഘം പിന്നിലുണ്ട്. അവരെ ഫൈൻഡ് ചെയ്യുന്നതിനു മുന്‍പ് നമുക്ക് ഇതെന്താണ് സംഭവമെന്നു അറിയേണ്ടതുണ്ട്. ദീപ്തിയുടെ ഫ്രണ്ട്സിന്റെ ഒക്കെ കോണ്ടാക്ട്, തരിക. അവൾ സ്ഥിരം പോകുന്ന സ്ഥലങ്ങൾ, അവളുപയോഗിക്കുന്ന മറ്റ് നമ്പരുകൾ . ഞങ്ങളുടെ ടീമിനെ വച്ച് ഒന്ന് അന്വേഷിക്കട്ടെ, 

 

സോറി, റഹിം സത്യം പറഞ്ഞാൽ അവളുടെ സുഹൃത്തുക്കളെക്കുറിച്ചൊന്നും എനിക്ക് അധികം അറിയില്ലെന്നതാണ് യാഥാര്‍ഥ്യം, അവൾ അവളുടെ അമ്മയെപ്പോലെ തന്നെയാണ്,  കാര്യങ്ങൾ അവൾതന്നെ നോക്കും, എന്നെ അധികം ശല്യപ്പെടുത്താറില്ല. നിങ്ങളൊക്കെ എന്ത് ജീവിതമാണ് ജീവിക്കുന്നത് ഇന്ദ്രാ, സിനിമയിൽ എത്ര നല്ല അച്ഛനും ഭർത്താവുമായി വേഷം കെട്ടാറുണ്ട്, ഒരു ശതമാനമെങ്കിലും അതിനോട് സത്യസന്ധത കാണിച്ചൂടെ നിങ്ങൾക്ക്. അവളോടു വ്യക്തിപരമായി ഒരു അടുപ്പവുമില്ല. മകളു‌ടെ ഫോണും എഫ്ബിയും ആളെ വച്ച് ഹാക്ക് ചെയ്യിച്ച് പരിശോധിക്കും. അതിനു ഉളുപ്പില്ല. എന്ത് നാണക്കേടാണ് നിങ്ങൾ കാണിക്കുന്നത്..

 

മ്. നീയെന്തൊക്കെ പറഞ്ഞാലും, ഇതൊക്കെ എല്ലായിടത്തും നടക്കുന്നതാ മോനേ. എതായാലും ഒരു ഡ്രാമാറ്റിക്കൽ സിറ്റുവേഷന് എനിക്ക് താത്പര്യമില്ല, എത്ര പണം വേണം പറയൂ, എന്റെ മകളെ രക്ഷിക്കണം.. ഒരു മനുഷ്യനും അറിയുകയുമരുത്.

 

................................

 

 

മരടിലെ ഒരു ചെറിയ വീട്... സമയം രാവിലെ 8.30

 

വളരെയേറെ മുട്ടിവിളിച്ചിട്ടും അനക്കമില്ല. പാൽക്കാരൻ പയ്യൻ ജനലിലൂടെ ഒന്ന് എത്തിനോക്കിയത്. വാവിട്ട് നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു. ജനലിലൂടെ എത്തിനോക്കുന്ന കണ്ണുകളുടെ എണ്ണം വർദ്ധിച്ചുവന്നു. പൊലീസ് എത്തിയതോടെ ഏവരും മതിലിനപ്പുറത്തേക്ക് പിന്‍മാറി. എഎസ്ഐയും സംഘവുമാണ് ആദ്യമെത്തിയത്. വാതിൽ ബലംപ്രയോഗിച്ച് തുറന്നു അകത്ത് കടന്നു. 

 

അടുത്തെത്തി മരണമുറപ്പുവരുത്തിയശേഷം സുഗതൻ ഫോണെടുത്ത് വിളിച്ചു. പതിനഞ്ചുമിനിട്ടിനകം ഒരു ബൊലിറോ വന്നു, എസ്ഐ പ്രദീപ്കുമാർ പുറത്തേക്കിറങ്ങി. പുതിയ എസ്സൈയാ.. ആരോ മതിലിനപ്പുറത്തുനിന്നു പറഞ്ഞു. പ്രദീപ്കുമാർ നിലത്തെ അടയാളങ്ങള്‍ ശ്രദ്ധിച്ച് കസേരയ്ക്കടുത്തെത്തി. കഴുത്തിന് ചുറ്റുമുള്ള വരിഞ്ഞു മുറുക്കിയതുപോലുള്ള അടയാളം ശ്രദ്ധിച്ചുനോക്കി. 

 

ചവിട്ടിപ്പൊളിച്ചപ്പോൾ തെറിച്ചുവീണ ലോക്ക് സൂക്ഷ്മമായി പരിശോധിച്ചു. സിഐയെയും ഫോറൻസിക് വിഭാഗത്തിലേക്കും വിളിച്ചശേഷം പ്രദീപ്കുമാർ പുറത്തേക്കുവന്നു. എഎസ്ഐ പാൽക്കാരൻ പയ്യനെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. പ്രദീപ്കുമാർ ചെന്നപ്പോൾ എഎസ്ഐ കുറിപ്പുകൾ ഏൽപ്പിച്ചശേഷം മറ്റ് നടപടികൾക്കായിപ്പോയി.

 

എന്താ നിന്റെ പേര്... മുരുകൻ.... സാർ

 

മുരുകൻ സാറെ.. എത്ര നാളായിട്ട് നീയിവിടെ വരുന്നുണ്ട്.... രണ്ട് വർഷമായി സാർ.

 

എന്താ മരിച്ച ഇയാളുടെ പേര്... ആന്റണിയെന്നാണ് സാർ... ഇവിടെ കുറച്ചുനാൾ മുൻപ് ഒരു ചേച്ചിയുമുണ്ടായിരുന്നു.

 

അവരെവിടെപ്പോയി.?.

 

ഒരാഴ്ച മുമ്പ് ആ ചേച്ചി മരിച്ചു. ടൗണിലെ ആശുപത്രിയിലായിരുന്നു ജോലി. സ്റ്റെപ്പിൽ തലയടിച്ച് വീണ്....

 

നിമ്മി എന്നല്ലേ ആ പെണ്ണിന്റെ പേര്... പ്രദീപ്കുമാറിന് ആ സംഭവം വായിച്ചതായി ഓർമ്മ വന്നു..

 

..............

 

ഫോറൻസിക് ഓഫീസർക്കൊപ്പം സിഐയും അവിടേക്ക് എത്തി. പ്രദീപ്കുമാർ സല്യൂട്ടടിച്ചു. എ ക്ളിയർ കേസ് ഓഫ് മർഡർ, ഏതായാലും ചാർജ്ജ് എടുത്ത ദിവസം കിട്ടിയപണി കൊള്ളാം. കമ്മീഷണർ അന്വേഷണ ചുമതല എനിക്ക് തന്നിരിക്കുകയാണ്. 

 

പ്രദീപ് പരമാവധി വിവരങ്ങൾ കളക്ട് ചെയ്യുക, ഫോറൻസികിലെ മിനി എല്ലാ വിവരങ്ങളും ഈവനിങ്ങിൽ തരും. വിവരങ്ങൾ എന്നെ അറിയിച്ചുകൊണ്ടിരിക്കുക. അയൽക്കാരെ ചോദ്യം ചെയ്യുക, പത്രക്കാരോട് പറയുമ്പോൾ സൂക്ഷിക്കുക. പ്രദീപ് സിഐയുടെ ഒപ്പം നടന്നു. സാർ വാതിൽ പൂട്ടിയ നിലയിലായിരുന്നുവെന്ന് എഎസ്ഐ പറയുന്നു. സിഐ അവിശ്വനീയതയോടെ നിന്നു. മുറിക്കകത്തേക്ക് കയറി ചുറ്റും നോക്കി.

 

വാതിലിന്റെ പാളിയുടെ മുകൾഭാഗത്ത് അകത്തുനിന്നും വിട്ടുപോയ സാക്ഷ സിഐ നോക്കി. ഒരു പൂച്ചയ്ക്ക് പോലും കടക്കാൻ മറ്റൊരു വഴിയുമില്ല.... സിഐ പ്രദീപിനെ ചിന്താമഗ്നനായി നോക്കി. ജീപ്പിൽ പോകുമ്പോൾ ലോക്ക് ചെയ്ത റൂമുകളിലെ കൊലപാതകകഥ പറയുന്ന അഗതാക്രിസ്റ്റിയുടെയും അലൻപോയുടെയും നിരവധി നോവലുകളായിരുന്നു പ്രദീപിന്റെ മനസ്സിൽ. നൂറുകണക്കിന് മാർഗ്ഗങ്ങൾ ആലോചിച്ചാൽ‌ കിട്ടും. ഏതായാലും സ്ഥിരം പെറ്റി കേസുകൾക്കു പകരം അൽപ്പം കുഴയ്ക്കുന്നത് കിട്ടിയതിന്റെ സന്തോഷവും അതോടൊപ്പം ടെൻഷനുമായിരുന്നു പ്രദീപിന്റെ മനസ്സിൽ. എഎസ്ഐയുടെ കോൾ ഫോണിലേക്കു വന്നു...

 

സാർ.... എന്തുപറ്റി?

 

സാര്‍ അയാളുടെ മേശ തുറക്കാന്‍ പറ്റി.

എന്നിട്ട്..?

 

അതിനുള്ളിൽ മുറിച്ചെടുത്ത ഒരു കൈപ്പത്തി!!

 

Content Summary: Order of the empire - chapter 3, e-novel by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com