ADVERTISEMENT

 

റിയാസ് കുടിക്കില്ല , പുകയ്ക്കില്ല , പെണ്ണുങ്ങളുടെ പുറകെ പോവില്ല. കാശു വച്ചുള്ള ചീട്ടുകളിയുണ്ടോന്ന് ചോദിച്ചാൽ ചീട്ടുകളി അറിയുക കൂടിയില്ല.

അഞ്ചു നേരം നിസ്കരിച്ച് നിസ്കരിച്ച് ചെറുപ്രായത്തിൽ തന്നെ നെറ്റിയിൽ തഴമ്പ് വീണിട്ടുണ്ട്.

പിന്നെ എന്താണ് റിയാസിന്റെ പ്രശ്നം? മനുഷ്യനായി പിറന്നാൽ എന്തെങ്കിലുമൊരു സ്വഭാവദൂഷ്യം വേണമല്ലോ!

റിയാസിന്റേത് പണത്തോടുള്ള വല്ലാത്ത ആർത്തിയായിരുന്നു. മറ്റൊരു പ്രശ്നം മാതാവിനോടുള്ള സ്നേഹമല്ല, ഭയം. സഹോദരിയോടുള്ള അമിതമായ വിധേയത്വം രണ്ടാമത്തെ പ്രശ്നത്തിന്റെ ഉപോൽപന്നമാവാം.

ഈ രണ്ടാമത്തെ ന്യൂനതയെനിക്ക് കല്യാണദിനം തന്നെ മനസ്സിലായതാണ്.

മുസ്‌ലിം സമുദായത്തിൽ വിവാഹം കഴിഞ്ഞാൽ ദമ്പതികൾ നേരെ പോകുന്നത് ഭർത്താവിന്റെ വീട്ടിലേക്കാണ്. ഒരു മൊന്ത നിറയെ ശുദ്ധജലം നൽകി നവവധുവിനെ വീട്ടിലേക്ക് ആനയിക്കുന്ന ഒരു ചടങ്ങുണ്ട് ആ പ്രദേശത്ത്.

സാധാരണയത് വരന്റെ അമ്മയോ സഹോദരിയോ ആണ് ചെയ്യേണ്ടത്. റിയാസിന്റെ സഹോദരിയുടെ പ്രസവം കഴിഞ്ഞധിക നാളായിരുന്നില്ല. ആയതിനാൽ കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയ പാടേ

അവർ വിശന്ന് കരയുന്ന കുഞ്ഞിന് പാൽ കൊടുക്കാനായി പോയി. 

കൃത്യസമയത്ത് മൊന്ത കാൺമാനില്ല!

അകത്തെല്ലാവരും ഓടി നടന്ന് മൊന്ത തപ്പുന്നു. ഞാനൊരു കാഴ്ചവസ്തുവായി വെളിയിൽ നിൽക്കുന്നു. ഒടുവിൽ ക്ഷമ കെട്ട് റിയാസകത്തു ചെന്നൊരു സ്റ്റീൽ ഗ്ളാസിൽ വെള്ളം നിറച്ചു കൊണ്ടു വന്നെന്റെ കയ്യിൽ പിടിപ്പിച്ചിട്ട് പറഞ്ഞു.

" ഇതൊക്കെ മനുഷ്യനുണ്ടാക്കി വയ്ക്കുന്ന ഓരോ ആചാരങ്ങൾ.നീയേതേലും കാല് വച്ചകത്തോട്ട് കേറ്. "

റിയാസിന്റെ മുറിയിലിരുന്ന എന്നെ കാണാൻ കുറേ ബന്ധുക്കളും അയൽക്കാരും വന്നു. അവരുമായി ഓരോന്ന് പറഞ്ഞിരുന്നു.

എനിക്ക് കൂട്ടായി ഇളയച്ഛന്റെ മകൾ പന്ത്രണ്ടുകാരി ഫെബിക്കുട്ടിയുണ്ടായിരുന്നു.

അവളിടയ്ക്കിടെ വന്ന് സാരിയെക്കുറിച്ച് ചോദിക്കും.

" കൊഴപ്പവൊന്നുവില്ലല്ലോല്ലേ?"

എനിക്ക് സാരിയുടുത്ത് പരിചയമില്ലെന്നവൾക്കറിയാം. സാരിക്കാണെങ്കിൽ നല്ല ഭാരവും തോന്നുന്നു. ഇതൊന്നൂരിയെറിഞ്ഞിട്ട് സീലിംഗ് ഫാൻ ഫുൾ സ്‌പീഡിലിട്ട് കട്ടിലിൽ മലർന്നു കിടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!

റിയാസിന്റെ അമ്മാ ഇടയ്ക്കെപ്പഴോ വന്നു മുഖം കാണിച്ചൊന്നു ചിരിച്ചെന്ന് വരുത്തി.

അഞ്ചു മണിയോടെ ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ അപ്പയും അമ്മിയും മറ്റു ബന്ധുക്കളുമെത്തി.ഇനി മൂന്നു ദിവസം കഴിഞ്ഞ് തിരിച്ചിങ്ങോട്ട് .അതാണ് നാട്ടുനടപ്പ്.

റിയാസിന്റെ വീട്ടിൽ നിന്ന് എൺപത് കിലോമീറ്ററിന് മേലെയുണ്ട് എന്റെ വീട്ടിലേക്ക്. വീടെത്തിയപ്പോൾ ക്ഷീണിച്ച് പണ്ടാരമടങ്ങി. വീട്ടിലെത്തിയപ്പോൾ ആദ്യം ചെയ്തത് സാരിയൂരിയെറിയുക എന്നതാണ്. പിന്നെ തലയിൽ കുറച്ച് പണി. മുടിക്കുള്ളിൽ തള്ളിക്കയറ്റിയിരിക്കുന്ന അസംഖ്യം പിന്നുകൾ ഊരിമാറ്റുക! 

ഇനി ആദ്യരാത്രി!

മുല്ലപ്പൂമണിയറയും പാൽ നിറച്ച ഗ്ളാസുമെല്ലാം എന്റെ ജീവിതത്തിലുമുണ്ടായിരുന്നു. പാലുകുടിയെല്ലാം കഴിഞ്ഞ് പരസ്പരം കൊച്ചുവർത്താനം പറഞ്ഞു കൊണ്ടിരിക്കെ റിയാസിന്റെ സെൽഫോൺ മുഴങ്ങി. "അമ്മാ " എന്നെന്നോട് ശബ്ദമില്ലാതെ പറഞ്ഞിട്ട് റിയാസ് കോളെടുത്തു.

രാത്രിയിലെ നിശബ്ദതയിൽ ഫോണിലൂടെ കേട്ടതൊരു കരച്ചിലാണ്. എന്താണ് സംഭവമെന്ന് വച്ചാ റിയാസിന്റെ സഹോദരിയുടെ കുഞ്ഞ് വാ പൂട്ടാതെ കരയുന്നത്രേ. റിയാസിനെ കാണാത്തതു കൊണ്ടാണെന്ന് ! റിയാസുടനെ ചെല്ലണം!

അതു കേട്ട പാടെ എന്റെ ഭർത്താവ് ഉടുത്തിരുന്ന മുണ്ടു മാറ്റി പാന്റ് വലിച്ചു കേറ്റുവാൻ തുടങ്ങി.

"എന്താ?"

" എനിക്ക് വീട്ടീപ്പോണം. റെമീടെ കുഞ്ഞ് നിർത്താതെ കരയുന്നെന്ന് . "

" അതിനീ രാത്രി പത്തെൺപത് കിലോമീറ്റർ വണ്ടിയോടിച്ച് പോണോ?കുഞ്ഞുങ്ങളാവുമ്പോ കരയും. നല്ല താരാട്ട് വല്ലോം പാടിക്കൊടുക്കാൻ പറ ."

എനിക്ക് ചെറുതായി അരിശം വന്നു.

"നീയേ .. ഇന്ന് വന്നവളാ. എന്റെ കൂടെപ്പിറപ്പിന്റെ കുഞ്ഞാ അത്. എന്റെ മണം കേട്ടാ അപ്പം അവൻ കരച്ചിൽ നിർത്തും. "

" അമ്മാ ഇതു തന്നല്ലേ ഫോണിലൂടെ പറഞ്ഞത്, മണം?"

അതിന് മറുപടിയായി റിയാസെന്നെ രൂക്ഷമായി നോക്കി.

ഷർട്ടിടാൻ തുടങ്ങിയപ്പോൾ ഞാനത് പിടിച്ചു വാങ്ങി.

"നിങ്ങളെന്താ ഈ ചെയ്യുന്നതെന്ന് വല്ല ബോധ്യവുമുണ്ടോ? കല്യാണരാത്രിയിൽ ചെറുക്കൻ പെണ്ണു വീട്ടീന്നിറങ്ങിപ്പോയെന്ന് കേട്ടാ നാട്ടുകാരെന്ത് പറയുമെന്നതിനെക്കുറിച്ചൊന്ന് ചിന്തിക്ക്."

"നാട്ടുകാരെന്തു പറയാൻ?"

" പെണ്ണിനെന്തോ കാര്യമായ കുഴപ്പവുണ്ടെന്നല്ലാതെ വേറെന്ത് പറയാൻ?"

അതേറ്റു. റിയാസിന്റെ തലയ്ക്കുള്ളിലെ ബൾബ് കത്തി.

എങ്കിലും പിറ്റേന്ന് കാലത്ത് എന്നെയുണർത്താതെ, ബ്രേക്ഫാസ്റ്റ് പോലും കഴിക്കാതെ റിയാസ് സ്‌ത്രീധനവണ്ടിയോടിച്ചു വീട്ടിൽ പോയി.

അതോടെ റിയാസിന്റെ അമ്മായെ എനിക്കേകദേശം പിടി കിട്ടി. പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ ആ സ്‌ത്രീയുടെ പ്രശ്നങ്ങൾ എനിക്ക് പൂർണമായും മനസ്സിലായി.

പതിമൂന്നു വർഷമേ അവർക്ക് ദാമ്പത്യസുഖം ലഭിച്ചിട്ടുള്ളൂ. വൈധവ്യമാണ് ഒരു സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദൗർഭാഗ്യമെന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. എന്നാലാ ദൗർഭാഗ്യമനുഭവിക്കുന്ന സ്ത്രീ തനിക്കു കിട്ടാത്തത് സ്വന്തം മക്കൾക്ക് പോലും കിട്ടേണ്ട എന്നു വാശി പിടിച്ചാൽ? ഞങ്ങളൊരുമിച്ചുള്ള യാത്രകൾ എത്രയോ തവണ ആ സ്ത്രീ ഇടപെട്ട് മുടക്കി. ഒരു സിനിമയ്ക്ക് ഒന്നിച്ചു പോകണമെങ്കിൽ പോലും കളവ് പറഞ്ഞു പോവേണ്ട അവസ്ഥ !

അപ്പ മൂന്നാറിലേക്കൊരു ഹണിമൂൺ ട്രിപ്പ് ഏർപാടാക്കിയിരുന്നു. അമ്മായുടെ ഇടപെടൽ കൊണ്ട് റെമിയും കുഞ്ഞും ഞങ്ങൾക്കൊപ്പം വന്നു. റെമി മൂന്നാർ കണ്ടിട്ടില്ലെന്നായിരുന്നു അമ്മായുടെ ന്യായം. എന്നാൽ താൻ വരുന്നില്ലെന്ന് പറയാനുള്ള വകതിരിവ് വട്ടപൂജ്യമായിരുന്നു എന്റെ നാത്തൂന്. ഫലം മൂന്നാറിലെ കുളിരിൽ ഞാനും റെമിയും കുഞ്ഞും ഒരു മുറിയിൽ . റിയാസ് ഒറ്റയ്ക്ക് മറ്റൊരു മുറിയിൽ .

ഞങ്ങളകത്തു കയറി വാതിലടച്ചാൽ പ്രവാസിയുടെ ഭാര്യയായ തന്റെ സഹോദരിക്ക് വിഷമമാവുമത്രേ! എന്തായാലും റെമിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണെന്ന ന്യായം പറഞ്ഞില്ലല്ലോ, ഭാഗ്യം.

ഞാനീ ജീവിതത്തിലിന്നേ വരെ കണ്ടിട്ടുള്ളതിലേറ്റവും പണക്കൊതിയനായ വ്യക്തി റിയാസാണ്. എത്രയെത്ര ഉദാഹരണങ്ങൾ!

കല്യാണത്തിന്റെ മൂന്നാം വർഷം എനിക്ക് സർക്കാർ ജോലി കിട്ടി. കിട്ടുന്ന ശമ്പളം കൃത്യമായി റിയാസിന്റെ കയ്യിലെത്തിയിരിക്കണം. എന്നിട്ട് നമ്മൾ വണ്ടിക്കൂലിക്ക് ഇരക്കണം. ശമ്പളദിനമല്ലാതെ ഒരിക്കലും എന്റെ പഴ്സിൽ എക്സ്ട്രാ അഞ്ഞൂറു രൂപാ തികച്ചിരുന്നിട്ടില്ല.

കല്യാണത്തിന്റെ ആദ്യ അഞ്ചു വർഷത്തിനുള്ളിൽ ഞാൻ രണ്ടു തവണ പെറ്റു. ആദ്യത്തെ കൺമണിയ്ക്കായി എന്റെ ഭർത്താവ് അക്ഷമനായി ആശുപത്രി വരാന്തയിലൂടെ ടെൻഷനടിച്ച്‌ നടന്നിട്ടില്ല. എൺപത് കിലോമീറ്ററുകൾക്കപ്പുറം സുഖമായി പുതച്ചു മൂടിക്കിടന്നുറങ്ങുയായിരുന്നു. പിറ്റേന്നാണ് വന്നത്.

ഇതിനെ ഞാൻ ചോദ്യം ചെയ്തപ്പോൾ കാരണം ബസുകാരുടെ മിന്നൽപണിമുടക്കിന്റെ തലയിൽ വച്ചൊഴിഞ്ഞ ഭർത്താവിനോട് ഞാൻ പോർച്ചിൽ കിടക്കുന്ന കാറിനെക്കുറിച്ചു ചോദിച്ചപ്പോൾ മറുപടിയിതായിരുന്നു.

"പത്തു നൂറ്ററുപത് കിലോമീറ്ററോടാൻ എത്ര രൂപേടെ പെട്രോൾ വേണം? നീയത് വലിയ ഇഷ്യു ആക്കാതെ."

കുടുംബവീട് ആർക്കെന്ന ചോദ്യം പല നാളുകളായി റിയാസ് ചോദിക്കുന്നുണ്ടായിരുന്നു.

"നിന്റെ അക്കച്ചിയ്ക്ക് പിന്നെ അതിന്റെ ആവശ്യമില്ലല്ലോ? അവൾ പണക്കാരിയല്ലേ ? അവളും കെട്ടിയോനും ഗൾഫീക്കിടന്ന് വാരുവല്ലേ?"

"കുടുംബസ്വത്ത് കിട്ടിയാലവൾക്കെന്താ കയ്ക്കുവോ? തന്നെയുമല്ല അവൾക്ക് നൂറ്റൊന്ന് പവനും കാറും പത്തു ലക്ഷവുമൊന്നും കൊടുത്തിട്ടില്ല. "

" ആ വീടും സ്ഥലവും നിന്റെ പേർക്കെഴുതിത്തരാൻ പറ നിന്റെ തന്തയോട്."

" മനസ്സില്ല. "

ആ വീടും സ്ഥലവും എന്റെ പേർക്ക് അക്കച്ചിയുടെ നിർബന്ധപ്രകാരം അപ്പ എഴുതിവച്ചിരുന്നുവെന്ന കാര്യം അന്നേരം എനിക്കറിയുമായിരുന്നില്ല. അപ്പയും അമ്മിയും അക്കച്ചിയും അതൊരു രഹസ്യമാക്കി വച്ചു.

റിയാസ് സമർത്ഥനായ വക്കീലായിരുന്നുവെങ്കിലും പ്രൊഫഷണൽ എത്തിക്സ് എന്നത് തൊട്ടു തീണ്ടിയിരുന്നില്ല. എതിർഭാഗത്തു നിന്ന് പണം വാങ്ങി സ്വന്തം കക്ഷിയെ വഞ്ചിച്ച് സ്വയം തോറ്റു കൊടുത്ത എത്രയെത്ര കേസുകളെക്കുറിച്ചെനിക്കറിയാം.

പോകെപ്പോകെ ഞാൻ ജീവിതം മടുത്തു. എന്തു ചെയ്താലും കുറ്റം കണ്ടു പിടിക്കുന്ന ഒരു അമ്മായിയമ്മയും എന്റെ ശമ്പളദിനം മാത്രം എന്നോട് രണ്ടു വാക്ക് മര്യാദയ്ക്ക് പറയുന്ന ഒരു ഭർത്താവും. അമ്മായെ തൃപ്തിപ്പെടുത്തുവാൻ അവരുടെ മുന്നിൽ വച്ചെന്നെ അയാൾ തല്ലുവാനും തുടങ്ങി. ഒന്നിനും പ്രതികരിക്കാത്ത പൂച്ചക്കുട്ടി സ്വഭാവം ഞാനുമുപേക്ഷിച്ചു. റിയാസിന്റെ കൊള്ളരുതായ്മയെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ മർദനത്തിന്റെ അളവ് കൂടിയെന്നു മാത്രം.എനിക്ക് ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടമായി. ഞാൻ രോഗിയായി. ശ്വാസംമുട്ടൽ കൊണ്ടു ഞാൻ വലഞ്ഞു. ഇൻഹേലറില്ലാത്ത ജീവിതം എനിക്ക് സങ്കൽപിക്കുവാൻ കഴിയാതെയായി.

ശരീരത്തിന് തീരെ ആവതില്ലാതെയാവുമ്പോൾ ഫോണിലൂടെയുള്ള എന്റെ ശബ്ദത്തിലെ ദൈന്യത മനസ്സിലാക്കി അപ്പയും അമ്മിയും എന്നെ വന്ന് കൂട്ടിക്കൊണ്ടു പോകുമായിരുന്നു. അതിനും കടുത്ത എതിർപ്പുകളുണ്ടായിരുന്നു റിയാസിൽ നിന്നും അമ്മായിൽ നിന്നും . അന്നേരവും അയാളുടെ ശാരീരികാവശ്യങ്ങൾ നിറവേറ്റാൻ അയാൾ ബസ് കയറി വരും. അയാളുടെ അത്തരം വരവുകളെ ഞാൻ വെറുത്തു, ഭയന്നു. ചില വരവുകളെ ഞാനിടയ്ക്കു വച്ച് എനിക്ക് പീരിയഡ്സാണെന്ന് കളവ് പറഞ്ഞ് മുടക്കിയിട്ടുണ്ട്. എന്റെ നുണ വിശ്വസിച്ച് അയാൾ ഇടയ്ക്ക് വച്ച് ബസിറങ്ങി തിരിച്ചു പോയിട്ടുണ്ട്.

 

ഒരിക്കൽ ശ്വാസംമുട്ടൽ കൂടി ഞാൻ ആശുപത്രിയിലായി. അപ്പയും അമ്മിയും മൂന്നു ദിവസം എനിക്കൊപ്പം നിന്നു. ഒരു സന്ധ്യയ്ക്ക് ആശുപത്രിയിൽ വന്ന റിയാസിനെക്കണ്ടപ്പോൾ അപ്പയും അമ്മിയും പിറ്റേന്ന് കാലത്ത് വരാമെന്ന് പറഞ്ഞ് എന്നെ റിയാസിനെ ഏൽപിച്ച് പോയി. എന്നാൽ എന്നെ ഒറ്റയ്ക്കാക്കി റിയാസ് സ്ഥലം വിട്ടു. ഇതിനെ പിന്നീട് ചോദ്യം ചെയ്ത അപ്പയെ ഒന്നും രണ്ടും പറഞ്ഞൊടുവിൽ റിയാസ് തല്ലി. അവിശ്വസനീയതോടെ അടിയേറ്റ കവിൾ തടവി റിയാസിനെ നോക്കി നിൽക്കുന്ന അപ്പയുടെ നിൽപും തുടർന്ന് താഴേയ്ക്കുള്ള കുഴഞ്ഞു വീഴലും എനിക്ക് മറക്കുവാൻ കഴിയില്ല. ആ നിമിഷം എന്റെ മനസ്സിൽ തോന്നിയതാണാ തീരുമാനം.

എനിക്കീ ബന്ധം തുടരണ്ട.

ഞാൻ വിവാഹമോചന ഹർജി ഫയൽ ചെയ്തു.

എന്റെ തീരുമാനത്തിന് അപ്പയും അമ്മിയും അക്കച്ചിയും എതിരു പറഞ്ഞില്ല. ഞാൻ മക്കളുമായി അപ്പയുടെയും അമ്മിയുടെയും അടുത്തേക്ക് താമസം മാറി.

മുസ്ലിം ശരിഅത്ത് നിയമപ്രകാരമുള്ള 'ഖുല'യുടെ വഴിയിലും ഞാൻ നീങ്ങി. മുസ്ലിം സ്ത്രീയ്ക്ക് ഭർത്താവുമായുള്ള ബന്ധം വേർപെടുത്തുന്നതിന് വ്യക്തമായ കാരണങ്ങളുടെ വെളിച്ചത്തിൽ മതം അവൾക്കനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യമാണ് 'ഖുല'. അയാൾക്ക് നേരിട്ടും ഞങ്ങളുടെ വിവാഹം നടന്ന പള്ളിയിലും ഖുല അറിയിപ്പെത്തിച്ചു. അയാളെനിക്ക് മഹറായി തന്ന മൂന്നു പവൻ ഖുല അനുശാസിക്കും പ്രകാരം തിരികെ നൽകി.

കോടതി നോട്ടീസും ഖുലയും കൈപ്പറ്റിയ ശേഷം റിയാസെന്നെ വിളിച്ചു.

"രണ്ടും കൈപ്പറ്റി. എല്ലാവരുമറിഞ്ഞു. നീയെന്നെ ശരിക്ക് നാറ്റിച്ചു.ഉടനെയൊന്നും നിന്നെ ഞാൻ ഫ്രീയാക്കില്ല. എത്രത്തോളം താമസിപ്പിക്കാമോ അത്രത്തോളം ഞാൻ കേസ് വലിപ്പിക്കും. നീ കുറെ കാലം കോടതി കേറിയിറങ്ങി നടക്ക്. തയ്യാറാണല്ലോ അല്ലേ?"

"എന്തിനും തയാറാണ് സർ. "

" നിനക്കിപ്പോ ഒപ്പം ജോലി ചെയ്യുന്ന ഒരുത്തനുണ്ടല്ലോ? എന്താ അവന്റെ പേര്? ഓ.. പ്രദീപ്! അന്യജാതീം പിന്നെ നിന്നെക്കാൾ ഏഴെട്ട് വയസ്സിളപ്പവുമുള്ള ക്രോണിക് ബാച്ചിലർ! നാണമില്ലേടി നിനക്കൊരു കള്ളകാഫിറുമായി കെട്ടിമറിയാൻ?"

" സത്യത്തിൽ ഇല്ല. "

ഞാനും പ്രദീപുമായുള്ള ഇല്ലാക്കഥകൾ പറഞ്ഞു പരത്തി റിയാസ് എന്റെ ജോലിസ്ഥലത്തു വരെയെന്നെ നാറ്റിച്ചു.

അപ്പയെ വിളിച്ച് ഞാനും പ്രദീപും ലോഡ്ജ് കയറിയിറങ്ങുകയാണെന്ന് റിയാസ് പറഞ്ഞപ്പോൾ അപ്പ ഇങ്ങനെയാണ് പ്രതികരിച്ചത്.

" അവളൊരു പെണ്ണല്ലേ? അങ്ങനെയൊക്കെ നടന്നെന്നിരിക്കും. ഫോൺ വെച്ചിട്ട് പോടാ നാറീ."

റിയാസ് പറഞ്ഞത് നേരായി. പോകെപ്പോകെ ഞാനും പ്രദീപും തമ്മിൽ പ്രണയത്തിലായി. പ്രണയമെനിക്ക് നഷ്ടപ്പെട്ട കുറെ കാര്യങ്ങൾ വീണ്ടെടുത്തു തന്നു .ഞാനിന്ന് സന്തോഷവതിയാണ്. എന്റെ മുഖത്തിനിപ്പോൾ തിളക്കമുണ്ട്. എനിക്ക് ആരോഗ്യപ്രശ്നങ്ങളേതുമില്ല. വർഷങ്ങളായി എന്റെ കൂടപ്പിറപ്പായിരുന്ന എന്റെ ഇൻഹേലർ എവിടെയാണെന്ന് പോലുമെനിക്കറിയില്ല.

സന്തോഷമെന്നത് നമ്മളുണ്ടാക്കുന്ന മാനസികാവസ്ഥയാണ്. മാവിന്റെ തുഞ്ചത്ത് നിൽക്കുന്ന മാങ്ങയാണ് സന്തോഷം . അതിനെ തോട്ടി കെട്ടിപ്പറിക്കണം.

ഞാൻ കയ്യിലും കാലിലും പിൻകഴുത്തിലും പുനർജന്മത്തെയും സമാധാനത്തെയും സൂചിപ്പിക്കുന്ന ഉദയസൂര്യനെ ടാറ്റു ചെയ്തു. അക്കച്ചിയെ കോപ്പിയടിച്ച് മുടി ബോയ്കട്ട് ചെയ്തു.

എന്റെ മക്കളെന്നെ സപ്പോർട്ട് ചെയ്യുന്നതെന്നെ കൂടുതൽ സന്തോഷവതിയാക്കുന്നു.

ദമ്പതികളെ ബന്ധിപ്പിക്കുന്ന പാലങ്ങളാണ് മക്കൾ. എന്റെ മക്കൾ അതിനായി ശ്രമിച്ചു പരാജയപ്പെട്ടവരാണ്. റിയാസിനൊപ്പം ജീവിക്കുവാൻ അവരെ പറഞ്ഞയച്ചത് ഞാൻ തന്നെയാണ്. പിതാവിന്റെ സ്നേഹം അവർക്കാവശ്യമാണ്. ഞാനതില്ലാതാക്കിയെന്ന കാരണത്താൽ നാളെ അവരെന്നെ കുറ്റപ്പെടുത്തരുത്.

" അപ്പയ്ക്ക് സ്നേഹം പണത്തോടാണ്."റിയാസിനൊപ്പം കുറെ നാൾ കഴിഞ്ഞതിന്റെ സുഖം മനസ്സിലാക്കിയ മക്കൾ ഒരു പോലെ പറഞ്ഞു.

ഞാനിന്ന് സന്തോഷവതിയാണ്.

ഇനി പ്രദീപെന്നെ വിട്ടു പോയാലും ഞാൻ നിരാശയുടെ കുഴിയിൽ വീഴില്ല. ഞാനത് മനസ്സിനെ പറഞ്ഞു പാകപ്പെടുത്തിയിട്ടുണ്ട്. 

 

(തുടരും...)

അടുത്ത ശനിയാഴ്ച വരെ കാത്തിരിക്കുക...

 

Content Summary: Bucket List, e novel by Shuhaib Hameed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com