ADVERTISEMENT

നീട്ടി ഹോണടിച്ചപ്പോൾ  സെക്യൂരിറ്റി ജീവനക്കാരൻ‌  ഓടിയെത്തി ഗേറ്റു തുറന്നു. ആ ആഢംബര കാർ അകത്തേക്ക് ഒഴുകി നീങ്ങി.  റഹിം തന്റെ സിറ്റൗട്ടിൽ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. ദീപ്തിയും നരേന്ദ്രനും വാഹനത്തിൽ നിന്നിറങ്ങി.  ദീപ്തിയെ വിസിറ്റിംഗ് റൂമിലിരുത്തിയശേഷം നരേന്ദ്രന്‍ അകത്തേക്കുകയറി, വെള്ളിത്തിരയിൽ ഉരുക്കിന്റെ കരുത്തുള്ള നായകൻ  റഹീമിന്റെ മുന്നിലിരുന്ന്  പൊട്ടിക്കരഞ്ഞു. ഒന്നമ്പരന്നെങ്കിലും  അയാളെ അൽപ്പസമയം  കരയാനനുവദിച്ച് തന്റെ ഫ്ളവർ വെയ്സ് കയ്യിലെടുത്ത് ഉരുട്ടിക്കൊണ്ടിരുന്നു. സമനില വീണ്ടെടുത്ത് നരേന്ദ്രൻ  റഹീമിനോട് സംസാരിക്കാനാഞ്ഞു പെട്ടെന്ന് പുറത്ത്നിന്നും ഒരു നിലവിളി കേട്ടു ജനലിലൂടെ ഇരുവരും നോക്കി.

 

കാറിൽ നിന്നിറങ്ങിയ ദീപ്തി റോഡിലേക്ക് ഓടുന്നു. സെക്യൂരിറ്റിക്കാരൻ പിന്നാലെ നില്ലമ്മായെന്ന് അലറി വിളിച്ച് പിന്തുടരുന്നു. ഒരു ട്രക്ക് റോഡിലൂടെ പാഞ്ഞുവന്നു. ദീപ്തി പെട്ടെന്നു രണ്ടാം ലൈനിലേക്ക് ഓടിക്കയറി ഒരു കാർ സ്പീഡിലെത്തി ദീപ്തിയെ തട്ടിത്തെറിപ്പിച്ചു. പിന്നാലെയെത്തിയ വാഹനങ്ങളും ബ്രേക്കിട്ടു. ചക്രങ്ങള്‍ കരിഞ്ഞ് പുകയുയർന്നു. അൽപ്പമൊന്നുയർന്ന് ഒരു മഷിപ്പാത്രം വീണുടയും പോലെ ദീപ്തി റോഡിലേക്ക് പതിച്ചു .നരേന്ദ്രൻ അലറി വിളിച്ചശേഷം മുഖംപൊത്തി റോഡിലേക്കു കുനിഞ്ഞിരുന്നു.

 

 

ദീപ ഓഫീസിൽനിന്ന് പുറത്തേക്കിറങ്ങി. ലിഫ്റ്റിൽ കയറി ഗ്രൗണ്ടിലേക്കുള്ള സ്വിച്ചമർത്തി.  ലിഫ്റ്റ് മൂന്നാം നിലയിൽ തുറന്നു..മൊബൈലിൽനിന്നു മുഖമുയർത്താതെ ഒരു വൃദ്ധൻ കയറിനിന്നു. കഷണ്ടി വീണ തലയിൽത്തട്ടി സീലിങ്ങ് ലൈറ്റ് തിളങ്ങി. മൊബൈലിൽ ടൈപ്പ് ചെയ്യുന്ന ശബ്ദം ദീപ്തിയുടെ ചിന്തയെ അലോസരപ്പെടുത്തി.

പഴയ ഒരു  ഫോൺ അതിലെ കീപാഡിൽ തെരുതെരെ ലക്ഷ്യമില്ലാതെ അമർത്തുന്ന കൈകൾ. ആ കൈകൾ എവിടെയോ കണ്ടിട്ടുണ്ട്, നല്ല പരിചയമുള്ള ശരീരഭാഷയും അയാളെ ദീപ  അമ്പരന്നു നോക്കി, അയാൾ തന്റെ വാർദ്ധക്യത്തിന്റെ അവശത തോന്നുന്ന ഭാവം മാറ്റി, മൂരി നിവർ‌ന്ന് നിന്നു. നരേന്ദ്രൻ. ദീപ ലിഫ്റ്റിന്റെ വശത്തോ‌ട് ചേർന്നു. ബാഗിനുള്ളിലെ പെപ്പർ സ്പ്രേയ്ക്കായി പരാതി. 

 

ലിഫ്റ്റ് തുറന്നതും ഒരു കൈ ദീപയുടെ കഴുത്തിൽ ചുറ്റിവരിഞ്ഞു. ഒരു ടേപ്പ് ദീപയുടെ മുഖത്ത് ചുറ്റി. ലിഫ്റ്റിന്റെ  തൊട്ടടുത്തായി പാർക്ക് ചെയ്ത ഒരു പഴയ മോഡൽ അംബാസിഡറിന്റെ ഡിക്കിയിലേക്ക് ദീപ എടുത്തെറിയപ്പെട്ടു. ഗേറ്റ് കടന്നു ആ കാർ പുറത്തേക്ക് പോയി സെക്യൂരിറ്റി ജീവനക്കാരന്‍ പിന്‍സീറ്റിലിരിക്കുന്ന കഷണ്ടിക്കാരൻ വയസ്സനെ എവിടെയോ കണ്ടിട്ടുണ്ടെന്ന് ഓർത്തു. പിന്നെ അയാൾ തന്റെ മൊബൈലിലേക്ക് ശ്രദ്ധയൂന്നി...

 

 

 

ശക്തമായ ലൈറ്റ് മുഖത്തേക്കടിച്ചപ്പോഴാണ് ദീപ കണ്ണുതുറന്നത്. ചുറ്റും നോക്കാൻ ശ്രമിക്കവെ ലൈറ്റ് ഓഫായി. വീണ്ടും ലൈറ്റ് തെളിഞ്ഞു.ഒരു കസേരയിൽ കൈകെ‌ട്ടപ്പെട്ട നിലയിലാണ് താനെന്ന് ദീപക്ക് മനസിലായി, വലിയ ഒരു ഗോഡൗൺ പോലെയുള്ള ഇടം.  പ്രകാശത്തിനു കടന്നു ചെല്ലാൻ കഴിഞ്ഞ ഇടങ്ങളിലെല്ലാം ദീപ പാളി നോക്കി. ബൂട്ടുകളുടെ ശബ്ദം ..നരേന്ദ്രനും റഹീമും  അകത്തേക്കുവന്നു. നരേന്ദ്രൻ ഒരു കസേര മുന്നിലിട്ട് ഇരുന്നു. ഈ സെറ്റപ്പ് സിനിമയിൽ കണ്ടിട്ടുണ്ടല്ലോ?, അതെ ഒരു ചോദ്യം ചെയ്യൽ സെറ്റ്, ക്ളിഷേ രംഗമാണ്, പക്ഷേ ഇതില്ലാതെ പറ്റില്ല..അപ്പോ പറയാൻ തുടങ്ങിക്കൊള്ളൂ..

 

സർ എനിക്ക്..ഒന്നും അറിയില്ല,,

 

അങ്ങനെ പറയരുത് ദീപേ, നിങ്ങളുടെ ചാനൽ ഇന്റർവ്യൂ പോലെ ആയിരിക്കില്ല, എന്റെ ഇന്റര്‍വ്യൂ...സോമാ. ഒരു മൊട്ടത്തലയൻ അകത്തേക്കു വന്നു. 

ഇത്...റാംബോ സോമൻ...സിനിമയിലെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റാ. മാത്രമല്ല എന്റെ ചെന്നൈ ഫാൻസ് അസോസിയേഷൻ സെക്രട്ടറി. ദേ എനിക്ക് വേണ്ടി മരിക്കാൻ തയ്യാറാകും., അതേപോലെ ആരെയും കൊല്ലാനും. അറ്റത്ത് മുള്ളുകൾ പിടിപ്പിച്ച ഗദപോലുള്ള വസ്തുവുമായി സോമൻ സ്പീഡിൽ അവളുടെ അടുത്തേക്കു നടന്നു .ഒരു 4 സെക്കന്‍ഡ് അതിനുള്ളിൽ നീ വാ തുറന്നില്ലെങ്കിൽ ആദ്യത്തെ അടി നിന്റെ മുഖത്ത് വീഴും....

 

ഞാൻ പറയാം.ദീപ ഭീതിയോടെ നോക്കി.കാര്യങ്ങളൊക്കെ ദീപയ്ക്കറിയാം..പകുതി റഹീം പറയും  അതിന്റെ ബാക്കി പറഞ്ഞാൽമതി. എല്ലാം നഷ്ടപ്പെടാനൊരുങ്ങി നിൽക്കുകയാണ് ഞാൻ, എനിക്കു ഒന്നും നോക്കാനില്ല. ഒന്നും...

 

 

Content Summary: Order Of The Empire Episode 07, e-novel written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com