ADVERTISEMENT

ഭയം ഒരു തോന്നല്‍ മാത്രമാണെന്ന് പരീക്ഷിത്തിന് തോന്നി. വിദൂരതയിലിരുന്ന് ഒരു ദൗത്യത്തെ കാണുമ്പോഴുണ്ടാവുന്ന അജ്ഞതയാണ് ഭയത്തിന് നിദാനം. കരഗതമാവുമ്പോള്‍ അത് അവസാനിക്കുന്നു. ഇത്രയും കാലം അധികാരം ഒരു സ്വപ്നമായിരുന്നു. ഇന്ന് തികഞ്ഞ യാഥാര്‍ത്ഥ്യവും. ഇപ്പോള്‍ തന്റെ മനസില്‍ ആകുലതകളില്ല. കുരുക്ഷേത്രജനതയുടെ ക്ഷേമം മാത്രം. ഈ രാജ്യം അവരുടേതാണ്. അവരുടെ അവകാശങ്ങളും അധികാരങ്ങളും സുഖസമൃദ്ധിയും മാത്രമാവണം ഇനിയുളള ലക്ഷ്യം. അധികാരം അതീതനാവുന്നതിന്റെ സുഖം നല്‍കുമെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ പരീക്ഷിത്തിന് അങ്ങനെ തോന്നിയില്ല. ധര്‍മ്മിഷ്ഠനായ ഒരു രാജാവ്. പ്രജാക്ഷേമ തത്പരനായ ഒരു ഭരണാധികാരി. ആ നിലയില്‍ അറിയപ്പെടണം. ജനങ്ങള്‍ എന്നെ സ്‌നേഹിക്കണം. ആദരിക്കണം. അവരുടെ മനസില്‍ ഈ സിംഹാസനം വളരണം. അതില്‍ നിന്ന് ഉത്ഭൂതമാവുന്ന ചാരിതാര്‍ത്ഥ്യമാണ് ഒരു രാജാവിന്റെ ജീവിതദൗത്യം. ചരിത്രം എന്നെ ആ നിലയില്‍ അടയാളപ്പെടുത്തണം. 

ആസൂത്രണവൈഭവം ഒരു ഭരണാധികാരിയെ സംബന്ധിച്ച് മര്‍മ്മപ്രധാനമാണ്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് രാജ്യം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് ഒരു രൂപരേഖയുണ്ടാക്കണം. എന്നിട്ട് അത് നടപ്പിലാക്കാനുളള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കണം. സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും പ്രധാനമെങ്കില്‍ അതിനേക്കാള്‍ പ്രസക്തമാണ് അത് പ്രായോഗിക തലത്തിലെത്തിക്കാനുളള കഴിവ്.

തുടര്‍ന്നുളള രാത്രികളില്‍ പരീക്ഷിത്തിന്റെ മനസ് നിറയെ രാജ്യമായിരുന്നു. മാദ്രിയെയും കുഞ്ഞിനെയും അമ്മയെയും അയാള്‍ മറന്നു. തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം പൂര്‍ണ്ണതയോടെ നിറവേറ്റുന്നതിലാണ് പുരുഷന്റെ ജന്മസാഫല്യം കുടികൊളളുന്നത്. അത് പൂര്‍ത്തീകരിക്കും വരെ ഇനി തനിക്ക് വിശ്രമമില്ല.   

ഭരണക്രമത്തിലും സമീപനങ്ങളിലും ഗണ്യമായ പൊളിച്ചെഴുത്ത് അനിവാര്യമാണ്. 

താഴേത്തട്ടിലുളള ജനതയുടെ ജീവിതം മെച്ചപ്പെടുമ്പോള്‍ മാത്രമേ ഒരു രാജ്യം പുരോഗമിച്ചു എന്ന് പറയാനാവൂ. പണം വലിച്ചെറിഞ്ഞ് രമ്യഹര്‍മ്മ്യങ്ങള്‍ നിര്‍മ്മിക്കുന്നതല്ല വികസനം. മറിച്ച് എല്ലാ വിഭാഗം ജനങ്ങളും ഏറെക്കുറെ തുല്യതയോടെ മികച്ച ജീവിതനിലവാരത്തില്‍ കഴിയാനുളള സാഹചര്യം സംജാതമാക്കണം. ഏത് തൊഴിലിനും ന്യായമായ കൂലി ലഭിക്കണം.

എല്ലാവര്‍ക്കും തൊഴിലവസരങ്ങള്‍ ലഭിക്കണം. ഓരോരുത്തരുടെയും കഴിവുകള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് പ്രവര്‍ത്തിക്കാനും വളരാനുമുളള സാഹചര്യം ഒരുക്കി കൊടുക്കണം. 

പരീക്ഷിത്ത് അതികാലത്ത് ഉണര്‍ന്ന് മന്ത്രിമുഖ്യനെയും സേനാംഗങ്ങളെയും വിളിച്ചു വരുത്തി. രാജാവ് ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഉണരുമ്പോള്‍ അവര്‍ക്കും മടിപിടിച്ച് കിടന്നുറങ്ങാന്‍ കഴിഞ്ഞില്ല.

അവര്‍ പല സംഘങ്ങളായി തിരിഞ്ഞ് ഹസ്തിനപുരിയുടെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചു. ഒരു സംഘത്തിന് രാജാവ് നേരിട്ട് നേതൃത്വം നല്‍കി. സംഘത്തിന്റെ ചുമതല ഇനി പറയുന്നതാണ്.

ഓരോ ചെറുഗ്രാമങ്ങളിലും കടന്നു ചെന്ന് ഓരോ വീട്ടിലെയും സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കണം. ഭരണകൂടത്തിന് ഓരോ വ്യക്തികളെയും കുടുംബങ്ങളെയും സാമ്പത്തികമായും തൊഴില്‍പരമായും വിദ്യാഭ്യാസപരമായും എങ്ങനെ ഉയര്‍ത്താന്‍ കഴിയുമെന്നത് സംബന്ധിച്ച ഒരു കുറിപ്പ് തയ്യാറാക്കണം. അത് താളിയോലയില്‍ രേഖപ്പെടുത്തി രാജാവിന് സമര്‍പ്പിക്കണം. ഒരു വിദഗ്ധസംഘം ഇത് പരിശോധിച്ച് പരിഹാര നടപടികളിലേക്ക് കടക്കും. അങ്ങനെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം അടക്കം രാജ്യത്തെ ബാധിച്ചിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

ഉത്തര വിസ്മയത്തോടെ പലതും കണ്ട് കണ്ണുമിഴിച്ച് ഇരുന്നു. മുന്‍കാലങ്ങളിലൊന്നും ഭരണകാര്യങ്ങളില്‍ താത്പര്യം കാണിക്കാത്ത മകന്‍ ഇതാ യുധിഷ്ഠിരന് കഴിയാത്ത പരിഷ്‌കാരങ്ങള്‍ വരുത്തുന്നു.

സാധ്യതകള്‍ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതിലായിരുന്നു പരീക്ഷിത്തിന്റെ കണ്ണ്. ഉദാഹരണത്തിന് നാട്ടില്‍ നന്നായി പച്ചക്കറി കൃഷി ചെയ്യുന്നവരുണ്ടെങ്കില്‍ അവരുടെ ഉത്പന്നങ്ങള്‍ നല്ല വിലയ്ക്ക് കൊട്ടാരത്തില്‍ നിന്ന് തന്നെ വാങ്ങി ന്യായവിലയ്ക്ക് സാധാരണക്കാരില്‍ എത്തിക്കും. രണ്ട് ഗുണങ്ങളാണ് ഇതുകൊണ്ട് സംഭവിക്കുന്നത്. ഒന്ന് കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കുന്നു. രണ്ട് ജനങ്ങള്‍ക്ക് നല്ല ഉത്പന്നം ന്യായവിലയ്ക്ക് ലഭ്യമാകുന്നു.

പച്ചക്കറി മാത്രമല്ല ഇതര സേവനങ്ങളും ഈ തരത്തില്‍ വ്യാപകമാക്കാന്‍ രാജാവ് മുന്‍കൈ എടുത്തു.

കപ്പം കിട്ടുന്ന പണം ആഢംബരങ്ങള്‍ക്ക് വിനിയോഗിക്കാതെ ജനക്ഷേമത്തിനായി നീക്കി വച്ചു. രാജാവും ജനങ്ങളിലൊരാളെന്ന തോന്നല്‍ ജനിപ്പിച്ചു.

പാടത്ത് ഇറങ്ങി പണിയെടുക്കുന്ന രാജാവിനെ കണ്ട് ആളുകള്‍ മൂക്കത്ത് വിരല്‍ വച്ചു. മാദ്രിയ്ക്ക് അത് ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല.

'നിങ്ങള്‍ പണിയെടുത്താല്‍ ജനങ്ങളുടെ ദാരിദ്ര്യം മാറുമോ?''

''മാറും. മഹാരാജാവ് പോലും അദ്ധ്വാനിക്കുന്നത് കണ്ടാല്‍ നമുക്കും എന്തുകൊണ്ടിത് ചെയ്തു കൂടായെന്ന് ജനങ്ങള്‍ക്ക് തോന്നും. അലസരായി മടിപിടിച്ചിരിക്കുന്ന പലരും അദ്ധ്വാനിക്കാന്‍ സന്നദ്ധരാവും. ആസൂത്രണവൈഭവവും അദ്ധ്വാനശീലവുമുളള ഒരു ജനത ഒരിക്കലും പ്രയാസപ്പെടേണ്ടി വരില്ല. പുറം രാജ്യങ്ങള്‍ക്ക് പോലും ഇന്ന് ഹസ്തിനപുരി മാതൃകയായി തുടങ്ങിയിരിക്കുന്നു'

ഭര്‍ത്താവിന്റെ ദീര്‍ഘവീക്ഷണം മാദ്രിയെ അമ്പരപ്പിച്ചു. മഹനീയപാരമ്പര്യമുളള വിരാട രാജവംശത്തില്‍ നിന്നും വന്നവളാണ് താന്‍. അവിടെയൊന്നും ആര്‍ക്കും സാധിക്കാത്ത കാര്യങ്ങളാണ് പരീക്ഷിത്ത് നടപ്പിലാക്കുന്നത്.

രാജ്യം വികസനത്തിന്റെ പാതയില്‍ ബഹുദൂരം മൂന്നേറിയിട്ടും രാജാവ് അടങ്ങിയിരുന്നില്ല. ആരോഗ്യകരമായ മത്സരത്തിലൂടെ വ്യക്തികളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാം എന്നൊരു ചിന്താ പദ്ധതി അദ്ദേഹം മുന്നോട്ട് വച്ചു. മന്ത്രിയും ആസൂത്രണ വിദഗ്ധരും അതിനെ പിന്‍താങ്ങി.

ഓരോ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പത്തു പേര്‍ക്ക് രാജമുദ്ര പതിപ്പിച്ച തങ്കപ്പതക്കം  സമ്മാനം. കര്‍ഷകരും വ്യവസായികളും അടക്കം ധാരാളം പേര്‍ മത്സരത്തില്‍ പങ്കെടുത്തു. പണത്തിന്റെ മൂല്യത്തേക്കാള്‍ അവരെ ആകര്‍ഷിച്ചത് രാജാവില്‍ നിന്നും ലഭിക്കുന്ന അംഗീകാരമുദ്രയായിരുന്നു. 

പൊതുസദസില്‍ ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ മഹാരാജാവ് തിരുമനസിന്റെ തൃക്കൈകളില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്ന സുവര്‍ണ്ണ നിമിഷം അവരെ പുളകിതരാക്കി.

ഓരോരുത്തരും പരസ്പരം മത്സരിച്ച് അദ്ധ്വാനിച്ചു. ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തി. അങ്ങനെ ഉത്പാദനക്ഷമത പതിന്‍മടങ്ങ് വര്‍ദ്ധിച്ചു. രാജ്യം പുരോഗതിയുടെ ഹിമവല്‍ ശൃംഗങ്ങളിലേക്ക് ഉയര്‍ത്തപ്പെട്ടു. ഹസ്തിനപുരിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കള്‍ ഉയര്‍ന്ന വിലയ്ക്ക് ഇതര രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും അങ്ങനെ ജനങ്ങളുടെ സേവനങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കാനും രാജാവിന് സാധിച്ചു.

രാജ്യഭരണം സംബന്ധിച്ച പുതിയ സങ്കല്‍പ്പങ്ങളിലൂടെ പരീക്ഷിത്ത് നിരന്തരം സ്വയം പുതുക്കിപ്പണിതു കൊണ്ടേയിരുന്നു. അയല്‍രാജ്യങ്ങള്‍ ഒന്നടങ്കം അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു. ഹസ്തിനപുരിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഭരണാധികാരി എന്ന തലത്തിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു.

ഉത്തരയും മാദ്രിയും അഭിമാനം കൊണ്ട് വിജൃംഭിതരായി. അഭിമന്യുവിന്റെ എണ്ണച്ഛായാ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തി അതിലേക്ക് നിര്‍ന്നിമേഷയായി നോക്കി നിന്ന് ഉത്തര കണ്ണീര്‍പൊഴിച്ചു. അമ്മയുടെ ആനന്ദക്കണ്ണീരിനെക്കുറിച്ച് മാദ്രി പറഞ്ഞറിഞ്ഞ് പരീക്ഷിത്ത് അഭിമാനഹാസം തൂകി.

ജീവിതം എപ്പോഴും ഇങ്ങനെയാണ്. പരമ്പരാഗതമായി ശീലിച്ച വഴികളില്‍ നിന്ന് മാറി നടക്കുന്നവര്‍ അംഗീകാരങ്ങള്‍ കരസ്ഥമാക്കുന്നു. ആദരിക്കപ്പെടുന്നു.

വിശ്രമം എന്നൊന്ന് പരീക്ഷിത്തിന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല.

പുതിയ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ കണ്ടെത്തി നടപ്പിലാക്കുക എന്നത് അദ്ദേഹത്തിന് ഒരു ലഹരിയായിരുന്നു. സ്വന്തം പ്രതിഭയുടെ മാറ്റുരയ്ക്കാനുളള അവസരങ്ങളായിരുന്നു അദ്ദേഹത്തെ സംബന്ധിച്ച് ഓരോ നടപടികളും.

മുന്‍ഗാമികളായ മഹാരഥന്‍മാര്‍ക്ക് സാധിക്കാത്ത മാറ്റങ്ങളാണ് ഹ്രസകാലം കൊണ്ട് പരീക്ഷിത്ത് നടപ്പിലാക്കിയത്.

പരീക്ഷിത്ത് മഹാരാജന്‍ നീണാള്‍ വാഴട്ടെ വിളികളാല്‍ രാജ്യം മുഖരിതമായി. 

രാജ്യഭാരം ഒന്നിറക്കി വയ്ക്കുന്ന സായാഹ്നഹ്‌നങ്ങളില്‍ പരീക്ഷിത്ത് ജനമേജയന്റെ കുറുമ്പുകളും മാദ്രിയുടെ പ്രണയസല്ലാപവും ആസ്വദിച്ചു. അമ്മയുടെ അഭിമാനഹാസം അയാളുടെ മനസ് നിറച്ചു. താന്‍ മാത്രമാണ് അമ്മയുടെ ലോകം. ഇപ്പോള്‍ മാദ്രിയും ജനമേജയനും ആ പരിമിതവൃത്തത്തില്‍ സ്ഥാനമുണ്ട്. 

ഒരു മകളില്ലാത്ത ദുഖം മാദ്രിയിലൂടെയാണ് അമ്മ മറികടന്നത്. അവള്‍ക്കും അമ്മയെ ജീവനാണ്. യൗവ്വനത്തിന്റെ പ്രാരംഭ ദിശയില്‍ തന്നെ വിധവയായ സ്ത്രീ എന്ന അനുതാപം എന്നും അവളെ ഭരിച്ചിരുന്നു. ഉറ്റവരും ഉടയവരും ഏറെ നിര്‍ബന്ധിച്ചിട്ടും ഒരു പുനര്‍വിവാഹത്തിന് അമ്മ നിന്നുകൊടുത്തില്ല. അഭിമന്യുവിന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്നതായിരുന്നു അമ്മ പറഞ്ഞ ന്യായം. മകന്‍ ഒരു അന്യപുരുഷനെ അച്ഛാ എന്ന് വിളിക്കുന്നതും അമ്മ ഇഷ്ടപ്പെട്ടില്ല. അയാള്‍ക്ക് തന്നെ മകനായി കാണാന്‍ കഴിയുമോയെന്നും അവര്‍ ഭയന്നു.

ജൈവശാസ്ത്രപരമായ കാമനകള്‍ മനസിലൊതുക്കി പൂജയും ജപവും മാത്രമായി ഹോമിച്ച യൗവ്വനം. അവര്‍ സങ്കടങ്ങള്‍ കരഞ്ഞു തീര്‍ത്തത് രണ്ട് സന്നിധികളിലായിരുന്നു. ഒന്നുകില്‍ കൊട്ടാരത്തിലെ ക്ഷേത്രസന്നിധി. അല്ലെങ്കില്‍ കിടപ്പുമുറിയുടെ ചുവരില്‍ പതിച്ച അച്ഛന്റെ  ഛായാചിത്രം.

തനിച്ചാവുന്ന നിമിഷങ്ങളില്‍ ഞാന്‍ അച്ഛനെ മനസില്‍ സങ്കല്‍പ്പിക്കാറുണ്ട്. ഒരിക്കലും നേരില്‍ കാണാത്ത കേട്ടുകേള്‍വികളിലൂടെ മാത്രം പരിചിതനായ അച്ഛന്‍. അച്ഛന്റെ നിറവും മണവും ശബ്ദവുമെല്ലാം എനിക്ക് ഭാവനാസൃഷ്ടമായിരുന്നു. പക്ഷെ അച്ഛന്റെ ജീവനെടുത്ത വിധിവെപരീത്യത്തെ എനിക്ക് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. അതും അമ്മ പറഞ്ഞു തന്ന കഥയിലൂടെ..

ഭഗവാന്‍ കൃഷ്ണന്റെ സഹോദരി സുഭദ്രയായിരുന്നല്ലോ അച്ഛന്റെ അമ്മ. എന്റെ മുത്തശ്ശി. മുത്തച്ഛന്‍ അര്‍ജുനനും. സഹോദരീ ഭര്‍ത്താവിന് യുദ്ധത്തില്‍ വിജയിക്കാനുളള തന്ത്രപ്രധാനമായ കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നത് കൃഷ്ണന്റെ പതിവായിരുന്നു. സമാഗതമാവാനിരിക്കുന്ന കുരുക്ഷേത്രയുദ്ധം ഭഗവാന്‍ അന്നേ മനസില്‍ കണ്ടിരിക്കണം.

ഒരിക്കല്‍ സുഭദ്രമുത്തശ്ശി അച്ഛനെ ആറുമാസം ഗര്‍ണിഭിയായിരിക്കെ ചക്രവ്യൂഹത്തില്‍ കടക്കുന്ന വിദ്യ ഭഗവാന്‍ അര്‍ജുനന്‍ മുത്തശ്ശനോട് പറഞ്ഞുകൊടുത്തു. പല വ്യൂഹങ്ങളിലും കയറുന്നതും പുറത്ത് കടക്കുന്നതും വിശദീകരിച്ച കൃഷ്ണന് ചക്രവ്യൂഹത്തിന്റെ കാര്യം  മാത്രം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഗര്‍ഭസ്ഥശിശുവായ അച്ഛന് പാതി മാത്രമേ കേട്ട് മനസിലാക്കാന്‍ കഴിഞ്ഞുളളു.

കുരുക്ഷേത്രം യുദ്ധം നടക്കവെ കഷ്ടിച്ച് പതിനാറ് വയസ് മാത്രം പ്രായമുളള അച്ഛന്‍ തന്റെ യുദ്ധവീര്യം കൊണ്ട് എതിരാളികളെ അമ്പരപ്പിച്ചു. അഭിമന്യൂവിനെ തളയ്ക്കാന്‍ അവര്‍ പല വഴികളും പയറ്റി. ഒന്നും ഫലിച്ചില്ല. ഒടുവില്‍ ചക്രവ്യൂഹം പരീക്ഷിച്ചു. ഒന്നിലും കൂസാത്ത അച്ഛന്‍ രണ്ടും കല്‍പ്പിച്ച് വ്യൂഹത്തിനുളളില്‍ കടന്നു. പക്ഷെ തിരിച്ചിറങ്ങാന്‍ കഴിഞ്ഞില്ല. അങ്ങനെ കൗരവരുടെ ചതിയില്‍ അച്ഛന്‍ പൊലിഞ്ഞു. അമ്മ നിത്യവിധവയായി. ഞാന്‍ അനാഥനും...

ദശാബ്ദങ്ങള്‍ക്കപ്പുറമുളള ആ ഓര്‍മ്മയില്‍ പരീക്ഷിത്തിന്റെ കണ്ണുകള്‍ നനഞ്ഞു. എന്റെ മനസില്‍ അച്ഛന് എന്നും നിത്യയൗവ്വനമാണ്. മധുരപ്പതിനാറ്. പരീക്ഷിത്ത്

മധുരോദാരമായി മന്ദഹസിച്ചു.

അവിടം കൊണ്ടും തീര്‍ന്നില്ല വിധിപൈരീത്യങ്ങള്‍. മുറപ്രകാരം അച്ഛന്റെ ചിതയില്‍ ചാടി ആത്മാഹൂതിക്ക് ശ്രമിച്ച അമ്മയെ വിലക്കിയത് കൃഷ്ണനാണ്. മകന് വേണ്ടി ജീവിക്കണമെന്ന് ഭഗവാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ഒരു സങ്കടക്കടല്‍ ഉളളിലൊതുക്കി അമ്മ ജീവച്ഛവമായി ജീവിക്കുകയായിരുന്നു.

ഈശ്വരന്റെ  പരീക്ഷണങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചില്ല. പാണ്ഡവരോടുളള പക തീരാത്ത അശ്വത്ഥാമാവ് യുദ്ധത്തിനിടയില്‍ അമ്മയുടെ ഗര്‍ഭത്തിലേക്ക് അമ്പ് അയച്ച് എന്റെ ജീവന്‍ ഹനിച്ചു. അങ്ങനെ ജനിക്കും മുന്‍പേ മരിച്ച കുഞ്ഞാണ് ഞാന്‍. ജനനത്തേക്കാള്‍ മുന്‍പ് ഞാന്‍ അറിഞ്ഞത് മരണത്തിന്റെ തണുപ്പും ഇരുട്ടും വന്യതയുമാണ്. 

അവിടെയും തുണയ്‌ക്കെത്തിയത് ഭഗവാന്‍ തന്നെ. ഈ കുഞ്ഞ് ജീവിച്ചിരിക്കേണ്ടത് അനിവാര്യതയാണെന്ന് അവിടന്ന് കല്‍പ്പിച്ചു. കുരുവംശത്തിന്റെ പിന്‍തുടര്‍ച്ചയ്ക്കും അമ്മയുടെ അനാഥത്വത്തിനും പരീക്ഷിത്ത് എന്ന ജീവന്‍ നിലനിന്നേ തീരൂ. ഭഗവാന്‍ ഗര്‍ഭാവസ്ഥയില്‍ വച്ച് തന്നെ പുനരുജ്ജിവിപ്പിക്കുകയും ചെയ്തു. ഒരേ പ്രതലത്തില്‍ മരണവും ജനനവും അനുഭവിച്ച അസുലഭജന്മം. സാധാരണഗതിയില്‍ ഏതൊരു മനുഷ്യനും ആദ്യം ജനിക്കും. പിന്നെ മരിക്കും. ഇവിടെ ആദ്യം മരിക്കാനായിരുന്നു എനിക്ക് നിയോഗം. പിന്നെ ജനിക്കാനും. പരീക്ഷിത്ത് അതോര്‍ത്ത് ഗൂഢമായി ചിരിച്ചു. ഉളളിലെ ചിരി പുറത്തേക്ക് ബഹിര്‍ഗമിച്ചു.  

അമ്മ ബദാമും കശുവണ്ടിയും കുങ്കുമപ്പൂവും ഏലയ്ക്കയും ചതച്ചിട്ട പാല്‍പ്പാത്രവുമായി വന്നു. എന്നും അത്താഴം കഴിഞ്ഞ് ഒരു കോപ്പ പാല്‍ തരുന്നത് അമ്മയുടെ പതിവാണ്. കുഞ്ഞുന്നാള്‍ മുതല്‍ ശീലിച്ച പതിവ്. അതിന് ഇന്നും മാറ്റമില്ല. അമ്മയുടെ മനസില്‍ എന്നും ഞാന്‍ കുഞ്ഞാണ്. അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ ദുഖം സഹിക്കാനാവാതെ ഉദരത്തില്‍ കിടന്ന് കൈകാലിട്ടടിച്ച് കരയുന്ന പാവം ഗര്‍ഭസ്ഥശിശു. വേദനകള്‍ക്കിടയിലും ആ ദൃശ്യത്തില്‍ വല്ലാത്ത ഒരു കൗതുകമുണ്ട്. അത് ഓര്‍ത്ത് ഓര്‍ത്ത് പരീക്ഷിത്ത് വീണ്ടും ചിരിച്ചു.

'ഇന്ന് നല്ല സന്തോഷത്തിലാണല്ലോ?'

ഉത്തര ചോദിച്ചു.

''സന്തോഷത്തിന് കുറവൊന്നുമില്ലമ്മേ..അമ്മ, മാദ്രി, ജനമേജയന്‍, സംതൃപ്തരായ ജനങ്ങള്‍...സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്താണ് വേണ്ടത്?''

ഉത്തര ചിരിച്ചു. 

പുത്രന്റെ ആഹ്‌ളാദങ്ങളിലാണല്ലോ അമ്മമനസിന്റെ തൃപ്തി കുടികൊളളുന്നത്.

(തുടരും) 

Content Summary: Paramapadam, Episode 02, e novel written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com