ADVERTISEMENT

അധ്യായം 5 ഉഗ്രശാപം: പര്‍ണ്ണശാലയ്ക്കപ്പുറം പുല്‍മേട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കബഡി കളിക്കുകയായിരുന്നു മുനികുമാരനായ ശൃംഗി. സമയവും വെയിലും ചൂടുമൊന്നും അവന്‍ അറിഞ്ഞതേയില്ല. കളിയില്‍ തുടര്‍ച്ചയായി തോറ്റതിന്റെ പരാജയബോധത്തില്‍ മടുത്ത് രക്ഷപ്പെടാന്‍ ഉപായം നോക്കി നിന്ന ശൃംഗി പെട്ടെന്ന് ഓര്‍ത്തെടുത്ത പോലെ പറഞ്ഞു.

'അയ്യോ..സമയം ഒരുപാടായി. അച്ഛനിപ്പോള്‍ എന്നെ അന്വേഷിക്കുന്നുണ്ടാവും. ജലപാനം കഴിച്ചിട്ടില്ല അച്ഛന്‍...''

സ്ഥലം ഒഴിയാനുളള സൂത്രമാണെന്നു മനസിലാക്കിയിട്ടും കളിക്കൂട്ടുകാര്‍ പരസ്പരം നോക്കി ചിരിച്ചതല്ലാതെ മുനികുമാരനെ പരിഹസിച്ചില്ല. അതിനുളള ധൈര്യം ആര്‍ക്കും ഉണ്ടായിരുന്നില്ല. തപശക്തിയുളളവരാണ് ശമീകമഹര്‍ഷിയും ശൃംഗിയുമെന്ന് അവര്‍ക്ക് നന്നായറിയാം. യുവാക്കള്‍ പുല്‍മേടിനപ്പുറത്തുളള വീടുകളിലേക്ക് മടങ്ങി.

ശൃംഗി അയാള്‍ക്കു മാത്രം പരിചിതമായ ഇടവഴികളിലൂടെ നടന്ന് പര്‍ണ്ണശാലയ്ക്ക് അരികിലെത്തി. ശമീകന്‍ അപ്പോഴും ധ്യാനനിരതനായി ഒരേ ഇരിപ്പ് തുടര്‍ന്നു. തോര്‍ത്ത് പോലൊന്ന് തോളില്‍ ഞാന്നു കിടക്കുന്നത് ദൂരത്തു നിന്നേ ശൃംഗി കണ്ടു. എന്താണെന്നു വ്യക്തമായില്ല. അച്ഛന്റെ അടുത്തെത്തിയ അവന്‍ ഒന്ന് നടുങ്ങി.

സര്‍പ്പത്തിന് ജീവനില്ലെന്ന് തോന്നിയെങ്കിലും സംശയനിവൃത്തി വരുത്താനായി പുറത്തു നിന്നും ഒരു കമ്പെടുത്ത് പതുക്കെ തട്ടി നോക്കി. ശൃംഗിക്ക് ഒരു കാര്യം വ്യക്തമായി. സര്‍പ്പം എന്തായാലും തോളില്‍ കയറി മരിക്കില്ല. ഇത് ആരോ അച്ഛനെ അപമാനിക്കാനായി മനപൂര്‍വം ചെയ്തതാണ്. ഈ കൊടുംകാട്ടില്‍ കടന്ന് കയറി ഇത്തരമൊരു മഹാപാതകം ചെയ്തത് ആരായാലും അവന്‍ നിസാരക്കാരനല്ല. ശൃംഗിയുടെ ഉളളില്‍ തീവ്രരോഷം തിളച്ചു.

മഹാതാപസ്വിയും ശ്രേഷ്ഠരില്‍ ശ്രേഷ്ഠനുമായ തന്റെ പിതാവിനെ ഈ വിധം അവഹേളിച്ചവനാരായാലും അവന്‍ അനുഭവിച്ചേ തീരൂ. അത് ആരെന്ന് അറിയും വരെ തനിക്കു ജലപാനമില്ല. വിശ്രമവും. ശൃംഗി പര്‍ണ്ണശാലയ്ക്ക് ചുറ്റും അലഞ്ഞു നടന്നു. മനുഷ്യപാദസ്പര്‍ശം അവന്‍ ഗണിച്ചറിഞ്ഞു. ആരോ കൊടും കാട്ടില്‍ അതിക്രമിച്ചു കടന്നിരിക്കുന്നു. 

ജലപാനം കഴിഞ്ഞ് തിരിച്ചെത്തിയ കൂട്ടുകാര്‍ ശൃംഗിയെ തിരഞ്ഞു. അവനെ കാണാതായപ്പോള്‍ ഇടവഴി താണ്ടി പര്‍ണ്ണശാലയില്‍ എത്തി. എന്തൊക്കെയോ കണക്ക്കൂട്ടലുകളുമായി പാറമേല്‍ വിഷമിച്ചിരിക്കുകയായിരുന്നു ശൃംഗി.

പെട്ടെന്ന് കൂട്ടത്തിലൊരുവന്‍ കൂട്ടുകാരെ തോണ്ടി വിളിച്ച് ആ ദൃശ്യം കാട്ടിക്കൊടുത്തു. അവര്‍ ഒന്നടങ്കം ഞെട്ടി.

'എന്നാലും ശൃംഗിയുടെ അച്ഛന്റെ ഒരു ധൈര്യം. സര്‍പ്പത്തെ തോളിലിട്ടാണ് തപസ്സ്'

'അതെങ്ങനെ ശരിയാവും. സര്‍പ്പം കടിക്കില്ലേ?'

'ഏയ്...തപശക്തിയുളളവരെ ഒരു ജന്തുക്കളും ഉപദ്രവിക്കില്ല'

'ഒരുപക്ഷെ അദ്ദേഹം ഇത് അറിഞ്ഞിട്ടുണ്ടാവില്ല. മഹര്‍ഷി ധ്യാനത്തിലായത് അറിയാതെ പാമ്പ് ഇഴഞ്ഞ് കയറിയതാവും'

'അയ്യോ...എങ്കില്‍ എടുത്തു കളയണം. ഇല്ലെങ്കില്‍ മഹര്‍ഷിയുടെ ജീവന്‍ അപകടത്തിലാണ്'

'പിന്നെന്താ ഈ ശൃംഗി ഒന്നും അറിയാത്ത മട്ടില്‍ പാറപ്പുറത്ത് പോയിരിക്കുന്നത്'

'ചിലപ്പോള്‍ അവന്‍ അകത്ത് കടന്നിട്ടുണ്ടാവില്ല. അച്ഛന്‍ ധ്യാനത്തില്‍ നിന്നുണരാന്‍ പുറത്ത് കാത്തിരിക്കുകയാവും'

യുവാക്കള്‍ പലതരം അഭിപ്രായങ്ങള്‍ പറഞ്ഞ് പരസ്പരം തര്‍ക്കിച്ചു.

പെട്ടെന്ന് കൂട്ടത്തില്‍ ധൈര്യവാനായ പൃഥ്വി മുന്നോട്ട് നടന്ന് ശമീകന്റെ അടുത്തെത്തി.

'പൃഥ്വീ...വേണ്ട..വേണ്ട..പാമ്പിനോട് കളിക്കണ്ട..'

കൂട്ടുകാര്‍ ഒന്നടങ്കം ഏറ്റുപറഞ്ഞിട്ടും പൃഥ്വി കൂട്ടാക്കിയില്ല. അവന്‍ മഹര്‍ഷിയുടെ അടുത്തുചെന്ന് സൂക്ഷിച്ചു നോക്കിയിട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു.

'എന്താടാ...എന്തു പറ്റി? പാമ്പിനെ കണ്ട് നിനക്ക് ഭ്രാന്തായോ?'

'എടാ...ഇത് ചത്ത പാമ്പാ..'

പൃഥ്വി ചിരി നിര്‍ത്താതെ പറഞ്ഞു. അത് കേട്ടതും യുവാക്കള്‍ പരസ്പരം നോക്കി ചിരിക്കാന്‍ തുടങ്ങി. അത് പരിഹാസ്യജന്യമായ ഒരു പൊട്ടിച്ചിരിയായി വളര്‍ന്നു. ശബ്ദം കേട്ട് ശൃംഗി എണീറ്റ് അവര്‍ക്കരികിലേക്ക് വന്നു. പെട്ടെന്ന് കൂട്ടുകാരിലൊരാള്‍ ചോദിച്ചു.

'എന്താ ശൃംഗി..നിന്റെ അച്ഛന്‍ ശിവമന്ത്രം ജപിച്ചു ജപിച്ച് ശിവനായി മാറിയോ? ചത്ത പാമ്പിനെ കഴുത്തില്‍ ചൂടിയ ശിവന്‍..'

യുവാക്കള്‍ കൂട്ടത്തോടെ ഉറക്കെ ചിരിക്കാന്‍ തുടങ്ങി.

'നിര്‍ത്ത്...' ശൃംഗി ഉറക്കെ അലറി.

'പരിഹാസം അതിര് കടക്കുന്നു. തോഴന് അപമാനം നേരിടുമ്പോള്‍ ആസ്വദിക്കുന്നോ ശവങ്ങള്‍...'

ശൃംഗി കളിയാക്കാന്‍ കൂട്ടു നിന്ന ചങ്ങാതിക്ക് നേരെ തട്ടിക്കയറി. പൃഥ്വി അവന്റെ അടുത്തേക്ക് വന്നു.

'അല്ല...ഇതെങ്ങിനെ നിന്റച്ഛന്റെ ചുമലില്‍ വന്നു'

'അറിയില്ല. ആരോ അപമാനിക്കാന്‍ മനപൂര്‍വം ചെയ്തതാണ്'

'ആര്?'

'അത് കണ്ടെത്തണം. എന്നിട്ട് അവന് ഉചിതമായ മറുപടി കൊടുക്കണം' , ശൃംഗി ദൃഢചിത്തനായി പറഞ്ഞു. അവന്റെ മനസിലെ കനലുകള്‍ കൂട്ടുകാര്‍ വളരെ വേഗം വായിച്ചു. അവര്‍ ചിരി വിട്ട് ഗൗരവത്തോടെ അതിലേറെ സഹതാപത്തോടെ അവനെ നോക്കി. അവന്റെ വേദനയില്‍ പങ്ക് ചേരും പോലെ.

ശൃംഗി കിഴക്കോട്ട് തിരിഞ്ഞ് കത്തുന്ന സൂര്യനെ നോക്കി. പിന്നെ നിലത്തുനിന്നും ഒരു പിടി മണ്ണു വാരി വലതുകയ്യില്‍ അടച്ചു പിടിച്ചു കണ്ണുകള്‍ ഇറുകയടച്ചു സൂര്യഭാഗവാനെ സാക്ഷി നിര്‍ത്തി മൂന്ന് തവണ ആവര്‍ത്തിച്ച് ശപിച്ചു. 'എന്റെ അച്ഛനെ അപമാനിച്ച മഹാപാപി ഇന്നേക്ക് ഏഴുനാള്‍ക്കകം തക്ഷകന്റെ കടിയേറ്റ് മരിക്കട്ടെ'

പെട്ടെന്ന് മുന്നറിയിപ്പുകളില്ലാതെ ഒരു വെളളിടി വെട്ടി. കാറ്റ് സംഹാരതാണ്ഡവമാടി. മരങ്ങള്‍ ആടിയുലഞ്ഞു. ചിലത് വലിയ ശബ്ദത്തോടെ നിലം പതിച്ചു. മിന്നല്‍പ്പിണറുകള്‍ തലങ്ങും വിലങ്ങും വീശി.

യുവാക്കള്‍ ഭയന്ന് നിലവിളിച്ചു. ശൃംഗി മാത്രം അക്ഷോഭ്യനായി നിന്നു. ശമീക മഹര്‍ഷി അപ്പോഴും ധ്യാനത്തിന്റെ പരമകാഷ്ഠയിലായിരുന്നു. ശൃംഗി അച്ഛന്റെ  തോളില്‍ നിന്നും പാമ്പിനെ മരക്കമ്പുകൊണ്ട് തോണ്ടിയെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു.

ആകാശത്ത് ഒരു നേരിയ കാര്‍മേഘം പോലുമില്ലാതിരുന്നിട്ടും പെട്ടെന്ന് ആര്‍ത്തലച്ച് പെയ്ത മഴയും കാറ്റും ഇടിമിന്നലും യുവാക്കളില്‍ അത്ഭുതം വിതച്ചു.ശൃംഗിക്ക് അതില്‍ അസാധാരണമായി ഒന്നും തോന്നിയില്ല. മഹാതാപസനായ അച്ഛന്റെ തപശക്തിയെ സംബന്ധിച്ച് അവന്‍ അത്രമേല്‍ ബോധവാനായിരുന്നു.

മരുഭൂമി പോലെ വരണ്ട പ്രതലങ്ങളിലൂടെ നിമിഷങ്ങള്‍ക്കുളളില്‍ ജലം തിങ്ങിയൊഴുകി. വെള്ളച്ചാട്ടത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു ജലത്തിന്റെ കുത്തിയൊഴുക്ക്.

പര്‍ണ്ണശാലയ്ക്കപ്പുറം ഏറെ അകലെ വളളിപ്പടര്‍പ്പുകള്‍ക്കിടയില്‍ അഭയം തേടിയ പരീക്ഷിത്ത് ഭയപ്പാടിനിടയിലും ആശ്വസത്തോടെ നിശ്വസിച്ചു. അയാള്‍ ഇരുകരങ്ങളും പുറത്തേക്ക് നീട്ടി കൈക്കുമ്പിളില്‍ വെളളം ശേഖരിച്ച് ആര്‍ത്തിയോടെ വായിലേക്ക് കമിഴ്ത്തി. അഞ്ച് തവണ ആവര്‍ത്തിച്ചപ്പോഴേക്കും അന്തര്‍ദാഹം ശമിച്ചു. അയാള്‍ക്ക് നഷ്ടപ്പെട്ട ഉന്മേഷം വീണ്ടു കിട്ടി. പുതുജീവന്‍ കൈവന്നു.

ശൃംഗിയുടെ ഉഗ്രശാപം പ്രകൃതിയെ പോലും പിടിച്ചുലച്ചത് ജ്ഞാനദൃഷ്ടിയാല്‍ ശമീകന്‍ അറിഞ്ഞു. അദ്ദേഹം സുഷുപ്തിയുടെ ആഴങ്ങളില്‍ നിന്നും ഒരു നടുക്കത്തോടെ ഉണര്‍വിലേക്ക്  മടങ്ങി.

ശൃംഗി ഓടിക്കിതച്ച് പിതാവിന്റെ ചാരത്തെത്തി. നടന്ന കാര്യങ്ങള്‍ സംഗ്രഹിച്ചു. ശമീകന്റെ മുഖത്ത് തീവ്രദുഖത്തിന്റെ  നിഴല്‍പ്പാടുകള്‍. അജ്ഞനായ കുഞ്ഞിനെ പോലെ ശൃംഗി സാകൂതം നോക്കുമ്പോള്‍ ശമീകന്റെ അധരങ്ങള്‍ ചലിച്ചു. 'ധര്‍മ്മിഷ്ഠനായ പരീക്ഷിത്ത് മഹാരാജാവിനെയാണ് നീ ശപിച്ചത്. പ്രജാക്ഷേമ തത്പരനും മഹാസാധ്വിയുമാണ് അദ്ദേഹം.സഹജമായ മുന്‍കോപവും എടുത്തുചാട്ടവും കൊണ്ട് ഒരു അവിവേകം പ്രവര്‍ത്തിച്ചുവെന്ന് മാത്രം. ധ്യാനത്തിലിരുന്ന് ഞാനത് അറിഞ്ഞിരുന്നു. അപ്പോള്‍ തന്നെ ക്ഷമിക്കുകയും ചെയ്തു. പക്ഷെ നീ...''

മഹര്‍ഷി വാക്കുകള്‍ മുഴുമിപ്പിക്കാതെ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

ശാപത്തിന്റെ കാഠിന്യം ശൃംഗിയെയും വിഷമിപ്പിച്ചു. അപ്പോഴും പിതാവിനെ അപമാനിച്ച നരാധമനോടുള്ള പക അവന്റെ ഹൃദയാന്തരത്തില്‍ ജ്വലിക്കുന്ന കനലായി.

''പരമഭക്തനായ രാജാവാണ് പരീക്ഷിത്ത്. ആളറിയാതെയാണ് അദ്ദേഹത്തിന് അബദ്ധം പിണഞ്ഞത്. അതിലും വലിയ തെറ്റാണ് നീ ചെയ്തത്', മഹര്‍ഷി മകനെ കുറ്റപ്പെടുത്തി.

'അങ്ങ് ഒരു മകന്റെ മനസ് കാണുന്നില്ല'

'കാണുന്നു. അറിയുന്നു. പക്ഷെ അത്തരം നൈമിഷ വികാരങ്ങള്‍ക്കപ്പുറത്തു നില്‍ക്കേണ്ടവരാണ് നാം. ക്ഷമിക്കാനും സഹിക്കാനും കഴിയണം. തപശക്തി നിഗ്രഹത്തിനല്ല. സത്കര്‍മ്മങ്ങള്‍ക്കുളളതാണ്'

'പക്ഷെ ഇനിയെന്ത് ചെയ്യും? കൈവിട്ട വാക്ക് തിരിച്ചെടുക്കാനാവില്ലല്ലോ?'

ശമീകന്‍ ഏറെ നേരം ആലോചനയില്‍ മുഴുകി. പിന്നെ ശാന്തനായി പറഞ്ഞു. 'ഉടനടി ആളയച്ചു ശാപവിവരം രാജാവിനെ അറിയിക്കണം. ജാഗ്രതയോടെ കരുതലോടെ ഏഴ് ദിവസം മരണത്തെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹം ശാപവിമുക്തനാവും. ഏഴാംപക്കം സൂര്യാസ്തമയം പിന്നിട്ടാല്‍ പിന്നെ അദ്ദേഹത്തിന് ദീര്‍ഘായുസ്. ഒരു ശക്തിക്കും ആ ജീവന്‍ അപഹരിക്കാനാവില്ല' . ശൃംഗി താത്കാലികാശ്വാസത്തോടെ പിതാവിനെ നോക്കി. പിന്നെ വിവരം രാജാവിനെ അറിയിക്കാന്‍ പൃഥ്വിയെ ചുമതലപ്പെടുത്തി.

മഴ വന്നതു പോലെ ശമിച്ചു. ഇടിമിന്നല്‍ അകന്നു. മാനം തെളിഞ്ഞ് സൂര്യന്‍ വീണ്ടും ജ്വലിച്ചു. ജലദാഹം ശമിച്ച പരീക്ഷിത്ത് വീണ്ടു കിട്ടിയ ഉന്മേഷത്തോടെ നടന്നു. പുതുവഴികള്‍ അയാള്‍ക്ക് മുന്നില്‍ തുറന്നു.

എവിടെയൊക്കെയോ അലഞ്ഞ് നാലു വഴികള്‍ സന്ധിക്കുന്ന പുല്‍പ്പരപ്പിനടുത്തെത്തി. മൈതാനം പോലെ വിശാലമായ ഭൂമികയില്‍ രാജാവിന്റെ പരിവാരങ്ങള്‍ കാത്തു കിടന്നു. 

അവര്‍ കൂട്ടത്തോടെ ഓടി വന്ന് രാജാവിനെ പൊതിഞ്ഞു. തുടര്‍ച്ചയായി ക്ഷമാപണം ചെയ്തു. പരീക്ഷിത്ത് രക്ഷപ്പെട്ടതിന്റെ സമാശ്വാസത്തോടെ മന്ദഹസിച്ചു. അദ്ദേഹം അവരെ കുറ്റപ്പെടുത്തിയില്ല.  

'തെറ്റ് എന്റെ ഭാഗത്താണ്. ഒപ്പമുളളവരെ കാര്യമാക്കാതെ മുന്നേറാന്‍ പാടില്ലായിരുന്നു. എവിടെ വിഭീഷണന്‍?' അദ്ദേഹം കരുതലോടെ സ്വന്തം തേരാളിയെ തിരക്കി.

'നിലവിളി കേട്ട് ഞങ്ങള്‍ ഓടിച്ചെന്നു. കടിച്ചുകുടഞ്ഞ ശേഷം എടുത്തുകൊണ്ട് പോവുകയായിരുന്നു. പിന്‍തുടരാന്‍ കഴിഞ്ഞില്ല. വളളിപ്പടര്‍പ്പുകളുടെ വിടവിലൂടെ പുളളിപ്പുലിയെന്ന് ഊഹിച്ചു. അമ്പെയ്യാന്‍ കഴിയും മുന്‍പ് അവന്‍ ഉള്‍വനത്തില്‍ മറഞ്ഞു. അവന്‍ പോയ വഴിക്ക് രഥം തെളിക്കാനും നിര്‍വാഹമില്ല'

പരീക്ഷിത്ത് ഒന്ന് ഞെട്ടി. വിശ്വസ്തനായ സാരഥിയെ കുരുതി കൊടുത്തു എന്നതിനപ്പുറം ഈ യാത്ര വിഫലം. അര്‍ത്ഥശൂന്യം. ആഹ്‌ളാദങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ച് ഒടുവില്‍ വലിയ ദുരന്തങ്ങളില്‍ അവസാനിക്കുന്നു. യാത്രക്ക് മുന്‍പ് ദൃഷ്ടിയില്‍ പെട്ട അപശകുനങ്ങള്‍ മുഖവിലയ്ക്ക് എടുത്ത് പിന്‍മാറേണ്ടതായിരുന്നു. കഴിഞ്ഞില്ല. എന്നും അക്ഷമയും അസഹിഷ്ണുതയും എടുത്തുചാട്ടവും തന്റെ സ്വഭാവത്തിന്റെ ഭാഗമായിരുന്നല്ലോ? പിന്നെ അതിര് കടന്ന ആത്മവിശ്വാസം...ഇടക്കിടെ അമ്മ പറയാറുണ്ട്. 

''അക്കാര്യത്തില്‍ നീ അച്ഛനെ പോലെ തന്നെ. പതിനാറാം വയസില്‍ കൗരവപ്പടയെ തനിച്ച് നേരിടാന്‍ അച്ഛനെ പ്രേരിപ്പിച്ചതും പുറത്ത് കടക്കാനുളള വിദ്യ അറിയാഞ്ഞിട്ടും ചക്രവ്യുഹത്തില്‍ കടന്നതും പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാത്ത ആ മനസാണ്. നീയും അത് തന്നെ..'

തിരുത്താന്‍ പലകുറി ശ്രമിച്ചു. കഴിഞ്ഞില്ല.

മടക്കയാത്രയിലുടനീളം മനസ് വേപഥു പൂണ്ടു. ഇതിലും വലിയ ദുരന്തങ്ങള്‍ തന്നെ കാത്തിരിക്കുന്നുവെന്നു മനസ് പറയുന്നു. വിഭീഷണന്റെ മരണം ഒരു സൂചകം മാത്രമാണ്. വേണ്ടിയിരുന്നില്ല. കൊട്ടാരത്തിന്റെ സുരക്ഷിതത്വത്തില്‍ കിട്ടാത്ത ആഹ്‌ളാദങ്ങള്‍ തേടിയുളള ഈ യാത്ര വേണ്ടിയിരുന്നില്ല.

ദുര്‍ഘടപാതകള്‍ താണ്ടി ദീര്‍ഘദൂരം യാത്ര ചെയ്ത് കൊട്ടാരത്തിലെത്തുമ്പോള്‍ മൗനം തളംകെട്ടിയ മുഖങ്ങള്‍ കണ്ട് അമ്പരന്നു.

കാവല്‍ക്കാര്‍ തളര്‍ന്ന ചേമ്പിലത്തണ്ടു പോലെ നിന്ന് അഭിവാദ്യം ചെയ്തു. വിഭീഷണന്റെ മരണവാര്‍ത്ത ഇവിടെ അറിയാന്‍ വഴിയില്ലല്ലോ എന്ന് സന്ദേഹിച്ചു.

രഥത്തില്‍ നിന്നിറങ്ങി ആദ്യചുവട് വച്ചതും ഒരു കൊടുങ്കാറ്റ് പോലെ മാദ്രി ഓടി അടുത്തേക്ക് വന്നു. പിന്നാലെ ജനമേജയനും. അമ്മയും അവര്‍ക്ക് പിന്നാലെ തന്നെയുണ്ടായിരുന്നു. 

മാദ്രി തന്നെ നിര്‍ന്നിമേഷയായി നോക്കി നിന്ന് വിതുമ്പി. ജനമേജയന്‍ അവളെ വട്ടംപിടിച്ച് പൊട്ടിക്കരയുകയാണ്.

ഉത്തര ഓടി അടുത്തു വന്ന് മകനെ ചുറ്റിപ്പിടിച്ച് ആ നെഞ്ചില്‍ തലയിട്ടടിച്ച് ഉറക്കെ കരഞ്ഞു.

പിന്നെ ഹൃദയാന്തരത്തില്‍ നിന്നുതിരുന്ന ഒരു ദൈന്യവിലാപം പോലെ പറഞ്ഞു.

'അച്ഛനെ പോലെ എന്നെ തനിച്ചാക്കി പോകല്ലേ മകനേ...പോകല്ലേ...' അവരുടെ കണ്ണുനീര്‍ വീണ് പരീക്ഷിത്തിന്റെ നെഞ്ചകം നനഞ്ഞു.

കഥയറിയാതെ ആട്ടം കാണുന്ന ഒരുവനെ പോലെ ആ മഹാസങ്കടങ്ങള്‍ക്ക് മുന്നില്‍ അയാള്‍ പകച്ചു നിന്നു. അപ്പോള്‍ വീശീയ കാറ്റില്‍ കൊട്ടാരത്തിന് മുന്നിലെ സ്വര്‍ണ്ണക്കൊടി മരത്തിലെ പതാക ഒരു വിറയലോടെ ആടിയുലഞ്ഞു.

 

Content Summary: Paramapadam, Episode 05, e novel written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com