ADVERTISEMENT


അധ്യായം 6: അപശകുനം

കൊട്ടാരത്തിലെ അതിഥി മുറിയില്‍ പരീക്ഷിത്തിനെ കാത്തിരിക്കുകയായിരുന്നു പൃഥ്വി.
പറയാന്‍ വിമുഖതയുളള വാക്കുകള്‍ അവന്റെ നാവില്‍ ഇരുന്ന് വിറപൂണ്ടു.
ഉത്തരയോടും മാദ്രിയോടും സഭാംഗങ്ങളോടും വിവരം ഉണര്‍ത്തിച്ചെങ്കിലും മഹാരാജാവിനെ നേരില്‍ കണ്ട് അറിയിക്കണമെന്നായിരുന്നു ശൃംഗിയുടെ കര്‍ശനനിര്‍ദ്ദേശം.
ഉത്തര ഒന്നും വിട്ടുപറഞ്ഞില്ല. മാദ്രിയും ജനമേജയനും സങ്കടത്തില്‍ പൊതിഞ്ഞ മൗനം കൊണ്ട് വരവേറ്റത് മാത്രം.
രാജഗുരുവാണ് കൈപിടിച്ച് പൃഥ്വിക്ക് അരികിലേക്ക് കൊണ്ടുപോയത്. മഹാരാജനെ കണ്ട് ആ മുനികുമാരന്‍ ഭക്ത്യാദരപൂര്‍വം എണീറ്റു.
ആഗമനോദ്ദേശം ചോദിക്കും മുന്‍പ് ഉത്തരം വന്നു.

'ഞാന്‍ ശമീകമഹര്‍ഷിയുടെ ദൂതനായി അവിടത്തെ പര്‍ണ്ണശാലയില്‍ നിന്ന് വരുന്നു. മുനികുമാരന്റെ കളിത്തോഴനാണ്. പൃഥ്വി. അങ്ങ് ആളറിയാതെ മഹര്‍ഷിയുടെ പര്‍ണ്ണശാലയില്‍ ചെന്നിരുന്നതായറിഞ്ഞു. പിന്നെ സംഭവിച്ചത് അങ്ങേയ്ക്ക് ഓര്‍മ്മയുണ്ടാവും. പകല്‍വിനോദങ്ങള്‍ കഴിഞ്ഞ് മടങ്ങി വന്ന ശൃംഗി കാണാന്‍ പാടില്ലാത്തത് കണ്ടു. മഹര്‍ഷിയെ പോലെ പക്വമതിയല്ല അദ്ദേഹം. പെട്ടെന്നുളള കോപത്തിലായിരുന്നു ശാപം. ശാപശക്തിയാല്‍ പ്രകൃതി പോലും ആടിയുലഞ്ഞു. വര്‍ഷങ്ങളായി മഴ പെയ്യാത്ത ഉള്‍ക്കാട്ടില്‍ ഇടിവെട്ടി മഴ പെയ്തു. കൊടുംകാറ്റും പേമാരിയും വേറെ''

പരീക്ഷിത്തിന്റെ നെറ്റിയില്‍ അശുഭസൂചനകളുടെ ചുളിവുകള്‍ വീണു. പൃഥ്വി തുടര്‍ന്നു.
'ഇന്നേക്ക് ഏഴാംപക്കം തക്ഷകന്റെ ദംശനമേറ്റ് മരണം എന്നാണ് ശാപം. അങ്ങ് സൂക്ഷിക്കണം. ശ്രദ്ധിക്കണം. മനുഷ്യസാധ്യമായ എല്ലാ വഴിയിലുടെയും മരണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കണം. ഇത് ശമീക മഹര്‍ഷിയുടെ പ്രത്യേക അഭ്യര്‍ഥനയാണ്'

പരീക്ഷിത്ത് കോപം കൊണ്ട് വിറച്ചു. യുഗങ്ങളോളം ജീവിക്കാന്‍ കൊതിക്കുന്ന തനിക്ക് മരണശിക്ഷ വിധിക്കാന്‍ ആര്‍ക്കാണ് ധൈര്യം?
'ആരവിടെ? ഹസ്തിനപുരിയുടെ അധിപതിക്ക് മരണദൂതുമായ് വന്ന ഈ കൊടുംപാപിയെ തൂക്കിലേറ്റാനുളള ഏര്‍പ്പാടുകള്‍ ചെയ്യു'

രാജഗുരു പെട്ടെന്ന് കൈ ഉയര്‍ത്തി തടഞ്ഞു.
'അരുത് മഹാരാജന്‍...അരുത്...മഹാതപസ്വിയായ ശമീകമഹര്‍ഷി വെറും വാക്കുകള്‍ പറയാറില്ല. ദൂതരെ അയക്കാറുമില്ല. അങ്ങയുടെ ആയുസും അഭ്യുദയവും മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം'
'പിന്നെ ഞാനെന്ത് വേണമെന്നാണ് അങ്ങ് പറഞ്ഞു വരുന്നത്?'
'നമുക്ക് രക്ഷാകവചമൊരുക്കാന്‍ വന്ന ഈ പരമസാധ്വിക്ക് പാരിതോഷികങ്ങള്‍ നല്‍കി വിട്ടയച്ചാലും..ശേഷം ചിന്ത്യം'
ഗുരുവിന്റെ വാക്കുകള്‍ പരീക്ഷിത്ത് അക്ഷരംപ്രതി അനുസരിച്ചു. പൃഥ്വി വന്ന അതേ വേഗത്തില്‍ മടങ്ങി.

ആലോചനാ മുറിയില്‍ ഗുരുവും സഭാംഗങ്ങളും നിരന്നു. രാജാവ് അവര്‍ക്ക് നടുവില്‍ ആകുലതയോടെ ഇരുന്നു.
''പറയൂ..ഗുരുദേവ്..ഈ പ്രതിസന്ധി ഘട്ടത്തെ നാം എങ്ങനെ നേരിടും?''

ഗുരു വിരലുകള്‍ മടക്കിയും നിവര്‍ത്തിയും പല കണക്ക് കൂട്ടലുകള്‍ നടത്തി. പലകുറി ആലോചിച്ചു. പല സന്ദേഹങ്ങള്‍ക്കും ഉത്തരം കിട്ടിയില്ല. പക്ഷെ ഇത് രാജാവിന്റെ ജീവന്റെ പ്രശ്‌നമാണ്. സാധ്യമായ എല്ലാ പോംവഴികളും കണ്ടെത്തണം.

ശാപശക്തിയെ നേരിടുക എന്നത് ക്ഷിപ്രസാധ്യമല്ല. ശാപം വെറുതെ സംഭവിക്കുന്നതല്ല. അത് പൂര്‍വനിശ്ചിതമാണ്. ഈശ്വരന്റെ കണക്ക് പുസ്തകത്തില്‍ പരീക്ഷിത്തിന്റെ ആയുസ് അവസാനിക്കാറായിരിക്കുന്നു. അതിന് ഒരു കാരണം വേണം. ശമീക മഹര്‍ഷിയും ചത്ത പാമ്പും ശൃംഗിയുമെല്ലാം കേവലം നിമിത്തങ്ങള്‍ മാത്രം. 

ഗുരുവിന്റെ ഉള്‍ക്കണ്ണ് തലമുറകള്‍ക്കപ്പുറത്തേക്ക് ഒരു നിമിഷം കൊണ്ട് പാഞ്ഞു.
അര്‍ജുനന്റെ മേലുളള തക്ഷകശാപം അദ്ദേഹം മനക്കണ്ണില്‍ കണ്ടു. ജന്മജന്മാന്തരങ്ങളോളം തലമുറകളോളം ശാപം വേട്ടയാടുമെന്നാണ് തക്ഷകന്റെ വാക്ക്.
പാണ്ഡവരുടെ സുഖസൗകര്യാര്‍ത്ഥം ഇന്ദ്രപ്രസ്ഥം പണിയാന്‍ ഖാണ്ഡവവനം നിര്‍ദ്ദയം അഗ്നിക്കിരയാക്കിയ അര്‍ജുനന്‍. അരുതേയെന്ന അപേക്ഷകള്‍ അദ്ദേഹം ചെവിക്കൊണ്ടില്ല. ആ മഹാഗ്നിയില്‍ വെന്തുമരിച്ചത് തക്ഷകന്റെ പത്‌നി മാത്രമായിരുന്നില്ല. ജീവന് തുല്യം സ്‌നേഹിച്ച പ്രജകള്‍ കൂടിയായിരുന്നു. അവരുടെ ദീനരോദനങ്ങള്‍ അര്‍ജുനന്‍ കേട്ടില്ല. ജീവന്റെ പിടച്ചില്‍ കണ്ടതായി നടിച്ചില്ല. അന്ന് തക്ഷകന്‍ ഉളള് ചുട്ട് ശപിച്ചതാണ്. ആ ശാപം പല രൂപത്തിലും ഭാവത്തിലും അവസ്ഥയിലും കുരുവംശത്തെ ഒന്നാകെ പിന്‍തുടരുന്നു. പ്രത്യേകിച്ചും അര്‍ജുനന്റെ അനന്തര തലമുറകളെ...

'എന്താ ഗുരുദേവ് ഒന്നും മിണ്ടാത്തത്...എന്തെങ്കിലും ഒന്ന് പറയൂ..വേഗം..'പരീക്ഷിത്ത് വീണ്ടും അക്ഷമനായി.
ഗുരു ശാന്തനായി രാജാവിന് നേര്‍ക്ക് തിരിഞ്ഞു. പിന്നെ അതീവസൗമ്യനായി പ്രതിവചിച്ചു.

'ശാപത്തെ തടയുക സാധ്യമല്ല. അതിന്റെ തീവ്രത കുറച്ചുകൊണ്ടു വരാന്‍ ഇനിയെന്ത് എന്നതാണ് പ്രധാനം. രണ്ട് കാര്യങ്ങള്‍ മനസില്‍ തോന്നുന്നു. ഒന്ന് ഇന്നേക്ക് ഏഴ് ദിവസത്തിനുളളില്‍ അത് സംഭവിച്ചിരിക്കണം. അല്ലാത്തപക്ഷം ശാപശക്തി അവസാനിച്ച് മരണത്തില്‍ നിന്ന് രക്ഷപ്പെടാം. രക്ഷപ്പെടാന്‍ രണ്ട് പഴുതുകളുണ്ട്.
ഒന്ന്, ഏഴ് ദിവസം വരെ പരിപൂര്‍ണ്ണ സുരക്ഷിതനായി കഴിയുക. മരണത്തെ പ്രതിരോധിക്കാന്‍ മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുക. എല്ലാ സുരക്ഷാകവചങ്ങളുമൊരുക്കുക. അങ്ങ് ഒരു സാധാരണ പൗരനല്ല. ഹസ്തിനപുരിയുടെ പരമാധികാരിയാണ്. അങ്ങയെ പോലൊരാള്‍ക്ക് തീര്‍ച്ചയായും ഇക്കാര്യത്തില്‍ പ്രായോഗികമായി പലതും ചെയ്യാന്‍ സാധിക്കും. ഏഴാംപക്കം സൂര്യാസ്തമയം വരെ ഒരു ഈച്ചക്കുഞ്ഞ് പോലും അങ്ങയുടെ സമീപത്ത് വരാത്ത വിധം സമ്പൂര്‍ണ്ണ സുരക്ഷയൊരുക്കണം. നമ്മുടെ എല്ലാ സംവിധാനങ്ങളും അതിനായി ഉപയോഗിക്കണം.
മറ്റൊന്ന് മുനികുമാരന്‍ പെട്ടെന്നുള്ള വികാരക്ഷോഭത്തില്‍ നടത്തിയതാണ് ശാപം. പിന്നീട് അതില്‍ ആത്മാര്‍ത്ഥമായ ദുഖവും കുറ്റബോധവും അദ്ദേഹത്തിനുണ്ട്. ശമീകമഹര്‍ഷിയും അങ്ങനെയൊരു ശാപം വേണ്ടിയിരുന്നില്ലെന്ന അഭിപ്രായക്കാരനാണ്. ദൂതനെ അയച്ച് ശാപവിവരം മഹരാജാവിനെ അദ്ദേഹം മുന്‍കൂട്ടി അറിയിച്ചത് തന്നെ ഏതെങ്കിലും വിധത്തില്‍ രക്ഷപ്പെടാന്‍ കഴിയുമെങ്കില്‍ അതിന് തയാറെടുക്കട്ടെ എന്ന ആത്മാര്‍ഥമായ ആഗ്രഹം കൊണ്ടാണ്. തന്നെയുമല്ല തീര്‍ത്താല്‍ തീരാത്ത മഹാപരാധമൊന്നും അങ്ങ് മുനിയോട് ചെയ്തിട്ടുമില്ല. അതുകൊണ്ട് തന്നെ ശാപത്തിന്റെ തീവ്രത കുറയ്ക്കാനുളള കാര്യങ്ങളിലേക്ക് പ്രവേശിക്കാം. ഒപ്പം അപകടഘട്ടത്തെ പ്രതിരോധിക്കാന്‍ പ്രായോഗികമായി സ്വീകരിക്കേണ്ട കാര്യങ്ങളിലേക്ക് കടക്കാം'

'പറയൂ. എന്തിനും നാം ഒരുക്കമാണ്' – പരീക്ഷിത്തിന് എങ്ങനെയും ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ തിടുക്കമായി.

'ശിവഭഗവാനെ പ്രസാദിപ്പിക്കാന്‍ വേണ്ട പൂജകളും ഹോമങ്ങളും മറ്റ് പരിഹാരകര്‍മ്മങ്ങളും ഒരു വശത്ത് നടക്കട്ടെ. നാഗപ്രീതിക്കായുളള ക്രിയകളും വേണം.

മറ്റൊന്ന് കടല്‍മധ്യത്തില്‍ നാം പണികഴിപ്പിച്ച ഒറ്റക്കാല്‍മണ്ഡപമുണ്ടല്ലോ? അതിന് മുകളിലെ സത്രത്തിലേക്ക് മഹാരാജന്‍ ഏഴ് ദിവസത്തേക്ക് താമസം മാറ്റണം. മഹാറാണിയും പുത്രനും വിശ്വസ്തരായ രണ്ട് പരിചാരകരും അല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശനമുണ്ടാവരുത്. സത്രത്തിന്റെ കവാടത്തില്‍ ശക്തരായ കാവല്‍ക്കാരെ നിയോഗിക്കണം. ഒരു വിധപ്പെട്ട ആര്‍ക്കും അവിടെ എത്തിപ്പെടാന്‍ സാധിക്കില്ല. കരമാര്‍ഗം വരുന്ന അതിഥികള്‍ക്ക് കൊട്ടാരത്തിലെ സുരക്ഷാസേനയുടെ അനുവാദമില്ലാതെ വഞ്ചിയില്‍ കടല്‍മധ്യത്തിലെത്താന്‍ സാധിക്കില്ല. എത്തിയാലും അകത്ത് പ്രവേശനം നല്‍കരുത്'

രാജാവ് ഉള്‍പ്പെടെ സഭയിലെ എല്ലാ മുഖങ്ങളും പ്രകാശമാനമായി. അതീവബുദ്ധിപരമായ ഒരു നീക്കത്തെക്കുറിച്ചാണ് ഗുരുജി പറഞ്ഞു വരുന്നത്.

'രാജാവ് കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന പാനീയം..എല്ലാം മൂന്ന് പേര്‍ രാജാവിന്റെ കണ്‍മുന്നില്‍ വച്ച് രുചിച്ചു നോക്കി അപകടമില്ലെന്ന് ബോധ്യപ്പെട്ട ശേഷമേ തിരുമനസിന് കൈമാറാവൂ...കൊതുക്, ഈച്ച, പ്രാണികള്‍ എന്നിവ കടക്കാത്ത വിധം മാളികവീട്ടിലെ മുറിയില്‍ സുഗന്ധദ്രവ്യങ്ങള്‍ നിരന്തരം പുകയ്ക്കണം. മറ്റ് പഴുതുകള്‍ അടയ്ക്കണം. മരണം തക്ഷകനിലൂടെ എന്ന് പ്രവചിച്ച സ്ഥിതിക്ക് അവന്‍ ഏത് രൂപത്തിലും ഉള്ളില്‍ പ്രവേശിക്കാം. അതിനുള്ള ഒരു സാധ്യതയും നാം കൊടുക്കരുത്.'

ഗുരുവിന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നതിനിടയിലും പരീക്ഷിത്ത് മറ്റൊരു ചിന്തയുടെ പിന്നാലെയായിരുന്നു.
'തിരുമനസുകൊണ്ട് എന്താണ് ആലോചിക്കുന്നത്?' രാജാവിന്റെ മനസ് വായിച്ചിട്ടെന്നോണം ഗുരുജി ആരാഞ്ഞു.'ശമീക മഹര്‍ഷിയെ നേരില്‍ കണ്ട് മാപ്പ് അപേക്ഷിച്ചാലോ?' – ഗുരുജി ഒന്ന് മന്ദഹസിച്ചു.

'കാര്യമില്ല. ശാപം പിന്‍വലിക്കാന്‍ ശപിച്ചയാള്‍ക്ക് പോലും സാധ്യമല്ല. പ്രാര്‍ഥനയിലൂടെ തീവ്രത കുറയ്ക്കാമെന്ന് മാത്രം. എന്നിരിക്കിലും അവിടുന്ന് നേരിട്ട് ഇനി ഒരു യാത്ര വേണ്ട. കൊട്ടാരത്തിന്റെ സുരക്ഷിത വലയം വിട്ടുളള ഏത് ചലനവും അപകടസാധ്യത നിറഞ്ഞതാണ്. മഹര്‍ഷിയെ ഞാനും അമ്മയും കൂടി ചെന്ന് മുഖം കാണിച്ച് വരാം'
പരീക്ഷിത്ത് വിനീതവിധേയനായി ഇങ്ങനെ ഉണര്‍ത്തിച്ചു – 'എല്ലാം അങ്ങ് നിശ്ചയിക്കും പോലെ.'

മരണഭയം അദ്ദേഹത്തെ സാരമായി ബാധിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് ഗുരുവിന് ബോധ്യമായി. സുരക്ഷാക്രമീകരണങ്ങളുടെ ചുമതല സേനാ നായകന്‍മാരെ ഏല്‍പ്പിച്ച് ഗുരുവും രാജാവും മാളിക വീട്ടിലെ പൂജാമുറിയിലേക്ക് പോയി.

മഞ്ഞനിറമുളള നെയ്‌വിളക്കുകള്‍ നിരന്ന് കത്തുന്ന സുവര്‍ണ്ണാങ്കിതമായ അന്തരീക്ഷത്തില്‍ ഒരുപാട് ദേവതകളുടെ പ്രതിമകളെ സാക്ഷി നിര്‍ത്തി ഗുരു രാജാവിനോട് അരുളി ചെയ്തു.
'ഭയം... ഭയമാണ് മനുഷ്യന്റെ ഏറ്റവും വലിയ അന്തകന്‍. ആയുസൂം ആരോഗ്യവും കാര്‍ന്നു തിന്നുന്ന കൊലയാളി. ഒരു കാരണവശാലും അങ്ങ് ഭയപ്പെടരുത്. മരണം മനുഷ്യന്‍ ജനിക്കുന്ന നിമിഷം മുതല്‍ ഒപ്പമുളളതാണ്. അത് ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതിന് ഒരു ശാപകാരണം വേണമെന്നില്ല. അപകടം സംഭവിക്കുമെന്ന വിചാരം ഭയത്തിലേക്ക് നയിക്കും. അതുകൊണ്ട് ശാപം എന്നതിനെ മനസില്‍ നിന്ന് വിട്ടേക്കുക.

മനുഷ്യന്റെ ശരാശരി ആയുസ് എഴുപതോ എണ്‍പതോ വര്‍ഷങ്ങള്‍ മാത്രമാണ്. അങ്ങനെ നോക്കുമ്പോള്‍ മധ്യവയസ് പിന്നിട്ട അങ്ങ് ഭാഗ്യവാനാണ്. അങ്ങയുടെ പിതാവ് ഈ ലോകം വിട്ടത് കേവലം പതിനാറാം വയസിലാണ്. അങ്ങേയ്ക്ക് ഇനിയും നിരവധി വര്‍ഷങ്ങള്‍ ബാക്കിയുണ്ട്. ഈ ശാപവും മറികടന്ന് അങ്ങ് ദീര്‍ഘകാലം വാഴുമെന്ന് എന്റെ മനസ് പറയുന്നു. പ്രജാക്ഷേമതത്പരനായ ഭരണാധികാരിയാണ് അങ്ങ്. ഈ രാജ്യത്തെ മുഴുവന്‍ പേരുടെയും പ്രാര്‍ഥന അങ്ങേയ്ക്ക് ഒപ്പമുണ്ടാവും. ധൈര്യമായിരിക്കൂ. അഹിതമായി ഒന്നും സംഭവിക്കില്ല'

മാദ്രിയെ പരീക്ഷിത്തിന് ഒപ്പമാക്കി ഗുരുവും ഉത്തരയും കൂടി ഒറ്റത്തേരില്‍ കാട്ടിലേക്ക് പുറപ്പെട്ടു. ദുര്‍ഘടപാതകള്‍ താണ്ടി ഉള്‍വനത്തിലെ പര്‍ണ്ണശാലയില്‍ എത്തിയപ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു. ശമീകന്‍ പര്‍ണ്ണശാലയില്‍ കഠിനതപസിലായിരുന്നു. പുറത്ത് ഒരു കരിംപാറയില്‍ അംഗരക്ഷകനെ പോലെ അസ്വസ്ഥനായി ചുറ്റുപാടും വീക്ഷിച്ചുകൊണ്ട് മുനികുമാരന്‍ നിലകൊണ്ടു.

രാജഗുരുവിനെ കണ്ട് തിരിച്ചറിഞ്ഞിട്ടെന്ന പോലെ ശൃംഗി എണീറ്റു. ആഗമനോദ്ദേശം അറിഞ്ഞ് അതീവസൗമ്യനായി അദ്ദേഹം പ്രതിവചിച്ചു.
'ക്ഷമിക്കണം മഹാഗുരോ... അച്ഛന്‍ തപസില്‍ നിന്നുണരാന്‍ ഇനി ദിവസങ്ങളെടുക്കും. ഉണര്‍ന്നാലും സംസാരിച്ചാലും അതുകൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. മഹാജ്ഞാനിയായ അങ്ങേയ്ക്ക് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ല. ശാപം ശാപം തന്നെയാണ്. അത് ഒരു നിമിഷത്തിന്റെ വൈകാരികതയില്‍ മാത്രം സംഭവിച്ച ഒന്നല്ല. ദൈവകല്‍പ്പിതമാണ്്. തലമുറകളായി നിലനില്‍ക്കുന്ന തക്ഷകന്റെ ശാപം എന്നിലൂടെ ബഹിര്‍ഗമിച്ചു അഥവാ പുനരവതരിച്ചു എന്ന് മാത്രം. അച്ഛനെന്നല്ല ആര്‍ക്കും അതിനെ പ്രതിരോധിക്കാന്‍ സാധിക്കില്ല. അങ്ങയും അമ്മ മഹാറാണിയും കഷ്ടപ്പെട്ട് ഇവിടെ വരെ വന്ന സ്ഥിതിക്ക് ഒരു കാര്യം ഞാന്‍ ചെയ്യാം. ആ ഏഴ് ദിവസം സുരക്ഷിതമായി കടന്ന് കിട്ടാന്‍ പ്രാര്‍ഥിക്കാം. അത് കഴിഞ്ഞാല്‍ ഒരുപക്ഷെ മഹാരാജാവിന് രക്ഷപ്പെടാന്‍ കഴിഞ്ഞേക്കും. അതുവരെ അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനുളള ചുമതല കൊട്ടാരത്തിലുളളവര്‍ക്കാണ്'

ഉത്തര പ്രതീക്ഷാപൂര്‍വം ഗുരുവിനെ നോക്കി.
മടക്കയാത്രയില്‍ ഗുരു അവര്‍ക്ക് ധൈര്യം നല്‍കി.
'ചില ജാതകങ്ങളില്‍ ചില പ്രായത്തില്‍ കഷ്ടകാലം കാണിക്കും. ഈശ്വരാധീനം കൊണ്ട് ആ സമയം കടന്നു കിട്ടിയാല്‍ രക്ഷപ്പെട്ടു. അതിനായി പ്രാര്‍ഥിക്കുക. പരിശ്രമിക്കുക. അത് മാത്രമാണ് മനുഷ്യരായ നമുക്ക് ചെയ്യാനുളളത്'
ഉത്തര കണ്ണടച്ച് കൈകൂപ്പി സംഹാരമൂര്‍ത്തിയായ ശിവഭഗവാനെ മനസില്‍ പ്രതിഷ്ഠിച്ചു.
പെട്ടെന്ന് തേര് നയിച്ചിരുന്ന സംവര്‍ത്തകന്‍ ഒന്ന് മുരണ്ടു. അയാളുടെ അലര്‍ച്ച കേട്ട് ഗുരു നടുങ്ങി.
പ്രാര്‍ഥന മുറിഞ്ഞതിന്റെ ഈര്‍ഷ്യയോടെ ഉത്തര കണ്ണ് തുറന്നു.
സംവര്‍ത്തകന്‍ നിയന്ത്രണ ചരടില്‍ നിന്ന് പിടിവിട്ട് പിന്നാക്കം മലച്ചുവീഴുന്നത് കണ്ട് ഗുരു സ്തംഭിച്ചിരുന്നു.
''ഭഗവാനേ....അപശകുനങ്ങള്‍ വിടാതെ പിന്തുടരുകയാണല്ലോ?''

സംവര്‍ത്തകന്‍ കുഴഞ്ഞു വീണു. നിയന്ത്രണം നഷ്ടപ്പെട്ട കുതിരകള്‍ അലക്ഷ്യമായി ചലിച്ചു. ഗുരു പെട്ടെന്ന് തന്നെ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു.സംവര്‍ത്തകനെ ഇരുകരങ്ങളിലും താങ്ങി അകത്തേക്ക് ചായ്ച്ചു കിടത്തി. തേരില്‍ കരുതിയിരുന്ന കൂജയിലെ തണുത്ത ജലം മുഖത്ത് തളിച്ചിട്ടും അയാള്‍ ഉണര്‍ന്നില്ല. നാഡിമിടിപ്പ് പരിശോധിച്ചപ്പോള്‍ നിശ്ചലം. മുഖത്തും കഴുത്തിലും കൈകളിലും സ്ര്‍ശിച്ചപ്പോള്‍ തണുത്ത് മരവിച്ചിരിക്കുന്നു.
ഒരു ജീവന്‍ കൂടി വിടപറയുകയാണ്.
ദുര്‍നിമിത്തം... ഗുരു മനസില്‍ പറഞ്ഞു.

ഉത്തരയുടെ തേങ്ങലിന്റെ ചീള് അദ്ദേഹത്തിന്റെ കര്‍ണ്ണപുടങ്ങളില്‍ വന്നലച്ചു. കുതിരകള്‍ ഈര്‍ഷ്യയോടെ ഇളകി. അലക്ഷ്യമായി തലകുടഞ്ഞു. കാര്യങ്ങള്‍ നിയന്ത്രണം വിട്ടു പോകുമെന്നുറപ്പായപ്പോള്‍ തേരിന്റെ സാരഥ്യം ഗുരു ഏറ്റെടുത്തു. പരമാവധി വേഗത്തില്‍ തേര് തെളിച്ച് അസ്തമയത്തിന് മുന്‍പ് കൊട്ടാരത്തില്‍ തിരിച്ചെത്തി.
സര്‍വസൈന്ന്യാധിപര്‍ ആകാംക്ഷയോടെ ഓടി അടുത്തു വന്നു. ഗുരു തേരില്‍ നിന്നിറങ്ങി ഒന്ന് ദീര്‍ഘനിശ്വാസം ചെയ്തു. ഉത്തര ഉറക്കെ കരഞ്ഞുകൊണ്ട് അകത്തേക്ക് ഇറങ്ങിയോടി.

ഒന്നും മനസിലാകാതെ മിഴിച്ചു നിന്ന സേനാധിപന്‍ അക്ഷമയോടെ ആരാഞ്ഞു – 'ഗുരുജീ...ദൗത്യം വിജയകരമായിരുന്നോ?'
തകര്‍ച്ചയുടെ പരമകാഷ്ഠയില്‍ നിന്നെന്ന പോലെ ഗുരു പറഞ്ഞു.
'ഒരു ജീവന്‍ രക്ഷിക്കാന്‍ പോയി. മറ്റൊരു ജീവനും കൊണ്ട് മടങ്ങി വന്നു'
ഗുരു നോക്കിയ ദിക്കിലേക്ക് സേനാധിപര്‍ ശ്രദ്ധിച്ചു. തുറിച്ച കണ്ണുകളുമായി നിശ്ചലതയുടെ അപാരതയെ പുല്‍കി സംവര്‍ത്തകന്‍.

സൂര്യന്‍ കടലില്‍ താണുകൊണ്ടേയിരുന്നു.
കൊട്ടാരം ഇരുളില്‍ അലിഞ്ഞു.
ഏതോ ചിത കത്തുന്ന അസുഖകരമായ ഗന്ധം എങ്ങു നിന്നോ വന്ന് വായുവില്‍ നിറഞ്ഞു.
ഗുരു അസ്വസ്ഥതയോടെ മൂക്ക് പൊത്തി. പിന്നെ മനസില്‍ പതിയെ മന്ത്രിച്ചു.
'ശംഭോ...മഹാദേവാ...'

Content Summary: Paramapadam, Episode 06, e novel written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com