ADVERTISEMENT

ഗുരു ആ രാത്രി ഉറങ്ങിയില്ല. പുറത്ത് പറഞ്ഞില്ലെങ്കിലും ആ മനസ്സ് കലുഷിതമായിരുന്നു. നിമിത്തങ്ങള്‍ അപകടത്തിന്റെ തീക്ഷ്ണത ബോധ്യപ്പെടുത്തുന്നു. തക്ഷകന്റെ ശാപം നിസാരമല്ല. അത് മാരകപ്രഹരശേഷിയുളളതും തലമുറകളോളം വേട്ടയാടപ്പെടുന്നതുമാണ്. ശമീകന്റെയും ശൃംഗിയുടെയും പശ്ചാത്താപങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും അതിന്റെ തീവ്രത കുറയ്ക്കാനാവില്ല. 

ഇനി ഏറ്റമുട്ടല്‍ മരണവുമായാണ്.

ജീവിതത്തിന്റെയും മരണത്തിന്റെയും നേര്‍ത്ത നൂല്‍പ്പാലത്തിലുടെ സഞ്ചരിക്കുന്ന ഒരു മനുഷ്യന്‍...

അവശേഷിക്കുന്നത് ഏഴ് ദിവസങ്ങള്‍ മാത്രം. അതിനുളളില്‍ മനുഷ്യസാധ്യമായ എല്ലാം ചെയ്യണം.

ദൈവനിശ്ചയത്തെ തോല്‍പ്പിക്കാനാവില്ലെന്ന ഉറച്ച ബോധ്യമുണ്ട്. പക്ഷെ അങ്ങനെയൊരു തീരുമാനം ദൈവത്തിന്റെ മനസിലുണ്ടോയെന്ന് ആര്‍ക്കും ഉറപ്പില്ല. അല്ലെങ്കിലും ഭഗവാന്‍ തന്റെ അന്തര്‍ഗതം ആര്‍ക്കു മുന്നിലും വെളിപ്പെടുത്താറില്ലല്ലോ?

നേരം പുലരുവോളം മൃത്യൂഞ്ജയമന്ത്രം ജപിച്ചുകൊണ്ടേയിരുന്നു. പുലര്‍ച്ചെ ചെറുതായൊന്നു മയങ്ങി ഉണരുമ്പോള്‍ മിന്നായം പോലെ മനസില്‍ ഒരു പോംവഴി തെളിഞ്ഞു.

സത്രത്തില്‍ എത്തി ഭാഗവതസപ്താഹയജ്ഞം സംഘടിപ്പിക്കണം. ഏഴ്ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കപ്പെടുന്നതാണ് യജ്ഞം. ഭഗവാന്‍ മഹാവിഷ്ണുവിന്റെ ദശാവതാര കഥകളാല്‍ സമ്പന്നമായ ഭാഗവതപാരായണവും അര്‍ഥവ്യാഖ്യാനവും ഉള്‍ച്ചേര്‍ന്ന സപ്താഹം.

പരിണിതപ്രജ്ഞരും പുകള്‍പെറ്റവരുമായ ഒരു സംഘം ഋഷിവര്യന്‍മാരുടെ സാന്നിദ്ധ്യം. അതിന്റെ മെച്ചം പലതാണ്..

രാജാവിന്റെ മനസിലെ അരക്ഷിത ബോധം ഒഴിഞ്ഞ് പ്രതീക്ഷകള്‍ നിറയും. രണ്ട് അനാവശ്യ ചിന്തകള്‍ക്ക് ആ മനസില്‍ സ്ഥാനം ഉണ്ടാവില്ല. മൂന്ന് ഭഗവല്‍ സാന്നിദ്ധ്യം ഈ അന്തരീക്ഷത്തെ വിമലീകരിക്കും. യമന്‍ അടക്കം ഒരു ശക്തിയും ഇവിടെ പ്രവേശിക്കാന്‍ ഒന്ന് ഭയക്കും. ഭഗവാന്‍ നിത്യജീവനാണ്. അത് കുടികൊളളുന്നിടത്ത് മരണത്തിന് സ്ഥാനമില്ല

പുതിയ പ്രതീക്ഷകളുടെ തിളക്കത്തില്‍ ഗുരുജി ഉത്തരയെ കണ്ട് വിവരം ഉണര്‍ത്തിച്ചു. അവര്‍ സംപൂജ്യനായ ഗുരുവിനെ താണ് തൊഴുതു. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ആഴക്കയത്തില്‍ ഒരു കച്ചിത്തുരുമ്പ് വീണു കിട്ടുകയാണ്.

'എന്റെ കുഞ്ഞ്....എന്റെ കുഞ്ഞ്...രക്ഷപ്പെടുമോ സ്വാമീ'..ഉത്തര കരഞ്ഞു തൊഴുകൈകളോടെ ചോദിച്ചു. ആത്മീയമായ നിസംഗതയോടെ ഗുരുജി പ്രവചിച്ചു. 'മനസും ശരീരവും ഈശ്വരാര്‍പ്പിതമായി സൂക്ഷിക്കുക. ശേഷം ഈശ്വരന്‍ നിശ്ചയിക്കട്ടെ'. അത്രമാത്രം പറഞ്ഞ് അദ്ദേഹം മാളികവീട്ടിലേക്ക് മടങ്ങി.

പരീക്ഷിത്തിനെ കാര്യകാരണസഹിതം യജ്ഞത്തെക്കുറിച്ച് ബോധ്യപ്പെടുത്തി. നിരാശയുടെ മരുഭൂമിയില്‍ വീണ ജലത്തുളളികളായിരുന്നു പരീക്ഷിത്തിന് ഗുരുജിയുടെ വാക്കുകള്‍.

ഭഗവാന്റെ പത്ത് അവതാരങ്ങള്‍...ഓരോ അവതാരത്തിന് പിന്നിലുമുണ്ട് ഓരോ കഥകള്‍..ഉദ്ദേശലക്ഷ്യങ്ങള്‍...

അതെല്ലാം അത്രമേല്‍ അടുത്തു നിന്ന് ആത്മാവില്‍ അറിയുക. ഉള്‍ക്കൊളളുക. സ്വാംശീകരിക്കുക. ആത്മഭാവമായി പരിവര്‍ത്തിപ്പിക്കുക. പിന്നെ മനുഷ്യസഹജമായ ആകുലതകള്‍ക്കും ചാഞ്ചല്യങ്ങള്‍ക്കും ചപലതകള്‍ക്കും മനസില്‍ സ്ഥാനമില്ല. മനസ്സ് നിസംഗവും നിര്‍വികാരവും നിര്‍മ്മമവുമായ ശ്രേഷ്ഠതലത്തിലേക്ക് ഉയരുന്നു. കാണുന്നതും കേള്‍ക്കുന്നതും ചിന്തിക്കുന്നതും അറിയുന്നതും അനുഭവിക്കുന്നതും എല്ലാം ആ പരമസത്യം മാത്രം...അതിനപ്പുറം ഒന്നുമില്ല. എല്ലാം അദ്ദേഹത്താല്‍ നിര്‍മ്മിതമാണ്. അവിടത്തെ പല വിധ രൂപഭാവങ്ങളാണ് ഓരോ ജീവജാലങ്ങളും. പ്രകൃതിയുടെ സൂക്ഷ്മചലനങ്ങള്‍ പോലും..ഞാന്‍...എന്റേത്... എന്ന ബോധം പരമമായ അജ്ഞതയില്‍ നിന്ന് രൂപം കൊളളുന്നതാണ്. അതിനെ പാടെ തുടച്ചു നീക്കി തല്‍സ്ഥാനത്ത് ഭഗവത് രൂപം പ്രതിഷ്ഠിക്കണം. അഗാധമായി അറിയുക എന്നതാണ് പ്രധാനം. കല്‍വിളക്കുകളുടെ പ്രഭയില്‍ ശ്രീകോവിലില്‍ നിലകൊളളുന്ന സ്വര്‍ണ്ണവിഗ്രഹമല്ല ഭഗവാന്‍. അത് ശാശ്വതഭാവമുളള മഹാചൈതന്യമാണ്. ഓരോ മനുഷ്യന്റെയും ഉളളില്‍ വിളങ്ങുന്ന സമാനചൈതന്യമാണ്. കാടും പടര്‍പ്പും വെട്ടിത്തെളിച്ച് ആ വെളിച്ചം കണ്ടെത്തുക എന്നതാണ് പ്രധാനം.

ഗുരുവിന്റെ വാക്കുകള്‍ പകര്‍ന്ന തിരിച്ചറിവുമായി പരീക്ഷിത്ത് ആ ദിവസം സമാധാനത്തോടെ ഉറങ്ങി.

പുലര്‍ച്ചയായി.

ഗുരു ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ തന്നെ ഉണര്‍ന്ന് രാജാവിനൊപ്പം പൂജാമുറിയില്‍ സ്ഥാനം പിടിച്ചു. മാദ്രിയും ജനമേജയനും ഗാഢനിദ്രയുടെ താഴ്‌വരയില്‍ പ്രശാന്തസുന്ദരമായി അഭിരമിക്കുമ്പോള്‍ സത്രത്തിലെ വിശാലമായ പൂജാമുറിയില്‍ പ്രാര്‍ത്ഥനാ നിരതരായിരുന്നു പരീക്ഷിത്തും രാജഗുരുവും. മന്ത്രജപങ്ങള്‍ അവസാനിപ്പിച്ച് സ്വീകരണമുറിയുടെ അതിവിശാലതയില്‍ വിശ്രമിക്കുമ്പോള്‍ ആകുലതയുടെ അങ്ങേയറ്റത്തു നിന്നെ പോലെ പരീക്ഷിത്ത് ചോദിച്ചു.

'പറയു..ഗുരുദേവ്..ഇനി ഞാന്‍ എന്ത് ചെയ്യണം. ഈ സന്നിഗ്ധഘട്ടത്തെ മറികടക്കാന്‍ എനിക്കു സാധിക്കുമോ? അതോ ഈ ഭൂമിയുടെ എല്ലാ സന്തോഷങ്ങളില്‍ നിന്നും എന്നേക്കുമായി മാഞ്ഞു പോകേണ്ടി വരുമോ?' ഗുരു സാന്ദ്രമായ മൗനം പാലിച്ചു. ഈ സന്ദേഹത്തിന് ഉത്തരമില്ലെന്ന് അദ്ദേഹത്തിന് അറിയാം. ഒരാളുടെ മരണം നിശ്ചയിക്കപ്പെടുന്നത് ജഗന്നിയന്താതാവായ സാക്ഷാല്‍ ഈശ്വരന്റെ മനസിലാണ്. അതേക്കുറിച്ചു പ്രവചിക്കാനും അഭിപ്രായം പറയാനും ആര്‍ക്കും യോഗ്യതയില്ല. എല്ലാവരും അശക്തരാണ്. രാജാവ് ഒരു കൊച്ചുകുട്ടിയെ പോലെയാണ് സംശയങ്ങള്‍ ഉന്നയിക്കുന്നത്. അദ്ദേഹത്തിന്റെ  മനസ് നിറയെ മരണഭയമാണ്. മരണം അടുത്തെത്തിയിരിക്കുന്നു എന്ന ബോധ്യം ആരെയും ഭയചകിതനാക്കും. അത് സ്വാഭാവികമാണ്. മനുഷ്യസഹജമാണ്. 

എന്നാല്‍ രാജാവിനു ധൈര്യം പകരാനും പോംവഴികള്‍ നിര്‍ദ്ദേശിക്കാനും താന്‍ ബാധ്യസ്ഥനാണ്. 

'മഹാത്മന്‍..വിധി എന്താണെന്നു മുന്‍കുട്ടി പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ സംഭവ്യമാകാനിടയുളള ദുരന്തത്തിന്റെ ആഴം കുറയ്ക്കാന്‍ ഭഗവത് ചിന്തയ്ക്ക് കഴിയും. ചങ്കില്‍ കൊളളാനുളളത് മൂക്കില്‍ കൊണ്ടു എന്ന് കേട്ടിട്ടില്ലേ? അപകടത്തിന്റെ തീവ്രത ലഘൂകരിക്കുക. സാധാരണ നിലയിലുളള പൂജകളും പ്രാര്‍ത്ഥനകളും മാത്രം പോര. ഭാഗവത സപ്താഹയജ്ഞം നടത്തണം. ഭഗവാന്‍ മഹാവിഷ്ണുവിന്റെ ദശാവതാരകഥകളാണ് അതിന്റെ ഉളളടക്കം. പതിനെണ്ണായിരം ശ്ലോകങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആദ്ധ്യാത്മികതയുടെ ഒരു മഹാസാഗരം. അതില്‍ മുങ്ങി നിവര്‍ന്നാല്‍ നമ്മെ ഗ്രസിച്ചിരിക്കുന്ന ഗ്രഹപ്പിഴകളൊക്കെ അകന്നു പോകും. മരണഭയം അപ്രത്യക്ഷമാകും. മരണം ഒരു സാധാരണ ജീവിതാവസ്ഥ മാത്രമാണ്. ഏത് ഉന്നതനെയും ഒരു ഘട്ടത്തില്‍ മരണം പിടികൂടും. പരിശ്രമങ്ങള്‍കൊണ്ട് ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞേക്കും. എന്നാലും എന്നെങ്കിലും ഒരിക്കല്‍ നാമെല്ലാം മരണത്തിനു കീഴടങ്ങിയേ തീരൂ..അതിനെ സമാധാനത്തോടെ സ്വീകരിക്കാന്‍ മാനസികമായി പരിപാകപ്പെടുകയാണ് വേണ്ടത്'

ഗുരുവിന്റെ വാക്കുകള്‍ ദ്വിമുഖങ്ങളാണെന്ന് പരീക്ഷിത്തിന് തോന്നി. 

ഭാഗവതസപ്താഹം കൊണ്ട് അദ്ദേഹം അര്‍ത്ഥമാക്കുന്നത് രണ്ട് ദൗത്യങ്ങളാണ്. ഒന്ന് തന്നില്‍ വന്നു ഭവിച്ചിരിക്കുന്ന ശാപത്തിന്റെ തീവ്രത കുറച്ച് അപകടത്തിന്റെ പ്രഹരശേഷി കുറയ്ക്കുക. രണ്ട് ആകുലതകള്‍ വെടിഞ്ഞു സമാധാനത്തോടെ സന്തോഷത്തോടെ പരിപക്വതയോടെ അനിവാര്യമായ മരണത്തിലേക്കു നടന്നടുക്കുക. രണ്ടും സംഭവിക്കാം എന്നല്ലേ അദ്ദേഹം പറഞ്ഞതിന്റെ ധ്വനി.

ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയെ മറികടക്കാന്‍ മനുഷ്യനായി പിറന്ന ആര്‍ക്കും സാധിക്കില്ലെന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. 

പരീക്ഷിത്ത് തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് നിന്നില്ല. പകരം പ്രതിവചിച്ചത് ഇങ്ങനെയായിരുന്നു.

'ഭാഗവതസപ്താഹത്തിനുളള ഏര്‍പ്പാടുകള്‍ ചെയ്തുകൊളളൂ..ഞാന്‍ തയ്യാര്‍..'

ഗുരുവിന്റെ മുഖം തിളങ്ങി. പഞ്ഞിക്കെട്ട് പോലെ നീണ്ടുവളര്‍ന്ന ശ്മശ്രുക്കളില്‍ തലോടി ചിന്താഭരിതനായി അദ്ദേഹം പറഞ്ഞു.

'ഒരുക്കങ്ങള്‍ ഇന്ന് തന്നെ പൂര്‍ത്തിയാകും. അങ്ങ് വിഷ്ണുരൂപം ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് കഴിയുന്നത്ര സമയം നാരായണമന്ത്രം ജപിക്കണം. ഊണിലും ഉറക്കത്തിലും എന്ന് വേണ്ട ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ഭഗവാനെക്കുറിച്ചുളള ചിന്തയും ധ്യാനവും ഉണ്ടാവണം'

പരീക്ഷിത്ത് അത് തലയാട്ടി ശരിവച്ചു. പിന്നെ ആദരവോടെ ഗുരുവിനെ തൊഴുതു. പ്രത്യഭിവാദ്യം ചെയ്ത് ഗുരു സ്വീകരണമുറിയില്‍ നിന്ന് ഇറങ്ങി. പരീക്ഷിത്ത് ഭക്തിപാരവശ്യത്തോടെ പല കുറി ഉരുവിട്ടു. ''ഓം നമോ നാരായണായ...''

കണ്ണാടി മാളികയിലെ സ്വീകരണമുറിയുടെ വിശാലത അടുത്ത പകലിലേക്ക് ഉണരുമ്പോള്‍ നിരവധി ഋഷിമാര്‍ക്ക് നടുവിലായിരുന്നു പരീക്ഷിത്ത്. അജ്ഞനായ ഒരു ശിശുവിനെ പോലെ തൊഴുകൈകളോടെ മഹാരാജാവ് ഇരുന്നു. മഹാതപസ്വിയും മഹാജ്ഞാനിയുമായ ശുകമഹര്‍ഷി സന്ന്യാസി ശ്രേഷ്ഠന്‍മാരുടെ ഒത്തമധ്യത്തില്‍ നിലകൊണ്ടു. അദ്ദേഹം ഭാഗവത ശ്ലോകങ്ങള്‍ ഉരുവിട്ട് അര്‍ഥവും വ്യാഖ്യാനവും വിശദീകരിച്ചു. പരീക്ഷിത്ത് ഹൃദയമധ്യത്തില്‍ ഭഗവാനെ പ്രതിഷ്ഠിച്ച് കൂപ്പുകൈകളോടെ നിലത്തു ചമ്രം പടഞ്ഞ് ഇരുന്നു. മനക്കണ്ണില്‍ ഋഷീശ്വരന്‍മാര്‍ ചൊല്ലുന്ന വാക്കുകളുടെ അര്‍ഥവും ആഴവും ദൃശ്യങ്ങളും കണ്ടു.

ഏഴ് രാത്രിയും ഏഴ് പകലുകളും കടന്നു പോയി.

ദശാവതാരം...

ഭഗവാന്റെ പത്ത് അവതാര കഥകള്‍ അതിന്റെ എല്ലാ സൂക്ഷ്മവിശദാംശങ്ങളോടും കൂടി അയാള്‍ക്ക് മുന്നില്‍ തെളിഞ്ഞു നിറഞ്ഞു. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, കൃഷ്ണന്‍, കല്‍ക്കി...

 ''ഓം നമോ ഭഗവതേ വാസുദേവായ..... ''

ശുകമഹര്‍ഷി  പ്രഥമ സ്‌കന്ദം മുതലുളള ഓരോ ശ്ലോകവും ഭക്തിപൂര്‍വം ചൊല്ലി അര്‍ഥം വിശദീകരിച്ചുകൊണ്ടിരുന്നു. പരീക്ഷിത്ത് ആത്മാവിലേക്കെന്ന പോലെ അതിന്റെ സാരാശം ഏറ്റുവാങ്ങി.

''ഭാഗവതപാരായണം ഒരു യജ്ഞമാണ്. അതില്‍ പൂര്‍ണ്ണമായും ആമഗ്നനാവുന്ന മനുഷ്യന്‍ ആത്മജ്ഞാനം ലഭിച്ച് മരണഭയം അടക്കം എല്ലാത്തരം ഭയങ്ങളും മറികടന്ന് അതീവശ്രേഷ്ഠമായ മാനസിക നിലയില്‍ എത്തിച്ചേരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തെയും ആത്മാവിനെയും പൂര്‍ണ്ണതയിലേക്കു നയിക്കാന്‍ പര്യാപ്തമായ മഹത്തായ ഒരു പദ്ധതിയാണ് ഭാഗവതസപ്താഹം'

മഹര്‍ഷിയുടെ ഓരോ വാക്കുകളും കേട്ട് പരീക്ഷിത്ത് ഭക്ത്യാദരപൂര്‍വം തലയാട്ടി. ശുകമഹര്‍ഷി പാരായണം തുടര്‍ന്നു കൊണ്ടേയിരുന്നു.

''ഭാരതത്തിലെ പൗരാണിക തത്ത്വജ്ഞാന ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമഹാഭാഗവതം അല്ലെങ്കില്‍ ശ്രീമദ് ഭാഗവതം. പുരാണങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഭഗവാന്‍ വിഷ്ണുവിന്റെ കഥയാണ് ഭാഗവതം. അഖണ്ഡ ബോധ രൂപമായ ബ്രഹ്‌മമാണ് ശാസ്ത്രീയമായ ജഗത് സത്യം. ഈ സത്യമാണ് ഭാഗവത ഹൃദയം. അന്വയ വ്യതിരയ യുക്തികളെ അവലംബമാക്കി ഭാഗവതം അത്യന്ത ലളിതമായി ഈ സത്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രതിപാദിച്ചിരിക്കുന്നു. മംഗള ശ്ലോകത്തില്‍ തന്നെ ഭാഗവതം ഇക്കാര്യം സ്പഷ്ടമാക്കുന്നു. ഈ ജഗത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളൊക്കെ ഏതുണ്ടെങ്കില്‍ സംഭവിക്കും എന്നു കണ്ടെത്തുന്നതാണ് അന്വയ യുക്തി. ഏതില്ലെങ്കില്‍ സംഭവിക്കുകയില്ല എന്നുറപ്പു വരുത്തുന്നതാണ് വ്യതിരയ യുക്തി. ചുരുക്കത്തില്‍ ഏതുണ്ടെങ്കില്‍ പ്രപഞ്ചമുണ്ട് ഏതില്ലെങ്കില്‍ പ്രപഞ്ചമില്ല എന്ന് യുക്തിപൂര്‍വം ചിന്തിച്ചു നോക്കണം.

ഭഗവാന്‍ മഹാവിഷ്ണുവിന്റെ വിവിധ അവതാരകഥകളിലൂടെയും ഭക്തന്മാരുടെ കഥകളിലൂടെയും ഭാഗവതം ലളിതമായി തത്ത്വജ്ഞാനം വെളിവാക്കിത്തരുന്നു. ഭാഗവതത്തിലെ കഥകളെല്ലാം നാനാത്വത്തിന്റെ ഭ്രമത്വം ഉറപ്പു വരുത്തി ഭൗതിക വിഷയങ്ങളോടു വിരക്തി വര്‍ദ്ധിപ്പിക്കാനുതകുന്നവയാണ്.

ഭഗവാന്‍ വേദവ്യാസന്‍ ആണ് ഭാഗവതം എഴുതിയതെന്നാണ് ഭാഗവതത്തില്‍ തന്നെ പറഞ്ഞിരിക്കുന്നത്. പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ഭാഗവതത്തിന് പന്ത്രണ്ട് അധ്യായങ്ങളുണ്ട്. ഓരോ അധ്യായത്തേയും ഓരോ സ്‌കന്ദം എന്നു പറയപ്പെടുന്നു.അതില്‍ ദശമസ്‌കന്ദത്തിലാണ് ശ്രീകൃഷ്ണാവതാരത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്. വേദങ്ങള്‍ വിന്യസിച്ചു കഴിഞ്ഞ ശേഷം ധര്‍മ്മ വിചിന്തനം ചെയ്യുന്ന മഹാഭാരതവും എഴുതിയ വേദവ്യാസന് എന്തോ ഒരു തൃപ്തിയില്ലായ്മ അനുഭവപ്പെട്ടു.ഈ അനുഭവം നാരദ മഹര്‍ഷിയുമായി പങ്കുവച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഭഗവത് സ്വരൂപം മുഴുവന്‍ വ്യക്തമാക്കുന്ന ഒരു കൃതി സമാധിയിലിരുന്ന് എഴുതാന്‍ തുടങ്ങുകയും ചെയ്തു. ഈ കൃതിയാണ് ഭാഗവതം. വേദവ്യാസന്‍ ഭാഗവതം അദ്ദേഹത്തിന്റെ പുത്രന്‍ എന്ന നിലയില്‍ നമുക്ക് പറഞ്ഞു തരികയാണുണ്ടായത്.

ഭാഗവതത്തിന്റെ രീതിശാസ്ത്രം ഇനി പറയും പ്രകാരമാണ്. 

ഉണ്ട് എന്ന അനുഭവം ഒരിക്കലും വിട്ടുപോകാത്ത മഹാവിഷ്ണു പ്രസിദ്ധനായ പരബ്രഹ്‌മം തന്നെയാണ് അനിമിഷന്‍. അനിമിഷനായ ആത്മാവിന്റെ ക്ഷേത്രമാണ് ജഗത്ത്. ക്ഷേത്രം ശരീരമാണ്. ബ്രഹ്‌മ ശരീരമാണ് ജഗത്ത്. ഈ ജഗത്തിനെയാണ് നൈമിശാരണ്യം എന്ന് ഭാഗവതം പറഞ്ഞിരിയ്ക്കുന്നത്. കാമക്രോധലോഭമോഹാദികളാകുന്ന ക്രൂരമൃഗങ്ങള്‍ നിറഞ്ഞ ഈ നൈമിശാരണ്യമാകുന്ന ദേഹത്തില്‍ മനുഷ്യജീവിതത്തിന്റെ കര്‍മ്മമായ യജ്ഞം ആരംഭിക്കുമ്പോള്‍ ഈ യജ്ഞകവാടം സാവധാനമായെങ്കിലും തത്ത്വാന്വേഷണത്തിനു വഴി തുറക്കുന്നു. ഈ രീതിശാസ്ത്രമാണ് ഭാഗവതത്തിലെ എല്ലാ കഥകളിലും ഒളിഞ്ഞിരിക്കുന്നത്.

ഭക്തിയോഗത്തിന്റെ പ്രമുഖ കൃതികളിലൊന്നായി ഹൈന്ദവ തത്ത്വചിന്തയില്‍ ഭാഗവതത്തെക്കുറിച്ച് പറയുന്നു. വൈഷ്ണവ ഭക്തിമാര്‍ഗത്തിന്റെ സുപ്രധാന ഗ്രന്ഥമാണ് ഭാഗവതം. പക്ഷേ അദ്വൈത ചിന്തകരും ഭാഗവതത്തിനെ അദ്വൈതശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പൊതുവേ ഭൗതിക ജീവിതത്തില്‍ നിന്നുള്ള വിരക്തിക്കു ഭാഗവതത്തില്‍ പ്രാമുഖ്യം കൊടുത്തു കാണപ്പെടുന്നു. സന്യാസ അവധൂത മാര്‍ഗ്ഗങ്ങളെപ്പറ്റിയും ഭാഗവതത്തില്‍ പറയുന്നുണ്ട്. ഭാഗവതത്തിലെ പതിനൊന്നാം അദ്ധ്യായത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉദ്ധവരോട് അദ്വൈതജ്ഞാനം ഉപദേശിച്ചു കൊടുക്കുന്നത് ഉദ്ധവഗീത എന്നറിയപ്പെടുന്നു.

ഭഗവദ്ഗീതയെപ്പോലെതന്നെ ഇതും ഒരു മഹത്തായ തത്ത്വജ്ഞാന ഗ്രന്ഥമായി അറിയപ്പെടുന്നു. ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഒരു യജ്ഞമായാണ് കരുതപ്പെടുന്നത്. ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം എന്ന് ഇതറിയപ്പെടുന്നു. പല മഹാക്ഷേത്രങ്ങളിലും ഇത് നടത്താറുണ്ട്. ഏഴു ദിവസമായാണ് ഭാഗവതം ഉപദേശിക്കാറുളളത്. ഭക്തിയോടെ ശ്രദ്ധാപൂര്‍വം ശ്രവിക്കുന്ന ഏതൊരുവനും ഏഴാം പക്കം ആത്മജ്ഞാനം ലഭിച്ചതായി കാണപ്പെടുന്നു. മരണം അടക്കം എന്തിനെയും സഹര്‍ഷം സ്വാഗതം ചെയ്യാനും സ്വീകരിക്കാനും ഇത്തരക്കാര്‍ പ്രാപ്തരാകും എന്നാണ് സങ്കല്‍പ്പം'' 

നാഴികളും വിനാഴികളും മണിക്കൂറുകളും ദിവസങ്ങളും കടന്ന് പൊയ്‌ക്കൊണ്ടേയിരുന്നു. പരീക്ഷിത്ത് രാത്രിയും പകലും അറിഞ്ഞില്ല. വിശപ്പും ദാഹവും അറിഞ്ഞില്ല. ഉറക്കവും ഉണര്‍ച്ചയും അറിഞ്ഞില്ല.

അസാധാരണമായ ഒരു തരം ആത്മൈക്യത്തോടെ ഭാഗവതത്തിലെ ഓരോ വരിയും അത് ഉണര്‍ത്തുന്ന തത്ത്വചിന്തയും ശ്രവിച്ച് തന്നെ തന്നെ മറന്ന് അതില്‍ മാത്രമായി ലയിച്ചിരിക്കുകയായിരുന്നു പരീക്ഷിത്ത്.

ഏഴാംപക്കം മംഗള ശ്ലോകം പാടി അവസാനിപ്പിച്ച് ശുകമഹര്‍ഷി എണീറ്റിട്ടും ഒരു ശിലാവിഗ്രഹം പോലെ ചലനമറ്റ് ഭഗവത് സ്വരൂപം മനക്കണ്ണാല്‍ കണ്ട് അങ്ങനെ തന്നെ ഇരിക്കുകയായിരുന്നു പരീക്ഷിത്ത്. കുലുക്കി വിളിക്കാന്‍ ഒരുങ്ങിയ മാദ്രിയെ ശുകന്‍ തടഞ്ഞു. 'അരുത്. ഗുരുവോ ശ്ലോകങ്ങളോ അല്ല പ്രധാനം. ഭഗവാന്റെ വിശ്വരൂപം ഹൃദയാന്തരത്തിലേക്ക് ആവാഹിക്കാന്‍ കഴിയണം.. അത് സാധിച്ചാല്‍ എന്തിനെയും നിസംഗതയോടെ നിര്‍മമതയോടെ തുല്യതാ ഭാവത്തില്‍ കാണാന്‍ സാധിക്കും. ആശങ്കകളും ആകുലതകളും ദുഖങ്ങളും നിരാശകളും അകലും. മനസ് സമതുലിതാവസ്ഥ കൈവരിക്കും. സര്‍വസംഗപരിത്യാഗിയായ കേവലം നിരീക്ഷകന്‍ മാത്രമായി മനുഷ്യന്‍ മാറും. ഭവതിയുടെ പതിക്കും അതിനുളള ഈശ്വരാധീനം ലഭിക്കട്ടെ'. അങ്ങനെ അരുളി ചെയ്ത് ശുകമഹര്‍ഷിയും സംഘവും സത്രം ഒഴിഞ്ഞു.

മുറിയില്‍ മാദ്രിയും പരീക്ഷിത്തും തനിച്ചായി. ഇമയനക്കാതെ പുരികക്കൊടി ചലിക്കാതെ ശ്വാസനിശ്വാസങ്ങളുടെ പോലും താളക്രമങ്ങളില്ലാതെയുളള ആ നിശ്ചലാവസ്ഥ മാദ്രിയെ ഭയപ്പെടുത്തി. ഭഗവത് സാമീപ്യത്തിന്റെ പാരമ്യതയില്‍ അദ്ദേഹം ഇഹലോകം വെടിഞ്ഞുവോ എന്ന് പോലും അവള്‍ ഭയന്നു. എന്നിട്ടും മഹര്‍ഷിയുടെ വാക്കുകള്‍ ധിക്കരിക്കാന്‍ നിന്നില്ല. അദ്ദേഹം പൂര്‍ണ്ണവിമുക്തി പ്രാപിക്കുവോളം അവള്‍ ക്ഷമയോടെ ചാരത്ത് നിന്നു. ഏതാനും നാഴിക കഴിഞ്ഞപ്പോള്‍ ദൂരെ ഏതോ ക്ഷേത്രത്തില്‍ നിന്നും മണിയടി ശബ്ദം കേട്ടു. പരീക്ഷിത്ത് ഒരു ഞെട്ടലോടെ തലകുലുക്കി ഉണര്‍ന്ന് ജാഗ്രത്തിലേക്ക് മടങ്ങി. 

''എവിടെ ശുകമഹര്‍ഷി? എവിടെ ഋഷീശ്വരന്‍മാര്‍..?'' അയാള്‍ ഉദ്വേഗത്തോടെ അന്വേഷിച്ചു. മാദ്രി അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. എല്ലാം അറിയുന്ന ഭാവത്തില്‍ അദ്ദേഹം ദീര്‍ഘമൗനം പാലിച്ചു. അജ്ഞന്‍ ഒരുപാട് വാക്കുകള്‍ ഉപയോഗിക്കുന്നു. ജ്ഞാനി കുറഞ്ഞ വാക്കുകളില്‍ കുടുതല്‍ അര്‍ഥം ധ്വനിപ്പിക്കുന്നു. ശുകമഹര്‍ഷിയുടെ വാക്കുകള്‍ മാദ്രിയും ഓര്‍ത്തു.

സപ്താഹയജ്ഞം കഴിഞ്ഞതോടെ പരീക്ഷിത്ത് കൂടുതല്‍ മൗനിയും മിതഭാഷിയുമായി മാറി. ചിന്തകളുടെ പ്രതിഫലനമായ ആകുലതകളും ആ മുഖത്ത് കണ്ടില്ല. ആദ്ധ്യാത്മികമായ ശാന്തത പ്രതിഫലിക്കുന്ന ഒരു പുഞ്ചിരി മാത്രം അവശേഷിച്ചു.

അദ്ദേഹം ഒന്നിനെയും ഭയന്നില്ല. ഭയം, ആകുലത, നിരാശ, ദുഖം...വിപരീതമായ വികാരങ്ങളെല്ലാം കീഴടക്കിയ ഒരു മനസിന്റെ കണ്ണാടിയായിരുന്നു ആ മുഖം. 

സത്രത്തിന്റെ ചുവരില്‍ അദ്ദേഹം ചില ചിത്രങ്ങള്‍ വരച്ചു. മാദ്രിയും ജനമേജയനും ആകാംക്ഷയോടെ അതിലൂടെ കണ്ണോടിച്ചു. ഭഗവാന്‍ വിഷ്ണുവിന്റെ പത്ത് അവതാരങ്ങള്‍...ജീവസ്സുറ്റ ചിത്രങ്ങളായി ചുവരില്‍ നിറഞ്ഞു നില്‍ക്കുന്നു. മാദ്രി അഭിമാനത്തോടെ ഭര്‍ത്താവിനെ നോക്കി.

'മുന്‍പ് കണ്ടിട്ടില്ല ഈ വൈഭവങ്ങളൊന്നും..', അവള്‍ വിസ്മയത്തോടെ പറഞ്ഞു.

'പൂര്‍ണ്ണതയോടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നിനെ വിരലുകള്‍ പകര്‍ത്തിയെന്ന് മാത്രം.''

'രൂപവും വര്‍ണ്ണങ്ങളും കൃത്യം. അതിലേറെ ഓരോ ചിത്രത്തിനും ആത്മാവുണ്ട്' മാദ്രിയുടെ പ്രശംസ ബോധിച്ചിട്ടെന്ന പോലെ അദ്ദേഹം അവളെ ചേര്‍ത്തണച്ചു. ജനമേജയന്‍ നാണത്തോടെ മുറിവിട്ടിറങ്ങി. അവളുടെ മുഖത്തും ലജ്ജ കളമെഴുതി.

പരീക്ഷിത്ത് നീരാട്ടിനായി സ്ഥലമൊഴിഞ്ഞ ഇടവേളയില്‍ മുഖം കാണിക്കാനെത്തിയ ഗുരുവിനെ മാദ്രി ആശങ്കയോടെ നോക്കി. വാക്കുകള്‍ നഷ്ടപ്പെട്ട ആ നോട്ടത്തിന്റെ അര്‍ഥം തിരിച്ചറിഞ്ഞ് അദ്ദേഹം ശബ്ദം താഴ്ത്തി പറഞ്ഞു.

'ഒരുപക്ഷെ മരണം അകന്ന് പോയെന്ന് വരാം. അഥവാ മറിച്ചായാലും സഹര്‍ഷം സ്വീകരിക്കാന്‍ മനസുകൊണ്ട് പാകപ്പെട്ടിരിക്കുന്നു അദ്ദേഹം. സന്തോഷമാണ് മുഖ്യം. ജീവിതത്തിലും മരണത്തിലും അദ്ദേഹം സന്തുഷ്ടനായിരിക്കും ഇനി'. മറുവാക്കിന് ഇടം നല്‍കാതെ ഗുരു പടികളിറങ്ങി.

മാദ്രി അനിശ്ചിതത്വത്തിന്റെ ആഴങ്ങളില്‍ പകച്ചു നിന്നു. ഒരു സ്വപ്നാടകയെ പോലെ...

(തുടരും...)

 

Content Summary: Paramapadam, Episode 08, e-Novel written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com