ADVERTISEMENT

ഒറ്റക്കാല്‍ മണ്ഡപത്തിന്‍ മേല്‍ തലഉയര്‍ത്തി നില്‍ക്കുന്ന സത്രത്തിലെ മണിയറയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയാല്‍ ചുറ്റും കടലാണ്. നിലാവിന്റെ നീലനിറത്തില്‍ ഇളകിമറിയുന്ന കടല്‍. തിരകളുടെ താളം. ഉപ്പുരസമുള്ള കാറ്റ്. എല്ലാം കൂടി വല്ലാത്തൊരനുഭവം. കടലിന് മുന്‍പെങ്ങുമില്ലാത്ത ഒരു ഭംഗി കൈവന്നതു പോലെ. തിരകളുടെ കയറ്റിറക്കങ്ങള്‍ക്കൊപ്പം ആടിയുലഞ്ഞ് സഞ്ചരിക്കുന്ന പായ്ക്കപ്പല്‍. അതിനുമപ്പുറം ചെറുതോണികളില്‍ നീട്ടിവലയെറിയുന്ന മത്സ്യത്തൊഴിലാളികള്‍. അവരില്‍ ഒരാള്‍ നീട്ടിപ്പിടിച്ച റാന്തല്‍ വിളക്ക് ദൂരെ നിന്ന് കാണുമ്പോള്‍ വെളിച്ചത്തിന്റെ ഒരു പൊട്ട് പോലെ. മഞ്ഞ നിറമുളള മിന്നാമിനുങ്ങ്.

പീതവര്‍ണ്ണം ആത്മീയതയുടെ നിറമാണെന്ന് ഋഷി പറഞ്ഞത് പരീക്ഷിത്ത് ഓര്‍ത്തു. ആ സമയത്ത് കാഴ്ചയിലെന്ന പോലെ ഉളളിലും ആദ്ധ്യാത്മികമായ ഒരു വെളിച്ചം അണയാതെ ഒരേ തീവ്രതയോടെ ജ്വലിക്കുന്നത് പരീക്ഷിത്ത് അറിഞ്ഞു. പിന്നിട്ട ദിനരാത്രങ്ങളില്‍ ഉറക്കം നഷ്ടമായത് പോലും അറിഞ്ഞില്ല. ഉറക്കമിളപ്പിന്റെ ക്ഷീണം തൊടുന്നില്ലെന്ന് മാത്രമല്ല മുന്‍പില്ലാത്ത വിധം ഉന്മേഷം തോന്നുന്നു.

ഭാഗവതസപ്താഹം എന്ന് പറഞ്ഞപ്പോള്‍ അത് നല്‍കുന്ന അനുഭൂതികളും ഉള്‍ക്കാഴ്ചയും ഇത്രമേല്‍ ആഴത്തിലുളളതാണെന്ന് കരുതിയില്ല. ഭഗവാന്റെ പത്ത് അവതാരങ്ങള്‍. ദശാവതാരമെന്ന ആ പദത്തിന് പോലുമുണ്ട് ആനുഷംഗികമായ അര്‍ഥധ്വനികള്‍. ഓരോ അവതാരത്തിനും ഓരോ ഉദ്ദേശലക്ഷ്യങ്ങള്‍. ആത്യന്തികമായി ഈ ഭൂമിയില്‍ ഓരോ തവണയും ഭഗവാന്‍ മനുഷ്യരൂപത്തില്‍ അവതരിച്ചത് ധര്‍മ്മസംസ്ഥാപനാര്‍ഥമായിരുന്നു. അനീതിയും അധര്‍മ്മവും അതിന്റെ പരിതികള്‍ ലംഘിച്ച് സംഹാരതാണ്ഡവമാടുന്ന ഓരോ സന്ദര്‍ഭങ്ങളിലും ഓരോ മനുഷ്യനായി ഭഗവാന്‍ അവതരിച്ചു. 

അതില്‍ ഏറ്റവും പ്രധാനമായി തോന്നിയതും മനസിലുടക്കിയതും ഒരു കാര്യമാണ്.

മനുഷ്യനായി ജനിച്ചാല്‍- അത് ഈശ്വരനായിരുന്നാല്‍ പോലും മരണമുണ്ട്. അതൊരു അനിവാര്യതയാണ്. അതിനെ തമസ്‌കരിക്കുന്നത് പോയിട്ട് താത്കാലികമായി ഒഴിഞ്ഞ് നില്‍ക്കാന്‍ പോലും  ആര്‍ക്കും സാധ്യമല്ല. എല്ലാ ജീവജാലങ്ങള്‍ക്കും ബാധകമായ നിത്യസത്യം. ചിരഞ്ജീവികളെക്കുറിച്ചും മൃത്യൂഞ്ജയം സാധിച്ച അമാനുഷികരെക്കുറിച്ചുമെല്ലാം കുഞ്ഞുന്നാളില്‍ അമ്മ പറഞ്ഞു തന്ന കഥകളില്‍ കേട്ടിട്ടുണ്ട്. പക്ഷെ ഭാവനയും യാഥാര്‍ഥ്യവും തമ്മിലുളള ദൂരം ഏറെയാണ്. മനുഷ്യജന്മമെടുത്ത ഈശ്വരന്‍ എന്തുകൊണ്ട് മരണത്തിന് കീഴടങ്ങുന്നു എന്ന സംശയം ദശാവതാര കഥകള്‍ കേട്ട മാത്രയില്‍ തന്നെ മനസില്‍ അങ്കുരിച്ചു. ഋഷി അതിനും തൃപ്തികരമായ ഉത്തരം നല്‍കി.

'ഓരോ മനുഷ്യജന്മത്തിനും ഓരോ ദൗത്യമുണ്ട്. ഈശ്വരന്‍ അവനെക്കൊണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായിക്കഴിഞ്ഞാല്‍ അവര്‍ ഇവിടം വിട്ട് പോയേ തീരൂ. ഭയപ്പെടേണ്ട ഒന്നല്ല മരണം. ജീവിതത്തിലെ ഏതൊരു നല്ല അനുഭവവും പോലെ സന്തോഷത്തോടെ സൗമ്യതയോടെ പക്വതയോടെ സ്വീകരിക്കേണ്ട ഒന്നാണ്'. പരീക്ഷിത്ത് അഗാധമായ തിരിച്ചറിവിന്റെ ആഴക്കയത്തില്‍ നിന്നെന്ന പോലെ മന്ദഹസിച്ചു. ഇപ്പോള്‍ ഉളളിലെ ആകുലതകള്‍ അകന്ന് പോകുന്നു. മരണഭയം ക്രമേണ അലിഞ്ഞലിഞ്ഞ് തീര്‍ത്തും ഇല്ലാതാവുന്നു.

ജനിച്ചാല്‍ ഒരിക്കല്‍ മരണമുണ്ട്. കുറെക്കാലം കൂടി നീട്ടിക്കിട്ടുന്ന ആയുസിനപ്പുറം അമര്‍ത്ത്യനാവാന്‍ ആര്‍ക്കും കഴിയില്ലെങ്കില്‍ പിന്നെ ഈശ്വരന്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ അതിന് കീഴടങ്ങാന്‍ മടിക്കുന്നതെന്തിന്?

ദേഹി ദേഹം വിട്ട് പോകുമ്പോള്‍ പരമാത്മാവില്‍ ലയിക്കുന്നുവെന്നല്ലേ ഋഷി പറഞ്ഞത്. അപ്പോള്‍ ഈ ലോകം ഒരു മായയാണ്. ഇടക്കിടെ ദൃഷ്ടിഗോചരമാവുകയും പിന്നീട് നഷ്ടപ്പെടുകയും ചെയ്യുന്ന താത്കാലികമായ ഒരു ഇടത്താവളം. അതില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ മടിക്കുകയും ഭയക്കുകയും ചെയ്യുന്നത് ദൈവത്തെ അറിയാത്ത അജ്ഞരാണ്. 

അറിവിനേക്കാള്‍ വലുത് തിരിച്ചറിവാണ്. വിവേചനശക്തി, ത്യാജ്യഗ്രാഹ്യവിവേചനബുദ്ധി എന്നൊക്കെ അതിനെ വിശേഷിപ്പിക്കാം. വസ്തുതകളും സത്യങ്ങളും ആഴത്തില്‍ തിരിച്ചറിയാനുളള സവിശേഷമായ കഴിവ്. 

ഗുരുസാന്നിദ്ധ്യത്താല്‍ താന്‍ അത് ആര്‍ജ്ജിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി ഒരു ശക്തിക്കും സാഹചര്യങ്ങള്‍ക്കും മനസിനെ ചകിതമാക്കാന്‍ കഴിയില്ല. ചഞ്ചലപ്പെടുത്താനും സാധിക്കില്ല. ഉറച്ചബോധ്യങ്ങളുടെ അടിത്തറയിലാണ് താന്‍ ഇനിയുളള ഓരോ നിമിഷവും ജീവിക്കുന്നത്. 

സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞ ഭാരരഹിതമായ മനസിന്റെ അനായാസതയോടെ പരീക്ഷിത്ത് കടലിരമ്പങ്ങളിലേക്കു ദൃഷ്ടി പായിച്ചു. മാദ്രി ഭോഗാലസ്യത്തിന്റെ സുഖദമായ അനുഭവത്തില്‍ സൗമ്യമായി ഉറങ്ങുകയാണ്. ജനാലയോട് ചേര്‍ന്നുളള പീഠത്തില്‍ പാതിയൊഴിഞ്ഞ മദ്യചഷകം അനാഥമായി വിശ്രമിക്കുന്നു. സ്ഫടിക കൂജയില്‍ കണ്ണാടി പോലെ തിളങ്ങുന്ന വെളളവും അതിനരികെ തിളങ്ങുന്ന ചില്ല് ഗ്ലാസുകളും. പരീക്ഷിത്ത് നില്‍പ്പ് മതിയാക്കി ജനാലയോട് ചേര്‍ന്നുളള ചിത്രപ്പണികളുളള കസേരയില്‍ ഇരുന്നു. കടല്‍ ഇപ്പോഴും കാണാം. കാറ്റില്‍ അനുസരണയില്ലാതെ പറക്കുന്ന ജാലകവിരികള്‍ക്കും കടലിന്റെ നിറമാണ്. ഇളംനീല.

ഗ്ലാസിലേക്ക് മദ്യം പകര്‍ന്ന് വെളളം ചേര്‍ക്കാതെ വായിലേക്ക് കമിഴ്ത്തി. പെട്ടെന്ന് ചെമ്പകപ്പൂവിന്റെ ഗന്ധം ചുറ്റിലും പരന്നു. അതോ കല്യാണസൗഗന്ധികത്തിന്റെയോ? അതിശയം തോന്നി. ഈ കടലിന്റെ ഒത്തനടുവില്‍ എവിടെയാണ് കല്യാണസൗഗന്ധികം?

പെട്ടെന്ന് ലജ്ജയോടെ അയാള്‍ ഓര്‍ത്തു. മൈഥുനം കഴിഞ്ഞാല്‍ പെണ്ണുടലിന് പുക്കളുടെ ഗന്ധമാണ്. ഓരോ ഭോഗത്തിലും മാദ്രിക്ക് ഓരോ പൂവിന്റെ മണമാണ്. ചിലപ്പോള്‍ മുല്ലപ്പൂവിന്റെ ചിലപ്പോള്‍ ചെമ്പകത്തിന്റെ മറ്റ് ചിലപ്പോള്‍...

വളകള്‍ കിലുങ്ങുന്ന ശബ്ദം കേട്ടു. മാദ്രി തിരിഞ്ഞു കിടന്നതാണ്. ഉറക്കത്തില്‍ അലക്ഷ്യമായി സ്ഥാനം മാറി കിടക്കുന്ന വസ്ത്രങ്ങള്‍..പാതിനഗ്നതയിലാണ് അവളുടെ രൂപഭംഗി അതിന്റെ പൂര്‍ണ്ണതയെ സ്പര്‍ശിക്കുന്നത്. അര്‍ദ്ധ അനാവൃതമായ മാറിടം, സ്വര്‍ണ്ണപാദസരങ്ങളെ നിഷ്പ്രഭമാക്കുന്ന കണങ്കാലുകള്‍...മുനിഞ്ഞു കത്തുന്ന എണ്ണവിളക്കുകളുടെയും നിലാവെട്ടത്തിന്റെയും സമ്മിശ്രപ്രകാശത്തില്‍ തിളങ്ങുന്ന വൈരക്കല്ല് പതിച്ച മൂക്കുത്തി. പരീക്ഷിത്ത് ആദ്യമായി കാണും പോലെ അവളെ നോക്കിയിരുന്നു. ആ രൂപഭംഗിയും മദഗന്ധവും വിട്ട് പോകുന്ന നിമിഷങ്ങള്‍ അയാളെ വേദനിപ്പിച്ചില്ല. അനിവാര്യതകളെ ആഘോഷപൂര്‍വം സ്വീകരിക്കാന്‍ അയാള്‍ ശീലിച്ചുകഴിഞ്ഞിരുന്നു. 

ജനമേജയന്‍ അടുത്ത മുറിയില്‍ തനിച്ചു കിടന്നാണ് ഉറക്കം. അവനെ ഒന്ന് കാണണമെന്ന് തോന്നുന്നില്ല. എല്ലാ ബന്ധങ്ങളില്‍ നിന്നും കൃത്യമായ ഒരു അകലം പാലിക്കാന്‍ മാനസികമായി പരിപാകപ്പെട്ടു കഴിഞ്ഞു. ഒരു ബന്ധങ്ങളും ഇനി നമ്മെ ബന്ധിക്കാന്‍ പാടില്ല. ഒന്നും ശാശ്വതമല്ല. ഒന്നും നമ്മുടേതല്ല. ഇടയ്ക്ക് എപ്പോഴോ അനുവദിച്ചു കിട്ടുന്ന ഇത്തിരി സമയത്തിന്റെ പരിമിതവൃത്തത്തില്‍ പരസ്പരം സന്ധിച്ചും സമ്മേളിച്ചും പിരിയുന്ന താത്കാലിക ജന്തുക്കളാണ് നാം ഓരോരുത്തരും. ഋഷിയുടെ വാക്കുകള്‍ മനസിന്റെ അഗാധതയിലിരുന്ന് തന്നോട് തന്നെ സംവദിക്കുന്നു.

എല്ലാ അര്‍ഥത്തിലും മാനസികമായി പാകപ്പെട്ട മനുഷ്യനാണ് താന്‍. പൂര്‍ണ്ണപക്വതയെത്തിയ ഒരു ആത്മാവ്. എന്തിനെയും ആവശ്യമുളളപ്പോള്‍ ഉള്‍ക്കൊളളാനും അല്ലാത്തപ്പോള്‍ നിരാകരിക്കാനും പാകത്തില്‍ നിര്‍മ്മതയും നിസംഗതയും ശീലമാക്കിയ ഒരാള്‍. അയാള്‍ക്ക് അവനവനെക്കുറിച്ച് തന്നെ മതിപ്പ് തോന്നി. ഒറ്റവാക്കില്‍ അതിനെ ആത്മാദരം എന്ന് വിശേഷിപ്പിക്കാം. ജീവിതാസക്തിയും അനശ്വരതാബോധവും ലൗകികസുഖഭോഗ തത്പരതയും കൊണ്ടു നടന്ന ഒരു സാധാരണ മനുഷ്യനില്‍ നിന്നും താനിപ്പോള്‍ ഉദാത്തമായ തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. വേദനകള്‍ക്കും ആശങ്കകള്‍ക്കും ഇനി തന്നെ സ്പര്‍ശിക്കാനാവില്ല. 

ആദ്ധ്യാത്മികതയുടെ ശ്രേഷ്ഠമായ ഒരു തലത്തിലേക്ക് പുനപ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞ സവിശേഷമായ ഒന്നാണ് തന്റെ ആത്മബോധം. അതിനു കാരണക്കാരന്‍ വാസ്തവത്തില്‍ ഋഷിയല്ല. അദ്ദേഹം ഒരു നിമിത്തം മാത്രം. എല്ലാം നിര്‍വഹിക്കുന്നത് വേണ്ട സമയത്ത് വേണ്ടതു പോലെ ഇടപെടുന്ന സാക്ഷാല്‍ ജഗത് നിയന്താതാവാണ്. അത് ഉള്‍ക്കൊണ്ട് കഴിഞ്ഞാല്‍ സന്തോഷസന്താപങ്ങള്‍ക്ക് സ്ഥാനമില്ല. എല്ലാം തുല്യതാബോധത്തോടെ വരവണ്ണം അന്തരമില്ലാത്ത ഒരു തുലാത്രാസ് പോലെ മനസിന്റെ എല്ലാ കോണുകളിലും നിറഞ്ഞു നില്‍ക്കുന്നു. കടല്‍ കാണുമ്പോള്‍ മുഖത്ത് സ്ഫുരിക്കുന്ന തൂവെണ്‍ചിരി ഇപ്പോള്‍ തന്റെ ഹൃദയത്തിലുമുണ്ട്. നേരം വെളുക്കുവോളം കടലാഴം മനസുകൊണ്ട് ഗണിച്ച് പുറംകടലിന്റെ രൂപഭംഗിയില്‍ രമിച്ചിരുന്നു. പുലര്‍ച്ചക്കിളികള്‍ ചിലയ്ക്കുന്നതിന് തൊട്ടുമുന്‍പ് മാദ്രിയെ ശല്യപ്പെടുത്താത്ത വിധം അകലമിട്ട് കിടക്കയുടെ ഓരം ചേര്‍ന്ന് കിടന്നു. ഏറെ നേരം അവളെ സാകൂതം നോക്കി കിടന്നു.

ഇനി മാദ്രിക്കൊപ്പം ഒരു രാത്രിയുണ്ടാവില്ല. ഇനി അവളുടെ ഉടലഴകിന്റെ നിമ്‌ന്നോന്നതങ്ങളില്‍ താന്‍ സ്പര്‍ശിക്കില്ല. അവളുടെ മദഭരഗന്ധം ഇനി തന്റെ നാസികയില്‍ വസന്തം വിടര്‍ത്തില്ല. ഈ ഭൂമിയിലെ സുന്ദരമായ എല്ലാം അവസാനിക്കുകയാണ്. അതിലും സുന്ദരമായ മറ്റൊരു ഭൂമിയിലേക്കുളള പ്രയാണത്തിന് മുന്നോടിയായി...

വേദനകളും വിരഹങ്ങളും വേര്‍പാടുകളും സ്പര്‍ശിക്കാത്ത ഹൃദയവുമായി പരീക്ഷിത്ത് ശാന്തനായി കണ്ണുകളടച്ചു. കടല്‍ക്കാറ്റ് പോലെ സാന്ദ്രമായി ഉറക്കം കണ്‍പോളകളെ തഴുകി. ഇപ്പോള്‍ നിലാവില്ല. തിരകളുടെ സംഗീതമില്ല. സുഖസുഷുപ്തിയുടെ പ്രശാന്തത മാത്രം. 

ഉറക്കമുണര്‍ന്നപ്പോള്‍ പതിവ് പ്രഭാതകര്‍മ്മങ്ങളും പതിവ് ജപങ്ങളും പ്രാര്‍ഥനകളും കഴിച്ചു. ശിവനെ പ്രത്യേകം ഭജിച്ചു. പ്രാതല്‍ കഴിഞ്ഞ് പതിവുളള മാതളത്തിന്റെ അല്ലികള്‍ നുണയുമ്പോള്‍ മനസ് അതീവശാന്തമായിരുന്നു. അത്യധികമായ ആഹ്‌ളാദം അതിലെങ്ങും നിറഞ്ഞുനിന്നു. 

'ഇന്ന് വല്യ സന്തോഷത്തിലാണല്ലോ? എന്ത് പറ്റി?' രാമച്ചവിശറി കൊണ്ട് വീശുന്നതിനിടയില്‍ മാദ്രി ചിരിച്ചുകൊണ്ട് ആരാഞ്ഞു.

'ഇന്ന് ശാപഗ്രസ്തതയുടെ കാലാവധി അവസാനിക്കുകയാണ്. ഇന്ന് വൈകിട്ട് സൂര്യന്‍ അസ്തമിക്കുമ്പോള്‍ മുനി കുമാരന്‍ അരുളിചെയ്ത സമയപരിധി തീരും. പിന്നെ ഈ ഭൂമിയില്‍ ആര്‍ക്കും നമ്മെ ഒന്നും ചെയ്യാനാവില്ല'

'പക്ഷെ അതിന് ഇനിയും കുറേ നാഴികള്‍ അവശേഷിക്കുന്നുണ്ടല്ലോ?'

'അതിനെന്ത്? ഈ ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തിലാണ് നാം അധിവസിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും എത്രയോ അടി ഉയരത്തില്‍ ഒറ്റക്കാല്‍മണ്ഡപത്തില്‍ തീര്‍ത്ത ഗൃഹം. ആര്‍ക്കും ഒരു ശക്തിക്കും ഇവിടേക്ക് കടന്നു വരാനാവില്ല. നമ്മെ സ്പര്‍ശിക്കുന്നത് പോയിട്ട് ഒന്ന് കാണാന്‍ പോലും സാധിക്കില്ല'

അതും പറഞ്ഞ്  പരീക്ഷിത്ത് ഉറക്കെ ചിരിച്ചു. മാദ്രിക്ക് വല്ലാത്ത ഭയാശങ്ക തോന്നി. എന്തും പ്രാപ്യമെന്ന അഹംബോധം വീണ്ടും അദ്ദേഹത്തെ ഗ്രസിച്ചിരിക്കുന്നു. അത് വിനാശത്തിന്റെ തുടക്കമാണ്. എല്ലാ ഈശ്വരാധിഷ്ഠിതമാണ്. ഈശ്വരാര്‍പ്പിതമാണ്. കൈയിലുളള ഈ നിമിഷം ഒഴികെ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല. അത്രകണ്ട് അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തെക്കുറിച്ചാണ് അദ്ദേഹം അതിരുകടന്ന ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത്. തന്റെ പ്രാര്‍ഥനകളുടെയും ഉപവാസത്തിന്റെയും ജപമന്ത്രങ്ങളുടെയും പിന്‍ബലമാവാം ഭഗവാന്‍ ഇവിടെ വരെ എത്തിച്ചത്. അതിനെ അദ്ദേഹം നിസാരമായി ഗണിക്കുന്നു. എല്ലാം കൈപ്പിടിയിലാണെന്ന് വൃഥാ അഭിമാനിക്കുന്നു. അദ്ദേഹത്തിന് അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന് അവള്‍ മനമുരുകി പ്രാര്‍ഥിച്ചു.

മൃത്യുഞ്ജയമന്ത്രങ്ങളാല്‍ പ്രാര്‍ഥനാമുറി മുഖരിതമായി. 

മണിയറയില്‍ ഏകനായി വീണ്ടും കടലിന്റെ പകല്‍ഭംഗിയില്‍ മുഴുകി പരീക്ഷിത്ത് സമയം കൊന്നു. മുറിക്ക് പുറത്ത് നീണ്ട ഇടനാഴിയുടെ അങ്ങേത്തലയ്ക്കല്‍ ഏറ്റവും വിശ്വസ്തരായ രണ്ട് അനുയായികള്‍ മാത്രം. കപ്പലില്‍ യാത്ര ചെയ്ത് കടലിന്റെ നടുവിലെ ഏകസ്തംഭത്തില്‍ സ്ഥിതി ചെയ്യുന്ന സത്രത്തിനുളളില്‍ കവാടത്തില്‍ തന്നെയുണ്ട് നിരവധി സുരക്ഷാഭടന്‍മാര്‍. അവരുടെ സൂക്ഷ്മപരിശോധനകള്‍ക്ക് വിധേയരായി മാത്രമേ ആര്‍ക്കും അകത്തേക്ക് പ്രവേശനമുളളു. നിര്‍ദ്ദിഷ്ട കാലാവധി കഴിയും വരെ ബന്ധുക്കള്‍ അടക്കം ആരെയും അകത്ത് പ്രവേശിപ്പിക്കരുതെന്ന് കര്‍ശന നിഷ്‌കര്‍ഷയുണ്ട്. ജനമേജയനും മാദ്രിയും പുറത്ത് പോകാറില്ല. കഴിഞ്ഞ ഒരു വാരത്തിനിടയില്‍ ആകെ അകത്ത് വന്നിട്ടുളളത് രാജഗുരുവും

ഭാഗവത സപ്താഹം ചൊല്ലിത്തന്ന ഋഷിമാരും മാത്രം. അവരെ പോലും കര്‍ശനപരിശോധനകള്‍ക്ക് ശേഷമാണ് സത്രത്തിനുളളില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്.

ഇനി അവശേഷിക്കുന്നത് ആറ് നാഴികയും ഏതാനും വിനാഴികയും മാത്രം. അതിനിടയില്‍ അരുതാത്തതൊന്നും സംഭവിക്കാതെ കടന്നു പോയാല്‍ ഒരു പുരുഷാര്‍ഥം പൂര്‍ത്തീകരിക്കാന്‍ ആയുര്‍ദേവതകള്‍ തന്നെ അനുവദിക്കും. ദൈവത്തിന്റെ കണക്ക് പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നത് എന്തെന്ന് അവിടത്തേക്ക് മാത്രമേ അറിയു. എന്ത് തന്നെയായാലും സ്വീകരിക്കാന്‍ സദാ സന്നദ്ധനായ മനുഷ്യന് ആപത്ശങ്കകളില്ല. എങ്കിലും അടങ്ങാത്ത ഒരു തരം ആകാംക്ഷയുണ്ട്. ഒരു നിമിഷം അല്ലെങ്കില്‍ ഒരു ദിവസം അതുമല്ലെങ്കില്‍ ഒരു വാരം അല്ല ഒരു മാസം അതുമല്ല ഒരു വര്‍ഷം ഹേയ്...ഒരുപാട് വര്‍ഷങ്ങള്‍ ഈ ഭൂമിയുടെ നിതാന്തസൗഭഗങ്ങളും സുഖാനുഭൂതികളും നുകര്‍ന്ന് ജീവിക്കാനുളള മോഹം. അത് അപ്രതിരോധ്യമാണ്. ഇന്നലെ രാത്രി വരെ മനസുകൊണ്ട് എല്ലാം വച്ചൊഴിഞ്ഞ ബോധം ഇപ്പോള്‍ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അത്രമേല്‍ ആസക്തവും പ്രലോഭനീയവുമായ ഒന്നാണോ ജീവിതം? 

പരിപക്വമായ അവബോധതലം വിറകൊളളുന്നു. അമര്‍ത്ത്യനായി നിലനില്‍ക്കാനുളള അടങ്ങാത്ത ത്വര പുറംതോടിനുളളില്‍ നിന്ന് മെല്ലെ തലനീട്ടുന്ന ആമയെ പോലെ ഭൂമിയുടെ വെളിച്ചം തേടുന്നു.

പുനര്‍ജന്മങ്ങളില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു ജന്മവും മനുഷ്യനു മടുക്കുന്നില്ല. വിരക്തികള്‍ താത്കാലികമാണ്. സ്വയംഹത്യകള്‍ പോലും ഒരു പ്രത്യേക നിമിഷത്തിലെ അതിവൈകാരികമായ തീരുമാനത്തിന്റെ ഉപോത്പന്നമാണ്. ജീവിക്കാനുളള മോഹത്തോളം തീവ്രവും തീക്ഷ്ണവും ആസക്തവും പ്രലോഭനീയവുമായി മറ്റൊന്നും തന്നെ ഈ ഭൂമിയില്‍ ഇല്ല. അടുത്ത ജന്മത്തില്‍ നാം മനുഷ്യനായി ജനിക്കുമെന്നതിന് എന്താണ് ഉറപ്പ്? മറ്റേത് ജീവജാലങ്ങള്‍ക്കും മനുഷ്യനുളള സവിശേഷമായ ജീവിതാനുഭവമില്ല. അതുകൊണ്ട് തന്നെ ഈ ജന്മം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. പ്രധാനമാണ്. 

അധികാരത്തിന്റെ ലഹരി, പ്രണയത്തിന്റെ അനുഭൂതി, രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന രുചിവൈവിധ്യങ്ങളുടെ സുഖം, അംഗീകാരത്തിന്റെ ആദരവിന്റെ സ്‌നേഹത്തിന്റെ മാസ്മരിക പ്രഭാവം...ഹാ...ഈ ജീവിതം എന്തൊരു അനുഭവമാണ്. ഇതിന്റെ കാന്തികവും വശ്യവുമായ ആകര്‍ഷണപ്രകര്‍ഷണങ്ങളില്‍ നിന്ന് വിട്ടുപോകുന്നതിനെക്കുറിച്ചളള ചിന്ത പോലും വേദനാഭരിതമാണ്.

ജീവിക്കണം...മടുത്തു ഇനി വയ്യ...എന്ന് മനസ് പറയും വരെ ജീവിക്കണം. പക്ഷെ അങ്ങനെ ഏതെങ്കിലും മനസ് പറയുമോ?

ഇല്ല. ഞാന്‍ ജിതേന്ദ്രിയനല്ല. ഈ ജന്മം എനിക്ക് അതിന് കഴിയില്ല. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത കുഞ്ഞാണ് ഞാന്‍. പുതിയ പുലരികളെക്കുറിച്ചുളള ലഹരി പിടിപ്പിക്കുന്ന പ്രതീക്ഷകള്‍ എന്റെ അന്തരംഗം നയിക്കുന്നു. ജീവിതാഭിമുഖ്യം ഭയാനകമായ അനുഭവമാണ്. അതിനെ അതിലംഘിക്കാന്‍ സ്വബോധമുള്ള ഒരു മനുഷ്യനും കഴിയില്ല. ചിലപ്പോള്‍ ദൈവങ്ങള്‍ക്ക് കഴിഞ്ഞേക്കും. ഈ നിമിഷം മനുഷ്യനിലെ ഈശ്വരാംശത്തെ ഞാന്‍ പടിക്ക് പുറത്ത് നിര്‍ത്തുന്നു. ഇപ്പോള്‍ ഞാനൊരു പച്ചമനുഷ്യനാണ്. മാദ്രിയുടെ സ്വേദകണങ്ങളില്‍  ചെമ്പകത്തിന്റെ ഗന്ധം തിരയുന്ന ഒരു പാവം മനുഷ്യാത്മാവ്. ഇന്നലെ വെളുക്കും വരെ ഞാന്‍ അറിഞ്ഞ ഞാന്‍ മറ്റൊരാളായിരുന്നു. അങ്ങനെ ഒരു സര്‍വസംഗപരിത്യാഗിയാകാന്‍ ഈ ജന്മം എനിക്ക് സാധിക്കില്ല.

ജീവിതം ഒരിക്കല്‍ മാത്രമുളള ഒരു അപൂര്‍വാനുഭവമാണ്. ഋഷി പറഞ്ഞ പൂര്‍വജന്മങ്ങളും പുനര്‍ജന്മങ്ങളും ഒരുപക്ഷേ സങ്കല്‍പ്പസൃഷ്ടമാണെങ്കിലോ? എങ്കില്‍ ഈ ജന്മം നഷ്ടമാക്കാന്‍ കഴിയുമോ? ശാശ്വതമായ നഷ്ടം...ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് അവരുടെ സ്‌നേഹപരിലാളനകള്‍ അന്യമായ ഏതോ ഇരുണ്ട ലോകത്തേക്ക്...അജ്ഞാതഭൂവിലേക്ക്...ഈശ്വരാ ഈ പരീക്ഷണഘട്ടം കടന്ന് പൂര്‍വാധികം ഭംഗിയോടെ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ എനിക്ക് കഴിയേണമേ...

പരീക്ഷിത്ത് ഉളളുനൊന്ത് പ്രാര്‍ഥിച്ചു. അയാളുടെ യാചന ചെവിക്കൊണ്ടിട്ടെന്നോണം ഏതോ ക്ഷേത്രസന്നിധിയില്‍ നിന്നും ശംഖ്‌നാദം മുഴങ്ങി. ശുഭസൂചനയില്‍ മുഖം പ്രസാദിച്ച് പ്രതീക്ഷയോടെ അയാള്‍ മാദ്രിയെ നോക്കി. അവള്‍ പ്രാര്‍ഥന കഴിഞ്ഞ് ശയ്യാതലത്തില്‍ വിശ്രമിക്കുകയായിരുന്നു. അവളുടെ ഉടലിന് ഇപ്പോള്‍ നെയ്‌വിളക്കിന്റെ മണമാണ്. 

പരീക്ഷിത്ത് അവളെ തന്നോട് ചേര്‍ത്തണച്ചു. ചന്ദനം മണക്കുന്ന ആ നെറ്റിത്തടത്തില്‍ പതിയെ ചുംബിച്ചു. അവള്‍ കണ്ണുകള്‍ കൂമ്പിയടച്ചു. ആ കണ്‍പോളകളിലും അയാള്‍ ചുംബിച്ചു. അവള്‍ ആ സ്‌നേഹമുദ്ര ആത്മാവില്‍ ഏറ്റുവാങ്ങിയ ഒരു ഭാവത്തില്‍ പതിയെ മന്ദഹസിച്ചു. ഈ പകല്‍ അവസാനിക്കാതിരുന്നെങ്കില്‍ എന്ന് പരീക്ഷിത്ത് ഒരു നിമിഷം ആഗ്രഹിച്ചു. പിന്നെ ഒരു നടുക്കത്തോടെ പിടിവിട്ട് അകന്ന് മാറി പ്രാര്‍ഥനാനിരതനായി കൈകൂപ്പി. ഈശ്വരാ...ഈ പകല്‍ ഒന്ന് അവസാനിച്ചിരുന്നെങ്കില്‍..

ഏഴാം നാള്‍ എന്ന ആ കടമ്പ കടന്ന് ജീവിതത്തിന്റെ ശാദ്വലഭൂമിയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍..

ദേവകള്‍ അയാളുടെ പ്രാര്‍ഥന കേട്ടിരിക്കാം. കേള്‍ക്കാതിരിക്കാം. പക്ഷെ അയാള്‍ക്ക് ജീവിതം അത്രമേല്‍ വലിയ അനിവാര്യതയായിരുന്നു.

പരീക്ഷിത്ത് പൂജാമുറിയില്‍ വീണ്ടും കടന്ന് വൈകുവോളം ജലപാനമില്ലാതെ മൃത്യുഞ്ജയമന്ത്രം ചൊല്ലി. അതിന്റെ അനുരണനം പോലെ മണിയറയിലെ ആട്ടുകട്ടിലില്‍ ചാഞ്ഞിരുന്ന് മാദ്രിയും അതേ പ്രാര്‍ഥന ചൊല്ലി.

ഇന്നത്തെ അസ്തമയം കടന്നു കിട്ടിയാല്‍ ജീവിതത്തിന്റെ സൗന്ദര്യം വീണ്ടും തങ്ങളിലേക്ക് മടങ്ങിയെത്തും. പിന്നെ വാര്‍ദ്ധക്യത്തോളം നീളുന്ന പ്രതീക്ഷാനിര്‍ഭരമായ വര്‍ഷങ്ങള്‍...ജനമേജയന്റെ  വളര്‍ച്ചയുടെ പല ഘട്ടങ്ങള്‍...അവന്റെ സ്ഥാനാരോഹണം, വിവാഹം, കുഞ്ഞുങ്ങള്‍...നാടെങ്ങും ജനങ്ങള്‍ അവനെ പുകഴ്ത്തുന്നത് കേട്ട് അഭിമാനത്താല്‍ പുളകിതമാവുന്ന പിതൃഹൃദയം..

...ഒരു മനുഷ്യജന്മത്തിലെ സാന്ദ്രമായ അനുഭവങ്ങളുടെ പരമകാഷ്ഠയില്‍ മാദ്രി മനസുകൊണ്ട് എത്തിച്ചേര്‍ന്നു. പിന്നെ സ്വയം നിയന്ത്രിച്ച് വീണ്ടും പ്രാര്‍ഥനയില്‍ മൂഴുകി.

സമയം ഒച്ചിഴയും പോലെ മന്ദഗതിയിലാണെന്ന് അവര്‍ക്ക് തോന്നി. യുഗയുഗാന്തരങ്ങളുടെ കാത്തിരിപ്പ് പോലെ സുദീര്‍ഘവും വിരസവും വിരക്തവും ആശങ്കാകുലവുമാണ് ഓരോ നിമിഷങ്ങളും. ഒരേ സമയം ആകുലതയും പ്രതീക്ഷയും സമന്വയിക്കുന്ന നിമിഷങ്ങള്‍...

ജീവിതവും മരണവും ഒരു തുലാസിന്റെ ഇരുതട്ടില്‍ ഊയലാടുകയാണ്. ഏതിനാണ് മൂന്‍തൂക്കം...ഏതിനാണ്? 

യാത്ര ഒരു നൂല്‍പ്പാലത്തിലൂടെയാണ്. ഏത് നിമിഷവും പൊട്ടിത്തകര്‍ന്ന് നിത്യാന്ധകാരത്തിന്റെ നിലയില്ലാക്കയത്തില്‍ പതിക്കാം. സൂക്ഷ്മവും വിലോലവുമായ നൂലിഴ പൊട്ടാതെ ഉലയാതെ ജീവിതത്തിന്റെ അനുസ്യൂതമായ തുടര്‍ച്ചയിലേക്ക് എത്തിപ്പെടാം. ഏതാണ് സംഭവിക്കുക? ഏതാണ് സംഭവിക്കാതിരിക്കുക?

പ്രവചനങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളുമെല്ലാം മനുഷ്യന് അജ്ഞാതമായ ഏതോ അദൃശ്യലോകത്താണ്. 

നിതാന്തമായ അജ്ഞതയാണ് മനുഷ്യജീവിതമെന്നു മാദ്രിക്ക് തോന്നി. ഒരു ഗര്‍ഭസ്ഥശിശുവിന് പോലും ചില കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയാറുണ്ട്. എന്നാല്‍ സ്വന്തം ജീവിതത്തിലെ അടുത്ത നിമിഷം പോലും തീര്‍ച്ചയില്ലാതെ മനുഷ്യന്‍ കാത്തിരിക്കുന്നു. ഏതോ അദൃശ്യശക്തിയുടെ കനിവിനായി...

ആ പകല്‍ മാദ്രിയും ഒന്നും കഴിച്ചില്ല. ജനമേജയനെ തനിച്ച് കഴിക്കാന്‍ വിട്ട് പരിചാരകരുടെ നിര്‍ബന്ധങ്ങള്‍ പാടെ നിരസിച്ച് ആരെയും ഇനി അകത്തേക്ക് കടത്തി വിടരുതെന്ന നിര്‍ദ്ദേശം കാവല്‍ക്കാരെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ച് മാദ്രി ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയവുമായി ഭര്‍ത്താവിന് അരികെ ഇരുന്നു. 

ഇപ്പോള്‍ അവര്‍ ശയനമുറിയിലെ സുതാര്യമായ കിടക്കയിലാണ്. അവരുടെ സ്വപ്നവസന്തം പലകുറി തളിരിട്ട ശയ്യാതലം.

അവള്‍ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു. വിരലുകള്‍ കൊണ്ട് രോമാവൃതമായ മാറില്‍ നഖചിത്രങ്ങളെഴുതി. അയാള്‍ക്ക് നാണം വന്നു. ചിരിയും. രാത്രികളില്‍ എല്ലാം മറന്ന് അഴിഞ്ഞാടുമ്പോള്‍ അനുഭവപ്പെടാത്ത നാണം ഉണര്‍ത്താന്‍ പകല്‍വെളിച്ചത്തിലെ ശൃംഗാരദ്യോതകമായ ഒരു നോട്ടത്തിന് പോലും സാധിക്കും.

അയാള്‍ അവളുടെ പിടയ്ക്കുന്ന കണ്ണുകളിലേക്ക് പ്രണയാതുരമായി നോക്കി. അതില്‍ കടലിന്റെ അഗാധനീലിമ ദൃശ്യമായി. കടല്‍ അയാള്‍ക്കെന്നും ഒരു ലഹരിയായിരുന്നു.അതിന് വേണ്ടി മാത്രമാണ് കടലിന്റെ ഒത്തനടുവില്‍ ഇങ്ങനെയൊരു സത്രം കാലേകൂട്ടി പണിയിച്ചത്. അതിന് പിന്നില്‍ ഇങ്ങനെയൊരു നിയോഗം ഈശ്വരന്റെ മനസിലുണ്ടായിരുന്നുവെന്ന് ആര് കണ്ടു? എല്ലാം പൂര്‍വനിശ്ചിതമാണെന്ന് ചിലപ്പോള്‍ തോന്നും. അവിടന്ന് എന്തൊക്കെയോ വിഭാവനം ചെയ്യുന്നു. നാം അനുസരിക്കുന്നു. ഈ പകലിന്റെ ഗതിയും ഒരുപക്ഷെ അങ്ങനെ തന്നെയാവും. അവിടത്തെ ഇച്ഛ പോലെ എന്തും സംഭവിക്കട്ടെ.

പരീക്ഷിത്ത് ശാന്തനായി കണ്ണടച്ച് അവളുടെ മേലേക്ക് ചാഞ്ഞ് ഒരു ശിശുവിനെപോലെ മാറിലേക്ക് മുഖം പൂഴ്ത്തി. അവളില്‍ അയാള്‍ അമ്മയെ തിരഞ്ഞു.

കൊട്ടാരത്തിന്റെ ഏതോ മുറിയില്‍ പ്രാര്‍ഥനാ നിരതയായി അമ്മയുണ്ട്. എന്തുകൊണ്ടോ അമ്മയെ അഭിമുഖീകരിക്കാന്‍ ധൈര്യം വരുന്നില്ല. അമ്മ ജീവിച്ചിരിക്കെയുളള മകന്റെ മരണം ഒരു മാതൃഹൃദയത്തിനും താങ്ങാന്‍ കഴിയില്ല. അതില്‍പരം ശാപഗ്രസ്തമായ ഒരു ജന്മം-അനുഭവം വേറെയില്ല. പാവം എന്റെ അമ്മയ്ക്ക് അങ്ങനെയൊന്നും സംഭവിക്കരുതേ...പരീക്ഷിത്ത് ഉളളില്‍ വിലപിച്ചു.

പൂര്‍ണ്ണഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവിന്റെ മരണം നേരിട്ടവളാണ് അമ്മ. ഇനി മകനും...

അയാളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. മാദ്രി തൂവല്‍പോലെ മൃദുവായ വിരല്‍ത്തുമ്പുകൊണ്ട് പതിയെ തുടച്ചു. പിന്നെ ആ കണ്ണുകളില്‍ ഉമ്മ വച്ചു. അയാള്‍ പതിയെ ചിരിച്ചു. അവളുടെ ചുംബനം കൊണ്ട് തുടച്ചുനീക്കാന്‍ കഴിയാത്ത ഒരു ദുഖവും അയാള്‍ക്കുണ്ടായിരുന്നില്ല. അവരുടെ ബന്ധം അത്രമേല്‍ ദൃഢമായിരുന്നു. കടലിനേക്കാള്‍ ആഴവും വ്യാപ്തിയുമുണ്ടായിരുന്നു അതിന്. അതുകൊണ്ട് തന്നെ പരസ്പരം പിരിയുന്നതിനെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഒരിക്കല്‍ സംയമനത്തിന്റെ ചരടുകള്‍ പൂര്‍ണ്ണമായും അറ്റ് മാദ്രി പറഞ്ഞു.

'അങ്ങേയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഒപ്പം ഞാനും പോരും'

'അതിന് എനിക്ക് എന്ത് സംഭവിക്കാനാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ വംശപരമ്പരയില്‍പെട്ട എനിക്ക് അഹിതമായതൊന്നും സംഭവിക്കില്ല മാദ്രീ'

അങ്ങനെ ആശ്വസിക്കുമ്പോളും എനിക്ക് മാത്രമല്ല മാദ്രിക്കും അറിയാം മരണം ഒരു വേടന്റെ അമ്പിന്റെ രൂപത്തില്‍ വന്ന് ഭഗവാനെയും അപഹരിച്ച് കടന്നു കളഞ്ഞിരുന്നു.

വിപരീതചിന്തകളെ പണിപ്പെട്ട് മായ്ച്ച് പരീക്ഷിത്ത് സമയസൂചികകളില്‍ ശ്രദ്ധയര്‍പ്പിച്ച് കാത്തിരുന്നു. നിമിഷങ്ങള്‍ തേരട്ടയെ പോലെ ഇഴഞ്ഞു. സമയസഞ്ചാരത്തിന്റെ ഏതോ ഒരു നിമിഷം അവിചാരിതമായി കളിപ്പാട്ടം, വീണു കിട്ടിയ ഒരു കുഞ്ഞിന്റെ ആഹ്‌ളാദപ്രഹര്‍ഷങ്ങളോടെ മാദ്രി തന്നെ ഉറക്കെ വിളിച്ചു പറഞ്ഞു.

'അതാ...സൂര്യന്‍ അസ്തമിക്കുന്നു..ഈ പകല്‍ അവസാനിക്കുന്നു'

പരീക്ഷിത്തിന്റെയുള്ളിലും ആഹ്‌ളാദം തായമ്പക കൊട്ടി. 

അയാള്‍ ഒരു പൂവിതള്‍ പറിക്കുന്ന മാര്‍ദ്ദവത്തോടെ അവളെ പതുക്കെ അടര്‍ത്തിമാറ്റി എണീറ്റ് ജനാലക്കരികിലേക്ക് നടന്നു. ഇപ്പോള്‍ അയാള്‍ക്ക് കൂടുതല്‍ അടുത്ത് കാണാം. ദൂരെ പടിഞ്ഞാറന്‍ മാനത്ത് സൂര്യന്‍ ഒരു കുങ്കുമപ്പൊട്ടായി മെല്ലെ മെല്ലെ കടലിലേക്ക് ആഴ്ന്നിറങ്ങുകയാണ്. അടുത്ത ഏതാനും നിമിഷങ്ങള്‍ക്കുളളില്‍ അത് പൂര്‍ണ്ണമായി കടലില്‍ ലയിക്കും. പിന്നെ ഇരുട്ട് പരക്കും. അങ്ങനെ ഭയചകിതമായ ഈ ദിവസം അവസാനിക്കും. തനിക്ക് മേല്‍ ചുമത്തപ്പെട്ട ശാപത്തിന്റെ കാലപരിധി അവസാനിക്കും. പീന്നീട് ഒരിക്കലും മുനികുമാരനെന്നല്ല ഒരു ശക്തിക്കും ഹസ്തിനപുരിയുടെ പരമാധികാരിയെ അത്രമേല്‍ ലാഘവത്തോടെ മുള്‍മുനയില്‍ നിര്‍ത്താന്‍ സാധിക്കില്ല. എന്റെ ജീവന്‍ വിലപ്പെട്ടതാണ്. ഈ നാട്ടിലെ പരസഹസ്രം ജനങ്ങള്‍ക്ക് പരീക്ഷിത്ത് മഹാരാജാവിനെ ആവശ്യമുണ്ട്. അവരുടെ മൗനപ്രാര്‍ഥനകള്‍ എനിക്ക് കൂട്ടായുണ്ട്. അവരുടെ രാജാവിനെ മരണത്തിന് വിട്ടുകൊടുക്കാന്‍ ഒരിക്കലും അവര്‍ക്ക് സാധിക്കില്ല. ഉളളുരുകിയ ആ പ്രാര്‍ഥനകളാണ് ചുവന്ന സൂര്യനായി ഈ കടലില്‍ താഴുന്നത്. എന്നേയ്ക്കുമായി മറയുന്നത്. നാളെ പ്രഭാതത്തില്‍ തീക്ഷ്ണശോഭയോടെ ഒരു പുതുജീവിതത്തിനായി ഉദിച്ചുയരാന്‍ ഒരുങ്ങുന്നത്. ശാപങ്ങളുടെ കറുപ്പില്ലാതെ അനുഗ്രഹവര്‍ഷങ്ങളുടെ പൂമഴ പെയ്യുന്ന ഒരു പുതുജന്മം.

ജീവിതത്തെ പരീക്ഷിത്ത് രണ്ട് ഭാഗങ്ങളായി മനസില്‍ വിഭജിച്ചു.

മാദ്രി പ്രണയാര്‍ദ്രമായി അയാളെ തന്നെ നോക്കി നിന്നു. അവളുടെ കണ്ണുകളില്‍ അസ്തമയ സൂര്യന്റെ ജ്വലനഭംഗി.

പെട്ടെന്ന് വാതില്‍പ്പടിയില്‍ നിഴലനക്കം കണ്ടു. ഇടനാഴിയില്‍ കാവല്‍ നില്‍ക്കുന്ന അനുചരന്‍മാരാണ്. ഒപ്പം രാജഗുരുവുമുണ്ട്. കാരണം തിരക്കും മുന്‍പ് ഗുരുവിന്റെ ചുണ്ടുകള്‍ ചലിച്ചു

''ചില ബ്രാഹ്‌മണര്‍ കാണാന്‍ വന്നിരിക്കുന്നു. മടക്കി അയക്കാന്‍ ആവുന്നത്ര ശ്രമിച്ചു നോക്കി. അവര്‍ക്ക് കണ്ടേ തീരൂ. പുറം കാഴ്ചയില്‍ പരമസാത്വികരായി തോന്നുന്നു. ബ്രാഹ്‌മണദര്‍ശനം പുണ്യമെന്നാ ശ്രുതി. തന്നെയുമല്ല. മൃത്യൂഞ്ജയം ലക്ഷ്യമാക്കി പന്ത്രണ്ട് വര്‍ഷം തപസ് അനുഷ്ഠിച്ചവരാണെന്ന് പറയുന്നു. അങ്ങയെ ഈ ആപത് സന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ആഗ്രഹിച്ച് വന്നതാണത്രെ. ദര്‍ശനം അനുവദിക്കേണ്ടതുണ്ടോ?'

'ഏയ്..ഭയപ്പാടെന്തിന്? നിര്‍ദ്ദിഷ്ട സമയം ഏറെക്കുറെ കഴിഞ്ഞിരിക്കുന്നു. അവര്‍ കാല്‍നടയായി എത്തുമ്പോഴേക്കും പൂര്‍ണ്ണാസ്തമയം സംഭവിച്ചിരിക്കും. പോരാത്തതിന് ബ്രാഹ്‌മണശ്രേഷ്ഠരല്ലേ? അവരുടെ അനുഗ്രഹവും പ്രാര്‍ഥനയും കൊണ്ട് ആപത്തുകള്‍ ഒഴിയുകയേയുള്ളു'

പരീക്ഷിത്ത് ലാഘവത്തോടെ പറഞ്ഞു. മാദ്രി അരുതേയെന്ന് ആംഗ്യഭാഷയില്‍ യാചിച്ചത് അയാള്‍ കണ്ടിട്ടും കാര്യമാക്കിയില്ല. ഗുരുവിന്റെ മുഖം ഗൗരവപൂര്‍ണ്ണമായിരുന്നു. അനിശ്ചിതത്വം നിറഞ്ഞ ഒരു ഭാവത്തിലും ശബ്ദത്തിലും അദ്ദേഹം പറഞ്ഞു.

'മഹാരാജന്‍ പറയുന്നത് ശരി തന്നെ. എന്നാലും ഇപ്പോഴത്തെ പരിതസ്ഥിതിയില്‍..ഒരു പുനരാലോചന വേണ്ടതുണ്ടോ?' പരീക്ഷിത്ത് ഒരു നിമിഷം കണ്ണുകള്‍ ഇറുകെയടച്ച് തുറന്നിട്ട്  പറഞ്ഞു.

'ശുഭസൂചകമെന്നാ മനസ് പറയുന്നത്'

'ശരി. അവിടത്തെ ഇഷ്ടം'

ഗുരു കാവല്‍ക്കാര്‍ക്ക് പിന്നാലെ മടങ്ങി.

പോയ വേഗത്തില്‍ അദ്ദേഹം തിരിച്ചു വരുമ്പോള്‍ ഒപ്പം അതിഥികളുമുണ്ടായിരുന്നു. വിശാലമായ ശയ്യാതലത്തിന്റെ പല ഭാഗങ്ങളിലായി നിരത്തിയിട്ട ഇരിപ്പിടങ്ങളില്‍ ഉപവിഷ്ഠരാവാന്‍ പരീക്ഷിത്ത് ക്ഷണിച്ചിട്ടും അതിഥികള്‍ തയ്യാറായില്ല.

'പോയിട്ട് തിരക്കുകളുണ്ട്. അതിലുപരി ഈ അസമയത്ത് അങ്ങയുടെ വിലയേറിയ സമയം അപഹരിക്കാന്‍ മനസ് വരുന്നില്ല. ഇതിലേ പോയ വഴിക്ക് ഒന്ന് കയറി മുഖം കാണിക്കാന്‍ ആശ. കാഴ്ചദ്രവ്യമായി ചില ഫലവര്‍ഗങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങളുടെ ഒരു സന്തോഷത്തിനായി അതിലൊരെണ്ണമെങ്കിലും അങ്ങ് ഭുജിച്ചാലും'

'തീര്‍ച്ചയായും. അസ്തമയം പൂര്‍ണ്ണമായാല്‍ ഒരു ലഘുഭക്ഷണം പതിവുണ്ട്. ഇന്ന് ബ്രാഹ്‌മണശ്രേഷ്ഠര്‍ കൊണ്ടു വന്ന വിശിഷ്ടഭോജ്യമാവട്ടെ'

ആഗതര്‍ പരസ്പരം നോക്കി മന്ദഹസിച്ചു. പിന്നെ രാജാവിനെ താണുതൊഴുത് യാത്രാമൊഴി ചൊല്ലി. അവര്‍ നടന്ന് മറഞ്ഞ വഴിയേ കഴുകി വൃത്തിയാക്കി താലത്തില്‍ നിരത്തിയ ഫലവര്‍ഗങ്ങളുമായി കാവല്‍ക്കാര്‍ വന്നു. അവര്‍ അത് യഥാസ്ഥാനത്തു വച്ച് മടങ്ങി.

പരീക്ഷിത്ത് പ്രേമപൂര്‍വം മാദ്രിയെ നോക്കി. പിന്നെ തിരിഞ്ഞ് ആകാശത്തേക്കും നോക്കി. സൂര്യന്‍ മുക്കാല്‍പങ്കിലേറെയും കടലില്‍ ആഴ്ന്ന് കഴിഞ്ഞിരിക്കുന്നു. ഇനി അവശേഷിക്കുന്നത് വളരെ ചെറിയ ഒരംശം മാത്രം. സഹജമായ അക്ഷമ പരീക്ഷിത്തിന്റെ ഹൃദയാന്തരത്തില്‍ നിന്നും തലനീട്ടി. 

അയാള്‍ താലത്തില്‍ ഭംഗിയായി ക്രമീകരിച്ച പല വര്‍ണ്ണങ്ങളിലുളള പഴവര്‍ഗങ്ങളിലേക്ക് ദൃഷ്ടി പായിച്ചു. ചുവന്ന നിറമുളള ആപ്പിളിന്റെ തിളക്കവും മിനുസവും പരീക്ഷിത്തിനെ പ്രലോഭിപ്പിച്ചു. അയാള്‍ കൊതിയോടെ അത് കടന്നെടുത്തു. ഇരുള്‍ വീണിട്ട് എന്ന് പറയണമെന്നുണ്ടായിരുന്നു മാദ്രിക്ക്. അവള്‍ അധരങ്ങള്‍ അനക്കും മുന്‍പ് അയാള്‍ ആപ്പിളില്‍ തന്റെ ദന്തനിരകളാഴ്ത്തി.

രണ്ടായി പിളര്‍ന്ന ആപ്പിളിനുളളിലിരുന്ന് ഒരു ചെറുജീവന്‍ വിറച്ചു.

വെളുത്ത പ്രതലത്തിലെ കറുത്ത ചലനം കണ്ട് പരീക്ഷിത്ത് സൂക്ഷ്മതയോടെ നോക്കി. ഇത്തിരിപ്പോന്ന ഒരു പുഴുവായിരുന്നു അത്. ഫലവര്‍ഗങ്ങളില്‍ പൊതുവെ പതിവുള്ളതാണ് ഇത്. അയാള്‍ ചൂണ്ടുവിരല്‍ കൊണ്ട് അതിനെ തോണ്ടിയെടുത്ത് ജനാലയിലൂടെ പുറത്തേക്ക് കളയാനൊരുങ്ങി.

പൊടുന്നനെ സീല്‍ക്കാര ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അത് ആ മുറിയോളം വളര്‍ന്നു.

ശയ്യാതലത്തേക്കാള്‍ നീളവും ഉയരവുമുളള ഒരു ഭീകരസര്‍പ്പമായി പുഴു രൂപാന്തരം പ്രാപിച്ചു. അത് വലിയ വായ് പിളര്‍ത്തി മൂര്‍ച്ചയുളള പല്ലുകള്‍ പുറത്ത് കാട്ടി. മാദ്രിയുടെ നിലവിളിയേക്കാള്‍ വേഗത്തില്‍ തക്ഷകന്‍ പരീക്ഷിത്തിനെ ആഞ്ഞുകൊത്തി. അതിന് തനിയാവര്‍ത്തനങ്ങള്‍ ഏറെയുണ്ടായി. രക്തം ചിതറിത്തെറിക്കുന്നതും മേലാകെ നീലിച്ച് കറുക്കുന്നതും പിന്നെ ബോധരഹിതനായി നിലംപതിക്കുന്നതും പരീക്ഷിത്ത് അറിഞ്ഞു. മാദ്രി രണ്ടാമതൊന്ന് കരയാന്‍ പോലുമാവാതെ ശില പോലെ മരവിച്ചു നിന്നു. തക്ഷകന്‍ ജനാലയിലുടെ ഊര്‍ന്നിറങ്ങി കടലില്‍ വിലയം പ്രാപിച്ചു.

പത്തിവിടര്‍ത്തിയ തക്ഷകന്റെ ക്രൗര്യത്തേക്കാള്‍ രൗദ്രഭാവത്തേക്കാള്‍ അവളില്‍ നടുക്കം വിതച്ചത് പരീക്ഷിത്തിന്റെ മുഖഭാവമായിരുന്നു.

മരണത്തെക്കുറിച്ചുളള ഭയാശങ്കകളില്ലാതെ ആത്മീയചൈതന്യം വഴിയുന്ന ഒരു പുഞ്ചിരിയോടെ ആ വിഷപ്പല്ലുകള്‍ക്കായി മനസ് തുറക്കുന്ന മഹാരാജന്‍.

അനിവാര്യമായ വിധിയ്ക്ക്, ഈശ്വരകല്‍പ്പിതമായ തീരുമാനത്തിന് സ്വയം ബലികൊടുക്കുന്ന മഹാരാജന്‍...

ജീവിക്കണം എന്ന് തീവ്രമായി അഭിലഷിക്കുമ്പോഴും ഉളളിന്റെയുളളില്‍ അദ്ദേഹം അറിഞ്ഞിരുന്നു. ചില അനിവാര്യതകള്‍ അപ്രതിരോധ്യമാണ്.

മാദ്രിയുടെ നിലവിളി കേട്ട് അടുത്ത മുറിയില്‍ നിന്ന് ജനമേജയനും പിന്നാലെ കാവല്‍ക്കാരും ഓടി വന്നു. തളംകെട്ടിയ രക്തത്തിന് നടുവില്‍ ചലനമറ്റ് കിടന്ന മഹാരാജാവിനെ കണ്ട് അനുചരന്‍മാര്‍ നടുങ്ങി. അവര്‍ കുലുക്കി വിളിച്ച് ജലപാനം നടത്താനും പ്രഥമശുശ്രുഷകള്‍ക്കും ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി.

തണുത്ത് മരവിച്ച ഒരു ശിലാവിഗ്രഹം പോലെ ഹസ്തിനപുരിയുടെ നാഥന്‍ കഥാവശേഷനായി. മാദ്രി ആ സത്യത്തെ ഉള്‍ക്കൊണ്ടിട്ടെന്ന പോലെ അതേ നില്‍പ്പ് തുടര്‍ന്നു. ജനമേജയന്‍ അമ്മയെ തന്റെ കരങ്ങളില്‍ താങ്ങി കിടക്കയിലേക്ക് ഇരുത്തി.

ചെറുവഞ്ചിയില്‍ അതിഥികള്‍ക്കൊപ്പം കടലിലൂടെ സഞ്ചരിച്ച് കടവിലെത്തിയ രാജഗുരു ഒന്ന് തിരിഞ്ഞു നോക്കി. പിന്നില്‍ നിരന്നിരുന്ന ബ്രാഹ്‌മണരെ കാണ്‍മാനില്ല. അവര്‍ എങ്ങോ അപ്രത്യക്ഷരായിരിക്കുന്നു. കടത്തുകാരന്‍ ഒരു അത്ഭുതനാടകം കണ്ടിട്ടെന്ന പോലെ മിഴിച്ചു നിന്നു. 

പിറ്റേന്ന് പകല്‍ കൊട്ടാരവളപ്പിലെ ചന്ദനച്ചിതയില്‍ പരീക്ഷിത്തിന്റെ ഭൗതികശരീരം കത്തിയമര്‍ന്ന് ഒരു പിടി വെണ്ണീറാവുമ്പോള്‍ കടലിനപ്പുറം ആകാശത്തിന്റെ അപാരതയിലിരുന്ന് അദ്ദേഹത്തിന്റെ ആത്മാവ് സമൗനം മന്ദഹസിച്ചു. അത് തന്നോടെന്ന പോലെ മന്ത്രിച്ചു.

'മനസേ...ഓര്‍ക്കുക...ഒന്നും ഒന്നിന്റെയും അവസാനമല്ല. എല്ലാം എല്ലാത്തിന്റെയും ആരംഭമാണ്. എനിക്കുറപ്പുണ്ട്. മറ്റൊരു രൂപത്തില്‍ മറ്റൊരു ഭാവത്തില്‍ ആത്മാവിന്റെ അഗാധതയില്‍ അവബോധ തലത്തിലെ പുത്തന്‍ തിരിച്ചറിവുകളുമായി ഞാന്‍ ഈ ഭൂമിയില്‍ പുനരവതരിക്കും. ഭൂമിയുടെ ചുടുനിശ്വാസങ്ങളേറ്റ് വാങ്ങും.

മഞ്ഞും മഴയും വെയിലും നിലാവും കാറ്റും കടലും സുര്യനും ചന്ദ്രനും താരാഗണങ്ങളും സാക്ഷി നിര്‍ത്തി ഞാന്‍ മജ്ജയും മാംസവുമുളള മറ്റൊരു മനുഷ്യനായി സഹജീവികളുടെ ചുടുനിശ്വാസങ്ങളേറ്റ് വാങ്ങും. ഹൃദ്യസ്പന്ദനങ്ങള്‍ക്ക് കാതോര്‍ക്കും. അല്ലെങ്കിലും മനുഷ്യനോളം ഈശ്വരാംശം നിറഞ്ഞ മറ്റെന്തുണ്ട്?

(അവസാനിച്ചു)

Content Summary: Paramapadam, Episode 10, E- Novel written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com