ADVERTISEMENT

പരിചയമുള്ളവരും ഇല്ലാത്തവരും ആ ഞായറാഴ്ച രാവിലെ റോഡിലൂടെ ഓടുന്നത് കണ്ട് വീട്ടുമുറ്റത്ത് നിന്ന ഗോപൻ അമ്പരന്നു. എന്താണ് സംഭവിക്കുന്നത്? പരിക്കുപറ്റി വെച്ചുകെട്ടുള്ള വയ്യാത്ത കാലും വലിച്ചു കൊണ്ടു സ്പീഡിൽ പോകുന്ന ശശിയെ കണ്ടപ്പോൾ ഗോപൻ വിളിച്ചു ചോദിച്ചു.

"എങ്ങോട്ടാടാ നീയടക്കം എല്ലാവനും ഓടുന്നത്? "

" ആ കാണാതായ ദാക്ഷായണിയുടെ ശവം. "

"എവടെ?"

"ആ സുബാഷിന്റെ പറമ്പില്."

ഗോപൻ ശടേന്ന്‌ വീട്ടിൽ കയറി ഒരു ഷർട്ട് എടുത്തിട്ടും കൊണ്ട് സ്വന്തം വീട്ടുമതില് ചാടിയോടി.

നാലുപാടും നിന്നാൾക്കാർ സുഭാഷിന്റെ ആൾതാമസമില്ലാത്ത വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നു. ഗോപൻ സുഭാഷിന്റെ വീടടുത്തതും തൊട്ടടുത്ത വീട്ടിലെ രണ്ടാം നില ടെറസിൽ നിന്ന കുരിയാക്കോസ് വിളിച്ചു പറഞ്ഞു.

"ഡാ ഗോപാ .. ഇങ്ങു കേറി വാടാ. ഇവിടെ നിന്ന് നോക്കാം."

കുരിയാക്കോയുടെ രണ്ടാം നില ടെറസിലെത്തിയ ഗോപൻ അണപ്പോടെ ചോദിച്ചു.

"എന്നതാ സംഭവം?"

"കൊറച്ചു ദിവസം മുൻപ് കാണാതായ ആ പ്രശ്നം വെപ്പുകാരി ദാക്ഷായണിത്തള്ള ദേണ്ടെ ആ കക്കൂസ് ടാങ്കിലൊണ്ട്. പോലീസും കൊന്നവമ്മാരും ദേണ്ടെ അപ്പറത്തു നിക്കുന്നു. ഇപ്പ ടാങ്ക് പൊട്ടിച്ചു ശവം എടുക്കും."

"ആരൊക്കെക്കൂടിയാ കൊന്നത്?"

"പപ്പനാവന്റെ മോൻ സുബാഷ്, അവന്റെ അളിയൻ പ്രദീപ്‌. പിന്നെ ആ അരിക്കച്ചവടക്കാരൻ വിനോദ് ."

പൊലീസും വിലങ്ങണിയിക്കപ്പെട്ട പ്രതികൾ മൂന്നു പേരും പ്രത്യക്ഷരായി. കുറച്ച് കഴിഞ്ഞ് കക്കൂസ് ടാങ്ക് പൊട്ടിച്ചു. ടാങ്കിൽ നിന്നെടുത്ത വൃദ്ധയുടെ അഴുകിയ ശവം കണ്ട് "കൊക്കൂൺ പോലെ ഒണ്ടെ "ന്ന്‌ കുരിയാക്കോയുടെ കോളേജിൽ പഠിക്കുന്ന മോൻ പറഞ്ഞു. അത് പോത്തിന്റെ പണ്ടം പോലെ തോന്നിച്ചു ഗോപന്. അവനു ഛർദ്ദിക്കണമെന്ന് തോന്നി.

.................... .................................... ...................................

ഒരു പ്രശ്നം നോക്കാനെന്നും പറഞ്ഞ്‌ കവടിപ്പലകയും കരുക്കളുമായി വീട് വീട്ടിറങ്ങിയ ദാക്ഷായണി രണ്ടു നാൾ കഴിഞ്ഞിട്ടും മടങ്ങി വരാതായപ്പോഴാണ് മൂത്ത മോൻ സുഗുണനും ഭാര്യ മാധവിയും കൂടി പൊലീസ് സ്റ്റേഷനിലെത്തി പരാതി ബോധിപ്പിക്കുന്നത്.

"മൂന്നാം പക്കവാണല്ലോ?"

പദ്മരാജനെ അനുസ്മരിച്ചു കൊണ്ട് എസ്.ഐ പരാതി വായിച്ച ശേഷം പറഞ്ഞു.

"അതേ സാർ. ഇന്ന് മൂന്നായി."

"സാധാരണ ഇങ്ങനെ പോയി വരാൻ താമസിക്കാറുണ്ടോ?"

"പണ്ടൊക്കെ."

"പണ്ടെന്ന് പറഞ്ഞാ?"

"എന്റെ കുഞ്ഞുന്നാളിൽ.അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി സാറേ. പിന്നെ അമ്മേടെ ജ്യോതിഷമായിരുന്നു ഞങ്ങളുടെ ജീവിതമാർഗം. അന്നൊക്കെ അമ്മ ഒരു പോക്ക് പോയാ ചെലപ്പം ഒരാഴ്ചയൊക്കെ കഴിഞ്ഞേ വരൂ. അന്ന് അമ്മാവനും ഒപ്പം പോകുവാരുന്നു. പിന്നെ ഞങ്ങൾ മക്കള് വളർന്നു തൊഴിലൊക്കെയായപ്പോ അമ്മയോട് ഈ പണി യങ്ങു നിർത്താൻ പറഞ്ഞു. "

"പറഞ്ഞാ കേട്ടാലും വേണ്ടുകേല." മാധവി ഇടക്ക് കേറി.

"അതെ സാറേ. പണി നിർത്താൻ പറഞ്ഞാ അമ്മ പറയുന്നവരെ വായീ വരുന്നതൊക്കെ വിളിച്ചു പറയും. അത് കൊണ്ട് ഞങ്ങള് പറച്ചില് നിർത്തി. പറഞ്ഞിട്ടും യാതൊരു കാര്യവുവില്ലല്ലോ."

"എങ്ങോട്ടാ പോകുന്നതെന്ന് വല്ലോം പറഞ്ഞാരുന്നോ?"

"ഇല്ല സാറേ. എന്തായാലും അടുത്ത് തന്നാ. മാറ്റിയിടാൻ തുണിയൊന്നും എടുത്തിട്ടില്ലാരുന്നു."

മാധവിയെ അനുകൂലിച്ചു എസ് ഐ തലയാട്ടി.

"അമ്മക്ക് മൊബൈൽ ഫോൺ ഉണ്ടൊ?"

"ഇല്ല സാറേ."

"ഉം."

അതോടെ എസ് ഐയുടെ മൊബൈൽ ടവർ ലൊക്കേഷൻ ഐഡിയ പൊളിഞ്ഞു.

"അടുത്തിടെ ആരേലും പ്രശ്നം വെപ്പിക്കാൻ വീട്ടിൽ വന്നാരുന്നോ?"

"ഇപ്പൊ അങ്ങനെ കാര്യമായിട്ടാരും വരുന്നില്ല. രണ്ടു ദിവസം കൂടിയിരിക്കുമ്പം ആരേലും വന്നാലായി. "

"ഉം. നിങ്ങൾക്കാരെയേലും സംശയം വല്ലതും?"

"പത്തെഴുപത്തഞ്ചു വയസ്സ് പ്രായവൊള്ള സ്ത്രീയെ കരുതിക്കൂട്ടി ആരേലും എന്തേലും ചെയ്യുവോ സാറേ? അതിനും മാത്രം ഒന്നുവില്ലല്ലോ അമ്മ."

"ഉം. വല്ല അപകടവും പറ്റിയതും ആവാം. ചിലപ്പോ നിങ്ങള് വീട്ടിൽ ചെല്ലുമ്പഴത്തേക്ക് വരാനും മതി."

പരാതി ഇനിഷ്യൽ ചെയ്തു കൊണ്ട് എസ് ഐ പറഞ്ഞു.

"അന്വേഷിക്കാം. നിങ്ങളുടെ മൊബൈൽ നമ്പർ? ആ.. പരാതിയിൽ ഉണ്ട്. പൊക്കോ. എന്തേലും ഒണ്ടേൽ ഞാൻ വിളിക്കാം."

Content Summary: Thaliyolakolapathakam, Episode 02, Malayalam Novelette Written by Shuhaib Hameed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com