ADVERTISEMENT

അധ്യായം 5

പ്ലാൻ ചെയ്തത് പോലെ കാര്യങ്ങൾ നടന്നു. കയ്യിലൊരു വലുപ്പമുള്ള തുണിസഞ്ചിയുമായി ദാക്ഷായണി പറഞ്ഞ സമയത്തു തന്നെ വന്നു. അവരെയും കയറ്റി വിനോദ് സുബാഷിന്റെ വീട്ടിലെത്തി.

"കൂട്ടുകാരാ." സുഭാഷിനെയും പ്രദീപിനെയും വിനോദ് പരിചയപ്പെടുത്തി.

"എന്നാപ്പിന്നെ നേരം കളയാതെ തൊടങ്ങിയേക്കാം. വീട് വാടകക്ക് എടുക്കാനാള് വരുന്നില്ല, വീടിന്റെ കച്ചവടവും നടക്കുന്നില്ല. അതല്ലേ പ്രശ്നം?." ദാക്ഷായണി ചോദിച്ചു.

അനന്തരം അവർ തുണിസഞ്ചിയിൽ നിന്നും കവടിപ്പലകയും കരുക്കളും പുറത്തെടുത്തു. അപ്പോൾ തന്നെ സഞ്ചി ശുഷ്കമായത് മൂവരും ശ്രദ്ധിച്ചു.

"താളിയോലകൾ കൊണ്ടു വന്നില്ലേ?"വിനോദ് ചോദിച്ചു.

" ഏയ്‌. ഇതിനൊക്കെ എന്തിനാ താളിയോല? നിങ്ങക്ക് കാര്യം നടന്നു കിട്ടിയാ പോരേ? അമ്മയത് ഭംഗിയായി ചെയ്തു തരാം. "

ദാക്ഷായണി നിലത്തിരുന്നു കവടിപ്പലകയും കരുക്കളും എടുത്തു വച്ചു.

മൂവരും അന്തം വിട്ടു നിൽക്കുകയാണ്. അവരുടെ നിൽപ്പ് കണ്ട് ദാക്ഷായണി ചിരിച്ചും കൊണ്ട് പറഞ്ഞു.

"അമ്മയെ വിശ്വസിക്ക് മക്കളേ."

"ആർടമ്മ?"പ്രദീപിന്റെ ഒച്ചയുയർന്നു.

രംഗം പന്തിയല്ലെന്ന് ദാക്ഷായണിക്ക് മനസ്സിലായി.

അവർ മെല്ലെ എണീറ്റു.

"എന്താ സൂമാരാ ഇത്?" അവർ വിനോദിനോട് ചോദിച്ചു.

"നിങ്ങളോട് ഞാൻ താളിയോലകൾ കൊണ്ടു വരണമെന്ന് പ്രത്യേകം പറഞ്ഞതല്ലേ തള്ളേ?" വിനോദിന്റെ ശബ്ദവും ഉയർന്നു.

"എങ്ങനെ പൂജ ചെയ്യണവെന്നു ഞാൻ തീരുമാനിക്കും. അല്ലാതെ നിങ്ങളല്ല."

അവരുടെ ഒച്ചയും പൊങ്ങി.

"പൊക്കോണം തള്ളേ. ഒരെണ്ണം അങ്ങോട്ടിട്ടു തന്നാലൊണ്ടല്ലോ." പ്രദീപ്‌ ദേഷ്യത്തോടെ കയ്യോങ്ങി.

"ആഹാ. നീയത്രക്കായോ? നല്ല തന്തക്കു പെറന്നവനാണേൽ ഒന്ന് തൊട്ടു നോക്കെടാ ...." തള്ള പ്രദീപിന്റെ മുന്നിൽ നിന്ന് ജ്വലിച്ചപ്പോൾ പ്രദീപൊരൂക്കൻ തള്ളു വച്ചു കൊടുത്തു. പുറകിലെ ചുവരിൽ ചെന്ന് ശക്തിയായി പിൻതലയിടിച്ചു അവർ താഴെ വീണു ചലനമറ്റു.

സുഭാഷ് അവരുടെ മൂക്കിന് താഴെ വിരൽ വച്ചു നോക്കി. പിന്നീട് പൾസ് നോക്കി. എന്നിട്ട് ഭയപ്പാടോടെ ഇരുവരെയും നോക്കി.

വിനോദ് ദാക്ഷായണിയുടെ കഴുത്തിലെ ഞരമ്പിൽ വിരൽ വച്ചു നോക്കിയ ശേഷം ആരോടെന്നില്ലാതെ വിറച്ചും കൊണ്ടു പറഞ്ഞു.

"പോയി."

....................... ........................................ ....................... 

പ്രതികളെ പൊലീസിന് വേഗം തന്നെ പിടികൂടാൻ കഴിഞ്ഞത് ദാക്ഷായണി വിനോദിന്റെ കാറിൽ കയറിപ്പോയ സ്ഥലത്തുള്ള കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ്.

പിന്നീടെല്ലാം മുറപ്രകാരം നടന്നു. വിനോദിൽ നിന്നും സുഭാഷിലേക്കും പ്രദീപിലേക്കും പോലീസ് എത്തി. മൂവരെയും പ്രതികളാക്കി കേസ് ചാർജ് ചെയ്തു.

മൂവരും നല്ല വക്കീലന്മാരെ വച്ചു കേസ് വാദിച്ചു.

തങ്ങളുടെ കക്ഷികൾ കുറ്റം ചെയ്തതിനു തെളിവുകൾ ഇല്ലെന്നും ദാക്ഷായണി വിനോദിന്റെ കാറിൽ കയറിയതും ബോഡി സുഭാഷിന്റെ ആളൊഴിഞ്ഞ വീട്ടിലെ കക്കൂസ് ടാങ്കിൽ നിന്നും കണ്ടെത്തിയതും ദുർബലമായ തെളിവുകളാണെന്നും വക്കീലന്മാർ വാദിച്ചു. പൊലീസിന്റെ മൂന്നാം മുറയിൽ താനാണ് കൊന്നതെന്നു സമ്മതിക്കേണ്ടി വന്നതെന്ന് പ്രദീപും കോടതിയിൽ പറഞ്ഞു.

തെളിവുകളുടെ അഭാവത്തിൽ കോടതി മൂവരെയും വെറുതെ വിട്ടിട്ട് പൊലീസിനോട് യഥാർഥ പ്രതികളെ കണ്ടെത്തുവാൻ ഉത്തരവിട്ടു.

യഥാർഥ പ്രതികൾക്കായുള്ള പൊലീസിന്റെ അന്വേഷണം തുടരുന്നു.

(അവസാനിച്ചു)

Content Summary: Thaliyolakolapathakam, Episode 05, Malayalam Novelette Written by Shuhaib Hameed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com