ADVERTISEMENT

അധ്യായം 7: പ്രണയസൗഗന്ധികം

സ്വപ്നം പോലെ സുന്ദരനായ ഒരാണ്‍കുഞ്ഞ്.

ലോമപാദന്‍ അവനായി ഒരു പേര് മനസില്‍ കരുതി വച്ചു.

'ചതുരംഗന്‍'

എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വര്‍ഷിണി ചോദിച്ചു.

'പ്രത്യേകിച്ച് ഒന്നും ഉദ്ദേശിച്ചല്ല. പെട്ടെന്ന് നാവില്‍ വന്നത് അങ്ങിനെയാണ്. പിന്നെ കുറെ ആലോചിച്ച് അതിന് ഒരു അര്‍ത്ഥം കണ്ടെത്തി. ഇവന്‍ ഒരു ആണ്‍കുട്ടിയാണ്. കരുത്തിന്റെ പ്രതീകം. ശക്തിയുടെ പ്രതീകം. കരുത്തുറ്റ കൈകാലുകളും ശരീരവും ഹൃദയവുമുളളവന്‍. ചതുരംഗന്‍. എങ്ങനെ പേര് കൊളളാമോ?'

എന്തായാലും സന്തോഷം എന്ന മട്ടില്‍ വര്‍ഷിണി കണ്ണുകള്‍ ഇറുക്കെയടച്ച് ചിരിച്ചു. അവര്‍ അസാമാന്യമായ ഏതോ നിര്‍വൃതിയിലായിരുന്നു.

ഈ ജന്മം നിഷിദ്ധമെന്ന് കരുതിയ മഹാഭാഗ്യം അവിചാരിതമായി കൈവന്നിരിക്കുന്നു.

സ്വന്തം അണ്ഡം ഭര്‍ത്താവിന്റെ ബീജവുമായി സംയോജിച്ച് ഒരു കുഞ്ഞുണ്ടാവുക എന്നത് വിദൂരസ്വപ്നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. അത്രയേറെ ശ്രമിച്ച് പരാജയപ്പെട്ടതാണ്. എന്നിട്ടും...

ഈശ്വരന്‍ ഒരു കുസൃതിക്കാരനാണെന്ന് പറയുന്നത് വെറുതെയല്ല. 

കുഞ്ഞിന്റെ സൂക്ഷ്മചലനങ്ങള്‍ പോലും ശ്രദ്ധിച്ച് വര്‍ഷിണി ഉറങ്ങാതെ നേരം വെളുപ്പിച്ചു.

മിക്ക രാത്രികളും അവര്‍ക്ക് പകലായി.

ശാന്തയും സമാനാവസ്ഥയില്‍ തന്നെയായിരുന്നു. 

കൊട്ടാരത്തിലെ ഏകാന്തതയില്‍ ചതുരംഗന്റെ കളിയും ചിരിയും അവള്‍ക്കും ഒരു പുതിയ അനുഭവമായിരുന്നു. പക്ഷെ ചതുരംഗന്റെ ജനനം തന്റെ കഴുത്തിന് മീതെ തൂങ്ങുന്ന വാളാണെന്ന് അവള്‍ക്ക് തോന്നി. രണ്ട് അപകടങ്ങളാണ് അവള്‍ അതില്‍ കണ്ടത്. ഒന്ന് വര്‍ഷിണിക്ക് സ്വന്തം കുഞ്ഞുണ്ടായ സ്ഥിതിക്ക് കൗസല്യയും ദശരഥനും തന്നെ തിരികെ ആവശ്യപ്പെടാം. വര്‍ഷിണിയമ്മ അതിന് സമ്മതം മൂളിയാല്‍ ഇത്രയും കാലം കെട്ടിപ്പൊക്കിയതെല്ലാം വിഫലമാകും. 

കുഞ്ഞുങ്ങളുണ്ടാവില്ല എന്ന ഒരേയൊരു കാരുണ്യത്തിന്റെ ആനുകൂല്യത്തിലാണ് അംഗദേശത്ത് താന്‍ വാത്സല്യഭാജനമായി വാഴുന്നത്. ഇന്നലെ വരെ ലോമപാദനും വര്‍ഷിണിക്കും താന്‍ ഒരു അനിവാര്യതയായിരുന്നു. കൗസല്യയുടെ നിര്‍ബന്ധം മൂലം പലകുറി മടക്കികൊടുക്കാന്‍ ഒരുങ്ങുമ്പോഴും അവര്‍ ഉളളില്‍ വേദനിച്ചിരുന്നു. താനില്ലാത്ത അംഗരാജ്യം അവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷെ ഇനി അതല്ല സ്ഥിതി. അവരുടേതെന്ന് പറയാന്‍ സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞ് പിറന്നിരിക്കുന്നു. അതും ആണ്‍കുഞ്ഞ്. ശാന്ത ഇനി മേല്‍ രണ്ടാം സ്ഥാനക്കാരി മാത്രം.

മൂപ്പിളമയോ പ്രായമോ ഒന്നും അവിടെ പ്രശ്‌നമല്ല. ചതുരംഗന്‍ ലോമപാദന്റെ സ്വന്തം ചോരയാണ്. അതിലുപരി അവന്‍ ഒരു ആണാണ്. ആയോധനമുറകള്‍ പഠിക്കാന്‍ അവകാശമുളള, രാജ്യാധികാരം കയ്യാളാന്‍ യോഗ്യതയുളള അസല്‍ ഒരാണ്.

അധികാരവും രാജകീയ സൂഖസൗകര്യങ്ങളുമൊന്നും തനിക്ക് പ്രശ്‌നമല്ല. ബാധകവുമല്ല. അതെല്ലാം അവന്‍ എടുത്തോട്ടെ. പരമ്പരാഗതമായി അവന് അവകാശപ്പെട്ടതാണ് എല്ലാം. താന്‍ ഇടയ്ക്ക് എപ്പഴോ അനര്‍ഹമായി വലിഞ്ഞു കയറി വന്ന ഒരു അതിഥി. അതിഥികള്‍ക്ക് ഒരിടവേളയ്ക്കപ്പുറം ഒരിടത്തും സ്ഥാനമില്ല.

പക്ഷെ ഒന്ന് മാത്രം നഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയില്ല.

വര്‍ഷിണിയും ലോമപാദനും ഇന്നോളം വാരിക്കോരി നല്‍കിയ സ്‌നേഹം. തന്റെ അന്തരാത്മാവിലെ നഷ്ടങ്ങള്‍ നേട്ടങ്ങളാക്കിയത് അവരാണ്. സ്വന്തം മാതാപിതാക്കള്‍ നിരാകരിച്ച വാത്സല്യവും പരിഗണനയും നല്‍കിയത് ഇവരായിരുന്നു. അത് ഇല്ലാതാകുന്നത് തനിക്ക് സഹിക്കാന്‍ കഴിയില്ല.

ശരീരം തളരും പോലെ തോന്നി. ആകെ വല്ലാത്ത ഒരു തരം വിഭ്രാന്തി. ഏത് തരം ന്ഷടങ്ങളും സഹിക്കാം. പക്ഷെ സ്‌നേഹനഷ്ടം-അത് ഭയാനകമാണ്. ഇത്രയും കാലം അനുഭവിച്ച സ്‌നേഹം ഇനിയങ്ങോട്ട് നിഷേധിക്കപ്പെടാന്‍ സാധ്യത ഏറെയാണ്. ഒന്നാമത് ചതുരംഗന്‍ കൈക്കുഞ്ഞാണ്. എല്ലാ സ്‌നേഹപരിലാളനകളും നല്‍കി വളര്‍ത്തി വലുതാക്കേണ്ട പ്രായം. താന്‍ മുതിര്‍ന്ന പെണ്‍കുട്ടിയാണ്. വിവാഹപ്രായമെത്തിയ സമ്പൂര്‍ണ്ണ സ്ത്രീ. തന്നെ ഇനിയും കൈവെളളയില്‍ കൊണ്ടു നടക്കണമെന്ന് ശഠിക്കുന്നത് ശരിയല്ല. അബോധമായി താനത് ആഗ്രഹിക്കുന്നുണ്ടെങ്കിലും..

പിന്നെ മറ്റൊരു വശം ചിന്തിച്ചാല്‍ ചതുരംഗന്റെ വരവ് തന്റെ പ്രാധാന്യം കുറയ്ക്കുമെന്നത് തന്റെ ഭാവന മാത്രമാണ്. ഈ നിമിഷം വരെ ആ തരത്തില്‍ ഒരു സൂക്ഷ്മചലനമോ വാക്കോ വര്‍ഷിണിയുടെയോ ലോമപാദന്റെയോ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മുന്‍പ് എങ്ങനെയോ അതുപോലെയാണ് അവര്‍ ഈ നിമിഷം വരെ പെരുമാറിയിട്ടുളളത്. ഇങ്ങനെയൊരു കുഞ്ഞ് ജനിച്ചു എന്ന് പോലും ഭാവിക്കുന്നില്ല. ഉളളില്‍ അനിര്‍വചനീയമായ സന്തോഷം സൂക്ഷിക്കുമ്പോഴും..പിന്നെവിടെയാണ് പ്രശ്‌നം. ചകിതമായ തന്റെ മനസില്‍ മാത്രം. അസംഭവ്യമായ എന്തൊക്കെയോ സംഭവിക്കാനിടയുണ്ടെന്ന് താന്‍ ഭയക്കുന്നു. അതിനെ പ്രതിരോധിക്കാനായി മനസ് സ്വയം കവചങ്ങള്‍ നിര്‍മ്മിക്കുന്നു. ശാന്തയ്ക്ക് തന്നോട് തന്നെ സഹതാപം തോന്നി. 

അടുത്ത നിമിഷം അവള്‍ സ്വയം തിരുത്തി. ഒരിക്കല്‍ അവഗണിക്കപ്പെട്ട പെണ്ണിന്റെ ആപത്ശങ്കകളാണിതെല്ലാം. അത് സ്വാഭാവികവും സാധാരണവുമാണ്.

അഥവാ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞാല്‍ തന്നെയെന്ത്? ഏത് നിമിഷവും തന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്താന്‍ സന്നദ്ധനാണ് മുത്തു. അതിന്റെ പേരില്‍ മരണം തന്നെ സംഭവിച്ചാലും പിന്നോട്ടില്ലെന്നാണ് അവന്റെ വാക്ക്.

മുത്തു തന്റേടമുളളവനാണ്. തുറസായ ഇടങ്ങളിലെ അത്യുഗ്രന്‍ ഇടിമിന്നലുകള്‍ക്ക് മുന്നില്‍ നെഞ്ചും വിരിച്ച് നില്‍ക്കുന്നത്ര ധൈര്യശാലി.

തെളിക്കുന്ന തേരിലെ കുതിരകളേക്കാള്‍ കരുത്തും വീര്യവും വേഗതയുമുളള മനസ്.

അവനില്‍ തനിക്കുളള വിശ്വാസം അചഞ്ചലമാണ്. കൊക്കില്‍ ജീവനുണ്ടെങ്കില്‍ അവന്‍ തന്നെ സ്‌നേഹിക്കും. സംരക്ഷിക്കും.

വിശ്വാസയോഗ്യനായ ഒരു പുരുഷന്റെ തണലുളള പെണ്ണിന് ഈ ലോകത്ത് മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല.

ശാന്ത ആ വിശ്വാസം നല്‍കിയ ധൈര്യത്തോടെ ഉളളില്‍ ചിരിച്ചു.

പക്ഷെ അവള്‍ ഭയപ്പെട്ട ഒരു കാര്യം വളരെ വേഗം യാഥാര്‍ത്ഥ്യമായി.

വര്‍ഷിണിക്ക് കുഞ്ഞ് പിറന്നത് അറിഞ്ഞ് കൗസല്യയും ദശരഥനും സമ്മാനങ്ങളുമായി കാണാനെത്തി. തേര് അംഗരാജകൊട്ടാര മുറ്റത്ത് വന്നു നില്‍ക്കേണ്ട താമസം ശാന്ത പിന്‍വാതിലിലൂടെ മുത്തുവിനൊപ്പം പുറം കാഴ്ചകള്‍ക്ക് പോയി.

കാരണം അറിയുന്നതു കൊണ്ട് ലോമപാദന്‍ എതിര്‍ക്കാന്‍ നിന്നില്ല.

മടങ്ങിയെത്തുമ്പോള്‍ അതിഥികളും മടങ്ങിയതായി അറിഞ്ഞു.

ശാന്തയ്ക്ക് വേദനയുണ്ടാകരുതെന്ന് കരുതി വര്‍ഷിണി ഒന്നും പറയാന്‍ നിന്നില്ല.

പക്ഷെ കേള്‍വിക്കാരിയായി നിന്ന പരിചാരിക ശ്രുതകീര്‍ത്തി എല്ലാം അവളോട് വിസ്തരിച്ചു.

ചതുരംഗന്‍ പിറന്ന സ്ഥിതിക്ക് ഇനി ശാന്തയെ ഞങ്ങള്‍ക്ക് മടക്കി തന്നുകൂടേയെന്ന് കൗസല്യ വര്‍ഷിണിയോട് ചോദിക്കുന്നത് അവള്‍ കേട്ടു പോലും. പ്രതീക്ഷിച്ചിരുന്നതു കൊണ്ട് ശാന്തയ്ക്ക് നടുക്കം തോന്നിയില്ല. പകരം അവള്‍ പരിഹാസ്യമായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. വര്‍ഷിണി അതേക്കുറിച്ച് കമാന്നൊരക്ഷരം ഉരിയാടിയില്ല. വേദനിപ്പിക്കുന്ന ഒന്നും ഇനി തങ്ങളുടെ ഭാഗത്തു നിന്നുണ്ടാവില്ല എന്നത് ഊര്‍മ്മിളയുടെ വീട്ടില്‍ വച്ചുളള ലോമപാദന്റെ വാക്കാണ്. അതില്‍ അദ്ദേഹവും അമ്മയും ഉറച്ചു നില്‍ക്കുന്നു.

ശാന്ത എല്ലാ വിവരങ്ങളും അപ്പപ്പോള്‍ മുത്തുവിനെ അറിയിച്ചുകൊണ്ടിരുന്നു. ഒരു അപകടഘട്ടം വന്നാല്‍ ഉടനടി കൊട്ടാരം ഉപേക്ഷിച്ച് വിദൂരതകളിലേക്ക് പലായനം ചെയ്യണം. അവിടെ ഏതെങ്കിലും ചെറിയ തൊഴില്‍ ചെയ്ത് സാധാരണക്കാരില്‍ ഒരാളായി ജീവിക്കണം.

ജീവിതത്തിന്റെ സന്ത്രാസങ്ങള്‍ നിലകൊളളുന്നത് സാധാരണക്കാരായ മനുഷ്യര്‍ക്കിടയിലാണെന്ന് ശാന്തയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവരിലൊരാളായി പകിട്ടും പത്രാസുമില്ലാത്ത ഒരു ജീവിതം അവള്‍ ഇടയ്ക്കിടെ സ്വപ്നം കാണാറുണ്ട്. സന്തോഷവും സമാധാനവും മാത്രമുളള ഒരു ജീവിതം.

ഇടനാഴിയിലൂടെ വീണയിരിക്കുന്ന മുറിയിലേക്ക് നടക്കുമ്പോള്‍ വര്‍ഷിണിയുടെ ശയ്യാതലത്തില്‍ കുഞ്ഞിനെയും നോക്കിയിരിക്കുന്ന ലോമപാദനെ അവള്‍ കണ്ടു. ഈയിടെയായി അദ്ദേഹത്തിന് രാജ്യകാര്യങ്ങളേക്കാള്‍ ശ്രദ്ധ ചതുരംഗനിലാണ്.

ശാന്ത കടന്നു പോകുന്നതറിയാതെ അദ്ദേഹം വര്‍ഷിണിയോട് പറയുകയാണ്.

'എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം സത്യമാണെന്ന് തോന്നുന്നു. മൂന്ന് ഭാര്യമാരിലും കുട്ടികളുണ്ടാകാത്തത് ഒരുപക്ഷെ ദശരഥന്റെ കുഴപ്പം തന്നെയാവും'

വര്‍ഷിണി അതിനോട് യോജിച്ചില്ല.

'അതെങ്ങിനെ ഉറപ്പിക്കാന്‍ കഴിയും? അങ്ങനെയെങ്കില്‍ ശാന്തയെ പോലൊരു കുട്ടി അദ്ദേഹത്തിനെങ്ങനെ ഉണ്ടായി?'

ലോമപാദന്‍ ആലോചനയോടെ പറഞ്ഞു.

'അതും ശരിയാണ്. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ തന്നെ കൗസല്യ ഗര്‍ഭിണിയാവുകയും ചെയ്തിരുന്നു'

അതിന്റെ ഉത്തരം വര്‍ഷിണി തന്നെ നല്‍കി.

'ഒരു കണക്കിന് ശാന്ത പറയുന്നതിലും കാര്യമുണ്ട്. അവളുടെ മനസിന്റെ വേദന, ആ ആത്മശാപം തന്നെയായിരിക്കും അവരെ ഈ ദുരന്തത്തിലെത്തിച്ചത്. അല്ലെങ്കില്‍ പിന്നെ മൂന്ന് ഭാര്യമാരിലും കുട്ടികള്‍ ഉണ്ടാവാതിരിക്കുമോ?'

അത് വാസ്തവമാണെന്ന് ലോമപാദനും തോന്നി. 

ശാന്ത കൂടുതല്‍ കേള്‍ക്കാന്‍ നിന്നില്ല. കാലുകള്‍ക്ക് ഗതിവേഗം വര്‍ദ്ധിപ്പിച്ച് വീണാമുറിയിലേക്ക് നടന്നു.

അവള്‍ പതിയെ വീണയെടുത്ത് മടിയില്‍ വച്ചു. വിരലുകള്‍ തന്ത്രികളില്‍ അതിദ്രുതം ചലിച്ചു. അതീവമനോഹരവും പ്രണയഭരിതവുമായ ഒരു ഈണം പുറത്തേക്ക് ഒഴുകി.

ലോമപാദന്‍ ആശ്ചര്യത്തോടെ അത് ശ്രദ്ധിച്ചു.ശാന്ത വീണമീട്ടുമെന്നത് അയാള്‍ക്ക് പുതിയ അറിവല്ല. പക്ഷെ ഇപ്പോള്‍ വീണാനാദത്തിലുടെ ഒഴുകിയെത്തുന്നത് തീവ്രപ്രണയത്തിന്റെ ശ്രുതിലയങ്ങളാണ്. ശാന്ത പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണ്. മനസില്‍ പ്രണയം മൊട്ടിടുന്ന കാലം. ഈ നിമിഷം വരെ അവളെ മറ്റൊരു സാഹചര്യത്തില്‍ കണ്ടിട്ടും കേട്ടിട്ടുമില്ല. എന്നാലും...

അകാരണമായ ആപത്ശങ്ക മനസിനെ ഗ്രസിക്കുന്നു.

ലോമപാദന്‍ വിഷയം വര്‍ഷിണിയുമായി പങ്ക് വച്ചു. അവര്‍ അത് നിസാരമായി തളളി.

'ശാന്തയെ നമുക്ക് അറിഞ്ഞുടേ മഹാരാജന്‍..അവള്‍ നല്ല കുട്ടിയാണ്. പാവമാണ്'

അവര്‍ വാത്സല്യം നുരയുന്ന ചെറുചിരിയോടെ പറഞ്ഞു.

അപ്പോഴും ലോമപാദന്റെയുളളില്‍ ഏതോ അപകടസൂചന നിറഞ്ഞു.

മുത്തുവിനെ രഹസ്യമായി വിളിച്ച് സൂചിപ്പിക്കുകയും ചെയ്തു.

പുറത്ത് പോകുമ്പോള്‍ ശാന്ത മറ്റാരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്യുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ അവള്‍ അറിയാതെ രഹസ്യമായി തന്നോട് വന്ന് പറയണം പോലും.

മുത്തു എല്ലാറ്റിനും സമ്മതഭാവത്തില്‍ തലയാട്ടി. പക്ഷെ ആ നിമിഷം മുതല്‍ ഭയം അവനെയും ഗ്രസിച്ചു തുടങ്ങി.

മഹാരാജാവിന് എന്തൊക്കെയോ സംശയങ്ങള്‍ തോന്നിത്തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഇംഗിതത്തിന് വിപരീതമായി എന്തെങ്കിലും തന്റെ ഭാഗത്തു നിന്നുണ്ടായി എന്നറിഞ്ഞാല്‍ ശിരസിന് മുകളില്‍ തലകാണില്ലെന്ന് ഉറപ്പാണ്.

രാജാവ് പറഞ്ഞ കാര്യങ്ങള്‍ വളളിപുളളി വിടാതെ അയാള്‍ ശാന്തയെ ധരിപ്പിച്ചു. എല്ലാം കേട്ടിരുന്ന ശേഷം ഗൗരവം നിറഞ്ഞ ഭാവത്തോടെ അവള്‍ പറഞ്ഞു.

'മുത്തു കൂടെയുളളപ്പോള്‍ ഞാന്‍ ഭയക്കുന്നതെന്തിന്?'

മുത്തു ചിരിച്ചു. അവളുടെ വിശ്വാസം. അവളുടെ സ്‌നേഹം. അവന്റെ മനസ് നിറഞ്ഞു. 

അവളുടെയും.

(തുടരും)

Content Summary: Santha, Episode 07, Malayalam E Novel Written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com