ADVERTISEMENT

അധ്യായം 8: ദാഹജലം

 

അംഗരാജ്യം അനുദിനം വരണ്ടു കൊണ്ടിരുന്നു. ഉഷ്ണക്കാറ്റേറ്റ് ഇലകള്‍ ഉണങ്ങിക്കരിഞ്ഞു. മരങ്ങള്‍ ഇലകള്‍ കൊഴിഞ്ഞ് അസ്ഥികൂടം പോലെ നിന്നു.

ദാഹജലത്തിനായി മനുഷ്യര്‍ക്കൊപ്പം സകല ജീവജാലങ്ങളും പരക്കം പാഞ്ഞു.

 

കുളങ്ങളും കിണറുകളും വറ്റി. മഴ പെയ്തിട്ട് വര്‍ഷങ്ങളായ നാട്. പേരിന് പോലും ഒരു തുളളി ജലം എവിടെയും അന്യമായി.

ശേഖരിച്ചു വച്ചതൊക്കെയും ഏതാണ്ട് പൂര്‍ണ്ണമായി തന്നെ തീരാറായി. ജലസംഭരണികള്‍ ദരിദ്രദേഹം പോലെ ശോഷിച്ചു വന്നു. ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ ദാഹജലം കിട്ടാതെ മനുഷ്യര്‍ മരിച്ചു വീഴുമെന്ന് ആളുകള്‍ പരസ്പരം അടക്കം പറഞ്ഞു.

 

പൗരപ്രമാണിമാര്‍ സംഘടിതരായി രാജാവിനെ വന്നു കണ്ട് സങ്കടം ഉണര്‍ത്തിച്ചു. ആരും പറയാതെ തന്നെ കാര്യങ്ങള്‍ അദ്ദേഹത്തിനറിയാമായിരുന്നു.

കൊട്ടാരം വക ജലാശയങ്ങള്‍ പോലും വറ്റിവരണ്ടു കൊണ്ടിരിക്കുകയാണ്.

മഴ അന്യനെ പോലെ അകലെ മാറി നില്‍ക്കുകയാണ്.

 

പല പൂജകളും ഹോമങ്ങളും യാഗങ്ങളും നടത്തി നോക്കി. എല്ലാം വിഫലം.

ഇത്രയധികം ജനങ്ങള്‍ക്ക് വേണ്ട ജലം പുറംരാജ്യങ്ങളില്‍ നിന്ന് ദിനംപ്രതി എത്തിക്കുക പ്രായോഗികമല്ല. പണച്ചെലവ് വേറെ. ഒരു ഖജനാവിനും അത് താങ്ങാന്‍ സാധിക്കില്ല.

 

വര്‍ഷകാലത്ത് എല്ലാ ദേശങ്ങളിലും മഴ തിമിര്‍ത്ത് പെയ്യുമ്പോള്‍ പോലും അംഗദേശം കൊടുംചൂടില്‍ കത്തി എരിയുകയാണ്. അസാധാരണമാണ് ഈ പ്രതിഭാസം. പ്രതിസന്ധിയുടെ യഥാര്‍ഥ കാരണമറിയാന്‍ രാജാവ് വലിയ പണ്ഡിതരെ കൊണ്ടു വന്ന് പ്രശ്‌നം വയ്പിച്ചു.

തലമുതിര്‍ന്ന ജ്യോത്സ്യന്‍ ഗണിതമനനങ്ങള്‍ക്ക് ശേഷം പ്രവചിച്ചു.

'ബ്രാഹ്‌മണശാപം കാണുന്നു. അങ്ങനെയെന്തെങ്കിലും സാഹചര്യങ്ങള്‍ സമീപകാലത്തുണ്ടായിട്ടുണ്ടോ?'

രാജാവ് ഓര്‍മ്മയില്‍ ചികഞ്ഞു. ശാന്തയും വര്‍ഷിണിയും മുഖാമുഖം നോക്കി. ശാന്ത അമ്മയുടെ കാതില്‍ അടക്കം പറഞ്ഞു.

പെട്ടെന്നാണ് വര്‍ഷിണി ഓര്‍ത്തത്. 

ഒരിക്കല്‍ പതിവു പോലെ ഒഴിവുദിനപ്പകലില്‍ നര്‍മ്മകഥകള്‍ പറഞ്ഞിരിക്കുകയായിരുന്നു രാജാവും ശാന്തയും.

 

വാസസ്ഥലത്തെ കുടിവെളളപ്രശ്‌നം രാജാവിനെ അറിയിക്കാന്‍ ദൂരദേശത്തു നിന്ന് എത്തിയതാണ് ഒരു ബ്രാഹ്‌മണന്‍.

കളിചിരിയില്‍ മുഴുകിയിരുന്ന രാജാവ് അദ്ദേഹത്തെ കണ്ട മട്ട് നടിച്ചില്ല.

രോഷാകുലനായ ബ്രാഹ്‌മണന്‍ തന്റെ സ്ഥാനം മറന്നു. അയാള്‍ രാജാവിനെ ശപിച്ച് ഇറങ്ങിപ്പോയി.

 

'അങ്ങയും അങ്ങയുടെ നാടും കുടിവെളളം കിട്ടാതെ നരകിക്കട്ടെ' എന്ന വാക്കുകള്‍ വര്‍ഷിണിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്.

ലോമപാദന്‍ അത് ചിരിച്ചു തളളിയതും അവള്‍ ഓര്‍ക്കുന്നു. എന്നാല്‍ ചില നേരങ്ങളില്‍ ചിലത് ഫലിക്കുമെന്ന് അവള്‍ക്കറിയാം.

 

ആത്മശാപം നിസാരമല്ല.

ശാന്തയുടെ മനസിന്റെ വേദനയാണ് ഇന്ന് കോസലരാജ്യം അനുഭവിക്കുന്നത്.

അതിനേക്കാള്‍ ഭീതിദമാണ് ഇപ്പോള്‍ അംഗരാജ്യത്തിന്റെ സ്ഥിതി.

ഇനിയും മഴ പെയ്തില്ലെങ്കില്‍ പല ജീവനും പൊലിയും. അതിന് രാജാവെന്നോ പ്രജയെന്നോ ഭേദമില്ല. പണ്ഡിതനെന്നോ പാമരനെന്നോ ഇല്ല. ബ്രാഹ്‌മണനെന്നോ ചണ്ഡാലനെന്നോ ഇല്ല. ജീവന്‍ എല്ലാവര്‍ക്കും ഒരു പോലെയാണ്. ജലം എല്ലാവര്‍ക്കും അനിവാര്യവുമാണ്.

 

പരാതിക്കാര്‍ വന്ന് മടങ്ങി. പിന്നാലെ മറ്റൊരു സംഘം രാജാവിനെ മുഖം കാണിക്കാനായി വന്നു. തൊട്ടുപിന്നാലെ അടുത്ത കൂട്ടര്‍ വന്നു. ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനം തേനീച്ചക്കൂട്ടം പോലെ കൊട്ടാരം പൊതിഞ്ഞു.

ചതുരംഗന്റെ ജനനം സൃഷ്ടിച്ച ആഹ്‌ളാദം കുടിവെളളപ്രശ്‌നത്തില്‍ പൊലിഞ്ഞു.

ലോമപാദന് ഉറക്കം നഷ്ടപ്പെട്ടു.

പ്രശ്‌നത്തെക്കുറിച്ച് ചിന്തിച്ച് തലപുണ്ണാക്കിയിട്ട് കാര്യമില്ല.

പ്രശ്‌ന പരിഹാരമാണ് വേണ്ടത്.

കൊട്ടാരം ജോത്സ്യന്‍ തന്നെ പരിഹാരവും നിര്‍ദ്ദേശിച്ചു.

''മൂന്ന് സ്ത്രീകളെ ബലികൊടുക്കണം. ഒരു വൃദ്ധ, ഒരു കുടുംബിനി,  കൗമാരക്കാരിയായ ഒരു കന്യക'

രാജാവ് നടുങ്ങി. പ്രജകള്‍ക്കിടയില്‍ നിന്ന് മൂന്ന് ജീവന്‍ കുരുതികൊടുക്കുക. എന്ത് അസംബന്ധമാണിത്. അതേ സമയം അനിവാര്യതയുമാണ് പറയുന്നത്. കൊട്ടാരം ജോത്സ്യനാണ്. അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ പിഴച്ച ചരിത്രമില്ല. 

ലോമപാദന്‍ എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പി. 

 

ശാന്തയുടെ കണ്ണുകള്‍ ജ്വലിച്ചു. അവള്‍ പ്രായം മാനിക്കാതെ അനുഭവങ്ങളെ ആദരിക്കാതെ ജോത്സ്യനോട് തുറന്ന് ചോദിച്ചു.

'സ്ത്രീകളെ കൊലയ്ക്ക് കൊടുത്തെങ്കിലേ മഴ പെയ്യൂ എന്നുണ്ടോ? എന്തുകൊണ്ട് പുരുഷന്‍മാരെ ബലി കൊടുത്തൂടാ..'

'അങ്ങനെയാണ് കുമാരി പ്രശ്‌നത്തില്‍ കാണുന്നത്' അയാള്‍ വിനയാന്വിതനായി അറിയിച്ചു.

'ഏത് പ്രശ്‌നത്തില്‍? നിങ്ങള്‍ പുരുഷന്‍മാര്‍ വയ്ക്കുന്ന പ്രശ്‌നത്തില്‍..അല്ലേ..?'

 ജോത്സ്യന്‍ ഒന്ന് വിയര്‍ത്തു. രാജകുമാരിയുടേതാണ് ചോദ്യം.

ഉത്തരം പറയാനും പറയാതിരിക്കാനും കഴിയാത്ത അവസ്ഥ.

ഒടുവില്‍ വളരെ പണിപ്പെട്ട് ഇത്രമാത്രം പറഞ്ഞു. 'ചെയ്യണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാമല്ലോ?'

'എന്നാല്‍ വേണ്ട എന്ന് ഞാന്‍ പറയുന്നു. ആരുടെയും ജീവന്‍ കുരുതി കൊടുത്ത് കുറെ പേര്‍ രക്ഷപ്പെട്ടിട്ടെന്ത് കാര്യം?'

'പിന്നെ നാട് ഒന്നടങ്കം ഇല്ലാതാവണമെന്നാണോ നീ പറയുന്നത്?'

രാജാവിന് പെട്ടെന്ന് ദേഷ്യം വന്നു.

നയപരമായ കാര്യങ്ങളില്‍ വര്‍ഷിണി പോലും ഇന്നോളം അഭിപ്രായം പറഞ്ഞ് കേട്ടിട്ടില്ല. അല്ലെങ്കില്‍ തന്നെ പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം? അതും എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണ് രാജ്യകാര്യങ്ങളില്‍ ഇടപെടുന്നു.

'തലയിരിക്കുമ്പോള്‍ വാലാടണ്ട' ലോമപാദന്‍ തീര്‍ത്ത് പറഞ്ഞു.

അത് ശാന്തയെ നോവിച്ചു.

അവള്‍ ഒന്നും മിണ്ടാതെ തലതാഴ്ത്തി പുറത്തേക്ക് നടന്നു.

രാജാവ് അത് കാര്യമാക്കാതെ കല്‍പ്പിച്ചു.

'തീരുമാനം ഉടനടി നടപ്പാക്കാം. മഴ പെയ്യുമെന്ന് ഉറപ്പാണല്ലോ അല്ലേ?'

 ജോത്സ്യന്‍ ഒന്ന് പതറി. 'പെയ്യേണ്ടതാണ്..'

'അങ്ങനെ പറഞ്ഞാല്‍ പോര. ഉറപ്പ് തരണം. മൂന്ന് ജീവന്‍ ബലി കൊടുത്തിട്ടും മഴ പെയ്തില്ലെങ്കില്‍ ജനം രാജാവിനെ പഴിക്കും.'

'ഈശ്വരന്റെ കയ്യിലുളള കാര്യമല്ലേ തിരുമനസേ..'

'എങ്കില്‍ ബലിദാനമല്ലാത്ത മറ്റൊരു വഴി പറയൂ'

 

ജോത്സ്യന്‍ വീണ്ടും കവടി നിരത്തി. ധ്യാനത്തില്‍ മുഴുകി. മന്ത്രങ്ങള്‍ ജപിച്ചു. ഇരുകരങ്ങളിലുമിട്ട് കശക്കിയ കവടി കവടിപ്പലകയിലേക്ക് നീട്ടി എറിഞ്ഞു.

വീണ്ടും ധ്യാനനിരതനായ ശേഷം കണ്ണുകള്‍ തുറന്നു.

രാജാവും സഭാംഗങ്ങളും പ്രതീക്ഷയോടെ  ജോത്സ്യനെ നോക്കി.

'ഇത് അച്ചട്ടാണ്. ഫലിക്കും. സംശയം വേണ്ട'

'എന്താണെന്ന് പറയൂ'

രാജാവ് അക്ഷമനായി. ജനങ്ങളുടെ ഭാഗത്തു നിന്നും അദ്ദേഹത്തിന് മേലുളള സമ്മര്‍ദ്ദം എത്ര വലുതാണെന്ന്  ജോത്സ്യന് നല്ല നിശ്ചയമുണ്ടായിരുന്നു.

അദ്ദേഹം ഇപ്രകാരം ഉണര്‍ത്തിച്ചു.

'സ്ത്രീയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരു തപസ്വിയെ കൊണ്ടുവന്ന് യാഗം നടത്തണം. പെണ്ണിന്റെ മണവും രൂപവും അജ്ഞാതമായിരിക്കണം അദ്ദേഹത്തിന്. പെണ്ണ് എന്നൊന്നുണ്ട് എന്ന് പോലും ബോധവാനല്ലാത്ത ഒരാള്‍..'

'അങ്ങനെയൊരു മുനിയുണ്ടോ ഈ ഭൂമിയില്‍?'

ലോമപാദന്‍ ആശ്ചര്യം പൂണ്ടു.

'നിശ്ചയം.  വിഭാണ്ഡക മഹര്‍ഷിയുടെ പുത്രന്‍... ഋശ്യശൃംഗന്‍... വാസം കൊടുംകാട്ടില്‍. നാടറിയില്ല. നാട്ടാരെ അറിയില്ല. പെണ്ണിനെ തീര്‍ത്തും അറിയില്ല. ഇന്നോളം പിതാവിനെ മാത്രമേ അദ്ദേഹം കണ്ടിട്ടുളളു''

രാജാവിന്റെ മുഖം വിടര്‍ന്നു.

ആ അറിവ് തന്നെ പുതുമയുളളതായിരുന്നു.

പെണ്ണിനെക്കുറിച്ച് കേട്ടറിവ് പോലുമില്ലാത്ത മുനികുമാരന്‍.

ഋശ്യശൃംഗന്‍...

പുതുമുളള പേര്...

 

ലോമപാദന്‍ അദ്ദേഹത്തെക്കുറിച്ച്  വിശദമായി അന്വേഷിച്ചു. കൊട്ടാരം വൈദ്യന്‍ തന്റെ അറിവുകള്‍ പങ്ക് വച്ചു.

'ഋശ്യശൃംഗനെ അംഗദേശത്ത് എത്തിക്കുക ഒട്ടും  എളുപ്പമല്ല. അത്ര കാര്‍ക്കശ്യക്കാരനാണ് അദ്ദേഹത്തിന്റെ പിതാവ് വിഭാണ്ഡകന്‍. മഹാമുനിയായ വിഭാണ്ഡകന്റെ കണ്ണുവെട്ടിച്ച് ആര്‍ക്കൂം തന്നെ ഋശ്യശൃംഗനെ സമീപിക്കുകയോ സംസാരിക്കുക പോലും സാധ്യമല്ല. തപശക്തിയുടെ തീവ്രത നഷ്ടപ്പെടാന്‍ വിഭാണ്ഡകന്‍ ഒരു കാരണവശാലും അനുവദിക്കില്ല. നിര്‍ബന്ധപൂര്‍വം അതിന് ശ്രമിച്ചാല്‍ മഹര്‍ഷിയുടെ ശാപശക്തിയാല്‍ ആ വ്യക്തി വെന്ത് വെണ്ണീറാവും. വിഭാണ്ഡകനെ അറിയുന്ന ആരും അതിന് ശ്രമിക്കില്ല. അദ്ദേഹത്തിന് അഹിതമായ ഒരു കാര്യവും ചെയ്യില്ല. അത്രകണ്ട് തപശക്തിയുളള മുനിശ്രേഷ്ഠനാണ് അദ്ദേഹം.'

'അങ്ങിനെയെങ്കില്‍ നമ്മുടെ പരിശ്രമം വൃഥാവിലാവുമെന്ന് ചുരുക്കം'

'അങ്ങിനെയും പറയാന്‍ സാധിക്കില്ല പ്രഭോ..ആവശ്യം നമ്മുടെയാണ്. തന്ത്രപൂര്‍വം മുനികുമാരനെ വശീകരിച്ച് അംഗദേശത്ത് എത്തിക്കണം. അതിന് കഴിവും പ്രാപ്തിയുമുളളവരെ ദൗത്യം ഏല്‍പ്പിക്കണം'

'വൈദ്യര്‍ എന്താണ് ഉദ്ദേശിക്കുന്നത്?'

വൈദ്യര്‍ ഒന്ന് ആലോചിച്ചു. പിന്നെ നെറ്റിത്തടം മെല്ലെ തടവി, മുടി  മാടിയൊതുക്കി കൊണ്ട് പറഞ്ഞു.

 

'ദേവദാസികളില്‍ പുകള്‍പെറ്റ മാലിനിയെക്കുറിച്ച് കേട്ടിട്ടില്ലേ അങ്ങ്. അവളുടെ ഒരു മകളുണ്ട്. വൈശാലി. ദേവസുന്ദരിമാര്‍ ഒന്നിച്ച് വന്നാല്‍ ഇത്രയും ഭംഗിയുണ്ടാവില്ല. മാലിനിയും മകളും മനസ് വച്ചാല്‍ ഋശ്യശൃംഗന്‍ എന്നല്ല ഏത് താപസന്റെയും മനമിളകും'

ലോമപാദന്‍ അടുത്തു നിന്ന മന്ത്രിയെ നോക്കി. രാജാവിന്റെ നോട്ടത്തിന്റെ പോലും അര്‍ഥം ഗ്രഹിക്കാന്‍ പ്രാപ്തനായിരുന്നു മന്ത്രി.

'വൈശാലിയും മാലിനിയും എവിടെയുണ്ടെങ്കിലും ഉടന്‍ കൊട്ടാരത്തിലെത്തിക്കണം'

മന്ത്രി സമ്മതം അറിയിച്ചു.

 

രഥങ്ങളും പല്ലക്കുകളും പല ദിക്കുകളിലേക്ക് പാഞ്ഞു.

മുന്നിലുളള ദൗത്യം വിചാരിക്കുന്നതിലും സങ്കീര്‍ണ്ണമാണെന്ന് രാജാവിന് ഉറപ്പായിരുന്നു. ഭക്ഷണമേശയില്‍ പോലും അദ്ദേഹം അതേക്കുറിച്ച് മാത്രം ചിന്തിച്ചു.

അത്താഴത്തിനിരിക്കുമ്പോള്‍ ശാന്തയെ കണ്ടില്ല. സാധാരണ മൂന്ന് പേരും ഒരുമിച്ച് കഴിക്കുകയാണ് പതിവ്.

കുഞ്ഞിനെ ഉറക്കാന്‍ പരിചാരികയെ ഏല്‍പ്പിച്ച് വര്‍ഷിണി ഭക്ഷണമുറിയിലേക്ക് വന്നിട്ടും ശാന്ത എത്തിയില്ല. ലോമപാദന്‍ കാരണം തിരക്കിയപ്പോള്‍ വാത്സല്യം നിറഞ്ഞ ചിരിയോടെ വര്‍ഷിണി പറഞ്ഞു.

'കുറച്ച് പരിഭവത്തിലാണ്'

'ഞാന്‍ വഴക്ക് പറഞ്ഞതിന്റെയാണോ?'

അവര്‍ അതെയെന്ന് മൂളി.

ലോമപാദന്‍ നനഞ്ഞ കൈ വസ്ത്രത്തില്‍ തുടച്ച് ശാന്ത ഇരിക്കുന്ന മുറിയിലേക്ക് പോയി. ഒരുപാട് അനുനയങ്ങള്‍ക്ക് ശേഷം അവള്‍ അദ്ദേഹത്തിനൊപ്പം വന്നിരുന്ന് കഴിക്കാന്‍ തുടങ്ങി.

നാലായി മുറിച്ച ഒരു ആപ്പിള്‍ മെല്ലെ കടിച്ചുകൊണ്ട് ലോമപാദന്‍ തന്നെ തുടക്കമിട്ടു.

'ശാന്തേ..നീയെന്റെ മൂത്തമകളാണ്. ആദ്യജാത. ഏത് സമയത്തും നിനക്കെന്നെ ഉപദേശിക്കാം. തിരുത്താം. അതിനുളള അവകാശവും അധികാരവും നിനക്കുണ്ട്. പക്ഷെ അത് നമ്മള്‍ മാത്രമുളള വേദികളില്‍ വച്ചായിരിക്കണം. ഒരു പൊതുസദസില്‍ വച്ച് മകള്‍ എന്നല്ല ആരായാലും രാജാവിനെ തിരുത്തുന്നത് നല്ല കീഴ്‌വഴക്കമല്ല. അത് മറ്റുളളവര്‍ക്ക് ആ സ്ഥാനത്തോടുളള ആദരം നഷ്ടപ്പെടുത്തും'

 

ശാന്തയ്ക്ക് ആ ന്യായം ഉള്‍ക്കൊളളാന്‍ കഴിയുമായിരുന്നു. പശ്ചാത്താപത്തിന്റെ തണുപ്പുളള സ്വരത്തില്‍ അവള്‍ പറഞ്ഞു.

'ക്ഷമിക്കൂ അച്ഛാ..ഞാന്‍ അത്രയ്ക്ക് ആലോചിച്ചില്ല'

'ആലോചിക്കണം. ഇനിയെങ്കിലും..ഇവിടെ ഈ ഭക്ഷണവേളയില്‍ നിനക്കെന്തും പറയാം. എന്തും..'

വര്‍ഷിണി ഓറഞ്ചിന്റെ അല്ലി അടര്‍ത്തി വായില്‍ തിരുകുന്നതിനിടയിലും അമര്‍ത്തി ചിരിച്ചു. അച്ഛനും മകളും തമ്മിലുളള പിണക്കങ്ങള്‍ എപ്പോഴും അല്‍പ്പായുസുക്കളാണ്. അവളുടെ മുഖം വാടിയാല്‍ അദ്ദേഹത്തിന് സഹിക്കില്ല. തിരിച്ചും..

ഭക്ഷണത്തിനിടയില്‍ ലോമപാദന്‍ പുതിയ തീരുമാനത്തെക്കുറിച്ച് പറഞ്ഞു.

 

മാലിനിയെയും വൈശാലിയെയും മുന്നില്‍ നിര്‍ത്തി ഋശ്യശൃംഗനെ വശീകരിച്ച് അംഗദേശത്ത് കൊണ്ടു വരിക എന്ന ദൗത്യം.

'അത് യാഥാര്‍ഥ്യമാവുമോ?'

എന്ന് മാത്രമാണ് വര്‍ഷിണി ചോദിച്ചത്. അതിനപ്പുറം ചിന്തിക്കാന്‍ അവള്‍ അശക്തയായിരുന്നു. ശാന്ത അതേക്കുറിച്ച് ഗാഢമായി ആലോചിച്ചു. അവള്‍ സൗമ്യമായി തന്റെ സംശയം ഉന്നയിച്ചു.

'വിഭാണ്ഡകനെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട് അച്ഛാ.. അസാധാരണ സിദ്ധികളുളള മഹര്‍ഷിയാണ് അദ്ദേഹം. ആ നോട്ടം കൊണ്ട് പോലും മനുഷ്യന്‍ നിന്ന നില്‍പ്പില്‍ ദഹിച്ചു പോകും. അത്രയ്ക്ക് ശക്തന്‍. അങ്ങനെയുളള ആള്‍ കോപിച്ചാല്‍ മാലിനിയും വൈശാലിയും ഇല്ലാതായി പോകില്ലേ അച്ഛാ..'

ലോമപാദന്‍ ചിരിച്ചു.

'രണ്ട് പേരുടെ ജീവനേക്കാള്‍ വലുതല്ലേ മകളെ ഒരു മഹാജനതയുടെ ജീവന്‍'

'രണ്ടും ഒരു പോലെ വലുതല്ലേ അച്ഛാ..ഒരു എറുമ്പിന് പോലും സ്വന്തം ജീവന്‍ പ്രധാനമല്ലേ?'

ലോമപാദന്‍ അപ്പോഴും ചിരിച്ചു.

'നമുക്ക് മുന്നില്‍ മറ്റ് വഴികളില്ലല്ലോ കുട്ടീ'

'ഇല്ലെന്നാര് പറഞ്ഞു. വൈശാലിക്ക് പകരം ഞാന്‍ പോകാം. ജീവന്‍ നഷ്ടപ്പെടുന്നെങ്കില്‍ എന്റേതാവട്ടെ. സ്വന്തം അച്ഛനും അമ്മയ്ക്കും പോലും വേണ്ടാത്ത ജീവനല്ലേ അത്'

 

വര്‍ഷിണി ഒന്ന് വല്ലാതായി. ശാന്തയുടെ മനസിലെ കനല്‍ വീണ്ടും ആളുകയാണ്. മരണത്തിലേക്ക് സ്വയം എറിഞ്ഞുകൊടുക്കാന്‍ പോലും അവള്‍ സന്നദ്ധയാവുന്നു.

പെട്ടെന്ന് ലോമപാദന്റെ ശബ്ദം മുഴങ്ങി.

'ആര്‍ക്കൊക്കെ വേണ്ടെങ്കിലും ഞങ്ങള്‍ക്ക് വേണം നിന്നെ. '

ശാന്ത നിറകണ്ണുകളോടെ അവരെ മാറി മാറി നോക്കി. അതെ എന്ന അർഥത്തില്‍ വര്‍ഷിണി പുഞ്ചിരിച്ചു. 

ഉറക്കെ കരഞ്ഞു പോയി ശാന്ത.

 

ലോമപാദന്‍ ഇരിപ്പിടത്തില്‍ നിന്നും എണീറ്റ് അവളെ ചേര്‍ത്തുപിടിച്ചു. പിന്നെ ഒരു കുഞ്ഞിനെയെന്ന പോലെ തലചരിച്ചുപിടിച്ച് വായിലേക്ക് ആപ്പിളിന്റെ കഷണം വച്ചുകൊടുത്തു. ചിരിച്ചുപോയി ശാന്ത. ആ ചിരി വര്‍ഷിണിയിലേക്കും പകര്‍ന്നു.

തിരികെ വന്ന് സ്വസ്ഥാനത്തിരുന്ന് ലോമപാദന്‍ പറഞ്ഞു.

'ആരെയും മരണത്തിലേക്ക് തളളിവിട്ട് ലക്ഷ്യം സാധിക്കുക എന്നൊരു ചിന്ത വിദൂരമായി പോലും അച്ഛന്റെ മനസിലില്ല മകളേ... ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയോടെ തന്നെയാണ് മാലിനിയെയും മകളെയും അയയ്ക്കുന്നത്. ഞാന്‍ മനസിലാക്കിയിടത്തോളം കാര്യം സാധിച്ചു വരാന്‍ പ്രാപ്തിയുളളവരാണ് അവര്‍. നമുക്ക് ശ്രമിച്ചു നോക്കാം. ഒരു രാജ്യം മുഴുവന്‍ മരണത്തിലേക്ക് നടക്കുമ്പോള്‍ നമുക്ക് കയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കുമോ?'

അച്ഛന്‍ പറയുന്നത് ന്യായമാണെന്ന് ശാന്തയ്ക്ക് തോന്നി.

അവള്‍ പിന്നെ എതിര്‍വാദങ്ങള്‍ ഉയര്‍ത്തിയില്ല. പകരം ഇത്രമാത്രം പറഞ്ഞു.

'ശ്രമം നടക്കട്ടെ അച്ഛാ...അതിന് മുന്‍പ് എനിക്ക് വൈശാലിയെ ഒന്ന് കാണണം. എന്റെ അതേ പ്രായമുളള കുട്ടിയെന്നാണ് കേള്‍വി'

'ആര് പറഞ്ഞു നിന്നോട് ഈ വിശേഷങ്ങളൊക്കെ?'

'മുത്തു. അവനറിയാത്ത ആരും നാട്ടിലില്ലല്ലോ?'

'അത് ശരിയാണ്. ഒരു വാര്‍ത്ത നാട്ടില്‍ വിളമ്പരം ചെയ്യുന്നതിന് പകരം മുത്തുവിനോട് പറഞ്ഞാല്‍ മതി'

ആ തമാശ കേട്ട് വര്‍ഷിണി ഉറക്കെ ചിരിച്ചു പോയി.

അച്ഛന്‍ അവനെ പ്രത്യേകം ശ്രദ്ധിക്കുന്നതില്‍ ശാന്തയ്ക്ക് ചെറുതല്ലാത്ത അഭിമാനം തോന്നി.

 

അകത്ത് കുഞ്ഞ് കരഞ്ഞു എന്ന അറിയിപ്പുമായി പരിചാരിക വന്നു.

വര്‍ഷിണി ഭക്ഷണം പാതിയാക്കി അവിടേക്ക് ഓടി.

 

ശാന്ത നഷ്ടബോധത്തോടെ ആ പോക്ക് നോക്കിയിരുന്നു. തനിക്ക് മുന്‍തൂക്കം നഷ്ടപ്പെടുന്ന നിമിഷാര്‍ദ്ധം പോലും അവള്‍ക്ക് അസഹ്യമായിരുന്നു.

 

(തുടരും)

 

Content Summary: Santha, Episode 08, Malayalam E Novel Written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com