ADVERTISEMENT

അധ്യായം 9: സാഹസം

മാലിനിയെയും വൈശാലിയെയും അവരുടെ സങ്കേതത്തില്‍ ചെന്ന് കണ്ടെത്തിയത് മുത്തു തന്നെയാണ്. മറ്റാരേക്കാള്‍ വേഗത്തില്‍ അവന്‍ ആ കര്‍ത്തവ്യം നിര്‍വഹിച്ചത് രാജാവിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ആദ്യം കൊട്ടാരത്തില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം.

രാജാവ് തന്നെ നേരിട്ട് കാര്യങ്ങള്‍ അവരെ പറഞ്ഞ് മനസിലാക്കി. പ്രശ്‌നം ഒരു വ്യക്തിയുടേതല്ല. ഒരു നാട് ആകെ കുടിവെളളം കിട്ടാതെ വിഷമിക്കുകയാണ്. മാലിനി അടക്കമുളളവര്‍ അതിന്റെ ഇരകളാണ്. 

ദൗത്യം കേട്ട മാത്രയില്‍ മാലിനി ഒന്ന് ഭയന്നു. വിഭാണ്ഡകന്റെ സിദ്ധികളെക്കുറിച്ച് അവള്‍ക്ക് ഉത്തമബോധ്യമുണ്ട്. അദ്ദേഹത്തിന്റെ അപ്രീതിയുണ്ടായാല്‍ മരണം ഉള്‍പ്പെടെ എന്തും സംഭവിക്കാം. അപ്പോഴും ആത്മവിശ്വാസത്തോടെ വൈശാലി പറഞ്ഞു.

'നമുക്കൊന്ന് ശ്രമിച്ചുനോക്കാം അമ്മേ... ഒരു നാടിന്റെ കാര്യമല്ലേ?'

'അവളുടേത് യുവരക്തമാണ്. എന്ത് സാഹസത്തിനും ധൈര്യമേറും. പക്ഷെ ദൗത്യം തീരെ എളുപ്പമല്ല പ്രഭോ..'

മാലിനിക്ക് പാതിമനസ് പോലുമില്ലെന്ന് തിരിച്ചറിഞ്ഞ് രാജാവ് ഉത്തരവിന്റെ കാര്‍ക്കശ്യം മറന്ന് അപേക്ഷയുടെ ദൈന്യതയോടെ പറഞ്ഞു.

'നാടിന് വേണ്ടി നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടി മാലിനി...നീ ഈ ചുമതല ഏറ്റെടുക്കണം. പ്രതിഫലമായി നീ ആവശ്യപ്പെടുന്ന എന്തും മുന്‍കൂറായോ പിന്‍കൂറായോ എങ്ങനെയും നല്‍കാന്‍ തയ്യാര്‍'

ആ വാഗ്ദാനത്തില്‍ അവള്‍ പെട്ടെന്ന് പ്രലോഭിതയായി. പണം അവരുടെ വലിയ ദൗര്‍ബല്യങ്ങളിലൊന്നാണെന്ന് വൈശാലിക്ക് നന്നായറിയാം.

'വൈശാലി കന്യകാത്വം നഷ്ടപ്പെടാത്ത പെണ്ണാണ്. അങ്ങനെയാണ് ഞാന്‍ അവളെ ഇക്കണ്ട കാലം വളര്‍ത്തീത്'

മാലിനി അവസരം നഷ്ടപ്പെടുത്താതെ വിലപേശി. അത് മനസിലാക്കിയിട്ടും രാജാവ് നിലപാട് മാറ്റിയില്ല.

'പറയൂ..എന്ത് വേണം നിനക്ക്. എന്തും ആവശ്യപ്പെടാം'

'എനിക്കും ഇവള്‍ക്കും - രണ്ട് തലമുറകള്‍ക്ക് അല്ലലില്ലാതെ കഴിയണം. ഇനിയെങ്കിലും ഈ തൊഴില്‍ അവസാനിപ്പിച്ച് മാന്യമായി ജീവിക്കാന്‍ വകയുണ്ടാവണം'

ലോമപാദന്‍ അവള്‍ പ്രതീക്ഷിച്ചതിലും സമ്പത്ത് വാഗ്ദാനം ചെയ്തു. മാലിനിയുടെ മുഖം തിളങ്ങി. 

വൈശാലിയുടെ മനസില്‍ അപ്പോഴും ആകുലതകളായിരുന്നു. പുറമെ ധൈര്യം ഭാവിച്ചെങ്കിലും ദൗത്യം ഭംഗിയായി നിര്‍വഹിച്ച് തങ്ങള്‍ ജീവനോടെ മടങ്ങി വരുമോ എന്ന കാര്യത്തില്‍ അവള്‍ക്ക് സംശയമുണ്ടായിരുന്നു. സ്വന്തം ജീവന്റെ വിലയാണ് രാജാവ് വാഗ്ദാനം ചെയ്യുന്നതെന്ന് അവള്‍ക്ക് തോന്നി.

മാലിനിയുടെ മനസില്‍ ഉന്മേഷം നിറയ്ക്കാനായി കണ്ണഞ്ചിക്കുന്ന രത്‌നങ്ങളുടെ ശേഖരം തന്നെ രാജാവ് മുന്‍കൂര്‍ നല്‍കി. ബാക്കി ദൗത്യം കഴിഞ്ഞ്. കൈവന്ന ധനം കണ്ടപ്പോള്‍ തന്നെ അവളുടെ മനസ് നിറഞ്ഞു. വിലമതിക്കാനാവാത്തത്ര മൂല്യമുണ്ട് ഓരോ രത്‌നങ്ങള്‍ക്കും.

മാലിനി വലയില്‍ വീണെന്ന് കണ്ട് രാജാവ് പ്രതീക്ഷയോടെ മന്ത്രിയെ നോക്കി. അദ്ദേഹം ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. പിന്നെ പുഞ്ചിരിച്ചു.

കാട്ടിലേക്ക് പുറപ്പെടാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിന് മുന്‍പ് ഒരു ജോലി ബാക്കിയുണ്ട്. 

ശാന്ത തനിക്ക് വൈശാലിയെ ഒന്ന് കാണണമെന്ന് പറഞ്ഞിരുന്നത് രാജാവ് ഓര്‍ത്തു. മുത്തുവിനെ തന്നെയാണ് അതിനും ചുമതലപ്പെടുത്തിയത്.

ഉദ്യാനത്തിന്റെ ഹരിതസമൃദ്ധിയില്‍ വച്ച് പരസ്പരം കണ്ടുമുട്ടുമ്പോള്‍ ശാന്തയുടെ ഉളളില്‍ സഹജമായ അസൂയ തിണര്‍ത്തു. വൈശാലി താന്‍ വിചാരിച്ചതിലും പതിന്‍മടങ്ങ് സുന്ദരിയാണ്. ഋഷ്യശൃംഗനെന്നല്ല ഏത് ജിതേന്ദ്രിയനും ഒറ്റനോട്ടത്തില്‍ തന്നെ വീണ് പോകും.അതേസമയം തന്നെ ശാന്തയ്ക്ക് അവളോട് സഹതാപവും തോന്നി. പാവം സ്വന്തം ജീവന്‍ പണയം വച്ചാണ് കളി.

എന്തൊക്കെ വാഗ്ദാനങ്ങളും പാരിതോഷികങ്ങളും ലഭിക്കുമെന്ന് പറഞ്ഞിട്ടെന്ത് കാര്യം? അതൊക്കെ അനുഭവിക്കാന്‍ ജീവന്‍ ബാക്കിയുണ്ടാവണ്ടേ?

വൈശാലി തന്റെ അതേ പ്രായം തോന്നിക്കുന്ന പെണ്ണാണ്. ജീവിതത്തിന്റെ മധുരസം ആസ്വദിച്ച് തുടങ്ങിയിട്ടില്ലാത്ത പെണ്ണ്. അവള്‍ കന്യകയാണെന്ന് കൂടി കേട്ടതോടെ ശാന്തയ്ക്ക് വല്ലാത്ത സങ്കടം അനുഭവപ്പെട്ടു. കുലത്തൊഴില്‍ അവളുടെ മനസിന്റെ വിദൂരകോണില്‍ പോലുമില്ല. യോജ്യനായ ഒരു യുവാവിനൊപ്പം മാതൃകാപരമായ ഒരു കുടുംബജീവിതമാണ് മനസില്‍. വൈശാലിയെക്കുറിച്ച് മാലിനിയുടെ സ്വപ്നവും അതുതന്നെയാണ്. കുലത്തൊഴിലിലേക്ക് ഇറങ്ങാന്‍ ഒരിക്കലും അവര്‍ മകളെ നിര്‍ബന്ധിച്ചിട്ടില്ല. 

എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഈ പരീക്ഷണം വേണ്ടിയിരുന്നില്ലെന്ന് ശാന്തയ്ക്ക് തോന്നി. പ്രജകളെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ ബാധ്യസ്ഥനായ രാജാവ് തന്നെ ഇവിടെ സാധുവായ ഒരു പെണ്‍കുട്ടിയെ വേശ്യാവൃത്തിയിലേക്ക് തളളിവിടുന്നു. ദൗത്യം എത്ര മഹത്തരമായിക്കൊളളട്ടെ, ഒരാളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് ആവാന്‍ പാടുണ്ടോ?

തീക്ഷ്ണമായ ധാര്‍മ്മികവിചാരം ശാന്തയുടെ മനസിനെ ചുറ്റിവരിഞ്ഞു.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവള്‍ മുത്തുവിന്റെ കാതില്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. 'സുരസുന്ദരിയെ കണ്ട് മനസ് മയങ്ങണ്ട'

അവളുടെ സ്ത്രീസഹജമായ അസൂയയെക്കുറിച്ച് ഓര്‍ത്ത് അയാള്‍ ഉളളില്‍ ചിരിച്ചു. പിന്നെ ഇങ്ങനെ പറഞ്ഞു. 'കാട്ടില്‍ എത്തിച്ചുകൊടുക്കുക എന്നത് മാത്രമാണ് എന്റെ ദൗത്യം. അത് കഴിഞ്ഞ് മടങ്ങിപ്പോരും.'

ശാന്തയ്ക്ക് വീണ്ടും സങ്കടം തോന്നി. ഭീതിദമായ കൊടുംകാട്ടില്‍ രണ്ട് സ്ത്രീകള്‍ തനിച്ച്. ഏത് സമയത്തും എന്തും സംഭവിക്കാം. എല്ലാറ്റിലുമുപരി കൊടുംശാപത്തിന് സദാ തയ്യാറെടുത്ത് സത്വരകോപത്തിന്റെ പ്രതീകമായി വിഭാണ്ഡകമഹര്‍ഷി.

എന്ത് തന്നെയായാലും ഇനി തിരുത്താന്‍ ആര്‍ക്കും സാധിക്കില്ല. അവരുടെ വിധി തീരുമാനിക്കപ്പെട്ടു കഴിഞ്ഞ ഒന്നാണ്.

വിദൂരതയിലേക്ക് അകന്നു പോകുന്ന രഥങ്ങള്‍ ഇച്ഛാഭംഗത്തോടെ അവള്‍ നോക്കി നിന്നു.

കൗശകി നദിക്കപ്പുറമാണ് കാട്. ഉള്‍ക്കാടിന് മറ പോലെ കൂറ്റന്‍ മലനിരകള്‍. അനുദിനം അടര്‍ന്നു വീഴുന്ന പാറക്കെട്ടുകള്‍. അതും കടന്ന് വിഭാണ്ഡകന്റെ ആശ്രമത്തിലെത്തുക അസാധ്യം. അതിന് ശ്രമിക്കുന്നവര്‍ക്ക് മരണം നിശ്ചയം. 

മലകടക്കുന്നവരെ പാറകള്‍ വീഴ്ത്തി നിഗ്രഹിക്കാന്‍ അവയ്ക്കും മുന്‍കൂര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് വിഭാണ്ഡകന്‍. പ്രകൃതി പോലും അനുസരിക്കും വിധം അത്യുജ്ജ്വലമാണ് ആ തപശക്തി.

എല്ലാമറിഞ്ഞിട്ടും സാഹസത്തിന് തയ്യാറായ മാലിനിയുടെ വിപദിധൈര്യം അപാരം.

കൗശകി നദിക്കപ്പുറം വരെയേ രഥം സഞ്ചരിക്കു. മാലിനിയെയും വൈശാലിയെയും നദിക്ക് ഇക്കരെ കൊണ്ടുചെന്നാക്കി നദിയില്‍ തയ്യാറാക്കി നിര്‍ത്തിയ ചങ്ങാടത്തില്‍ കയറ്റി അയച്ചതുകൊണ്ട് മുത്തുവിന്റെ ദൗത്യം അവസാനിക്കുന്നില്ല. അക്കരെ മറകെട്ടി വാസമുറപ്പിക്കണം. അനുദിനം സംഭവിക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കണം. ചങ്ങാടത്തില്‍ സുരക്ഷയ്ക്കായി വേറെയും ഭടന്‍മാരും ദാസികളും.

എന്ത് തന്നെയായാലും ദൗത്യം തനിച്ച് നിര്‍വഹിക്കേണ്ടത് വൈശാലിയാണ്. അവളുടെ രൂപസൗകുമാര്യം, ശബ്ദം, ഗന്ധം..അതില്‍ ഋഷ്യശൃംഗന്‍ മയങ്ങിവീഴുവോളം അപകടം പിടിച്ചതാണ് ഈ ഘട്ടം. അതിനിടയില്‍ പ്രകൃതിക്ഷോഭങ്ങളോ ശാപമരണമോ എന്ത് തന്നെയും സംഭവിക്കാം.

ശാന്ത കൊട്ടാരത്തിലെ പൂജാമുറിയില്‍ ധ്യാനനിരതയായിരുന്ന് എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും വൈശാലിക്കായി പ്രാര്‍ത്ഥിച്ചു. അവളും ഒരു പെണ്ണാണ്. തന്റെ അതേ പ്രായത്തിലുള്ള പെണ്ണ്. തന്നെ പോലെ വികാരങ്ങളും വിചാരങ്ങളും സ്വപ്നങ്ങളും ഭാവിയെക്കുറിച്ചുളള പ്രതീക്ഷകളുമുളള പെണ്ണ്. പക്ഷെ ഇപ്പോള്‍ അവള്‍ ഒരു ബലിമൃഗമാണ്. സംഭവിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു ദൗത്യത്തിനായി സ്വന്തം ജീവന്‍ പണയം വച്ച് പൊരുതുന്ന ഒരു പാവം പെണ്ണ്.

ജീവിതം അറിഞ്ഞു തുടങ്ങും മുന്‍പ് മരണത്തിലേക്ക് ആനയിക്കാന്‍ വിധിക്കപ്പെട്ട പെണ്ണ്. അവള്‍ക്ക് അങ്ങനെയൊന്നും സംഭവിക്കരുതേയെന്ന് ശാന്ത ഉളളുരുകി പ്രാര്‍ത്ഥിച്ചു.

പ്രാര്‍ത്ഥന ഒരു ബാഹ്യകര്‍മ്മം എന്നതിനപ്പുറം ആന്തരികമായ ഒരു ക്രയവിക്രയമാണെന്ന് ശാന്തയ്ക്ക് തോന്നി. ഈശ്വരനും മനുഷ്യനും തമ്മിലുളള ഒരു സ്വകാര്യസംവേദനം. നമ്മുടെ മനസ് നാം അറിയിക്കുന്നു. ഈശ്വരന്‍ അത് ഏറ്റെടുക്കുന്നു.

ശാന്തയ്‌ക്കൊപ്പം മാലിനിയുടെയും പ്രാര്‍ത്ഥനകള്‍ക്ക് ഫലം കണ്ടുതുടങ്ങി. ദൗത്യവാഹകര്‍ പുറപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അശുഭവാര്‍ത്തകളൊന്നും തേടി വന്നില്ല. അരുതാത്തത് എന്തെങ്കിലും സംഭവിച്ചാല്‍ വിവരം കൊട്ടാരത്തില്‍ അറിയിക്കണമെന്ന് രാജാവിന്റെ വക കര്‍ശന നിര്‍ദ്ദേശമുണ്ട്. അതിനുളള ചുമതല മുത്തുവിനാണ്.

പക്ഷെ ദിവസങ്ങള്‍ പിന്നിട്ടിട്ടും മുത്തു മടങ്ങി വന്നില്ല. കൂടെയുളള സൂതരും എത്തിയില്ല. ശാന്തയ്ക്ക് ഒരേ സമയം ആശ്വാസവും ആകുലതയും തോന്നി. വൈശാലി സുരക്ഷിതയെന്ന സമാധാനം ഒരു വശത്ത്. മറുവശത്ത് മുത്തുവിനെ ഒരു നോക്ക് കാണാന്‍ കഴിയാത്തതിന്റെ വേദന. വിരഹം എത്രമേല്‍ വിഷമകരമായ അനുഭവമാണെന്ന് ആദ്യമായാണ് അവള്‍ അറിയുന്നത്. 

ഒന്ന് കാണാന്‍ അനിയന്ത്രിതമായ ആശ. ദൂതരെ അയക്കുന്നത് അപകടമാണ്. താനും മുത്തുവും തമ്മില്‍ സ്ഥാനത്തിന് നിരക്കാത്ത അടുപ്പമുണ്ടെന്ന് മറ്റുളളവര്‍ അറിയും. അത് കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ അടക്കംപറച്ചിലുകളാവും. അച്ഛന്റെ ചെവിയിലെങ്ങാനും എത്തിയാല്‍..സങ്കല്‍പ്പിക്കാന്‍ കൂടി വയ്യ. അച്ഛന് പുറമെ കാണുന്നതിനപ്പുറം ക്രൗര്യത്തിന്റെ മറ്റൊരു മുഖം കൂടിയുണ്ടെന്ന് ശാന്തയ്ക്ക് അറിയാം.

വിശ്വസിക്കുന്നവരെ വഞ്ചിച്ചാല്‍ അച്ഛന്‍ പൊറുക്കില്ല. മുത്തു പല കഷണങ്ങളായി ചിതറിത്തെറിക്കുന്ന കാഴ്ച തനിക്ക് ഓര്‍ക്കാന്‍ കൂടി പറ്റില്ല. അച്ഛന്റെ കാതിലെത്തും മുന്‍പ് മുത്തുവിനൊപ്പം വിദൂരതയിലേക്ക് ഒരു പലായനം. അതായിരുന്നു എന്നും ശാന്തയുടെ മനസില്‍.

രാജകീയ സൗഭാഗ്യങ്ങളുടെ പ്രലോഭനങ്ങളേക്കാള്‍ സുഖവും സന്തോഷവും സമാധാനവുമുളള ഒരു സാധാരണ ജീവിതം. അതിനെ സ്വപ്നം കണ്ടും  താലോലിച്ചുമാണ് ഇക്കണ്ട കാലമത്രയും കടന്നു പോയത്. അത് യാഥാര്‍ത്ഥ്യമാകാന്‍ ഹ്രസ്വകാലം മാത്രം ബാക്കിയുളളപ്പോഴാണ് വരള്‍ച്ച അംഗദേശത്തെ കാര്‍ന്നു തുടങ്ങിയത്. ഇപ്പോള്‍ തീരെ പ്രതീക്ഷിക്കാത്ത ഈ ദൗത്യവും.

ഉളളിലെ ചോദന അനിയന്ത്രിതമായപ്പോള്‍ കൗശകിയുടെ തീരത്ത് പോയി മുത്തുവിനെ കാണാന്‍ തന്നെ അവള്‍ തീരുമാനിച്ചു. അച്ഛന്‍ കാരണം തിരക്കിയാല്‍ ദേശം കാണാനുളള കൗതുകമെന്ന് പറഞ്ഞ് തടിതപ്പണം. നദി കടക്കുകയില്ലെന്നും വാക്ക് കൊടുക്കണം. ഇക്കരെ നിന്ന് ഒരു പുറം കാഴ്ച. അവിടെ താവളമുറപ്പിച്ച

സൂതരുടെ സംരക്ഷണ കവചത്തിന് പുറമെ കൂടെ വരുന്ന ഭടന്‍മാരുമുണ്ടല്ലോ?

ശ്രവണമാത്രയില്‍ ലോമപാദന്‍ എതിര്‍ത്തു. തീര്‍ത്ഥാടനത്തിന് യോജിച്ച ഇടമല്ല അതെന്നായിരുന്നു വാദം. ശാന്ത വാശിപിടിച്ചിട്ടും അദ്ദേഹം അയഞ്ഞില്ല. ഒടുവില്‍ വര്‍ഷിണി അവളുടെ സഹായത്തിനെത്തി.

'അവളെ സങ്കടപ്പെടുത്തണ്ട. അവള്‍ പോയി വരട്ടെ. കാട്ടിലേക്ക് കടക്കരുത് എന്ന വ്യവസ്ഥയില്‍'

ലോമപാദന്‍ പിന്നെ എതിര്‍ത്തില്ല.

ശാന്തയുടെ മനസില്‍ ആഹ്‌ളാദത്തിരകള്‍ ഇളകി. നാല് കുതിരകളെ പൂട്ടിയ രഥത്തില്‍ അവള്‍ കൗശകിയുടെ തീരത്തേക്ക് പുറപ്പെട്ടു.

മുന്നിലും പിന്നിലും സുരക്ഷാഭടന്‍മാരുടെ വലിയ സംഘം അടങ്ങുന്ന രഥങ്ങള്‍ വേറെ. തനിച്ച് പോകാമെന്ന കണക്ക് കൂട്ടല്‍ പിഴച്ചിട്ടും ശാന്തയുടെ സന്തോഷത്തിന് കുറവുണ്ടായില്ല. ഒന്നുമില്ലെങ്കിലും മുത്തുവിനെ ഒന്ന് കാണാമല്ലോ?

വിചാരിച്ചതിലും വേഗത്തില്‍ സംഘം കൗശകീ തീരത്ത് എത്തി.   

രഥത്തില്‍ നിന്നിറങ്ങി ഓടുകയായിരുന്നു ശാന്ത.

കുമാരിയുടെ അസ്വാഭാവികമായ പെരുമാറ്റം സംഘത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തി.

കൗശകീ തീരത്ത് കൂടാരങ്ങള്‍ പണിത് അതിനുളളിലായിരുന്നു മുത്തുവും കൂട്ടരും താമസം.

ഒഴിഞ്ഞ കൂടാരങ്ങള്‍ കണ്ട് ശാന്ത അമ്പരന്നു. അതിനുളളില്‍ മനുഷ്യവാസം സൂചിപ്പിക്കും വിധം വസ്ത്രങ്ങളും ഭക്ഷണം പാകം ചെയ്യാനുളള അടുപ്പുകളും മറ്റും കണ്ടു. 

മുത്തു ഇതെവിടെ പോയി എന്ന് അമ്പരന്നിരിക്കുമ്പോള്‍ ഒറ്റക്കുതിരയുടെ കുളമ്പടി ശബ്ദം കേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ മുത്തുവാണ്. ശാന്തയെ കണ്ട് ആശ്ചര്യത്തോടെ അയാള്‍ പുറത്തിറങ്ങി.

'തീരെ പ്രതീക്ഷിച്ചില്ലല്ലേ?'

'ഇല്ല'

അയാള്‍ പറഞ്ഞു.

'എവിടെയായിരുന്നു സാഹസം?'

'ഇരതേടാനിറങ്ങിയതാണ്. കാട്ട് കനികളാണല്ലോ ആശ്രയം'

'എങ്ങനെയുണ്ട് ജീവിതം'

'സുഭിക്ഷം. സുന്ദരം. കൗശകിയുടെ ശുദ്ധജലം. ശുദ്ധവായു. പിന്നെ കാട്ടിലെ ഒന്നാന്തരം മാന്‍പേടകള്‍, മുയല്‍ കുഞ്ഞുങ്ങള്‍, പ്രാവുകള്‍, പഴവര്‍ഗങ്ങള്‍..എന്നു വേണ്ട ഒന്നിനും ഒരു കുറവില്ല'

'ദുഷ്ടന്‍.. കാട്ടില്‍ സമാധാനമായി കഴിഞ്ഞ ജന്തുക്കളെയൊക്കെ കൊന്നു തിന്നുകയാണല്ലേ?'

'ജീവന്‍ കിടക്കണ്ടേ കുമാരി'

'എന്തിന്? ഇയാള്‍ടെ ജീവന്‍ നിലനിന്നിട്ട് ഈ നാടിന് എന്ത് ഗുണം. ജീവന്‍ പണയം വച്ച് ഉള്‍ക്കാട്ടിലേക്ക് പോയിട്ടില്ലേ ഒരാള്‍.. ഒരു പാവം പെണ്ണ്'

'കാട്ടിലും വേണോ സ്ത്രീപക്ഷം'

'വേണം. താപസനെ മയക്കാനും വേണം ഒരു പെണ്ണ്.'

മുത്തു ചിരിച്ചു.

അവരുടെ അടുപ്പം നിറഞ്ഞ വര്‍ത്തമാനം ദൂരെ നിന്ന് കണ്ട് ഒപ്പം വന്നവര്‍ പരസ്പരം നോക്കി. രാജകുമാരിയും സൂതനും തമ്മിലുളള അതിരുകള്‍ തീര്‍ത്തും മായുകയാണ്.

'ഒന്ന് കുതിപ്പുറത്ത് പുറം കാട് ചുറ്റാന്‍ മോഹം' ശാന്ത പറഞ്ഞു.

'അതിനെന്താ... ഇവന്‍ അനുസരണയുളള കൂട്ടത്തിലാണ്'. കാലത്ത് സഞ്ചരിച്ച വെളളക്കുതിരയെ നോക്കി മുത്തു പറഞ്ഞു.

'പക്ഷെ ഞാനിന്നോളം കുതിരപ്പുറത്തേറിയിട്ടില്ല. പലകുറി മോഹിച്ചതാണ്. അച്ഛന്‍ സമ്മതിച്ചിട്ടില്ല.'

'ഇവിടെ തിരുമനസില്ലല്ലോ. വേണമെങ്കില്‍ ഞാന്‍ സഹായിക്കാം'

മുത്തു ഒരു അഭ്യാസിയെ പോലെ അനായാസമായി ചാടി കുതിരപ്പുറത്ത് കയറി. പിന്നെ കൈനീട്ടി അവളെ അതിലേക്ക് കയറാന്‍ സഹായിച്ചു. ശാന്തയെ മുന്നിലിരുത്തി അയാള്‍ അവളോട് ചേര്‍ന്നിരുന്നു.

രണ്ട് ശരീരങ്ങള്‍ എല്ലാ അതിരുകളും വിട്ട് പരസ്പരം ഒന്നായി എന്ന പോലെ ചേര്‍ന്നിരുന്നു.

ശാന്തയുടെ സഹയാത്രികര്‍ ഈര്‍ഷ്യയോടെ മുഖം ചുളിച്ചു.

കുതിര പുറംകാട്ടിലേക്ക് ധൃതഗതിയില്‍ പാഞ്ഞുപോയി.

ശാന്ത ഉത്സാഹത്തോടെ വനനിബിഢതകളില്‍ മിഴികള്‍ നട്ടു.

അവര്‍ കാഴ്ചയില്‍ നിന്ന് മറഞ്ഞതും യാത്രികരിലൊരാള്‍ ഒപ്പം നിന്ന സൂതനോട് പറഞ്ഞു.

'കാണാന്‍ പാടില്ലാത്തതാണ് കാണുന്നത്. കേള്‍ക്കാന്‍ പാടില്ലാത്തതും'

കേട്ടുനിന്നയാള്‍ പ്രതിവചിച്ചു.

'തമ്പുരാന്‍ അറിഞ്ഞാല്‍ ഇവന്റെ കഴുത്തിന് മുകളില്‍ ശിരസുണ്ടാവില്ല'

'എന്നാലും ഒട്ടും ഭയമില്ലാതെയാണ് അവന്‍..'

'കുമാരിയുടെ അടുത്ത് അവന് അത്രയ്ക്ക് സ്വാതന്ത്ര്യമുണ്ട്.'

'ഒരുമിച്ചായിരുന്നല്ലോ കുറെക്കാലമായി യാത്ര'

'ങും..'

'തിരുമനസിന് ഒരു സൂചന കൊടുക്കണ്ടേ?'

'വിശ്വസിക്കുമോ അദ്ദേഹം'

'അറിയില്ല. പക്ഷെ അറിയിക്കുക എന്നത് നമ്മുടെ ചുമതലയാണ്.'

അപരന്‍ ദീര്‍ഘമായ പര്യാലോചനയ്ക്ക് ശേഷം പറഞ്ഞു.

'കുമാരിയെ പിണക്കുന്നത് ബുദ്ധിയല്ല. നമ്മള്‍ വെറും പരിചാരകര്‍. രാജാവ് വിശ്വസിച്ചില്ലെങ്കില്‍ നമ്മുടെ കാര്യം കഷ്ടത്തിലാവും. അതുകൊണ്ട് നമ്മള്‍ ഒന്നും കണ്ടിട്ടില്ല. കേട്ടിട്ടുമില്ല'

അടുത്തയാള്‍ അത് സമ്മതിച്ചതു പോലെ തലയാട്ടി.

ഏറെ നേരമായിട്ടും കുമാരിയെ കാണാതായപ്പോള്‍ ഒപ്പം വന്നവര്‍ക്ക് വേവലാതിയായി.

'സുരക്ഷാചുമതല തമ്പുരാന്‍ നമ്മെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. കുമാരിക്ക് എന്തെങ്കിലും സംഭവിച്ചാല്‍...ഘോരവനമാണിത്'

കൂട്ടത്തിലൊരാള്‍ ആശങ്കയറിയിച്ചു.

രഥങ്ങളില്‍ പൂട്ടിയ കുതിരകളെ അഴിച്ച് സുരനും മാഗധനും കാട്ടിലേക്ക് തിരിച്ചു.

പല വഴികള്‍ കടന്ന് കാട്ടുവളളികള്‍ പടര്‍ന്ന ഒരിടത്തെത്തിയതും കുതിരകള്‍ ഒന്ന് നിന്നു. വഴികള്‍ അവസാനിച്ചിരിക്കുന്നു. ചുറ്റും വളളിപ്പടര്‍പ്പുകള്‍ മാത്രം. അതിനിടയിലെവിടെയോ നിന്ന് അടക്കിയ ചിരിയും സീല്‍ക്കാരങ്ങളും കേള്‍ക്കാം. കുമാരിയുടെ ശബ്ദം സുരന്‍ തിരിച്ചറിഞ്ഞു. കൂടെയുളളത് മുത്തുവാണെന്ന് ശബ്ദത്തില്‍ നിന്ന് തന്നെ മനസിലായി.

സുരന്‍ കണ്ണടച്ച് കാണിച്ചിട്ടും വകവയ്ക്കാതെ മാഗധന്‍ കുതിരപ്പുറത്തു നിന്നിറങ്ങി കാട്ടുവളളികള്‍ക്കിടയിലേക്ക് ആയാസപ്പെട്ട് നടന്നു.

കരിയിലകള്‍ പട്ടുമെത്തയാക്കി അതിന്‍മേല്‍ ആലിംഗനബദ്ധരായി കിടക്കുകയാണ് മുത്തുവും ശാന്തയും. അന്യരുടെ സാന്നിദ്ധ്യം പോലും അറിയാത്ത വിധം മറ്റൊരു ലോകത്താണ് അവര്‍.

മാഗധന്‍ മുന്നോട്ടാഞ്ഞതും സുരന്‍ പിന്നില്‍ നിന്ന് അയാളുടെ കയ്യില്‍ പിടിച്ച് വലിച്ചു.

പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു.

'അരുത്.. അരുത്..'

സീല്‍ക്കാരങ്ങളെ അവയുടെ സ്വകാര്യതയ്ക്ക് വിട്ട് കുതിരകള്‍ അകന്നു പോയി.

മടക്കയാത്രയിലുടനീളം അവര്‍ ഒന്നും അറിഞ്ഞ മട്ട് നടിച്ചില്ല.

കൊട്ടാരത്തില്‍ ശാന്തയെ സുരക്ഷിതയായി കൊണ്ടിറക്കിയ ശേഷം മന്ത്രിമുഖ്യനുമായി ഒരു ആശയവിനിമയം. 

വിവരം രാജാവിനെ അറിയിക്കണമെന്ന് തന്നെ മന്ത്രി അഭിപ്രായപ്പെട്ടു.

വര്‍ഷിണി പോലും അറിയാതെ രാജാവ് മാത്രമുളള ഒരു സ്വകാര്യ നിമിഷത്തില്‍ മന്ത്രി ലോമപാദനെ വിവരം ധരിപ്പിച്ചു. 

സാക്ഷികള്‍ പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു.

പിന്നാലെ അവരും അകത്തേക്ക് ക്ഷണിക്കപ്പെട്ടു.

നടന്ന സംഭവങ്ങള്‍ വളളിപുളളി വിടാതെ അവര്‍ രാജാവിനെ ധരിപ്പിച്ചു.

മുഖ്യസേനാധിപന്‍ ആനയിക്കപ്പെട്ടു.

രാജാവ് ധ്വനിസാന്ദ്രമായി അയാളെ നോക്കി.

'വിവരങ്ങള്‍..?'

'അറിഞ്ഞു'

'വിശ്വാസവഞ്ചനയ്ക്ക് വിചാരണയും ചോദ്യോത്തരങ്ങളും വേണ്ട. ഇനി ഈ കൊട്ടാരത്തില്‍ അവനുണ്ടാവരുത്. കൗശകീ നദിയില്‍ അല്ലെങ്കില്‍ സമീപത്തുളള കാട്ടില്‍ ഒരു സ്വാഭാവിക മരണം. മൃഗങ്ങള്‍ക്ക് ഇരയായാല്‍ പിന്നെ ആരും സംശയിക്കില്ല. ദൗത്യനിര്‍വഹണത്തിന് പുറത്തുളളവരെ ചുമതലപ്പെടുത്തണം. നമ്മുടെ സേനാംഗങ്ങള്‍ പോലും ഒന്നും അറിയരുത്. സുരനും മാഗധനും ഒന്നും കണ്ടിട്ടില്ല. കേട്ടിട്ടില്ല. മന്ത്രിയും സേനാധിപനും ഒന്നും അറിഞ്ഞിട്ടില്ല. മഹാറാണി പോലും അറിയരുത് നീക്കങ്ങള്‍. രാത്രിയുടെ മറവാണ് ഉചിതം'

'എല്ലാം.. അവിടത്തെ ഇച്ഛ പോലെ..'

സേനാധിപന്‍ തലകുനിച്ചു.

ആളുകള്‍ അരങ്ങൊഴിഞ്ഞു. രാജാവ് തനിച്ചായി.

ആലോചനാനിമഗ്നനായി അദ്ദേഹം ആട്ടുകട്ടിലിലേക്ക് ചാഞ്ഞു.

വാതില്‍പ്പടിയില്‍ പാദപതനസ്വരം. ശാന്തയാണ്..

ഒന്നും സംഭവിക്കാത്ത മട്ടില്‍ ലോമപാദന്‍ വാത്സല്യത്തോടെ പുഞ്ചിരിച്ചു.

'യാത്ര സുഖമായിരുന്നോ മകളേ..'

'അതെയച്ഛാ.'

'ദീര്‍ഘയാത്ര കഴിഞ്ഞതല്ലേ. വിശ്രമിക്കായിരുന്നില്ലേ?'

'ങും.. പക്ഷെ..'

'എന്തേ?'

'ഈയിടെയായി കിടന്നാല്‍ ഉറക്കം വരുന്നില്ല. അച്ഛനോട് എങ്ങിനെ പറയും എന്ന ഭയം. പറയാതിരിക്കാനും വയ്യ'

'എന്താണെങ്കിലും പറയൂ'

അയാള്‍ അവളുടെ വിരലുകളില്‍ മെല്ലെ സ്പര്‍ശിച്ചു.

'എനിക്കൊരു ഇഷ്ടമുണ്ട് മനസില്‍..'

'എന്നോടോ.. അതോ അമ്മയോടോ.. അതുമല്ല അനുജന്‍കുട്ടിയോടോ?'

ശാന്ത ഒന്ന് പരുങ്ങി.

'അത് എന്നും മനസിലുണ്ട്'

'പിന്നെ?'

'ഞാനൊരാളെ സ്‌നേഹിക്കുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു'

ആരെ എന്ന് ലോമപാദന്‍ ചോദിച്ചില്ല.

ഘനഗംഭീരമായി ഒന്ന് മൂളുക മാത്രം ചെയ്തു.

'കൊട്ടാരത്തിന് ചേര്‍ന്ന കീഴ്‌വഴക്കമല്ലല്ലോ അത്'

'പക്ഷെ എന്റെ ഇഷ്ടം..?'

'നിന്റെ ഇഷ്ടം നീയല്ല തീരുമാനിക്കുന്നത്. പെണ്ണുങ്ങള്‍ പറയുന്നത് അനുസരിച്ച് വളരുന്നതാണ് ശീലം. അതിനപ്പുറത്തൊന്നും ആഗ്രഹിക്കേണ്ടതില്ല'

'ആളാരെന്ന് പോലും അച്ഛന്‍ ചോദിച്ചില്ല'

'അറിയാന്‍ ആഗ്രഹിക്കുന്നില്ല. യോജിച്ച സമയത്ത് യോജിച്ച പുരുഷനെ ഞാന്‍ കണ്ടെത്തും. അയാള്‍ നിന്റെ കഴുത്തില്‍ താലിചാര്‍ത്തും. നിനക്ക് പോകാം'

ശാന്ത പിന്നെ നിന്നില്ല.

നിരാശയുടെ പാരമ്യതയില്‍ തിരിഞ്ഞു നടന്നു.

കത്തുന്ന  വിളക്കിന്റെ പ്രഭയ്ക്ക് വട്ടമിട്ടു പറന്ന ഒരു ഈയലിനെ നോക്കി ലോമപാദന്‍ പല്ലുകള്‍ അമര്‍ത്തി ഞെരിച്ചു.

ജനാലയ്ക്കപ്പുറം ബലികാക്കകള്‍ കിഴക്ക് ലക്ഷ്യമാക്കി പറന്നു.

(തുടരും)

Content Summary: Santha, Episode 08, Malayalam E Novel Written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com